പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഇന്ത്യ-ന്യൂസിലൻഡ് തന്ത്രപ്രധാനപങ്കാളിത്തം: 2030-ലേക്കുള്ള മാർഗരേഖ

प्रविष्टि तिथि: 11 JUL 2026 8:06AM by PIB Thiruvananthpuram

ഇന്ത്യയിലെയും ന്യൂസിലൻഡിലെയും പ്രധാനമന്ത്രിമാർ 2026 ജൂലൈ 11-നു ന്യൂസിലൻഡിലെ ഓക്‌ലൻഡിൽ കൂടിക്കാഴ്ച നടത്തുകയും ഇന്ത്യ-ന്യൂസിലൻഡ് തന്ത്രപ്രധാനപങ്കാളിത്തത്തിനു രൂപംനൽകുന്നതായി പ്രഖ്യാപിക്കുകയുംചെയ്തു. വരുന്ന നാലുവർഷങ്ങളിൽ സംയുക്തപ്രവർത്തനങ്ങൾക്കു വഴികാട്ടുന്നതിനും ഇന്ത്യ-ന്യൂസിലൻഡ് തന്ത്രപ്രധാനപങ്കാളിത്തത്തിനു കൂടുതൽ കരുത്തേകുന്നതിനുമുള്ള പങ്കാളിത്തചട്ടക്കൂടായി പ്രധാനമന്ത്രിമാർ ‘മാർഗരേഖ 2030’-ന് അംഗീകാരം നൽകി. ഈ മാർഗരേഖയുടെ ഇനി പറയുന്ന സ്തംഭങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ള മേഖലകൾക്കും സംരംഭങ്ങൾക്കും പുറമേ, പൊതുവായ മറ്റു കാര്യങ്ങളും ഈ തന്ത്രപ്രധാന പങ്കാളിത്തത്തിൽ ഉൾപ്പെടുന്നു. 

സ്തംഭം I: രാഷ്ട്രീയവും നയതന്ത്രപരവുമായ ഇടപെടലുകൾ

  • പ്രാദേശിക-ബഹുരാഷ്ട്ര പരിപാടികൾക്ക് അനുബന്ധമായ കൂടിക്കാഴ്ചകളുൾപ്പെടെ, ഇരുരാജ്യങ്ങളിലെയും പ്രധാനമന്ത്രിമാർ തമ്മിലും ക്യാബിനറ്റ് മന്ത്രിമാർ തമ്മിലും കൃത്യമായ ഇടവേളകളിൽ കൂടിക്കാഴ്ചകളും പരസ്പരസന്ദർശനങ്ങളും നിശ്ചയിക്കാൻ ശ്രമിക്കുക.
  • കൃത്യമായ വിദേശകാര്യ മന്ത്രിതലചർച്ചകളിലൂടെ ഫലപ്രദമായ ഉന്നതതലസഹകരണം ഉറപ്പാക്കുക.
  • പൊതുതാൽപ്പര്യമുള്ള എല്ലാ മേഖലകളിലും സഹകരണം ആഴത്തിലാക്കുന്നതിനായി ബന്ധപ്പെട്ട മന്ത്രാലയങ്ങളും ഗവണ്മെന്റ് വകുപ്പുകളും തമ്മിലുള്ള കൂടിക്കാഴ്ചകളും ആശയവിനിമയങ്ങളും ശക്തമാക്കുക.
  • ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ കൃത്യമായ പാർലമെന്ററി കൈമാറ്റങ്ങളും ഔദ്യോഗിക സന്ദർശനങ്ങളും പ്രോത്സാഹിപ്പിക്കുക.
  • തന്ത്രപ്രധാനപങ്കാളിത്തത്തിന്റെയും ‘മാർഗരേഖ 2030’-ന്റെയും നിർവഹണം നിയന്ത്രിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമുള്ള സംവിധാനം ഒരുക്കുന്നതിനായി, ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറിതലത്തിലും ന്യൂസിലൻഡ് വിദേശകാര്യ-വ്യാപാര മന്ത്രാലയത്തിലെ ഡെപ്യൂട്ടി സെക്രട്ടറി (അമേരിക്ക, ഏഷ്യ) തലത്തിലുമുള്ള വാർഷികയോഗങ്ങളുടെ രീതി കൂടുതൽ ശക്തിപ്പെടുത്തുക.

