പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
ഇ20 അവതരിപ്പിച്ചത് ശാസ്ത്രീയ പരീക്ഷണങ്ങൾക്കും വിപുലമായ പങ്കാളിത്ത ചർച്ചകൾക്കും ശേഷം
प्रविष्टि तिथि:
30 JUL 2026 3:04PM by PIB Thiruvananthpuram
നീതി ആയോഗ്, വാഹന നിർമ്മാതാക്കൾ, എണ്ണ വിപണന കമ്പനികൾ (OMC), ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (ARAI), സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് (SIAM), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം (IIP), മറ്റ് സാങ്കേതിക സ്ഥാപനങ്ങൾ അടക്കമുള്ള പ്രധാന പങ്കാളികളുമായി വിപുലമായ കൂടിയാലോചനകൾക്കും ശാസ്ത്രീയ സാധൂകരണത്തിനും ശേഷം, ഘട്ടം ഘട്ടമായാണ് എഥനോൾ ബ്ലെൻഡഡ് പെട്രോൾ (EBP) പദ്ധതി നടപ്പിലാക്കിയത്.
വാഹനനിർമ്മാതാക്കൾ, SIAM, ARAI, ഘടക നിർമ്മാതാക്കൾ, ടെസ്റ്റിംഗ് ഏജൻസികൾ, എണ്ണ വിപണന കമ്പനികൾ (OMC) എന്നിവരുമായി വിപുലമായ കൂടിയാലോചനകൾക്ക് ശേഷമാണ് ഉയർന്നതോതിലുള്ള എഥനോൾ മിശ്രിത ഇന്ധനങ്ങളുടെ വിതരണം ആരംഭിച്ചത്.
എഞ്ചിൻ പ്രകടനം, ഈട്, വാഹനം ഓടിക്കാനുള്ള സുഖം, സ്റ്റാർട്ടാകാനുള്ള ശേഷി, ദ്രവിക്കൽ പ്രതിരോധ ശേഷി, കാർബൺ ബഹിർഗമനം, ഇന്ധനക്ഷമത, വാഹന ഘടകങ്ങളുമായുള്ള അനുയോജ്യത എന്നിവയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ പാലിക്കുന്നതിനാൽ ഇ20 ഇന്ധനം സുരക്ഷിതമാണെന്ന് ARAI, SIAM, IOCL, IIP, വാഹന നിർമ്മാതാക്കൾ, എണ്ണ വിപണന കമ്പനികൾ എന്നിവരുടെ വിപുലമായ ലബോറട്ടറി പരിശോധനകളും ഫീൽഡ് ട്രയലുകളുംസ്ഥിരീകരിച്ചു.
പഴയ വാഹനങ്ങളിൽ ഇ20 ഇന്ധനം ഉപയോഗിക്കുമ്പോൾ പ്രകടനത്തിൽ വലിയ മാറ്റങ്ങളോ അസാധാരണമായ തേയ്മാനമോ പ്രകടമായിട്ടില്ലെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ലബോറട്ടറി പരിശോധനകൾ, യഥാർത്ഥ പ്രവർത്തന അനുഭവം എന്നിവയിലൂടെയും ഇ20 മൂലം വാഹന പ്രകടനത്തിൽ പ്രതികൂല ഫലങ്ങളില്ലെന്ന് വ്യക്തമായിട്ടുണ്ട്. നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പ്രകാരം ഇ20 ഇന്ധനം ഉപയോഗിക്കുന്നത് സുരക്ഷിതമാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ലബോറട്ടറി ഗവേഷണത്തെ മാത്രമല്ല, രാജ്യവ്യാപകമായി നടപ്പിലാക്കിയതിനുശേഷമുള്ള വിപുലമായ അനുഭവത്തെയും അടിസ്ഥാനമാക്കിയാണ് ഗവണ്മെൻ്റിൻ്റെ ഈ വിലയിരുത്തൽ. ഇന്ത്യയിൽ പ്രതിദിനം ഏകദേശം 8 കോടി വാഹനങ്ങൾ ഇന്ധന സ്റ്റേഷനുകൾ സന്ദർശിക്കുന്നു (ഏകദേശം 80% പെട്രോൾ വാഹനങ്ങൾ).
മൂന്നര വർഷത്തിലേറെയായി ഇ15+ മിശ്രിത പെട്രോളും രണ്ടര വർഷത്തിലേറെയായി ഇ19-ഇ20 ഇന്ധനങ്ങളും വ്യാപകമായി ഉപയോഗിച്ചുവരുന്നതിൽ നിന്ന് ഇക്കാര്യങ്ങൾ വ്യക്തമാണ്. എഥനോൾ മിശ്രിതം മൂലമുണ്ടാകുന്ന വ്യാപകമായ എഞ്ചിൻ തകരാറിൻ്റെയോ വാഹന തകരാറിൻ്റെയോ സ്ഥിരീകരിക്കപ്പെട്ട തെളിവുകളൊന്നുമില്ലാതെ 20 കോടിയിലധികം ഇരുചക്ര വാഹനങ്ങളും 3 കോടിയിലധികം പെട്രോൾ കാറുകളും നിലവിൽ പ്രവർത്തനക്ഷമമാണ്. ഇ20 ഇന്ധനം മൂലം വാഹന ആയുസ്സിൽ കുറവോ അസാധാരണമായ നാശമോ, തേയ്മാനമോ ഉണ്ടായിട്ടില്ലെന്ന് വാഹന നിർമ്മാതാക്കളുടെ സർവീസ് രേഖകൾ സ്ഥിരീകരിക്കുന്നു. ഇ20 ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങൾക്കുള്ള വാറൻ്റി ബാധ്യതകൾ നിർമ്മാതാക്കൾ പാലിക്കുന്നു, ഇത് ഇ20 ഇന്ധനത്തിൻ്റെ സുരക്ഷയ്ക്കും വിശ്വാസ്യതയ്ക്കും കൂടുതൽ ബലം പകരുന്നു.
പ്രധാന വാഹന നിർമ്മാതാക്കളിൽ നിന്നുള്ള യഥാർത്ഥ ഡാറ്റകൾ ഗവണ്മെൻ്റിൻ്റെ അവകാശവാദത്തെ ശരിവയ്ക്കുന്നു. ഒരു പ്രമുഖ വാഹന നിർമ്മാതാവ് 2025-26 ൽ 2.84 കോടി വാഹനങ്ങൾ സർവീസ് ചെയ്തു, ഇ20-ഇന്ധനത്തിനായി രൂപകൽപ്പന ചെയ്തിട്ടില്ലാത്ത ഏകദേശം 1.5 കോടി പഴയ വാഹനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ, ഇ20-മായി ബന്ധപ്പെട്ട ദ്രവിക്കൽ, അസാധാരണമായ തേയ്മാനം, ഘടക ഭാഗങ്ങളുടെ ആയുസ്സിലെ കുറവ് എന്നിവയൊന്നും കണ്ടെത്തിയില്ല. ഒരു പ്രമുഖ ഇരുചക്ര വാഹന നിർമ്മാതാവും സമാനമായ ഫലങ്ങൾ റിപ്പോർട്ട് ചെയ്തു. മറ്റൊരു നിർമ്മാതാവ് ഇ20 ഇന്ധനം ഉപയോഗിക്കുന്ന 1.4 കോടി വാഹനങ്ങൾ നിരീക്ഷിച്ചതിൽ നിന്ന് എഥനോൾ മൂലം നാശമുണ്ടാകുന്നതിന് തെളിവുകളൊന്നും ഇല്ലെന്ന് റിപ്പോർട്ട് ചെയ്തു. ഉപഭോക്താക്കളിലേക്ക് എത്തുന്നതിനുമുമ്പ് വാഹനങ്ങൾ കർശനമായ അന്താരാഷ്ട്ര നിലവാര പരിശോധനയ്ക്ക് വിധേയമാകുന്നുണ്ടെന്ന് ARAI ആവർത്തിച്ച് സ്ഥിരീകരിച്ചു.
ഓട്ടോമൊബൈൽ നിർമ്മാതാക്കൾ, ഘടകഭാഗ വിതരണക്കാർ, SIAM, ARAI, ടെസ്റ്റിംഗ് ഏജൻസികൾ, എണ്ണ വിപണന കമ്പനികൾ എന്നിവർ ശാസ്ത്രീയ മൂല്യനിർണ്ണയത്തിലും ഘട്ടം ഘട്ടമായുള്ള ഇ20 ഇന്ധനത്തിൻ്റെ അവതരണത്തിലും ഭാഗഭാക്കായിരുന്നു. ഇന്ധന സംവിധാനങ്ങൾ, എഞ്ചിൻ പ്രകടനം, ഈട്, വാഹനം ഓടിക്കാനുള്ള സുഖം, സ്റ്റാർട്ടാകാനുള്ള ശേഷി, ദ്രവിക്കൽ പ്രതിരോധ ശേഷി, എമിഷൻ, ഇന്ധനക്ഷമത, വാഹന ഘടകങ്ങളുമായുള്ള അനുയോജ്യത എന്നിവയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളുടെ വിജയകരമായ സാധൂകരണത്തിന് ശേഷമാണ് ഇ20 അവതരിപ്പിച്ചത്. നിർദ്ദിഷ്ട പ്രവർത്തന സാഹചര്യങ്ങളിൽ പഴയ വാഹനങ്ങളുടെ പ്രകടനം, ഈട് ഘടകങ്ങളുമായുള്ള അനുയോജ്യത എന്നിവയിൽ കാര്യമായ പ്രതികൂല സ്വാധീനം ഈ പഠനങ്ങളിലൂടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഇ20 ഉപയോഗിക്കുന്ന പഴയ വാഹനങ്ങൾക്ക് വാഹന നിർമ്മാതാക്കൾ വാറൻ്റികൾ തുടരുന്നത് സുരക്ഷയിലും വിശ്വാസ്യതയിലും ഉള്ള വിശ്വാസം വ്യക്തമാക്കുന്നു.
SIAM, ARAI എന്നിവ വ്യക്തമാക്കുന്നത്, ഇ20 ഇന്ധനത്തിൻ്റെ ഉപയോഗം വാഹന ആക്സിലറേഷനും ഡ്രൈവിംഗ് പ്രകടനവും മെച്ചപ്പെടുത്തുകയും കാർബൺ ബഹിർഗമനം കുറയ്ക്കുകയും ചെയ്യുന്നുവെന്നാണ്. എഥനോളിന് ഉയർന്ന ഒക്ടേൻ റേറ്റിംഗ് ഉണ്ട്, ഇത് ആധുനിക ഹൈ-കംപ്രഷൻ എഞ്ചിനുകളുടെ കാര്യക്ഷമമായ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നു. ഉയർന്ന ബാഷ്പീകരണ താപം ജ്വലന പ്രക്രിയയും കാര്യക്ഷമതയും മെച്ചപ്പെടുത്താൻ സഹായിക്കുന്നു
പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയ സഹമന്ത്രി ശ്രീ സുരേഷ് ഗോപി ഇന്ന് ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
****
(रिलीज़ आईडी: 2292096)
आगंतुक पटल : 7