പഞ്ചായത്തീരാജ് മന്ത്രാലയം
azadi ka amrit mahotsav

പഞ്ചായത്തീരാജ് സ്ഥാപനങ്ങളെ ശാക്തീകരിക്കുന്നതിനായി കേന്ദ്രമന്ത്രി ശ്രീ രാജീവ് രഞ്ജൻ സിംഗ് 'ആത്മനിർഭർ പഞ്ചായത്ത്' പ്രോഗ്രാമും 'സമർത്ഥ്' പോർട്ടലും ഉദ്ഘാടനം ചെയ്തു; മാതൃകാ OSR ചട്ടങ്ങൾ പുറത്തിറക്കി

प्रविष्टि तिथि: 27 JUL 2026 5:46PM by PIB Thiruvananthpuram

കേന്ദ്ര പഞ്ചായത്തീരാജ്, ക്ഷീരവികസന, മൃഗസംരക്ഷണ, ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ രാജീവ് രഞ്ജൻ സിംഗ് (ലാലൻ സിംഗ്), ന്യൂഡൽഹിയിലെ കൃഷി ഭവനിൽ നടന്ന ചടങ്ങിൽ 'ആത്മനിർഭർ പഞ്ചായത്ത്' പ്രോഗ്രാം, 'സമർത്ഥ്' (SAMARTH) പഞ്ചായത്ത് പോർട്ടൽ എന്നിവ ഉദ്ഘാടനം ചെയ്യുകയും പഞ്ചായത്തീരാജ് സ്ഥാപനങ്ങൾക്കായുള്ള മാതൃകാ OSR (തനത് വരുമാന സ്രോതസ്സ് - Own Source of Revenue) ചട്ടങ്ങൾ പുറത്തിറക്കുകയും ചെയ്തു.

വികസിത ഭാരതത്തിനായുള്ള ഡാറ്റാധിഷ്ഠിത ഭരണത്തിന് (പഞ്ചായത്ത് വികസന സൂചിക - PAI) കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയത്തിന് ലഭിച്ച 2026-ലെ ദേശീയ ഇ-ഗവേണൻസ് ഗോൾഡ് അവാർഡിന്റെ ട്രോഫിയും സർട്ടിഫിക്കറ്റും ചടങ്ങിൽ കേന്ദ്രമന്ത്രിക്ക് കൈമാറി. കേന്ദ്ര പഞ്ചായത്തീരാജ് സഹമന്ത്രി പ്രൊഫ. എസ്. പി. സിംഗ് ബാഗേൽ, പഞ്ചായത്തീരാജ് മന്ത്രാലയം സെക്രട്ടറി ശ്രീ വിവേക് ഭരദ്വാജ് എന്നിവരും മന്ത്രാലയത്തിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

 

വികസിത് ഭാരത് @2047' എന്ന കാഴ്ചപ്പാടിന് അനുസൃതമായി, സാമ്പത്തികമായി ശാക്തീകരിക്കപ്പെട്ടതും സാങ്കേതികമായി നവീകരിച്ചതും സ്വയംപര്യാപ്ത പഞ്ചായത്തുകൾ നിർമ്മിക്കുന്നതിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഈ പദ്ധതികളെന്ന് ചടങ്ങിൽ സംസാരിച്ച ശ്രീ രാജീവ് രഞ്ജൻ സിംഗ് പറഞ്ഞു.

 

ഇന്ത്യയുടെ ജനാധിപത്യ-വികസന യാത്രയിൽ പഞ്ചായത്തീരാജ് സ്ഥാപനങ്ങൾക്ക് കേന്ദ്രസ്ഥാനമുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡിജിറ്റൽ ഉപകരണങ്ങളും സുസ്ഥിരമായ വരുമാന സ്രോതസ്സുകളും നൽകി അവയെ ശക്തിപ്പെടുത്തുന്നത് ഗ്രാമീണ മേഖലയിലെ ഭരണനിർവ്വഹണം മെച്ചപ്പെടുത്തുകയും സമഗ്ര ഗ്രാമവികസനം വേഗത്തിലാക്കുകയും ചെയ്യും.