സ്തംഭം II: രാജ്യരക്ഷാ-സുരക്ഷാ സഹകരണം

  • സൈനികാഭ്യാസങ്ങൾ, വിവിധ വിഭാഗങ്ങളുടെ (നാവിക-വ്യോമ-കരസേന) സന്ദർശനങ്ങൾ, ഹ്രസ്വകാല ഉദ്യോഗസ്ഥ കൈമാറ്റങ്ങൾ, കായികസന്ദർശനങ്ങൾ, ഡിഫൻസ് സ്റ്റാഫ് കോളേജ് കൈമാറ്റങ്ങൾ, ഉന്നതതല രാജ്യരക്ഷാചർച്ചകൾ എന്നിവയിലൂടെയുള്ള സൈനിക ആശയവിനിമയങ്ങൾ തുടർന്നുകൊണ്ടുപോകുക.
  • മന്ത്രിതലം ഉൾപ്പെടെയുള്ള വേദികളിൽ രാജ്യരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ ചർച്ചകൾ തുടർന്നും ശക്തമാക്കുക.
  • രാജ്യരക്ഷാസഹകരണത്തിനായി 2025-ൽ ഒപ്പുവച്ച ഇന്ത്യ-ന്യൂസിലൻഡ് ധാരണാപത്രം തുടർന്നും നടപ്പാക്കുക; രാജ്യരക്ഷാ മന്ത്രാലയതലത്തിലും സേനാതലത്തിലും കൃത്യവും വ്യവസ്ഥാപിതവുമായ രാജ്യരക്ഷാ ഇടപെടലുകൾ നിലനിർത്തുക.
  • സമുദ്രമേഖല കേന്ദ്രീകരിച്ച് അടുത്തിടെ അംഗീകരിച്ച സമുദ്ര സഹകരണ കരാർ, ഹൈഡ്രോഗ്രാഫി-നോട്ടിക്കൽ കാർട്ടോഗ്രഫി മേഖലകളിലെ സഹകരണത്തിനായുള്ള നിർവഹണ കരാർ, പരസ്പര ലോജിസ്റ്റിക്സ് പിന്തുണ നൽകുന്നതിനുള്ള കരാർ എന്നിവ നടപ്പാക്കുക. സമുദ്ര സഹകരണ കരാറിന്റെ ഭാഗമായി ഉഭയകക്ഷിനാവികാഭ്യാസങ്ങൾ ഉൾപ്പെടെയുള്ള നാവികപ്രവർത്തനങ്ങൾ നടത്തുക.
  • ഇൻഡോ-പസഫിക് സമുദ്രസംരംഭത്തിന്റെ (IPOI) സമുദ്രസുരക്ഷാ സ്തംഭത്തിനുകീഴിൽ സമുദ്രസംബന്ധമായ കാര്യങ്ങളിലെ സഹകരണം മുന്നോട്ടു കൊണ്ടുപോകുക.
  • ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെയും ന്യൂസിലൻഡ് വിദേശകാര്യ-വ്യാപാര മന്ത്രാലയത്തിന്റെയും നേതൃത്വത്തിൽ വാർഷിക സമുദ്രസുരക്ഷാചർച്ചകൾക്കു രൂപംനൽകുക.
  • ഇന്ത്യൻ വിദേശകാര്യമന്ത്രാലയവും ന്യൂസിലൻഡ് വിദേശകാര്യ-വ്യാപാര മന്ത്രാലയവും സംയുക്തമായി നയിക്കുന്ന, ഭീകരവാദവിരുദ്ധ പ്രവർത്തനങ്ങൾക്കായുള്ള സംയുക്തകർമസമിതിക്കു (JWG) രൂപംനൽകുന്നതിനുള്ള ധാരണാപത്രം പ്രവർത്തനക്ഷമമാക്കുക; കൂടാതെ, പരസ്പരധാരണയാകുന്ന വേളയിൽ ഈ സംയുക്തകർമസമിതിയുടെ ആദ്യ യോഗം വിളിച്ചുചേർക്കുക.
  • ഇന്ത്യ-ന്യൂസിലൻഡ് സൈബർ ചർച്ചകളിലൂടെ പൊതുവായ സൈബർസുരക്ഷാ മുൻഗണനകളിൽ ഒന്നിച്ചു പ്രവർത്തിക്കുക.
  • മയക്കുമരുന്നുകൾ, മനോരോഗമുണ്ടാക്കുന്ന പദാർത്ഥങ്ങൾ, പ്രികർസർ കെമിക്കലുകൾ എന്നിവയുടെ കടത്തു തടയുന്നതിലും അതുമായി ബന്ധപ്പെട്ട കാര്യങ്ങളിലുമുള്ള സഹകരണത്തിനായി ഇന്ത്യ-ന്യൂസിലൻഡ് ധാരണാപത്രം ഔദ്യോഗികമായി യാഥാർഥ്യമാക്കുന്നതിനുവേണ്ടി പ്രവർത്തിക്കുക.
  • നിയമപാലനരംഗത്തെ സഹകരണത്തിനായി ഇന്ത്യയിലെ ദേശീയ അന്വേഷണ ഏജൻസിയും (NIA) ന്യൂസിലൻഡ് പൊലീസും തമ്മിലുള്ള ധാരണാപത്രം ഔദ്യോഗികമായി യാഥാർഥ്യമാക്കുന്നതിനുവേണ്ടി പ്രവർത്തിക്കുക.
  • അടിസ്ഥാനസൗകര്യസംവിധാനങ്ങളുടെ കരുത്തു മെച്ചപ്പെടുത്തുന്നതിനായി ‘ദുരന്തനിവാരണ അടിസ്ഥാനസൗകര്യ സഖ്യം’ (CDRI) വഴി സഹകരണം ശക്തമാക്കുക.
സ്തംഭം III: വ്യാപാര-സാമ്പത്തിക സഹകരണം

