പ്രധാനമന്ത്രിയുടെ ഓഫീസ്
ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
प्रविष्टि तिथि:
09 JUL 2026 6:40PM by PIB Thiruvananthpuram
മെൽബണിലെ മാർവൽ സ്റ്റേഡിയത്തിൽ ഒത്തുകൂടിയ ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. പ്രത്യേക താല്പര്യത്തോടെ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസും ചടങ്ങിൽ പങ്കെടുത്തു.
സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, തനിക്ക് നൽകിയ ഊഷ്മളമായ സ്വീകരണത്തിന് പ്രവാസി സമൂഹത്തിന് നന്ദി രേഖപ്പെടുത്തി. പ്രധാനമന്ത്രി ആൽബനീസിന്റെ മഹനീയമായ സാന്നിധ്യത്തിനും, ഇന്ത്യൻ പ്രവാസികളുടെ ക്ഷേമം ഉൾപ്പെടെ ഇന്ത്യ-ഓസ്‌ട്രേലിയ ബന്ധങ്ങളോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയ്ക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു. കഴിഞ്ഞ ദശകത്തിൽ ഉഭയകക്ഷി പങ്കാളിത്തത്തിൽ കൈവരിച്ച ശ്രദ്ധേയമായ പുരോഗതി പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇരു സമ്പദ്‌വ്യവസ്ഥകളും തമ്മിലുള്ള പരസ്പര പൂരകത്വം ഇന്ത്യയെയും ഓസ്‌ട്രേലിയയെയും സുരക്ഷിതവും സമൃദ്ധവും പ്രതിരോധശേഷിയുള്ളതുമായ പങ്കാളിത്തം രൂപപ്പെടുത്തുന്നതിൽ സ്വാഭാവിക പങ്കാളികളാക്കുന്നു എന്ന് അദ്ദേഹം അടിവരയിട്ടു.
ഉഭയകക്ഷി ബന്ധത്തിന് ഓസ്‌ട്രേലിയയിലെ ഇന്ത്യൻ പ്രവാസികൾ നൽകുന്ന സംഭാവനകളെ പ്രശംസിച്ച പ്രധാനമന്ത്രി, അവരെ ഇരുരാജ്യങ്ങളും തമ്മിലുള്ള സജീവ കണ്ണിയായി വിശേഷിപ്പിച്ചു. ഓസ്‌ട്രേലിയയുടെ സാമൂഹിക ഘടനയിൽ നിർണായക പങ്ക് വഹിക്കുമ്പോഴും, ഇന്ത്യൻ സമൂഹം തങ്ങളുടെ സാംസ്കാരിക പാരമ്പര്യങ്ങൾ കാത്തുസൂക്ഷിക്കുകയും തങ്ങളുടെ ഊഷ്മളതയും ഊർജ്ജസ്വലതയും തദ്ദേശീയവാസികളുമായി പങ്കിടുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഓസ്‌ട്രേലിയയിലെ വൻതോതിലുള്ള ഇന്ത്യൻ വിദ്യാർത്ഥി സമൂഹത്തിന്റെ സാന്നിധ്യവും, ഇന്ത്യയിൽ കാമ്പസുകൾ ആരംഭിക്കുന്ന ഓസ്‌ട്രേലിയൻ സർവ്വകലാശാലകളുടെ വർദ്ധിച്ചുവരുന്ന എണ്ണവും എടുത്തുപറഞ്ഞ അദ്ദേഹം, വിദ്യാഭ്യാസം, ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ ഏറ്റവും ശക്തമായ സ്തംഭങ്ങളിൽ ഒന്നാണെന്ന് നിരീക്ഷിച്ചു.
സുസ്ഥിരമായ ഉയർന്ന വളർച്ച, നയ പരിഷ്കാരങ്ങൾ, ഡിജിറ്റൽ വിപ്ലവം, അടുത്ത തലമുറ അടിസ്ഥാന സൗകര്യ വികസനം എന്നിവയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ അതിവേഗം ഉണ്ടായിക്കൊണ്ടിരിക്കുന്ന പുരോഗതിയെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു. കമ്മ്യൂണിക്കേഷൻ ടെക്നോളജി, സെമികണ്ടക്ടറുകൾ, സ്മാർട്ട്ഫോൺ നിർമ്മാണം, ‘മേക്ക് ഇൻ ഇന്ത്യ’ പ്രതിരോധ കയറ്റുമതി എന്നീ മേഖലകളിൽ രാജ്യം പുതിയ കുതിച്ചുചാട്ടങ്ങൾ നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ജനാധിപത്യ കരുത്തും, അതിന്റെ പ്രതിഭയും സാങ്കേതികവിദ്യയും നൂതനാശയവും ഒത്തുചേർന്ന് ആഗോള പങ്കാളികൾക്കായി പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ സമീപനം സ്വന്തം പുരോഗതിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയല്ല, മറിച്ച് സുഹൃത്തുക്കളുമായും പങ്കാളികളുമായും കൈകോർക്കുക എന്നതാണെന്നും അദ്ദേഹം അടിവരയിട്ടു. 2047-ഓടെ 'വികസിത് ഭാരതം' കെട്ടിപ്പടുക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ആശയങ്ങളും വൈദഗ്ധ്യവും സംഭാവന ചെയ്യാൻ ഇന്ത്യൻ സമൂഹത്തോട് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. പ്രധാനമന്ത്രിയുടെ പൂർണ്ണമായ പ്രസംഗം ഇവിടെ [ലിങ്ക്] കാണാം [link].
വിദ്യാർത്ഥികൾ, പ്രൊഫഷണലുകൾ, സംരംഭകർ, ഗവേഷകർ, സമൂഹ നേതാക്കൾ, സാംസ്കാരിക സംഘടന പ്രതിനിധികൾ എന്നിവരുൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള ഇന്ത്യൻ പ്രവാസികൾ ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യ-ഓസ്‌ട്രേലിയ ബന്ധത്തിന്റെ സവിശേഷതയായ ജനങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നു ഈ ഒത്തുചേരൽ. ഒരു ദശലക്ഷത്തോളം ഇന്ത്യൻ വംശജർ താമസിക്കുന്ന രാജ്യമാണ് ഓസ്ട്രേലിയ.
-SK-
(रिलीज़ आईडी: 2283034)
आगंतुक पटल : 15
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada