പ്രധാനമന്ത്രിയുടെ ഓഫീസ്
വിവിധ മേഖലകളിൽ എൽ നിനോ പ്രത്യാഘാതങ്ങളും തയ്യാറെടുപ്പ് നടപടികളും വിലയിരുത്തുന്നതിനായി പ്രധാനമന്ത്രിയുടെ ഓഫീസ് ഉന്നതതല അവലോകന യോഗം ചേർന്നു
കൃഷി, ഊർജ്ജം, ആരോഗ്യം, ഗ്രാമവികസനം, സാമ്പത്തിക കാര്യങ്ങൾ, ഉപഭോക്തൃ കാര്യങ്ങൾ എന്നിവയുൾപ്പെടെയുള്ള ബന്ധപ്പെട്ട വകുപ്പുകളിലെ സെക്രട്ടറിമാർ യോഗത്തിൽ പങ്കെടുത്തു
എൽ നിനോയുടെ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങൾ കണക്കിലെടുത്ത് മന്ത്രാലയങ്ങൾ നടത്തിയ തയ്യാറെടുപ്പ് പ്രവർത്തനങ്ങളുടെ വിശദമായ വിലയിരുത്തൽ നടത്തി
ഉയർന്നുവരുന്ന സാഹചര്യങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കാനും കാർഷിക-സാമ്പത്തിക പ്രവർത്തനങ്ങളെ ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പ്രാദേശിക/സൂക്ഷ്മ തലത്തിൽ ചേർന്ന് പ്രവർത്തിക്കാനും മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടു
കാർഷിക ഉൽപാദന വസ്തുക്കളുടെയും അവശ്യ ഭക്ഷ്യസാധനങ്ങളുടെയും മതിയായ ലഭ്യത ഉറപ്പാക്കുന്നതിനായി സംസ്ഥാന ഗവൺമെന്റുകളുമായി അടുത്ത ഏകോപനത്തോടെ പ്രവർത്തിക്കാൻ മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടു
प्रविष्टि तिथि:
07 JUL 2026 8:59PM by PIB Thiruvananthpuram
ഖാരിഫ് സീസണിന്റെ പുരോഗതിയുടെയും സമ്പദ്‌വ്യവസ്ഥയിലെ മറ്റ് മേഖലകളിൽ എൽ നിനോ മൂലമുണ്ടായേക്കാവുന്ന ആഘാതങ്ങളുടെയും പശ്ചാത്തലത്തിൽ ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുള്ള തയ്യാറെടുപ്പുകൾ അവലോകനം ചെയ്യുന്നതിനും വിലയിരുത്തുന്നതിനുമായി പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.പി.കെ.മിശ്രയുടെ അധ്യക്ഷതയിൽ 2026 ജൂലൈ 7-ന് സേവാ തീർത്ഥിൽ ഒരു ഉന്നതതല അവലോകന യോഗം ചേർന്നു.
കൃഷി, ഊർജ്ജം, സഹകരണം, കുടിവെള്ളവും ശുചിത്വവും, ആരോഗ്യ-കുടുംബക്ഷേമം, സാമ്പത്തിക കാര്യങ്ങൾ, മൃഗസംരക്ഷണം, ഗ്രാമവികസനം, ഭൗമശാസ്ത്രം, കാർഷിക ഗവേഷണവും വിദ്യാഭ്യാസവും, ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD), വാർത്താവിനിമയ പ്രക്ഷേപണം, ഉപഭോക്തൃ കാര്യങ്ങൾ, ധനകാര്യ സേവനങ്ങൾ, വളങ്ങൾ, കേന്ദ്ര ജല കമ്മീഷൻ എന്നിവയുൾപ്പെടെ പതിനഞ്ചിലധികം മന്ത്രാലയങ്ങളിലെ സെക്രട്ടറിമാരും മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു
തുടക്കത്തിൽ തന്നെ ഇന്ത്യൻ കാലാവസ്ഥാ വകുപ്പിലെ (IMD) ഉദ്യോഗസ്ഥർ ജൂൺ മാസത്തിലും ജൂലൈ 7 വരെയുള്ള കാലയളവിലുമുള്ള മഴയുടെ സാഹചര്യം അവതരിപ്പിച്ചു. രാജ്യത്തെ കാലവർഷത്തിന്റെ വ്യാപ്തിയെക്കുറിച്ചും എൽ നിനോയുടെ ഉണ്ടായേക്കാവുന്ന പ്രത്യാഘാതത്തെക്കുറിച്ചും മെറ്റീരിയോളജി ഡയറക്ടർ ജനറൽ വിശദീകരിച്ചു. ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ കാലവർഷം ആരംഭിക്കാൻ ഏകദേശം 10 ദിവസത്തെ കാലതാമസമുണ്ടായി. എന്നിരുന്നാലും 07.07.2026 വരെയുള്ള മഴയോടെ അഖിലേന്ത്യാ തലത്തിലുള്ള മഴയുടെ കുറവ് -12% ആയി കുറഞ്ഞിട്ടുണ്ട്. ജൂലൈയിലെ ആദ്യ വാരം സാധാരണയേക്കാൾ കൂടുതൽ മൺസൂൺ മഴ രേഖപ്പെടുത്തി. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ദുർബലമോ അല്ലെങ്കിൽ മിതമായതോ ആയ എൽ നിനോയാണ് പ്രതീക്ഷിക്കുന്നത്.
