വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യ-ജപ്പാൻ നിക്ഷേപ പങ്കാളിത്തം കരുത്താർജ്ജിക്കുന്നു ; വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ ജപ്പാനിലെ സ്ഥാപനങ്ങളിൽ നിന്നും മൂലധന നിക്ഷേപം ക്ഷണിച്ചു

പോസ്റ്റഡ് ഓണ്‍: 25 AUG 2026 10:44AM by PIB Thiruvananthpuram

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ ഇന്ന് ടോക്കിയോയിൽ പ്രമുഖ ജപ്പാനീസ് ധനകാര്യ, നിക്ഷേപ സ്ഥാപനങ്ങളുടെ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തി. ദീർഘകാല മൂലധന പ്രവാഹം ശക്തിപ്പെടുത്തുക, നിക്ഷേപ പങ്കാളിത്തം ആഴത്തിലാക്കുക, ഇന്ത്യയുടെ വളർച്ചാ യാത്രയിൽ ജപ്പാന്റെ പങ്കാളിത്തം വ്യാപിപ്പിക്കുക എന്നിവ ചർച്ചയായി.

MUFG, ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ജപ്പാൻ (DBJ), മിസുഹോ, മോർഗൻ സ്റ്റാൻലി, നൊമുറ, നിപ്പോൺ ലൈഫ് എന്നിവയിലെ മുതിർന്ന പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. ഇന്ത്യയുടെ സാമ്പത്തിക വീക്ഷണം, ഉയർന്നുവരുന്ന നിക്ഷേപ സാധ്യതകൾ, ഇന്ത്യയിലേക്കുള്ള ജപ്പാനീസ് സ്ഥാപനപര നിക്ഷേപം കൂടുതൽ സുഗമമാക്കുന്നതിനുള്ള നടപടികൾ എന്നിവയിലായിരുന്നു ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചത്.

ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലും കഴിഞ്ഞ വർഷം ഇന്ത്യ 7.7 ശതമാനം വളർച്ച രേഖപ്പെടുത്തിയെന്നും 2047-ഓടെ 30 ട്രില്യൺ യുഎസ് ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറാൻ ശ്രമിക്കുകയാണെന്നും ശ്രീ ഗോയൽ ചൂണ്ടിക്കാണിച്ചു. ഇന്ത്യയുടെ ബാങ്കിംഗ് മേഖലയുടെ ശക്തി, ശക്തമായ മൂലധന പര്യാപ്തത, കുറഞ്ഞ അളവിലുള്ള നിഷ്ക്രിയ ആസ്തികൾ, വളരുന്ന മധ്യവർഗം, വർദ്ധിച്ചുവരുന്ന നിശ്ചിത വരുമാനം എന്നിവ സുസ്ഥിര സാമ്പത്തിക വളർച്ചയുടെ പ്രധാന ചാലകങ്ങളാണെന്ന് അദ്ദേഹം അടിവരയിട്ടു.

സെമികണ്ടക്ടറുകൾ, നിർമ്മിത ബുദ്ധി, ഡാറ്റാ സെന്ററുകൾ, പുനരുപയോഗ ഊർജ്ജം, ഹരിത ഹൈഡ്രജൻ, നൂതന ഉൽപാദനം , ഡിജിറ്റൽ അടിസ്ഥാന സൗകര്യo എന്നിവയിൽ ജപ്പാന്റെ നിക്ഷേപകർക്ക് കാര്യമായ അവസരങ്ങളുണ്ടെന്ന് മന്ത്രി എടുത്തുപറഞ്ഞു. ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന പുനരുപയോഗ ഊർജ്ജ ശേഷിയും ദേശീയ പവർ ഗ്രിഡും ഊർജ്ജ ആവശ്യകത കൂടിയ ഡിജിറ്റൽ വ്യവസായങ്ങളുടെ വളർച്ചയ്ക്ക് ശക്തമായ അടിത്തറ നൽകുന്നുണ്ടെന്നും, അതേസമയം ഇന്ത്യ സെമികണ്ടക്ടർ മിഷൻ ഉത്പാദനത്തിലും സാങ്കേതികവിദ്യയിലുടനീളവും പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം കുറിച്ചു.

