പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഇൻഡോനേഷ്യ സന്ദർശനത്തെക്കുറിച്ചുള്ള ഇന്ത്യ-ഇൻഡോനേഷ്യ സംയുക്ത പ്രസ്താവന
प्रविष्टि तिथि:
07 JUL 2026 5:15PM by PIB Thiruvananthpuram
ഇൻഡോനേഷ്യ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയുടെ ക്ഷണപ്രകാരം, ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ജൂലൈ 6 മുതൽ 8 വരെ ഇൻഡോനേഷ്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. ഇന്ത്യയുടെ 76-ാം റിപ്പബ്ലിക് ദിനാഘോഷങ്ങളിലെ മുഖ്യാതിഥിയായി 2025 ജനുവരി 23 മുതൽ 26 വരെ പ്രസിഡന്റ് പ്രബോവോ ഇന്ത്യയിലേക്ക് നടത്തിയ ഔദ്യോഗിക സന്ദർശനത്തിന്റെ തുടർച്ചയായാണ് ഈ സന്ദർശനം. ഇന്ത്യ-ഇൻഡോനേഷ്യ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തത്തിൽ ഗണ്യമായ വർധന കൈവരിക്കാനുള്ള ഇരുനേതാക്കളുടെയും കൂട്ടായ പ്രതിജ്ഞാബദ്ധത പ്രകടമാക്കുന്ന സുപ്രധാന നാഴികക്കല്ലായി പ്രധാനമന്ത്രി മോദിയുടെ ഈ സന്ദർശനം മാറി.
സന്ദർശനത്തിനിടെ പ്രധാനമന്ത്രി മോദിക്ക് ജക്കാർത്തയിലെ ഇസ്താന മെർദേക്കയിൽ ഔദ്യോഗിക സ്വീകരണം നൽകി. തുടർന്ന് പ്രസിഡന്റ് പ്രബോവോയും പ്രധാനമന്ത്രി മോദിയും തമ്മിൽ വ്യക്തിപരമായും പ്രതിനിധിതലത്തിലും ഉഭയകക്ഷിചർച്ചകൾ നടത്തി. പ്രധാനമന്ത്രി മോദിയോടുള്ള ആദരസൂചകമായി പ്രസിഡന്റ് പ്രബോവോ ഔദ്യോഗിക വിരുന്നും ഒരുക്കി. ഇൻഡോനേഷ്യൻ പാർലമെന്റിലെ ഹൗസ് ഓഫ് റപ്രസെന്റേറ്റീവ്സ് സ്പീക്കർ ഡോ. പുവാൻ മഹാറാണിയുടെ ക്ഷണപ്രകാരം പ്രധാനമന്ത്രി ഇൻഡോനേഷ്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്തു. യോഗ്യകർത്തയിലെ യുനെസ്കോ ലോക പൈതൃക കേന്ദ്രമായ പ്രംബാനൻ ക്ഷേത്രസമുച്ചയത്തിന്റെ പുനരുദ്ധാരണ-സംരക്ഷണ പ്രവർത്തനങ്ങളുടെ തുടക്കം പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് പ്രബോവോയും സംയുക്തമായി ഉദ്ഘാടനം ചെയ്തു. സന്ദർശനം നടത്തുന്ന വിശിഷ്ടാതിഥിയുടെ ബഹുമാനാർഥം ഇൻഡോനേഷ്യയിലെ ഇന്ത്യൻ സമൂഹം ഒരുക്കിയ സ്വീകരണച്ചടങ്ങിലും ഇരുനേതാക്കളും പങ്കെടുത്തു.
രാഷ്ട്രീയ സഹകരണം
പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് പ്രബോവോയും 2026 ജൂലൈ 7-ന് ജക്കാർത്തയിലെ ഇസ്താന മെർദേക്കയിൽ ഔദ്യോഗിക ഉഭയകക്ഷിചർച്ചകൾ നടത്തി. ഔദ്യോഗിക ചർച്ചകളിൽ രാഷ്ട്രീയ ഇടപഴകലുകൾ, രാജ്യരക്ഷാ-സുരക്ഷാ സഹകരണം, സമുദ്ര സുരക്ഷാ സഹകരണം, വ്യാപാരവും നിക്ഷേപവും, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ, ശാസ്ത്ര-സാങ്കേതികവിദ്യ, ബഹിരാകാശം, നിർണായക ധാതുക്കൾ, ഊർജം, കൃഷി, ആരോഗ്യം, ഔഷധനിർമാണം, വിദ്യാഭ്യാസം, സംസ്കാരം, വിനോദസഞ്ചാരം, യുവജന കൈമാറ്റം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയുൾപ്പെടെയുള്ള ഉഭയകക്ഷിബന്ധങ്ങളുടെ സമ്പൂർണ മേഖലകളും, പരസ്പരതാൽപ്പര്യമുള്ള പ്രാദേശികവും ആഗോളവുമായ സംഭവവികാസങ്ങളും ചർച്ചയായി. ഇന്ത്യ-ഇൻഡോനേഷ്യ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നതിനായുള്ള നിരവധി ഉഭയകക്ഷിരേഖകളുടെ കൈമാറ്റത്തിനും ഇരുനേതാക്കളും സാക്ഷ്യംവഹിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ ഇടപഴകലുകളുടെ തീവ്രത വർധിപ്പിക്കാൻ ആഗ്രഹിച്ചും, ഉന്നതതല കൈമാറ്റങ്ങൾ നടത്തുന്നതിന്റെ പ്രാധാന്യം അംഗീകരിച്ചും, ബഹുരാഷ്ട്ര പരിപാടികൾക്ക് അനുബന്ധമായവ ഉൾപ്പെടെ പതിവ് ഉച്ചകോടി യോഗങ്ങൾ ചേരാൻ ഇരുനേതാക്കളും ധാരണയായി.
നിലവിലുള്ള സംയുക്ത കർമസമിതി സംവിധാനങ്ങൾ ശക്തിപ്പെടുത്തേണ്ടതിന്റെയും, സംയുക്ത കമ്മീഷൻ യോഗം (JCM), വിദേശ ഓഫീസ് കൂടിയാലോചന (FOC) എന്നിവയ്ക്കൊപ്പം മറ്റ് മന്ത്രിതല-ഉന്നത ഉദ്യോഗസ്ഥതല ചർച്ചാസംവിധാനങ്ങളും കൈമാറ്റങ്ങളും ഉൾപ്പെടെ പതിവ് ഉഭയകക്ഷി കൂടിയാലോചനകൾ തുടരേണ്ടതിന്റെയും പ്രാധാന്യം ഇരുനേതാക്കളും ഉയർത്തിക്കാട്ടി.
ഇരുരാജ്യങ്ങളിലെയും പാർലമെന്റുകളിൽ ഇന്ത്യ-ഇൻഡോനേഷ്യ പാർലമെന്ററി സൗഹൃദസംഘങ്ങൾ രൂപീകരിച്ചതിനെ ഇരുനേതാക്കളും സ്വാഗതംചെയ്യുകയും, ഇരുപാർലമെന്റുകൾക്കുമിടയിൽ പ്രതിനിധിസംഘങ്ങളുടെ പതിവ് സന്ദർശനങ്ങളിലൂടെ ഈ രണ്ട് ജനാധിപത്യ രാജ്യങ്ങൾ തമ്മിലുള്ള പാർലമെന്ററി കൈമാറ്റങ്ങൾ വർധിപ്പിക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് ഊന്നൽ നൽകുകയും ചെയ്തു.
2025 ഏപ്രിൽ 23-ന് ജക്കാർത്തയിൽ നടന്ന മൂന്നാമത് ഇന്ത്യ-ഇൻഡോനേഷ്യ നയ രൂപവൽക്കരണ സംഭാഷണം, 2025 സെപ്റ്റംബർ 15-16 തീയതികളിൽ ജക്കാർത്തയിൽ നടന്ന രണ്ടാമത് ഇന്ത്യ-ഇൻഡോനേഷ്യ ട്രാക്ക് 1.5 ഡയലോഗ്, 2025 ഓഗസ്റ്റ് 5-6 തീയതികളിൽ ജക്കാർത്തയിൽ നടന്ന ജക്കാർത്ത ഫ്യൂച്ചേഴ്സ് ഫോറം എന്നിവയിലൂടെ ഉൾപ്പെടെ ഇരുരാജ്യങ്ങളിലെയും ചിന്തകർ, അക്കാദമിക സ്ഥാപനങ്ങൾ, നയരൂപീകരണ വിദഗ്ധർ എന്നിവർ തമ്മിലുള്ള പരസ്പരധാരണ ആഴത്തിലുള്ളതായതിനെയും വർധിച്ചുവന്ന ഇടപഴകലുകളെയും ഇരുനേതാക്കളും സ്വാഗതംചെയ്തു.
