റെയില്‍വേ മന്ത്രാലയം
റെയിൽ യാത്രയെ സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമാക്കാൻ ലക്ഷ്യമിട്ട് പ്രഥമ ഹൈഡ്രജൻ ഫ്യുവൽ സെൽ ട്രെയിൻ പുറത്തിറക്കാനൊരുങ്ങി ഇന്ത്യ, ഏകദേശം 2,600 പേർക്ക് യാത്ര ചെയ്യാനാകും
प्रविष्टि तिथि:
16 JUL 2026 11:14AM by PIB Thiruvananthpuram
ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിച്ച് സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ഫ്യുവൽ സെൽ ട്രെയിൻ ഫ്ലാഗ്-ഓഫ് ചെയ്യാൻ ഇന്ത്യൻ റെയിൽവേ തയ്യാറെടുക്കുന്നു. സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്നതിനാൽ, യാത്രാവേളയിൽ ദോഷകരമായ കാർബൺ ബഹിർഗമനം ഉണ്ടാകുന്നില്ല എന്നതാണ് ഇത്തരം ട്രെയിനുകളുടെ പ്രധാന നേട്ടം. കൽക്കരി, നീരാവി എഞ്ചിനുകളിൽ നിന്ന് ഭാവിസജ്ജമായ ശുദ്ധവും സുസ്ഥിരവുമായ ഊർജ്ജ സ്രോതസ്സുകൾ സ്വീകരിക്കുന്നതിലേക്ക് ഇന്ത്യൻ റെയിൽവേയുടെ സംവിധാനങ്ങൾ എപ്രകാരം പരിണമിച്ചുവെന്ന് ഇതിലൂടെ വ്യക്തമാകുന്നു.
കഴിഞ്ഞ 12 വർഷത്തിനിടടെ, ഇന്ത്യൻ റെയിൽവേ ശൃംഖലയുടെ ഭൂരിഭാഗവും വൈദ്യുതീകരിക്കാനായിട്ടുണ്ട്. ഇതോടെ ഇറക്കുമതി ചെയ്യുന്ന ഡീസൽ ഇന്ധനത്തെ ആശ്രയിക്കുന്നത് ഗണ്യമായി കുറഞ്ഞു. ബ്രോഡ്ഗേജ് റെയിൽവേ റൂട്ടുകളിൽ 99% ത്തിലധികം വൈദ്യുതീകരിച്ചതോടെ ഇന്ത്യൻ റെയിൽവേ ഒരു പടി കൂടി കടന്ന്, ഹൈഡ്രജൻ ഇന്ധന സെൽ ട്രെയിനുകൾ അവതരിപ്പിക്കുന്നതിലൂടെ ശുദ്ധമായ ഗതാഗതത്തിലേക്ക് മറ്റൊരു പ്രധാന ചുവടുവെപ്പ് നടത്തുകയാണ്. ഓവർഹെഡ് ലൈനുകളിൽ നിന്ന് വൈദ്യുതി ഉപയോഗിക്കുന്ന സാധാരണ വൈദ്യുത ട്രെയിനുകളിൽ നിന്ന് വ്യത്യസ്തമായി, ഈ ട്രെയിനുകൾ ഹൈഡ്രജനും ഓക്സിജനും തമ്മിലുള്ള ഒരു രാസപ്രവർത്തനത്തിലൂടെ സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കുന്നു. ഈ പ്രക്രിയയുടെ ഏക ഉപോത്പന്നം ജലബാഷ്പമാണ്, ഇത് ട്രെയിനുകളെ പരിസ്ഥിതി സൗഹൃദവും മലിനീകരണ മുക്തവുമാക്കുന്നു.
