ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
azadi ka amrit mahotsav

രാജ്യത്ത് മതിയായ സവാള ലഭ്യത ഉറപ്പാക്കാനും ഉത്സവകാല വിലക്കയറ്റം നിയന്ത്രിക്കാനും കരുതല്‍ ശേഖരം വിപണിയിലിറക്കി കേന്ദ്ര ഗവണ്‍മെൻ്റ്

പോസ്റ്റഡ് ഓണ്‍: 26 AUG 2026 8:49PM by PIB Thiruvananthpuram

രാജ്യത്ത് വരും മാസങ്ങളിൽ മതിയായ സവാള ലഭ്യത ഉറപ്പാക്കാനും ഉത്സവകാല വിലക്കയറ്റം നിയന്ത്രിക്കാനും കരുതൽ ശേഖരത്തിൽ നിന്ന്  കൃത്യമായ ആസൂത്രണത്തോടെ സവാള വിപണിയിലെത്തിക്കാൻ കേന്ദ്ര ഗവണ്‍മെൻ്റ്     നടപടി തു‍ടങ്ങി.  റെയിൽ,  റോഡ്  മാര്‍ഗങ്ങള്‍  സംയോജിപ്പിച്ച് ഹൈബ്രിഡ്  രീതിയിലാണ്  വിപണി സാഹചര്യങ്ങളും വിലനിലവാരവും മുൻനിർത്തി പ്രധാന ഉപഭോഗ കേന്ദ്രങ്ങളിലേക്ക് സവാള എത്തിക്കുന്നത്.

 

മതിയായ സവാള ലഭ്യതയും മികച്ച ഉല്പാദനവും

 

2025-26 കാലയളവില്‍ കണക്കാക്കുന്ന 307.37 ലക്ഷം മെട്രിക് ടൺ  ഉല്പാദനത്തിൻ്റെ പിന്തുണയോടെ വരും മാസങ്ങളിലെ ആഭ്യന്തര ആവശ്യകത നിറവേറ്റാനാവശ്യമായ സവാള രാജ്യത്ത് ലഭ്യമാണ്. മുൻവർഷത്തെ 307.67 ലക്ഷം മെട്രിക് ടൺ ഉല്പാദനത്തിന് സമാനമാണിത്. മികച്ച ഉല്പാദനം, കരുതല്‍ ശേഖര ലഭ്യത, ഗവണ്‍മെൻ്റിൻ്റെ സജീവ വിപണി ഇടപെടലുകൾ എന്നിവ വരും മാസങ്ങളിൽ മതിയായ വിതരണം ഉറപ്പാക്കാനും വിലക്കയറ്റം തടയാനും സഹായിക്കും. ഉല്പാദന രംഗത്തെ മികച്ച സാഹചര്യം കണക്കിലെടുത്ത് 2026-27 വർഷത്തെ വില സ്ഥിരതാ ഫണ്ടിലേക്ക് 2.00 ലക്ഷം മെട്രിക് ടൺ റാബി സവാള സംഭരിക്കാന്‍ ഗവണ്‍മെന്റ് ലക്ഷ്യമിട്ടിരുന്നു.  2026 മെയ് 15-ന് നാഫെഡ്, എൻസിസിഎഫ് എന്നിവ വഴി ആരംഭിച്ച സംഭരണത്തിലൂടെ ഇതിനകം 1.21 ലക്ഷം മെട്രിക് ടൺ സവാള കരുതൽ ശേഖരത്തിലേക്ക് സംഭരിച്ചിട്ടുണ്ട്.