രാജ്യരക്ഷാ-സമുദ്രസുരക്ഷാ സഹകരണം
ഇന്ത്യയും ഇൻഡോനേഷ്യയും ശക്തമായ രാജ്യരക്ഷാ സഹകരണമുള്ള സമുദ്ര അയൽക്കാരും തന്ത്രപ്രധാന പങ്കാളികളുമാണെന്ന് അംഗീകരിച്ചും, 2018-ൽ “ഇൻഡോ-പസഫിക്കിലെ സമുദ്ര സുരക്ഷാ സഹകരണം സംബന്ധിച്ച ഇന്ത്യ-ഇൻഡോനേഷ്യ കൂട്ടായ കാഴ്ചപ്പാട്” അംഗീകരിച്ചത് അനുസ്മരിച്ചും, രാജ്യരക്ഷാ-സമുദ്ര സുരക്ഷാ പങ്കാളിത്തം കൂടുതൽ വർധിപ്പിക്കുന്നതിനും വിപുലീകരിക്കുന്നതിനുമുള്ള ശക്തമായ പ്രതിജ്ഞാബദ്ധത ഇരുനേതാക്കളും ആവർത്തിച്ചു
2025 നവംബർ 27-ന് ന്യൂഡൽഹിയിൽ മൂന്നാമത് പ്രതിരോധ മന്ത്രിതലചർച്ച ചേർന്നതിനെ ഇരുനേതാക്കളും സ്വാഗതംചെയ്തു. പതിവ് രാജ്യരക്ഷാ ചർച്ചകൾ, സംയുക്ത അഭ്യാസങ്ങൾ, ഉദ്യോഗസ്ഥ ചർച്ചകൾ, പുതിയ രാജ്യരക്ഷാ സാങ്കേതികവിദ്യകളുടെ സംയുക്ത ഗവേഷണവും സഹ-ഉൽപ്പാദനവും, കപ്പലുകളുടെ സന്ദർശനം, സമാധാന പരിപാലന പ്രവർത്തനങ്ങൾ, വിവരങ്ങൾ പങ്കിടൽ, ഹൈഡ്രോഗ്രാഫി, ശേഷി വർദ്ധിപ്പിക്കൽ, കേഡറ്റ് പരിശീലനവും കൈമാറ്റങ്ങളും, രാജ്യരക്ഷാ വ്യവസായ സഹകരണം എന്നിവയുൾപ്പെടെ രാജ്യരക്ഷാ സഹകരണത്തിന്റെ പരമ്പരാഗതവും ഉയർന്നുവരുന്നതുമായ മേഖലകളിൽ സഹകരണം കൂടുതൽ ശക്തമാക്കുന്നതിനും ഇടപഴകലുകൾ വർധിപ്പിക്കുന്നതിനും ഇരുനേതാക്കളും ധാരണയായി. ബ്രഹ്മോസ് മിസൈൽ സംവിധാനത്തിലെ സഹകരണത്തിലൂടെയും, എയർ-ടു-എയർ മിസൈൽ സഹകരണ കരാറിലൂടെയുമുള്ള രാജ്യരക്ഷാ സഹകരണത്തിന്റെ പുരോഗതിയെ അവർ സ്വാഗതംചെയ്തു.
പ്രാദേശികമായ സമാധാനത്തിനും സുരക്ഷയ്ക്കും സമൃദ്ധിക്കും, അതോടൊപ്പം കൂടുതൽ വിശാലമായ ഇൻഡോ-പസഫിക് മേഖലയുടെ സുസ്ഥിരതയ്ക്കും സംഭാവന നൽകുന്ന തരത്തിൽ, ഇരുരാജ്യങ്ങളുടെയും പരസ്പര താൽപ്പര്യങ്ങളും മുൻഗണനകളും അടിസ്ഥാനമാക്കിയുള്ള സമുദ്ര മേഖല അവബോധം (MDA), സമുദ്ര സഞ്ചാരക്ഷമത, തീരദേശ നിരീക്ഷണം, മാനുഷിക സഹായവും ദുരന്തനിവാരണവും (HADR), മലിനീകരണ നിയന്ത്രണം, തിരച്ചിലും രക്ഷാപ്രവർത്തനവും (SAR) എന്നിവയുൾപ്പെടെയുള്ള സമുദ്രസുരക്ഷാ സഹകരണം തുടരുന്നതിനെ ഇരുനേതാക്കളും സ്വാഗതംചെയ്തു. സമുദ്ര സുരക്ഷാ സഹകരണത്തിനായുള്ള ധാരണാപത്രം പുതുക്കിയതിനെയും, ഇൻഡോനേഷ്യൻ കോസ്റ്റ് ഗാർഡും (BAKAMLA RI) ഇന്ത്യൻ കോസ്റ്റ് ഗാർഡും തമ്മിലുള്ള നിർവഹണ ക്രമീകരണം പൂർത്തിയാക്കിയതിനെയും ഇരുനേതാക്കളും സ്വാഗതംചെയ്തു.
സംയുക്ത അഭ്യാസങ്ങളുടെയും രാജ്യരക്ഷാ പരിശീലന പരിപാടികളുടെയും തന്ത്രപ്രധാനവും പ്രവർത്തനപരവുമായ പ്രാധാന്യത്തെയും, നിലവിലുള്ള നാവിക സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെയും ഇരുനേതാക്കളും ചൂണ്ടിക്കാട്ടി. അതത് രാജ്യങ്ങളിലെ നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായും, സമുദ്രനിയമങ്ങൾ സംബന്ധിച്ച 1982-ലെ യുണൈറ്റഡ് നേഷൻസ് കൺവെൻഷൻ (UNCLOS) ഉൾപ്പെടെയുള്ള അന്താരാഷ്ട്ര നിയമ തത്വങ്ങൾക്ക് അനുസൃതമായും, പരസ്പര താൽപ്പര്യമുള്ള സമുദ്രസംബന്ധമായ വിഷയങ്ങളിൽ ക്രിയാത്മകമായ ചർച്ചകൾ തുടരുന്നതിനുള്ള സാധ്യതകൾ ആരായേണ്ടതിന്റെ പ്രാധാന്യം ഇരുനേതാക്കളും എടുത്തുപറഞ്ഞു.
ഗുരുഗ്രാമിൽ ഇൻഫർമേഷൻ ഫ്യൂഷൻ സെന്റർ-ഇന്ത്യൻ ഓഷ്യൻ റീജിയണിൽ (IFC-IOR) ഇൻഡോനേഷ്യയിൽനിന്നുള്ള ഇന്റർനാഷണൽ ലെയ്സൺ ഓഫീസറെ (ILO) നിയമിച്ചതിനെ ഇരുനേതാക്കളും സ്വാഗതംചെയ്തു. സമുദ്രസുരക്ഷയിൽ പരസ്പരം പ്രയോജനപ്രദമായ സഹകരണ മേഖലകൾ കണ്ടെത്തുന്നതിനുള്ള ചർച്ചകൾ തുടരാൻ അവർ ധാരണയായി.
രാജ്യരക്ഷാ വ്യവസായ-സാങ്കേതിക മേഖലകളിലെ സഹകരണം മുൻഗണനാ മേഖലകളിലൊന്നായി ഇരുനേതാക്കളും അടയാളപ്പെടുത്തുകയും, ഉപകരണങ്ങളുടെ സംയുക്ത ഉൽപ്പാദനം, സാങ്കേതികവിദ്യ കൈമാറ്റം, സാങ്കേതിക സഹായവും ശേഷി വർദ്ധിപ്പിക്കലും, കപ്പൽ നിർമാണത്തിലെ സഹകരണം ഉൾപ്പെടെയുള്ള രാജ്യരക്ഷാ ഉപകരണങ്ങളുടെ സംഭരണം, സമാനമായ രാജ്യരക്ഷാ പ്ലാറ്റ്‌ഫോമുകൾക്കായി എംആർഒ (MRO) സൗകര്യങ്ങൾ സ്ഥാപിക്കൽ, രാജ്യരക്ഷാ ഗവേഷണ-വികസന (R&D) സ്ഥാപനം തുടങ്ങുന്നതിനുള്ള സാധ്യതകൾ ആരായൽ, രാജ്യരക്ഷാ വിതരണ ശൃംഖല ആവാസവ്യവസ്ഥ ശക്തമാക്കൽ എന്നിവയ്ക്കായി രാജ്യരക്ഷാ വ്യവസായങ്ങൾ തമ്മിലുള്ള പരസ്പര പ്രയോജനപ്രദമായ സഹകരണം വിപുലീകരിക്കാൻ സമ്മതിക്കുകയും ചെയ്തു. സൈനിക മരുന്നുകളുടെ വിതരണവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെയും ഇൻഡോനേഷ്യയിലെയും സായുധ സേനാ മെഡിക്കൽ സ്ഥാപനങ്ങൾ തമ്മിലുള്ള ഔഷധനിർമാണ സഹകരണത്തിലെ പുരോഗതിയെ ഇരുനേതാക്കളും സ്വാഗതംചെയ്തു.
ഭീകരവിരുദ്ധ പോരാട്ടവും സുരക്ഷാസഹകരണവും
ഭീകരവാദത്തിന്റെ എല്ലാ രൂപങ്ങളെയും ഭാവങ്ങളെയും ഇരുനേതാക്കളും വ്യക്തമായും ശക്തമായും അപലപിച്ചു. സമഗ്രവും സുസ്ഥിരവുമായ രീതിയിലും അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായും ഭീകരവാദത്തെ ചെറുക്കുന്നതിന് നിർണായകവും യോജിച്ചതുമായ അന്താരാഷ്ട്ര ശ്രമങ്ങൾക്ക് അവർ ആഹ്വാനം ചെയ്തു. ഈ പശ്ചാത്തലത്തിൽ, ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി (UNSC) 1267 ഉപരോധ സമിതിയുടെ പട്ടികയിൽ ഉള്ളവ ഉൾപ്പെടെ, ആഗോളതലത്തിൽ നിരോധിക്കപ്പെട്ട ഭീകരർക്കും ഭീകര സംഘടനകൾക്കുമെതിരെ നടപടിയെടുക്കാൻ അവർ ആഹ്വാനംചെയ്തു.