ഇന്ത്യ-ജപ്പാൻ ബന്ധത്തിന്റെ തന്ത്രപരവും സമഗ്രവുമായ സ്വഭാവം ചൂണ്ടിക്കാണിച്ച ശ്രീ ഗോയൽ, ആഗോള നിർമ്മാണ, സാങ്കേതികവിദ്യ, നിക്ഷേപ കേന്ദ്രമായി മാറാനുള്ള യാത്രയിൽ ജപ്പാനെ ഒരു വിശ്വസ്ത പങ്കാളിയായി ഇന്ത്യ പരിഗണിക്കുന്നതായി പറഞ്ഞു. ബൗദ്ധിക സ്വത്തവകാശ സംരക്ഷണം, ഉയർന്ന നിലവാരമുള്ള പ്രതിഭകളുടെ ലഭ്യത, നയപരമായ പരിഷ്കാരങ്ങൾ, കൂടുതൽ അനുയോജ്യമായ ബിസിനസ്സ് അന്തരീക്ഷം സൃഷ്ടിക്കൽ എന്നിവയോടുള്ള ഇന്ത്യയുടെ പ്രതിജ്ജ്ഞാബദ്ധത അദ്ദേഹം ആവർത്തിച്ചു

 ജപ്പാനീസ് ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യയുമായുള്ള വർദ്ധിച്ചുവരുന്ന സഹകരണവും രാജ്യത്തിന്റെ ദീർഘകാല വളർച്ചാ സാധ്യതകളിലുള്ള ശക്തമായ വിശ്വാസവും പങ്കുവെച്ചു. ശ്രീറാം ഫിനാൻസിൽ ഏകദേശം 4 ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപം നടത്തിയതും പുനരുപയോഗ ഊർജ്ജം, ഹൈഡ്രജൻ ഉൾപ്പെടെയുള്ള മേഖലകളിലെ വർദ്ധിക്കുന്ന താല്പര്യവും MUFG എടുത്തുപറഞ്ഞു. ഇന്ത്യൻ ബിസിനസിലെ പ്രത്യേക തന്ത്രവും റിയൽ എസ്റ്റേറ്റ് വികസനം, വെൻജ്വർ ക്യാപിറ്റൽ, മറ്റ് ദീർഘകാല നിക്ഷേപ അവസരങ്ങൾ എന്നിവയിലെ വർദ്ധിച്ചുവരുന്ന താല്പര്യവും DBJ വിശദീകരിച്ചു.

ഇന്ത്യയിൽ പ്രവർത്തിക്കുന്ന ജപ്പാനീസ് കമ്പനികളുടെ ലാഭക്ഷമത വർദ്ധിക്കുന്നതും പൂനെയിലെ ആഗോള ക്ഷമത കേന്ദ്രം ഉൾപ്പെടെ ഇന്ത്യയിലെ അതിന്റെ പ്രവർത്തനങ്ങളുടെ വികാസവും മിസുഹോ ചൂണ്ടിക്കാണിച്ചു.

 19,000-ത്തിലധികം ജീവനക്കാരുള്ള ഇന്ത്യ തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ആഗോള കേന്ദ്രങ്ങളിലൊന്നാണെന്ന് മോർഗൻ സ്റ്റാൻലി വിശേഷിപ്പിച്ചു. കൂടാതെ, ഇന്ത്യയിലെ ഉയർന്ന മൂല്യധന വിപണി, ധനകാര്യ സേവനം എന്നീ പ്രവർത്തനങ്ങളിൽ കൈവരിച്ച വളർച്ചയും അവർ എടുത്തുപറഞ്ഞു.

ഇന്ത്യയിലെ ദീർഘകാല സാന്നിധ്യവും നിർമ്മിത ബുദ്ധി, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിലെ സാങ്കേതിക കഴിവുകൾ ഉൾപ്പെടെയുള്ള ഇന്ത്യൻ അവസരങ്ങളുമായി ജപ്പാനീസ് കമ്പനികളെയും ആഗോള വ്യവസായങ്ങളെയും ബന്ധിപ്പിക്കുന്നതിലെ പങ്കും നൊമുറ വ്യക്തമാക്കി. ദീർഘകാല നിക്ഷേപങ്ങളുടെ പ്രാധാന്യം നിപ്പോൺ ലൈഫ് ഊന്നിപ്പറയുകയും ഇന്ത്യയിലെ പ്രവർത്തനങ്ങൾ നൽകുന്ന ഉയർന്ന ലാഭം ചൂണ്ടിക്കാണിക്കുകയും ചെയ്തു.

ഇന്ത്യയിലേക്ക് ജപ്പാനീസ് സ്ഥാപനങ്ങളുടെ മൂലധനത്തിന്റെ പ്രവാഹം കൂടുതൽ സുഗമമാക്കുന്നതിനുള്ള നടപടികളും ചർച്ചയിൽ വിഷയമായി. ലാഭം സ്വന്തം രാജ്യത്തേക്ക് ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കുക, ഇന്ത്യൻ ഓഹരി വിപണികളിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുക, ദീർഘകാല നിക്ഷേപകർക്ക് കൂടുതൽ നയപരമായ സുതാര്യത ഉറപ്പാക്കുക എന്നിവയുടെ പ്രാധാന്യം പങ്കെടുത്തവർ എടുത്തുകാട്ടി.

