യുവജനകാര്യ, കായിക മന്ത്രാലയം
प्रविष्टि तिथि:
29 JUL 2026 2:32PM by PIB Thiruvananthpuram
ലഹരി മുക്ത ഭാരതം, വികസിത് ഭാരത് 2047 എന്നീ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവെയ്പ്പിൽ , 'നശാ മുക്ത് യുവ ഫോർ വികസിത് ഭാരത് സങ്കൽപ്പ് അഭിയാൻ' 2026 ഓഗസ്റ്റ് 2-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ജനപങ്കാളിത്തത്തിലൂടെ ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെയുള്ള ജനകീയ പ്രസ്ഥാനത്തിന് നേതൃത്വം നൽകാൻ അദ്ദേഹം രാജ്യത്തെ യുവാക്കളോട് ആഹ്വാനം ചെയ്യും.
പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം , മൈ ഭാരതിന്റെ (MY Bharat) നേതൃത്വത്തിൽ രാജ്യത്തുടനീളമുള്ള യുവാക്കളുടെ സജീവ പങ്കാളിത്തത്തോടെ ഈ പ്രചാരണം ഒരു ദേശീയ ബഹുജന പ്രസ്ഥാനമായി ആരംഭിക്കും. ബോധവൽക്കരണം, സാമൂഹിക ഇടപെടൽ, സുസ്ഥിര ജനപങ്കാളിത്തം എന്നിവയിലൂടെ ലഹരിമുക്ത ഭാരതം പടുത്തുയർത്തുന്നതിനുള്ള കൂട്ടായ ദേശീയ ദൗത്യത്തിലേക്ക് യുവപൗരന്മാരെ ഉൾച്ചേർക്കുന്നതിനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.
പ്രധാനമന്ത്രിയുടെ അഭിസംബോധനയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, രാജ്യത്തുടനീളമുള്ള പതിനായിരത്തോളം കേന്ദ്രങ്ങളിൽ ഒരേസമയം പ്രതിജ്ഞാ ചടങ്ങുകൾ സംഘടിപ്പിക്കും. ലഹരിമുക്ത സമൂഹത്തിനായുള്ള പ്രതിജ്ഞാബദ്ധത വീണ്ടും ഉറപ്പിച്ചുകൊണ്ടും 'നശാ മുക്ത് യുവ' പ്രവർത്തകരായി രാഷ്ട്രനിർമ്മാണത്തിൽ സ്വയം സമർപ്പിച്ചുകൊണ്ടും ഒരു കോടിയിലധികം യുവാക്കൾ 'നശാ മുക്തി പ്രതിജ്ഞ'യിൽ പങ്കാളികളാകും.
മൈഭാരത് സന്നദ്ധപ്രവർത്തകർ , ഭാരത് നാഷണൽ സർവീസ് സ്കീം സന്നദ്ധപ്രവർത്തകർ, യൂത്ത് ക്ലബ്ബുകൾ, സ്കൂളുകൾ, കോളേജുകൾ, സർവ്വകലാശാലകൾ, സന്നദ്ധ സംഘടനകൾ (എൻ.ജി.ഒ), വ്യാവസായിക സംഘടനകൾ, 125-ലധികം ആത്മീയ സംഘടനകൾ എന്നിവരിൽ നിന്നുള്ള കൂട്ടായ പങ്കാളിത്തത്തിന് ഈ പ്രചാരണപരിപാടി സാക്ഷ്യം വഹിക്കും. ഇത് ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ യുവജന നേതൃത്വത്തിൽ രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ പൊതു പ്രസ്ഥാനങ്ങളിലൊന്നായി മാറും.
ഒരു സാധാരണ ബോധവൽക്കരണ പരിപാടിയിൽ നിന്ന് വ്യത്യസ്തമായി, 'നശാ മുക്ത് യുവ ഫോർ വികസിത് ഭാരത് സങ്കൽപ്പ് അഭിയാൻ' 100 ആഴ്ച നീണ്ടുനിൽക്കുന്ന ഒരു സുസ്ഥിര ജനകീയ പങ്കാളിത്ത പ്രസ്ഥാനമായാണ് വിഭാവനം ചെയ്തിരിക്കുന്നത്. അടുത്ത 100 ആഴ്ചകളിൽ എല്ലാ ഞായറാഴ്ചകളിലും രാജ്യത്തുടനീളം യുവാക്കളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും സാമൂഹിക ഇടപെടലുകൾ ശക്തിപ്പെടുത്തുന്നതിനും യുവജനങ്ങളുടെ ഊർജ്ജം ക്രിയാത്മകമായി രാഷ്ട്രനിർമ്മാണത്തിലേക്ക് തിരിച്ചുവിടുന്നതിനുമാണ് ഇത് ലക്ഷ്യമിടുന്നത്.