 

സംഭരണ പരിപാലനവും പ്രവർത്തനക്ഷമതയും ശക്തിപ്പെടുത്താന്‍ 2026-27 കാലയളവില്‍ ആദ്യമായി സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷനെ വിലസ്ഥിരതാ ഫണ്ടിലേക്കുള്ള സവാള കരുതൽ ശേഖര സംഭരണ ഏജൻസിയായി ചുമതലപ്പെടുത്തി. ഓണം, ഗണേശ ചതുർത്ഥി, ദുർഗാപൂജ, ദസറ, ദീപാവലി, വിവാഹ സീസൺ എന്നിവയുൾപ്പെടെ ഉത്സവകാലത്തിൻ്റെ വരവോടെ ഉയർന്ന ആവശ്യകതയും വിതരണ ശൃംഖലയിലെ ഘടകങ്ങളും കാരണം സവാള വിലയിൽ സ്വാഭാവിക വർധനയുണ്ടാകാറുണ്ട്.  

 

കരുതൽ ശേഖരത്തിലെ സവാള കൃത്യമായ ആസൂത്രണത്തോടെ വിപണിയിലേക്ക് 

 

മതിയായ ലഭ്യത ഉറപ്പാക്കാനും അനാവശ്യ വിലക്കയറ്റം തടയാനും ഗവണ്‍മെൻ്റ്   കരുതൽ ശേഖരത്തിലെ സവാള ഘട്ടംഘട്ടമായി വിപണിയിലെത്തിക്കാൻ തുടങ്ങി. പ്രധാന ഉപഭോഗ കേന്ദ്രങ്ങളിലേക്ക് സവാള എത്തിക്കാന്‍ റെയില്‍,  റോഡ് ഗതാഗത മാര്‍ഗങ്ങള്‍  സമന്വയിപ്പിച്ച് ഹൈബ്രിഡ്  രീതിയാണ് ഉപയോഗിക്കുന്നത്. നിലവിലെ വിപണി സാഹചര്യങ്ങളും വിലയും കണക്കിലെടുത്ത് സവാളയുടെ അളവും വിതരണ ശൃംഖലകളും കൂടുതൽ വിപുലീകരിക്കും.

 

കിലോഗ്രാമിന് 35 രൂപ നിരക്കിൽ സവാള വിൽക്കും

 

എൻസിസിഎഫ്,  നാഫെഡ് എന്നിവയുടെ സഞ്ചരിക്കുന്ന വില്പന കേന്ദ്രങ്ങള്‍,  ചില്ലറ വില്പന കേന്ദ്രങ്ങള്‍ എന്നിവ വഴിയും സഫൽ, കേന്ദ്രീയ ഭണ്ഡാർ ഔട്ട്‌ലെറ്റുകൾ വഴിയും കിലോഗ്രാമിന് 35 രൂപ നിരക്കിൽ സവാളയുടെ ചില്ലറ വിൽപന ആരംഭിക്കും. ചില്ലറ വിൽപന നടത്തുന്ന കേന്ദ്രങ്ങളുടെ വിവരങ്ങള്‍:

 

  • എൻസിസിഎഫ്: 9 ഔട്ട്‌ലെറ്റുകളും 40 സഞ്ചരിക്കുന്ന വില്പനകേന്ദ്രങ്ങളും 

  • നാഫെഡ്: 13 ഔട്ട്‌ലെറ്റുകളും 50 സഞ്ചരിക്കുന്ന വില്പനകേന്ദ്രങ്ങളും 

  • കേന്ദ്രീയ ഭണ്ഡാർ: ഏകദേശം 100 ഔട്ട്‌ലെറ്റുകൾ

 

ഉപഭോക്താക്കൾക്ക് മിതമായ നിരക്കിൽ സവാള ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് ഈ വിപണി ഇടപെടൽ.