മൺസൂൺ സീസണിലെ ആകെ മഴയുടെ 30%-ത്തിലധികം ജൂലൈയിലാണ് ലഭിക്കുന്നത് എന്നതിനാൽ ഈ സാഹചര്യം നിരന്തരം നിരീക്ഷിച്ചുവരികയാണ്. ഒരു എൽ നിനോ വർഷമെന്നത് ആ വർഷം മുഴുവൻ സാധാരണയേക്കാൾ കുറഞ്ഞ മഴ ലഭിക്കുന്നതിന് കാരണമാകണമെന്ന് നിർബന്ധമില്ലെന്നും യോഗത്തിൽ പരാമർശിക്കുകയുണ്ടായി.
ഖാരിഫ് സീസണിൽ എൽ നിനോയുടെ ഉണ്ടാകാനിടയുള്ള ആഘാതങ്ങൾ നേരിടുന്നതിനുള്ള തയ്യാറെടുപ്പുകളെക്കുറിച്ച് കൃഷി വകുപ്പ് സെക്രട്ടറി വിശദമായി അവതരിപ്പിച്ചു. കൃത്യസമയത്ത് തീരുമാനങ്ങൾ എടുക്കുന്നതിനും അടിയന്തര പ്രതികരണങ്ങൾക്കുമായി മഴ, ജലാശയങ്ങളിലെ സംഭരണശേഷി, വിതയ്ക്കൽ, ഉൽപ്പാദന സാമഗ്രികളുടെ ലഭ്യത, വിപണി പ്രവണതകൾ, പുതുതായി കണ്ടുവരുന്ന കീടങ്ങളുടെയും രോഗങ്ങളുടെയും സാഹചര്യങ്ങൾ എന്നിവ നിരീക്ഷിക്കുന്നതിനായി സംസ്ഥാനങ്ങളുമായി ചേർന്ന് 'ക്രോപ്പ് വെതർ വാച്ച്' ഗ്രൂപ്പിന്റെ പ്രതിവാര യോഗങ്ങൾ വിളിച്ചുകൂട്ടുന്നു. പ്രതികൂല സാഹചര്യങ്ങൾ ബാധിക്കാൻ സാധ്യതയുള്ള 262 ദുർബല ജില്ലകളെ ലക്ഷ്യമിട്ട് ജില്ലാ കാർഷിക അടിയന്തര പദ്ധതികൾ (District Agriculture Contingency Plans) പരിഷ്കരിച്ചിട്ടുണ്ട്. ജില്ലകളിലെ കൃഷി വിജ്ഞാൻ കേന്ദ്രങ്ങൾക്കായി "ഇന്ത്യൻ കാർഷിക മേഖലയിലെ എൽ നിനോ അപകടസാധ്യതകൾ കൈകാര്യം ചെയ്യൽ" എന്ന വിഷയത്തിലുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ (SOP) ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചറൽ റിസർച്ച് പുറപ്പെടുവിച്ചിട്ടുണ്ട്. കാലാവസ്ഥയെ പ്രതിരോധിക്കുന്ന ഇനങ്ങളും സാങ്കേതികവിദ്യകളുമുള്ളതിനാൽ മഴ കുറവായിരുന്നിട്ടും കഴിഞ്ഞ കുറേ വർഷങ്ങളായി ഭക്ഷ്യധാന്യ ഉൽപ്പാദനം കൃത്യമായി നിലനിർത്താൻ കഴിഞ്ഞിട്ടുണ്ടെന്നും എടുത്തുപറഞ്ഞു.