ഭീകരവാദത്തിനായുള്ള ധനസഹായം തടയൽ, അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ-ഭീകരവാദ ധനസഹായ വിരുദ്ധ (AML/CFT) മാനദണ്ഡങ്ങൾ പ്രോത്സാഹിപ്പിക്കൽ, ഭീകരവാദ ആവശ്യങ്ങൾക്കായി പുതിയതും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകൾ ദുരുപയോഗം ചെയ്യുന്നത് തടയൽ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴിയുള്ള ഓൺലൈൻ റിക്രൂട്ട്‌മെന്റും തീവ്രവാദവൽക്കരണവും ഉൾപ്പെടെയുള്ള ഭീകരവാദ റിക്രൂട്ട്‌മെന്റുകൾ തടയൽ എന്നിവയിലൂടെ ഭീകരവാദവും ഭീകരവാദത്തിന് അനുകൂലമായ അക്രമാസക്തമായ തീവ്രവാദവും തടയുന്നതിനും ചെറുക്കുന്നതിനുമുള്ള സഹകരണം വർധിപ്പിക്കാൻ ഇരുനേതാക്കളും ധാരണയായി. അതോടൊപ്പം തീവ്രവാദവൽക്കരണത്തെ ചെറുക്കുന്നതിനും അക്രമാസക്തമായ തീവ്രവാദം തടയുന്നതിനുമുള്ള (PVE) പരിപാടികളിലെ സഹകരണം ശക്തമാക്കാനും അവർ ധാരണയായി.
ഭീകരവാദത്തെ ചെറുക്കുന്നതിൽ ‘സഹിഷ്ണുതാരഹിത സമീപനം’ സ്വീകരിക്കാൻ ഇരുനേതാക്കളും ആഹ്വാനംചെയ്തു. ഭീകരവാദ ധനസഹായ ചാനലുകൾ തകർക്കുന്നതിനും, ഐക്യരാഷ്ട്രസഭയും എഫ്.എ.ടി.എഫും (FATF) ഉൾപ്പെടെയുള്ള വേദികളിൽ ഉഭയകക്ഷി-ബഹുരാഷ്ട്ര സഹകരണം ശക്തമാക്കുന്നതിനും സജീവമായ നടപടികൾ തുടരുന്നതിനുള്ള ശക്തമായ പ്രതിജ്ഞാബദ്ധത അവർ ആവർത്തിച്ചു.
ഭീകരവാദവും അന്താരാഷ്ട്ര സംഘടിത കുറ്റകൃത്യങ്ങളും തമ്മിലുള്ള ബന്ധം അംഗീകരിച്ചുകൊണ്ട്, വിവരങ്ങളും മികച്ച പ്രവർത്തനരീതികളും പങ്കിടുന്നതിലൂടെ ഉൾപ്പെടെ, അതത് രാജ്യങ്ങളിലെ ആഭ്യന്തര നിയമങ്ങൾക്കും അന്താരാഷ്ട്ര ബാധ്യതകൾക്കും അനുസൃതമായി സഹകരണം വർധിപ്പിക്കാൻ ഇരുനേതാക്കളും ധാരണയായി. സമീപഭാവിയിൽ ഒപ്പുവയ്ക്കാനിരിക്കുന്ന, ഇരുരാജ്യങ്ങളും തമ്മിലുള്ള ഭീകരവിരുദ്ധ സഹകരണത്തിനായുള്ള ധാരണാപത്രം (MoU) എത്രയും വേഗം പൂർത്തിയാക്കുന്നതിനെയും നേതാക്കൾ സ്വാഗതംചെയ്തു.
സുരക്ഷാ സംബന്ധമായ വിഷയങ്ങൾ സമഗ്രമായ രീതിയിൽ ചർച്ച ചെയ്യുന്നതിനുള്ള വേദിയെന്ന നിലയിൽ, മൂന്നാമത് ഇന്ത്യ-ഇൻഡോനേഷ്യ സുരക്ഷാ സംവാദം (IISD) സംഘടിപ്പിക്കാൻ പദ്ധതിയിട്ടതിനെ ഇരുനേതാക്കളും സ്വാഗതംചെയ്തു. ഈ ചർച്ചയിലൂടെ ഭീകരവാദം, സംഘടിത-അന്താരാഷ്ട്ര കുറ്റകൃത്യങ്ങൾ, ഉയർന്നുവരുന്ന സാങ്കേതികവിദ്യ, സൈബർ സുരക്ഷ, രാജ്യരക്ഷാ വ്യവസായം, സമുദ്ര സുരക്ഷ, ബഹിരാകാശ സഹകരണം എന്നിവ ചെറുക്കുന്നതിലെ ഉഭയകക്ഷിസഹകരണം ഗണ്യമായി വർധിപ്പിക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു.
നയരൂപീകരണ ചർച്ചകൾ, ശേഷി വർദ്ധിപ്പിക്കൽ, മികച്ച പ്രവർത്തനരീതികൾ പങ്കിടൽ എന്നിവയിലൂടെ ഉൾപ്പെടെ സൈബർ മേഖലയിലെ സാധ്യമായ സഹകരണത്തെക്കുറിച്ച് കൂടുതൽ ചർച്ചചെയ്യാൻ ഇരുനേതാക്കളും ധാരണയായി. കൂടാതെ ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങൾ (DPI), ധനകാര്യ സാങ്കേതികവിദ്യ (ഫിൻടെക്), ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ, നിർമിതബുദ്ധി, ഡിജിറ്റൽ ഫോറൻസിക്സ്, കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT) സഹകരണം, നിർണായക വിവര അടിസ്ഥാനസൗകര്യ സംരക്ഷണം, ഡിജിറ്റൽ നൈപുണ്യങ്ങളിലെ ശേഷി വർദ്ധിപ്പിക്കൽ എന്നിവയിലുള്ള വൈദഗ്ധ്യത്തിന്റെ കൈമാറ്റത്തിനും അവർ ധാരണയായി.
സാമ്പത്തിക-വ്യാപാര സഹകരണം
സജീവമായ ഇന്ത്യ-ഇൻഡോനേഷ്യ ബന്ധത്തിന്റെ പ്രധാന സ്തംഭമായി സാമ്പത്തിക-വ്യാപാര സഹകരണം നിലകൊള്ളുന്നുവെന്ന് ഇരുനേതാക്കളും എടുത്തുപറഞ്ഞു. ഇന്ത്യയുടെ ‘വികസിത ഇന്ത്യ 2047’, ഇൻഡോനേഷ്യയുടെ ‘ഇൻഡോനേഷ്യ ഏമാസ് 2045’ എന്നീ കാഴ്ചപ്പാടുകൾ തമ്മിലുള്ള വിപുലമായ സാമ്പത്തിക-വികസന സമന്വയങ്ങളെയും, കൂടുതൽ വലിയ സാമ്പത്തിക അവസരങ്ങൾ തുറന്നുനൽകുന്നതിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വിപുലവും ആഴത്തിലുള്ളതുമായ സാമ്പത്തിക സംയോജനത്തിന്റെ പങ്കിനെയും ഇരുനേതാക്കളും അംഗീകരിച്ചു. ഇതിനായി, സമതുലിതവും പരസ്പരപ്രയോജനപ്രദവും സുഗമവുമായ വ്യാപാര അന്തരീക്ഷം ഒരുക്കുന്നതിനായി ‘ആസിയാൻ-ഇന്ത്യ ചരക്ക് വ്യാപാര കരാർ’ (AITIGA) പുനരവലോകനം സമയബന്ധിതമായി പൂർത്തിയാക്കണമെന്നും, അതിനെത്തുടർന്ന് ഉഭയകക്ഷി വ്യാപാരം വർധിപ്പിക്കുന്നതിനായി സമഗ്രവും ആഴത്തിലുള്ളതുമായ ഉഭയകക്ഷി വ്യാപാര ഇടപഴകൽ വേണമെന്നും നേതാക്കൾ ആഗ്രഹം പ്രകടിപ്പിച്ചു.
നിലവിലുള്ള ഉഭയകക്ഷി സാമ്പത്തിക സംവിധാനങ്ങൾ പൂർണമായി പ്രയോജനപ്പെടുത്തേണ്ടതിന്റെയും ശക്തിപ്പെടുത്തേണ്ടതിന്റെയും ആവശ്യകതയ്ക്ക് ഇരുനേതാക്കളും ഊന്നൽ നൽകി. ഇതിൽ 2026-ൽ ചേരുന്ന വ്യാപാര-നിക്ഷേപ കർമസമിതിയുടെ (WGTI) രണ്ടാമത് യോഗം, നാലാമത് ദ്വിവത്സര വ്യാപാര മന്ത്രിമാരുടെ ഫോറം (BTMF), ഒന്നാമത് സംയുക്ത സാമ്പത്തിക-ധനകാര്യ സംഭാഷണം (EFD) എന്നിവ ഉൾപ്പെടുന്നു. അതത് രാജ്യങ്ങളിലെ ആഭ്യന്തര ചട്ടങ്ങളെയും വികസന മുൻഗണനകളെയും മാനിച്ച്, നിലവിലുള്ള താരിഫ്, നോൺ-താരിഫ് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും, വിപണിപ്രവേശന സാധ്യതകൾ മെച്ചപ്പെടുത്തുന്നതിനും, വ്യാപാരവും നിക്ഷേപവും സുഗമമാക്കുന്നതിനും, ധനകാര്യം, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ, വ്യവസായം, വിതരണശൃംഖലകൾ എന്നിവയിലെ സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനും ഈ സംവിധാനങ്ങൾ കൃത്യമായതും വ്യാവസായികാധിഷ്ഠിതവുമായ ഫലങ്ങൾ കൈവരിക്കുന്നതിനായി പ്രവർത്തിക്കണമെന്ന് അവർ കുറിച്ചു.
വിപണിയിലെ തളർച്ചകൾ കുറയ്ക്കുന്നതിനും സാമ്പത്തിക സുരക്ഷ ശക്തമാക്കുന്നതിനും, ആഭ്യന്തര നിർമാണ വ്യവസായങ്ങളുടെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമായ വൈവിധ്യമാർന്നതും പ്രതിരോധശേഷിയുള്ളതുമായ വിതരണശൃംഖലകൾ കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, നിർണായക ധാതുക്കളിലെയും അപൂർവ ഭൗമധാതുക്കളിലെയും സഹകരണം കൂടുതൽ ശക്തമാക്കേണ്ടതിന്റെ പ്രാധാന്യം ഇരുനേതാക്കളും അടിവരയിട്ടു. അപൂർവ ധാതുക്കളുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിൽ വളർന്നുവരുന്ന സഹകരണത്തെ നേതാക്കൾ അഭിനന്ദിച്ചു. ഇക്കാര്യത്തിൽ നോൺ-ഫെറസ് മെറ്റീരിയൽസ് ടെക്നോളജി ഡെവലപ്‌മെന്റ് സെന്റർ (NFTDC), മിഡ്‌വെസ്റ്റ് ലിമിറ്റഡ്, പി.ടി. പെരുസാഹാൻ മിനറൽ നാഷണൽ (PERMINAS) എന്നിവർ തമ്മിൽ ധാരണാപത്രം ഒപ്പുവച്ചതിനെ നേതാക്കൾ സ്വാഗതംചെയ്തു.
ധാതുക്കളുടെയും ഉരുക്കു വിതരണശൃംഖലയുടെ സാങ്കേതികവിദ്യയുടെയും മേഖലയിലെ സഹകരണത്തിനായുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചതിനെയും നേതാക്കൾ സ്വാഗതംചെയ്തു. ഇൻഡോനേഷ്യയിൽ സ്റ്റെയിൻലെസ് സ്റ്റീൽ സ്ലാബ് നിർമാണ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള സാധ്യതകൾ ആരായുന്നതിനായി സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡും (SAIL) പി.ടി. ക്രാക്കതൗ സ്റ്റീലും (PT. Krakatau Steel) തമ്മിലുള്ള തന്ത്രപ്രധാനമായ സംയുക്ത സംരംഭത്തെയും അവർ സ്വാഗതംചെയ്തു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും ബാങ്ക് ഇൻഡോനേഷ്യയും തമ്മിൽ പ്രാദേശിക കറൻസി ഇടപാട് (LCT) നടത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പാക്കുന്നതിൽ കൈവരിച്ച പുരോഗതിയെ ഇരുനേതാക്കളും സ്വാഗതംചെയ്യുകയും, ഇത് ഇന്ത്യയും ഇൻഡോനേഷ്യയും തമ്മിലുള്ള വ്യാപാരവും നിക്ഷേപവും കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനും ഇരുസമ്പദ്‌വ്യവസ്ഥകളും തമ്മിലുള്ള സാമ്പത്തിക സംയോജനം ആഴത്തിലുള്ളതാക്കുന്നതിനും സഹായിക്കുമെന്ന് വിലയിരുത്തുകയും ചെയ്തു.
ആരോഗ്യം, ഔഷധനിർമാണം, ഭക്ഷ്യ-ഊർജ സുരക്ഷ
അതത് രാജ്യങ്ങളിലെ ആഭ്യന്തര നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായി, ഇരുരാജ്യങ്ങളിൽനിന്നും ഔഷധങ്ങളും മെഡിക്കൽ ഉൽപ്പന്നങ്ങളും ഉൾപ്പെടെയുള്ളവ എത്തിക്കുന്നതിനായി ഇൻഡോനേഷ്യയിലെ സാധ്യമായ ലോജിസ്റ്റിക് വിതരണ പ്ലാറ്റ്‌ഫോം എന്ന നിലയിൽ 'റെഡ് ആൻഡ് വൈറ്റ് കോഓപ്പറേറ്റീവ് നെറ്റ്‌വർക്കിന്റെ' പ്രാധാന്യം ഇരുനേതാക്കളും ചൂണ്ടിക്കാട്ടി.
ആരോഗ്യ മേഖലയിലെ സഹകരണം ശക്തമാക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത ഇരുനേതാക്കളും ആവർത്തിച്ചുറപ്പിച്ചു. പ്രൊഫഷണൽ ആരോഗ്യപ്രവർത്തകരുടെ വികസനം സംബന്ധിച്ച നിർവഹണ ക്രമീകരണത്തിൽ ഒപ്പുവച്ചതിനെ അവർ സ്വാഗതംചെയ്തു. പ്രൊഫഷണലുകൾക്കായുള്ള ഫെലോഷിപ്പ് പ്രോഗ്രാമുകളും നൈപുണ്യ വികസന പരിപാടികളും സുഗമമാക്കൽ, പ്രത്യേക മെഡിക്കൽ മേഖലകളിൽ നേരിട്ടുള്ള ക്ലിനിക്കൽ പരിശീലനം, ആരോഗ്യ വിദഗ്ധരുടെയും പ്രൊഫഷണലുകളുടെയും കൈമാറ്റം, മെഡിസിൻ-ആരോഗ്യ സേവനങ്ങളിലെ മികച്ച പ്രവർത്തനരീതികൾ പങ്കിടൽ, പരസ്പരം സമ്മതിച്ച മറ്റ് സഹകരണ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഈ ക്രമീകരണം സഹകരണം ശക്തമാക്കും. സംസ്കരിച്ച ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ മേഖലയിലെ റെഗുലേറ്ററി സഹകരണത്തിനായി ബിപിഒഎമ്മും (BPOM) എഫ്എസ്എസ്എഐയും (FSSAI) തമ്മിലുള്ള ധാരണാപത്രം എത്രയും വേഗം പൂർത്തിയാക്കാൻ അവർ ആവശ്യപ്പെട്ടു.
അതത് രാജ്യങ്ങളിലെ ആഭ്യന്തര നയങ്ങളെ മാനിച്ച്, ഭക്ഷ്യസുരക്ഷയിലും പോഷകാഹാര ലഭ്യതയിലുമുള്ള സഹകരണം ആഴത്തിലാക്കാൻ നേതാക്കൾ ധാരണയായി. പരസ്പരം സമ്മതിച്ചതനുസരിച്ച്, സുസ്ഥിരവും പ്രതിരോധശേഷിയുള്ളതുമായ ഭക്ഷ്യ സംവിധാനങ്ങളെ പിന്തുണയ്ക്കുന്നതിനായി ഭക്ഷ്യ-കാർഷിക വ്യാപാരം, സംയുക്ത പഠനങ്ങൾ, നൂതനാശയങ്ങൾ, വിജ്ഞാനം പങ്കിടൽ എന്നിവയിലൂടെ ഉൾപ്പെടെ കൃഷി, ഭക്ഷ്യസുരക്ഷ എന്നീ മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെ അവർ സ്വാഗതംചെയ്തു. കാർഷിക-അനുബന്ധ മേഖലകളിലെ സഹകരണത്തിനായുള്ള ധാരണാപത്രം എത്രയും വേഗം പൂർത്തിയാക്കുന്നതിനെയും, സമുദ്ര-മത്സ്യബന്ധന സഹകരണ മേഖലയിലെ ധാരണാപത്രം എത്രയും വേഗം പുതുക്കുന്നതിനെയും നേതാക്കൾ പ്രതീക്ഷയോടെ നോക്കിക്കാണുന്നു.
ഔഷധനിർമാണ, മെഡിക്കൽ ഉൽപ്പന്ന മേഖലയിൽ നിലവിലുള്ള സഹകരണത്തെ നേതാക്കൾ സ്വാഗതംചെയ്തു. മെഡിക്കൽ ഉൽപ്പന്നങ്ങളുടെ നിയന്ത്രണ മേഖലയിലെ സഹകരണത്തിനായി സിഡിഎസ്സിഒയും (CDSCO) ബിപിഒഎമ്മും (BPOM) തമ്മിൽ ധാരണാപത്രം ഒപ്പുവച്ചതിനെ അവർ സ്വാഗതംചെയ്തു.
