യുവജനകാര്യ, കായിക മന്ത്രാലയം
'വികസിത ഭാരതത്തിനായി ലഹരിമുക്ത യുവശക്തി' എന്ന പ്രമേയത്തില്‍ മൈ ഭാരത് രാജ്യവ്യാപകമായി 'വികസിത് ഭാരത് യുവ കണക്ട് പരിപാടി' സംഘടിപ്പിക്കും
प्रविष्टि तिथि:
15 JUL 2026 4:01PM by PIB Thiruvananthpuram
ഒരു മാസം നീണ്ടുനില്‍ക്കുന്ന പ്രചാരണ പരിപാടിയില്‍ യുവ പ്രതിഭകള്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുകയും, ലഹരിമുക്തവും വികസിതവുമായ ഭാരതം കെട്ടിപ്പടുക്കാന്‍ യുവജനങ്ങള്‍ക്ക് പ്രചോദനം നല്‍കുകയും ചെയ്യും.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ വികസിത ഭാരതം@2047, ലഹരിമുക്ത ഭാരതം എന്നീ ദര്‍ശനങ്ങള്‍ക്ക് അനുസൃതമായി കേന്ദ്ര യുവജന കാര്യ, കായിക മന്ത്രാലയം മൈ ഭാരത് വഴി വിവിധ സര്‍വ്വകലാശാലകളിലും കോളേജുകളിലും 2026 ജൂലൈ 16 മുതല്‍ ഓഗസ്റ്റ് 15 വരെ 'വികസിത ഭാരതത്തിനായി ലഹരിമുക്ത യുവശക്തി' എന്ന പ്രത്യേക പ്രമേയത്തില്‍ വികസിത് ഭാരത് യുവ കണക്ട് പരിപാടി സംഘടിപ്പിക്കും.
ലഹരിവസ്തുക്കളുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതോടൊപ്പം, വികസിത ഭാരതമെന്ന കാഴ്ചപ്പാടുമായി യുവജനങ്ങളെ ബന്ധിപ്പിക്കാന്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന ഈ രാജ്യവ്യാപക സംരംഭം ലക്ഷ്യമിടുന്നു. പൗരപങ്കാളിത്തവും ലഹരിവിരുദ്ധ ബോധവല്‍ക്കരണവും സംയോജിപ്പിച്ചുകൊണ്ട്, ആരോഗ്യകരവും ഉത്തരവാദിത്തബോധമുള്ളതും ലഹരിമുക്തവുമായ ഇന്ത്യയുടെ അംബാസഡര്‍മാരാകാന്‍ യുവജനങ്ങളെ ശാക്തീകരിക്കുക എന്നതും ഈ പരിപാടിയുടെ ലക്ഷ്യമാണ്.
മൈ ഭാരത് (MY Bharat) പ്ലാറ്റ്ഫോമിലെ സംവേദനാത്മക സെഷനുകള്‍, അവതരണങ്ങള്‍, ബോധവല്‍ക്കരണ പരിപാടികള്‍, ഡിജിറ്റല്‍ പങ്കാളിത്തം എന്നിവയിലൂടെ വിദ്യാര്‍ഥികളെ ഈ പരിപാടിയില്‍ സജീവമായി ഉള്‍പ്പെടുത്തും. വികസിത ഭാരതം@2047 എന്ന ദര്‍ശനം സാക്ഷാത്കരിക്കുന്നതിന് ലഹരിമുക്ത സമൂഹമാണ് അടിസ്ഥാനമെന്ന് മനസ്സിലാക്കിക്കൊണ്ട്, രാഷ്ട്രനിര്‍മ്മാണത്തില്‍ സജീവമായി പങ്കാളികളാകാന്‍ യുവജനങ്ങളെ പ്രോത്സാഹിപ്പിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.
പരിപാടിയുടെ ഭാഗമായി, വികസിത് ഭാരത് യുവ നേതൃ സംവാദത്തിന്റെ (VBYLD) സംസ്ഥാന ചാമ്പ്യന്മാര്‍, വികസിത് ഭാരത് യൂത്ത് പാര്‍ലമെന്റ് വിജയികള്‍, എന്‍എസ്എസ് പുരസ്‌കാര ജേതാക്കള്‍, ദേശീയ യുവ പുരസ്‌കാര ജേതാക്കള്‍ എന്നിവരും മറ്റ് ശ്രദ്ധേയരായ യുവ നേതാക്കളും ഉള്‍പ്പെടെയുള്ള യുവ പ്രതിഭകള്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കും. ഇന്ത്യയുടെ വികസന യാത്രയെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ പങ്കുവെക്കുന്ന അവര്‍, ലഹരിവസ്തുക്കളുടെ ഉപയോഗം വ്യക്തിഗത ലക്ഷ്യങ്ങള്‍ക്കും സാമൂഹിക ക്ഷേമത്തിനും ദേശീയ പുരോഗതിക്കും എത്രത്തോളം ഗുരുതര വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്ന് വിശദീകരിക്കുകയും ചെയ്യും.