ലഹരി ഉപയോഗത്തിന്റെ ദോഷഫലങ്ങളെക്കുറിച്ച് സമൂഹത്തെ ബോധവൽക്കരിക്കുന്നതിനൊപ്പം ശുഭകരമായ സാമൂഹിക മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി കായിക മത്സരങ്ങൾ, വാക്കത്തണുകൾ, ധ്യാന സെഷനുകൾ, സാംസ്കാരിക പരിപാടികൾ, കലാ-സർഗ്ഗാത്മക മത്സരങ്ങൾ, തെരുവ് നാടകങ്ങൾ ബോധവൽക്കരണ റാലികൾ, മറ്റ് സാമൂഹിക ഇടപെടൽ പരിപാടികൾ എന്നിവ ഈ വാരാന്ത്യ പ്രവർത്തനങ്ങളിൽ ഉൾപ്പെടും.
തുടർച്ചയായ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും മാതൃകാപരമായ പ്രവർത്തനങ്ങൾ അംഗീകരിക്കുന്നതിനുമായി, പരിപാടിയിൽ മികച്ച സംഭാവനകൾ നൽകുന്ന വോളണ്ടിയർമാരെയും സംഘടനകളെയും 50, 75, 100 ആഴ്ച എന്നീ നാഴികക്കല്ലുകളിൽ ആദരിക്കും. ഇത് പൊതുസേവനത്തിന്റെയും കൂട്ടായ ഉത്തരവാദിത്വത്തിന്റെയും മനോഭാവത്തെ കൂടുതൽ ശക്തിപ്പെടുത്തും.
ദേശീയ താൽപ്പര്യം മുൻനിർത്തി പ്രധാനമന്ത്രിയുടെ ആഹ്വാനത്തിൽ പങ്കുചേരാനും ഈ ചരിത്രപ്രധാനമായ പ്രസ്ഥാനത്തിൽ സജീവ പങ്കാളികളാകാനും കേന്ദ്ര യുവജനക്ഷേമ-കായിക മന്ത്രി ശ്രീ മൻസുഖ് മാണ്ഡവ്യ രാജ്യത്തെ യുവാക്കളോടും സാമൂഹിക സംഘടനകളോടും അഭ്യർത്ഥിച്ചു. ദശലക്ഷക്കണക്കിന് യുവാക്കളുടെയും സ്ഥാപനങ്ങളുടെയും സാമൂഹിക സംഘടനകളുടെയും കൂട്ടായ പരിശ്രമത്തിലൂടെ, ലഹരി ഉപയോഗം ഉപേക്ഷിക്കാനും കൂടുതൽ ആരോഗ്യകരവും ശക്തവും വികസിതവുമായ ഒരു ഭാരതം കെട്ടിപ്പടുക്കുന്നതിൽ സംഭാവന നൽകാനും വ്യക്തികളെ പ്രേരിപ്പിക്കുന്ന ഒരു ദേശീയ സാമൂഹിക പ്രസ്ഥാനം സൃഷ്ടിക്കാൻ ഈ പ്രചാരണപരിപാടി ലക്ഷ്യമിടുന്നു.
പൗരന്മാരുടെ സജീവ പങ്കാളിത്തത്തോടെ ലഹരിക്കെതിരെയുള്ള പോരാട്ടത്തെ ഒരു ബഹുജന പ്രസ്ഥാനമാക്കി മാറ്റാനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനെയാണ് 'നശാ മുക്ത് യുവ ഫോർ വികസിത് ഭാരത് സങ്കൽപ്പ് അഭിയാൻ' പ്രതിഫലിപ്പിക്കുന്നത്. "ലഹരിമുക്തരായ യുവാക്കളാണ് വികസിത ഭാരതത്തിന്റെ ഏറ്റവും വലിയ കരുത്ത്" എന്ന സന്ദേശത്തിലൂന്നിയ ഈ പ്രചാരണം, വികസിത് ഭാരത് 2047-ലേക്ക് ഇന്ത്യ നടത്തുന്ന യാത്രയ്ക്ക് കൂടുതൽ കരുത്തുപകരാനായി, ഓരോ ഗ്രാമത്തിലും പട്ടണത്തിലും നഗരത്തിലും സ്വാധീനമുളവാക്കാൻ ലക്ഷ്യമിടുന്നു