രാസവളം മേഖലയിലെ സഹകരണം ശക്തമാക്കാൻ നേതാക്കൾ ധാരണയിലെത്തുകയും, മാറിക്കൊണ്ടിരിക്കുന്ന ആഗോള വിപണി സാഹചര്യങ്ങൾക്കിടയിലും സ്ഥിരതയുള്ളതും താങ്ങാനാകുന്നതും വിശ്വസനീയവുമായ രാസവള ലഭ്യത ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യത്തിന് അടിവരയിടുകയും ചെയ്തു.
പരമ്പരാഗത, പാരമ്പര്യേതര-പുനരുൽപ്പാദക ഊർജം ഉൾപ്പെടെയുള്ള ഊർജ സുരക്ഷാ മേഖലയിൽ, പരസ്പരം സമ്മതിച്ചതനുസരിച്ച്, സഹകരണവും സംയുക്ത പഠനങ്ങളും ശേഷി വർദ്ധിപ്പിക്കലും ശക്തമാക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത ഇരുപക്ഷവും വീണ്ടും ഉറപ്പിച്ചു. എൽഎൻജി, ഹരിത ഹൈഡ്രജൻ, ജൈവോർജം, സൗരോർജം, ഊർജ കാര്യക്ഷമതാ സാങ്കേതികവിദ്യകൾ തുടങ്ങിയ മേഖലകളിൽ വർധിച്ചുവരുന്ന സഹകരണത്തെ അവർ സ്വാഗതംചെയ്തു.
അടിസ്ഥാന സൗകര്യങ്ങളും കണക്റ്റിവിറ്റിയും
ഇരു രാജ്യങ്ങളും തമ്മിലുള്ള സമുദ്ര-വ്യോമ കണക്റ്റിവിറ്റി വർദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം നേതാക്കൾ ഊന്നിപ്പറയുകയും, മെച്ചപ്പെട്ട വ്യോമ കണക്റ്റിവിറ്റിയെയും തുറമുഖങ്ങൾ തമ്മിലുള്ള പരസ്പര ബന്ധത്തെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. 2026-ന്റെ രണ്ടാം പകുതിയിൽ നടക്കാനിരിക്കുന്ന ആൻഡമാൻ-ആസെ കണക്റ്റിവിറ്റിയെക്കുറിച്ചുള്ള (Andaman-Aceh Connectivity) മൂന്നാമത് സംയുക്ത കർമ്മസേന യോഗത്തിനായും, അതിനായുള്ള കർമ്മ പദ്ധതി വേഗത്തിൽ നടപ്പിലാക്കുന്നതിനായും ഇരു നേതാക്കളും പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
സബാംഗ് തുറമുഖത്തിന്റെ സംയോജിത വികസനത്തിൽ പങ്കാളിയാകാനുള്ള ഇന്ത്യയുടെ താല്പര്യത്തെ പ്രസിഡന്റ് പ്രബോവോ സ്വാഗതം ചെയ്തു. ക്രൂയിസ്, മറൈൻ-ടൂറിസം സൗകര്യങ്ങൾ, സമുദ്ര വ്യവസായങ്ങൾ (കപ്പൽ അറ്റകുറ്റപ്പണികളും കപ്പൽ നിർമ്മാണവും), ആൻഡമാൻ കടലിലെ ഓഫ്‌ഷോർ ഊർജ്ജ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന തീരദേശ സേവനങ്ങൾ എന്നിവയുൾപ്പെടെയുള്ള പങ്കാളിത്തം ഇന്ത്യയിലെ ആൻഡമാൻ നിക്കോബാർ ദ്വീപുകളും സുമാത്ര ദ്വീപിലെ പ്രവിശ്യകളും തമ്മിലുള്ള ജനങ്ങളുടെയും ചരക്കുകളുടെയും പ്രവാഹവും സ്ഥാപനപരവും ഭൗതികവും ഡിജിറ്റലുമായ ബന്ധങ്ങളും പരിപോഷിപ്പിക്കുമെന്ന് ഇരു നേതാക്കളും അംഗീകരിച്ചു. ഇത് നിക്ഷേപം, തൊഴിൽ, സാങ്കേതികവിദ്യാ കൈമാറ്റം, പങ്കിട്ട പ്രാദേശിക അഭിവൃദ്ധി എന്നിവയ്ക്ക് സംഭാവന നൽകും. ഇന്തോനേഷ്യയുടെ വികസന പദ്ധതികൾക്കും ബാധകമായ ചട്ടങ്ങൾക്കും അനുസൃതമായി, സമയബന്ധിതവും പരസ്പര പ്രയോജനകരവുമായ രീതിയിൽ ഈ പദ്ധതിയുടെ വ്യാപ്തി, രീതികൾ, സാമ്പത്തിക സഹായം എന്നിവ രൂപപ്പെടുത്താൻ ബന്ധപ്പെട്ട അധികൃതരെ ഇരു നേതാക്കളും പ്രോത്സാഹിപ്പിച്ചു.
ഡിജിറ്റൽ ശൃംഖലകളിലൂടെ ഇന്തോനേഷ്യൻ MSME-കളുടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിലെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനായി, ഇന്ത്യയിലെ ഒ.എൻ.ഡി.സി ഘടന അടിസ്ഥാനമാക്കിയുള്ള ഇന്തോനേഷ്യ ഓപ്പൺ നെറ്റ്‌വർക്കിന്റെ (ION) സമാരംഭത്തെ ഇരു നേതാക്കളും സ്വാഗതം ചെയ്തു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും ബാങ്ക് ഇന്തോനേഷ്യയും തമ്മിൽ ധാരണയായത് അനുസരിച്ച്, ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള ക്രോസ്-ബോർഡർ ക്യുആർ പേയ്‌മെന്റ് ലിങ്കേജ് നടപ്പിലാക്കുന്നതിലെ പുരോഗതിയെ ഇരു നേതാക്കളും സ്വാഗതം ചെയ്തു. ഈ ഉദ്യമം ഇന്തോനേഷ്യയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി പേയ്‌മെന്റ് കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നതിലെ ഒരു പ്രധാന നാഴികക്കല്ലാണ്. ഈ ലിങ്കേജ് ഇടപാടുകളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുകയും സാമ്പത്തിക പ്രതിരോധം ശക്തിപ്പെടുത്തുകയും പ്രത്യേകിച്ച് MSME-കൾ, ടൂറിസം, വിദ്യാർത്ഥികൾ എന്നിവരെ പിന്തുണയ്ക്കുന്നതിലൂടെ എല്ലാവരെയും ഉൾക്കൊള്ളുന്ന സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും,
സമഗ്രമായ സാമ്പത്തിക വളർച്ചയെയും ഡിജിറ്റൽ പരിവർത്തനത്തെയും പിന്തുണയ്ക്കുന്നതിനായി ടെലികമ്മ്യൂണിക്കേഷൻ സാങ്കേതികവിദ്യകളിലും ഡിജിറ്റൽ കണക്റ്റിവിറ്റിയിലുമുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്ന, ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള ടെലികമ്മ്യൂണിക്കേഷൻ സാങ്കേതികവിദ്യകളുടെയും സേവനങ്ങളുടെയും മേഖലയിലെ സഹകരണത്തിനായുള്ള ധാരണാപത്രം പൂർത്തിയായതിനെ ഇരു നേതാക്കളും സ്വാഗതം ചെയ്തു.
ജൈവവൈവിധ്യ സംരക്ഷണവും സുസ്ഥിര വികസനവും
ജൈവവൈവിധ്യ സംരക്ഷണ മേഖലയിൽ ഇന്ത്യ വഹിച്ച സുപ്രധാന പങ്കിനെ പ്രസിഡന്റ് പ്രബോവോ അംഗീകരിക്കുകയും പ്രധാനമന്ത്രി മോദിയുടെ അന്താരാഷ്ട്ര ബിഗ് ക്യാറ്റ് അലയൻസ് (IBCA) എന്ന ഉദ്യമത്തെ അഭിനന്ദിക്കുകയും ചെയ്തു. ആവശ്യമായ ആഭ്യന്തര നടപടിക്രമങ്ങൾക്ക് അനുസൃതമായി ഐ.ബി.സി.എ-യിൽ ചേരാനുള്ള ഇന്തോനേഷ്യയുടെ താല്പര്യത്തെ പ്രധാനമന്ത്രി മോദി സ്വാഗതം ചെയ്യുകയും ജൈവവൈവിധ്യം, കണ്ടൽക്കാടുകൾ, ചതുപ്പുനിലങ്ങൾ എന്നിവയുടെ സംരക്ഷണത്തിൽ ആഗോള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ഇരുരാജ്യങ്ങളുടെയും പങ്കിട്ട പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്ന ഇന്തോനേഷ്യയുടെ ഉദ്യമങ്ങളായ വേൾഡ് മാംഗ്രൂവ് സെന്റർ (WMC), ഇന്റർനാഷണൽ ട്രോപ്പിക്കൽ പീറ്റ്‌ലാൻഡ് സെന്റർ (ITPC) എന്നിവ അദ്ദേഹം എടുത്തുപറയുകയും ചെയ്തു.
പ്രകൃതിദത്തവും മനുഷ്യനിർമ്മിതവുമായ ദുരന്തങ്ങൾ മുൻനിർത്തി, ദുരന്ത നിവാരണ സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഇരു നേതാക്കളും എടുത്തുപറഞ്ഞു. വിവരങ്ങൾ, അനുഭവങ്ങൾ, മികച്ച മാതൃകകൾ എന്നിവയുടെ കൈമാറ്റത്തിലൂടെയും, ദുരന്ത പ്രതികരണം, വീണ്ടെടുക്കൽ, ലഘൂകരണം, സജ്ജീകരണം എന്നിവയ്ക്കായുള്ള ശേഷി വികസനത്തിലൂടെയും പരിശീലനത്തിലൂടെയും, ഫലപ്രദമായ ദുരന്ത ലഘൂകരണത്തിനായുള്ള ഡാറ്റാ പ്രയോഗത്തിലൂടെയും ദുരന്തങ്ങളെ പ്രതിരോധിക്കുന്ന അടിസ്ഥാന സൗകര്യങ്ങളിലൂടെയും സഹകരണം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് ഇരു രാജ്യങ്ങളിലെയും നാഷണൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റികൾ തമ്മിൽ ദുരന്ത നിവാരണ സഹകരണത്തിനായുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചതിനെ ഇരു നേതാക്കളും സ്വാഗതം ചെയ്തു. ദുരന്തസാധ്യത കുറയ്ക്കുന്നതിലും പ്രതിരോധശേഷി വളർത്തുന്നതിലും അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കുന്നതിൽ ദുരന്ത പ്രതിരോധ അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള കൂട്ടായ്മയുടെ (കോയലിഷൻ ഫോർ ഡിസാസ്റ്റർ റെസിലിയന്റ് ഇൻഫ്രാസ്ട്രക്ചറിന്റെ -CDRI) പ്രാധാന്യവും നേതാക്കൾ ചൂണ്ടിക്കാട്ടി.
ശാസ്ത്ര-സാങ്കേതികവിദ്യ, ബഹിരാകാശം, ഉൾപ്പെടെ നിർണ്ണായകവും വളർന്നുവരുന്നതുമായ സാങ്കേതികവിദ്യകൾ
ശാസ്ത്ര സാങ്കേതിക വിദ്യയെക്കുറിച്ചുള്ള സംയുക്ത കമ്മീഷൻ പ്രഥമ യോഗം 2025 ഓഗസ്റ്റ് 12-ന് വിളിച്ചുചേർത്തതിനെയും ഇന്ത്യയും ഇന്തോനേഷ്യയും തമ്മിൽ ഗവേഷണം, സാങ്കേതികവിദ്യ, നൂതനാശയ സഹകരണം എന്നിവയെക്കുറിച്ചുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചതിനെയും നേതാക്കൾ സ്വാഗതം ചെയ്തു.
ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയും (ISRO) നാഷണൽ റിസർച്ച് ആൻഡ് ഇന്നൊവേഷൻ ഏജൻസിയും (BRIN) തമ്മിൽ നിലവിലുള്ള ബഹിരാകാശ സഹകരണത്തിലും, 2026 ജൂൺ 24 - 25 തീയതികളിൽ ഇന്ത്യയിലെ ബംഗളൂരുവിൽ നടന്ന ബഹിരാകാശ സഹകരണത്തെക്കുറിച്ചുള്ള ആറാമത് സംയുക്ത കമ്മീഷൻ യോഗത്തിലും ഇരു നേതാക്കളും സംതൃപ്തി രേഖപ്പെടുത്തി. സമാധാനപരമായ ആവശ്യങ്ങൾക്കായുള്ള ബഹിരാകാശ പര്യവേക്ഷണത്തിലും ഉപയോഗത്തിലും സഹകരിക്കുന്നതിന് ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള ചട്ടക്കൂട് കരാറിന്റെ കാലാവധി നീട്ടുന്നതിൽ ഒപ്പുവെച്ചതിനെയും അവർ സ്വാഗതം ചെയ്തു.
ഇന്ത്യയുടെ ഉപഗ്രഹ, വിക്ഷേപണ വാഹന പരിപാടികൾക്കും ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിനും ബ്രിൻ-ഇസ്രോയും (BRIN-ISRO), ബിയാക് ടെലിമെട്രി, ട്രാക്കിംഗ് ആൻഡ് കമാൻഡ് (TTC) സൗകര്യങ്ങൾ എന്നിവ തമ്മിലുള്ള സഹകരണത്തിലൂടെ നൽകിവരുന്ന തുടർച്ചയായ പിന്തുണയ്ക്ക് പ്രധാനമന്ത്രി മോദി പ്രസിഡന്റ് പ്രബോവോയ്ക്ക് നന്ദി അറിയിച്ചു. ഇന്തോനേഷ്യൻ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിനുള്ള ഇന്ത്യയുടെ പിന്തുണയെയും, സെന്റർ ഫോർ സ്പേസ് സയൻസ് ടെക്നോളജി എജ്യുക്കേഷൻ ഇൻ ഏഷ്യ ആൻഡ് ദി പസഫിക് (CSSTEAP), ആസിയാൻ-ഇന്ത്യ ബഹിരാകാശ സഹകരണം എന്നിവയിലൂടെ ഉൾപ്പെടെ ഇന്തോനേഷ്യൻ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നതിനെയും പ്രസിഡന്റ് പ്രബോവോ അഭിനന്ദിച്ചു. ഇന്തോനേഷ്യയിലെ ബഹിരാകാശ വിക്ഷേപണ കേന്ദ്ര (ബഹിരാകാശ തുറമുഖം - space port) പദ്ധതിയിലെ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തെ പ്രസിഡന്റ് പ്രബോവോ സ്വാഗതം ചെയ്തു.
ഇരു രാജ്യങ്ങളും തമ്മിൽ ആണവോർജ്ജത്തിന്റെ സമാധാനപരമായ ഉപയോഗത്തിനായുള്ള സഹകരണത്തെക്കുറിച്ച് നടന്നുവരുന്ന ചർച്ചകൾ നേതാക്കൾ വിലയിരുത്തി, ഇത് ഗവേഷണം, ശേഷി വികസനം, ആണവ സുരക്ഷ എന്നിവയിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തും. വ്യവസായം, ആണവോർജ്ജം, കൃഷി, ജല മാനേജ്മെന്റ് എന്നിവയിലെ അനുബന്ധ നിയന്ത്രണ, സാങ്കേതിക പുരോഗതികളും പ്രയോഗങ്ങളും ഉൾപ്പെടെ സിവിൽ ആണവോർജ്ജത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങളെ അവർ സ്വാഗതം ചെയ്തു.
സംസ്‌കാരം, ടൂറിസം, ജനങ്ങൾ തമ്മിലുള്ള വിനിമയങ്ങൾ
യോഗ്യകാർത്തയിലെ യുനെസ്കോ ലോക പൈതൃക കേന്ദ്രമായ പ്രംബാനൻ ക്ഷേത്ര സമുച്ചയത്തിന്റെ പുനരുദ്ധാരണത്തിനും സംരക്ഷണത്തിനുമായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ASI) നടപ്പിലാക്കുന്ന പദ്ധതിയെ ഇരു നേതാക്കളും സ്വാഗതം ചെയ്തു. ഉദ്ദേശം എ.ഡി 860-ൽ സംസ്കൃത ഭാഷയിലും ദേവനാഗരി ലിപിയിലും കൊത്തിവെച്ച യഥാർത്ഥ നാളന്ദ ചെമ്പ് ഫലകത്തിന്റെ പകർപ്പ് നാഷണൽ മ്യൂസിയം ഓഫ് ഇന്ത്യ സമ്മാനിച്ചതിനെ ഇന്തോനേഷ്യ അഭിനന്ദിച്ചു; ഇത് ഇപ്പോൾ മുവാര ജാംബിയിലെ പുതിയ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു. 2023 ഓഗസ്റ്റിൽ വാരാണസിയിൽ നടന്ന ജി20 സാംസ്കാരിക മന്ത്രിമാരുടെ യോഗത്തിൽ അംഗീകരിച്ച "കാശി സാംസ്കാരിക പാത"യിൽ അടങ്ങിയിരിക്കുന്ന തത്വങ്ങൾ അവർ അനുസ്മരിക്കുകയും, സാംസ്കാരിക പൈതൃക കാര്യങ്ങളിൽ ഇരു ഗവണ്മെന്റുകളും തമ്മിൽ അതത് നിയമങ്ങൾക്കും നടപടിക്രമങ്ങൾക്കും അനുസൃതമായി സൗഹൃദത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും മനോഭാവത്തോടെയുള്ള തുടർച്ചയായ ചർച്ചകളുടെ പ്രാധാന്യം ചൂണ്ടിക്കാട്ടുകയും ചെയ്തു.
ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള സാംസ്കാരികവും വിദ്യാഭ്യാസപരവുമായ കാഴ്ചപ്പാടിന് പ്രധാന അടിത്തറ പാകാൻ സഹായിച്ച രബീന്ദ്രനാഥ ടാഗോറിന്റെയും കി ഹജർ ദേവന്തരയുടെയും നിലനിൽക്കുന്ന ബൗദ്ധിക പാരമ്പര്യത്തെയും പങ്കിട്ട വിദ്യാഭ്യാസ ദർശനത്തെയും ഇരു നേതാക്കളും അംഗീകരിച്ചു. ഇതിന്റെ ഭാഗമായി 2026-2027 വർഷത്തെ “ടാഗോർ-ദേവന്തര ഇന്ത്യ-ഇന്തോനേഷ്യ സാംസ്കാരിക വിദ്യാഭ്യാസ നയതന്ത്ര വർഷം” ആയി ആചരിക്കാൻ അവർ തീരുമാനിച്ചു.1927-ൽ രവീന്ദ്രനാഥ ടാഗോർ ഇന്തോനേഷ്യ സന്ദർശിച്ചതിന്റെ ശതാബ്ദി അനുസ്മരണമാണ് ഈ ആചരണം. ഇതിനായി ഇരു രാജ്യങ്ങളിലും ഒരു വർഷം നീണ്ടുനിൽക്കുന്ന സംയുക്ത സാംസ്കാരിക, വിദ്യാഭ്യാസ, അക്കാദമിക്, ജനങ്ങൾ തമ്മിലുള്ള വിനിമയ പരിപാടികൾ എന്നിവ സംഘടിപ്പിക്കും.
ജനങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിൽ വിനോദസഞ്ചാരത്തിനുള്ള സാധ്യതകൾ അടിവരയിട്ടുകൊണ്ട്, ഇരു രാജ്യങ്ങളും തമ്മിലുള്ള വിനോദസഞ്ചാര സഹകരണം കൂടുതൽ ആഴത്തിലാക്കാനും ഇരുഭാഗത്തുനിന്നുമുള്ള സന്ദർശകരുടെ പ്രവാഹം വർദ്ധിപ്പിക്കാനുമുള്ള തങ്ങളുടെ പങ്കിട്ട പ്രതിബദ്ധത ഇരു നേതാക്കളും പ്രകടിപ്പിച്ചു. യാത്ര സുഗമമാക്കുന്നതിനും വിസ നടപടികൾ ലളിതമാക്കുന്നതിനുമുള്ള വഴികൾ കൂടുതൽ ചർച്ച ചെയ്യാൻ അവർ സമ്മതമറിയിച്ചു.
വിദ്യാഭ്യാസ മേഖലയിൽ നിലവിലുള്ള സഹകരണം നേതാക്കൾ വിലയിരുത്തുകയും വിദ്യാർത്ഥി കൈമാറ്റം ഉൾപ്പെടെയുള്ള കൂടുതൽ അക്കാദമിക്-സ്ഥാപനപരമായ സഹകരണത്തിനായി ഇരുപക്ഷവും ശ്രമിക്കണമെന്ന് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പ്രാഥമിക, ദ്വിതീയ വിദ്യാഭ്യാസ മേഖലയിലെ സഹകരണത്തിനായുള്ള ധാരണാപത്രം എത്രയും വേഗം പൂർത്തിയാക്കാൻ നേതാക്കൾ പ്രോത്സാഹിപ്പിച്ചു.
ഉന്നതവിദ്യാഭ്യാസം, ശാസ്ത്ര-സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത ഇരു നേതാക്കളും ആവർത്തിച്ചുറപ്പിച്ചു. അക്കാദമിക് ചലനാത്മകത, സംയുക്ത ഗവേഷണം, വിജ്ഞാന കൈമാറ്റം, ശേഷി വികസനം, സ്ഥാപനപരമായ സഹകരണം എന്നിവയിലൂടെയും മാനവ വിഭവശേഷി വികസനത്തെ പിന്തുണയ്ക്കുന്ന മറ്റ് സംരംഭങ്ങളിലൂടെയും പരസ്പര പ്രയോജനകരമായ പങ്കാളിത്തം വ്യാപിപ്പിക്കാൻ അവർ പ്രോത്സാഹിപ്പിച്ചു. ഉന്നത വിദ്യാഭ്യാസം, ശാസ്ത്രം, സാങ്കേതികവിദ്യ എന്നീ മേഖലകളിലെ സഹകരണത്തിനായുള്ള ധാരണാപത്രം എത്രയും വേഗം പൂർത്തിയാക്കുമെന്ന് അവർ പ്രതീക്ഷ പ്രകടിപ്പിച്ചു. പ്രശസ്തമായ ഇന്ത്യൻ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്തോനേഷ്യയിൽ ബ്രാഞ്ച് കാമ്പസുകൾ സ്ഥാപിക്കുന്നതിൽ കാണിക്കുന്ന വർദ്ധിച്ചുവരുന്ന താല്പര്യത്തെ പ്രസിഡന്റ് പ്രബോവോ സ്വാഗതം ചെയ്തു. ഇന്തോനേഷ്യയിൽ കാമ്പസ് സ്ഥാപിക്കാനുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, ബാംഗ്ലൂരിന്റെ നിർദ്ദേശത്തെ ഇരു നേതാക്കളും സ്വാഗതം ചെയ്തു.
തെരഞ്ഞെടുപ്പ് രംഗത്ത്, മാനവ വിഭവശേഷി വികസനം, മെച്ചപ്പെട്ട മാനേജ്‌മെന്റ്, സാങ്കേതികവിദ്യയുടെ ഉപയോഗം എന്നിവയ്ക്കായി ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനും ഇന്തോനേഷ്യയിലെ ജനറൽ ഇലക്ഷൻ കമ്മീഷനും (KPU) തമ്മിൽ നിലവിലുള്ള സഹകരണം നേതാക്കൾ വിലയിരുത്തി. തിരഞ്ഞെടുപ്പുകളിലെ, മാനേജ്‌മെന്റ്, സാങ്കേതികവിദ്യാ വിനിയോഗം എന്നീ മേഖലകളിലെ സഹകരണത്തിനായി ഇ.സി.ഐ-യും കെ.പി.യു-വും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചതിനെ അവർ സ്വാഗതം ചെയ്തു.
ഇന്ത്യയിലെ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയവും സ്റ്റാറ്റിസ്റ്റിക്സ് ഇന്തോനേഷ്യയും (BPS) തമ്മിൽ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ, ശേഷി വികസനം, തന്ത്രപരമായ സഹകരണം എന്നീ മേഖലകളിലെ നിർദിഷ്ട സഹകരണത്തെ നേതാക്കൾ സ്വാഗതം ചെയ്തു.
പ്രാദേശിക ബഹുമുഖ സഹകരണം
നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യം, സാമ്പത്തിക-വിതരണ ശൃംഖലയിലെ തടസ്സങ്ങൾ, പരസ്പര ആശങ്കയുള്ള ആഗോള പ്രശ്നങ്ങൾ എന്നിവ കണക്കിലെടുത്ത്, അന്താരാഷ്ട്ര നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ളതും സമാധാനം, സ്ഥിരത, സഹകരണം, സമൃദ്ധി എന്നിവയിൽ അധിഷ്ഠിതവുമായ കൂടുതൽ സന്തുലിതവും പ്രാതിനിധ്യമുള്ളതുമായ ലോകക്രമത്തിനായി ഐക്യരാഷ്ട്രസഭയും അതിന്റെ പ്രത്യേക ഏജൻസികളും ഉൾപ്പെടെയുള്ള ബഹുതല-പ്രാദേശിക വേദികളിൽ ഇന്ത്യയും ഇന്തോനേഷ്യയും തമ്മിൽ കൂടുതൽ തന്ത്രപരമായ ഒത്തുചേരലും അടുത്ത ഏകോപനവും ആവശ്യമാണെന്ന് ഇരു നേതാക്കളും അടിവരയിട്ടു. പരമാധികാരത്തോടും പ്രാദേശിക അഖണ്ഡതയോടുമുള്ള തങ്ങളുടെ പൊതുവായ ബഹുമാനം ഇരുപക്ഷവും ആവർത്തിച്ചുറപ്പിച്ചു. കൂടാതെ സാംസ്കാരിക-മതപരമായ വൈവിധ്യം, ബഹുസ്വരത, നിയമവാഴ്ച എന്നിവ ഉയർത്തിപ്പിടിക്കേണ്ടതിന്റെ പ്രാധാന്യം ഈ മേഖലയിലും അതിനപ്പുറവും സമാധാനത്തിനും സ്ഥിരതയ്ക്കും പരസ്പര പ്രയോജനകരമായ സഹകരണത്തിനുമുള്ള അടിത്തറയായി അവർ അടിവരയിട്ടു. ഇതിനായി, ദക്ഷിണ-ദക്ഷിണ സഹകരണത്തിന്റെ (South-South Cooperation) വർദ്ധിച്ചുവരുന്ന പങ്ക് ഇരു നേതാക്കളും അംഗീകരിക്കുകയും ഗ്ലോബൽ സൗത്തിന്റെ ശബ്ദം ശക്തിപ്പെടുത്തുന്നതിൽ സഹകരണം മെച്ചപ്പെടുത്താൻ സമ്മതിക്കുകയും ചെയ്തു.
