പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഡോ. ശ്യാമ പ്രസാദ് മുഖർജിയുടെ 125-ാം ജന്മ ജയന്തിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

प्रविष्टि तिथि: 06 JUL 2026 8:43PM by PIB Thiruvananthpuram

കേന്ദ്ര മന്ത്രിസഭാ സഹപ്രവർത്തകരായ അമിത് ഭായ് ഷാ, ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി, മുതിർന്ന ബി.ജെ.പി അംഗവും എന്നെപ്പോലെയുള്ള ലക്ഷക്കണക്കിന് പ്രവർത്തകർക്ക് പ്രചോദനവുമായ ശ്രീ മഖൻലാൽ ജി, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ഷാമിക് ഭട്ടാചാര്യ, ബഹുമാന്യരായ ജനപ്രതിനിധികളേ, വിശിഷ്ടാതിഥികളേ, സഹോദരീസഹോദരന്മാരേ!

ഏവർക്കും എന്റെ നമസ്കാരം!

മുൻകൂട്ടി നിശ്ചയിച്ച പരിപാടിയുള്ളതിനാൽ ഞാൻ ഇപ്പോൾ ഒരു യാത്രയിലാണ്. എന്നാൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ ചരിത്രപ്രധാനമായ ഈ ചടങ്ങിൽ നിങ്ങളോടൊപ്പം ചേരാൻ എനിക്ക് കഴിയുന്നു.

സുഹൃത്തുക്കളേ,

ഇന്ന് നമ്മുടെ രാജ്യത്തിന്റെ മണ്ണ്, പശ്ചിമ ബംഗാളിന്റെ മണ്ണ്, അതിന്റെ മഹാനായ പുത്രന്മാരിലൊരാളെ, ഇന്ത്യയുടെ അഖണ്ഡതയ്ക്കായി സ്വയം സമർപ്പിച്ച ഒരു മഹാനായ ദേശസ്നേഹിയെ, ഒരു ദീർഘദർശിയെ ആദരപൂർവ്വം അനുസ്മരിക്കുകയാണ്. ഇന്ന് നമ്മൾ ആഘോഷിക്കുന്നത് അദ്ദേഹം നട്ടുവളർത്തിയ ആ ചിന്തയുടെ വിത്തിനെയാണ്. വർത്തമാനകാലത്ത് അത് എല്ലായിടത്തും തഴച്ചുവളരുകയും ആധുനിക ഇന്ത്യയെ മുന്നോട്ടുനയിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നു.

സുഹൃത്തുക്കളേ,

ആശയങ്ങൾ മണ്ണിൽ വേരൂന്നിയതാകുമ്പോൾ ലക്ഷ്യങ്ങൾ ശക്തവും പവിത്രവുമാകുമ്പോൾ പുതിയ തീരുമാനങ്ങൾ പൂർണ്ണമായ സമർപ്പണത്തോടെ പിന്തുടരുമ്പോൾ ഈ കണ്ണികളെല്ലാം ഒത്തുചേരുമ്പോൾ വിജയം അനിവാര്യമാണ്. അത്തരമൊരു ജീവിതമാണ് ഡോ. ശ്യാമ പ്രസാദ് മുഖർജി നയിച്ചത്. അദ്ദേഹത്തിന്റെ 125-ാം ജന്മവാർഷിക വേളയിൽ ഞാൻ അദ്ദേഹത്തിന് മുന്നിൽ വണങ്ങുകയും എന്റെ ശ്രദ്ധാഞ്ജലിയർപ്പിക്കുകയും ചെയ്യുന്നു.