പ്രതികൂല സാഹചര്യങ്ങൾ നേരിടുന്ന സംസ്ഥാനങ്ങളിൽ പ്രധാൻ മന്ത്രി ഫസൽ ബീമ യോജന, കിസാൻ ക്രെഡിറ്റ് കാർഡ് എന്നിവയുടെ പരിരക്ഷ വർധിപ്പിക്കുന്നതിനുള്ള ക്യാമ്പയ്‌നുകൾ ആരംഭിച്ചിട്ടുണ്ട്. കൂടാതെ നിശ്ചിത സമയപരിധിക്കുള്ളിൽ പരമാവധി ഗുണഭോക്താക്കൾക്ക് ഇതിന്റെ പരിരക്ഷ ഉറപ്പാക്കാൻ കൃഷി, ധനകാര്യ സേവനം, സഹകരണം എന്നീ വകുപ്പുകളോട് നിർദ്ദേശിച്ചു. ഉണക്കപ്പുല്ല്, പച്ചപ്പുല്ല്, കാലിത്തീറ്റ എന്നിവയുടെ ലഭ്യത പ്രാദേശിക തലത്തിലും അല്ലാതെയും വിലയിരുത്താൻ മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പിനോട് ആവശ്യപ്പെട്ടു.
ജില്ലകളിലെ സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നും നിലവിലെ സ്ഥിതിഗതികൾ സുസ്ഥിരമാണെന്നും കുടിവെള്ള-ശുചിത്വ വകുപ്പ് അറിയിച്ചു. പ്രതികൂല സാഹചര്യങ്ങൾ ബാധിക്കാൻ സാധ്യതയുള്ള ജില്ലകളിൽ പ്രാദേശിക തലത്തിലുള്ള ആസൂത്രണവും നിരീക്ഷണവും വകുപ്പ് ഉറപ്പാക്കണമെന്ന് നിർദ്ദേശിച്ചു. ഭൂഗർഭജലത്തിന്റെയും രാജ്യത്തെ ജലാശയങ്ങളുടെ സംഭരണ നിലയും ജലവിഭവ വകുപ്പ് പങ്കുവെച്ചു. നിലവിൽ സാഹചര്യം സുസ്ഥിരമാണെങ്കിലും ഈ സീസണിലുടനീളം നിരന്തരമായ നിരീക്ഷണം നിലനിർത്തേണ്ടതുണ്ട്.
ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് ഉഷ്ണതരംഗങ്ങൾക്കായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കുകയും ഉഷ്ണതരംഗം, ഉയർന്ന ആർദ്രത, ഡെങ്കിപ്പനി പടർന്നുപിടിക്കൽ എന്നിവ നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. മുന്നറിയിപ്പുകളും മാർഗ്ഗനിർദ്ദേശങ്ങളും താഴേത്തട്ടിൽ വരെ ഫലപ്രദമായി എത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്.
ചില്ലറ വിലനിലവാരത്തെക്കുറിച്ചും അരി, ഗോതമ്പ്, പരിപ്പ് വർഗ്ഗങ്ങൾ എന്നിവയുടെ കരുതൽ ശേഖരത്തിന്റെ പര്യാപ്തതയെക്കുറിച്ചുമുള്ള വിവരങ്ങൾ ഉപഭോക്തൃ കാര്യ വകുപ്പ് പങ്കുവെച്ചു. വളങ്ങളുടെ ആവശ്യമായ ലഭ്യതയെക്കുറിച്ചും റാബി സീസണിലേക്ക് പ്രതീക്ഷിക്കുന്ന പ്രാരംഭ നീക്കിയിരിപ്പിനെക്കുറിച്ചും (വളം വകുപ്പ് റിപ്പോർട്ട് ചെയ്തു. അവശ്യസാധനങ്ങളുടെയും വളങ്ങളുടെയും ലഭ്യത പ്രാദേശിക തലത്തിലും അല്ലാതെയും നിരന്തരം നിരീക്ഷിക്കാൻ ഇരു വകുപ്പുകളോടും നിർദ്ദേശിച്ചു.
