പ്രധാനമന്ത്രിയുടെ ഓഫീസ്
ഇക്കണോമിക് റോഡ്‌മാപ്പ് ബിസിനസ് റിസപ്ഷനിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
प्रविष्टि तिथि:
09 JUL 2026 10:09AM by PIB Thiruvananthpuram
എല്ലാവർക്കും എന്റെ നമസ്കാരം!
ഈ ഹാൾ ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും ബിസിനസ്സ് കരുത്തും ബിസിനസ്സ് അഭിലാഷങ്ങളും ഒത്തുചേരുന്നതിന് സാക്ഷ്യം വഹിക്കുകയാണ് ഇന്ന്. ഇവിടുത്തെ നിങ്ങളുടെ സാന്നിധ്യം നമ്മുടെ പങ്കിട്ട ആത്മവിശ്വാസത്തിന്റെയും അഭിലാഷങ്ങളുടെയും പ്രതിഫലനമാണ്.
ഇന്ന് ലോകം അനിശ്ചിതാവസ്ഥയുടെയും വിതരണ ശൃംഖലയിലെ തടസ്സങ്ങളുടെയും ഊർജ്ജ പ്രതിസന്ധികളുടെയും ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഇത്തരം സമയങ്ങളിൽ ഇന്ത്യയും ഓസ്‌ട്രേലിയയും സ്വാഭാവികവും വിശ്വസനീയവുമായ പങ്കാളികളായി മുന്നോട്ട് പോകേണ്ടത് സ്വാഭാവികവും അനിവാര്യവുമാണ്.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇരു രാജ്യങ്ങളുടെയും ശേഷികൾ പ്രയോജനപ്പെടുത്തിക്കൊണ്ട് ഭാവി പങ്കാളിത്തത്തിനായുള്ള ഒരു ശക്തമായ ചട്ടക്കൂട് നാം നിർമ്മിച്ചിട്ടുണ്ട്. 2022-ൽ റെക്കോർഡ് വേഗത്തിൽ പൂർത്തിയാക്കിയ സാമ്പത്തിക സഹകരണ വ്യാപാര കരാർ (ECTA) നമ്മുടെ സാമ്പത്തിക പങ്കാളിത്തത്തെ കൂടുതൽ ശക്തിപ്പെടുത്തി. ഇത് നടപ്പിലാക്കിയതു മുതൽ ഓസ്‌ട്രേലിയയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി ഇരട്ടിയാവുകയും ഇരു രാജ്യങ്ങളിലെയും വ്യവസായങ്ങൾക്ക് മെച്ചപ്പെട്ട വിപണി അവസരങ്ങളിൽ നിന്ന് പ്രയോജനം ലഭിക്കുകയും ചെയ്തു.
എന്നാൽ നമ്മൾ ഇവിടംകൊണ്ട് നിർത്തുന്നില്ല. നമ്മൾ ഇപ്പോൾ കൂടുതൽ സമഗ്രമായ ഒരു CECA കരാറിലേക്ക് മുന്നേറുകയാണ്. ഈ ശ്രമങ്ങളിലൂടെ ഇരു രാജ്യങ്ങളിലെയും ഗവൺമെന്റുകൾ ഒരു പുതിയ റൺവേ സൃഷ്ടിച്ചിരിക്കുകയാണ്.
ഇപ്പോൾ നിക്ഷേപത്തിന്റെയും നവീനാശയത്തിന്റെയും വിമാനം ഈ റൺവേയിൽ നിന്ന് പറന്നുയരാൻ തയ്യാറായിക്കഴിഞ്ഞു. ഈ പങ്കാളിത്തത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കേണ്ടത് ഇനി നിങ്ങളെല്ലാവരുടെയും ചുമതലയാണ്.
സുഹൃത്തുക്കളേ,
ശുദ്ധോർജ്ജവുമായി ബന്ധപ്പെട്ട നിരവധി കമ്പനികൾ ഇന്ന് ഇവിടെയുണ്ട്. ജലവൈദ്യുത പദ്ധതികൾ, ഗ്രീൻ ഹൈഡ്രജൻ, സോളാർ മോഡ്യൂളുകൾ, പവനോർജ്ജം എന്നിവയ്ക്കായുള്ള ഒരു ഉൽപ്പാദന ആവാസവ്യവസ്ഥ ഇന്ത്യയിൽ നമ്മൾ നിർമ്മിച്ചുകൊണ്ടിരിക്കുകയാണ്.
2030-ഓടെ 500 GW പുനരുപയോഗ ഊർജ്ജ ശേഷിയും 2070-ഓടെ നെറ്റ് സീറോയും കൈവരിക്കുക എന്ന ലക്ഷ്യം ഇന്ത്യ നിശ്ചയിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയുടെ സാങ്കേതികവിദ്യയ്ക്കും മൂലധനത്തിനും വിഭവങ്ങൾക്കും ഈ പരിവർത്തനത്തിന് വേഗത കൂട്ടാൻ കഴിയും.
ഏതാനും മാസങ്ങൾക്ക് മുമ്പ് SHANTI നിയമത്തിലൂടെ ഇന്ത്യ ആണവോർജ്ജ മേഖല സ്വകാര്യ കമ്പനികൾക്കായി തുറന്നുനൽകി. 2047-ഓടെ 100 ജിഗാവാട്ട് ആണവോർജ്ജ ശേഷി കൈവരിക്കുക എന്ന ലക്ഷ്യമാണ് നമ്മൾ നിശ്ചയിച്ചിട്ടുള്ളത്. ഓസ്‌ട്രേലിയയുടെ വൻതോതിലുള്ള യുറേനിയം നിക്ഷേപം ഇന്ത്യയുടെ ആണവോർജ്ജ പ്രയാണവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഇരു രാജ്യങ്ങൾക്കും ഈ സുപ്രധാന മേഖലയിൽ സഹകരണം വിപുലീകരിക്കുന്നതിനുള്ള ഒരു ചരിത്രാവസരമാണ് ഇത് സമ്മാനിക്കുന്നത്.
ഇന്ത്യയിൽ തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, റോഡുകൾ, റെയിൽവേ, നഗര അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ ദീർഘകാല ഓസ്‌ട്രേലിയൻ നിക്ഷേപകർക്ക് വലിയ അവസരങ്ങളുണ്ട്. ഇന്ന് ഇന്ത്യയിൽ ദേശീയ പാതകൾ പ്രതിദിനം ഏകദേശം 34 കിലോമീറ്റർ എന്ന വേഗതയിലാണ് നിർമ്മിക്കപ്പെടുന്നത്. ഓരോ ദിവസവും 8 കിലോമീറ്ററിലധികം റെയിൽവേ ട്രാക്കുകൾ സ്ഥാപിച്ചുവരുന്നു. ഇത് വ്യാപ്തി, വേഗത, സുസ്ഥിരത എന്നിവയുടെ സവിശേഷമായ ഒരു സംഗമത്തെ പ്രതിഫലിപ്പിക്കുന്നു.
ഉരുക്ക് മേഖലയിൽ നമ്മൾ ഇതിനകം തന്നെ ശക്തമായ പങ്കാളികളാണ്. ഇന്ത്യ ഇന്ന് ലോകത്തിലെ രണ്ടാമത്തെ വലിയ ക്രൂഡ് സ്റ്റീൽ ഉൽപ്പാദക രാജ്യമാണ്. നമുക്ക് ഒന്നിച്ച് ലോ-കാർബൺ അലുമിനിയം, ഗ്രീൻ അയൺ, ശുദ്ധമായ ഉൽപ്പാദനം എന്നിവയ്ക്കായി പ്രവർത്തിക്കാൻ സാധിക്കും.
എഐ മിഷൻ, ക്വാണ്ടം മിഷൻ, സെമികണ്ടക്ടർ പദ്ധതി എന്നിവയ്ക്ക് കീഴിൽ ഇന്ത്യാ ഗവൺമെന്റ് 10 ബില്യണിലധികം ഡോളറിന്റെ സഹായം നൽകിയിട്ടുണ്ട്. ആഗോള പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനായി ഡാറ്റാ സെന്ററുകൾ, എഐ, ക്വാണ്ടം സാങ്കേതികവിദ്യകൾ, സെമികണ്ടക്ടറുകൾ, ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ എന്നീ മേഖലകളിൽ നമുക്ക് ഒന്നിച്ച് പ്രവർത്തിക്കാം.
ഓസ്‌ട്രേലിയയുടെ പെൻഷൻ ഫണ്ടുകൾ ഇന്ന് 4 ട്രില്യൺ ഡോളറിലധികം മൂല്യമുള്ള ആസ്തികളാണ് കൈകാര്യം ചെയ്യുന്നത്. ഇന്ത്യയിൽ പെൻഷൻ സമ്പാദ്യങ്ങളെ ഒരു പവിത്രമായ ട്രസ്റ്റായാണ് കണക്കാക്കുന്നത്. ഞങ്ങൾ അവയെ വെറും മൂലധനമായി മാത്രമല്ല കാണുന്നത്. ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ വിശ്വാസമായാണ് ഞങ്ങൾ അവയെ വീക്ഷിക്കുന്നത്. നിങ്ങളുടെ ഫണ്ടുകൾക്ക് സുരക്ഷിതവും സുസ്ഥിരവും ദീർഘകാലാടിസ്ഥാനത്തിലുള്ളതുമായ വളർച്ചയ്ക്കുള്ള അവസരമാണ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്. നിങ്ങളുടെ ഈ വിശ്വാസത്തെ കൂടുതൽ ശക്തിപ്പെടുത്തുകയും അതോടൊപ്പം നിങ്ങളുടെ മൂലധനം വളർത്താൻ സഹായിക്കുകയുമായിരിക്കും ഞങ്ങളുടെ ശ്രമം.
വിദ്യാഭ്യാസ, നൈപുണ്യ മേഖലകളിൽ നമ്മുടെ ഇരു രാജ്യങ്ങളും തമ്മിൽ സ്വാഭാവികമായ സഹകരണമുണ്ട്. ഡീക്കിൻ സർവകലാശാലയും വൊലൊങ്കോങ് സർവകലാശാലയും ഗിഫ്റ്റ് സിറ്റിയിൽ ക്യാമ്പസുകൾ ആരംഭിച്ചുകൊണ്ട് ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിച്ചുകഴിഞ്ഞു. ഇത് ഇന്ത്യയിലുള്ള അവരുടെ ആത്മവിശ്വാസത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. വിദ്യാർത്ഥികളുടെ ഈ കൈമാറ്റത്തെ ഒരു പ്രതിഭാ പങ്കാളിത്തമാക്കി മാറ്റുക എന്നതായിരിക്കണം നമ്മുടെ പൊതുലക്ഷ്യം.
സുഹൃത്തുക്കളേ,
ഈ മേഖലകളിലെല്ലാം മുന്നോട്ട് പോകുന്നതിന് നാം ഒരു സുപ്രധാന വശത്തിന് കൂടി മുൻഗണന നൽകേണ്ടതുണ്ട്. നമ്മുടെ പങ്കാളിത്തം രണ്ട് തലസ്ഥാനങ്ങളിലോ അല്ലെങ്കിൽ ഏതാനും നഗരങ്ങളിലോ മാത്രമായി ഒതുങ്ങിനിൽക്കരുത്. നമ്മുടെ സംസ്ഥാനങ്ങൾ, ചെറുതും വലുതുമായ നഗരങ്ങൾ, സർവകലാശാലകൾ, വ്യവസായങ്ങൾ എന്നിവയെല്ലാം ഈ പങ്കാളിത്തത്തിലെ ഗുണഭോക്താക്കളാക്കി നമ്മൾ മാറ്റണം.
വെസ്റ്റേൺ ഓസ്‌ട്രേലിയയുടെ നിർണ്ണായക ധാതുക്കളുടെ കരുത്ത് ഒഡീഷയുടെയും ഗുജറാത്തിന്റെയും ഉൽപ്പാദന ശേഷിയുമായി ബന്ധിപ്പിക്കാൻ കഴിയും. ക്വീൻസ്‌ലൻഡിന്റെയും ടാസ്മേനിയയുടെയും ശുദ്ധമായ ഊർജ്ജ, കാർഷിക മേഖലകളിലെ വൈദഗ്ധ്യത്തിന് പഞ്ചാബ്, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ പുനരുപയോഗ ഊർജ്ജ ഇടനാഴികൾക്കും ഫുഡ് പ്രോസസിങ് ആവാസവ്യവസ്ഥകൾക്കും പുതിയ വേഗത നൽകാൻ സാധിക്കും.
