രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

12-ാമത് ദേശീയ കൈത്തറി ദിനാഘോഷത്തില്‍ രാഷ്ട്രപതി പങ്കെടുത്തു; സന്ത് കബീര്‍ കൈത്തറി പുരസ്‌കാരങ്ങളും 2025-ലെ ദേശീയ കൈത്തറി പുരസ്‌കാരങ്ങളും സമ്മാനിച്ചു

प्रविष्टि तिथि: 07 AUG 2026 4:27PM by PIB Thiruvananthpuram

12-ാമത് ദേശീയ കൈത്തറി ദിനാഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രപതി ഭവന്‍ കള്‍ച്ചറല്‍ സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പങ്കെടുത്തു. ചടങ്ങില്‍ സന്ത് കബീര്‍ കൈത്തറി പുരസ്‌കാരങ്ങളും 2025-ലെ ദേശീയ കൈത്തറി പുരസ്‌കാരങ്ങളും രാഷ്ട്രപതി വിതരണം ചെയ്തു. ഇന്ത്യയുടെ സമ്പന്നവും വൈവിധ്യപൂര്‍ണ്ണവുമായ കൈത്തറി നെയ്ത്ത് പാരമ്പര്യങ്ങളെ ആഘോഷിക്കുന്ന നാല് സ്മാരക തപാല്‍ സ്റ്റാമ്പുകളും ചടങ്ങില്‍ പുറത്തിറക്കി.

നൂറ്റാണ്ടുകളായി ഇന്ത്യയുടെ നാഗരികതയുടെ വളര്‍ച്ചയില്‍ കൈത്തറി മേഖല അവിഭാജ്യ ഘടകമാണെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്യവേ  രാഷ്ട്രപതി പറഞ്ഞു. കൈത്തറി മേഖല രാജ്യത്തിന്റെ വൈവിധ്യത്തെയും പ്രാദേശിക തനിമയെയും പ്രതിഫലിപ്പിക്കുന്നതിനൊപ്പം തൊഴിലവസരങ്ങള്‍, സ്ത്രീ ശാക്തീകരണം, കല, സംസ്‌കാരം, പ്രകൃതിസ്‌നേഹം എന്നിവയെ വളര്‍ത്തുകയും ചെയ്യുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരവുമായും സ്വാശ്രയത്വത്തിന്റെ ചൈതന്യവുമായും കൈത്തറി ബന്ധപ്പെട്ടിരിക്കുന്നുവെന്നും രാഷ്ട്രപതി  കൂട്ടിച്ചേര്‍ത്തു.


 

1905 ഓഗസ്റ്റ് 7-നാണ് സ്വദേശി പ്രസ്ഥാനം ഔദ്യോഗികമായി ആരംഭിച്ചതെന്ന് ചടങ്ങില്‍ രാഷ്ട്രപതി ഓര്‍മ്മിപ്പിച്ചു. ബംഗാള്‍ വിഭജനത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി തുടങ്ങിയ ഈ പ്രസ്ഥാനം, തദ്ദേശീയ ഉല്‍പന്നങ്ങളെയും വ്യവസായങ്ങളെയും, പ്രത്യേകിച്ച് രാജ്യത്തെ കൈത്തറി നെയ്ത്തുകാരെയും പ്രോത്സാഹിപ്പിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ഈ ചരിത്ര സംഭവത്തിന്റെ ഓര്‍മ്മയ്ക്കായി 2015 മുതല്‍  കേന്ദ്ര സര്‍ക്കാര്‍ ഓഗസ്റ്റ് 7 ദേശീയ കൈത്തറി ദിനമായി ആചരിച്ചുതുടങ്ങി. കൈത്തറി മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്ന രാഷ്ട്രപതി, ഈ ദിനാചരണം രാജ്യത്തിന്റെ സാംസ്‌കാരിക ഐക്യം വിളിച്ചോതുന്ന വൈവിധ്യങ്ങളുടെ ആഘോഷമാണെന്നും കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ കൈത്തറി മേഖലയ്ക്ക് ഒരു മികച്ച പ്രതിച്ഛായ സ്ഥാപിക്കുന്ന സര്‍ക്കാരിന്റെയും നെയ്ത്ത് സമൂഹത്തിന്റെയും സഹകരണ ശ്രമങ്ങളെ അംഗീകരിക്കാനുള്ള അവസരമാണിത്.