'വികസിത് ഭാരത് - ഗ്യാരണ്ടി ഫോർ റോസ്‌ഗാർ ആന്റ് ആജീവിക മിഷൻ' പ്രകാരം ജൂലൈ 1 മുതൽ ആരംഭിച്ച പ്രവൃത്തികളെക്കുറിച്ച് ഗ്രാമവികസന വകുപ്പ് വിശദീകരിക്കുകയും ഇതുവരെ 1 കോടി തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചതായി അറിയിക്കുകയും ചെയ്തു. കാലാവസ്ഥയെ പ്രതിരോധിക്കുന്ന വിത്തിനങ്ങളുടെ വ്യാപനത്തെക്കുറിച്ചുള്ള വിവരങ്ങൾ കാർഷിക ഗവേഷണ-വിദ്യാഭ്യാസ വകുപ്പ് പങ്കുവെച്ചു. വൈദ്യുതി ഉൽപ്പാദനത്തിന്റെ നിലവിലെ അവസ്ഥയും ലഭ്യതയും ഊർജ്ജ മന്ത്രാലയം പങ്കുവെച്ചു.
മൊത്തത്തിലുള്ള സാഹചര്യം നിരന്തരം നിരീക്ഷിക്കണമെന്നും ആവശ്യമുള്ളപ്പോൾ പരിഹാര നടപടികൾ സ്വീകരിക്കാൻ പാകത്തിൽ പ്രതികൂല സാഹചര്യങ്ങൾ ബാധിക്കാൻ സാധ്യതയുള്ള ജില്ലകളിൽ കാലവർഷത്തിന്റെയോ വൈകിയെത്തിയ കാലവർഷത്തിന്റെയോ ആഘാതം സംസ്ഥാനങ്ങളുമായി ഏകോപിപ്പിച്ച് വിലയിരുത്തണമെന്നും പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നിർദ്ദേശിച്ചു.
കാലിത്തീറ്റ വികസന പദ്ധതികൾക്കൊപ്പം ആവശ്യത്തിന് കാലിത്തീറ്റ ലഭ്യമാണെന്ന് ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കണമെന്നും സംസ്ഥാനങ്ങളുമായി ചേർന്ന് കൃത്യമായ നിരീക്ഷണം നടത്തണമെന്നും നിർദ്ദേശമുണ്ട്. പ്രതികൂല സാഹചര്യങ്ങൾ ബാധിക്കാൻ സാധ്യതയുള്ള ജില്ലകളിൽ കുടിവെള്ളത്തിന്റെ മതിയായ ലഭ്യത ഉറപ്പാക്കുന്നതിനായിരിക്കണം ഏറ്റവും ഉയർന്ന മുൻഗണന. പ്രതികൂല സാഹചര്യങ്ങൾ ബാധിക്കാൻ സാധ്യതയുള്ള ജില്ലകളിലെ ജലാശയങ്ങളുടെ ജലനിരപ്പ് കൃത്യമായി നിരീക്ഷിച്ചുവരികയാണെന്നും ജലാശയങ്ങളിലെ വെള്ളം ഏറ്റവും അനുയോജ്യമായ രീതിയിൽ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലഭ്യമായ ജലത്തിന്റെ വിവേകപൂർണ്ണമായ ഉപയോഗം പ്രോത്സാഹിപ്പിക്കാനുമുള്ള ഉചിതമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
പ്രശ്നങ്ങൾ ഫലപ്രദമായി പരിഹരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ മന്ത്രാലയങ്ങൾ പരസ്പരം അടുത്ത ഏകോപനത്തോടെയും സംസ്ഥാനങ്ങളുമായി ചേർന്നുകൊണ്ടും പ്രവർത്തിക്കണമെന്ന് ഊന്നിപ്പറഞ്ഞു.
***
SK
(रिलीज़ आईडी: 2282354)
आगंतुक पटल : 9
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Assamese
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada