വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

ബ്രിക്സ് വേവ്സ് ബസാർ: സർഗ്ഗാത്മക സമ്പദ്‌വ്യവസ്ഥയുടെ പ്രമുഖ അന്താരാഷ്ട്ര വിപണിയിൽ, ബ്രിക്‌സ് അംഗരാജ്യങ്ങളിൽ നിന്നും പങ്കാളി രാജ്യങ്ങളിൽ നിന്നുമുള്ള 500-ലധികം പ്രതിനിധികൾ മുംബൈയിൽ ഒരുമിച്ച് ചേരുന്നു

प्रविष्टि तिथि: 06 AUG 2026 1:54PM by PIB Thiruvananthpuram
സർഗാത്മക സമ്പദ് വ്യവസ്ഥയ്ക്കുള്ള പ്രമുഖ അന്താരാഷ്ട്ര വിപണിയായ -ബ്രിക്സ് വേവ്സ് ബസാറിന് മുംബൈയിൽ തുടക്കമായി. അംഗരാജ്യങ്ങളിൽ നിന്നും പങ്കാളിത്ത രാജ്യങ്ങളിൽ നിന്നുമായി അഞ്ഞൂറിലധികം പ്രതിനിധികളാണ് ഇതിൽ പങ്കെടുക്കുന്നത്. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ഈ പരിപാടി, ദൃശ്യ-ശ്രവ്യ (audiovisual), സർഗ്ഗാത്മക വ്യവസായ മേഖലകളിൽ സംഭാഷണങ്ങൾ, ബിസിനസ്സ് പങ്കാളിത്തങ്ങൾ, അറിവുകളുടെ വിനിമയം , അതിർത്തികടന്നുള്ള കൂട്ടായ്മകൾ എന്നിവ സാധ്യമാക്കാനും ബ്രിക്സ് അംഗരാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തമാക്കാനും ലക്ഷ്യമിടുന്നു. ഗവണ്മെന്റ് പ്രതിനിധികൾ, വ്യവസായ സമിതികൾ, നിർമ്മാതാക്കൾ, ക്രിയേറ്റർമാർ, നിക്ഷേപകർ, ബ്രോഡ്കാസ്റ്റർമാർ, ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ, സാങ്കേതിക വിദ്യാ കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, സാംസ്കാരിക സ്ഥാപനങ്ങൾ, സർഗ്ഗാത്മക സംരംഭങ്ങൾ എന്നിവ ഉൾപ്പെടുന്ന വലിയൊരു പങ്കാളിത്ത നിര ബസാറിൽ പങ്കെടുക്കുന്നു .
 
ഉദ്ഘാടന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ മഹാരാഷ്ട്ര ഇലക്ട്രോണിക്സ്, ഐ.ടി, എ.ഐ, സാംസ്കാരിക വകുപ്പ് മന്ത്രി അഡ്വ. ആശിഷ് ഷെലാർ, ഇന്ത്യയുടെ സർഗ്ഗാത്മക മേഖലയുടെ ഹൃദയഭൂമിയായ മുംബൈയിലേക്ക് ലോകമെമ്പാടുമുള്ള സർഗാത്മക സമൂഹത്തെ സ്വാഗതം ചെയ്തു. കലയും സാങ്കേതികവിദ്യയും തമ്മിലുള്ള അതിർവരമ്പുകൾ വേഗത്തിൽ ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബ്രിക്സ് വേവ്സ് ബസാർ കേവലം പ്രദർശനം മാത്രമല്ലെന്നും, മറിച്ച് ആഗോള സർഗ്ഗാത്മക സാമ്പത്തിക രംഗത്തിന്റെ ഭാവി തയ്യാറാക്കാൻ രൂപകൽപ്പന ചെയ്ത ഉന്നതതല സംഗമമാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിന് കീഴിൽ, ലോകത്തിന്റെ സാംസ്കാരികവും ബൗദ്ധികവുമായ വഴികാട്ടിയായ 'വിശ്വഗുരു' എന്ന പദവി ഇന്ത്യ വീണ്ടെടുത്തുകൊണ്ടിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. നമ്മുടെ പുരാതന പാരമ്പര്യവും സീമാതീതമായ സർഗ്ഗാത്മകതയും ആധുനിക വാണിജ്യവും സംഗമിക്കുന്ന 'ഓറഞ്ച് സമ്പദ് വ്യവസ്ഥ ' (Orange Economy) ഈ മഹത്തായ കാഴ്ചപ്പാടിന്റെ ഒരു പ്രധാന സ്തംഭമാണെന്നും അദ്ദേഹം പറഞ്ഞു.
 
രാഷ്ട്രങ്ങളെയും സമൂഹങ്ങളെയും പരസ്പരം ബന്ധിപ്പിക്കാൻ സംസ്കാരത്തിനും സർഗ്ഗാത്മകതയ്ക്കുമുള്ള ശക്തിയെക്കുറിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിരന്തരം ഊന്നിപ്പറയാറുണ്ടെന്നും, ചലച്ചിത്ര മേഖലയിൽ ബ്രിക്സ് സഹകരണത്തോടുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത വളർന്നത് ഈ കാഴ്ചപ്പാടിൽ നിന്നാണെന്നും വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ശ്രീ ചഞ്ചൽ കുമാർ പറഞ്ഞു. മുംബൈയിലെ ബ്രിക്സ് വേവ്സ് ബസാറും, 2026 നവംബറിൽ ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്കൊപ്പം (IFFI) നടക്കാനിരിക്കുന്ന ബ്രിക്സ് ഫിലിം ഫെസ്റ്റിവലും പരസ്പര പൂരകങ്ങളായ പ്ലാറ്റ്‌ഫോമുകളായി പ്രവർത്തിക്കും; ഒന്ന് ബിസിനസ്സ്, പങ്കാളിത്തം, വിപണി സാധ്യതകൾ എന്നിവയ്ക്ക് വഴിയൊരുക്കുമ്പോൾ മറ്റൊന്ന് ചലച്ചിത്രങ്ങൾ , സിനിമാപ്രവർത്തകർ, പ്രേക്ഷകർ എന്നിവർക്കുള്ള വേദിയായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
 
ബ്രിക്സ് (BRICS) രാജ്യങ്ങൾക്ക് ഒന്നാകെ കഥകൾ, പ്രതിഭ , പ്രേക്ഷകർ, സാങ്കേതികവിദ്യ, സംരംഭകത്വം എന്നിവയുടെ ഒരു വൻ ശേഖരം തന്നെയുണ്ടെന്നും ഈ കരുത്തുറ്റ ഘടകങ്ങളെ കൂടുതൽ വ്യവസ്ഥാപിതമായി ബന്ധിപ്പിക്കുകയാണ് ഇവിടെയുള്ള അവസരമെന്നും ശ്രീ ചഞ്ചൽ കുമാർ പ്രസ്താവിച്ചു. പ്രോജക്റ്റുകൾ കണ്ടെത്തുകയും പങ്കാളിത്തങ്ങൾ ആരംഭിക്കുകയും സഹനിർമ്മാണങ്ങൾ (co-productions) ചർച്ച ചെയ്യുകയും പുതിയ വിപണികൾ തുറക്കപ്പെടുകയും ചെയ്യുന്ന ആഗോള സർഗ്ഗാത്മക സാമ്പത്തിക രംഗത്തെ ഒരു പ്രധാന പ്ലാറ്റ്‌ഫോമായി മാറുക എന്നതാണ് 'വേവ്സ് ബസാർ' (WAVES Bazaar) ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. സിനിമ, ടെലിവിഷൻ, ആനിമേഷൻ, വി.എഫ്.എക്സ് (VFX), ഗെയിമിംഗ്, സംഗീതം, ഡിജിറ്റൽ മീഡിയ, പുതിയ ഉള്ളടക്ക മാതൃകകൾ എന്നിവയിലുടനീളം ശക്തമായ സഹകരണ സാധ്യതകൾ സൃഷ്ടിക്കുക എന്ന പൊതു ലക്ഷ്യത്തിനായി 21 രാജ്യങ്ങളിൽ നിന്നുള്ള ബ്രിക്സ് അംഗങ്ങളെയും പങ്കാളികളെയും ഇത് ഒരുമിച്ച് കൊണ്ടുവരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രിക്സ് രാജ്യങ്ങളിലുടനീളമുള്ള സർഗ്ഗാത്മക സംരംഭങ്ങൾക്ക് പരസ്പരം ബന്ധപ്പെടാനും ബിസിനസ്സ് നടത്താനും സഹകരിക്കാനും വളരാനും സാധിക്കുന്ന അംഗീകൃത പ്ലാറ്റ്‌ഫോമായി വേവ്സ് ബസാർ കാലക്രമേണ വളരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
 
ബ്രിക്സ് വിപണികൾക്കിടയിൽ ബ്രിക്സ് ഉള്ളടക്കങ്ങളുടെ പ്രചാരം വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഐ &ബി മന്ത്രാലയം സെക്രട്ടറി സംസാരിച്ചു. "നമ്മുടെ പ്രേക്ഷകർക്ക് സിനിമകൾ, സീരീസുകൾ, ആനിമേഷൻ, സംഗീതം, ഡിജിറ്റൽ ഉള്ളടക്കങ്ങൾ എന്നിവ പരസ്പരം കാണാനും ആസ്വദിക്കാനുമുള്ള കൂടുതൽ അവസരങ്ങൾ ലഭിക്കണം," അദ്ദേഹം പറഞ്ഞു. സർഗ്ഗാത്മക സാമ്പത്തിക മേഖലയിലുടനീളം ശക്തമായ സ്ഥാപനപരവും വാണിജ്യപരവുമായ ബന്ധങ്ങൾ സൃഷ്ടിക്കുന്നതിന് ഇന്ത്യയുടെ അനുഭവങ്ങൾ പങ്കുവെക്കാനും ബ്രിക്സ് പങ്കാളികളുമായി ചേർന്ന് പ്രവർത്തിക്കാനും രാജ്യo സന്നദ്ധമാണെന്നും അദ്ദേഹം അറിയിച്ചു.
 
