യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

നശാ മുക്ത് യുവ ഫോര്‍ വികസിത് ഭാരത്' ക്യാമ്പെയ്‌നിന് കീഴില്‍ ജില്ലാതല മത്സരങ്ങള്‍ക്കുള്ള രജിസ്ട്രേഷന്‍ 'മൈ ഭാരത്' ആരംഭിക്കുന്നു

प्रविष्टि तिथि: 12 JUL 2026 8:29PM by PIB Thiruvananthpuram

'വികസിത ഭാരതം @2047' എന്ന ലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തില്‍, സാമൂഹിക മാറ്റത്തിന്റെ ശില്‍പ്പികളാകാന്‍ യുവാക്കളെ ശാക്തീകരിക്കുകയെന്നത് രാജ്യത്തിന്റെ യാത്രയില്‍ ഏറെ നിര്‍ണായകമാണ്. ലഹരിവസ്തുക്കളുടെ ദുരുപയോഗത്തിനെതിരെയുള്ള പോരാട്ടം ജനകീയ പ്രസ്ഥാനമാക്കി മാറ്റണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് കരുത്തുപകര്‍ന്നുകൊണ്ട്, യുവജനകാര്യ കായിക മന്ത്രാലയം , 'മേരാ യുവ ഭാരത്' (MY Bharat) വഴി രാജ്യവ്യാപകമായ 'നശാ മുക്ത് യുവ ഫോര്‍ വികസിത് ഭാരത്' (വികസിത ഭാരതത്തിനായി ലഹരിമുക്ത യുവത്വം )  ക്യാമ്പെയ്‌നിന്റെ അടുത്ത ഘട്ടത്തിന് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായുള്ള ജില്ലാതല രജിസ്‌ട്രേഷന്‍ 2026 ജൂലൈ 13 മുതല്‍ ആരംഭിക്കും. സര്‍ഗ്ഗാത്മകത, സംസ്‌കാരം, സാമൂഹ്യ നേതൃത്വം എന്നിവയുടെ കരുത്തിലൂടെ, 'വികസിത് ഭാരത് @2047' എന്ന ദര്‍ശനത്തിലേക്ക് സംഭാവന നല്‍കിക്കൊണ്ട് ലഹരിമുക്ത ഭാരതത്തിനായുള്ള പ്രസ്ഥാനത്തിന് നേതൃത്വം നല്‍കാന്‍ യുവാക്കളെ പ്രചോദിപ്പിക്കുകയാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.

ഈ ദര്‍ശനത്തെ രാജ്യവ്യാപകമായി ഘടനാപരമായ ഒരു പ്ലാറ്റ്ഫോമിലൂടെ മുന്നോട്ട് കൊണ്ടുപോകുന്നതിനായി, മത്സരങ്ങള്‍ ജില്ലാതലം മുതല്‍ ആരംഭിച്ച്, സംസ്ഥാനതലം പിന്നിട്ട്, ദേശീയതലത്തില്‍ അവസാനിക്കുന്ന രീതിയില്‍ മൂന്ന് ഘട്ടങ്ങളായാണ് സംഘടിപ്പിക്കുന്നത്. രജിസ്‌ട്രേഷന്‍ 2026 ജൂലൈ 13-ന് ആരംഭിക്കും. അതിനുശേഷം 2026 ജൂലൈ 24 മുതല്‍ 27 വരെ ജില്ലാതല മത്സരങ്ങള്‍ നടക്കും. ഓരോ വിഭാഗത്തിലും ഏറ്റവും മികച്ച മൂന്ന് എന്‍ട്രികള്‍ വീതം തിരഞ്ഞെടുക്കും. ജില്ലാതല വിജയികള്‍ 2026 ജൂലൈ 30 മുതല്‍ ഓഗസ്റ്റ് 6 വരെ നടക്കുന്ന സംസ്ഥാനതല സെലക്ഷന്‍ റൗണ്ടുകളില്‍ മത്സരിക്കും. തുടര്‍ന്ന്, സംസ്ഥാന ചാമ്പ്യന്മാരെ 2026 ഓഗസ്റ്റ് 12, 13 തീയതികളില്‍ ന്യൂഡല്‍ഹിയില്‍ നടക്കുന്ന ദേശീയ ഫിനാലെയിലേക്ക് ക്ഷണിക്കും. അവിടെ ദേശീയ യുവജന ഉച്ചകോടിയില്‍ രാജ്യത്തുടനീളമുള്ള മികച്ച യുവപ്രതിഭകള്‍ അവരുടെ സര്‍ഗ്ഗാത്മകത അവതരിപ്പിക്കും.
യുവജനങ്ങളുടെ നേതൃത്വത്തിലുള്ള സര്‍ഗ്ഗാത്മക ആവിഷ്‌കാരമാണ് ഈ കാമ്പെയ്‌ന്റെ പ്രധാന അന്തസ്സത്ത. നൃത്തം, സംഗീതം, റീല്‍ & ഷോര്‍ട്ട് ഫിലിം, തെരുവ് നാടകം, കവിതാലാപനം എന്നീ അഞ്ച് സര്‍ഗ്ഗാത്മക വിഭാഗങ്ങളിലാണ് മൈ ഭാരത് ജില്ലാതല മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. സംസ്‌കാരം, കഥാഖ്യാനം സംഗീതം, ഡിജിറ്റല്‍ സര്‍ഗ്ഗാത്മകത എന്നിവ സമന്വയിപ്പിക്കുന്നതിലൂടെ, യുവാക്കള്‍ക്ക് അവരുടെ സമൂഹങ്ങളെ പ്രചോദിപ്പിക്കുന്നതിനും, സുഹൃത്തുക്കളെ സ്വാധീനിക്കുന്നതിനും, ലഹരിമുക്ത ഇന്ത്യ എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനുമുള്ള ഒരു സവിശേഷ പ്ലാറ്റ്ഫോം ഈ മത്സരങ്ങള്‍ നല്‍കുന്നു.


