ഇന്ത്യ-റുവാണ്ട സംയുക്ത വ്യാപാര സമിതിയുടെ ആദ്യ യോഗം 2026 ജൂലൈ 30, 31 തീയതികളിൽ ന്യൂഡൽഹിയിൽ ചേര്‍ന്നു. ഇന്ത്യൻ സംഘത്തെ വാണിജ്യ വകുപ്പ് ജോയിൻ്റ് സെക്രട്ടറി ശ്രീ അമിത് കുമാറും റുവാണ്ട സംഘത്തെ റുവാണ്ട വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിലെ ഏഷ്യ, പസഫിക്, മിഡിൽ-ഈസ്റ്റ് കാര്യ ഡയറക്ടർ ജനറൽ ശ്രീ വിർജിൽ റവാന്യാഗതാരയും നയിച്ചു.
ഉഭയകക്ഷി വ്യാപാരം വിലയിരുത്താനും വാണിജ്യ മേഖലകള്‍ വൈവിധ്യവത്കരിക്കാനും ഉഭയകക്ഷി നിക്ഷേപം വിപുലീകരിക്കാനും ഗതാഗത - ചരക്കുനീക്ക തടസ്സങ്ങൾ പരിഹരിക്കാനും സ്ഥിരവും ഘടനാപരവും കൃത്യമായ ഇടവേളകളില്‍ പ്രവര്‍ത്തിക്കുന്നതുമായ പരമോന്നത സംവിധാനം പ്രഥമ യോഗത്തിലൂടെ നിലവിൽ വന്നതായി ഉദ്ഘാടന പ്രസംഗം നടത്തിയ വാണിജ്യ വകുപ്പ് അഡീഷണൽ സെക്രട്ടറി ശ്രീ യഷ്‍വീർ സിങ് പറഞ്ഞു.
ചരക്ക്, സേവന മേഖലകളിലെ ഉഭയകക്ഷി വ്യാപാരത്തിൻ്റെ നിലവിലെ അവസ്ഥ ഇരുരാജ്യങ്ങളും വിലയിരുത്തി. മരുന്നുകളും ജൈവ ഔഷധങ്ങളും, ഇരുചക്ര-മുച്ചക്ര വാഹനങ്ങൾ, വ്യാവസായിക-വൈദ്യുത യന്ത്രങ്ങൾ, തവിട് ഉല്പന്നങ്ങള്‍, ഇരുമ്പ്-ഉരുക്ക് ഉല്പന്നങ്ങൾ എന്നിവയാണ് ഇന്ത്യയിൽ നിന്ന് റുവാണ്ടയിലേക്ക് പ്രധാനമായി കയറ്റുമതി ചെയ്യുന്നത്. ഈയം, സുഗന്ധവ്യഞ്ജനങ്ങൾ, സുഗന്ധ തൈലങ്ങൾ, ചെമ്പ്, വിലപിടിപ്പുള്ള കല്ലുകൾ, സംസ്‌കരിച്ച കാർഷികോല്പന്നങ്ങള്‍, ധാതുക്കൾ എന്നിവയാണ് റുവാണ്ടയിൽ നിന്ന് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഉഭയകക്ഷി വാണിജ്യ ഇനങ്ങൾ വൈവിധ്യവല്‍ക്കരിക്കുന്നതിനും ബിസിനസ്സ്-ടു-ബിസിനസ്സ് പങ്കാളിത്തം സുഗമമാക്കുന്നതിനും വിപണി പ്രവേശന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും യോജിച്ച് പ്രവർത്തിക്കാൻ ഇരുരാജ്യങ്ങളും ധാരണയായി.
