കൃഷി മന്ത്രാലയം
കാർഷിക സർവകലാശാലാ വൈസ് ചാൻസലർമാരുടെ 36-ാമത് വാർഷിക സമ്മേളനത്തിന് ന്യൂഡൽഹിയിൽ തുടക്കമായി
പോസ്റ്റഡ് ഓണ്‍:
25 AUG 2026 6:52PM by PIB Thiruvananthpuram
കാർഷിക സർവകലാശാലാ വൈസ് ചാൻസലർമാരുടെ 36-ാമത് വാർഷിക സമ്മേളനം കേന്ദ്ര കൃഷി, കർഷകക്ഷേമ, ഗ്രാമവികസന മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ ഇന്ന് ന്യൂഡൽഹിയിൽ ഉദ്ഘാടനം ചെയ്തു. "വികസിത ഇന്ത്യ @2047-നായി കാർഷിക ഉന്നതവിദ്യാഭ്യാസത്തെ പുനർവിഭാവനം ചെയ്യുക" എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ സമ്മേളനത്തിൽ (25–26 ഓഗസ്റ്റ് 2026) ഭാവിക്കനുയോജ്യമായ കാർഷിക വിദ്യാഭ്യാസ പരിഷ്കാരങ്ങളെയും മുൻഗണനകളെയും കുറിച്ച് ചർച്ച ചെയ്യുന്നതിനായി കാർഷിക സർവകലാശാല വൈസ് ചാൻസലർമാർ, ഡി.എ.ആർ.ഇ, ഐ.സി.എ.ആർ എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥർ, ഡെപ്യൂട്ടി ഡയറക്ടർ ജനറൽമാർ, അഡീഷണൽ ഡയറക്ടർ ജനറൽമാർ, മുതിർന്ന ശാസ്ത്രജ്ഞർ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നു.

കേന്ദ്ര കൃഷി, കർഷകക്ഷേമ സഹമന്ത്രിമാരായ ശ്രീ ഭഗീരഥ് ചൗധരി, ശ്രീ രാംനാഥ് ഠാക്കൂർ, ഡി.എ.ആർ.ഇ സെക്രട്ടറിയും ഐ.സി.എ.ആർ ഡയറക്ടർ ജനറലുമായ ഡോ. എം.എൽ. ജാട്ട് എന്നിവരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

കാർഷിക വിദ്യാഭ്യാസത്തിൻ്റെ വിജയം അളക്കേണ്ടത് നൽകുന്ന ബിരുദങ്ങളുടെ എണ്ണം നോക്കിയല്ല, മറിച്ച് സൃഷ്ടിക്കപ്പെടുന്ന അറിവും ശേഷിയും കർഷകരുടെ ജീവിതത്തിൽ കൊണ്ടുവരുന്ന പ്രകടമായ പരിവർത്തനവും നോക്കിയാകണമെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത കേന്ദ്രമന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ ഊന്നിപ്പറഞ്ഞു. കാർഷിക വിദ്യാഭ്യാസത്തെ പ്രായോഗികവും സാങ്കേതികവിദ്യാധിഷ്ഠിതവും കർഷകരുടെ ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്നതുമാക്കാൻ പുനർവിഭാവനം ചെയ്യണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കാർഷിക സർവകലാശാലകൾ, ഐ.സി.എ.ആർ, കെ.വി.കെകൾ, എഫ്.പി.ഒകൾ, വ്യവസായ മേഖല, കർഷകർ എന്നിവർ തമ്മിലുള്ള ശക്തമായ സഹകരണത്തിലൂടെ ഗവേഷണഫലങ്ങൾ ലബോറട്ടറികളിൽ നിന്ന് കൃഷിയിടങ്ങളിലേക്ക് എത്തണമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഓരോ സമ്മേളനവും കൃത്യമായ തീരുമാനങ്ങളിലേക്ക് നയിക്കുകയും വികസിത ഇന്ത്യക്കായി ആധുനികവും സമൃദ്ധവുമായ ഒരു കാർഷിക മേഖലയെ കെട്ടിപ്പടുക്കുന്നതിന് സംഭാവന നൽകുകയും ചെയ്യുന്നതിനായി വ്യക്തമായ ലക്ഷ്യങ്ങൾ നിശ്ചയിക്കാനും അനുസൃത കർമ്മപദ്ധതികൾ തയ്യാറാക്കാനും അതിൻ്റെ ഫലങ്ങൾ വിലയിരുത്താനും അദ്ദേഹം സർവകലാശാലകളോട് അഭ്യർത്ഥിച്ചു.

വികസിത ഇന്ത്യക്ക് കരുത്തുറ്റതും സമൃദ്ധവുമായ കാർഷിക മേഖലയും ശാക്തീകരിക്കപ്പെട്ട കർഷകരും ആവശ്യമാണെന്ന് കൃഷി, കർഷകക്ഷേമ സഹമന്ത്രി ശ്രീ ഭഗീരഥ് ചൗധരി പറഞ്ഞു. ഭക്ഷ്യക്ഷാമത്തിൽ നിന്ന് സ്വയംപര്യാപ്തതയിലേക്കുള്ള ഇന്ത്യയുടെ യാത്ര കർഷകരുടെയും ശാസ്ത്രജ്ഞരുടെയും അധ്യാപകരുടെയും സ്ഥാപനങ്ങളുടെയും കൂട്ടായ സംഭാവനയെ പ്രതിഫലിപ്പിക്കുന്നതാണെന്നും, കാർഷിക മേഖലയെ സാങ്കേതിക വിദ്യാധിഷ്ഠിതവും നൂതനവും ഭാവിക്കനുയോജ്യവുമാക്കുക എന്നതാണ് അടുത്ത മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു. ആധുനിക സാങ്കേതികവിദ്യകൾ, ഗവേഷണം, സംരംഭകത്വം, അഗ്രിബിസിനസ് എന്നിവയിൽ അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കേണ്ടതിൻ്റെ അനിവാര്യത അദ്ദേഹം എടുത്തുപറഞ്ഞു. ഒപ്പം കാർഷിക വിദ്യാഭ്യാസത്തെയും ഗവേഷണത്തെയും കർഷകരുടെ ആവശ്യങ്ങളുമായി ബന്ധിപ്പിക്കാൻ കാർഷിക സർവകലാശാലകളോട് അദ്ദേഹം അഭ്യർത്ഥിക്കുകയും ചെയ്തു. വൈസ് ചാൻസലർമാരുടെ സമ്മേളനത്തിലെ ചർച്ചകൾ കാർഷിക വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുമെന്നും, നവീന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും, വികസിത ഇന്ത്യയെന്ന കാഴ്ചപ്പാടിന് അനുസൃതമായി സുദൃഢവും സുസ്ഥിരവും സമൃദ്ധവുമായ കാർഷിക മേഖലയെ കെട്ടിപ്പടുക്കാൻ സംഭാവന നൽകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

വികസിത ഇന്ത്യയെന്ന കാഴ്ചപ്പാട് കൈവരിക്കുന്നതിന് കാർഷിക ഉന്നതവിദ്യാഭ്യാസത്തെ പരമ്പരാഗത രീതികളിൽ നിന്ന് മാറ്റി ഭാവിക്കനുയോജ്യവും നൈപുണ്യാധിഷ്ഠിതവും നവീന ആശയങ്ങൾക്ക് മുൻഗണന നൽകുന്നതുമായ ഒരു സംവിധാനത്തിലേക്ക് രൂപപ്പെടുത്തേണ്ടതുണ്ടെന്ന് ഡി.എ.ആർ.ഇ സെക്രട്ടറിയും ഐ.സി.എ.ആർ ഡയറക്ടർ ജനറലുമായ ഡോ. എം.എൽ. ജാട്ട് ഊന്നിപ്പറഞ്ഞു. വ്യവസായങ്ങളും അക്കാദമിക മേഖലയും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തേണ്ടതിൻ്റെയും, ആവശ്യാനുസൃതമായ ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൻ്റെയും, ശക്തമായ അക്രഡിറ്റേഷൻ ഉറപ്പാക്കുന്നതിൻ്റെയും, ഡാറ്റാധിഷ്ഠിത തീരുമാനങ്ങൾ പ്രയോജനപ്പെടുത്തുന്നതിൻ്റെയും ആവശ്യകത അദ്ദേഹം എടുത്തുപറഞ്ഞു. ശാസ്ത്രീയ അറിവുകളെ ഫീൽഡ് തലത്തിലുള്ള പരിഹാരങ്ങളായും കർഷകർക്ക് പ്രയോജനപ്രദമായ രീതികളായും പരിവർത്തനം ചെയ്യുന്നതിന് വിദ്യാഭ്യാസത്തിൻ്റെയും ഗവേഷണത്തിൻ്റെയും വിപുലീകരണ പ്രവർത്തനങ്ങളുടെയും സുഗമമായ സംയോജനം അത്യാവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. "ഭാവി കാർഷിക വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യം ബിരുദങ്ങൾ നൽകുന്നതിനപ്പുറം, ദേശീയ മുൻഗണനകൾക്കും ഇന്ത്യൻ കാർഷിക മേഖലയുടെ മാറുന്ന ആവശ്യങ്ങൾക്കും അനുയോജ്യമായ തരത്തിൽ കഴിവുള്ളതും നൂതനവും ആഗോളതലത്തിൽ മത്സരശേഷിയുള്ളതുമായ മനുഷ്യവിഭവം സൃഷ്ടിക്കുന്നതായിരിക്കണം," അദ്ദേഹം കൂട്ടിച്ചേർത്തു.