ഉഭയകക്ഷി വ്യാപാരം

  • 2030-ഓടെ ചരക്ക്-സേവന മേഖലകളിലെ ഉഭയകക്ഷിവ്യാപാരം 7 ശതകോടി ന്യൂസിലൻഡ് ഡോളർ (₹35,000 കോടി) എന്ന നിലയിൽ ഇരട്ടിയാക്കുന്നതിനായി പ്രവർത്തിക്കുക.
  • ഇന്ത്യ-ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ എത്രയുംവേഗം പ്രാബല്യത്തിൽ വരുത്തുന്നതിനും അതു ഫലപ്രദമായി നടപ്പാക്കുന്നതിനുമുള്ള തുടർനടപടികളിൽ ഒന്നിച്ചു പ്രവർത്തിക്കുക.
  • കസ്റ്റംസ് നടപടികൾ ലളിതമാക്കുന്നതിനും വിശ്വസനീയമായ വ്യാപാരം സുഗമമാക്കുന്നതിനുമായി, 2024-ലെ കസ്റ്റംസ് സഹകരണ കരാറിനു (CCA) കീഴിലുള്ള 2025-ലെ അംഗീകൃത സാമ്പത്തിക ഓപ്പറേറ്റർമാരുടെ പരസ്പര അംഗീകാര കരാർ (AEO-MRA) പ്രവർത്തനക്ഷമമാക്കുക.

പ്രാഥമിക വ്യവസായങ്ങൾ

  • സംയുക്തഗവേഷണം, അറിവുകളുടെ കൈമാറ്റം, വിളവെടുപ്പ‌ിനുശേഷമുള്ള നൂതനാശയങ്ങൾ, വിപണി വികസന സംരംഭങ്ങൾ എന്നിവ മുന്നോട്ടു കൊണ്ടുപോകുന്നതിനായി ഹോർട്ടികൾച്ചർ മേഖലയിലെ സഹകരണത്തിനായുള്ള 2025-ലെ ധാരണാപത്രം നടപ്പാക്കുക.
  • സുസ്ഥിരമായ നയചർച്ചകൾ, സാങ്കേതിക കൈമാറ്റങ്ങൾ, മികച്ച പ്രവർത്തനരീതികൾ പങ്കുവയ്ക്കൽ എന്നിവയിലൂടെ വനസംരക്ഷണ സഹകരണത്തിനായുള്ള 2025-ലെ താൽപ്പര്യപത്രം നടപ്പാക്കുക.
  • സാങ്കേതിക-നയ സഹകരണം മെച്ചപ്പെടുത്തുന്നതിനായി മൃഗസംരക്ഷണ-ക്ഷീരവികസന മേഖലകളിലെ സഹകരണത്തിനായുള്ള ധാരണാപത്രം നടപ്പാക്കുക.

വിനോദസഞ്ചാരം

  • ഇരുരാജ്യങ്ങളിലേക്കുമുള്ള സന്ദർശകരുടെ ഒഴുക്കു വർധിപ്പിക്കുന്നതിനും വിനോദസഞ്ചാരമേഖലയിലെ വ്യവസായ സഹകരണത്തിനുമായി വിനോദസഞ്ചാരം സംബന്ധിച്ച ധാരണാപത്രം പ്രവർത്തനക്ഷമമാക്കുക.
  • പുതുക്കിയ വ്യോമയാന സേവന കരാറിനു കീഴിൽ നേരിട്ടുള്ള (നോൺ-സ്റ്റോപ്പ്) വിമാന സർവീസുകൾ ആരംഭിക്കാൻ വിമാനക്കമ്പനികളെ പ്രോത്സാഹിപ്പിച്ച്, വിനോദസഞ്ചാരവികസനം സാധ്യമാക്കുക.