സുഹൃത്തുക്കളേ,

'രാഷ്ട്രം ആദ്യം' എന്ന് ഉറച്ചുവിശ്വസിക്കുന്ന ഒരു ഗവൺമെന്റ് ഉണ്ടാകുമ്പോൾ ദേശീയ നായകർ ആദരിക്കപ്പെടുമെന്നതിനും അവരുടെ ദർശനങ്ങളിലൂടെ മുന്നോട്ട് പോകാൻ ശ്രമങ്ങൾ ഉണ്ടാകുമെന്നതിനും ഈ പരിപാടി ഒരു തെളിവ് കൂടിയാണ്. നമ്മുടെ ഗവൺമെന്റ് ഡോ. മുഖർജിയുടെ 125-ാം ജന്മവാർഷികം രണ്ടു വർഷം നീണ്ടുനിൽക്കുന്ന ഒരു ദേശീയ ഉത്സവമായാണ് ആഘോഷിക്കുന്നത്. ഇത് കഴിഞ്ഞ വർഷം ജൂലൈ 6-നാണ് ആരംഭിച്ചത്, അടുത്ത വർഷം ജൂലൈ 6 വരെ തുടരുകയും ചെയ്യും.

ഇപ്പോൾ ബംഗാളിൽ ഒരു ബി.ജെ.പി ഗവൺമെന്റുള്ളതിനാൽ ഈ ദേശീയ ബഹുമതിക്ക് കൂടുതൽ പ്രൗഢി കൈവന്നിരിക്കുകയാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ജൂൺ 20-ന് പശ്ചിമ ബംഗാൾ ദിനം വളരെ വലിയ രീതിയിൽ ആഘോഷിക്കുകയുണ്ടായി. അത് ബംഗാളിന്റെ മണ്ണിനോടും പൈതൃകത്തോടുമുള്ള ആദരവായിരുന്നു. ഇന്നത്തെ ഈ പരിപാടിയും പൈതൃകത്തോടുള്ള അതേ ബഹുമാനത്തിന്റെ ഭാഗമാണ്. ഇത്രയും ഗംഭീരമായ ഒരു പരിപാടി സംഘടിപ്പിച്ചതിന് പശ്ചിമ ബംഗാൾ ഗവൺമെന്റിനെ ഞാൻ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളേ,

ഡോ. മുഖർജിയുടെ ജീവിതം - ഒരു ആശയത്തിൽ നിന്ന് ജനകീയ പ്രസ്ഥാനത്തിലേക്കുള്ള ഒരു വലിയ പ്രചോദനമാണ്. അദ്ദേഹം ഇന്ത്യയിൽ ഒരു പ്രത്യയശാസ്ത്ര പ്രസ്ഥാനത്തിന് ജന്മം നൽകി. ജനസംഘ് രൂപീകൃതമായ കാലത്ത് എല്ലായിടത്തും കോൺഗ്രസിനായിരുന്നു ആധിപത്യം. മറ്റൊരു ബദൽ ചിന്തയ്ക്ക് പോലും സ്ഥാനമില്ലാതിരുന്ന, ചുവടുറപ്പിക്കാൻ പോലും പ്രയാസമായിരുന്ന അത്തരമൊരു കാലഘട്ടത്തിൽ ഡോ. മുഖർജി ആ സാഹചര്യങ്ങളെ വെല്ലുവിളിക്കുകയും ഒരു പുതിയ ആശയത്തിന് രൂപം നൽകാനുള്ള ധീരത കാട്ടുകയും ചെയ്തു. അത് ഒരു സംഘടനയോ രാഷ്ട്രീയ പാർട്ടിയോ രൂപീകരിക്കാനുള്ള തീരുമാനം മാത്രമല്ലായിരുന്നു. അത് പ്രത്യയശാസ്ത്രപരമായ വൈവിധ്യത്തിലും ദേശീയ ചിന്താഗതിയിലും ജനാധിപത്യത്തിലെ ജനപങ്കാളിത്തത്തിലും അദ്ദേഹത്തിനുണ്ടായിരുന്ന അചഞ്ചലമായ വിശ്വാസത്തിന്റെ പ്രകടനമായിരുന്നു. ഈ വിശ്വാസത്തിൽ നിന്നാണ് ഭാരതീയ ജനസംഘ് ജനിച്ചത്.

സുഹൃത്തുക്കളേ,

ഒരു ആശയവും അതിന്റെ സ്ഥാപനം കൊണ്ടുമാത്രം അനശ്വരമാകുന്നില്ല. തലമുറകൾ തങ്ങളുടെ ജീവിതം നൽകി അതിനെ പോഷിപ്പിക്കുമ്പോൾ മാത്രമാണ് ഒരു ആശയം അനശ്വരമാകുന്നത്. ജനസംഘിന്റെ ജ്വാല നിലനിർത്താൻ ലക്ഷക്കണക്കിന് പ്രവർത്തകർ തങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷവും ഓരോ ത്യാഗവും സമർപ്പിച്ചു. അവർ ആ ജ്വാല ഒരിക്കലും കെട്ടുപോകാൻ അനുവദിച്ചില്ല.

ഇന്ന്, ജനസംഘം അതിന്റെ യഥാർത്ഥ രൂപത്തിൽ ദൃശ്യമല്ലെങ്കിൽ പോലും, ആ ജ്വാലയുടെ വെളിച്ചം കോടിക്കണക്കിന് ഭാരതീയരുടെ വിശ്വാസമായി പടർന്നു പന്തലിച്ചിരിക്കുന്നു. ആ വെളിച്ചം ഇന്ന് ദശലക്ഷക്കണക്കിന് വിരിയുന്ന താമരപ്പൂക്കളുടെ രൂപത്തിൽ രാജ്യമുടനീളം തിളങ്ങിനിൽക്കുന്നു. ഒരുകാലത്ത് ജനസംഘമായിരുന്നത് ഇന്ന് ഭാരതീയ ജനതാ പാർട്ടിയാണ് - ജനങ്ങളെ സേവിക്കുന്ന, ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ ശക്തി.

സുഹൃത്തുക്കളേ,

പലപ്പോഴും കാലക്രമേണ ചില ആശയങ്ങളുടെ ആകർഷണം നഷ്ടപ്പെടുന്നത് നമ്മൾ കാണാറുണ്ട്. എന്നാൽ ചിന്തിച്ചുനോക്കൂ - ഡോ. മുഖർജി നട്ടുവളർത്തിയ ആ ചിന്തയുടെ വിത്ത് എത്രത്തോളം ശക്തമായിരുന്നു എന്നാൽ ഇത്രയും വർഷങ്ങൾക്ക് ശേഷവും അത് അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഭാവിതലമുറകൾ ബി.ജെ.പി.യുടെ പ്രയാണത്തിന്റെ ചരിത്രം എഴുതുമ്പോഴും അതിനെക്കുറിച്ച് പഠിക്കുമ്പോഴും അവർ തീർച്ചയായും ഡോ. ശ്യാമ പ്രസാദ് മുഖർജിയുടെ ആശയങ്ങളെയും അദ്ദേഹത്തിന്റെ ധീരതയെയും ദീർഘവീക്ഷണത്തെയും കുറിച്ച് പരാമർശിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഞാൻ വീണ്ടും പറയുന്നു - ബംഗാളിനെ സംബന്ധിച്ചിടത്തോളം ഇത് ഇരട്ടി സന്തോഷത്തിന്റെ നിമിഷമാണ്. ആദ്യത്തേത് ഡോ. മുഖർജിയുടെ 125-ാം ജന്മവാർഷികമാണ്. രണ്ടാമത്തേത് അദ്ദേഹത്തിന്റെ ദർശനത്തിൽ നിന്ന് ജന്മമെടുത്ത ഒരു ബി.ജെ.പി ഗവൺമെന്റിന് കീഴിൽ ബംഗാളിൽ തന്നെ നടക്കുന്ന ഈ മഹത്തായ ആഘോഷമാണ്. പശ്ചിമ ബംഗാളിലെ ജനങ്ങൾ തങ്ങളുടെ മഹാനായ പുത്രന് നൽകുന്ന ഹൃദയംഗമമായ ആദരവാണിത്.

