ശാസ്ത്ര സാങ്കേതിക മന്ത്രാലയം
azadi ka amrit mahotsav

ചെന്നൈയില്‍ ബ്രിക്‌സ് ശാസ്ത്ര മന്ത്രിമാരുടെ യോഗം കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ഉദ്ഘാടനം ചെയ്തു

പോസ്റ്റഡ് ഓണ്‍: 21 AUG 2026 2:19PM by PIB Thiruvananthpuram

14-ാമത് ബ്രിക്‌സ് ശാസ്ത്ര സാങ്കേതിക നൂതനാശയ മന്ത്രിതല യോഗം ചെന്നൈയില്‍ ആരംഭിച്ചു. കേന്ദ്ര ശാസ്ത്ര-സാങ്കേതിക ഭൗമശാസ്ത്ര സഹമന്ത്രിയും (സ്വതന്ത്ര ചുമതല) പ്രധാനമന്ത്രിയുടെ ഓഫീസ്, പേഴ്‌സണല്‍, പൊതുപരാതി പരിഹാരം, പെന്‍ഷന്‍, ആണവോര്‍ജം,  ബഹിരാകാശം എന്നിവയുടെ ചുമതല വഹിക്കുന്ന സഹമന്ത്രിയുമായ ഡോ. ജിതേന്ദ്ര സിംഗ് യോഗം ഉദ്ഘാടനം ചെയ്തു.  പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ശാസ്ത്ര-സാങ്കേതിക-നൂതനാശയ രംഗത്ത് ആഗോളതലത്തില്‍ വളര്‍ന്നുവരുന്ന ഇന്ത്യയുടെ സ്വാധീനത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.
ബ്രിക്‌സ് അംഗരാജ്യങ്ങളിലെ പ്രതിനിധി സംഘങ്ങളെ സ്വാഗതം ചെയ്ത ഡോ. ജിതേന്ദ്ര സിംഗ് 'പ്രതിരോധവും നൂതനാശയങ്ങളും സഹകരണവും സുസ്ഥിരതയും  കെട്ടിപ്പടുക്കാം' എന്ന ഈ വര്‍ഷത്തെ ഇന്ത്യയുടെ ബ്രിക്‌സ് അധ്യക്ഷത പ്രമേയം വിശദീകരിച്ചു.  പ്രതിരോധശേഷി വര്‍ധിപ്പിച്ചും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ച സാധ്യമാക്കിയും സുസ്ഥിര വികസനം പ്രോത്സാഹിപ്പിച്ചും രാജ്യങ്ങള്‍ തമ്മിലെ തുല്യ പങ്കാളിത്തം വളര്‍ത്തിയെടുത്തും ശാസ്ത്ര സാങ്കേതികവിദ്യയും നൂതനാശയങ്ങളും മനുഷ്യരാശിയെ സേവിക്കണമെന്ന കൂട്ടായ ബോധ്യത്തെയാണ്  പ്രമേയം പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.  

നിര്‍മിതബുദ്ധി (എഐ), ക്വാണ്ടം സാങ്കേതികവിദ്യകള്‍, അത്യാധുനിക സാമഗ്രികള്‍, ബയോടെക്‌നോളജി, ഫോട്ടോണിക്‌സ്, ജിയോസ്‌പേഷ്യല്‍ സാങ്കേതികവിദ്യകള്‍, ശേഷി കൂടിയ കംപ്യൂട്ടിങ് തുടങ്ങി വളര്‍ന്നുവരുന്ന അത്യാധുനിക സാങ്കേതികവിദ്യകളിലൂടെ ലോകം അതിവേഗ പരിവര്‍ത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്ന് ഡോ. ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.  ഈ സാങ്കേതികവിദ്യകള്‍ ലോക പുരോഗതിയ്ക്ക് അഭൂതപൂര്‍വമായ അവസരങ്ങള്‍ സൃഷ്ടിക്കുമ്പോഴും നൂതനാശയങ്ങള്‍ എല്ലാവര്‍ക്കും പ്രാപ്യവും താങ്ങാവുന്നതും വിശ്വസനീയവും സുസ്ഥിരവുമാണെന്ന് ഉറപ്പാക്കാന്‍ ശക്തമായ അന്താരാഷ്ട്ര സഹകരണം അനിവാര്യമാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
വിപുലമായ ജനസംഖ്യയും ശാസ്ത്ര പ്രതിഭകളും വളര്‍ന്നുവരുന്ന ഗവേഷണ ശേഷിയുമുള്ള ബ്രിക്‌സ് കൂട്ടായ്മയ്ക്ക് സഹകരണാത്മകവും ഉത്തരവാദിത്തപൂര്‍ണവും ഭാവി അധിഷ്ഠിതവുമായ  നൂതനാശയ ആവാസവ്യവസ്ഥ വളര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചര്‍ച്ചകള്‍ സുഗമമാക്കുന്നതിലും പ്രായോഗിക സഹകരണവും വ്യക്തമായ ഫലങ്ങളുമായി അവയെ  മാറ്റിയെടുക്കുന്നതിലും ശാസ്ത്ര സാങ്കേതിക നൂതനാശയ ഉന്നതാധികാര സമിതിയും മുതിര്‍ന്ന ഉദ്യോഗസ്ഥരും പ്രവര്‍ത്തക സമിതികളും  നല്‍കിയ സംഭാവനകളെ ഡോ. ജിതേന്ദ്ര സിംഗ് അഭിനന്ദിച്ചു.
ഗവേഷണ സഹകരണം, നൂതനാശയ പങ്കാളിത്തം, യുവ ശാസ്ത്രജ്ഞരുടെ കൈമാറ്റം, ഗവേഷണ അടിസ്ഥാന സൗകര്യങ്ങള്‍, വിഷയകേന്ദ്രീകൃത പ്രവര്‍ത്തക സമിതികള്‍  എന്നിവയെ ഉള്‍ക്കൊള്ളുന്ന ശക്തമായ വേദിയായി ബ്രിക്‌സ് ശാസ്ത്ര സാങ്കേതിക നൂതനാശയ സഹകരണം മാറിയതായി കേന്ദ്രമന്ത്രി പറഞ്ഞു. വളര്‍ന്നുവരുന്ന ശാസ്ത്ര-സാങ്കേതിക മുന്നേറ്റങ്ങളുമായും സമൂഹങ്ങളുടെ വികസന അഭിലാഷങ്ങളുമായും സഹകരണം ഉറപ്പാക്കാന്‍ ഇന്ത്യയുടെ അധ്യക്ഷതയില്‍  ബ്രിക്‌സ് ശാസ്ത്രസാങ്കേതിക നൂതനാശയ മുന്‍ഗണനകളുടെ സമഗ്ര അവലോകനം നടത്തുന്നുണ്ട്.

ശാസ്ത്രത്തോടും നൂതനാശയങ്ങളോടും തുറന്നതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും മാനവ കേന്ദ്രീകൃതവുമായ സമീപനം മുന്നോട്ടുകൊണ്ടുപോകാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് ഡോ. ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.  ദേശീയ ക്വാണ്ടം ദൗത്യം, ദേശീയ സൂപ്പര്‍ കംപ്യൂട്ടിങ് ദൗത്യം, ബയോ-E3 നയം, ദേശീയ ജിയോസ്‌പേഷ്യല്‍ നയം, ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യ വിപുലീകരണം എന്നിവയുള്‍പ്പെടെ ഇന്ത്യയുടെ സംരംഭങ്ങളെ അദ്ദേഹം ചൂണ്ടിക്കാട്ടി. നൂതനാശയങ്ങള്‍ വഴി ആത്യന്തികമായി ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും സാമൂഹ്യ പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും സുസ്ഥിര സാമ്പത്തിക പരിവര്‍ത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്ന സമീപനമാണ് ഇവയെല്ലാം പ്രതിഫലിപ്പിക്കുന്നത്.
അത്യാധുനിക ഗവേഷണം, നൂതനാശയ ധനസഹായം, പ്രതിഭകളുടെ കൈമാറ്റം, ഗവേഷണ അടിസ്ഥാന സൗകര്യങ്ങള്‍ പങ്കിടല്‍, സ്റ്റാര്‍ട്ടപ്പ് പങ്കാളിത്തം, ശേഷിവികസനം എന്നിവയില്‍ ആഴമേറിയ സഹകരണത്തിന് പ്രായോഗിക  വഴികള്‍ കണ്ടെത്താന്‍ ബ്രിക്‌സ് പങ്കാളികളെ മന്ത്രി ക്ഷണിച്ചു. ആഗോള വെല്ലുവിളികളോട് പ്രതികരിക്കുന്നതും ഗ്ലോബല്‍ സൗത്ത് രാഷ്ട്രങ്ങളുടെ അഭിലാഷങ്ങളെ പിന്തുണയ്ക്കുന്നതും ഭാവിസജ്ജവുമായ ബ്രിക്‌സ് ശാസ്ത്ര സാങ്കേതിക നൂതനാശയ ചട്ടക്കൂട് സൃഷ്ടിക്കാന്‍ ഈ സഹകരണം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ചെന്നൈയില്‍ നടക്കുന്ന ചര്‍ച്ചകള്‍ ബ്രിക്‌സ് പങ്കാളിത്തത്തിന്റെ ആത്മവിശ്വാസം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും കൂടുതല്‍ നൂതനവും പ്രതിരോധശേഷിയാര്‍ന്നതും സുസ്ഥിരവുമായ  ലോകത്തിന് അര്‍ത്ഥപൂര്‍ണമായ സംഭാവന നല്‍കുമെന്നും ഡോ. ജിതേന്ദ്ര സിംഗ് പ്രത്യാശ പ്രകടിപ്പിച്ചു.

***


( റിലീസ് ഐ.ഡി: 2302080) സന്ദര്‍ശക കൗണ്ടര്‍ : 29