ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
azadi ka amrit mahotsav

അളവ് തൂക്ക ഉപകരണങ്ങളുടെ ഗവണ്മെന്റ് അംഗീകൃത ടെസ്റ്റ് സെന്ററുകളാകാൻ (GATCs) യോഗ്യതയുള്ള സ്ഥാപനങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു: അപേക്ഷകൾ 2026 ഓഗസ്റ്റ് 31 വരെ സമർപ്പിക്കാവുന്നതാണ്

प्रविष्टि तिथि: 20 AUG 2026 12:24PM by PIB Thiruvananthpuram

51 GATC-കൾക്ക് ഇതിനോടകം അംഗീകാരം ലഭിച്ചു | പരിശോധനാ പരിധി ഇപ്പോൾ 23 വ്യത്യസ്ത വിഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ചിരിക്കുന്നു

 പരിശോധനാ ശേഷി വർധിക്കുന്നു • ദ്രുതഗതിയിൽ സേവനങ്ങൾ ലഭിക്കുന്നു • ഉപഭോക്തൃ സംരക്ഷണം മെച്ചപ്പെടുന്നു

വ്യവസായ സ്ഥാപനങ്ങൾ, ലബോറട്ടറികൾ, എഞ്ചിനീയറിംഗ് കോളേജുകൾ, പോളിടെക്നിക്കുകൾ, ഐടിഐകൾ, ടെസ്റ്റിംഗ് സെന്ററുകൾ തുടങ്ങി യോഗ്യതയുള്ള സ്ഥാപനങ്ങൾക്ക് ഗവണ്മെന്റ് അംഗീകൃത ടെസ്റ്റ് സെന്ററുകളായി (GATC-കൾ) പ്രവർത്തിക്കുന്നതിനുള്ള ഔദ്യോഗിക അംഗീകാരത്തിനായി ഓൺലൈനായി അപേക്ഷിക്കാവുന്നതാണെന്ന് ഉപഭോക്തൃ കാര്യ വകുപ്പ് അറിയിച്ചു. ലീഗൽ മെട്രോളജി (ഗവണ്മെന്റ് അംഗീകൃത ടെസ്റ്റ് സെന്റർ) നിയമങ്ങൾ 2013 പ്രകാരമുള്ള    മാനദണ്ഡങ്ങൾക്കനുസൃതമായി അളവ് തൂക്ക് ഉപകരണങ്ങൾ പരിശോധിക്കാൻ ഈ കേന്ദ്രങ്ങൾക്ക് അധികാരമുണ്ടായിരിക്കും.  
 
യോഗ്യതയുള്ള സ്ഥാപനങ്ങൾക്ക് വകുപ്പിന്റെ ഓൺലൈൻ പോർട്ടലായ emaap.gov.in/gatc മുഖേന ഗവണ്മെന്റ് അംഗീകൃത ടെസ്റ്റ് സെന്ററുകൾ (GATC) ആകുന്നതിന് അപേക്ഷിക്കാവുന്നതാണ്. 2026 ഓഗസ്റ്റ് 31-ന് വൈകുന്നേരം 5:00 മണിക്കകം അപേക്ഷ സമർപ്പിക്കണം. അപേക്ഷ സമർപ്പണം, ആവശ്യമായ ഫീസ്, അപേക്ഷയുടെ തൽസ്ഥിതി, വകുപ്പിൽ നിന്ന് ആശയവിനിമയം എന്നിവയുൾപ്പെടെ മുഴുവൻ അപേക്ഷാ പ്രക്രിയയും ഓൺലൈൻ വഴിയായിരിക്കും. ഈ ഡിജിറ്റൽ സംവിധാനം മുഴുവൻ പ്രക്രിയയെയും  സുഗമവും സുതാര്യവും വേഗതയേറിയതും ബിസിനസുകൾക്കും സ്ഥാപനങ്ങൾക്കും സൗകര്യപ്രദവുമാക്കിത്തീർക്കും.
 
GATC സംവിധാനം, അത് ഉൾക്കൊള്ളുന്ന മേഖലകൾ, ഈ കേന്ദ്രങ്ങൾ വികസിപ്പിക്കുന്നത് മൂലം സാധാരണക്കാർക്കും ബിസിനസുകൾക്കും ലഭിക്കുന്ന സേവനങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ വകുപ്പ് ഇതിനോടകം വിശദീകരിച്ചിട്ടുണ്ട്.

വിശാലമായ പങ്കാളിത്തത്തിലൂടെ പരിശോധനാ ശേഷിയുടെ വിപുലീകരണം  

യോഗ്യതയുള്ള സ്വകാര്യ സ്ഥാപനങ്ങളെ ഈ പ്രവർത്തനത്തിൽ പങ്കാളികളാകാൻ അനുവദിക്കുന്നതിലൂടെ, ബിസിനസ്സുകളിലും വ്യാപാരത്തിലും ഉപയോഗിക്കുന്ന അളവ് തൂക്ക ഉപകരണങ്ങൾ ഔദ്യോഗികമായി പരിശോധിക്കാനും പുനഃപരിശോധിക്കാനും കഴിയുന്ന സ്ഥാപനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുക എന്നതാണ് GATC സംരംഭത്തിന്റെ ലക്ഷ്യം.  

നിലവിൽ, 51 GATC-കളെ വകുപ്പ് ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ട്. ബിസിനസ് സ്ഥാപനങ്ങൾക്ക്  അവ സ്ഥിതി ചെയ്യുന്ന പ്രദേശത്തിന് സമീപം പരിശോധനാ സേവനങ്ങൾ ലഭ്യമാക്കാൻ കഴിയുന്ന തരത്തിൽ വകുപ്പ് GATC-കളുടെ എണ്ണം വർദ്ധിപ്പിക്കുന്നു, ഇത് സമയം ലാഭിക്കുകയും നിയമപരമായ ആവശ്യകതകൾ വേഗത്തിൽ പൂർത്തിയാക്കാൻ സഹായിക്കുകയും ചെയ്യും.

കൂടുതൽ അംഗീകൃത കേന്ദ്രങ്ങൾ മുഖേന പരിശോധനാ സേവനങ്ങൾ നൽകുന്നതിലൂടെ സംസ്ഥാന ലീഗൽ മെട്രോളജി വകുപ്പിന്റെ പ്രവർത്തനത്തെ ഈ സംരംഭം പിന്തുണയ്ക്കും. വിപണി നിരീക്ഷണം നിയമനിർവ്വഹണം, ഉപഭോക്തൃ പരാതി പരിഹാരം എന്നിവയിൽ ലീഗൽ മെട്രോളജി ഓഫീസർമാർക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും.

ഇപ്പോൾ ഉൾപ്പെടുത്തിയിരിക്കുന്ന 23 വിഭാഗങ്ങളിലുള്ള അളവ് തൂക്ക പട്ടിക

GATC നിയമങ്ങളിലെ സമീപകാല ഭേദഗതികളെത്തുടർന്ന് ആരോഗ്യ സംരക്ഷണം, ഊർജ്ജം, ഗതാഗതം, ചില്ലറ വിൽപ്പന, നിർമ്മാണം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ പ്രധാന മേഖലകളെ ഉൾക്കൊള്ളുന്ന 23 വിഭാഗത്തിലുള്ള അളവ് തൂക്കങ്ങളുടെ പരിശോധനയും പുനഃപരിശോധനയും നടത്താൻ അംഗീകൃത GATC-കൾക്ക് കഴിയും. അതിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:

(i) വാട്ടർ മീറ്ററുകൾ

(ii) സ്ഫിഗ്മോമാനോമീറ്ററുകൾ

(iii) ക്ലിനിക്കൽ തെർമോമീറ്ററുകൾ

(iv) ഓട്ടോമാറ്റിക് റെയിൽ വെയ്ബ്രിഡ്ജുകൾ

(v) ടേപ്പ് അളവുകൾ

(vi) ഓട്ടോമാറ്റിക് അല്ലാത്തതും,  ഇടത്തരം കൃത്യതയോടെ 150 കിലോഗ്രാം വരെ ഭാരമുള്ള വസ്തുക്കൾ തൂക്കാൻ കഴിയുന്നതുമായ ആക്ക്യൂറസി ക്ലാസ് III യിൽ ഉൾപ്പെട്ട അളവ് തൂക്ക ഉപകരണങ്ങൾ.

(vii) ഓട്ടോമാറ്റിക് അല്ലാത്തതും,  ഇടത്തരം കൃത്യതയോടെ വസ്തുക്കൾ തൂക്കാൻ കഴിയുന്നതുമായ ആക്ക്യൂറസി ക്ലാസ് III യിൽ ഉൾപ്പെട്ട അളവ് തൂക്ക ഉപകരണങ്ങൾ.

(viii) ലോഡ് സെല്ലുകൾ

(ix) ബീം സ്കെയിലുകൾ

(x) കൗണ്ടർ മെഷീനുകൾ

(xi) ഭാരം തൂക്കുന്ന  എല്ലാ തരത്തിലുമുള്ള ഉപകരണങ്ങൾ

(xii) ഗ്യാസ് മീറ്ററുകൾ

(xiii) എനർജി മീറ്ററുകൾ

(xiv) മോയിസ്ചർ മീറ്ററുകൾ

(xv) വാഹന വേഗത അളക്കുന്ന മീറ്ററുകൾ

(xvi) ബ്രീത്ത് അനലൈസറുകൾ

(xvii) മൾട്ടി-ഡൈമൻഷണൽ അളവ് തൂക്ക ഉപകരണങ്ങൾ

(xviii) ഫ്ലോ മീറ്ററുകൾ

(xix) പെട്രോൾ, ഡീസൽ ഡിസ്പെൻസറുകൾ

(xx) സിഎൻജി ഡിസ്പെൻസറുകൾ

(xxi) എൽപിജി ഡിസ്പെൻസറുകൾ

(xxii) എൽഎൻജി ഡിസ്പെൻസറുകൾ

(xxii) ഹൈഡ്രജൻ ഡിസ്പെൻസറുകൾ.

GATC ചട്ടക്കൂടിൽ ഇപ്പോൾ പെട്രോൾ, ഡീസൽ, CNG, LPG, LNG, ഹൈഡ്രജൻ ഡിസ്പെൻസറുകൾ എന്നിവ ഉൾപ്പെടുന്നു, ഇത് ഇന്ധന വിതരണ സംവിധാനങ്ങളുടെ പരിശോധന മെച്ചപ്പെടുത്തുകയും ഇന്ധന ഇടപാടുകളിൽ കൃത്യമായ അളവും സുതാര്യതയും ഉറപ്പാക്കുകയും ചെയ്യും.

വ്യവസായങ്ങൾക്ക് സുഗമമായ മാർഗം

നിർമ്മാതാക്കൾ, വ്യാപാരികൾ, ബിസിനസുകൾ എന്നിവർക്ക് പരിമിതമായ ഗവണ്മെന്റ് സൗകര്യങ്ങളെ ആശ്രയിക്കുന്നതിനുപകരം, കൂടുതൽ വിപുലമായ അംഗീകൃത കേന്ദ്രങ്ങളിലൂടെ അളവ് തൂക്ക,  ഉപകരണങ്ങൾ പരിശോധിച്ചുറപ്പിക്കാൻ GATC-കളുടെ വിപുലീകരണം വഴിയൊരുക്കുന്നു.

അപേക്ഷകർക്ക് ഗവണ്മെന്റ് ഓഫീസുകൾ ആവർത്തിച്ച് സന്ദർശിക്കാതെ ഓൺലൈനായി അപേക്ഷിക്കാനും, ഡിജിറ്റൽ പണമിടപാടുകൾ നടത്താനും,  തൽസ്ഥിതി പരിശോധിക്കാനും സൗകര്യമൊരുക്കുന്നതിലൂടെ ഡിജിറ്റൽ പ്രക്രിയ കൂടുതൽ ലളിതമാകുന്നു.

യോഗ്യതയുള്ള സ്ഥാപനങ്ങൾക്ക് ദേശീയ മാനദണ്ഡങ്ങൾ പാലിക്കുന്ന ശരിയായ പരിശോധന, കാലിബ്രേഷൻ ഉപകരണങ്ങൾ, യോഗ്യരായ സാങ്കേതിക ജീവനക്കാർ, GATC നിയമങ്ങൾ പ്രകാരം നിഷ്‌കർഷിച്ചിട്ടുള്ള ആവശ്യമായ സൗകര്യങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉണ്ടായിരിക്കണം.

 


ശക്തമായ ലീഗൽ മെട്രോളജി സേവനങ്ങൾക്കായുള്ള വിപുലമായ പങ്കാളിത്തം

ലീഗൽ മെട്രോളജിയിലെ പങ്കാളിത്ത സമീപനത്തെയാണ് GATC ചട്ടക്കൂട് പ്രതിനിധീകരിക്കുന്നത്. സാങ്കേതികമായി പ്രാപ്തിയുള്ള ലബോറട്ടറികൾ, വ്യവസായങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പരിശോധനാ കേന്ദ്രങ്ങൾ എന്നിവയെ അളവ് തൂക്ക ഉപകരണങ്ങൾക്കുള്ള പരിശോധനാ സേവനങ്ങൾ നൽകാൻ അനുവദിക്കുന്നു. ലീഗൽ മെട്രോളജി സംവിധാനത്തിന് കീഴിലെ നിയമങ്ങളും മാനദണ്ഡങ്ങളും ഗവണ്മെന്റ് മേൽനോട്ടവും പ്രവർത്തനങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനൊപ്പം വിശ്വസനീയമായ പരിശോധനാ സേവനങ്ങൾ വ്യാപകമായി ലഭ്യമാക്കാൻ ഇത് സഹായിക്കുന്നു.

ഈ സമീപനം വിശാലവും പ്രവേശനക്ഷമവുമായ ഒരു പരിശോധനാ സംവിധാനം സൃഷ്ടിക്കും, അതിവേഗം സേവനങ്ങൾ ലഭിക്കാൻ ബിസിനസുകളെ സഹായിക്കുകയും ഉപഭോക്താക്കൾക്ക് കൃത്യവും വിശ്വസനീയവുമായ അളവിൽ ഉത്പന്നങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും.

ചടുലമായ നിയമപാലനം, വിശ്വസനീയമായ അളവ് തൂക്കം, ഉപഭോക്തൃ സംരക്ഷണം

നീതിയുക്തമായ ബിസിനസ്സ് ഇടപാടുകൾ ഉറപ്പാക്കുന്നതിനും ഉപഭോക്തൃ വിശ്വാസം സംരക്ഷിക്കുന്നതിനും കൃത്യതയാർന്ന അളവ് തൂക്ക ഉപകരണങ്ങൾ പ്രധാനമാണ്. GATC-കളുടെ വിപുലമായ ശൃംഖല ഈ ഉപകരണങ്ങളുടെ പരിശോധനയും പുനഃപരിശോധനയും സമയബന്ധിതമാക്കാൻ സഹായിക്കും. സാധനങ്ങൾ വാങ്ങുമ്പോഴും വിൽക്കുമ്പോഴും ഉപയോഗിക്കുന്ന അളവുകൾ കൃത്യവും വിശ്വസനീയവുമാണെന്ന് ഉറപ്പാക്കുന്നതിനൊപ്പം ഗവണ്മെന്റ് നിയമങ്ങൾ പാലിക്കാൻ ബിസിനസുകളെ ഇത് പ്രേരിപ്പിക്കും.
 
അതിനാൽ, ബിസിനസ്സ് സുഗമാക്കുന്നതിനും ഉപഭോക്തൃ സംരക്ഷണത്തിനും മദ്ധ്യേ സന്തുലിതാവസ്ഥ കൈവരിക്കാനും, ദൈനംദിന ഇടപാടുകളിൽ ഉപയോഗിക്കുന്ന അളവുകളിൽ വിശ്വാസം ശക്തിപ്പെടുത്തുന്നതിനൊപ്പം സത്യസന്ധമായ ബിസിനസുകൾക്ക് നിയമപാലനം സുഗമമാക്കാനും ഈ പരിഷ്കരണം ലക്ഷ്യമിടുന്നു.

ഡിജിറ്റൽ ഭരണനിർവ്വഹണം, ആത്മനിർഭർ ഭാരത്, ഗുണനിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ ശാക്തീകരണം എന്നിവ സംബന്ധിച്ച ഇന്ത്യയുടെ വിശാലമായ ഉദ്യമങ്ങൾക്ക് അനുപൂരകമാണ് വകുപ്പിന്റെ GATC പരിഷ്കാരങ്ങൾ. അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട അളവ് തൂക്ക രീതികളാണ് പിന്തുടരുന്നത്.
 


 2026 ഓഗസ്റ്റ് 31 വരെ അപേക്ഷകൾ സ്വീകരിക്കും

ഗവണ്മെന്റ് അംഗീകൃത പരിശോധനാ കേന്ദ്രങ്ങളാകാൻ താത്പര്യവും യോഗ്യതയുമുള്ള സ്ഥാപനങ്ങൾക്ക് emaap.gov.in/gatc മുഖേന ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം.

അപേക്ഷാ കാലയളവ്: 2026 ഓഗസ്റ്റ് 17 മുതൽ 2026 ഓഗസ്റ്റ് 31 വരെ

അവസാന തീയതി/സമയം: 2026 ഓഗസ്റ്റ് 31, വൈകുന്നേരം 5:00 വരെ

വിശദമായ യോഗ്യതാ വ്യവസ്ഥകൾ, നിർദ്ദിഷ്ട ആവശ്യകതകൾ, അപേക്ഷാ പ്രക്രിയ എന്നിവ പോർട്ടലിൽ ലഭ്യമാണ്. സമയപരിധിക്ക് മുമ്പ് അപേക്ഷാ പ്രക്രിയ പൂർത്തിയാക്കാൻ യോഗ്യതയുള്ള സ്ഥാപനങ്ങളെ ക്ഷണിക്കുന്നു. 51 GATC-കൾ ഇതിനോടകം അംഗീകരിക്കപ്പെടുകയും 23 വിഭാഗങ്ങളിലേക്ക് പരിശോധന വിപുലീകരിക്കുകയും ചെയ്തതോടെ, ബിസിനസുകൾക്ക് ഈ സേവനങ്ങൾ എളുപ്പത്തിലും വേഗത്തിലും ലഭിക്കുന്നതിനും, നിയന്ത്രണങ്ങൾ വേഗത്തിൽ പാലിക്കുന്നതിനും,  വാണിജ്യ അളവുകളുടെ കൃത്യതയിൽ ഉപഭോക്താക്കൾക്ക് വിശ്വാസം ഉറപ്പാക്കുന്നതിനുമായി ഇന്ത്യയുടെ അളവ് തൂക്ക പരിശോധനാ ശൃംഖല കൂടുതൽ വിശാലമാക്കാൻ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. 

***

 


(रिलीज़ आईडी: 2301780) आगंतुक पटल : 3
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Manipuri , Bengali , Punjabi , Gujarati , Tamil , Telugu , Kannada