ലഹരിവസ്തുക്കളുടെ ഉപയോഗം മൂലം ദുരിതമനുഭവിച്ച വ്യക്തികളുടേയും കുടുംബങ്ങളുടേയും അനുഭവങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ പ്രത്യേക ബോധവല്‍ക്കരണ ചലച്ചിത്രവും പരിപാടിയുടെ ഭാഗമായി പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന്, ആരോഗ്യകരമായ ജീവിതം നയിക്കുന്നതിനും രാജ്യത്തിന്റെ വികസനത്തിന് സംഭാവന നല്‍കുന്നതിനുമുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചുകൊണ്ട് പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ ലഹരിമുക്ത ഭാരത പ്രതിജ്ഞയെടുക്കും. പ്രചാരണത്തിന്റെ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിനായി സന്നദ്ധ സംഘടനകളും ആത്മീയ സംഘടനകളുമായി സഹകരിച്ച് ലഹരിയില്‍ നിന്ന് മുക്തരായ വ്യക്തികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള അനുഭവസാക്ഷ്യങ്ങളും സാധ്യമായ ഇടങ്ങളില്‍ ഉള്‍പ്പെടുത്തും.
കൂടുതല്‍ യുവജന പങ്കാളിത്തം ഉറപ്പാക്കുന്നതിനായി, പരിപാടി നടക്കുന്ന കേന്ദ്രങ്ങളില്‍ മൈ ഭാരത് ഹെല്‍പ്പ് ഡെസ്‌കുകള്‍ സജ്ജീകരിച്ച്, മൈ ഭാരത് പോര്‍ട്ടലില്‍ തത്സമയ രജിസ്‌ട്രേഷന്‍ നടത്തുന്നതിന് സൗകര്യമൊരുക്കുകയും സംഘടനയുടെ വിവിധ യുവജന വികസന സംരംഭങ്ങള്‍ പങ്കാളികളെ പരിചയപ്പെടുത്തുകയും ചെയ്യും. ബാനറുകള്‍, പ്രചാരണ ബോര്‍ഡുകള്‍, ഡിജിറ്റല്‍ പ്രചാരണം എന്നിവയിലൂടെയുള്ള വിപുലമായ ജനസമ്പര്‍ക്ക പരിപാടികള്‍ ഈ പ്രചാരണത്തിന് രാജ്യത്തുടനീളം കൂടുതല്‍ ജനശ്രദ്ധയും വ്യാപ്തിയും നല്‍കും.
ഗ്രാമീണ, നഗര, ഗോത്ര മേഖലകളിലെ 15 നും 25 നും ഇടയില്‍ പ്രായമുള്ള യുവജനങ്ങളെയാണ് ഈ പരിപാടി പ്രധാനമായും ലക്ഷ്യമിടുന്നത്. തുടര്‍ച്ചയായ യുവജന പങ്കാളിത്തം ഉറപ്പാക്കുന്നതിനും മൈ ഭാരതിന്റെ ഭാവി സംരംഭങ്ങള്‍ നടപ്പിലാക്കുന്നതിനും, പങ്കാളികളാകുന്ന സ്ഥാപനങ്ങള്‍ക്ക് പിന്നീട് മൈ ഭാരത് ചാപ്റ്ററുകള്‍ സ്ഥാപിക്കാവുന്നതാണ്. എല്ലാ രജിസ്‌ട്രേഷനുകളും പരിപാടിയുമായി ബന്ധപ്പെട്ട മറ്റ് പ്രവര്‍ത്തനങ്ങളും മൈ ഭാരത് പോര്‍ട്ടല്‍ വഴി മാത്രമായിരിക്കും പൂര്‍ത്തിയാക്കുന്നത്.
ലഹരിമുക്ത സമൂഹമെന്ന ലക്ഷ്യത്തിനായി നിലകൊള്ളുന്നതോടൊപ്പം, 2047-ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുന്നതിനുള്ള പ്രയാണത്തിന് നേതൃത്വം നല്‍കാന്‍ പൗരബോധവും ഉത്തരവാദിത്തവും സാമൂഹിക പ്രതിബദ്ധതയുമുള്ള ഒരു യുവതലമുറയെ വാര്‍ത്തെടുക്കാനുള്ള മൈ ഭാരതിന്റെ തുടര്‍ച്ചയായ പ്രതിബദ്ധതയാണ് വികസിത് ഭാരത് യുവ കണക്ട് പരിപാടിയിലൂടെ പ്രതിഫലിക്കുന്നത്.
***
(रिलीज़ आईडी: 2285033)
आगंतुक पटल : 6