സുഹൃത്തുക്കളേ,

പാർലമെന്റിൽ നടത്തിയ തന്റെ ഒരു പ്രസംഗത്തിൽ ഇന്നും നമുക്ക് പ്രചോദനമേകുന്ന ഒരു കാര്യം ഡോ. മുഖർജി പറയുകയുണ്ടായി. അദ്ദേഹം പറഞ്ഞു: "ദേശീയ ഐക്യമെന്ന അടിത്തറയിൽ മാത്രമേ ഒരു സുവർണ്ണ ഭാവിയുടെ കെട്ടിടം പടുത്തുയർത്താൻ കഴിയൂ." തീർച്ചയായും, ഡോ. മുഖർജി തന്റെ അവസാന ശ്വാസം വരെയും ഈ വിശ്വാസത്തോടെയാണ് ജീവിച്ചതെന്ന് ഇന്ത്യയ്ക്ക് അഭിമാനത്തോടെ പറയാൻ കഴിയും. 1947-ൽ രാജ്യം വിഭജിക്കപ്പെടുകയും മറ്റൊരു പ്രതിസന്ധി രൂപപ്പെടുകയും ചെയ്തപ്പോൾ - ബംഗാളിനെ മുഴുവനായി ഇന്ത്യയിൽ നിന്ന് വേർപെടുത്താൻ ഗൂഢാലോചനകൾ നടക്കുന്നുണ്ടായിരുന്നു. ആ സമയത്ത് ഡോ. മുഖർജി ഈ ചതിക്കുഴികൾക്കെതിരെ ഒരു പാറപോലെ ഉറച്ചുനിന്നു. അദ്ദേഹം പൊതുജനാഭിപ്രായം രൂപീകരിക്കുകയും രാഷ്ട്രീയ പോരാട്ടങ്ങൾ നടത്തുകയും പശ്ചിമ ബംഗാൾ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി തുടരുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്തു. ആ സമയത്താണ് ഡോ. ശ്യാമ പ്രസാദ് മുഖർജി ഇങ്ങനെ ഗർജ്ജിച്ചത്: "കോൺഗ്രസ് ദേശ് ഭാഗ് കൊരേഛെ, ആമി പാകിസ്ഥാൻ കെ ഭാഗ് കൊരേഛി." അതായത്, കോൺഗ്രസ് രാജ്യത്തെ വിഭജിച്ചു, എന്നാൽ ഞാൻ പാകിസ്ഥാനെ തന്നെ വിഭജിച്ചു.

സുഹൃത്തുക്കളേ,

ആ ഗർജ്ജനവും ആ കരുത്തും അത് പ്രകടിപ്പിച്ച രാഷ്ട്രീയ ഇച്ഛാശക്തിയും - ഇന്നത്തെ സാഹചര്യങ്ങളിലേക്ക് നോക്കുമ്പോൾ നമുക്ക് ഇപ്പോഴും അതിന്റെ ശക്തി അനുഭവിക്കാൻ കഴിയും.

സുഹൃത്തുക്കളേ,

'ഏക് ഭാരത്, ശ്രേഷ്ഠ് ഭാരത്' എന്ന ദർശനത്തിനായി പൂർണ്ണമായും സമർപ്പിച്ച വ്യക്തിയായിരുന്നു ഡോ. മുഖർജി. അതുകൊണ്ടാണ് രണ്ട് ഭരണഘടനകൾ, രണ്ട് പ്രധാനമന്ത്രിമാർ, രണ്ട് പതാകകൾ എന്ന ആശയം ഉയർന്നുവന്നപ്പോൾ അദ്ദേഹം അതിനെ ശക്തമായി എതിർത്തത്. അദ്ദേഹം രാജ്യത്തിന് ഒരു മന്ത്രം നൽകി: "ഏക് ദേശേ ദുയി ബിധാൻ, ദുയി പ്രൊധാൻ എബോങ് ദുയി നിഷാൻ - ആംര കോഖോനോ മേനേ നേബോ നാ." മറ്റൊരു വാക്കുകളിൽ പറഞ്ഞാൽ: "ഒരു രാജ്യത്ത് രണ്ട് ഭരണഘടനകളും രണ്ട് പ്രധാനമന്ത്രിമാരും രണ്ട് പതാകകളും - അംഗീകരിക്കില്ല, അംഗീകരിക്കില്ല." ഇതൊരു വെറും മുദ്രാവാക്യം മാത്രമായിരുന്നില്ല. ഇത് തുല്യ അവകാശങ്ങൾക്കും ഏക ഭരണഘടനയ്ക്കും ഏകീകൃതമായ ഒരു ദേശീയ ബോധത്തിനും വേണ്ടിയുള്ള ആഹ്വാനമായിരുന്നു. ഈ തത്ത്വങ്ങൾക്ക് വേണ്ടി അദ്ദേഹം പോരാടുകയും ജയിലിൽ പോവുകയും ഒടുവിൽ കശ്മീരിന് വേണ്ടി തന്റെ ജീവൻ തന്നെ ത്യജിക്കുകയും ചെയ്തു. ഇന്ന് ആർട്ടിക്കിൾ 370 റദ്ദാക്കിക്കൊണ്ട് ഡോ. മുഖർജിയുടെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞതിൽ നമ്മുടെ ഗവൺമെന്റ് അഭിമാനിക്കുന്നു.

സുഹൃത്തുക്കളേ,

ഇന്ന് നാം 'ഏക ഭാരതം, ശ്രേഷ്ഠ ഭാരതം' എന്ന് പറയുമ്പോൾ അത് ഡോ. മുഖർജിയുടെ ജീവിതം നിർവചിച്ച അതേ ദേശീയ ദർശനത്തിന്റെ വിപുലീകരണമാണ്. തെക്കും വടക്കും തമ്മിൽ യാതൊരു ദൂരവുമില്ലാത്ത, കിഴക്കും പടിഞ്ഞാറും തുല്യ അവസരങ്ങൾ പങ്കിടുന്ന, ഇന്ത്യയുടെ കൂട്ടായ കരുത്തിലേക്ക് ഓരോ സംസ്ഥാനവും സവിശേഷ സ്വത്വം സംഭാവന ചെയ്യുന്ന, ഒപ്പം ഓരോ പൗരനും ഒരൊറ്റ ഭരണഘടനയാലും ഒരൊറ്റ ദേശീയ ബോധത്താലും പങ്കുവെക്കപ്പെട്ട ഒരൊറ്റ ഭാവിയാലും പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്ന ഒരു ഇന്ത്യയെക്കുറിച്ചുള്ള ദർശനം. ഡോ. മുഖർജിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഇന്ന് ഇന്ത്യയുടെ ഭരണഘടന രാജ്യത്തുടനീളം പൂർണ്ണമായ അന്തസ്സോടെ നടപ്പിലാകുകയും ദശലക്ഷക്കണക്കിന് പൗരന്മാർക്ക് പ്രചോദനമേകുകയും ചെയ്യുന്നതിൽ എനിക്ക് സന്തോഷമുണ്ട്.