സ്തംഭം IV: ജനങ്ങളും സംസ്കാരവും കായികരംഗവും

  • ഉഭയകക്ഷിബന്ധങ്ങൾക്കു കരുത്തേകുന്നതിൽ പ്രവാസിസമൂഹങ്ങളെ പങ്കാളികളായി ഉൾപ്പെടുത്തുക.
  • കായികമേഖലയിലെ സഹകരണത്തിനായുള്ള 2025-ലെ ധാരണാപത്രം തുടർന്നും നടപ്പാക്കുക.
  • ഇന്ത്യൻ യുവജനകാര്യ-കായിക മന്ത്രാലയവും സ്പോർട്സ് ന്യൂസിലൻഡും തമ്മിൽ കായികമേഖലയിലെ ഇന്ത്യ-ന്യൂസിലൻഡ് സംയുക്തകർമപദ്ധതി നടപ്പാക്കുക.
  • പരമ്പരാഗത വൈദ്യശാസ്ത്രമേഖലയിൽ വിദഗ്ധർ തമ്മിലുള്ള ആശയവിനിമയങ്ങൾക്കും കൈമാറ്റങ്ങൾക്കും പിന്തുണ നൽകുക.
  • ഇരുരാജ്യങ്ങളിലെയും സമുദ്രവ്യവസായങ്ങളെ പിന്തുണയ്ക്കുന്നതിനായി, നാവികരുടെ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പരസ്പര അംഗീകാരം ശക്തമാക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ച് ഇന്ത്യൻ തുറമുഖ-കപ്പൽഗതാഗത-ജലപാത മന്ത്രാലയത്തിനു കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ്ങും മാരിടൈം ന്യൂസിലൻഡും തമ്മിലുള്ള ചർച്ചകൾ തുടർന്നു കൊണ്ടുപോകുക.
  • ഇന്ത്യയിലെ ലോഥലിലുള്ള ദേശീയ സമുദ്ര പൈതൃക സമുച്ചയവും ന്യൂസിലൻഡ് മാരിടൈം മ്യൂസിയവും തമ്മിലുള്ള ധാരണാപത്രത്തിനു കീഴിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുക.
  • ഇരുരാജ്യങ്ങളുടെയും സംസ്കാരങ്ങളെക്കുറിച്ചു മികച്ച ധാരണ വളർത്തിയെടുക്കുന്നതിനായി സാംസ്കാരിക സഹകരണത്തിനായുള്ള കരാർ നടപ്പാക്കുക.
  • തദ്ദേശീയ ഗവണ്മെന്റുകൾ തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുക.
സ്തംഭം V: വിദ്യാഭ്യാസവും ഗവേഷണവും ശാസ്ത്ര-സാങ്കേതികവിദ്യയും ദുരന്തനിവാരണവും
  • ഇന്ത്യയിലെയും ന്യൂസിലൻഡിലെയും വിദ്യാഭ്യാസ സമ്പ്രദായങ്ങളെക്കുറിച്ചുള്ള വിവരങ്ങളുടെ സുസ്ഥിരമായ കൈമാറ്റം സുഗമമാക്കുന്നതിന് ഇരുവിദ്യാഭ്യാസമന്ത്രാലയങ്ങളും തമ്മിലുള്ള 2025-ലെ വിദ്യാഭ്യാസ സഹകരണ കരാർ നടപ്പാക്കുക.
  • വിദ്യാഭ്യാസ സഹകരണ കരാറിന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി ഗവണ്മെന്റ്-സ്ഥാപന തലങ്ങളിലുള്ള പങ്കാളിത്തങ്ങളുടെയും ഇടപെടലുകളുടെയും എണ്ണം ഇനിയും വർധിപ്പിക്കാൻ ശ്രമിക്കുക.
  • സൗരോർജ വിന്യാസം, ധനസഹായം, ശേഷിവികസനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, അന്താരാഷ്ട്ര സൗരസഖ്യവുമായുള്ള സജീവമായ ഇടപെടലിലൂടെ കാലാവസ്ഥാവ്യതിയാന പ്രതിരോധ പ്രവർത്തനങ്ങളിലും ഹരിതഗൃഹ വാതക പുറന്തള്ളൽ കുറയ്ക്കുന്നതിലുമുള്ള സഹകരണം കൂടുതൽ ശക്തമാക്കുക.
  • സുസ്ഥിര ഊർജ പരിവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി ആഗോള ജൈവഇന്ധന സഖ്യവുമായി സഹകരിച്ചു പ്രവർത്തിക്കുക.
  • കൃഷി, കാലാവസ്ഥ, ഡിജിറ്റൽ പരിവർത്തനം, പുതിയതും വളർന്നുവരുന്നതുമായ സാങ്കേതികവിദ്യകൾ എന്നിവയ്ക്കു മുൻഗണന നൽകി, ഗവേഷണം, ശാസ്ത്രം, സാങ്കേതികവിദ്യ, നൂതനാശയങ്ങൾ എന്നിവയിൽ ഉഭയകക്ഷിപങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനും അതിന്റെ സാധ്യതകൾ കണ്ടെത്തുന്നതിനും ഗവണ്മെന്റ് ഉദ്യോഗസ്ഥർ, സ്ഥാപനങ്ങൾ, വ്യവസായമേഖല എന്നിവയ്ക്കു പ്രോത്സാഹനമേകുക.
  • സന്നദ്ധത, അടിയന്തര സാഹചര്യങ്ങളിലെ ഇടപെടൽ, ശേഷിവികസനം എന്നിവ ഉൾക്കൊള്ളിച്ച്, ഇന്ത്യയിലെ ദേശീയ ദുരന്തനിവാരണ അതോറിറ്റിയും ന്യൂസിലൻഡിലെ ദേശീയ അടിയന്തര പ്രതികരണ ഏജൻസിയും തമ്മിലുള്ള സഹകരണ ധാരണാപത്രം നടപ്പാക്കുക.

