രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

'വന്ദേമാതരത്തിൻ്റെ 150 വർഷങ്ങൾ', 'വികസിത ഇന്ത്യ @2047-നായി യുവശക്തി' എന്നിവയെ ആദരിച്ചുകൊണ്ട് 2026-ലെ സ്വാതന്ത്ര്യദിനാഘോഷങ്ങൾ സംഘടിപ്പിക്കും

പോസ്റ്റഡ് ഓണ്‍: 10 AUG 2026 5:48PM by PIB Thiruvananthpuram

2026 ഓഗസ്റ്റ് 15-ന് രാജ്യം 80-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കും. ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ ചുവപ്പുകോട്ടയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആഘോഷങ്ങൾക്ക് നേതൃത്വം നൽകും. ദേശീയ ഗീതമായ വന്ദേമാതരത്തിൻ്റെ 150 വർഷങ്ങൾ ആചരിക്കുന്ന വർഷമാണ് 2026. സ്വാതന്ത്ര്യസമരകാലത്ത് ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനമേകിയ ഈ ദേശീയഗീതം, അതിൻ്റെ അനശ്വരമായ പാരമ്പര്യത്തോടുള്ള ആദരസൂചകമായി ചരിത്രത്തിലാദ്യമായി ചുവപ്പുകോട്ടയുടെ കൊത്തളത്തിൽ നിന്ന് ആലപിക്കുമെന്ന് 2026 ഓഗസ്റ്റ് 10-ന് ന്യൂഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കവെ പ്രതിരോധ സെക്രട്ടറി ശ്രീ രാജേഷ് കുമാർ സിംഗ് അറിയിച്ചു.

പ്രധാനമന്ത്രി ചുവപ്പുകോട്ടയിൽ എത്തിച്ചേരുന്നതോടെ 'വന്ദേമാതരം' ആലാപനം നടക്കും. തുടർന്ന് അദ്ദേഹം ദേശീയപതാക ഉയർത്തുകയും പതിവുപോലെ രാജ്യത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും. 2047-ഓടെ വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ ഇന്ത്യയിലെ യുവജനങ്ങളുടെ സംഭാവനകൾ അംഗീകരിച്ചുകൊണ്ട്, ഈ വർഷത്തെ ആഘോഷങ്ങളിൽ യുവശക്തിയെയും ആദരിക്കുമെന്ന് പ്രതിരോധ സെക്രട്ടറി കൂട്ടിച്ചേർത്തു.

വന്ദേമാതരത്തിൻ്റെ 150 വർഷങ്ങൾ

ആഘോഷങ്ങളുടെ ഭാഗമായുള്ള പുഷ്പാലങ്കാരങ്ങളിൽ 'വന്ദേമാതരം' പ്രദർശിപ്പിക്കും. കൊത്തളത്തിന് എതിർവശത്തുള്ള ഗ്യാൻപഥിൽ എൻ.സി.സി.യിലെ പെൺകുട്ടികളും ആൺകുട്ടികളുമടങ്ങുന്ന കേഡറ്റുകളും മൈ ഭാരത് സന്നദ്ധപ്രവർത്തകരുമുൾപ്പെടെ മൊത്തം 2500 പേർ അണിനിരന്ന് 'വന്ദേമാതരം' എന്ന രൂപം സൃഷ്ടിക്കും. ഇന്ത്യൻ വ്യോമസേനയുടെ Mi-17 ഹെലികോപ്റ്റർ വന്ദേമാതരത്തിൻ്റെ 150-ാം വാർഷികം കുറിക്കുന്ന ബാനറുമായി പറക്കുകയും, ചുവപ്പുകോട്ടയിൽ തടിച്ചുകൂടിയ ജനങ്ങൾക്ക് മേൽ പുഷ്പവൃഷ്ടി നടത്തുകയും ചെയ്യും.