സുഹൃത്തുക്കളേ,

രാഷ്ട്രനിർമ്മാണം നിലകൊള്ളുന്നത് സ്ഥാപനങ്ങളുടെ നിർമ്മാണത്തിലാണെന്ന് ഡോ. മുഖർജി നന്നായി മനസ്സിലാക്കിയിരുന്നു. വെറും 33-ാം വയസ്സിൽ അദ്ദേഹം കൽക്കട്ട സർവകലാശാലയുടെ ഏറ്റവും പ്രായം കുറഞ്ഞ വൈസ് ചാൻസലറായി. എന്നാൽ ആ പദവിയെ അദ്ദേഹം കേവലം ഒരു ഭരണപരമായ ചുമതലയായിട്ടല്ല കണ്ടത്. ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്ന ഒരു സ്ഥാപനമായാണ് അദ്ദേഹം സർവകലാശാലയെ വീക്ഷിച്ചത്. വിദ്യാഭ്യാസത്തെ കൊളോണിയൽ അടിമത്ത ചിന്താഗതിയിൽ നിന്ന് മോചിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. അദ്ദേഹം പറഞ്ഞു: "ബംഗാൾ ജനതയുടെ ആത്മാഭിമാനം വീണ്ടെടുക്കുക എന്നതും മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസം വ്യാപിപ്പിക്കുക എന്നതുമായിരിക്കണം നമ്മുടെ പ്രധാന ലക്ഷ്യം." ഇന്ത്യക്ക് ആത്മവിശ്വാസമുള്ള ഒരു രാജ്യമാകണമെങ്കിൽ അതിന്റെ വിദ്യാഭ്യാസം ഇന്ത്യൻ ആത്മാവിൽ വേരൂന്നിയതായിരിക്കണമെന്ന് അദ്ദേഹം വിശ്വസിച്ചു. ഈ ദർശനത്തോടെ അദ്ദേഹം ഇന്ത്യൻ ഭാഷകൾക്ക് അർഹമായ ബഹുമാനം നൽകി. ഇന്ന് പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് കീഴിൽ പ്രാദേശിക ഭാഷകളിലുള്ള വിദ്യാഭ്യാസത്തിന് ഊന്നൽ നൽകുന്നതിൽ - അതുവഴി ഒരുകാലത്ത് ഡോ. മുഖർജി കണ്ട സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിൽ നാം അഭിമാനിക്കുന്നു.

സുഹൃത്തുക്കളേ,

സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ വ്യവസായ മന്ത്രി എന്ന നിലയിൽ വ്യാവസായിക വികസനത്തിനായി അദ്ദേഹം ഒരു വലിയ ദർശനം മുന്നോട്ട് വെച്ചു. പതിറ്റാണ്ടുകളായി ഇന്ത്യയുടെ സാമ്പത്തിക കരുത്തിന്റെ തൂണുകളായി മാറിയ ദേശീയ സ്ഥാപനങ്ങൾ അദ്ദേഹം സ്ഥാപിച്ചു. ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വർക്സ് ഇന്ത്യൻ റെയിൽവേയ്ക്ക് പുതിയ വേഗത നൽകി. സിന്ദ്രി രാസവള പ്ലാന്റ് കാർഷിക മേഖലയിലെ സ്വയംപര്യാപ്തതയിലേക്കുള്ള ഒരു പ്രധാന ചുവടുവെപ്പായിരുന്നു. ദാമോദർ വാലി കോർപ്പറേഷൻ ഊർജ്ജ, ജലസേചന രംഗങ്ങളിൽ ഒരു പുതിയ അധ്യായം തുറന്നു. ഇൻഡസ്ട്രിയൽ ഫിനാൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (IFCI) ഇന്ത്യൻ വ്യവസായങ്ങൾക്ക് ശക്തമായ ഒരു സാമ്പത്തിക അടിത്തറ നൽകി.

സുഹൃത്തുക്കളേ,

അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വ്യവസായശാലകളും ഫാക്ടറികളും കേവലം തൊഴിൽശാലകൾ മാത്രമായിരുന്നില്ല. സർവ്വകലാശാലകൾ വെറും ബിരുദങ്ങൾ നൽകുന്നതിനുള്ള ഇടങ്ങൾ മാത്രമായിരുന്നില്ല. ഗവേഷണ സ്ഥാപനങ്ങൾ പരീക്ഷണങ്ങൾ നടത്താനുള്ള വേദികൾ മാത്രമായിരുന്നില്ല. അദ്ദേഹത്തിന് ഇവയെല്ലാം ദേശഭക്തിയുടെ കേന്ദ്രങ്ങളായിരുന്നു. പ്രതിഭകൾക്ക് അവസരങ്ങൾ നൽകുന്ന സ്ഥാപനങ്ങളിലും നവീനാശയത്തെ പ്രോത്സാഹിപ്പിക്കുന്ന വിദ്യാഭ്യാസത്തിലും സ്വയംപര്യാപ്തതയുടെ അടിസ്ഥാനമായി മാറുന്ന വ്യവസായങ്ങളിലും ഭാവിതലമുറകൾക്ക് കൂടുതൽ ശക്തമായ ഒരു ഇന്ത്യയെ പൈതൃകമായി നൽകാൻ പ്രാപ്തമാക്കുന്ന സംവിധാനങ്ങളിലും അദ്ദേഹം വിശ്വസിച്ചു. വികസിത ഇന്ത്യയെക്കുറിച്ചുള്ള ഇന്നത്തെ ദർശനത്തിന് പിന്നിലെ പ്രചോദനം ഈ മനോഭാവമാണ്.

സുഹൃത്തുക്കളേ,

ഈ ശുഭവേളയിൽ ഞാൻ ബംഗാളിലെയും രാജ്യത്തെമ്പാടുമുള്ള യുവാക്കളോട് പറയുകയാണ്: ഡോ. മുഖർജി 'ഏക ഭാരത'ത്തിനായി തന്റെ ജീവിതം സമർപ്പിച്ചു. നമ്മൾ 'ശ്രേഷ്ഠ ഭാരത'ത്തിനായി ജീവിക്കണം. നമുക്കൊരുമിച്ച് വികസിത ഇന്ത്യ എന്ന ലക്ഷ്യം പൂർത്തീകരിക്കണം. നാം രാജ്യത്തെ സ്വയംപര്യാപ്തമാക്കണം. ഈ ആഹ്വാനത്തോടെ ഞാൻ ഒരിക്കൽ കൂടി ഡോ. മുഖർജിക്ക് മുന്നിൽ പ്രണമിക്കുന്നു. അദ്ദേഹത്തിന്റെ തന്നെ വാക്കുകൾ, അദ്ദേഹത്തിന്റെ തന്നെ മനോഭാവം ഓർമ്മിപ്പിച്ചുകൊണ്ട് ഞാൻ അവസാനിപ്പിക്കാം: "ജേ കാജ് ഈ ഹാതേ നാവോ നാ കേനോ, താ അത്യന്തോ ഗുരുത്തോ ശോഹോകാരേ കൊർത്തേ ഹോബേ." അതായത്: നിങ്ങൾ ഏത് ജോലി ആരംഭിച്ചാലും അത് അതീവ ഗൗരവത്തോടെ, സമർപ്പണത്തോടെ, പൂർണ്ണമായ ആത്മാർത്ഥതയോടെ ചെയ്യുക. ഒരു ജോലിയും ഒരിക്കലും അപൂർണ്ണമായി ഉപേക്ഷിക്കരുത് - എപ്പോഴും അതിന്റെ പൂർണ്ണതയിൽ എത്തിക്കുക. ഡോ. മുഖർജിയുടെ വാക്കുകളിൽ നിന്നൊഴുകുന്ന ഈ പ്രചോദനത്തോടെ നിങ്ങൾക്കേവർക്കും ഞാൻ എന്റെ ഹൃദയംഗമമായ ആശംസകൾ നേരുന്നു.

വളരെ നന്ദി!

നിരാകരണം - ഇത് പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ പരിഭാഷ മാത്രമാണ്. യഥാർത്ഥ പ്രസംഗം ഹിന്ദിയിലായിരുന്നു.

***

NK


(रिलीज़ आईडी: 2281931) आगंतुक पटल : 9
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Assamese , Bengali , Manipuri , Punjabi , Gujarati , Odia , Telugu , Kannada