 

പ്രാദേശിക ആസ്തികളും അവസരങ്ങളും തിരിച്ചറിഞ്ഞ് അവയെ സുസ്ഥിരമായ വരുമാനദായക പദ്ധതികളാക്കി മാറ്റാൻ 'ആത്മനിർഭർ പഞ്ചായത്ത്' പദ്ധതി പഞ്ചായത്തുകളെ പ്രാപ്തരാക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. നികുതി ചുമത്തൽ, പണമടയ്ക്കൽ, പഞ്ചായത്ത് വരുമാനത്തിന്റെ നിരീക്ഷണം എന്നിവ സുഗമമായും സുതാര്യമായും നടപ്പിലാക്കാൻ 'സമർത്ഥ്' പഞ്ചായത്ത് പോർട്ടൽ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സംരംഭങ്ങൾ തനത് വരുമാന സ്രോതസ്സ് (OSR) ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചുള്ള പതിനാറാം ധനകാര്യ കമ്മിഷൻ്റെ ശുപാർശകൾക്ക് അനുസൃതമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സുതാര്യത വർദ്ധിപ്പിക്കുന്നതിനും പങ്കാളിത്ത ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനും ഗ്രാമീണ തലത്തിൽ ജനകേന്ദ്രീകൃത ഭരണം പ്രോത്സാഹിപ്പിക്കുന്നതിനുമായി ഈ പദ്ധതികൾ ഫലപ്രദമായി വിനിയോഗിക്കാൻ പഞ്ചായത്തീരാജ് സ്ഥാപനങ്ങളിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ജനപ്രതിനിധികളോടും ഉദ്യോഗസ്ഥരോടും കേന്ദ്രമന്ത്രി അഭ്യർത്ഥിച്ചു.

 

ആത്മനിർഭർ പഞ്ചായത്ത് പദ്ധതി 

കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയത്തിന്റെ സവിശേഷമായ ഒരു സംരംഭമാണ് 'ആത്മനിർഭർ പഞ്ചായത്ത് പദ്ധതി'. മന്ത്രാലയത്തിൽ നിന്നുള്ള പ്രത്യേക സാങ്കേതിക പിന്തുണയോടെ പ്രാദേശിക ആസ്തികളും അവസരങ്ങളും തിരിച്ചറിഞ്ഞ്, സുസ്ഥിരമായ OSR സൃഷ്ടിക്കുന്ന വരുമാനദായക പദ്ധതികളാക്കി മാറ്റാൻ ഇത് ഗ്രാമപഞ്ചായത്തുകളെയും ബ്ലോക്ക് പഞ്ചായത്തുകളെയും പ്രാപ്തമാക്കുന്നു. നാബാർഡും (NABARD) ഹഡ്കോയും (HUDCO) സ്ഥാപനപരമായ പങ്കാളികളായ ഈ പദ്ധതിക്ക്, പൊതു സ്വകാര്യ പങ്കാളിത്തം (PPP), കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (CSR) സംഭാവനകൾ, മറ്റ് പദ്ധതികളുമായുള്ള സംയോജനം, ബാങ്ക് വായ്പകൾ എന്നിവ വഴിയാണ് സാമ്പത്തിക സഹായം ലഭ്യമാക്കുന്നത്.

 

നാല് വർഷത്തിനുള്ളിൽ ആകെ 350 പദ്ധതികൾ വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത് (ആദ്യ വർഷത്തിൽ 50 പദ്ധതികളും തുടർന്നുള്ള മൂന്ന് വർഷങ്ങളിൽ 100 പദ്ധതികൾ വീതവും). കുറഞ്ഞത് 50 ലക്ഷം രൂപ തനത് വരുമാനമുള്ള (OSR) ഗ്രാമപഞ്ചായത്തുകൾക്കും കുറഞ്ഞത് ഒരു കോടി രൂപ OSR ഉള്ള ബ്ലോക്ക് പഞ്ചായത്തുകൾക്കും (കുറഞ്ഞത് മൂന്ന് വർഷത്തെ ഭരണകാലയളവ് ബാക്കിയുള്ളവ) അപേക്ഷിക്കാം. പ്രത്യേക പദവിയുള്ള സംസ്ഥാനങ്ങൾക്ക് ഇതിൽ ഇളവുകളുണ്ട്. ഇതുവരെ പത്ത് സംസ്ഥാനങ്ങളിലെ പഞ്ചായത്ത് പ്രതിനിധികൾക്കായി ഈ പദ്ധതിയെക്കുറിച്ചുള്ള ശിൽപശാലകൾ സംഘടിപ്പിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: https://egramswaraj.gov.in/atmanibharguidelines.do /

 

സമർത്ഥ് (SAMARTH) പഞ്ചായത്ത് പോർട്ടൽ

സാങ്കേതികവിദ്യയുടെ സഹായത്തോടെ തനത് വരുമാന സ്രോതസ്സുകൾ (OSR) കാര്യക്ഷമമായി കൈകാര്യം ചെയ്തുകൊണ്ട് ഗ്രാമപഞ്ചായത്തുകളുടെ സാമ്പത്തിക ശേഷി വർദ്ധിപ്പിക്കുന്നതിനായി പഞ്ചായത്തീരാജ് മന്ത്രാലയം രൂപകൽപന ചെയ്ത പ്രഥമ ഡിജിറ്റൽ സംരംഭമാണ് 'സമർത്ഥ് പഞ്ചായത്ത് പോർട്ടൽ'. നികുതിദായകരുടെ രജിസ്ട്രേഷൻ, ഡിമാൻഡ് നോട്ടീസ് നൽകൽ, ഓൺലൈൻ പേയ്‌മെന്റുകൾ, നികുതി ശേഖരണം, തത്സമയ നിരീക്ഷണം വരെയുള്ള മുഴുവൻ OSR ഘട്ടങ്ങളും ഡിജിറ്റലായി കൈകാര്യം ചെയ്യാൻ ഈ ഏകീകൃത പ്ലാറ്റ്‌ഫോം ഗ്രാമപഞ്ചായത്തുകളെ സഹായിക്കുന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സുസ്ഥിരത മെച്ചപ്പെടുത്തുന്നതിന് OSR ശക്തിപ്പെടുത്തണമെന്ന പതിനാറാം ധനകാര്യ കമ്മീഷന്റെ ശുപാർശകളെ പിന്തുണയ്ക്കുന്നതാണ് ഈ സംരംഭം. ഛത്തീസ്ഗഢ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങൾ നിലവിൽ ഈ പോർട്ടലിൽ ഉൾപ്പെട്ടിട്ടുണ്ട്. 51 ലക്ഷത്തിലധികം നികുതിദായകർ രജിസ്റ്റർ ചെയ്യുകയും, 95 കോടി രൂപയുടെ ഡിമാൻഡ് നോട്ടീസുകൾ അയക്കുകയും, 27 കോടിയിലധികം രൂപ ഇതുവരെ പിരിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. മഹാരാഷ്ട്ര, മിസോറാം, അസം, ഹരിയാന, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളെ പോർട്ടലിലേക്ക് ഉൾപ്പെടുത്തുന്ന നടപടികൾ പുരോഗമിക്കുകയാണ്.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: www.samarthpanchayat.gov.in

 

പഞ്ചായത്തീരാജ് സ്ഥാപനങ്ങൾക്കായുള്ള മാതൃകാ OSR ചട്ടങ്ങൾ (Model OSR Rules)

പഞ്ചായത്തീരാജ് സ്ഥാപനങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യം ശക്തിപ്പെടുത്തുന്നതിനായി, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം മാതൃകാ OSR ചട്ടങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. പതിനാറാം ധനകാര്യ കമ്മീഷന്റെ ശുപാർശകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ഈ ചട്ടങ്ങൾ, വസ്തുനികുതി, ഉപയോക്തൃ നിരക്കുകൾ, ഫീസുകൾ, മറ്റ് നികുതിയേതര വരുമാനങ്ങൾ എന്നിവയുടെ വിലയിരുത്തൽ, ശേഖരണം, പരിപാലനം എന്നിവയിൽ സുതാര്യവും ഏകീകൃതവും കാര്യക്ഷമവുമായ ഒരു സംവിധാനം സൃഷ്ടിക്കാൻ സംസ്ഥാനങ്ങളെ സഹായിക്കും.

 

ഈ മാതൃകാ ചട്ടങ്ങൾ മാർഗ നിർദേശക സ്വഭാവമുള്ളവയാണ്. പ്രാദേശിക ആവശ്യങ്ങൾക്കും നിലവിലുള്ള നിയമസംവിധനങ്ങൾക്കും അനുസൃതമായി സംസ്ഥാനങ്ങൾക്ക് ഇവ സ്വീകരിക്കാനോ മാറ്റങ്ങൾ വരുത്താനോ സാധിക്കും. മെച്ചപ്പെട്ട വരുമാന സമാഹരണം പ്രോത്സാഹിപ്പിക്കുക, പ്രാദേശിക ഭരണം ശക്തിപ്പെടുത്തുക, ഗ്രാമീണ ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ നൽകിക്കൊണ്ട് പഞ്ചായത്തുകളെ കൂടുതൽ സാമ്പത്തിക സ്വയംപര്യാപ്തതയുള്ളവവരാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

 

 

***


(रिलीज़ आईडी: 2290168) आगंतुक पटल : 3
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Gujarati , Tamil , Telugu