കറൻസി മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങളും ചില നിയന്ത്രണ-നയ പരിഗണനകളും ഹ്രസ്വകാല നിക്ഷേപ തീരുമാനങ്ങളെ സ്വാധീനിച്ചേക്കാമെങ്കിലും, ഇന്ത്യയെക്കുറിച്ചുള്ള തങ്ങളുടെ ദീർഘകാല തന്ത്രപരമായ വീക്ഷണം അനുകൂല ദിശയിൽ തുടരുന്നതായി ജപ്പാനീസ് സ്ഥാപനങ്ങൾ ആവർത്തിച്ചു. ഈ നിർദ്ദേശങ്ങളെ സ്വാഗതം ചെയ്ത ശ്രീ ഗോയൽ, ബിസിനസ്സ് ചെയ്യുന്നത് കൂടുതൽ എളുപ്പമാക്കുന്നതിനും തടസ്സമില്ലാത്ത നിക്ഷേപ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമുള്ള ഗവണ്മെന്റിന്റെ പ്രതിജ്ഞാബദ്ധത ആവർത്തിച്ചു വ്യക്തമാക്കി.

ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര മൂലധനത്തിന്റെ കവാടമായും ജപ്പാനും ഇന്ത്യയും തമ്മിലുള്ള അതിർത്തി കടന്നുള്ള നിക്ഷേപ പ്രവാഹം കൂടുതൽ സുഗമമാക്കുന്നതിനുള്ള പ്ലാറ്റ്‌ഫോമായും ഗിഫ്റ്റ് സിറ്റിക്കുള്ള (GIFT City) സാധ്യതകളും യോഗം പരിശോധിച്ചു.

ഇന്ത്യ കേവലം മൂലധനം മാത്രമല്ല, സാങ്കേതികവിദ്യ, നൂതനാശയം , നിർമ്മാണ ശേഷി, തൊഴിലവസരങ്ങൾ, ആഗോള മൂല്യ ശൃംഖലകളുമായുള്ള ഏകീകരണം എന്നിവയിലൂടെ ദീർഘകാല പങ്കാളിത്തമാണ് ആഗ്രഹിക്കുന്നതെന്ന് ശ്രീ ഗോയൽ ഊന്നിപ്പറഞ്ഞു.

 പുതിയതും ഉയർന്നുവരുന്നതുമായ മേഖലകളിലെയും, ആധുനികവൽക്കരണവും സാങ്കേതിക നവീകരണവും ആവശ്യമായ നിലവിലുള്ള ബിസിനസ്സുകളിലെയും അവസരങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു.

അടുത്ത ദശകത്തിൽ ഇന്ത്യയിലേക്ക് 10 ട്രില്യൺ യെൻ ജപ്പാനീസ് സ്വകാര്യ നിക്ഷേപം സമാഹരിക്കുകയെന്ന ഇന്ത്യ-ജപ്പാൻ ലക്ഷ്യത്തിന്റെ പശ്ചാത്തലത്തിൽ ഈ ചർച്ചകൾക്ക് വലിയ പ്രാധാന്യമുണ്ട്. ഈ ആശയവിനിമയം ഇന്ത്യയുടെ ദീർഘകാല വളർച്ചാ സാധ്യതകളിൽ പ്രമുഖ ജപ്പാനീസ് ധനകാര്യ സ്ഥാപനങ്ങൾക്കുള്ള വിശ്വാസം സ്ഥിരീകരിക്കുകയും ഉഭയകക്ഷി നിക്ഷേപം, സാങ്കേതികവിദ്യ, ബിസിനസ് ബന്ധങ്ങൾ എന്നിവ വികസിപ്പിക്കുന്നതിനുള്ള വൻ സാധ്യതകൾ വെളിപ്പെടുത്തുകയും ചെയ്തു.

ഇന്ത്യ-ജപ്പാൻ സാമ്പത്തിക പങ്കാളിത്തം ആഴത്തിലാക്കുന്നതിനും ഇന്ത്യയുടെ അടുത്ത ഘട്ട വളർച്ചയിലേക്ക് ജപ്പാനിലെ സ്ഥാപനങ്ങളുടെ ദീർഘകാല മൂലധന പ്രവാഹം സാധ്യമാക്കുന്നതിനുമുള്ള പ്രധാന ചുവടുവെയ്പ്പായി ഈ യോഗം മാറി.

***

 


( റിലീസ് ഐ.ഡി: 2303063) സന്ദര്‍ശക കൗണ്ടര്‍ : 9