നീരാവി, ഡീസൽ എന്നിവ ഉപയോഗിക്കുന്ന പഴയ എഞ്ചിനുകളെപ്പോലെ, ഹൈഡ്രജൻ ഇന്ധന സെൽ ട്രെയിനും സ്വന്തമായ ഊർജ്ജ സ്രോതസ്സ് ആവശ്യമാണ്. എന്നാൽ കൽക്കരി, ഡീസൽ അടക്കമുള്ള പരമ്പരാഗത ഇന്ധനങ്ങൾ ഉപയോഗിക്കുന്നതിന് പകരം, ശുദ്ധമായ രാസപ്രക്രിയയിലൂടെ അന്തരീക്ഷത്തിൽ നിന്നുള്ള ഓക്സിജൻ ഉപയോഗിച്ച് ഹൈഡ്രജൻ ട്രെയിനിനുള്ളിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നു. ട്രെയിനിനുള്ളിൽ വൈദ്യുതി ഉത്പാദിപ്പിക്കാൻ വായുവിൽ നിന്നുള്ള ഹൈഡ്രജനും ഓക്സിജനും ഉപയോഗിക്കുന്നു. ഈ പ്രക്രിയയിൽ ജ്വലനം ആവശ്യമില്ല, ബാഹ്യ ലൈനുകളിൽ നിന്ന് വൈദ്യുതിയും ആവശ്യമില്ല. ശുദ്ധമായ ഹൈഡ്രജൻ സാങ്കേതികവിദ്യയിലൂടെ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനാൽ, ഏറ്റവും പരിസ്ഥിതി സൗഹൃദമായ ട്രെയിനുകളിൽ ഒന്നായി ഇത് മാറുന്നു. സുസ്ഥിര ഗതാഗത ഭാവിക്ക് ഇത് ശക്തി പകരുന്നു. സുരക്ഷിതമായ പ്രവർത്തനം ഉറപ്പാക്കാനായി ഹൈഡ്രജൻ ചോർച്ച, ചൂട്, തീജ്വാല, പുക എന്നിവ കണ്ടെത്താൻ കഴിയുന്ന നൂതന സുരക്ഷാ സംവിധാനങ്ങളും ട്രെയിനിൽ സജ്ജീകരിച്ചിരിക്കുന്നു. ജിന്ദ്-സോണിപത്ത് റൂട്ടിൽ മണിക്കൂറിൽ 75 കിലോമീറ്റർ വേഗതയിൽ ഈ ട്രെയിൻ സർവീസ് നടത്തും, പരമാവധി വേഗത മണിക്കൂറിൽ 110 കിലോമീറ്റർ ആണ്, 89 കിലോമീറ്റർ റൂട്ടിലെ യാത്ര സുരക്ഷിതം മാത്രമല്ല, വേഗതയേറിയതുമാണെന്നർത്ഥം.
ലോകമെമ്പാടും സർവീസ് നടത്തുന്ന മിക്ക ഹൈഡ്രജൻ പാസഞ്ചർ ട്രെയിനുകളിലും രണ്ടോ മൂന്നോ കോച്ചുകൾ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ചെറിയ പ്രാദേശിക റൂട്ടുകളിലാണ് പ്രധാനമായും ഇവ വിന്യസിച്ചിരിക്കുന്നത്. ഇതിനു വിപരീതമായി, ഇന്ത്യൻ റെയിൽവേ ഏകദേശം 2,600 യാത്രക്കാരെ ഉൾക്കൊള്ളുന്ന 10 കോച്ച് പാസഞ്ചർ ട്രെയിൻ സർവീസിനായി ക്രമീകരിച്ചിരിക്കുന്നു. ഉയർന്ന ശേഷിയുള്ള പാസഞ്ചർ സർവീസുകൾക്കായി ഹൈഡ്രജൻ പവർ ട്രെയിൻ സാങ്കേതികവിദ്യ ഇന്ത്യ വിജയകരമായി പ്രാവർത്തികമാക്കിയിട്ടുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു, ചെറിയ പ്രാദേശിക റൂട്ടുകളിൽ മാത്രം സർവീസ് നടത്തുന്നതിനുപകരം കൂടുതൽ യാത്രക്കാരെ വഹിക്കാൻ കഴിയുമെന്ന് ഇന്ത്യ തെളിയിക്കുന്നു.
ഹൈഡ്രജൻ വളരെ വേഗം ജ്വലനത്തിലേർപ്പെടുന്ന വാതകമായതിനാൽ, ആയിരക്കണക്കിന് യാത്രക്കാരെ കൊണ്ടുപോകുന്ന ട്രെയിനുകളിൽ ഇന്ധനമായി ഇത് ഉപയോഗിക്കുന്നത് സുരക്ഷിതമാണോ എന്ന് പലരും ചിന്തിച്ചേക്കാം. ഇതൊരു ന്യായമായ ആശങ്കയാണ്. ഹൈഡ്രജൻ ഇന്ധന സെൽ ട്രെയിൻ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുമ്പോഴും ട്രെയിൻ സുരക്ഷിതമായി പ്രവർത്തിക്കുന്നുവെന്നും ഉറപ്പാക്കാൻ ഇന്ത്യൻ റെയിൽവേ ഏർപ്പെടുത്തിയിരിക്കുന്ന വിവിധ സുരക്ഷാ നടപടികളെക്കുറിച്ചുമുള്ള ലളിതമായ വിശദീകരണം ഇനിപ്പറയുന്നു.
ഹൈഡ്രജൻ ട്രെയിൻ പ്രവർത്തിക്കുന്നതെങ്ങനെ?