 


സൈനിക ബാൻഡ് പ്രകടനങ്ങൾ

സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ തലമുറകളെ ഒന്നിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത ദേശീയ ഗീതത്തോടുള്ള ആദരസൂചകമായി 2026 ഓഗസ്റ്റ് 8 മുതൽ രാജ്യവ്യാപകമായി ബാൻഡ് പ്രകടനങ്ങൾ സംഘടിപ്പിച്ചുവരുന്നു. കരസേന, നാവികസേന, വ്യോമസേന, ഇന്ത്യൻ കോസ്റ്റ് ഗാർഡ്, എൻ.സി.സി., സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സി.ആർ.പി.എഫ്.) ,ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് (ഐ.ടി.ബി.പി.), സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സി.ഐ.എസ്.എഫ്.), സശസ്ത്ര സീമാ ബൽ (എസ്.എസ്.ബി.), ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബി.എസ്.എഫ്.), ഇൻ്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് (ഐ.ഡി.എസ്.), റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർ.പി.എഫ്.), അസം റൈഫിൾസ് എന്നിവയുടെ ബാൻഡുകൾ രാജ്യത്തെ 343 പ്രമുഖ കേന്ദ്രങ്ങളിൽ നടത്തുന്ന പ്രകടനങ്ങൾ 2026 ഓഗസ്റ്റ് 15 വരെ തുടരും.  പൗരന്മാർക്കിടയിൽ ദേശസ്നേഹം വളർത്തുന്നതിനായി ബാൻഡ് പ്രകടനം നടക്കുന്ന വേദികളിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.


യുവശക്തി: വികസിത ഇന്ത്യ @2047-ലേക്കുള്ള യാത്രയ്ക്ക് നേതൃത്വം നൽകുന്നു

2026-ലെ സ്വാതന്ത്ര്യദിനാഘോഷങ്ങൾ വിവിധ മേഖലകളിൽ രാജ്യത്തെ യുവജനങ്ങൾ കൈവരിച്ച നേട്ടങ്ങൾക്ക് അംഗീകാരം നൽകും. 2026-ലെ അന്താരാഷ്ട്ര ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്കൽ ഒളിമ്പ്യാഡ് എന്നിവയിൽ മെഡൽ നേടിയ 19 വിദ്യാർത്ഥികളുടെ നേട്ടം ശാസ്ത്ര മേഖലയിലെ യുവശക്തിയുടെ വിജയത്തിന് ഉത്തമ ഉദാഹരണമാണ്. ആഘോഷ പരിപാടിയിലേക്ക് ക്ഷണിക്കപ്പെട്ടിട്ടുള്ള ഇവർക്ക് ചുവപ്പുകോട്ടയുടെ കൊത്തളത്തിൽ പ്രത്യേകം ഇരിപ്പിടങ്ങൾ ഒരുക്കും.

ആണവ, ബഹിരാകാശ സാങ്കേതികവിദ്യകളിൽ ഇന്ത്യ കൈവരിച്ച പുരോഗതിയുടെ ദൃശ്യങ്ങൾ വേദിക്ക് പിന്നിലെ പ്രദർശന പാനലുകളിൽ വ്യക്തമാക്കും. കൂടാതെ, ഗാർഡ് ഓഫ് ഓണർ പ്രദേശത്തെ പുഷ്പാലങ്കാരങ്ങൾ 2047-ഓടെ വികസിത ഇന്ത്യയിലേക്കുള്ള  ഇന്ത്യയുടെ പ്രയാണത്തെ ആവിഷ്കരിക്കുന്നതായിരിക്കും.


വിശിഷ്ട അതിഥികൾ

വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിക്കുകയും വികസിത ഇന്ത്യയിലേക്കുള്ള രാജ്യത്തിൻ്റെ  യാത്രയ്ക്ക് നേതൃത്വം നൽകുകയും ചെയ്യുന്ന ഏകദേശം 5,000 പേരെ ആഘോഷ പരിപാടികളിലെ വിശിഷ്ട അതിഥികളായി ക്ഷണിച്ചിട്ടുണ്ട്. ഇവർ ഉൾപ്പെടുന്ന പ്രധാന വിഭാഗങ്ങൾ താഴെ പറയുന്നവയാണ്:


• ദേശീയ ഇന്നൊവേഷൻ പരിപാടികൾക്ക് കീഴിലുള്ള യുവ നൂതനാശയക്കാർ

• പ്രധാനമന്ത്രി ഇൻ്റേൺഷിപ്പ് പദ്ധതിക്ക് കീഴിലുള്ള മികച്ച ഇൻ്റേണുകൾ

• വിവിധ പദ്ധതികൾക്ക് കീഴിൽ പിന്തുണ ലഭിച്ച മികച്ച പ്രകടനം കാഴ്ചവെച്ച സ്റ്റാർട്ടപ്പുകൾ

• പിഎം കൗശൽ വികാസ് യോജനയ്ക്ക് കീഴിൽ പരിശീലനം നേടി മികച്ച പ്രകടനം കാഴ്ചവെച്ച  യുവജനങ്ങൾ

• സ്റ്റാർട്ടപ്പ് ഇന്ത്യ സീഡ് ഫണ്ടിന് കീഴിൽ പിന്തുണ ലഭിച്ച മികച്ച പ്രകടനം കാഴ്ചവെച്ച സ്റ്റാർട്ടപ്പുകൾ

• മികച്ച പ്രകടനം കാഴ്ചവെച്ച  മൈ ഭാരത് വോളണ്ടിയർമാർ

• നമസ്തേ, പി.എം. അജയ്, സീഡ് പദ്ധതികളുടെ ഗുണഭോക്താക്കൾ

• വിവിധ പ്രശ്നോത്തരികൾ, മത്സരങ്ങൾ എന്നിവയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഡൽഹി ഗവണ്മെൻ്റ്  സ്കൂളുകളിലെ വിദ്യാർത്ഥികൾ

 

 

വികസിത ഇന്ത്യ @2047 എന്ന ലക്ഷ്യത്തിലേക്കുള്ള സംരംഭകരുടെയും നൂതനാശയക്കാരുടെയും താഴെത്തട്ടിലുള്ള പ്രവർത്തകരുടെയും സംഭാവനകളെ ആദരിച്ചുകൊണ്ട് താഴെപ്പറയുന്ന വിഭാഗങ്ങളിൽ നിന്നും പ്രത്യേക ക്ഷണിതാക്കളെ ഉൾപ്പെടുത്തിയിട്ടുണ്ട്:

•  അന്താരാഷ്ട്ര യോഗ ദിന വോളണ്ടിയർമാർ

•  പിഎം മുദ്ര യോജനയ്ക്ക് കീഴിലുള്ള വനിതാ സംരംഭകർ

•  പി.എം.എ.വൈ. (യു) പദ്ധതിയിലെ മികച്ച പ്രകടനം കാഴ്ചവെച്ച ഗുണഭോക്താക്കൾ

•  വിവിധ മേഖലകളിലെ ശാസ്ത്രജ്ഞർ/നൂതനാശയക്കാർ  

•  ഡൽഹിയിലെ ഭാരത് ടാക്സിയിലെ സാരഥിമാർ/കാബ് ഡ്രൈവർമാർ/ടാക്സി ഡ്രൈവർമാർ

•  പിഎം സൂര്യ ഘർ മുഫ്ത് ബിജ്‌ലി യോജനയുടെ ഗുണഭോക്താക്കൾ

•  പിഎം വിശ്വകർമ പദ്ധതിക്ക് കീഴിലുള്ള കരകൗശലത്തൊഴിലാളികൾ

•  പ്രധാനമന്ത്രി ശ്രം യോഗി മാൻധൻ (PM-SYM) യോജനയ്ക്ക് കീഴിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഗുണഭോക്താക്കൾ

• പ്രധാൻ മന്ത്രി മത്സ്യ കിസാൻ സമൃദ്ധി സഹ-യോജനയ്ക്ക്  (PM-MKSSY) കീഴിൽ മികച്ച പ്രകടനം കാഴ്ചവെച്ച  കർഷകർ


മറ്റുള്ളവരെ അവരുടെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ സഹായിക്കുന്നതിനായി അഹോരാത്രം കഠിനാധ്വാനം ചെയ്യുന്ന നിശബ്ദ പോരാളികളും പ്രത്യേക ക്ഷണിതാക്കളുടെ പട്ടികയിൽ ഉൾപ്പെടുന്നു. അവരുടെ സംഭാവനകളെക്കൂടി അംഗീകരിക്കുന്നതിൻ്റെ ഭാഗമായി താഴെപ്പറയുന്ന വിഭാഗങ്ങളിൽ നിന്നുള്ളവരെയും പ്രത്യേക അതിഥികളായി ക്ഷണിച്ചിട്ടുണ്ട്:



•  പിഎം സ്വനിധി പദ്ധതിക്ക് കീഴിലുള്ള തെരുവ് കച്ചവടക്കാർ

•  സ്വച്ഛ് ഭാരത് മിഷന് കീഴിലുള്ള നഗര ശുചീകരണ തൊഴിലാളികൾ  

•  മികച്ച പ്രകടനം കാഴ്ചവെച്ച ഡൽഹി മെട്രോ ജീവനക്കാർ

•   കർത്തവ്യ പഥ് / സെൻട്രൽ വിസ്ത എന്നിവിടങ്ങളിലെ മികച്ച പ്രകടനം കാഴ്ചവെച്ച തൊഴിലാളികൾ

•  ഡൽഹിയിലെ  ഗവണ്മെൻ്റ്    ആശുപത്രികളിലെ നഴ്സിംഗ് ഓർഡർലിമാർ (വാർഡ് അറ്റൻഡൻ്റുമാർ), മറ്റ് ജീവനക്കാർ  

കൂടാതെ, വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള, ഡൽഹിയിൽ താമസിക്കുന്ന 1,500-ലധികം ആളുകളെ  തങ്ങളുടെ പരമ്പരാഗത വേഷവിധാനങ്ങളോടെ ഈ മഹത്തായ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ക്ഷണിച്ചിട്ടുണ്ട്. ചുവപ്പുകോട്ടയിൽ അവർ ഇന്ത്യയുടെ വൈവിധ്യത്തിൻ്റെ  ഒരു ചെറിയ പതിപ്പ് അവതരിപ്പിക്കും.

 

മത്സരങ്ങളിലൂടെ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നു

സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി പ്രതിരോധ മന്ത്രാലയം മൈ ഗവ്-മായി സഹകരിച്ച് വിവിധ പ്രശ്നോത്തരികളും, മത്സരങ്ങളും സംഘടിപ്പിച്ചു. '2047-ഓടെ വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ നിർമ്മിതബുദ്ധിയുടെ (AI) പങ്ക്' എന്ന വിഷയത്തിൽ ഉപന്യാസ മത്സരം, 'ഇന്ത്യ 1947 വേഴ്സസ് ഇന്ത്യ 2047' എന്ന വിഷയത്തിൽ ചിത്രരചനാ മത്സരം, കൂടാതെ വിവിധ വിഷയങ്ങള ആസ്പദമാക്കി ഓൺലൈൻ പ്രശ്നോത്തരി  പരമ്പര എന്നിവയാണ് സംഘടിപ്പിച്ചത്. ഇന്ത്യൻ ഭരണഘടന - മൗലികാവകാശങ്ങൾ, മൗലിക കടമകൾ, പ്രധാന അനുച്ഛേദങ്ങൾ, ഭരണഘടനാ ശിൽപികൾ; ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ  വനിതകൾ - റാണി ലക്ഷ്മിബായി മുതൽ സരോജിനി നായിഡു വരെയും അതിനുശേഷവും; ആധുനിക ഇന്ത്യയുടെ പ്രധാന നാഴികക്കല്ലുകൾ: സാങ്കേതിക പുരോഗതികളും ബഹിരാകാശ സാങ്കേതികവിദ്യയിലെ നേട്ടങ്ങളും; ആണവ സാങ്കേതികവിദ്യയിലെ ഇന്ത്യയുടെ വിജയഗാഥ എന്നിവയായിരുന്നു പ്രശ്നോത്തരി മത്സരങ്ങളുടെ പ്രമേയങ്ങൾ. ഈ മത്സരങ്ങളിലെ 600-ഓളം വിജയികളും സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ പങ്കാളികളാകും.

കൂടാതെ, ഈ ദേശീയ ആഘോഷങ്ങളിൽ പൗരന്മാരെ പങ്കാളികളാക്കുന്നതിനായി മറ്റ് മന്ത്രാലയങ്ങളും വകുപ്പുകളും ഡൽഹി  ഗവണ്മെൻ്റും  ഡൽഹി എൻ.സി.ടി. പോലീസും ചേർന്ന് ഓൺലൈനായും ഓഫ്‌ലൈനായും വിവിധ പ്രശ്നോത്തരി മത്സരങ്ങളും മറ്റ് പരിപാടികളും സംഘടിപ്പിച്ചുവരുന്നു.

 

പൊതുജനങ്ങൾക്കുള്ള സൗകര്യങ്ങൾ

•  ക്ലോക്ക് റൂം സൗകര്യം: കഴിഞ്ഞ റിപ്പബ്ലിക് ദിന, സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ സന്ദർശകരിൽ നിന്ന് വലിയ പ്രശംസ പിടിച്ചുപറ്റിയ സൗകര്യമാണ് ക്ലോക്ക് റൂമുകൾ. ജനങ്ങളുടെ സൗകര്യാർത്ഥം, വരാനിരിക്കുന്ന   ആഘോഷങ്ങൾക്കായി ആറ് സ്ഥലങ്ങളിലായി 25 ക്ലോക്ക് റൂമുകൾ സജ്ജീകരിച്ചിട്ടുണ്ട്.

• ഹെൽപ്പ് ഡെസ്കുകളിലെ വോളണ്ടിയർമാർ: മൈ ഭാരതിൽ നിന്ന് 100 പേരും എൻ.സി.സി.യിൽ നിന്ന് 100 പേരുമുൾപ്പെടെ 200 വോളണ്ടിയർമാർ പോലീസിനൊപ്പം ചേര്‍ന്ന് സന്ദർശകർക്ക് അവർക്ക് അനുവദിച്ചിട്ടുള്ള ഇരിപ്പിടങ്ങളിലേക്ക് എത്തിച്ചേരുന്നതിന് സഹായം നൽകും. ചുവപ്പുകോട്ടയിലേക്കുള്ള വഴിയിൽ ഇവരെ തിരിച്ചറിയാനാകും.

•  വീൽചെയർ സൗകര്യം:  20 വീൽചെയറുകളുടെ സൗകര്യം ഒരുക്കിയിട്ടുണ്ട്. സഹായം ആവശ്യമുള്ള സന്ദർശകർക്കായി മെട്രോ സ്റ്റേഷനുകളിലും പാർക്കിംഗ് ഏരിയകളിലും എൻ.സി.സി. കേഡറ്റുകളുടെ സേവനമുണ്ടാകും.

•  മെട്രോ സേവനങ്ങൾ: ചടങ്ങിൽ പങ്കെടുക്കാൻ എത്തുന്നവർക്കായി ഓഗസ്റ്റ് 15-ന് പുലർച്ചെ 4 മണി മുതൽ മെട്രോ സർവീസ് ആരംഭിക്കും. ക്ഷണിതാക്കൾക്ക് മെട്രോ യാത്ര പൂർണ്ണമായും സൗജന്യമായിരിക്കും. ഇ-ക്ഷണക്കത്തിനൊപ്പം മെട്രോ യാത്രയ്ക്കുള്ള ക്യു.ആർ. കോഡും ലഭ്യമാക്കും.

•  പരേഡ് ഗ്രൗണ്ടിൽ പാർക്കിംഗ് സൗകര്യം: സാധുവായ പാർക്കിംഗ് പാസുകളോ ലേബലുകളോ ഉള്ള സന്ദർശകർക്ക് പരേഡ് ഗ്രൗണ്ടിൽ പാർക്കിംഗ് സൗകര്യം ലഭ്യമായിരിക്കും.

•  കാൽനടയാത്രക്കാർക്കായി റാമ്പ് സൗകര്യം: അപ്പർ സുഭാഷ് മാർഗിൽ നിന്ന് ലോവർ സുഭാഷ് മാർഗിലേക്കുള്ള കാൽനടയാത്രക്കാരുടെ സുഗമമായ സഞ്ചാരത്തിനായി ശക്തമായ റാമ്പുകളും പടികളും സ്ഥാപിച്ചിട്ടുണ്ട്.

• ഗൂഗിൾ, മാപ്പ്ൾസ് മാപ്പുകളുടെ ഉപയോഗം: പ്രധാന ചടങ്ങ് നടക്കുന്ന ദിവസം ഗതാഗത നിയന്ത്രണങ്ങൾ ഗൂഗിൾ, മാപ്പ്ൾസ് മാപ്പുകളിൽ ലഭ്യമാകും.

• റെയിൻ പോഞ്ചോകൾ : കാലാവസ്ഥയിലെ പ്രവചനാതീതമായ സാഹചര്യങ്ങൾ കണക്കിലെടുത്ത്
കൊത്തളത്തിലുള്ള വിശിഷ്ടാതിഥികള്‍ക്ക് പുറമെ മാധവ് ദാസ് പാർക്കിലെയും ഓഗസ്റ്റ് 15 പാർക്കിലെയും എല്ലാ ക്ഷണിക്കപ്പെട്ട അതിഥികൾക്കും മഴക്കോട്ട് നൽകുന്നതാണ്.

 

ക്ഷണക്കത്ത്: പൊതുസേവനവും കർത്തവ്യനിർവ്വഹണത്തോടുള്ള പ്രതിബദ്ധതയും

'സേവാതീർത്ഥ്' രാജ്യത്തിന് സമർപ്പിച്ച വേളയിൽ, അത് കർത്തവ്യത്തിൻ്റെയും അനുകമ്പയുടെയും രാഷ്ട്രം ആദ്യം എന്ന തത്വത്തോടുള്ള പ്രതിബദ്ധതയുടെയും തിളക്കമാർന്നതും ശക്തവുമായ പ്രതീകമായി നിലകൊള്ളുന്നുവെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. നിസ്വാർത്ഥ സേവനത്തിൻ്റെയും എല്ലാവരുടെയും ക്ഷേമത്തിനായുള്ള അശ്രാന്തമായ അർപ്പണബോധത്തിൻ്റെയും പാത പിന്തുടരാൻ ഇത് വരുംതലമുറകളെ പ്രചോദിപ്പിക്കും. ഈ ആശയം ഉൾക്കൊണ്ടുകൊണ്ട്, എല്ലാ പൗരന്മാരുടെയും ക്ഷേമത്തിനായി അർപ്പണബോധത്തോടെ മുന്നേറാൻ ജനങ്ങൾക്ക് പ്രചോദനമേകുന്നതിനായി ഈ വർഷത്തെ പ്രധാന ആഘോഷ പരിപാടിയുടെ  ക്ഷണക്കത്തിൽ 'സേവാതീർത്ഥ്' ഉൾപ്പെടുത്തിയിട്ടുണ്ട്. ക്ഷണക്കത്തിലെ ധർമ്മചക്രം ധാർമ്മികമായ കർത്തവ്യത്തിൻ്റെയും നിരന്തരമായ നിസ്വാർത്ഥ പ്രവർത്തനങ്ങളുടെയും ശാശ്വതമായ പ്രയാണത്തെ പ്രതിനിധീകരിക്കുന്നു.


സ്വച്ഛതാ ക്യാമ്പയിൻ (ശുചിത്വ യജ്ഞം)

കർത്തവ്യനിർവ്വഹണത്തോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി, ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷ   ചടങ്ങിന് ശേഷമുള്ള സ്വച്ഛതാ ക്യാമ്പയിൻ എൻ.സി.സി. കേഡറ്റുകളെയും മൈ ഭാരത് വോളണ്ടിയർമാരെയും പങ്കാളികളാക്കിക്കൊണ്ട് ചുവപ്പുകോട്ടയിൽ സംഘടിപ്പിക്കും. ചടങ്ങിന് ശേഷം കാണികൾ പിരിഞ്ഞുപോകുന്നതോടെ മാലിന്യങ്ങൾ ശേഖരിക്കാനും അവ ഉടനടി നീക്കം ചെയ്യാനും ഒപ്പം സ്വച്ഛ് ഭാരത് അഭിയാൻ്റെ സന്ദേശം പ്രചരിപ്പിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആഘോഷ പരിപാടികൾക്ക് ശേഷം രാജ്യത്തിൻ്റെ  വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന സന്ദർശകർക്കായി ചുവപ്പുകോട്ട പൂർണ്ണമായും വൃത്തിയോടെ തുറന്നുകൊടുക്കുന്നുവെന്ന് ഇത് ഉറപ്പാക്കും.


സീറ്റിംഗ് എൻക്ലോഷറുകളുടെ നാമകരണം

വി.ഐ.പി. സംസ്കാരം അവസാനിപ്പിക്കുന്നതിനും ജലസംരക്ഷണത്തിൻ്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനുമായി 2026-ലെ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ സീറ്റിംഗ് എൻക്ലോഷറുകൾക്ക് ഇന്ത്യയിലെ നദികളുടെ പേരുകളാണ് നൽകിയിരുന്നത്. എന്നാൽ ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി, സീറ്റിംഗ് എൻക്ലോഷറുകൾക്ക് ഇന്ത്യയിലെ പ്രധാന തടാകങ്ങളുടെ പേരുകളാണ് നൽകിയിരിക്കുന്നത്.

ഡ്രെയിനേജ് മാനേജ്‌മെൻ്റ്

സ്വാതന്ത്ര്യദിന ചടങ്ങിനിടെ മഴപെയ്യാനുള്ള സാധ്യത കണക്കിലെടുത്ത്, പ്രദേശത്ത് വെള്ളം കെട്ടിനിൽക്കുന്നതും കവിഞ്ഞൊഴുകുന്നതും തടയുന്നതിനായി വിപുലമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി ചുവപ്പുകോട്ടയിലും പരിസര പ്രദേശങ്ങളിലുമുള്ള ഡ്രെയിനേജ്,  മലിനജല സംവിധാനങ്ങൾ സമഗ്രമായി ശുചീകരിച്ചുവരികയാണ്.

 

****


( റിലീസ് ഐ.ഡി: 2297435) സന്ദര്‍ശക കൗണ്ടര്‍ : 84