വന്‍കിട എന്‍ജിനീയറിങ് സാമഗ്രികള്‍, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, സംസ്കരിച്ച പെട്രോളിയം ഉല്പന്നങ്ങൾ, തുണിത്തരങ്ങൾ, സമുദ്രോല്പന്നങ്ങൾ, പ്ലാസ്റ്റിക്കുകൾ, കായിക സാമഗ്രികളും കളിപ്പാട്ടങ്ങളും, രത്നങ്ങളും ആഭരണങ്ങളും, ശാസ്ത്രീയ ഉപകരണങ്ങൾ എന്നിവയുടെ കയറ്റുമതി വിപുലീകരിക്കുന്നതിലെ സാധ്യത ഇന്ത്യ ചൂണ്ടിക്കാട്ടി. റുവാണ്ടയുടെ ഔഷധ ഇറക്കുമതിയുടെ പ്രധാന സ്രോതസ്സായി ഇന്ത്യ തുടരുന്നതായും രാജ്യത്തിൻ്റെ ഔഷധ ഇറക്കുമതിയുടെ 24.5 ശതമാനത്തോളം ഇന്ത്യയിൽ നിന്നാണെന്നും യോഗം വിലയിരുത്തി. മുളക്, മക്കാഡാമിയ, ഫ്രഞ്ച് ബീൻസ്, അവക്കാഡോ, സുഗന്ധ തൈലങ്ങൾ, തേയില, കാപ്പി, മറ്റ് തോട്ടവിള ഉല്പന്നങ്ങൾ, ധാതുക്കൾ, വിലപിടിപ്പുള്ള കല്ലുകൾ എന്നിവ ഇന്ത്യയിലേക്കുള്ള മുൻഗണനാ കയറ്റുമതിയായി റുവാണ്ട തരംതിരിച്ചു. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സും (ബിഐഎസ്) റുവാണ്ട സ്റ്റാൻഡേർഡ്സ് ബോർഡും തമ്മിലെ ശേഷി വർധന ഉൾപ്പെടെ മാനദണ്ഡങ്ങൾ ഏകീകരിക്കുന്നതിലെ സഹകരണം ഇരുപക്ഷവും ചർച്ച ചെയ്തു.
2025-ലെ കണക്കനുസരിച്ച് രണ്ടാമത്തെ ഏറ്റവും വലിയ വിദേശ നിക്ഷേപകര്‍ ഇന്ത്യയാണെന്ന് നിക്ഷേപവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ റുവാണ്ട വ്യക്തമാക്കി. ഖനനം, കാർഷിക സംസ്‌കരണം, താങ്ങാവുന്ന ഭവന നിര്‍മ്മാണം, വിവര-വാർത്താവിനിമയ സാങ്കേതികവിദ്യ, നിർമ്മാണം, ആരോഗ്യ സംരക്ഷണം, വിനോദസഞ്ചാരം, സാമ്പത്തിക സേവനങ്ങൾ എന്നീ മേഖലകളിലെ അവസരങ്ങൾ റുവാണ്ട എടുത്തുകാട്ടി. ജെ.ടി.സി ചട്ടക്കൂടിന് കീഴിൽ 'ഇൻവെസ്റ്റ് ഇന്ത്യ'യെയും 'റുവാണ്ട ഡെവലപ്‌മെൻ്റ് ബോർഡി'നെയും നിക്ഷേപ ശ്രദ്ധാകേന്ദ്രങ്ങളായി ഇരുരാജ്യങ്ങളും നിശ്ചയിച്ചു. വ്യാപാര മേളകൾ, വ്യാപാര ഫോറങ്ങൾ, വ്യാപാരി-ഉപഭോക്തൃ സംഗമം എന്നിവയുടെ കലണ്ടറുകൾ പരസ്പരം കൈമാറുന്നതിന് യോഗത്തിൽ അംഗീകാരം നല്‍കി. ഈസ്റ്റ് ആഫ്രിക്കൻ കമ്മ്യൂണിറ്റി (EAC), കോമൺ മാർക്കറ്റ് ഫോർ ഈസ്റ്റേൺ ആൻഡ് സതേൺ ആഫ്രിക്ക (COMESA), ആഫ്രിക്കൻ കോണ്ടിനെൻ്റൽ ഫ്രീ ട്രേഡ് ഏരിയ (AfCFTA) എന്നിവയിലേക്കുള്ള കവാടമെന്ന നിലയിൽ വിശാലമായ പ്രാദേശിക വിപണിയിലേക്ക് ഇന്ത്യൻ വ്യാപാര സംരംഭങ്ങള്‍ക്ക് പ്രവേശനം നൽകുന്ന തന്ത്രപ്രധാന സ്ഥാനവും റുവാണ്ട എടുത്തുകാട്ടി.
വിവിധ മേഖലകളിലെ സഹകരണത്തിന് നിരവധി മുൻഗണനാ മേഖലകൾ ഇരുപക്ഷവും കണ്ടെത്തി. നിർണായക ധാതുക്കളുടെ കാര്യത്തിൽ റുവാണ്ടയുടെ ഈയം,ടങ്സ്റ്റൺ, ടാൻ്റലം സ്രോതസ്സുകളിലെ സഹകരണം ശക്തിപ്പെടുത്താനും ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും റുവാണ്ട മൈൻസ് - പെട്രോളിയം ആൻഡ് ഗ്യാസ് ബോർഡും തമ്മിലെ സ്ഥാപനപരമായ സഹകരണത്തിനും ഇന്ത്യ താല്പര്യം പ്രകടിപ്പിച്ചു. ഔഷധ, ആരോഗ്യ സംരക്ഷണ മേഖലയിൽ ഇരുരാജ്യങ്ങളിലെയും ആരോഗ്യ അധികൃതര്‍ തമ്മില്‍ ധാരണാപത്രം ഒപ്പുവെക്കുന്നത് അന്തിമഘട്ടത്തിലാണെന്ന് യോഗം വിലയിരുത്തി. ഇന്ത്യൻ ഔഷധകോശത്തിൻ്റെ അംഗീകാരവും പരമ്പരാഗത വൈദ്യശാസ്ത്രത്തിലെ വിപുലമായ സഹകരണവും ഇന്ത്യ നിർദേശിച്ചു.
അവൊക്കാഡോയുടെ വിപണി പ്രവേശനം ഉൾപ്പെടെ കൃഷി - കാർഷിക സംസ്‌കരണം, തുണിത്തരങ്ങളും തുകല്‍ ഉല്പന്നങ്ങളും, ഹരിത ഗതാഗതം, ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യം, ഫിൻടെക്, സൈബർ സുരക്ഷ, പുനരുപയോഗ ഊർജ്ജം എന്നീ മേഖലകളിലെ സഹകരണവും ചർച്ചകളിൽ ഇടംപിടിച്ചു. റുവാണ്ടയുടെ സാങ്കേതിക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പരിശീലന സംവിധാനം ശക്തിപ്പെടുത്താന്‍ പിന്തുണ നല്‍കുന്നതുൾപ്പെടെ ഇന്ത്യൻ സാങ്കേതിക സാമ്പത്തിക സഹകരണ പരിപാടി, സ്റ്റഡി ഇൻ ഇന്ത്യ സംരംഭം, സ്കിൽ ഇന്ത്യ മിഷൻ എന്നിവയിലൂടെ ശേഷി വർധനാ പിന്തുണ ഇന്ത്യ വാഗ്ദാനം ചെയ്തു.
സൗഹൃദപരവും ക്രിയാത്മകവുമായ അന്തരീക്ഷത്തിലാണ് ചർച്ചകൾ നടന്നത്. ഉഭയകക്ഷി വാണിജ്യ പങ്കാളിത്തത്തില്‍ മുന്നേറ്റം കൈവരിച്ചതിന് വാണിജ്യ സെക്രട്ടറി ശ്രീ രാജേഷ് അഗർവാൾ ഇരു സംഘങ്ങളെയും അഭിനന്ദിച്ചു. അംഗീകരിച്ച യോഗതീരുമാനങ്ങള്‍ കൃത്യമായി നിരീക്ഷിക്കേണ്ടതിൻ്റെയും സമയബന്ധിതമായി നടപ്പാക്കേണ്ടതിൻ്റെയും ആവശ്യകത അദ്ദേഹം വ്യക്തമാക്കി.
അംഗീകരിച്ച യോഗതീരുമാനങ്ങള്‍ 2026 ജൂലൈ 31-ന് ന്യൂഡൽഹിയിൽ ഒപ്പുവെച്ചു. ഇന്ത്യ-റുവാണ്ട സംയുക്ത വ്യാപാര സമിതിയുടെ രണ്ടാമത്തെ യോഗം ഒരു വർഷത്തിന് ശേഷം ഇരുപക്ഷത്തിനും സൗകര്യപ്രദമായ തീയതിയിൽ നയതന്ത്രതല ചർച്ചകളിലൂടെ റുവാണ്ടയിൽ ചേരാനും ധാരണയായി.

***