 

കരുതല്‍ സവാള ശേഖരത്തിൻ്റെ വിതരണം വേഗത്തിലാക്കി കന്ദ എക്സ്പ്രസ്   

 

സവാള ഉല്പാദന മേഖലകളിൽ നിന്ന് പ്രധാന ഉപഭോഗ കേന്ദ്രങ്ങളിലേക്ക് കരുതൽ ശേഖരം എത്തിക്കുന്നതിന് 'കന്ദ എക്സ്പ്രസ്'  ട്രെയിൻ സർവീസ് ഫലപ്രദമായ ചരക്കുനീക്ക സംവിധാനമായി മാറിയിട്ടുണ്ട്. 2024-25 കാലയളവിൽ 14 റെയിൽവേ റേക്കുകളിലായി ഏകദേശം 12,000 മെട്രിക് ടൺ സവാള അഞ്ച് നഗരങ്ങളിലേക്ക് എത്തിച്ചു. 2025-26-ൽ ഈ പ്രവർത്തനം ഗണ്യമായി വിപുലീകരിക്കുകയും രാജ്യത്തെ 16 നഗരങ്ങളിലേക്ക് 86 റെയിൽവേ റേക്കുകളിലായി ഏകദേശം 88,000 മെട്രിക് ടൺ സവാള എത്തിക്കുകയും ചെയ്തു.

 

നടപ്പുസാമ്പത്തിക വർഷം നാസിക്കിൽ നിന്ന് ന്യൂഡൽഹിയിലേക്ക് കന്ദ എക്സ്പ്രസ് വഴി സവാള കയറ്റി അയക്കാന്‍ ആരംഭിച്ചു. നാസിക്കിൽ നിന്ന് പുറപ്പെട്ട ആദ്യ കന്ദ എക്സ്പ്രസ്  ഉടന്‍  ഡൽഹി എൻസിആറിൽ എത്തിച്ചേരും. ഒപ്പം ചെന്നൈ, കൊൽക്കത്ത, എറണാകുളം, ഗുവാഹത്തി, വാരാണസി, ലഖ്‌നൗ, പട്‌ന, ചണ്ഡീഗഡ്, ജമ്മു, അമൃത്‌സർ തുടങ്ങിയ മറ്റ് പ്രധാന ഉപഭോഗ കേന്ദ്രങ്ങളിലേക്ക് റോഡ് മാർഗവും സവാള എത്തിക്കുന്നുണ്ട്. വിപണി ആവശ്യകതയനുസരിച്ച് യഥാസമയം കരുതൽ സവാള ശേഖരമെത്തിക്കാൻ  ഹൈബ്രിഡ് ഗതാഗത മാതൃക സഹായിക്കും.

 

മികച്ച നിലയിൽ തുടരുന്ന സവാള കയറ്റുമതി

 

ഇന്ത്യയുടെ സവാള കയറ്റുമതി മികച്ച നിലയിൽ തുടരുകയാണ്. 2026 ഏപ്രിൽ-ജൂൺ കാലയളവിൽ ഏകദേശം 3.82 ലക്ഷം മെട്രിക് ടൺ സവാളയാണ് കയറ്റുമതി ചെയ്തത്. മലേഷ്യ, ശ്രീലങ്ക, യുഎഇ, നേപ്പാൾ എന്നിവയാണ് പ്രധാന കയറ്റുമതി രാജ്യങ്ങള്‍. രാജ്യത്ത് ആവശ്യമായ സവാള ലഭ്യമാണെന്നതിൻ്റെ തെളിവാണിത്.

 

579 കേന്ദ്രങ്ങളിൽ പ്രതിദിന വില നിരീക്ഷണം

 

സവാള ഉൾപ്പെടെ 41 അവശ്യസാധനങ്ങളുടെ പ്രതിദിന വിലനിലവാരം രാജ്യത്തെ 579 കേന്ദ്രങ്ങളിലൂടെ ഉപഭോക്തൃകാര്യ വകുപ്പ് നിരീക്ഷിച്ചുവരുന്നു. വിപണിയിലെ വരവ്, ആവശ്യകത എന്നിവയ്ക്കൊപ്പം  വിപണി പ്രവണതകള്‍ വിലയിരുത്തിയാണ് കരുതൽ ശേഖരത്തിലെ സവാളയുടെ  അളവും വിതരണ കേന്ദ്രങ്ങളും നിശ്ചയിക്കുന്നത്. സംസ്ഥാനങ്ങളിലെ സവാളയുടെ വില, ലഭ്യത, വിപണിയിലെ വരവ് എന്നിവ ഗവണ്‍മെൻ്റ്   സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. മതിയായ വിതരണം ഉറപ്പാക്കാനും അനാവശ്യ  വിലക്കയറ്റം തടയാനും ആവശ്യാനുസരണം തുടർ വിപണി ഇടപെടലുകൾ നടത്തും.

 

 

പ്രധാന അവശ്യസാധനങ്ങളുടെ വില സ്ഥിരതയോടെ നിയന്ത്രണവിധേയമായി തുടരുന്നു

 

തുവരപ്പരിപ്പ്, കടല, മസൂർ പരിപ്പ്, ഉഴുന്ന്, ചെറുപയർ തുടങ്ങിയ പ്രധാന പയറുവർഗങ്ങളുടെയും തക്കാളി, ഉരുളക്കിഴങ്ങ് തുടങ്ങിയ അവശ്യ പച്ചക്കറികളുടെയും വില നിലവിൽ വർധനയില്ലാതെ നിയന്ത്രണവിധേയമായി തുടരുന്നു.

 

2026 ഓഗസ്റ്റ് 26-ലെ കണക്കനുസരിച്ച് അഖിലേന്ത്യാ ശരാശരി ചില്ലറ വില താഴെ നല്‍കിയ വിധത്തിലാണ്:

അവശ്യവസ്തു 

അഖിലേന്ത്യാ ശരാശരി ചില്ലറ വില  

തക്കാളി  

₹38.33 / കിലോഗ്രാം

ഉരുളക്കിഴങ്ങ്  

₹22.63 / കിലോഗ്രാം

കടലപ്പരിപ്പ് 

₹86.71 / കിലോഗ്രാം

ആട്ട  

₹40.48 / കിലോഗ്രാം

തുവരപ്പരിപ്പ് 

₹123.30 / കിലോഗ്രാം

പാൽ  

₹60.82 / ലിറ്റർ

സവാള  

₹37.87 / കിലോഗ്രാം

 

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് തക്കാളി, ഉരുളക്കിഴങ്ങ്, കടലപ്പരിപ്പ് എന്നിവയുടെ വില നിലവിൽ കുറവാണ് എന്നത് ശ്രദ്ധേയമാണ്.

 

ഉപഭോക്തൃ താല്പര്യങ്ങൾ സംരക്ഷിക്കാൻ നിരന്തര നിരീക്ഷണം

 

സന്തുലിതവും വസ്തുതാധിഷ്ഠിതവുമായ വില സ്ഥിരീകരണ സമീപനത്തിലൂടെ കർഷകർക്ക് ന്യായ വില ഉറപ്പാക്കുന്നതിനൊപ്പം ഉപഭോക്താക്കളുടെ താല്പര്യങ്ങൾ സംരക്ഷിക്കാനും ഗവണ്‍മെൻ്റ്    പ്രതിജ്ഞാബദ്ധമാണ്. സവാളയുടെ വില, വിപണിയിലെ വരവ്, ലഭ്യത, ആവശ്യകത എന്നിവ ഗവണ്‍മെൻ്റ്   തുടർന്നും സൂക്ഷ്മമായി നിരീക്ഷിക്കും. മതിയായ വിതരണം ഉറപ്പാക്കാനും ഉത്സവകാല വിലക്കയറ്റം നിയന്ത്രിക്കാനും നിലവിലെ വിപണി സാഹചര്യങ്ങൾക്ക് അനുസൃതമായി കരുതൽ ശേഖരത്തിലെ സവാളയുടെ അളവും വിതരണ ശൃംഖലകളും ക്രമീകരിക്കും.

 

****

 

( റിലീസ് ഐ.ഡി: 2303632) സന്ദര്‍ശക കൗണ്ടര്‍ : 9