ന്യൂ സൗത്ത് വെയ്ൽസിന്റെയും വിക്ടോറിയയുടെയും ധനകാര്യം, വിദ്യാഭ്യാസം, മെഡിക്കൽ സാങ്കേതികവിദ്യ, നവീനാശയം എന്നിവയിലുള്ള ആവാസവ്യവസ്ഥകൾക്ക് മഹാരാഷ്ട്ര, കർണാടക, തെലങ്കാന എന്നിവയുമായി ഒന്നിച്ച് പ്രവർത്തിച്ച് ആഗോള പരിഹാരങ്ങൾ കണ്ടെത്താനാകും. സൗത്ത് ഓസ്‌ട്രേലിയയുടെ പ്രതിരോധം, ബഹിരാകാശം, ഉൽപ്പാദനം എന്നീ മേഖലകളിലെ ശേഷികൾക്ക് ഉത്തർപ്രദേശും കേരളവുമായി ചേർന്നുള്ള പങ്കാളിത്തത്തിലൂടെ പുതിയ അവസരങ്ങൾ സൃഷ്ടിക്കാൻ കഴിയും.
വരും കാലങ്ങളിൽ, നമ്മൾ പ്രത്യേകമായി തിരഞ്ഞെടുത്ത ചില സംസ്ഥാനങ്ങൾ തമ്മിലുള്ളതും മേഖലകൾ തമ്മിലുള്ളതുമായ പങ്കാളിത്തങ്ങൾ തിരിച്ചറിയുകയും അവയെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള തന്ത്രങ്ങൾ വികസിപ്പിക്കുകയും ചെയ്യണമെന്നാണ് എന്റെ നിർദ്ദേശം.
സുഹൃത്തുക്കളേ,
ജനാധിപത്യ മൂല്യങ്ങളുടെയും ഇൻഡോ-പസഫിക് മേഖലയെക്കുറിച്ചുള്ള നമ്മുടെ പങ്കുവെക്കപ്പെട്ട കാഴ്ചപ്പാടിന്റെയും അടിസ്ഥാനത്തിൽ നമ്മുടെ ഇരു രാജ്യങ്ങളും തമ്മിൽ ആഴത്തിലുള്ള തന്ത്രപരമായ ഒരു ഒത്തുചേരൽ വികസിച്ചുവന്നിട്ടുണ്ട്. നമ്മുടെ ബിസിനസ്സ് പങ്കാളിത്തത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാൻ നമ്മൾ പ്രതിജ്ഞാബദ്ധരാണ്. ഈ ശ്രമത്തിൽ നിങ്ങളുടെ പങ്ക് വളരെ പ്രധാനപ്പെട്ടതാണ്.
ഇന്നത്തെ ഈ ചർച്ച പുതിയ ആശയങ്ങൾക്കും പുതിയ പങ്കാളിത്തങ്ങൾക്കും പുതിയ പ്രതിബദ്ധതകൾക്കും വഴിതുറക്കുമെന്ന് എനിക്ക് പൂർണ്ണ ആത്മവിശ്വാസമുണ്ട്.
ഈ പരിപാടിയിൽ പങ്കെടുക്കാൻ സമയം കണ്ടെത്തിയ ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്ക് ഞാൻ ഒരിക്കൽ കൂടി എന്റെ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു.
നിങ്ങൾക്കെല്ലാവർക്കും എന്റെ ആശംസകൾ.
നന്ദി.
നിരാകരണം: ഇത് പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ പരിഭാഷ മാത്രമാണ്. യഥാർത്ഥ പ്രസംഗം ഹിന്ദിയിലാണ് നടത്തിയത്.
***
SK
(रिलीज़ आईडी: 2283253)
आगंतुक पटल : 5
इस विज्ञप्ति को इन भाषाओं में पढ़ें:
Odia
,
हिन्दी
,
English
,
Urdu
,
Assamese
,
Bengali
,
Bengali-TR
,
Manipuri
,
Punjabi
,
Gujarati
,
Kannada