യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

ദേശീയ കായിക ദിനാഘോഷത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി 'ഖേലോ ഇന്ത്യ ഡയലോഗ് - ഖേൽ കീ ബാത്ത്, പിഎം മോദി കെ സാഥ് ' സംവാദ പരിപാടി സംഘടിപ്പിക്കുന്നു

प्रविष्टि तिथि: 24 AUG 2026 4:07PM by PIB Thiruvananthpuram
ഈ വർഷത്തെ ദേശീയ കായിക ദിനാഘോഷങ്ങളുടെ ഭാഗമായി, 2026 ഓഗസ്റ്റ് 27-ന് രാജ്യവ്യാപകമായി "ഖേലോ ഇന്ത്യ ഡയലോഗ് - ഖേൽ കീ ബാത്ത്, പ്രധാൻമന്ത്രി മോദി കെ സാഥ്" എന്ന ബൃഹത് യുവജന സമ്പർക്ക പരിപാടി സംഘടിപ്പിക്കുന്നു. രാജ്യത്തെ 1,500-ലധികം കേന്ദ്രങ്ങളിലായി കായികതാരങ്ങളെയും വിദ്യാർത്ഥികളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കോർത്തിണക്കിയാണ് ഈ പരിപാടി നടപ്പിലാക്കുന്നത്.
 


 
ഇന്ത്യയുടെ ഭാവി കായിക മുന്നേറ്റങ്ങളെക്കുറിച്ചും യുവജന ക്ഷേമ പദ്ധതികളെക്കുറിച്ചുമുള്ള  ചിന്തകളും നിർദ്ദേശങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നേരിട്ട് പങ്കുവെക്കാൻ വളർന്നുവരുന്ന കായികപ്രതിഭകൾക്ക് ഈ സംരംഭം അവസരമൊരുക്കും. രാജ്യത്തെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐ.ഐ.ടി, ഐ.ഐ.എം, എൻ.ഐ.ടി, എന്നിവയ്ക്ക്എ പുറമെ, എയിംസ്, പ്രമുഖ മെഡിക്കൽ കോളേജുകൾ, സർവകലാശാലകൾ എന്നിവയും ഈ പരിപാടിയിൽ അണിചേരും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വെർച്വൽ അഭിസംബോധനയോടെയാകും പരിപാടികൾക്ക് തുടക്കമാകുക. പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് ശേഷം, പങ്കെടുക്കുന്ന എല്ലാ കേന്ദ്രങ്ങളിലും ഒരേ സമയം നേരിട്ടുള്ള പരിപാടികൾ ആരംഭിക്കും.

യുവാക്കളുടെ അഭിലാഷങ്ങളും അടിസ്ഥാനതല അനുഭവങ്ങളും, രാജ്യത്തിന്റെ നയരൂപീകരണവുമായി ബന്ധിപ്പിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.  നാല് വിഷയങ്ങളെ ആസ്പദമാക്കിയാണ് പ്രധാനമായും യുവജനങ്ങളുടെ ചർച്ചകൾ സംഘടിപ്പിക്കുന്നത്: കായിക വ്യവസ്ഥിതി ശക്തമാക്കുക, താഴെത്തട്ടിൽ കൂടുതൽ സൗകര്യങ്ങളും പരിശീലനവും അവസരങ്ങളും ലഭ്യമാക്കുക,  ശാസ്ത്രീയ രീതിയിലുള്ള കായിക പ്രതിഭ നിർണ്ണയത്തിലൂടെയും പരിശീലനത്തിലൂടെയും 2036 ഒളിമ്പിക്സിനായി താരങ്ങളെ സജ്ജരാക്കുക, ഭരണനിർവ്വഹണത്തിലും പൊതുമേഖലയിലും യുവജനങ്ങളുടെ നേതൃത്വവും പങ്കാളിത്തവും വർദ്ധിപ്പിക്കുക, ഭാവിക്ക് അനുയോജ്യമായ കഴിവുകൾ, സന്നദ്ധസേവനം, രാഷ്ട്രനിർമ്മാണ അവസരങ്ങൾ എന്നിവയിലൂടെ യുവാക്കളെ ശാക്തീകരിക്കുക.എന്നിവയാണ്‌  ആ നാല് വിഷയങ്ങൾ.

കായികരംഗത്ത് താല്പര്യമുള്ള യുവാക്കളും ഇന്ത്യയിലെ പ്രമുഖ കായികതാരങ്ങളും ഒളിമ്പിക് മെഡൽ വിജയികളും തമ്മിലുള്ള നേരിട്ടുള്ള സംവാദമാണ് ഈ സംരംഭത്തിന്റെ പ്രധാന ആകർഷണം. ദീപാ കർമാകർ, സൈന നെഹ്‌വാൾ, ഗഗൻ നാരംഗ്, പി. ആർ. ശ്രീജേഷ്, മേരി കോം, ബൈചുങ് ഭൂട്ടിയ, പുല്ലേല ഗോപീചന്ദ്, അഞ്ചു ബോബി ജോർജ്ജ്, കർണം മല്ലേശ്വരി, മീരാബായ് ചാനു, പി. ടി. ഉഷ എന്നിവരുൾപ്പെടെയുള്ള പ്രമുഖ കായികപ്രതിഭകളും പ്രശസ്ത ക്രിക്കറ്റ് താരങ്ങളും യുവാക്കളുമായി സംവദിക്കും. തങ്ങളുടെ കായിക ജീവിത യാത്രയും പ്രതിസന്ധികളും അനുഭവങ്ങളും അവർ പങ്കുവെക്കും.

കായികതാരങ്ങൾക്ക് പുറമെ ജനപ്രതിനിധികളുടെ മികച്ച  പങ്കാളിത്തവും ഈ പരിപാടിയിൽ ഉണ്ടാകും. എം.പിമാർ, എം.എൽ.എമാർ, കേന്ദ്രമന്ത്രിമാർ, കേന്ദ്ര സഹമന്ത്രിമാർ, സംസ്ഥാന കായികമന്ത്രിമാർ എന്നിവർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ യുവാക്കളുമായി നേരിട്ട് ഇടപെടുകയും നിശ്ചയിച്ചിട്ടുള്ള നാല് പ്രധാന വിഷയങ്ങളിൽ അവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ആരായുകയും  ചെയ്യും.

പരിപാടിയുടെ ഭാഗമായി 'വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗ് ക്വിസ്' സംഘടിപ്പിക്കുന്നതിനോടൊപ്പം യുവാക്കളെ 'മൈ ഭാരത്'  പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ  പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഏകദിന പരിപാടിക്കപ്പുറം സുസ്ഥിര യുവജന പങ്കാളിത്തത്തിന് ഇത് വഴിയൊരുക്കും.

 "ഖേലോ ഇന്ത്യ ഡയലോഗ് - ഖേൽ കീ ബാത്ത്, പ്രധാൻമന്ത്രി മോദി കെ സാഥ്" എന്ന പരിപാടി ഇന്ത്യയുടെ കായിക മേഖലയിലെ വൻ കുതിച്ചുചാട്ടത്തിന്റെ യഥാർത്ഥ കരുത്ത് രാജ്യത്തെ യുവതലമുറയാണെന്ന ആശയത്തിന് ഊന്നൽ നൽകാനാണ് ലക്ഷ്യമിടുന്നത്. യുവാക്കളുടെ ആഗ്രഹങ്ങളും കായികരംഗത്തെ അനുഭവങ്ങളും ഭരണകൂട നയരൂപീകരണവും ഒരുകുടക്കീഴിൽ കൊണ്ടുവരുന്നതിലൂടെ കായികമേഖലയുടേയും യുവജന വികസനത്തിന്റെയും ഭാവിരൂപപ്പെടുത്തുന്നതിൽ യുവാക്കൾക്ക് നിർണ്ണായക ശബ്ദം നൽകാൻ ഈ സംരംഭം വഴിയൊരുക്കും.
 
****
 

(रिलीज़ आईडी: 2302832) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: English , हिन्दी , Urdu , Marathi , Bengali , Assamese , Gujarati , Kannada