രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രാഷ്‌ട്രപതി ദ്രൗപദി മുർമു 2024, 2025 വർഷങ്ങളിലെ സംഗീത നാടക അക്കാദമി ഫെലോഷിപ്പുകളും പുരസ്കാരങ്ങളും വിതരണം ചെയ്തു

"ഇന്ത്യൻ പാരമ്പര്യത്തിന്റെ വക്താക്കളായ കലാകാരന്മാർ, നമ്മുടെ കൂട്ടായ സ്മരണകളുടെ സംരക്ഷകരും ഭാവിയിലേക്കുള്ള കാഴ്ചപ്പാടിന്റെ ശില്പികളുമാണ്": രാഷ്ട്രപതി ദ്രൗപദി മുർമു

प्रविष्टि तिथि: 13 AUG 2026 3:23PM by PIB Thiruvananthpuram
2024, 2025 വർഷങ്ങളിലെ സംഗീത നാടക അക്കാദമി ഫെലോഷിപ്പുകളും അവാർഡുകളും പ്രമുഖ കലാകാരന്മാർക്ക് ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു വിതരണം ചെയ്തു.
ഇന്ന് ആദരിക്കപ്പെട്ട കലാകാരന്മാർ കൂട്ടായി ഇന്ത്യയുടെ ഒരു സാംസ്കാരിക ഭൂപടത്തെയാണ് അവതരിപ്പിക്കുന്നതെന്ന് രാഷ്‌ട്രപതി പറഞ്ഞു. ഈ മണ്ണിൽ ജനിച്ച കഥകളും പാട്ടുകളും കൊണ്ട് നെയ്തെടുത്ത ഒരു ഭൂപടം; നൂറ്റാണ്ടുകളിലൂടെ രൂപപ്പെട്ട ഈ വൈവിധ്യമാർന്ന നാടിന്റെ നൃത്തങ്ങളെയും ഉൽസവങ്ങളെയും ഉൾക്കൊള്ളുന്നതും, ഭാഷകളുടെയും ഭാഷാഭേദങ്ങളുടെയും സ്മരണകൾ നിലനിർത്തുന്നതുമായ ഒരു ഭൂപടമാണത്.
നമുക്ക് നിരവധി സംഗീത പാരമ്പര്യങ്ങളും നൃത്തരൂപങ്ങളും നാടോടി നാടക രൂപങ്ങളും ഉണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. ഇന്ത്യൻ സംസ്‌കാരം ഈ മണ്ണിൽ ആഴത്തിൽ വേരൂന്നിയതാണ്. ഇതിന്റെ വൈവിധ്യമാർന്ന ഭക്ഷണരീതികൾ, വസ്ത്രധാരണം, നൃത്തരൂപങ്ങൾ, സംഗീതം എന്നിവയെല്ലാം പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടവയാണ്. പക്ഷികളുടെ കളകൂജനങ്ങൾ, അരുവികളുടെ ശബ്ദം, മരങ്ങളും കാടുകളും, മേഘങ്ങൾ, നദികൾ എന്നിവയിൽ നിന്നാണ് കലാകാരന്മാർ തങ്ങളുടെ നൃത്തത്തിനും സംഗീതത്തിനുമുള്ള പ്രചോദനം ഉൾക്കൊള്ളുന്നത്. നാനാത്വവും ഏകത്വവും തമ്മിലുള്ള ഈ ബന്ധമാണ് നമ്മുടെ കലകളുടെ ഏറ്റവും വലിയ ശക്തികളിലൊന്ന്.
ഇന്ത്യയുടെ വൈവിധ്യമാർന്ന കലാരൂപങ്ങളിൽ ഗുരു-ശിഷ്യ പാരമ്പര്യം സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. നമ്മുടെ കലകളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട പുസ്തകമായി പ്രവർത്തിക്കുന്നത് ഗുരുവാണ്. വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ, നമ്മുടെ പല നാടോടി കലാരൂപങ്ങളും അന്യം നിന്ന് പോകുമെന്ന ഭീഷണി നേരിടുന്നുണ്ട്. ഇത്തരത്തിലുള്ള കലാരൂപങ്ങൾ രേഖപ്പെടുത്തി വെക്കുക മാത്രമല്ല, അവയെ സജീവമാക്കിനിർത്താൻ പ്രത്യേക ശ്രമങ്ങൾ നടത്തുകയും വേണം. ഈ ലക്ഷ്യത്തോടെ സംഗീത നാടക അക്കാദമി 'കലാ-ദിക്ഷ' എന്ന പരിപാടി സംഘടിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു. അടുത്ത തലമുറയെ വാർത്തെടുക്കാൻ കൃത്യമായ ശ്രമങ്ങൾ നടത്താൻ അവർ മുതിർന്ന കലാകാരന്മാരോട് അഭ്യർത്ഥിച്ചു.
കലയുടെ മൂല്യങ്ങളിലൂടെയും സജീവതയിലൂടെയും ജീവിതത്തെ സംവേദനക്ഷമമാക്കുന്നതിനുള്ള ഏറ്റവും സ്വാഭാവികമായ പരിശീലന കളരിയായിട്ടാണ് പ്രകൃതിയെ കണക്കാക്കുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. നാടോടി, ഗോത്രവർഗ്ഗ കലകൾ ജീവിതത്തോടുള്ള നൈസർഗിക താല്പര്യത്തെയും പ്രകൃതിയുമായുള്ള ആഴത്തിലുള്ള ബന്ധത്തെയുമാണ് പ്രതിഫലിപ്പിക്കുന്നത്. ഈ കലാരൂപങ്ങളിൽ, സമൂഹത്തിന്റെ ഓർമ്മകളും കൂട്ടായ ബോധവും സ്വയമേവ പ്രകടിപ്പിക്കപ്പെടുന്നു. അതുകൊണ്ടാണ് നാടോടി കലകൾ ഇന്ത്യയുടെ സാംസ്കാരിക സ്വത്വത്തിന്റെ സുപ്രധാന അടിത്തറയായി മാറുന്നത്.
 
സംഗീത നാടക അക്കാദമി ഫെലോഷിപ്പുകളും പുരസ്കാരങ്ങളും നേടിയവരെ അഭിനന്ദിച്ച രാഷ്ട്രപതി, ഇന്ത്യൻ പാരമ്പര്യത്തിന്റെ വക്താക്കളെന്ന നിലയിൽ അവർ നമ്മുടെ കൂട്ടായ ഓർമ്മകളുടെ സംരക്ഷകരും ഭാവിയിലേക്കുള്ള കാഴ്ചപ്പാടിന്റെ ശില്പികളുമാണെന്ന് പറഞ്ഞു.
 
ഇന്ത്യയുടെ 'സോഫ്റ്റ് പവർ' അഥവാ മൃദുശക്തിയുടെ പ്രധാന കേന്ദ്രമായാണ് സംഗീത നാടക അക്കാദമി കണക്കാക്കപ്പെടുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. വരുംകാലങ്ങളിലും ഇന്ത്യയുടെ സാംസ്കാരിക ഊർജ്ജത്താൽ ഇത് ലോകത്തെയാകെ സമ്പന്നമാക്കുന്നത് തുടരുമെന്ന് അവർ പ്രത്യാശ പ്രകടിപ്പിച്ചു.
 
***

(रिलीज़ आईडी: 2299041) आगंतुक पटल : 12
इस विज्ञप्ति को इन भाषाओं में पढ़ें: Telugu , Bengali , English , Urdu , हिन्दी , Marathi , Punjabi , Gujarati , Odia , Kannada