ഇന്ത്യൻ പ്രതിഭാശേഷിയെ അന്താരാഷ്ട്ര പങ്കാളികളുമായി ബന്ധിപ്പിക്കുന്നതിനും സംയുക്ത പ്രോജക്റ്റുകൾ, സാങ്കേതിക വിദ്യാ പങ്കാളിത്തങ്ങൾ, നൈപുണ്യ വികസനം, വിപണി സാധ്യതകൾ എന്നിവ സാധ്യമാക്കുന്നതിനുമായി വേവ്സ് (WAVES), വേവ്സ് ബസാർ (WAVES Bazaar), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജീസ്, ഇന്ത്യ സിനി ഹബ് (India Cine Hub) തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെയും നൈപുണ്യ വികസനം , സ്റ്റാർട്ടപ്പുകൾ, പുതിയ സാങ്കേതികവിദ്യകൾ എന്നിവയ്ക്കുള്ള സംരംഭങ്ങളിലൂടെയും ബ്രിക്സിന്റെ ഈ വിപുലമായ സഹകരണത്തെ പിന്തുണയ്ക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് ശ്രീ ചഞ്ചൽ കുമാർ കൂട്ടിച്ചേർത്തു.
 
2027-ൽ മുംബൈയിൽ നടക്കുന്ന വേവ്സിന്റെ അടുത്ത പതിപ്പിൽ സജീവമായി പങ്കാളികളാകാൻ എല്ലാ ബ്രിക്സ് അംഗരാജ്യങ്ങളെയും പങ്കാളിത്ത രാജ്യങ്ങളെയും ഐ &ബി മന്ത്രാലയം സെക്രട്ടറി ശ്രീ ചഞ്ചൽ കുമാർ ക്ഷണിച്ചു.
 
 പ്രശസ്ത ചലച്ചിത്ര സംവിധായകനും ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (IFFI) ഫെസ്റ്റിവൽ ഡയറക്ടറുമായ ശ്രീ അശുതോഷ് ഗോവാരികർ, ഐ.എഫ്.എഫ്.ഐ 2026-ലേക്ക് എല്ലാ പങ്കാളികളെയും ക്ഷണിച്ചു. മേളയിൽ 8 പ്രത്യേക വിഭാഗങ്ങളിലായി 250-ഓളം ചിത്രങ്ങൾ പ്രദർശിപ്പിക്കും.സിനിമയുടെയും സർഗ്ഗാത്മക സാമ്പത്തിക മേഖലയുടെയും ശക്തിയെക്കുറിച്ച് സംസാരിച്ച അദ്ദേഹം, പലപ്പോഴും ഒരു രാജ്യം നേരിട്ട് സന്ദർശിക്കുന്നതിന് മുമ്പോ അല്ലെങ്കിൽ സന്ദർശിക്കാതെ തന്നെയോ സിനിമകളിലൂടെയും കഥകളിലൂടെയും സംസ്‌കാരത്തിലൂടെയുമാണ് നാം ആ രാജ്യത്തെക്കുറിച്ച് മനസ്സിലാക്കുന്നതെന്നും വികാരങ്ങൾ സാർവത്രികമാണെന്നും അഭിപ്രായപ്പെട്ടു. ബ്രിക്സ് വേവ്സ് ബസാർ പോലുള്ള പ്ലാറ്റ്‌ഫോമുകൾ തിരക്കഥകൾ സിനിമകളാക്കാനും സിനിമാപ്രവർത്തകർക്ക് സഹപ്രവർത്തകരെ കണ്ടെത്താനും സഹായിക്കുന്നുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു. സർഗ്ഗാത്മക ശബ്ദങ്ങൾ ഒന്നിക്കുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് ലോകത്തിന് കാണിച്ചുകൊടുക്കാൻ അദ്ദേഹം ബ്രിക്സ് പങ്കാളികളോട് ആഹ്വാനം ചെയ്തു.
 
"പ്രതിരോധശേഷി, നൂതനാശയം , സഹകരണം, സുസ്ഥിരത എന്നിവയ്ക്കായി പടുത്തുയർത്തുക" (Building for Resilience, Innovation, Cooperation, and Sustainability) എന്ന പ്രമേയത്തിന് കീഴിലാണ് ഇന്ത്യയുടെ അധ്യക്ഷതയിലുള്ള 'ബ്രിക്സ് വേവ്സ് ബസാർ 2026' സംഘടിപ്പിച്ചിരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി (MER-III) ശ്രീ രാജീവ് ബോദ്‌വാഡെ പ്രസ്താവിച്ചു. സർഗ്ഗാത്മക സാമ്പത്തിക മേഖല ഒരു പ്രധാന സാമ്പത്തിക ചാലകശക്തിയാണെന്നും, ആഗോള ജി.ഡി.പിയിലേക്ക് 3.1 ശതമാനം സംഭാവന ചെയ്യുന്നതോടൊപ്പം 1.4 ട്രില്യൺ ഡോളറിലധികം അന്താരാഷ്ട്ര സേവന കയറ്റുമതി സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ ഊർജ്ജസ്വലമായ ഡിജിറ്റൽ വിപണികളെയും സമ്പന്നമായ സാംസ്കാരിക പാരമ്പര്യത്തെയും സമന്വയിപ്പിക്കുന്നതിലൂടെ ഈ മുന്നേറ്റം പ്രയോജനപ്പെടുത്താൻ ബ്രിക്സിന് മികച്ച രീതിയിൽ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 
രണ്ടു ദിവസങ്ങളിലായി നടക്കുന്ന ഈ ബസാറിൽ ഉന്നതതല സമ്മേളനങ്ങൾ, മുഖ്യപ്രഭാഷണങ്ങൾ, പാനൽ ചർച്ചകൾ, ബിസിനസ്സ് നെറ്റ്‌വർക്കിംഗ് സെഷനുകൾ, പ്രത്യേകമായി സംഘടിപ്പിച്ച ബിസിനസ്സ്-ടു-ബിസിനസ്സ് (B2B) കൂടിക്കാഴ്ചകൾ എന്നിവ ഉൾപ്പെടുന്ന വിപുലമായ പരിപാടികൾ ഉണ്ടായിരിക്കുമെന്ന് എൻ.എഫ്.ഡി.സി (NFDC) മാനേജിംഗ് ഡയറക്ടർ ശ്രീ പ്രകാശ് മഗ്ദും പ്രസ്താവിച്ചു. അന്താരാഷ്ട്ര സഹനിർമ്മാണം, ഉള്ളടക്ക ഫണ്ടിംഗ്, ഡിജിറ്റൽ മാറ്റങ്ങൾ, ബൗദ്ധിക സ്വത്തവകാശം, വനിതാ സംരംഭകത്വം, വളർന്നുവരുന്ന സാങ്കേതികവിദ്യകൾ, പൊതുനയം, സൗത്ത്-സൗത്ത് സഹകരണം എന്നിവയുൾപ്പെടെ സർഗ്ഗാത്മക സാമ്പത്തിക രംഗത്തിന്റെ ഭാവിയെ രൂപപ്പെടുത്തുന്ന പ്രധാന വിഷയങ്ങളിലായിരിക്കും ചർച്ചകൾ കേന്ദ്രീകരിക്കുക.
 
സർഗ്ഗാത്മക സാമ്പത്തിക രംഗത്തെ നൂതനാശയങ്ങൾ , സംരംഭകത്വം, തൊഴിലവസരങ്ങൾ, സാമ്പത്തിക വളർച്ച എന്നിവയുടെ പ്രധാന ചാലകശക്തിയായി മാറ്റാനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയെയാണ് ബ്രിക്സ് വേവ്സ് ബസാർ പ്രതിഫലിപ്പിക്കുന്നതെന്ന് ഉദ്ഘാടന ചടങ്ങിൽ നന്ദി രേഖപ്പെടുത്തിക്കൊണ്ട് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ശ്രീ സെന്തിൽ രാജൻ പ്രസ്താവിച്ചു.
 
നയരൂപകർത്താക്കളെയും വ്യവസായ പങ്കാളികളെയും ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ കൊണ്ടുവരുന്നതിലൂടെ, ദീർഘകാല പങ്കാളിത്തത്തിന് വഴിയൊരുക്കാനും ബ്രിക്സ് അംഗരാജ്യങ്ങൾക്കും പങ്കാളിത്ത രാജ്യങ്ങൾക്കുമിടയിൽ വ്യാപാരം, നിക്ഷേപം, സാംസ്കാരിക സഹകരണം എന്നിവയിൽ പുതിയ അവസരങ്ങൾ തുറക്കാനും ബ്രിക്സ് വേവ്സ് ബസാർ ലക്ഷ്യമിടുന്നു.
 
******

(रिलीज़ आईडी: 2295497) आगंतुक पटल : 12
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Assamese , Gujarati , Tamil , Telugu , Kannada