57-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (ഐ.എഫ്.എഫ്.ഐ) ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായുള്ള ആദ്യ സ്റ്റിയറിങ് കമ്മിറ്റി യോഗം വാർത്താവിനിമയ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ. മുരുകൻ്റെ അധ്യക്ഷതയിൽ 2026 ആഗസ്റ്റ് 21-ന് ന്യൂഡൽഹിയിലെ കർത്തവ്യ ഭവൻ-2 ൽ നടന്നു. മേളയുടെ മുന്നൊരുക്കങ്ങൾ അവലോകനം ചെയ്യാനും, ഇതിനെ ലോകോത്തര നിലവാരമുള്ള ഒരു അന്താരാഷ്ട്ര ചലച്ചിത്രോത്സവമായി ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ ചർച്ച ചെയ്യാനുമാണ് യോഗം ചേർന്നത്.
57-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള 2026 നവംബർ 20 മുതൽ 28 വരെ ഗോവയിൽ നടക്കും.
യോഗത്തെ അഭിസംബോധന ചെയ്യവേ ഡോ. എൽ. മുരുകൻ, 57-ാമത് ഐ.എഫ്.എഫ്.ഐ മേളയെക്കുറിച്ചുള്ള തൻ്റെ കാഴ്ചപ്പാട് പങ്കുവെച്ചു.
യുവവിദ്യാർത്ഥികൾക്കും വളർന്നുവരുന്ന ചലച്ചിത്രപ്രവർത്തകർക്കും ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ അറിയപ്പെടാത്ത പ്രതിഭകൾക്കും കൂടുതൽ അവസരങ്ങൾ നൽകേണ്ടതിൻ്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. ലോകമെമ്പാടുമുള്ള മികച്ച ചിത്രങ്ങളേയും പ്രമുഖ ക്രിയേറ്റീവ് പ്രതിഭകളെയും ഇന്ത്യയിലേക്ക് കൊണ്ടുവന്ന് അന്താരാഷ്ട്ര തലത്തിലുള്ള ബന്ധങ്ങൾ ശക്തമാക്കുന്നതിനൊപ്പം, യുവപ്രതിഭകൾക്ക് അവരുടെ സർഗ്ഗാത്മകത പ്രദർശിപ്പിക്കുന്നതിനും പ്രശസ്ത ചലച്ചിത്ര പ്രവർത്തകരിൽ നിന്ന് കാര്യങ്ങൾ പഠിക്കുന്നതിനും ആഗോള സിനിമാ സമൂഹവുമായി ബന്ധപ്പെടുന്നതിനും ഐ.എഫ്.എഫ്.ഐ വേദിയൊരുക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ശ്രീ അശ്വിനി വൈഷ്ണവിൻ്റെ നേതൃത്വത്തിലുള്ള മന്ത്രാലയം, രാജ്യത്തെ ക്രിയേറ്റീവ് വ്യവസായ മേഖല വളർത്തുന്നതിനും രാജ്യത്തെ സർഗ്ഗാത്മക വ്യവസായങ്ങളെ ശക്തിപ്പെടുത്തുന്നതിനുമായി പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ടെന്ന് ഡോ. മുരുകൻ എടുത്തുപറഞ്ഞു. ഇത് പുതിയ പ്രതിഭകൾക്കും നവീകരണങ്ങൾക്കും ആഗോളതലത്തിലുള്ള സഹകരണങ്ങൾക്കും വലിയ അവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മാസ്റ്റർ ക്ലാസുകൾ, പ്രശസ്ത ചലച്ചിത്ര പ്രവർത്തകരുമായുള്ള ആശയവിനിമയങ്ങൾ, യുവ പ്രതിഭകൾക്ക് അർത്ഥവത്തായ മെൻ്റർഷിപ്പ് അവസരങ്ങൾ എന്നിവ വിപുലീകരിക്കേണ്ടതിൻ്റെ ആവശ്യകത ഡോ. മുരുകൻ ഊന്നിപ്പറഞ്ഞു. അന്താരാഷ്ട്ര സഹകരണത്തിനും പ്രൊഫഷണൽ കൈമാറ്റങ്ങൾക്കുമുള്ള വഴികൾ ശക്തമാക്കുന്നതിനൊപ്പം ഇന്ത്യൻ സിനിമയുടെ വൈവിധ്യവും കരുത്തും പ്രകടിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു.
