പ്രധാനമന്ത്രിയുടെ ഓഫീസ്
വികസിത ഭാരതത്തിലേക്കുള്ള ഇന്ത്യയുടെ അടുത്ത കുതിപ്പിനായി 80-ാം സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ആഹ്വാനം
प्रविष्टि तिथि:
15 AUG 2026 12:51PM by PIB Thiruvananthpuram
2047-ഓടെ വികസിത ഭാരതം കൈവരിക്കാനുള്ള ഇന്ത്യയുടെ പ്രയാണം ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, 80-ാം സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ചെങ്കോട്ടയുടെ കൊത്തളങ്ങളിൽ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിരവധി ആഹ്വാനങ്ങൾ നൽകി. രാജ്യത്തിന്റെ തൊഴിൽ സംസ്കാരത്തിലും ചിന്താഗതിയിലും ലക്ഷ്യങ്ങളുടെ വ്യാപ്തിയിലും മാറ്റം വരുത്താൻ ആഹ്വാനം ചെയ്ത പ്രധാനമന്ത്രി, പൗരന്മാർ, ഗവണ്മെന്റുകൾ, വ്യവസായ മേഖല, കർഷകർ, യുവാക്കൾ, സമൂഹത്തിലെ മറ്റ് വിഭാഗങ്ങൾ എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിന്റെ ആവശ്യകത അടിവരയിട്ടുപറഞ്ഞു.
പ്രധാനമന്ത്രിയുടെ അഭിസംബോധനയിലെ പ്രധാന വിവരങ്ങളിൽ ഇവ ഉൾപ്പെടുന്നു:
1. അടുത്ത ഘട്ട പരിഷ്കാരങ്ങൾ: ഇന്ത്യയെ സംബന്ധിച്ചിടത്തോളം പരിഷ്കാരങ്ങൾ ഒരു കടമയോ വെറുമൊരു വാക്കോ അല്ല, മറിച്ച് അതൊരു ഉറച്ച ബോധ്യത്തിന്റെ കാര്യമാണെന്ന് പ്രസ്താവിച്ചുകൊണ്ട് പ്രധാനമന്ത്രി പരിഷ്കാരങ്ങളുടെ വേഗത കൂട്ടാൻ ആഹ്വാനം ചെയ്തു. ഗവണ്മെന്റും സമൂഹവും വ്യവസായ മേഖലയും നിർമ്മാതാക്കളും കർഷകരും പരമ്പരാഗത സംവിധാനങ്ങളും ചിന്തകളും ലക്ഷ്യങ്ങളും പരിഷ്കരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2047-ന്റെ അഭിലാഷങ്ങൾക്ക് അനുസൃതമായി സംവിധാനങ്ങളും നയങ്ങളും നിയമങ്ങളും രൂപപ്പെടുത്തിക്കൊണ്ട്, കേന്ദ്രവും സംസ്ഥാനങ്ങളും വ്യവസായ മേഖലയും ഒന്നിച്ച് മുന്നേറാനും പരിഷ്കാരങ്ങൾ തുടർച്ചയായി മുന്നോട്ട് കൊണ്ടുപോകാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
2. വികസിത ഭാരതത്തിനായുള്ള 'സപ്ത ധാര': വരുന്ന അഞ്ച്-ഏഴ് വർഷത്തിനുള്ളിൽ ഇന്ത്യയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്നതിനും രാജ്യത്തിന് പുതിയ വേഗത നൽകുന്നതിനുമായി ഏഴ് ശക്തിസ്രോതസ്സുകളായ "സപ്ത ധാര"യ്ക്കായി പ്രധാനമന്ത്രി ചെങ്കോട്ടയിൽ നിന്ന് ആഹ്വാനം ചെയ്തു. ആ ഏഴ് ധാരകൾ ഇവയാണ്:
ഉൽപ്പാദന ശേഷി: ഉൽപ്പന്നങ്ങളുടെ ഘടകങ്ങളും രൂപകൽപ്പനയും മുതൽ ഉൽപ്പന്നങ്ങളുടെ സമ്പൂർണ്ണ നിർമ്മാണം വരെ വികസിപ്പിച്ചെടുത്ത്, ആഗോള വിതരണ ശൃംഖലയുടെ ഒരു വിശ്വസനീയ കേന്ദ്രമായി ഇന്ത്യ മാറണം. ഉൽപ്പാദനച്ചെലവ്, ഗുണമേന്മ, ഉൽപ്പാദനത്തിന്റെ വ്യാപ്തി, മത്സരക്ഷമതയുള്ള ഫാക്ടറികൾ, ഉപഭോക്തൃ-സൗഹൃദ ഉൽപ്പന്നങ്ങൾ, ആകർഷകമായ പാക്കേജിംഗ്, പിഴവുകളില്ലാത്ത കൃത്യതയാർന്ന നിർമ്മാണം എന്നിവയ്ക്ക് പ്രധാനമന്ത്രി ഊന്നൽ നൽകി. ഗുണനിലവാരത്തിൽ വിട്ടുവീഴ്ച പാടില്ലെന്ന് ആഹ്വാനം ചെയ്ത അദ്ദേഹം, "ഗുണമേന്മ, ഗുണമേന്മ, ഗുണമേന്മ" എന്നതായിരിക്കണം ഇന്ത്യൻ ഉൽപ്പാദനത്തിന്റെ മന്ത്രമെന്നും പറഞ്ഞു.
കൃഷിയും ഭക്ഷ്യോൽപ്പാദനവും: കർഷകരിൽ നിന്ന് കയറ്റുമതി വിപണിയിലേക്ക് നീങ്ങാനും ഇന്ത്യയുടെ പരമ്പരാഗത ഭക്ഷണങ്ങൾ, ചെറുധാന്യങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, പഴങ്ങൾ, പൂക്കൾ എന്നിവയെ ആഗോള ബ്രാൻഡുകളാക്കി മാറ്റാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. രാസവളരഹിത കൃഷിരീതികൾക്കും ആഗോള മാനദണ്ഡങ്ങൾക്ക് അനുസൃതമായ കാർഷിക ഉൽപ്പന്നങ്ങൾക്കും അദ്ദേഹം ഊന്നൽ നൽകി.
സാങ്കേതികവിദ്യയും നവീനാശയവും: എഐ, ക്വാണ്ടം, ബഹിരാകാശം, റോബോട്ടിക്സ്, ഡാറ്റാ സെന്ററുകൾ തുടങ്ങി വളർന്നുവരുന്ന മേഖലകളെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി, ഇന്ത്യ ലോകത്തിന് മുന്നിൽ ഒരു വിപണി മാത്രമായി അവശേഷിക്കാതെ ഒരു നവീനാശയ കേന്ദ്രമായി മാറണമെന്ന് പറഞ്ഞു. ഇന്ത്യൻ നിർമിത 6ജി രാജ്യത്തിന്റെ എല്ലാ കോണുകളിലും എത്തിക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഗതി ശക്തി: അതിവേഗ റെയിൽവേകൾ, ആധുനിക ഹൈവേകൾ, ഉൾനാടൻ ജലപാതകൾ, വിമാനത്താവളങ്ങൾ, ബഹുതല ലോജിസ്റ്റിക്സ് എന്നിവയിലൂടെ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് സുഗമവും വേഗതയേറിയതുമായ കണക്റ്റിവിറ്റിയ്ക്ക് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. തുറമുഖങ്ങൾ വെറും ചരക്കുകൾ കയറ്റാനും ഇറക്കാനുമുള്ള ഇടങ്ങൾ എന്നതിൽ ഉപരിയായി തുറമുഖാധിഷ്ഠിത വികസനത്തിന്റെ ചാലകശക്തികളായി മാറണമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിരോധ ശക്തി: പ്രതിരോധ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കണമെന്ന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി, അടുത്ത തലമുറ പ്രതിരോധ സാങ്കേതികവിദ്യകൾ വികസിപ്പിച്ചുകൊണ്ട് ഇന്ത്യ ഒരു ആഗോള വിതരണരാജ്യമായി മാറണമെന്ന് പറഞ്ഞു. ഡ്രോണുകളും ഡ്രോൺ വിരുദ്ധ സംവിധാനങ്ങളും വികസിപ്പിക്കുന്നതിനും ഹൈപ്പർസോണിക് പ്രതിരോധ സാങ്കേതികവിദ്യകളിൽ നേതൃത്വം ഏറ്റെടുക്കുന്നതിനും അദ്ദേഹം പ്രത്യേകം ആഹ്വാനം ചെയ്തു. ഇന്ത്യൻ യുവാക്കളുടെ കഴിവ് ഇന്ത്യയ്ക്കും ലോകത്തിനും വേണ്ടി പ്രയോജനപ്പെടുത്താൻ കഴിയുന്ന ഒരു മേഖലയായി സൈബർ സുരക്ഷയെയും അദ്ദേഹം എടുത്തുപറഞ്ഞു.
ഹരിത സമ്പദ്‌വ്യവസ്ഥയും സമുദ്ര സമ്പദ്‌വ്യവസ്ഥയും: ഹരിത ഹൈഡ്രജൻ, പുനരുപയോഗ ഊർജ്ജം, ഊർജ്ജ സംഭരണം, ഹരിത മൊബിലിറ്റി, ഹരിത ഉൽപ്പാദനം എന്നിവയിൽ ആഗോളതലത്തിൽ വളർച്ച കൈവരിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. മത്സ്യബന്ധനം, തീരദേശ ടൂറിസം, സമുദ്ര സാങ്കേതികവിദ്യ, സമുദ്ര സമ്പദ്‌വ്യവസ്ഥയുടെ മറ്റ് മേഖലകൾ എന്നിവയിൽ ഇന്ത്യയുടെ തീരദേശം വാഗ്ദാനം ചെയ്യുന്ന അവസരങ്ങളെയും അദ്ദേഹം എടുത്തുപറഞ്ഞു.
ഇന്ത്യയുടെ സാംസ്കാരിക സ്വാധീനം: യോഗ, ആയുർവേദം, സമഗ്ര ആരോഗ്യ പരിപാലനം, ഹീൽ ഇൻ ഇന്ത്യ എന്നിവയിലുള്ള ഇന്ത്യയുടെ കരുത്ത് ലോകമെമ്പാടും എത്തിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. കരകൗശല വസ്തുക്കൾ, സംസ്കാരം, സിനിമകൾ, VFX, ആനിമേഷൻ, ഗെയിമിംഗ്, ഡിജിറ്റൽ കണ്ടന്റ് എന്നിവയിൽ ഇന്ത്യയ്ക്ക് ആഗോളതലത്തിൽ കരുത്ത് തെളിയിക്കാൻ കഴിയുന്ന മേഖലകളായി അദ്ദേഹം ചൂണ്ടിക്കാണിച്ചു. വിദേശ വിനോദസഞ്ചാരികളെയും ആഗോള കായിക മാമാങ്കങ്ങളെയും സംഗീത കച്ചേരികളെയും ഇന്ത്യയിലേക്ക് ആകർഷിക്കുന്നതിനായി കൂടുതൽ ശ്രമങ്ങൾ നടത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
3. ഇന്ത്യയുടെ ലക്ഷ്യങ്ങൾ വിപുലീകരിക്കുക: കൂടുതൽ വലുതായി ചിന്തിക്കാൻ രാജ്യത്തോട് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി, വരുന്ന ദശകത്തിൽ ഫോർച്യൂൺ 500 കമ്പനികളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്ന് 50 കമ്പനികൾ എന്തുകൊണ്ട് ഉണ്ടായിക്കൂടായെന്ന് ചോദിച്ചു. ഒരു ഇന്ത്യൻ ബാങ്ക് ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് ബാങ്കുകളിൽ ഒന്നാകണമെന്നും ഒന്നോ രണ്ടോ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ ലോകത്തിലെ ഏറ്റവും വലിയ അഞ്ച് ഫാർമ കമ്പനികളുടെ പട്ടികയിൽ ഇടം നേടണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ നിയമ സ്ഥാപനങ്ങൾ, റേറ്റിംഗ് ഏജൻസികൾ, കൺസൾട്ടിംഗ് സ്ഥാപനങ്ങൾ, അക്കൗണ്ടിംഗ് സ്ഥാപനങ്ങൾ എന്നിവ ലോകത്തിലെ പ്രമുഖ സ്ഥാപനങ്ങളായി ഉയർന്നുവരണമെന്നും ഇന്ത്യൻ സാങ്കേതിക കമ്പനികൾ ആഗോളതലത്തിൽ മുൻനിരയിലെത്തണമെന്നും ഇന്ത്യൻ ബ്രാൻഡുകൾ ലോകത്തെ ആകർഷിക്കുന്ന, രാജ്യത്തിന്റെ അടയാളങ്ങളായി മാറണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
4. ഇന്ത്യൻ ഗുണനിലവാരം ഒരു ആഗോള അടയാളമാക്കുക: ആഗോള വിപണികളിൽ വിശ്വസ്തതയും ഗുണനിലവാരവും ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ അടയാളമാക്കാൻ നിർമ്മാതാക്കളോടും സംരംഭകരോടും MSME മേഖലയോടും പ്രധാനമന്ത്രി ശക്തമായി അഭ്യർത്ഥിച്ചു. ഉൽപ്പാദനച്ചെലവ്, ഗുണമേന്മ, ഉൽപ്പാദനത്തിന്റെ വ്യാപ്തി എന്നിവയിൽ ഇന്ത്യ ആഗോള മാനദണ്ഡങ്ങൾ പാലിക്കണമെന്നും ലോക വിപണികളിൽ വിജയകരമായി മത്സരിക്കാൻ കഴിയുന്ന ഉൽപ്പന്നങ്ങൾ നൽകണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വ്യാപാര കരാറുകൾ സൃഷ്ടിക്കുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്താനും ഗുണനിലവാരത്തിലും മത്സരശേഷിയിലുമുള്ള ആഗോള മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഇന്ത്യൻ ഉൽപ്പന്നങ്ങൾ ലോക വിപണികളിലേക്ക് എത്തിക്കാനും അദ്ദേഹം MSME-കളോട് അഭ്യർത്ഥിച്ചു.
5. തൊഴിൽ സംസ്കാരം മാറ്റുകയും ഇന്ത്യയുടെ ലക്ഷ്യങ്ങളുടെ വലിപ്പത്തിനൊത്ത് ഉയരുകയും ചെയ്യുക: ഈ നൂറ്റാണ്ടിലെ അടുത്ത പാദം ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണെന്നും രാജ്യത്തിന് അതിന്റെ വേഗത നിർത്താനോ മന്ദഗതിയിലാകാനോ കഴിയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ തൊഴിൽ സംസ്കാരത്തിലും ചിന്താഗതിയിലും പ്രവർത്തന വേഗതയിലും മാറ്റം വരുത്താൻ അദ്ദേഹം ആഹ്വാനം ചെയ്തു. കൂടാതെ കഴിഞ്ഞ അഞ്ച്-ഏഴ് പതിറ്റാണ്ടുകളിൽ കൈവരിക്കാനാകാത്ത കാര്യങ്ങൾ വരുന്ന അഞ്ച്-ഏഴ് വർഷത്തിനുള്ളിൽ കൈവരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
6. ലഹരിമുക്ത ഭാരതം - ഓരോ കുടുംബവും പങ്കാളികളാകണം: ലഹരി ഉപയോഗം ഇന്ത്യയിലെ യുവാക്കൾ നേരിടുന്ന വലിയൊരു വെല്ലുവിളിയാണെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, ലഹരിമുക്ത ഇന്ത്യ എന്നത് ഒരു കൂട്ടായ ഉത്തരവാദിത്തമായി മാറണമെന്ന് പറഞ്ഞു. മൈ ഭാരത് (MY Bharat) വോളന്റിയർമാർ, സന്നദ്ധ സംഘടനകൾ, സാമൂഹിക-സാംസ്കാരിക സംഘടനകൾ, ആത്മീയ നേതാക്കൾ എന്നിവർ പങ്കാളികളാകുന്ന 100 ആഴ്ചത്തെ ലഹരിമുക്ത ഭാരതം പ്രചാരണത്തെക്കുറിച്ച് പരാമർശിച്ച അദ്ദേഹം, ഈ പ്രചാരണത്തിന്റെ ഭാഗമാകാനും ലഹരിമുക്ത ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് സംഭാവന നൽകാനും ഓരോ കുടുംബത്തോടും ആഹ്വാനം ചെയ്തു.
7. വനിതാ സംവരണം നടപ്പിലാക്കൽ: വനിതാ സംവരണം നടപ്പിലാക്കുന്നതിനായി എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നിക്കണമെന്ന് പ്രധാനമന്ത്രി നേരിട്ട് അഭ്യർത്ഥിച്ചു. നാരീശക്തി വന്ദൻ അധിനിയം പരാമർശിച്ചുകൊണ്ട്, ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം പ്രാതിനിധ്യം ലഭിക്കുന്നുണ്ടെന്നും ഇന്ത്യയുടെ നയരൂപീകരണത്തിൽ പങ്കാളികളാകാൻ അവർക്ക് സാധിക്കുന്നുണ്ടെന്നും എത്രയും വേഗം ഉറപ്പാക്കാൻ അദ്ദേഹം രാഷ്ട്രീയ പാർട്ടികളോട് ആവശ്യപ്പെട്ടു.
8. സെൻസസ് പങ്കാളിത്തത്തിന് നേതൃത്വം നൽകാൻ യുവാക്കൾ: നയങ്ങൾക്കും പദ്ധതികൾക്കും രാജ്യത്തിന്റെ ഭാവി ആസൂത്രണത്തിനും കൃത്യമായ വിവരങ്ങൾ അത്യന്താപേക്ഷിതമാണെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, നിലവിൽ നടക്കുന്ന സെൻസസിൽ തങ്ങളുടെ കുടുംബങ്ങൾ കൃത്യമായി പങ്കാളികളാകുന്നുവെന്ന് ഉറപ്പാക്കാൻ മുൻകൈയെടുക്കാൻ ചെറുപ്പക്കാരോട് ആഹ്വാനം ചെയ്തു. കുടുംബത്തോടൊപ്പം ഇരിക്കാനും ഫോം മനസ്സിലാക്കാനും രേഖപ്പെടുത്തുന്ന വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്താനും സെൻസസ് പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകാനും അദ്ദേഹം യുവാക്കളോട് അഭ്യർത്ഥിച്ചു.
9. സ്വത്വത്തിനു മീതെ രാഷ്ട്രം; കർത്തവ്യമാണ് നമ്മുടെ വ്യക്തിത്വം: 'പഞ്ച് പ്രാൺ' (അഞ്ച് പ്രതിജ്ഞകൾ) ഓർമ്മിപ്പിച്ചുകൊണ്ട്, അടിമത്ത മനോഭാവം തുടച്ചുനീക്കുന്നത് തുടരാൻ പ്രധാനമന്ത്രി പൗരന്മാരോട് ആഹ്വാനം ചെയ്തു. കൂടാതെ, വ്യക്തിതാല്പര്യങ്ങളേക്കാൾ ഉപരിയായിരിക്കണം രാജ്യതാല്പര്യമെന്നും കർത്തവ്യബോധം നമ്മുടെ വ്യക്തിത്വമായി മാറണമെന്നുമുള്ള നിശ്ചയദാർഢ്യം അദ്ദേഹം ആവർത്തിച്ചു.
10. സ്വപ്നങ്ങളെ ലക്ഷ്യങ്ങളായും ലക്ഷ്യങ്ങളെ വിജയങ്ങളായും മാറ്റുക: വികസിത ഭാരതത്തിനായി കൂട്ടായ ദേശീയ പ്രയത്നത്തിന് ആഹ്വാനം ചെയ്തുകൊണ്ട് പ്രസംഗം ഉപസംഹരിച്ച പ്രധാനമന്ത്രി, സമയവും അവസരവും ലക്ഷ്യബോധവും ഇന്ത്യയുടേതാണെന്ന് പറഞ്ഞു. സ്വപ്നങ്ങളെ ലക്ഷ്യങ്ങളായും ലക്ഷ്യങ്ങളെ കരുത്തായും കരുത്തിനെ വിജയമായും മാറ്റാനും ഓരോ ചുവടും വികസനത്തിലേക്കുള്ള ചുവടാക്കി മാറ്റാനും ഒന്നിച്ചു മുന്നേറി, കൂട്ടായി ഒരു വികസിത ഭാരതം കെട്ടിപ്പടുക്കാനും അദ്ദേഹം പൗരന്മാരോട് ആഹ്വാനം ചെയ്തു.
***
SK
(रिलीज़ आईडी: 2300348)
आगंतुक पटल : 9
इस विज्ञप्ति को इन भाषाओं में पढ़ें:
Telugu
,
Kannada
,
Bengali
,
Bengali-TR
,
Odia
,
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Tamil