ഡീസൽ ഇന്ധനം ഉപയോഗിച്ച് മെക്കാനിക്കൽ പവർ ഉൽപ്പാദിപ്പിക്കുന്ന പരമ്പരാഗത ഡീസൽ ട്രെയിനുകളിൽ നിന്ന് വ്യത്യസ്തമായി, ഒരു ഹൈഡ്രജൻ ട്രെയിൻ പ്രോട്ടോൺ എക്സ്ചേഞ്ച് മെംബ്രൻ (PEM) ഇന്ധന സെല്ലിന്റെ രൂപത്തിൽ ഒരു ചെറിയ പവർ പ്ലാന്റ് വഹിക്കുന്നു. ട്രെയിനിലെ ടാങ്കുകളിൽ സംഭരിച്ചിരിക്കുന്ന ഹൈഡ്രജൻ ഇന്ധന സെല്ലിനുള്ളിലെ വായുവിൽ നിന്നുള്ള ഓക്സിജനുമായി പ്രതിപ്രവർത്തിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. ട്രെയിനിന്റെ മോട്ടോറുകളിലൂടെ ഈ വൈദ്യുതി ചക്രങ്ങളെ ചലിപ്പിക്കുന്നു. ഈ പ്രക്രിയ ജ്വലനമല്ല, ശുദ്ധമായ ഒരു ഇലക്ട്രോകെമിക്കൽ പ്രതിപ്രവർത്തനമാണ്, അതിനാൽ ജലബാഷ്പവും താപവും മാത്രമേ ഉപോത്പന്നങ്ങളായി അവശേഷിക്കുന്നുള്ളൂ. തത്ഫലമായി, ട്രെയിൻ മൂലം പുകയോ കാർബൺ ബഹിർഗമനമോ ഉണ്ടാകുന്നില്ല, ആയതിനാൽ പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗ്ഗമായി ഇത് മാറുന്നു.
ലളിതമായി പറഞ്ഞാൽ, ഈ പ്രക്രിയ ഏതാണ്ട് മാജിക് പോലെയാണ്: ഹൈഡ്രജൻ ട്രെയിനിൽ ഹൈഡ്രജനും ഓക്സിജനും സംയോജിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നു, ഇത് ട്രെയിനിന് ശക്തി പകരുന്നു, ജലബാഷ്‌പം മാത്രമാണ് ഉപോത്പന്നം. ഹൈഡ്രജൻ + ഓക്സിജൻ → വൈദ്യുതി + ജലബാഷ്പം → ട്രെയിൻ മുന്നോട്ട് കുതിക്കുന്നു. മാജിക് എന്ന് തോന്നുമെങ്കിലും യഥാർത്ഥത്തിൽ ഇത് ശുദ്ധമായ ശാസ്ത്രമാണ്. ട്രെയിനിനുള്ളിൽ വച്ച് ഹൈഡ്രജനെ നേരിട്ട് വൈദ്യുതിയാക്കി മാറ്റുന്നു. ഇന്ധനം കത്തിക്കാത്തനാൽ, ട്രെയിൻ പുകയോ നേരിട്ടുള്ള കാർബൺ ബഹിർഗമനമോ ഉണ്ടാക്കുന്നില്ല, ഇത് ഇന്ത്യൻ റെയിൽവേയെ ഹരിത യാത്രാ മാർഗമാക്കി മാറ്റുന്നു.
ഹൈഡ്രജൻ ട്രെയിനിൽ ആകെ 10 കോച്ചുകളാണുള്ളത്, അതിൽ രണ്ട് ഹൈഡ്രജൻ ഡ്രൈവിംഗ് പവർ കാറുകളും (DPC-കൾ) എട്ട് ട്രെയിലർ കോച്ചുകളും (TC-കൾ) ഉൾപ്പെടുന്നു. രണ്ട് ഡ്രൈവിംഗ് പവർ കാറുകളിലും ട്രെയിൻ പ്രവർത്തിപ്പിക്കാൻ ആവശ്യമായ പ്രധാന ഉപകരണങ്ങളായ ഹൈഡ്രജൻ ഇന്ധന സെല്ലുകൾ, ലിഥിയം അയൺ ഫോസ്ഫേറ്റ് (LFP) ബാറ്ററികൾ, ഹൈഡ്രജൻ സംഭരണ സിലിണ്ടറുകൾ എന്നിവ അടങ്ങിയിരിക്കുന്നു. വ്യത്യസ്ത പ്രവർത്തന സാഹചര്യങ്ങളിൽ സുഗമവും കാര്യക്ഷമവും വിശ്വസനീയവുമായ പ്രകടനം ഉറപ്പാക്കിക്കൊണ്ട് ട്രെയിനിന്റെ മോട്ടോറുകൾക്ക് ഊർജ്ജം പകരുന്നതിന് ആവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ഈ ഘടകങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നു.
ഹൈഡ്രജൻ ട്രെയിനിൽ രണ്ട് പവർ കാറുകളുണ്ട്, ഓരോ പവർ കാറിനും 1,200 kW (ഏകദേശം 1,600 കുതിരശക്തി) വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയും. ഈ രണ്ട് പവർ യൂണിറ്റുകളും സംയുക്തമായി ട്രെയിനിനെ മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ആവശ്യമായ ഊർജ്ജം നൽകുന്നു. തുടക്കത്തിൽ, ഹൈഡ്രജൻ ഇന്ധന സെൽ ട്രെയിൻ വടക്കൻ റെയിൽവേയുടെ ജിന്ദ്-സോണിപത് റൂട്ടിൽ ഓടും, ഇത് ജിന്ദ് ജംഗ്ഷൻ, ഗൊഹാന ജംഗ്ഷൻ, സോണിപത് തുടങ്ങിയ പ്രധാന സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്നു. ജിന്ദ് സിറ്റി, പാണ്ടു പിണ്ഡാര ജംഗ്ഷൻ, ലളിത് ഖേര ഹാൾട്ട്, ഭാംഭേവ, ഇസാപൂർ ഖേരി ഹാൾട്ട്, ബ്യൂട്ടെയ്ൻ ഹാൾട്ട്, ഖന്ദ്രായി ഹാൾട്ട്, റബ്രാ ഹാൾട്ട്, ലാത്ത് ഹാൾട്ട്, മോഹന, ബർവാസ്നി ഹാൾട്ട്, സോണിപത് ന്യൂ ഉൾപ്പെടെയുള്ള സ്റ്റേഷനുകളിലൂടെ ട്രെയിൻ കടന്നു പോകും.
സാധാരണ റെയിൽവേ സാഹചര്യങ്ങളിൽ ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പാസഞ്ചർ ട്രെയിനുകൾക്ക് സുരക്ഷിതമായും വിശ്വസനീയമായും കാര്യക്ഷമമായും പ്രവർത്തിക്കാൻ കഴിയുമെന്ന് തെളിയിക്കുന്നതിനായാണ് ജിന്ദ്-സോണിപത് റൂട്ട് തിരഞ്ഞെടുത്തിരിക്കുന്നത്. ട്രെയിനിലേക്ക് ഹൈഡ്രജൻ ഇന്ധനം സംഭരിക്കുന്നതിനും കംപ്രസ് ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനുമായി ജിന്ദിൽ ഒരു സമർപ്പിത സൗകര്യം സജ്ജമാക്കിയിട്ടുണ്ട്. ജിന്ദിൽ സ്ഥാപിച്ചിട്ടുള്ള സമർപ്പിത ഹൈഡ്രജൻ സംഭരണ, കംപ്രഷൻ, വിതരണ സൗകര്യങ്ങൾ ഇന്ധനം നിറയ്ക്കൽ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും ഇന്ത്യയിലെ ആദ്യത്തെ സംയോജിത ഹൈഡ്രജൻ റെയിൽ ആവാസവ്യവസ്ഥ സൃഷ്ടിക്കുകയും ചെയ്യും.
ഹൈഡ്രജൻ എവിടെ നിന്നാണ് വരുന്നത്? ജിന്ദിലെ ഇന്ധനം നിറയ്ക്കൽ സ്റ്റേഷൻ
കാറുകൾക്ക് ഇന്ധനം നിറയ്ക്കാൻ പെട്രോൾ പമ്പുകളോ സിഎൻജി സ്റ്റേഷനുകളോ ആവശ്യമുള്ളതുപോലെ, ഒരു ഹൈഡ്രജൻ ട്രെയിനിനും ഇന്ധനം നിറയ്ക്കുന്നതിന് ഒരു പ്രത്യേക സൗകര്യം ആവശ്യമാണ്. ഇതിനായി, ഹരിയാനയിലെ ജിന്ദിൽ ഇന്ത്യയിലെ ഏറ്റവും വലിയ റെയിൽവേ ഹൈഡ്രജൻ ഇന്ധനം നിറയ്ക്കൽ സൗകര്യം ഇന്ത്യൻ റെയിൽവേ സജ്ജമാക്കിയിട്ടുണ്ട്. ഈ സൗകര്യം മൂന്ന് ഘട്ടങ്ങളിലായാണ് പ്രവർത്തിക്കുന്നത്.
ആദ്യം, വൈദ്യുതവിശ്ലേഷണം എന്ന പ്രക്രിയയിലൂടെ ഹൈഡ്രജൻ ഉത്പാദിപ്പിക്കപ്പെടുന്നു, അവിടെ ജലത്തെ ഹൈഡ്രജനും ഓക്സിജനുമായി വേർതിരിക്കാൻ വൈദ്യുതി ഉപയോഗിക്കുന്നു. ഉത്പാദിപ്പിക്കുന്ന ഹൈഡ്രജൻ പിന്നീട് പ്രത്യേക സംഭരണ ടാങ്കുകളിൽ സുരക്ഷിതമായി സൂക്ഷിക്കുന്നു. അടുത്തതായി, ഹൈഡ്രജൻ 500 ബാറിന്റെ ഉയർന്ന മർദ്ദത്തിലേക്ക് കംപ്രസ് ചെയ്യുന്നു, അങ്ങനെ ചെറിയ സ്ഥലത്ത് വലിയ അളവിൽ ഇന്ധനം സംഭരിക്കാൻ കഴിയും. ഒടുവിൽ, 350 ബാറിന്റെ നിയന്ത്രിത മർദ്ദത്തിൽ രണ്ട് വ്യത്യസ്ത ഹൈഡ്രജൻ ഡിസ്പെൻസറുകൾ മുഖേന കംപ്രസ് ചെയ്ത ഹൈഡ്രജൻ ട്രെയിനിലേക്ക് ലഭ്യമാക്കുന്നു. ഇത് രണ്ട് ഹൈഡ്രജൻ പവർ കാറുകളിലും ഒരേ സമയം ഇന്ധനം നിറയ്ക്കാൻ സഹായിക്കുന്നു, ഇങ്ങനെ സമയം ലാഭിക്കാനും വേഗത്തിലും കാര്യക്ഷമമായും ഇന്ധനം നിറയ്ക്കാനും കഴിയും.
ജിന്ദ് ഹൈഡ്രജൻ സൗകര്യത്തിന് ഏകദേശം 3,000 കിലോഗ്രാം ഹൈഡ്രജൻ സംഭരിക്കാൻ കഴിയും, ഇത് ഹൈഡ്രജൻ ട്രെയിൻ പതിവായി പ്രവർത്തിപ്പിക്കാൻ പര്യാപ്തമാണ്, കൂടാതെ അതിന്റെ സംഭരണ, വിതരണ സംവിധാനത്തിന് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ (PESO) അംഗീകാരം നൽകിയിട്ടുണ്ട്.
തദ്ദേശീയ ശേഷിവികസനം
തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യയിൽ തന്നെയാണ് ഈ തീവണ്ടി പൂർണ്ണമായും രൂപകൽപ്പന ചെയ്തതും വികസിപ്പിച്ചതും കൂട്ടിയോജിപ്പിച്ചതും. ഇത് ഇന്ത്യയുടെ നൂതന റെയിൽവേ എഞ്ചിനീയറിംഗിലെ വർദ്ധിച്ചുവരുന്ന വൈദഗ്ധ്യവും നൈപുണ്യവും വെളിവാക്കുന്നു.
ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ഇന്ധന സെൽ പവർഡ് ട്രെയിൻസെറ്റ് ഇന്ത്യൻ റെയിൽവേയുടെ നേതൃത്വത്തിലാണ് വികസിപ്പിച്ചെടുത്തത്. റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷൻ (RDSO) സാങ്കേതിക ആവശ്യകതകൾ നിറവേറ്റുകയും ട്രെയിനിന്റെ രൂപകൽപ്പന അംഗീകരിക്കുന്നതിനുള്ള പ്രക്രിയയ്ക്ക് നേതൃത്വം നൽകുകയും ചെയ്തു. മേധ സെർവോ ഡ്രൈവ്സാണ് ട്രെയിൻ കൂട്ടിച്ചേർക്കുകയും സംയോജിപ്പിക്കുകയും ചെയ്തത്, ഇന്റഗ്രൽ കോച്ച് ഫാക്ടറി (ICF) ട്രെയിനിന്റെ തീമിലും ബാഹ്യ രൂപകൽപ്പനയിലും സംഭാവന നൽകി.
ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ട്രെയിൻ വികസിപ്പിക്കുന്നതിനൊപ്പം, വൈദ്യുതവിശ്ലേഷണത്തിലൂടെ ഹൈഡ്രജൻ ഉത്പാദിപ്പിക്കുക, സംഭരിക്കുക, കംപ്രസ് ചെയ്യുക, ഇന്ധനം നിറയ്ക്കൽ സൗകര്യങ്ങളിലൂടെ വിതരണം ചെയ്യുക എന്നിവ ഉൾപ്പെടുന്ന ഒരു സമ്പൂർണ്ണ ഹൈഡ്രജൻ ഇന്ധന സംവിധാനം ജിന്ദിൽ ഇന്ത്യൻ റെയിൽവേ സൃഷ്ടിച്ചിട്ടുണ്ട്.
ഹൈഡ്രജൻ എന്താണ്, ഹൈഡ്രജനുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകൾ എന്തൊക്കെ?
നിറമോ മണമോ രുചിയോ ഇല്ലാത്ത ഒരു വാതകമാണ് ഹൈഡ്രജൻ, അതിനാൽ ഇന്ദ്രിയങ്ങൾ ഉപയോഗിച്ച് അത് തിരിച്ചറിയാൻ കഴിയില്ല. ഇത് വിഷമുള്ളതല്ല, നേരിട്ടുള്ള സമ്പർക്കത്തിലൂടെ ആളുകളെ ദോഷകരമായി ബാധിക്കുകയുമില്ല. എന്നിരുന്നാലും, ഹൈഡ്രജൻ വളരെ ജ്വലനക്ഷമതയുള്ളതാണ്, അതായത് ഇത് എളുപ്പത്തിൽ തീ പിടിക്കും, ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യണം. കാണാനോ മണക്കാനോ കഴിയാത്ത വാതകമായതിനാൽ, ഹൈഡ്രജൻ ട്രെയിൻ പദ്ധതിയുടെ സുരക്ഷാ സംവിധാനങ്ങൾ ചെറിയ ചോർച്ചകൾ പോലും വേഗത്തിൽ കണ്ടെത്താനും അപകടകരമായ സാഹചര്യങ്ങളായി മാറുന്നത് തടയാനും രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.
സുരക്ഷ യഥാർത്ഥത്തിൽ ഉറപ്പാക്കുന്നതെങ്ങനെ?
ട്രെയിൻ രൂപകൽപ്പന, ഹൈഡ്രജൻ സംഭരണ ടാങ്കുകൾ, ഇന്ധനം നിറയ്ക്കുന്നതിനുള്ള സൗകര്യങ്ങൾ, നിരീക്ഷണ സംവിധാനങ്ങൾ, അടിയന്തര പ്രതികരണ ക്രമീകരണങ്ങൾ എന്നിവയുൾപ്പെടെ ഹൈഡ്രജൻ ട്രെയിൻ പദ്ധതിയുടെ എല്ലാ ഘട്ടങ്ങളിലും സുരക്ഷ പ്രധാന പരിഗണനായിരുന്നു. ഒരു സുരക്ഷാ സവിശേഷതയെ മാത്രം ആശ്രയിക്കുന്നതിനുപകരം, ഒന്നിലധികം സ്വതന്ത്ര സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കുന്ന "ആഴത്തിലുള്ള പ്രതിരോധം" എന്ന അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട ആശയം ഇന്ത്യൻ റെയിൽവേ പിന്തുടർന്നു. സുരക്ഷിതവും വിശ്വസനീയവുമായ ട്രെയിൻ ഗതാഗതം ഉറപ്പാക്കാൻ ഹൈഡ്രജൻ സംഭരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള മുഴുവൻ പ്രക്രിയയും ഈ സംവിധാനങ്ങൾ തുടർച്ചയായി പരിശോധിക്കുകയും നിരീക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു.
ഹൈഡ്രജൻ ചോർച്ച, അമിതമായ ചൂട്, തീ, പുക തുടങ്ങിയ സാധ്യമായ പ്രശ്നങ്ങൾ നിരന്തരം നിരീക്ഷിക്കുന്നതിനായി ട്രെയിനിലും ഹൈഡ്രജൻ പ്ലാന്റിലുടനീളം സുരക്ഷാ സംവിധാനങ്ങൾ ഘടിപ്പിച്ചിരിക്കുന്നു. ഈ ഉപകരണങ്ങൾക്ക് നിമിഷങ്ങൾക്കുള്ളിൽ ഏത് പ്രശ്‌നവും തിരിച്ചറിയാൻ കഴിയും, ദ്രുത നടപടി സ്വീകരിക്കാനും കഴിയും. കൂടാതെ, തുടർച്ചയായ വെന്റിലേഷൻ ട്രെയിനിനുള്ളിൽ ശുദ്ധവായു നിലനിർത്തുന്നു, ചെറിയ അളവിൽ ഹൈഡ്രജൻ ചോർന്നാൽ പോലും, അത് ഒരിടത്ത് ശേഖരിക്കപ്പെടുന്നതിനും അപകടസാധ്യത സൃഷ്ടിക്കുന്നതിനും പകരം വേഗത്തിൽ ശിഥിലീകരിക്കുകയും നേർപ്പിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നു.
അസാധാരണമായ എന്തെങ്കിലും സാഹചര്യം കണ്ടെത്തിയാൽ, മാനുഷിക പ്രവർത്തനങ്ങളെ ആശ്രയിക്കാതെ, ഹൈഡ്രജൻ വിതരണം ഉടനടി നിർത്താൻ കഴിയുന്ന ഒരു ഓട്ടോമാറ്റിക് ഷട്ട്-ഓഫ് സംവിധാനമാണ് ഹൈഡ്രജൻ ട്രെയിനിൽ സജ്ജീകരിച്ചിരിക്കുന്നത്. ലോക്കോ പൈലറ്റിന്റെ സുരക്ഷയ്ക്കും പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ട്. ഒരു പ്രശ്നമുണ്ടായാൽ ട്രെയിൻ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാൻ അനുവദിക്കുന്ന ഒരു എമർജൻസി മോഡ് ഉൾപ്പെടെയുള്ള സുരക്ഷാ സവിശേഷതകളോടെയാണ് ഡ്രൈവറുടെ ക്യാബിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ക്യാബിനിലെ ഒരു മോണിറ്ററിംഗ് സ്‌ക്രീൻ സമ്പൂർണ്ണ ട്രെയിൻ സംവിധാനത്തിന്റെ അവസ്ഥയും പ്രകടനവും തുടർച്ചയായി പ്രദർശിപ്പിക്കുന്നു, ഇത് എല്ലായ്‌പ്പോഴും സുരക്ഷിതമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ ലോക്കോ പൈലറ്റിനെ സഹായിക്കുന്നു.
ലീക്ക് ഡിറ്റക്ടറുകൾ, അഗ്നിശമന സംവിധാനങ്ങൾ, ഓട്ടോമാറ്റിക് ഷട്ട്ഡൗൺ സംവിധാനങ്ങൾ, അഗ്നി നിയന്ത്രണത്തിനുള്ള വാട്ടർ സ്പ്രേ സംവിധാനങ്ങൾ, അലാറങ്ങൾ തുടങ്ങിയ നൂതന സുരക്ഷാ നടപടികളും ജിന്ദ് ഹൈഡ്രജൻ പ്ലാന്റിലുണ്ട്, ഇവയെല്ലാം സുരക്ഷിതമായ ഹൈഡ്രജൻ പ്രവർത്തനങ്ങൾ ഉറപ്പാക്കാൻ ഏകോപനത്തോടെ പ്രവർത്തിക്കുന്നു.
ഇന്ത്യൻ റെയിൽവേയുടെ മാത്രമല്ല, ആഗോളതലത്തിൽ തന്നെ അംഗീകരിക്കപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങൾ
NFPA-2, ISO 19880 സീരീസ് പോലുള്ള ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായാണ് ഹൈഡ്രജൻ ആവാസവ്യവസ്ഥ രൂപകൽപ്പന ചെയ്തിരിക്കുന്നത്, അതേസമയം പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ (PESO) നിശ്ചയിച്ചിട്ടുള്ള സുരക്ഷാ നിയമങ്ങൾ പാലിക്കുകയും ചെയ്യുന്നു. സംവിധാനം പ്രവർത്തനക്ഷമമാക്കുന്നതിന് മുമ്പ്, ലോകത്തിലെ മുൻനിര സാങ്കേതിക പരിശോധന, സർട്ടിഫിക്കേഷൻ ഏജൻസികളിൽ ഒന്നായ ജർമ്മനിയിലെ TÜV SÜD ഇത് ശ്രദ്ധാപൂർവ്വം പരിശോധിക്കുകയും പരീക്ഷിക്കുകയും ചെയ്തു, സ്വതന്ത്ര മൂന്നാം കക്ഷി സുരക്ഷാ വിലയിരുത്തലിന് മുഴുവൻ സംവിധാനവും വിധേയമായിട്ടുണ്ട്.
യാത്രക്കാരെ കയറ്റുന്നതിന് മുമ്പ് ട്രെയിനിൽ നടത്തിയ പരീക്ഷണങ്ങൾ
ഹൈഡ്രജൻ ട്രെയിൻ ഓടിക്കാൻ അനുവദിക്കുന്നതിന് മുമ്പ്, അതിന്റെ എല്ലാ സംവിധാനങ്ങളും ശരിയായും സുരക്ഷിതമായും പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിരവധി കർശന പരിശോധനകൾക്ക് വിധേയമാക്കി. ഇലക്ട്രിക്കൽ, പവർ സംവിധാനങ്ങൾക്ക് യഥാർത്ഥ പ്രവർത്തന സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുമോ എന്ന് ലോഡ് ബോക്സ് പരിശോധനയിലൂടെ ഉറപ്പ് വരുത്തി. ട്രെയിനിന്റെ ഇലക്ട്രോണിക് സംവിധാനങ്ങൾ റെയിൽവേ ആശയവിനിമയത്തെയും സിഗ്നലിംഗ് ഉപകരണങ്ങളെയും തടസ്സപ്പെടുത്തുന്നില്ലെന്ന് റേഡിയോ ഫ്രീക്വൻസി പരിശോധനകളിലൂടെ ഉറപ്പാക്കി. വ്യത്യസ്ത വേഗതയിൽ ട്രെയിനിന്റെ സ്ഥിരതയും സുഗമമായ ചലനവും ഓസിലേഷൻ പരിശോധനകളിലൂടെ വ്യക്തമായി, അതേസമയം അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിലും സുരക്ഷിതമായും ട്രെയിൻ നിർത്താൻ കഴിയുമെന്ന് എമർജൻസി ബ്രേക്ക് പരിശോധനകളിലൂടെ വിലയിരുത്തി. ഔദ്യോഗിക പരിശോധനകൾ, സ്വതന്ത്ര സുരക്ഷാ പരിശോധനകൾ എന്നിവയെല്ലാം വിജയകരമായി പൂർത്തിയാക്കിയതിനുശേഷം, പതിവ് വിന്യാസത്തിന് അംഗീകാരം നൽകി.
ആഗോളതലത്തിൽ ഇന്ത്യ എവിടെ നിൽക്കുന്നു?
ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ട്രെയിനുകൾ ഇപ്പോഴും ആഗോളതലത്തിൽ പ്രാരംഭ ഘട്ടത്തിലാണ്. ഹൈഡ്രജൻ പാസഞ്ചർ ട്രെയിനുകൾ വാണിജ്യപരമായി പ്രവർത്തിപ്പിക്കാൻ തുടങ്ങിയ ആദ്യ രാജ്യം ജർമ്മനിയാണ്, ഫ്രാൻസ്, ഇറ്റലി, ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ സ്വന്തമായി ഹൈഡ്രജൻ ട്രെയിൻ പദ്ധതികൾ പരീക്ഷിക്കുകയോ വികസിപ്പിക്കുകയോ ചെയ്യുന്നു. എന്നാൽ, ഈ ഹൈഡ്രജൻ ട്രെയിനുകളിൽ ഭൂരിഭാഗവും ചെറുതാണ്, സാധാരണയായി രണ്ടോ നാലോ കോച്ചുകൾ മാത്രമേ അടങ്ങിയിട്ടുള്ളൂ, വൻതോതിലുലും ഉയർന്ന ശേഷിയിലുമുള്ള റെയിൽവേ പ്രവർത്തനങ്ങൾക്ക് പകരം ഹ്രസ്വകാല പ്രാദേശിക യാത്രാ സേവനങ്ങൾക്കാണ് ഇവ ഉപയോഗിക്കുന്നത്.
ഇന്ത്യയുടെ ഹൈഡ്രജൻ ഇന്ധന സെൽ ട്രെയിൻ സാങ്കേതികവിദ്യ, വലിപ്പം, ഭാവിസാധ്യതകൾ എന്നിവയുടെ കാര്യത്തിൽ ഒരു പ്രധാന ചുവടുവയ്പ്പാണ്. ട്രെയിൻ വികസിപ്പിക്കുന്നതിനൊപ്പം, ജിന്ദിൽ രാജ്യത്തെ ഏറ്റവും വലിയ റെയിൽവേ ഹൈഡ്രജൻ ഇന്ധനം നിറയ്ക്കൽ സൗകര്യവും ഇന്ത്യ നിർമ്മിച്ചു. ഹൈഡ്രജൻ സംഭരണ സൗകര്യങ്ങൾ, ഇന്ധനം നിറയ്ക്കൽ അടിസ്ഥാന സൗകര്യങ്ങൾ, സുരക്ഷാ നടപടികൾ, സുരക്ഷിതവും കാര്യക്ഷമവുമായ ട്രെയിൻ സേവനങ്ങൾക്ക് ആവശ്യമായ പ്രവർത്തന നടപടിക്രമങ്ങൾ എന്നിവ ഉൾപ്പെടുന്ന ഒരു സമ്പൂർണ്ണ ഹൈഡ്രജൻ റെയിൽവേ സംവിധാനം ജിന്ദിൽ ഇന്ത്യ സ്ഥാപിച്ചിട്ടുണ്ട്,
ഹൈഡ്രജൻ ട്രെയിനുകളുടെ ഭാവി
ജിന്ദ്-സോണിപത് ഹൈഡ്രജൻ ട്രെയിൻ പദ്ധതിയിൽ നിന്ന് നേടിയ അറിവും അനുഭവവും പ്രയോജനപ്പെടുത്തി, കൽക്ക-ഷിംല റൂട്ട് അടക്കമുള്ള പൈതൃക റൂട്ടുകളിൽ ഹൈഡ്രജൻ സാങ്കേതികവിദ്യ ഉപയോഗിക്കാൻ ഇന്ത്യൻ റെയിൽവേ പദ്ധതിയിടുന്നു.
പരീക്ഷണാത്മക പദ്ധതിക്കപ്പുറം ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ട്രെയിനുകൾക്കായി ഒരു ആസൂത്രിത ദേശീയ പദ്ധതി ഇന്ത്യൻ റെയിൽവേ വികസിപ്പിക്കുന്നുണ്ടെന്ന് ഈ ഉദ്യമങ്ങൾ വ്യക്തമാക്കുന്നു. ഇത് ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യത്തെ പിന്തുണയ്ക്കുകയും ദീർഘകാല നെറ്റ് സീറോ എമിഷൻ ലക്ഷ്യങ്ങൾ കൈവരിക്കാൻ രാജ്യത്തെ സഹായിക്കുകയും ചെയ്യുന്നതിനൊപ്പം ശുദ്ധവും സുസ്ഥിരവുമായ ഗതാഗതത്തിൽ ഇന്ത്യയുടെ നേതൃത്വത്തെ ശക്തിപ്പെടുത്തുന്നു.
*****
(रिलीज़ आईडी: 2285368)
आगंतुक पटल : 13