ഐ.എഫ്.എഫ്.ഐയുടെ വളർച്ചയിലും തുടർച്ചയായ വിജയത്തിലും ഗോവ ഗവണ്മെൻ്റിൻ്റെ നിർണായക പങ്കിനെ അംഗീകരിച്ച മന്ത്രി, ഗോവയെ അന്താരാഷ്ട്ര സിനിമയുടെ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഒരു കേന്ദ്രമാക്കി മാറ്റുന്നതിൽ നിർണായക പങ്ക് വഹിച്ച ഗോവ മുൻ മുഖ്യമന്ത്രി അന്തരിച്ച ശ്രീ മനോഹർ പരീക്കറുടെ പാരമ്പര്യത്തിന് ആദരം അർപ്പിച്ചു. ഐ.എഫ്.എഫ്.ഐയെ ഒരു യഥാർത്ഥ ലോകോത്തര സാംസ്കാരിക പരിപാടിയാക്കി മാറ്റുന്നതിനുള്ള തുടർച്ചയായ പിന്തുണയ്ക്ക് ഗോവ മുഖ്യമന്ത്രി ശ്രീ പ്രമോദ് സാവന്തിനെ അദ്ദേഹം അഭിനന്ദിച്ചു.
ഇന്ത്യയുടെ വളർന്നു വരുന്ന സർഗ്ഗാത്മക സമ്പദ് വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനും, ഇന്ത്യയും അന്തർദ്ദേശീയ സർഗ്ഗാത്മക കൂട്ടായ്മകളും തമ്മിലുള്ള സഹകരണം ആഴത്തിലാക്കുന്നതിനുമുള്ള ഒരു മുൻനിര വേദിയായി ഐ.എഫ്.എഫ്.ഐയെ പ്രയോജനപ്പെടുത്തണമെന്ന് ചടങ്ങിൽ സംസാരിച്ച വാർത്താവിനിമയ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി ശ്രീ ചഞ്ചൽ കുമാർ അടിവരയിട്ടു. മേളയിൽ പങ്കെടുക്കുന്ന ചലച്ചിത്ര പ്രവർത്തകർ, സിനിമാ പ്രേമികൾ, പ്രതിനിധികൾ, അതിഥികൾ എന്നിവർക്ക് ഉയർന്ന നിലവാരമുള്ളതും തടസ്സമില്ലാത്തതുമായ അനുഭവം ഉറപ്പാക്കേണ്ടതിൻ്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.
57-ാമത് ഐ.എഫ്.എഫ്.ഐയുടെ ഒരുക്കങ്ങളെക്കുറിച്ചും വിവിധ പദ്ധതികളെക്കുറിച്ചും എൻ.എഫ്.ഡി.സി മാനേജിങ് ഡയറക്ടർ ശ്രീ പ്രകാശ് മഗ്ദൂം പ്രദർശനം അവതരിപ്പിച്ചു. സ്റ്റീയറിങ് കമ്മിറ്റിയുടെ ശുപാർശകളെ ഐ.എഫ്.എഫ്.ഐ ഫെസ്റ്റിവൽ ഡയറക്ടർ ശ്രീ അശുതോഷ് ഗോവാരിക്കർ സ്വാഗതം ചെയ്തു. മാസ്റ്റർക്ലാസുകൾ ശക്തമാക്കുക, യുവ ചലച്ചിത്ര പ്രവർത്തകർക്കുള്ള അവസരങ്ങൾ വർദ്ധിപ്പിക്കുക, ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള മികച്ച സിനിമകൾ തിരഞ്ഞെടുക്കുക, ഇന്ത്യയിലും ലോകമെമ്പാടുമുള്ള പ്രമുഖ ചലച്ചിത്ര പ്രവർത്തകരുടെയും സർഗ്ഗാത്മക വ്യക്തിത്വങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കുക എന്നിവയുടെ പ്രാധാന്യവും അദ്ദേഹം ആവർത്തിച്ച് വ്യക്തമാക്കി.
