രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഇന്ത്യ-നോർത്ത് മാസിഡോണിയ ബിസിനസ് ഫോറത്തെ രാഷ്ട്രപതി അഭിസംബോധന ചെയ്തു

പോസ്റ്റഡ് ഓണ്‍: 21 JUL 2026 10:16PM by PIB Thiruvananthpuram
ഇന്ന് (2026 ജൂലൈ 21) സ്കോപ്യേയിൽ നടന്ന ഇന്ത്യ-നോർത്ത് മാസിഡോണിയ ബിസിനസ് ഫോറത്തിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഉദ്ഘാടന പ്രസംഗം നടത്തി. നോർത്ത് മാസിഡോണിയ റിപ്പബ്ലിക് പ്രസിഡന്റ്‌ . ഡോ. ഗോർഡാന സിൽജനോവ്സ്ക-ദാവ്കോവ, നോർത്ത് മാസിഡോണിയൻ സർക്കാരിലെ അംഗങ്ങൾ, ഇരുരാജ്യങ്ങളിലെയും വ്യവസായ പ്രമുഖർ, വ്യവസായ സംഘടനകളുടെ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
 
 
ഒരു ഇന്ത്യൻ രാഷ്ട്രപതി നോർത്ത് മാസിഡോണിയ സന്ദർശിക്കുന്നത് ഇതാദ്യമാണെന്നും, പരസ്പര താല്പര്യമുള്ള എല്ലാ മേഖലകളിലും നോർത്ത് മാസിഡോണിയയുമായി സഹകരിച്ചു പ്രവർത്തിക്കാനുള്ള ഇന്ത്യയുടെ അഭിലാഷത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി പറഞ്ഞു. ഇന്ത്യയും നോർത്ത് മാസിഡോണിയയും തമ്മിലുള്ള സാമ്പത്തിക-വാണിജ്യ ബന്ധം ഇനിയും പൂർണ്ണമായി പ്രയോജനപ്പെടുത്തേണ്ട ഒരു പുതിയ മേഖലയാണെന്ന് അവർ ചൂണ്ടിക്കാട്ടി. ഉഭയകക്ഷി വ്യാപാരത്തിന്റെ വ്യാപ്തിയിൽ ക്രമാനുഗതമായ വളർച്ചയുണ്ടെങ്കിലും, സാധ്യമായതിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് ഇതെന്നും അവർ വ്യക്തമാക്കി.
 
കേവലം വ്യാപാര ബന്ധത്തിൽ നിന്ന് യഥാർത്ഥ സാമ്പത്തിക പങ്കാളിത്തത്തിലേക്ക് മാറുന്നതിന് പരസ്പര നിക്ഷേപങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് രാഷ്ട്രപതി പറഞ്ഞു. ഡിജിറ്റൽ നൂതനാശയം , നിർമിതബുദ്ധി (AI), ഫാർമസ്യൂട്ടിക്കൽസ്, ആരോഗ്യ സംരക്ഷണം, കാർഷിക സംസ്കരണം , ഹരിതോർജ്ജ മാറ്റം തുടങ്ങിയ വിവിധ മേഖലകളിൽ പുതിയ നിക്ഷേപങ്ങൾക്ക് വലിയ സാധ്യതകളുണ്ടെന്ന് അവർ ഊന്നിപ്പറഞ്ഞു. അടുത്ത വർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ലോക ദൃശ്യ ശ്രവ്യ വിനോദ ഉച്ചകോടിയിൽ (WAVES) പങ്കെടുക്കാൻ നോർത്ത് മാസിഡോണിയയെ രാഷ്ട്രപതി ക്ഷണിച്ചു.
 
സ്റ്റാർട്ടപ്പുകൾ, സർവ്വകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ, സാങ്കേതിക സംരംഭങ്ങൾ എന്നിവ തമ്മിലുള്ള പങ്കാളിത്തം പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത രാഷ്ട്രപതി എടുത്തുപറഞ്ഞു. നിർമ്മിത ബുദ്ധി, സൈബർ സുരക്ഷ, ഡിജിറ്റൽ നൂതനാശയങ്ങൾ എന്നിവയിലെ സഹകരണവും പരിശോധിക്കണമെന്ന് അവർ അഭിപ്രായപ്പെട്ടു.
 
 
ലാഭകരമായ പ്രോജക്റ്റുകൾ കണ്ടെത്തുന്നതിനും ദീർഘകാല വാണിജ്യ ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനും ഇരുപക്ഷത്തെയും വ്യവസായങ്ങൾ മുൻകൈയെടുക്കണമെന്ന് രാഷ്ട്രപതി പറഞ്ഞു. ഇരുരാജ്യങ്ങളിലെയും ചേമ്പർ ഓഫ് കോമേഴ്‌സ്, നിക്ഷേപ ഏജൻസികൾ, ബിസിനസ്സ് സംഘടനകൾ എന്നിവ തമ്മിൽ ശക്തമായ ബന്ധം സ്ഥാപിക്കാനും ബിസിനസ്സ് പ്രതിനിധി സംഘങ്ങളുടെ സന്ദർശനം സുഗമമാക്കാനും അവർ അഭ്യർത്ഥിച്ചു. താൽക്കാലിക ഇടപാടുകൾക്കപ്പുറത്തേക്ക് ചിന്തിക്കാനും സാങ്കേതികവിദ്യ കൈമാറ്റം, സംയുക്ത സംരംഭങ്ങൾ (Joint Ventures), പ്രാദേശിക മൂല്യവർദ്ധന, തൊഴിലവസര സൃഷ്ടി എന്നിവയിൽ അധിഷ്ഠിതമായ പങ്കാളിത്തങ്ങളിൽ നിക്ഷേപം നടത്താനും കമ്പനികളോട് രാഷ്ട്രപതി ആവശ്യപ്പെട്ടു. ഈ ഫോറം പുതിയ ആശയങ്ങൾക്ക് രൂപം നൽകുമെന്നും ഇന്ത്യയും നോർത്ത് മാസിഡോണിയയും തമ്മിലുള്ള സഹകരണത്തിന്റെ പുതിയ വാതിലുകൾ തുറക്കുമെന്നും രാഷ്ട്രപതി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
 
****
 
 

( റിലീസ് ഐ.ഡി: 2287512) സന്ദര്‍ശക കൗണ്ടര്‍ : 34
ഈ റിലീസ് വായിക്കുക: Assamese , English , Urdu , हिन्दी , Bengali , Manipuri , Punjabi , Telugu