രാജ്യത്തെ  ഗ്രാമീണ സമ്പദ്വ്യവസ്ഥയെ കരുത്തുറ്റതാക്കാന്‍  പ്രാപ്തിയുള്ള മേഖലയായി കൈത്തറി മാറിയിട്ടുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു.ആധുനിക സാങ്കേതികവിദ്യയും സമകാലിക പരിശീലന രീതികളും പ്രധാന കൈത്തറി ക്ലസ്റ്ററുകളുമായി സംയോജിപ്പിക്കുന്നു. നെയ്ത്തുകാരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ വിവിധ നടപടികള്‍ നടപ്പിലാക്കിവരുന്നു. കൈത്തറി മേഖലയെ 'ഉറപ്പുള്ള  സാംസ്‌കാരിക സമ്പദ്വ്യവസ്ഥ' ആയി  മാറ്റാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍  രാജ്യത്തെ  കൈത്തറിയുടെ അന്താരാഷ്ട്ര പ്രതിച്ഛായ കൂടുതല്‍ മെച്ചപ്പെടുത്തുന്നുണ്ടെന്നും അതില്‍ സന്തോഷമുണ്ടെന്നും രാഷ്ട്രപതി വ്യക്തമാക്കി.
സാങ്കേതികവിദ്യയും നൂതന രൂപകല്‍പ്പനകളും ഉപയോഗിച്ച് കഴിവുള്ള നിരവധി യുവ സംരംഭകര്‍ ഈ മേഖലയിലേക്ക് കടന്നുവരുന്നുവെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഈ മേഖലയുടെ ദീര്‍ഘകാല വളര്‍ച്ച ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പദ്ധതികളിലൂടെയും സ്ഥാപനങ്ങളിലൂടെയും യുവാക്കള്‍ക്ക് കൃത്യമായ പിന്തുണ ഉറപ്പാക്കണം. പരമ്പരാഗത കരകൗശല വസ്തുക്കളെ ആധുനിക പ്രവണതകള്‍, ബ്രാന്‍ഡുകള്‍, ആഗോള മൂല്യ ശൃംഖലകള്‍ എന്നിവയുമായി ബന്ധിപ്പിച്ചുകൊണ്ട് യുവ സംരംഭകര്‍ക്കും ഡിസൈനര്‍മാര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഈ മേഖലയില്‍ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജിയുടെയും വീവേഴ്സ് സര്‍വീസ് സെന്ററുകളുടെയും കീഴിലുള്ള ഡിസൈന്‍ റിസോഴ്സ് സെന്ററുകള്‍ യുവാക്കളെ ഈ മേഖലയില്‍ ഉള്‍പ്പെടുത്തുന്നതിന് ഗണ്യമായ പ്രവര്‍ത്തനം നടത്തുന്നുണ്ടെന്ന് അവര്‍ സന്തോഷത്തോടെ പറഞ്ഞു.

കൈത്തറി മേഖലയുടെ സുസ്ഥിര വികസനത്തിന് പുതിയ സാങ്കേതികവിദ്യകളുടെ അനുയോജ്യമായ ഉപയോഗം അത്യന്താപേക്ഷിതമാണെന്നും രാഷ്ട്രപതി പറഞ്ഞു. ആധുനിക ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെ വിപണി പ്രവേശനം കൂടുതല്‍ ഫലപ്രദമാക്കാന്‍ കഴിയും. ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകള്‍ വഴി ഇന്ത്യന്‍ കൈത്തറി ഉല്‍പ്പന്നങ്ങള്‍ക്ക് ആഗോള തലത്തില്‍ വലിയ വിപണി ഉറപ്പാക്കാന്‍ സാധിക്കും. രാജ്യത്തിന്റെ സമഗ്ര വളര്‍ച്ചയ്ക്കും സ്വാശ്രയത്വത്തിനും ശക്തമായ അടിത്തറയായി കൈത്തറി മേഖല പ്രവര്‍ത്തിക്കുമെന്ന് അവര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഇന്ത്യയുടെ  നെയ്ത്തു പാരമ്പര്യം സംരക്ഷിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും സമാനതകളില്ലാത്ത പങ്കുവഹിക്കുന്ന നെയ്ത്തുകാര്‍ക്കുള്ള രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ബഹുമതിയാണ് സന്ത് കബീര്‍ കൈത്തറി പുരസ്‌കാരം. നെയ്ത്തു രംഗത്തെ അസാമാന്യ നിപുണത, ജീവിതാവസാനം വരെയുള്ള സമര്‍പ്പണം, മികച്ച സംഭാവനകള്‍ എന്നിവ പരിഗണിച്ചാണ് ഈ അവാര്‍ഡ് നല്‍കുന്നത്. പാരമ്പര്യ തനിമ ചോര്‍ന്നുപോകാതെ ആധുനിക സാങ്കേതികവിദ്യകളും സര്‍ഗ്ഗാത്മകതയും വിനിയോഗിച്ചുകൊണ്ട് ഉന്നത നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന നെയ്ത്തുകാരെയും മറ്റ് പങ്കാളികളെയുമാണ് ദേശീയ കൈത്തറി പുരസ്‌കാരം നല്‍കി ആദരിക്കുന്നത്.

രാഷ്ട്രപതിയുടെ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം കാണാന്‍ ഇവിടെ ക്ലിക്കുചെയ്യുക.

***


(रिलीज़ आईडी: 2296261) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Gujarati , Kannada