വിദ്യാർത്ഥി കേന്ദ്രീകൃത പരിഷ്കാരങ്ങൾ, ഉന്നതവിദ്യാഭ്യാസം, ഫാക്കൽറ്റി വികസനം, സ്ഥാപനങ്ങളുടെ ശാക്തീകരണം, ഗുണനിലവാരം ഉയർത്തൽ, അക്കാദമിക പരിഷ്കാരങ്ങൾ, ഗവേഷണം, നൂതനാശയങ്ങൾ, സ്ഥാപന മികവ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന 14 ഇന അജണ്ടയെ അഞ്ച് സെഷനുകളായാണ് ഈ സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. വിദ്യാർത്ഥി കേന്ദ്രീകൃത പരിഷ്കാരങ്ങളെക്കുറിച്ചും കാർഷിക ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചുമുള്ള ചർച്ചകളിൽ വൈസ് ചാൻസലർമാരുടെ മുൻ സമ്മേളനത്തിൻ്റെ നടപടി റിപ്പോർട്ട് , പ്രവേശന സംവിധാനങ്ങൾ, ഗവേഷണ ഫെലോഷിപ്പുകൾ, സീറ്റ് വിഭജനത്തിലെ സംസ്ഥാന/വിഭാഗ തലത്തിലുള്ള 40% നിയന്ത്രണം എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.
കാർഷിക വിദ്യാഭ്യാസം കൂടുതൽ പ്രാപ്യവും ഏവരെയും ഉൾക്കൊള്ളുന്നതുമാക്കുന്നതിനായി കൃത്യസമയത്തുള്ള ഐ.സി.എ.ആർ-എ.ഐ.ക്യു കൗൺസിലിംഗും രേഖാപരിശോധനയും; വെറ്ററിനറി സയൻസസിനായുള്ള പ്രത്യേക പി.എച്ച്.ഡി കൗൺസിലിംഗ്; കാർഷിക യോഗ്യത നേടിയവർക്കും ഹിന്ദി ഭാഷ വിദ്യാർത്ഥികൾക്കുമുള്ള ബിരുദ യോഗ്യത എന്നിവയും ചർച്ച ചെയ്തു.

ജെ.ആർ.എഫ്/എസ്.ആർ.എഫ് ഗവേഷണങ്ങളെ ദേശീയ മുൻഗണനകൾക്ക് അനുസൃതമാക്കുക, അക്രഡിറ്റേഷനും ഗുണനിലവാര ഉറപ്പുവരുത്തലും ശക്തമാക്കുക, സാമ്പത്തിക പരിപാലനം, ഉത്തരവാദിത്വo, പ്രകടനാധിഷ്ഠിത ഫണ്ടിംഗ് എന്നിവ മെച്ചപ്പെടുത്തുക എന്നീ നടപടികളും സമ്മേളനം അവലോകനം ചെയ്തു. വ്യവസായ മേഖലയും അക്കാദമിക മേഖലയും തമ്മിലുള്ള ശക്തമായ ബന്ധം, അപ്രൻ്റീസ്ഷിപ്പുകളും ഇൻ്റേൺഷിപ്പുകളും, പാഠ്യപദ്ധതി പരിഷ്കരണം, ഡ്യുവൽ, ട്വിന്നിംഗ്, ജോയിൻ്റ് ബിരുദ പ്രോഗ്രാമുകളുടെയും അക്കാദമിക് കൈമാറ്റങ്ങളുടെയും പ്രോത്സാഹനം എന്നിവയ്ക്ക് ഊന്നൽ നൽകി.
ഫാക്കൽറ്റി വികസനത്തിൻ്റെയും സ്ഥാപന ശാക്തീകരണത്തിൻ്റെയും കീഴിൽ, കാർഷിക-അനുബന്ധ ശാസ്ത്രങ്ങളിലെ ബിരുദങ്ങളുടെ തുല്യത, പരിശീലന ആവശ്യങ്ങൾ കണ്ടെത്തൽ, പരിശീലന മൊഡ്യൂളുകളുടെ വികസനം, വിദഗ്ദ്ധ/ഡൊമെയ്ൻ മാപ്പിംഗ് എന്നിവയെക്കുറിച്ച് പ്രതിനിധികൾ ചർച്ച ചെയ്തു. പ്രൊഫഷണൽ പ്രവീണ്യവും പ്രായോഗിക അറിവും അക്കാദമിക മേഖലയിലേക്ക് സംയോജിപ്പിക്കുന്നതിനായി കാർഷിക സർവകലാശാലകളിൽ 'പ്രൊഫസേഴ്സ് ഓഫ് പ്രാക്ടീസ്' തസ്തിക ഉൾപ്പെടുത്തുന്നതിനെക്കുറിച്ചും ചർച്ച നടന്നു.
തെളിവധിഷ്ഠിത ആസൂത്രണം, മേൽനോട്ടം, തീരുമാനമെടുക്കൽ എന്നിവയ്ക്കായി സമഗ്രമായ ഒരു കാർഷിക വിദ്യാഭ്യാസ ഡാറ്റാ വ്യവസ്ഥ വികസിപ്പിക്കുന്നതിനെക്കുറിച്ചും സമ്മേളനം ചർച്ച ചെയ്തു. വിദ്യാർത്ഥികളെ ഗ്രാമീണ യാഥാർത്ഥ്യങ്ങളുമായി ബന്ധിപ്പിക്കുന്നതിനും ഗ്രാമീണ പരിവർത്തനത്തെ പിന്തുണയ്ക്കുന്നതിനുമുള്ള പ്രധാന മാർഗ്ഗമായി ഗ്രാമീണ കാർഷിക പ്രവർത്തി പരിചയം (RAWE) ശക്തമാക്കുന്നത് ചൂണ്ടിക്കാണിക്കപ്പെട്ടു. വിദ്യാർത്ഥികളുടെ സമഗ്ര വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി നിരീക്ഷണം മൂല്യനിർണയം, അവലോകനം, പഠനവും സ്വാധീനം വിലയിരുത്തലും (MELIA), അഗ്രിയൂണിഫെസ്റ്റ്, അഗ്രിസ്പോർട്സ് 2026 എന്നിവയിൽ കാർഷിക സർവകലാശാലകളുടെ കൂടുതൽ പങ്കാളിത്തം എന്നിവയും ചർച്ചകളിൽ ഉൾപ്പെട്ടു.
അക്കാദമിക് പരിഷ്കാരങ്ങൾ, ഗവേഷണം, നൂതനാശയങ്ങൾ, സ്ഥാപന മികവ് എന്നിവയെക്കുറിച്ചുള്ള ചർച്ചകളിൽ ഇന്ത്യൻ കാർഷിക സർവകലാശാലാ അസോസിയേഷൻ്റെ (ഐഎയുഎ) പൊതു അജണ്ട ഇനങ്ങൾ, യു.ജി.സി പി.എച്ച്.ഡി ചട്ടങ്ങൾ 2016 ഏകീകൃത നടപ്പാക്കൽ, ഗവേഷണങ്ങളെ പ്രായോഗിക സാങ്കേതികവിദ്യകളായും നൂതനാശയങ്ങളായും വേഗത്തിൽ മാറ്റുന്നതിനായി സംസ്ഥാന കാർഷിക സർവകലാശാലകൾക്കിടയിൽ 'ടെക്നോളജി റെഡിനസ് ലെവൽ' (TRL) പ്രോത്സാഹിപ്പിക്കൽ എന്നിവ ഉൾപ്പെടുന്നു. കാർഷിക-അനുബന്ധ മേഖലകൾക്കായുള്ള എൻ.ഐ.ആർ.എഫ് റാങ്കിംഗ് മാനദണ്ഡങ്ങളെക്കുറിച്ചും 'പ്രൊഫസേഴ്സ് ഓഫ് പ്രാക്ടീസ്' വഴി പ്രവീണ്യം പങ്കുവെക്കുന്നതിനുള്ള സംവിധാനങ്ങളെക്കുറിച്ചും സമ്മേളനം ചർച്ച ചെയ്തു.

ഈ ചർച്ചകൾ, വിദ്യാഭ്യാസം, ഗവേഷണം, നൂതനാശയങ്ങൾ, വ്യവസായം, ഗ്രാമീണ പങ്കാളിത്തം എന്നിവ സംയോജിപ്പിക്കുന്ന ചലനാത്മകവും സാങ്കേതിക വിദ്യാധിഷ്ഠിതവും ഫലാധിഷ്ഠിതവുമായ ഒരു വ്യവസ്ഥയായി കാർഷിക സർവകലാശാലകൾ വികസിക്കേണ്ടതിൻ്റെ ആവശ്യകത അടിവരയിടുന്നു. ശക്തമായ അക്കാദമിക് പങ്കാളിത്തം, ഗുണനിലവാരം ഉറപ്പാക്കൽ, ഡാറ്റാധിഷ്ഠിത ഭരണം, ദേശീയ മുൻഗണനകൾക്ക് അനുസൃതമായ ഗവേഷണം എന്നിവ ആഗോളതലത്തിൽ മത്സരശേഷിയുള്ള സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്നതിന് നിർണ്ണായകമാണെന്നും യോഗം വിലയിരുത്തി.
****
( റിലീസ് ഐ.ഡി: 2303453)
സന്ദര്‍ശക കൗണ്ടര്‍ : 5