സ്തംഭം VI: പ്രാദേശിക-ബഹുരാഷ്ട്ര സഹകരണം

  • നിയമവ്യവസ്ഥിതിയിലധിഷ്ഠിതമായ ഇൻഡോ-പസഫിക് മേഖലയെ നിലനിർത്തുന്നതിനായി, ആസിയാന്റെ (ASEAN) നേതൃത്വത്തിലുള്ള കൂട്ടായ്മകളിലും മറ്റു പ്രാദേശിക വേദികളിലും കാഴ്ചപ്പാടുകൾ പങ്കുവയ്ക്കുക.
  • ഇൻഡോ-പസഫിക് സമുദ്രസംരംഭത്തിന്റെ (IPOI) സമുദ്ര സുരക്ഷാസ്തംഭത്തിനു കീഴിൽ കൃത്യമായ സഹകരണസാധ്യതകൾ തേടുക; കൂടാതെ അന്താരാഷ്ട്ര നിയമങ്ങൾക്ക്, പ്രത്യേകിച്ച് UNCLOS-നു വിധേയമായി തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കുന്നതിനെ പിന്തുണയ്ക്കുക.
  • ഐക്യരാഷ്ട്രസഭയിലെ സഹകരണം ശക്തമാക്കുക; കൂടാതെ പുനഃസംഘടിപ്പിക്കപ്പെടുന്ന UN രക്ഷാസമിതിയിൽ ഇന്ത്യക്കു സ്ഥിരാംഗത്വം ലഭിക്കുന്നതിനുള്ള അവകാശവാദത്തെ പിന്തുണയ്ക്കുന്നതുൾപ്പെടെയുള്ള UN പരിഷ്കരണങ്ങളെ പിന്തുണയ്ക്കുക.
  • ബഹുരാഷ്ട്ര-അന്താരാഷ്ട്ര സംഘടനകളിലെ സ്ഥാനാർഥിത്വങ്ങൾക്കു സാധ്യമാകുന്നിടത്തൊക്കെ പരസ്പരപിന്തുണ കൈമാറുക.
  • ‘ഇന്ത്യ-ന്യൂസിലൻഡ് തന്ത്രപ്രധാന പങ്കാളിത്തം: 2030-ലേക്കുള്ള മാർഗരേഖ’ സാമ്പത്തികപരമായ ബാധ്യതകൾക്കു കാരണമാകുന്നില്ലെന്നും ആഭ്യന്തര- അന്താരാഷ്ട്ര നിയമങ്ങൾക്കുകീഴിൽ നിയമപരമായി ബാധ്യസ്ഥമായ അവകാശങ്ങളോ കടമകളോ സൃഷ്ടിക്കുന്നില്ലെന്നും മനസ്സിലാക്കുക.

-SK-


(रिलीज़ आईडी: 2283566) आगंतुक पटल : 15
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Manipuri , Assamese , Gujarati