സമകാലിക ഭൗമരാഷ്ട്രീയ യാഥാർത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നതും ഗ്ലോബൽ സൗത്തിന്റെ അഭിലാഷങ്ങളോട് പ്രതികരിക്കുന്നതുമായ അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ അർത്ഥവത്തായ പരിഷ്കരണങ്ങൾക്കായി ഒന്നിച്ച് പ്രവർത്തിക്കാൻ ഇരു നേതാക്കളും സമ്മതിച്ചു. ഉൾച്ചേർന്നതും അംഗരാജ്യങ്ങൾ നയിക്കുന്നതുമായ അന്തർ-ഗവൺമെന്റൽ ചർച്ചകളിലൂടെ (ടെക്സ്റ്റ് അധിഷ്ഠിത ചർച്ചകൾ ഉൾപ്പെടെ) ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിലിന്റെ സ്ഥിരവും താൽക്കാലികവുമായ അംഗത്വ വിഭാഗങ്ങളിൽ സമഗ്രമായ പരിഷ്കരണവും വിപുലീകരണവും ആവശ്യമാണെന്ന് ഇരുപക്ഷവും ആവർത്തിച്ചു. ബഹുതല വേദികളിൽ പരസ്പര പിന്തുണയുടെ ശക്തമായ മനോഭാവം പ്രതിഫലിപ്പിച്ചുകൊണ്ട്, വിവിധ അന്താരാഷ്ട്ര സ്ഥാനാർത്ഥിത്വങ്ങൾക്കുള്ള പരസ്പര പിന്തുണയെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു.
ആഗോള സാമ്പത്തിക ഘടനയിലെ പരിഷ്കരണങ്ങളുടെ ആവശ്യകതയും, ലോക വ്യാപാര സംഘടന കേന്ദ്രീകൃതവും നിയമങ്ങൾ അടിസ്ഥാനമാക്കിയുള്ളതും സുതാര്യവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ അന്താരാഷ്ട്ര വ്യാപാര വ്യവസ്ഥയുടെ പ്രാധാന്യവും നേതാക്കൾ അംഗീകരിച്ചു. ഇത് വിപണി വിരുദ്ധമായ പ്രവണതകൾ, വിതരണ ശൃംഖലകളുടെ കേന്ദ്രീകരണം, അനിശ്ചിതമായ വിപണി പ്രവേശനം എന്നിവ ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ സഹായിക്കും.
ഇന്ത്യയുടെ 2026-ലെ ബ്രിക്സ് അധ്യക്ഷപദവിക്ക് ഇന്തോനേഷ്യ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഒരു ബ്രിക്സ് അംഗരാജ്യം എന്ന നിലയിൽ ഇന്തോനേഷ്യയുടെ പങ്കിനെ പിന്തുണയ്ക്കാനുള്ള പ്രതിബദ്ധത ഇന്ത്യയും പ്രകടിപ്പിച്ചു. സമതുലിതമായ ആഗോള ഭരണത്തിനും സുസ്ഥിര വികസനത്തിനും ക്രിയാത്മകമായി സംഭാവന നൽകുന്നതിനായി ബ്രിക്സ്, ജി20, ഐ.ഒ.ആർ.എ ഉൾപ്പെടെയുള്ള പ്രധാന വേദികളിലൂടെയുള്ള ഇടപെടലുകൾ ശക്തമാക്കാൻ ഇരു നേതാക്കളും സമ്മതിച്ചു.
2018-ൽ പ്രഖ്യാപിച്ച ഇൻഡോ-പസഫിക് മേഖലയിലെ ഇന്ത്യ-ഇന്തോനേഷ്യ സമുദ്ര സഹകരണത്തിന്റെ പങ്കിട്ട കാഴ്ചപ്പാട് അനുസ്മരിച്ചുകൊണ്ട്, സ്വതന്ത്രവും തുറന്നതും സുതാര്യവും നിയമങ്ങൾ അടിസ്ഥാനമാക്കിയുള്ളതും സമാധാനപരവും സമൃദ്ധവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഇൻഡോ-പസഫിക് മേഖലയ്ക്കായുള്ള തങ്ങളുടെ പ്രതിബദ്ധത ഇരു നേതാക്കളും ആവർത്തിച്ചുറപ്പിച്ചു.
ഭീഷണികളിൽ നിന്നോ ബലപ്രയോഗങ്ങളിൽ നിന്നോ വിട്ടുനിൽക്കുകയും സംഭാഷണവും സഹകരണവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം പരമാധികാരത്തോടും പ്രാദേശിക അഖണ്ഡതയോടുമുള്ള ബഹുമാനം, 1982-ലെ യുഎൻക്ലോസ് (UNCLOS) ഉൾപ്പെടെയുള്ള അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കൽ, നാവിക-വ്യോമ സഞ്ചാര സ്വാതന്ത്ര്യം തുടങ്ങിയവയുടെ പ്രാധാന്യം എന്നിവയും നേതാക്കൾ എടുത്തുപറഞ്ഞു.
പ്രാദേശിക സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവയ്ക്കായി വികസിച്ചുവരുന്ന പ്രാദേശിക ഘടനയിൽ ആസിയാൻ ഐക്യത്തിനും ആസിയാൻ കേന്ദ്രീകരണത്തിനും ഇന്ത്യ നൽകുന്ന നിരന്തര പിന്തുണയെ പ്രസിഡന്റ് പ്രബോവോ അഭിനന്ദിച്ചു. അതത് അംഗരാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധങ്ങൾക്ക് പൂരകമാകുന്ന ആസിയാൻ-ഇന്ത്യ സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെ ഇരുപക്ഷവും പിന്തുണച്ചു. 'മേഖലയിലെ സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവയ്ക്കായുള്ള ഇൻഡോ-പസഫിക്കിനെക്കുറിച്ചുള്ള ആസിയാൻ കാഴ്ചപ്പാടും', ഇന്ത്യയുടെ ഇൻഡോ-പസഫിക് ഓഷ്യൻസ് ഇനിഷ്യേറ്റീവും (IPOI) തമ്മിലുള്ള യോജിപ്പുകൾ കൂടുതൽ ആഴത്തിലാക്കാൻ ഇരു നേതാക്കളും പ്രോത്സാഹിപ്പിച്ചു.
ഇന്ത്യ-ഇന്തോനേഷ്യ-ഓസ്‌ട്രേലിയ ത്രികക്ഷി സംവിധാനത്തിലൂടെയുള്ള സഹകരണത്തെ ഇരു നേതാക്കളും സ്വാഗതം ചെയ്തു. കൂടാതെ സമുദ്ര മേഖലാ അവബോധം, സമുദ്ര മലിനീകരണം, സമുദ്ര സമ്പദ്‌വ്യവസ്ഥ എന്നീ മേഖലകളിലും കിഴക്കനേഷ്യ ഉച്ചകോടി, ഇൻഡോ-പസഫിക് ഓഷ്യൻസ് ഇനിഷ്യേറ്റീവ് (IPOI), ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ (IORA) എന്നിവയുടെ ചട്ടക്കൂടുകൾക്ക് കീഴിലും സഹകരണത്തിനുള്ള സാധ്യതകൾ ആരായുകയും ചെയ്തു.
പശ്ചിമേഷ്യയിലെ/മിഡിൽ ഈസ്റ്റിലെ സാഹചര്യങ്ങളിലും അതിന്റെ ആഗോള പ്രത്യാഘാതങ്ങളിലും നേതാക്കൾ ആഴത്തിലുള്ള ആശങ്ക രേഖപ്പെടുത്തി. 2026 ജൂൺ 17-ന് ഒപ്പുവെച്ച ധാരണാപത്രത്തെ അവർ സ്വാഗതം ചെയ്തു. സംഘർഷങ്ങൾ ലഘൂകരിക്കേണ്ടതിന്റെ പ്രാധാന്യം അടിവരയിടുകയും എല്ലാ പ്രശ്നങ്ങളും ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കണമെന്ന് ആവർത്തിക്കുകയും ചെയ്തു. അന്താരാഷ്ട്ര നിയമങ്ങൾക്കും യുഎൻക്ലോസ് (UNCLOS) വ്യവസ്ഥകൾക്കും അനുസൃതമായി ഹോർമുസ് കടലിടുക്കിലൂടെയുള്ള സഞ്ചാര സ്വാതന്ത്ര്യത്തെയും ആഗോള വാണിജ്യ പ്രവാഹത്തെയും ബഹുമാനിക്കണമെന്ന പരസ്പര കാഴ്ചപ്പാട് അവർ പങ്കുവെച്ചു.
സന്ദർശന വേളയിൽ തനിക്കും തന്റെ പ്രതിനിധി സംഘത്തിനും നൽകിയ ഊഷ്മളമായ സ്വീകരണത്തിനും മികച്ച ആതിഥ്യമര്യാദയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് പ്രബോവോ സുബിയാന്റോയോട് ആത്മാർത്ഥമായ നന്ദി അറിയിച്ചു. ഇന്തോനേഷ്യയിലെ സുഹൃത് ജനതയ്ക്ക് സമൃദ്ധിയും പുരോഗതിയും നേർന്ന പ്രധാനമന്ത്രി മോദി, പരസ്പരം സൗകര്യപ്രദമായ സമയത്ത് ഇന്ത്യ സന്ദർശിക്കാൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോയെ സൗഹാർദ്ദപൂർവ്വം ക്ഷണിച്ചു.
SK
(रिलीज़ आईडी: 2282259)
आगंतुक पटल : 15
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada