രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യന്‍ ടെറിറ്റോറിയല്‍ ആര്‍മി 'ടെറിയര്‍ സൈബര്‍ ക്വസ്റ്റ് 2026' പ്രഖ്യാപിച്ചു

प्रविष्टि तिथि: 21 AUG 2026 11:13AM by PIB Thiruvananthpuram

പ്രതിരോധം, സൈബര്‍ സുരക്ഷ, വിവരസാങ്കേതിക മേഖല എന്നിവയിലെ സമകാലിക വെല്ലുവിളികള്‍ക്ക് നൂതന പരിഹാരങ്ങള്‍ വികസിപ്പിക്കുന്നത് ലക്ഷ്യമിട്ട്, സൈബര്‍പീസുമായി (CyberPeace) സഹകരിച്ച് ടെറിറ്റോറിയല്‍ ആര്‍മി 'ടെറിയര്‍ സൈബര്‍ ക്വസ്റ്റ് 2026' (TCQ 3.0) എന്ന ദേശീയതല ഹാക്കത്തണ്‍ ആരംഭിച്ചു.

മത്സരത്തിന്റെ മൂന്നാം പതിപ്പില്‍ അക്കാദമിക രംഗം, വ്യവസായം, ഗവേഷണ സ്ഥാപനങ്ങള്‍, ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍, സായുധ സേന എന്നിവയില്‍ നിന്നുള്ള സാങ്കേതിക പ്രതിഭകളെ ഒരുമിച്ച് കൊണ്ടുവരാന്‍ ഇന്ത്യന്‍ സൈന്യം ലക്ഷ്യമിടുന്നു. ദേശീയ സുരക്ഷയ്ക്ക് അനുയോജ്യമായ തദ്ദേശീയ പരിഹാരങ്ങളുടെ വികസനം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം നിര്‍മ്മിത ബുദ്ധി (AI), സൈബര്‍ സുരക്ഷ, ഭീഷണി ലഘൂകരണം, ഡിജിറ്റല്‍ അവബോധം എന്നിവയുള്‍പ്പെടെയുള്ള പുതിയ മേഖലകളില്‍ ഈ സംരംഭം ശ്രദ്ധ കേന്ദ്രീകരിക്കും.

മുന്‍ പതിപ്പുകളുടെ തുടര്‍ച്ചയായി, TCQ 3.0 മൂന്ന് മത്സര വിഭാഗങ്ങളിലായി നടപ്പിലാക്കും:
 * ബഗ് ഹണ്ടിംഗ് (Bug Hunting): ഓണ്‍ലൈന്‍ ക്യാപ്ചര്‍-ദി-ഫ്‌ലാഗ് (CTF) യോഗ്യതാ മത്സരത്തോടെ ആരംഭിച്ച് നേരിട്ടുള്ള തത്സമയ ഫിനാലെയില്‍ അവസാനിക്കുന്ന സൈബര്‍ സുരക്ഷാ മത്സരമാണിത്. പ്രത്യേകമായി നിര്‍മ്മിക്കപ്പെട്ട നിര്‍ണായക അടിസ്ഥാന സൗകര്യ അന്തരീക്ഷങ്ങളിലെ സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തി രേഖപ്പെടുത്താന്‍ മത്സരാര്‍ത്ഥികളോട് ഇതില്‍ ആവശ്യപ്പെടും.
 * എഐ കവച് (AI Kavach): ഭീഷണികള്‍ മുന്‍കൂട്ടി തിരിച്ചറിഞ്ഞുള്ള വിവരശേഖരണം, ഓട്ടോമേറ്റഡ് പ്രതിരോധ സംവിധാനങ്ങള്‍, അപാകതകള്‍ കണ്ടെത്തല്‍ എന്നിവയ്ക്കുള്ള പരിഹാരങ്ങള്‍ വികസിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള എഐ, മെഷീന്‍ ലേണിംഗ് അധിഷ്ഠിത മത്സരം .
 * ക്രിയേറ്റേഴ്സ് ചലഞ്ച് (Creators Challenge): ഡീപ്ഫേക്കുകള്‍, ഫിഷിംഗ്, ഓണ്‍ലൈന്‍ തട്ടിപ്പുകള്‍, തെറ്റായ വിവരങ്ങളുടെ പ്രചാരണം തുടങ്ങിയ ഭീഷണികളെക്കുറിച്ച് ഫലപ്രദമായ ബോധവല്‍ക്കരണം നടത്തുന്നതിനായി ഉള്ളടക്ക നിര്‍മാതാക്കള്‍, ആശയവിനിമയ വിദഗ്ദ്ധര്‍, ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ എന്നിവര്‍ക്കായുള്ള ഡിജിറ്റല്‍ മീഡിയ, കഥാഖ്യാന മത്സരം.

 2026 ഓഗസ്റ്റ് 31 വരെ മത്സരത്തിനായി രജിസ്റ്റര്‍ ചെയ്യാം.  ഓണ്‍ലൈന്‍ ഷോര്‍ട്ട്ലിസ്റ്റിംഗ് ഘട്ടം 2026 സെപ്റ്റംബര്‍ 1 മുതല്‍ 10 വരെ നടക്കും, തുടര്‍ന്ന് 2026 ഒക്ടോബര്‍ 6 മുതല്‍ 8 വരെ ന്യൂഡല്‍ഹിയില്‍ ഗ്രാന്റ് ഫിനാലെ നടക്കും. പുരസ്‌കാര സമര്‍പ്പണ ചടങ്ങ് 2026 ഒക്ടോബര്‍ 9-ന് നടക്കും.

***


(रिलीज़ आईडी: 2301923) आगंतुक पटल : 5
इस विज्ञप्ति को इन भाषाओं में पढ़ें: Telugu , English , Urdu , हिन्दी , Marathi , Bengali , Gujarati