വ്യാപകവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി, 15 മുതല്‍ 29 വയസ്സ് വരെയുള്ള യുവാക്കള്‍ക്കായി ഈ മത്സരങ്ങള്‍ നടത്തുന്നു. വ്യക്തിഗത എന്‍ട്രികളും ഗ്രൂപ്പ് എന്‍ട്രികളും ഇതില്‍ അനുവദിക്കും. പങ്കെടുക്കുന്നവര്‍ക്ക് അവരുടെ സൃഷ്ടികള്‍ ഹിന്ദിയിലോ ഇംഗ്ലീഷിലോ ഏതെങ്കിലും പ്രാദേശിക ഭാഷകളിലോ സമര്‍പ്പിക്കാം. ഭൂമിശാസ്ത്രപരമായോ ഭാഷാപരമായോ ഉള്ള വ്യത്യാസങ്ങളില്ലാതെ എല്ലാ യുവാക്കള്‍ക്കും ഈ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമാകാന്‍ ഇതിലൂടെ അവസരം ലഭിക്കുന്നു.
സുഗമമായ പങ്കാളിത്തം ഉറപ്പാക്കുന്നതിന്, ജില്ലാ തലത്തിലേക്കുള്ള രജിസ്‌ട്രേഷനുകള്‍ 2026 ജൂലൈ 13 മുതല്‍ മൈ ഭാരത് പോര്‍ട്ടലില്‍ (mybharat.gov.in) ആരംഭിക്കും. യുവാക്കള്‍ക്ക് പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യാനും അവരുടെ സര്‍ഗ്ഗാത്മക സൃഷ്ടി അപ്ലോഡ് ചെയ്യാനും സാധിക്കും. ഈ സമര്‍പ്പണങ്ങളായിരിക്കും മത്സരത്തിന്റെ ആദ്യ ഘട്ടമായി പരിഗണിക്കുക.

അമൃതകാലത്ത് യുവശക്തി തങ്ങളുടെ സര്‍ഗ്ഗാത്മകതയെ സാമൂഹിക മാറ്റത്തിനുള്ള ഒരു ആയുധമായി ഉപയോഗിക്കാനും, ലഹരിമുക്ത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് സംഭാവന നല്‍കാനും, അവരുടെ ഊര്‍ജ്ജവും അഭിലാഷങ്ങളും വികസിത ഭാരതം എന്ന ദേശീയ ദൗത്യവുമായി ഒത്തുചേര്‍ക്കാനും യുവജനകാര്യ കായിക മന്ത്രാലയം 'മൈ ഭാരത്' വഴി രാജ്യത്തെ യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നു.

 

***


(रिलीज़ आईडी: 2284024) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: Urdu , English , हिन्दी , Marathi , Gujarati , Kannada