57-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മുന്നൊരുക്കങ്ങൾ വേഗത്തിൽ പുരോഗമിക്കുന്നതായി ഗോവ വാർത്താ വിനിമയ പ്രക്ഷേപണ സെക്രട്ടറി, സമിതിയെ അറിയിച്ചു. ആവശ്യമായ മുഴുവൻ പ്രവർത്തനങ്ങളും സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മേളയുടെ സുഗമമായ നടത്തിപ്പിനായി സംസ്ഥാന ഗവണ്മെൻ്റ് എല്ലാ സജ്ജീകരണങ്ങളും ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഇത്തവണത്തെ ചലച്ചിത്രമേളയ്ക്ക് കൂടുതൽ രാജ്യാന്തര ശ്രദ്ധ ഉറപ്പുവരുത്തണമെന്ന് സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങൾ ഊന്നിപ്പറഞ്ഞു. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മികച്ച ചിത്രങ്ങൾ ഉൾപ്പെടുത്തുന്നതിനും പ്രമുഖ ചലച്ചിത്ര പ്രവർത്തകരെയും കലാകാരന്മാരെയും മേളയിലേക്ക് ക്ഷണിക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകും. സിനിമ ആഘോഷത്തിനപ്പുറം, സർഗ്ഗാത്മക ആശയവിനിമയത്തിനും സഹകരണത്തിനും ഇന്ത്യയുടെ വളർന്നുവരുന്ന സർഗ്ഗാത്മക വ്യവസായത്തെ പ്രോത്സാഹനത്തിനുമുള്ള പ്രധാന വേദിയായി ഐ.എഫ്.എഫ്.ഐയെ മാറ്റാനാണ് മേള ലക്ഷ്യമിടുന്നത്.
വാർത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം, എൻ.എഫ്.ഡി.സി, ഗോവ ഗവണ്മെൻ്റ്, കൂടാതെ ഇതുമായി ബന്ധപ്പെട്ടിരിക്കുന്ന എല്ലാ പങ്കാളികളും തമ്മിൽ ചലച്ചിത്രമേളയുടെ വിജയകരമായ സംഘാടനത്തിനായി അടുത്തതും സുസ്ഥിരവുമായ ഏകോപനം ഉണ്ടായിരിക്കേണ്ടതിൻ്റെ പ്രാധാന്യം സ്റ്റിയറിങ് കമ്മിറ്റി ആവർത്തിച്ചു വ്യക്തമാക്കി. സിനിമ, സർഗ്ഗാത്മകത, സാംസ്കാരിക കൈമാറ്റം, ആഗോള സഹകരണം എന്നിവയ്ക്കുള്ള ഒരു പ്രമുഖ അന്താരാഷ്ട്ര വേദിയെന്ന നിലയിൽ 57-ാമത് ഐ.എഫ്.എഫ്.ഐ അതിൻ്റെ സ്ഥാനം കൂടുതൽ ദൃഢമാക്കുമെന്നും, അതോടൊപ്പം ഇന്ത്യൻ ചലച്ചിത്ര പ്രവർത്തകർക്കും സർഗ്ഗാത്മക പ്രൊഫഷണലുകൾക്കും ആഗോളതലത്തിൽ അർത്ഥവത്തായ രീതിയിൽ ഇടപെടാൻ കഴിയുംവിധം മികച്ച അവസരങ്ങൾ സൃഷ്ടിക്കുമെന്നും കമ്മിറ്റി കൂട്ടായ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
വാർത്താവിനിമയ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി ശ്രീ ചഞ്ചൽ കുമാർ, പ്രശസ്ത ചലച്ചിത്ര സംവിധായകനും ഐ.എഫ്.എഫ്.ഐ ഫെസ്റ്റിവൽ ഡയറക്ടറുമായ ശ്രീ അശുതോഷ് ഗോവാരിക്കർ, ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ ശ്രീ പ്രകാശ് മഗ്ദൂം, ഗോവ ഗവണ്മെൻ്റ് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് സെക്രട്ടറി എന്നിവർക്കൊപ്പം സ്റ്റിയറിങ് കമ്മിറ്റിയിലെ പ്രമുഖ അംഗങ്ങളായ ശ്രീമതി ഭാവന ഖേർ, രാം സമ്പത്ത്, അപർണ പുരോഹിത്, പ്രേരണ സിംഗ്, നമിത, സുഹാസിനി മണിരത്നം, അഭിഷേക് ജെയിൻ, സന്തോഷ് ശിവൻ, ഗൗരവ് ബാനർജി, ആദിത്യ ഭട്ട്, പ്രശാന്ത് ചോത്താനി, ധരം ഗുലാത്തി തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.