പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

16-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടി സംയുക്ത പ്രസ്താവന

प्रविष्टि तिथि: 02 JUL 2026 9:58PM by PIB Thiruvananthpuram

പങ്കിട്ട വളർച്ച, പുരോഗതി, പ്രതിരോധശേഷി എന്നിവയ്ക്കായി തന്ത്രപരമായ സഹകരണത്തിൻ്റേയും വിശ്വാസത്തിന്റെയും പങ്കാളിത്തത്തെ മുന്നോട്ട് നയിക്കൽ

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം, ജപ്പാൻ പ്രധാനമന്ത്രി താകൈച്ചി സനേ 2026 ജൂലൈ 1 മുതൽ 3 വരെ 16-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിക്കായി ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. മുതിർന്ന ഉദ്യോഗസ്ഥർ, സി.ഇ.ഓമാർ, വ്യവസായ പ്രമുഖർ എന്നിവരടങ്ങുന്ന ഉന്നതതല പ്രതിനിധിസംഘവും പ്രധാനമന്ത്രി താകൈച്ചിക്കൊപ്പമുണ്ടായിരുന്നു. പ്രധാനമന്ത്രി താകൈച്ചിയുടെ ആദ്യ ഔദ്യോഗിക ഇന്ത്യ സന്ദർശനമായിരുന്നു ഇത്.

കഴിഞ്ഞ വാർഷിക ഉച്ചകോടിക്ക് ശേഷമുള്ള പുരോഗതി ഇരു പ്രധാനമന്ത്രിമാരും വിലയിരുത്തുകയും ഇന്ത്യ-ജപ്പാൻ പ്രത്യേക തന്ത്രപരമായ ആഗോള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള സഹകരണത്തിൻ്റെ വിശാലമായ മേഖലകളെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരവും ആഗോളപരവുമായ ഇത്തരം സഹകരണം ശക്തിപ്പെടുത്തുന്നത് പരസ്പരം പ്രയോജനകരമാണെന്നും ഇന്തോ-പസഫിക് മേഖലയുടെയും അതിനപ്പുറമുള്ള പ്രദേശങ്ങളുടെയും പ്രതിരോധശേഷിക്കും അഭിവൃദ്ധിയും സംഭാവന നൽകുമെന്നും അവർ തിരിച്ചറിഞ്ഞു.

വർദ്ധിച്ചുവരുന്ന അസ്ഥിരവും അനിശ്ചിതവുമായ ഭൗമരാഷ്ട്രീയ സാഹചര്യത്തിൽ ഇന്ത്യ-ജപ്പാൻ പങ്കാളിത്തത്തിന്റെ തന്ത്രപരമായ പ്രാധാന്യം തിരിച്ചറിഞ്ഞ്, പരസ്പരം പൂരകമായ ബന്ധം വികസിപ്പിക്കുന്നതിനുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധത ഇരു പ്രധാനമന്ത്രിമാരും ആവർത്തിച്ചുറപ്പിച്ചു. 15-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയുടെ വിജയത്തിന്റെ അടിസ്ഥാനത്തിൽ, മൂന്ന് മുൻഗണനാ മേഖലകളെ അടിസ്ഥാനമാക്കി സഹകരണം മുന്നോട്ട് കൊണ്ടുപോകാൻ അവർ സമ്മതിച്ചു:

പ്രതിരോധ-സുരക്ഷാ സഹകരണം:  ഊർജ്ജ പ്രതിരോധശേഷി, സാങ്കേതികവിദ്യ, നൂതനാശയം എന്നിവയുൾപ്പെടെയുള്ള സാമ്പത്തിക പങ്കാളിത്തം: ജനങ്ങൾ തമ്മിലുള്ള ആശയവിനിമയം 

അതത് ദേശീയ താൽപ്പര്യങ്ങൾ സാക്ഷാത്കരിക്കാനുള്ള ശ്രമങ്ങളിൽ ഇന്ത്യയും ജപ്പാനും സ്വാഭാവികവും ഒഴിച്ചുകൂടാനാവാത്തതുമായ പങ്കാളികളാണെന്ന കാഴ്ചപ്പാട് അവർ പങ്കുവെച്ചു.

ലോകത്തിലെ പ്രമുഖ ജനാധിപത്യ രാജ്യങ്ങളും പ്രമുഖ സമ്പദ്‌വ്യവസ്ഥകളും എന്ന നിലയിൽ സ്വതന്ത്രവും തുറന്നതും നിയമവാഴ്ചയെ അടിസ്ഥാനമാക്കിയുള്ളതുമായ ഒരു അന്താരാഷ്ട്ര ക്രമം രൂപപ്പെടുത്താനും ഉയർത്തിപ്പിടിക്കാനും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ഇരു പ്രധാനമന്ത്രിമാരും ആവർത്തിച്ചു. ഇതിനായി, പരിഷ്ക്കരിച്ച "ഫ്രീ ആൻഡ് ഓപ്പൺ ഇൻഡോ-പസഫിക് (FOIP)" പദ്ധതിയെ പ്രധാനമന്ത്രി മോദി സ്വാഗതം ചെയ്യുകയും അത് 'ഇന്തോ-പസഫിക് ഓഷ്യൻസ് ഇനിഷ്യേറ്റീവ്' (IPOI), 'മ്യൂച്വൽ ആൻഡ് ഹോളിസ്റ്റിക് അഡ്വാൻസ്‌മെന്റ് ഫോർ സെക്യൂരിറ്റി ആൻഡ് ഗ്രോത്ത് അക്രോസ് റീജിയൺസ്' (MAHASAGAR) എന്നിവയുമായി അടുത്ത സാമ്യം പുലർത്തുന്നുവെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. തങ്ങളുടെ പൊതുവായ തന്ത്രപരമായ വീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ  സഹകരണം കൂടുതൽ ദൃഢമാക്കാനുള്ള പ്രതിജ്ഞാബദ്ധത അവർ ആവർത്തിച്ചു.

ഉഭയകക്ഷി പ്രതിരോധ-സുരക്ഷാ സഹകരണം പുരോഗതിയുടെ പാതയിലാണെന്നതിൽ ഇരു പ്രധാനമന്ത്രിമാരും  സംതൃപ്തി പ്രകടിപ്പിക്കുകയും കഴിഞ്ഞ വാർഷിക ഉച്ചകോടിയിൽ അംഗീകരിച്ച സുരക്ഷാ സഹകരണത്തിനായുള്ള സംയുക്ത പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ സഹകരണം ശക്തമാക്കാനുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധത ആവർത്തിച്ചുറപ്പിക്കുകയും ചെയ്തു. ഈ വർഷാവസാനത്തോടെ ടോക്കിയോയിൽ നാലാം റൗണ്ട് 2+2 മന്ത്രിതല യോഗം ചേരാൻ അവർ തങ്ങളുടെ മന്ത്രിമാർക്ക് നിർദ്ദേശം നൽകി. ജപ്പാൻ സൈന്യത്തിൻ്റെ  പിന്തുണയോടെ നടന്ന "JAIMEX 25" എന്ന നാവികാഭ്യാസം ഉൾപ്പെടെ അതത് സേനകൾ തമ്മിലുള്ള സഹകരണത്തിലുണ്ടായ പുരോഗതിയെ അവർ സ്വാഗതം ചെയ്തു. വിശാഖപട്ടണത്ത് നടന്ന ഇന്റർനാഷണൽ ഫ്ലീറ്റ് റിവ്യൂ 2026-ൽ ജപ്പാന്റെ പങ്കാളിത്തത്തെ ഇന്ത്യ സ്വാഗതം ചെയ്തു. കൂടുതൽ വിപുലമായ പരിശീലനങ്ങൾ, ഉപഗ്രഹ ശേഷികൾ ഉപയോഗിച്ചുള്ള സമുദ്ര സുരക്ഷാ നിരീക്ഷണം നാവിക അറ്റകുറ്റപ്പണികൾ (MRO സഹകരണം), "മേക്ക് ഇൻ ഇന്ത്യ" ചട്ടക്കൂടിന് കീഴിലുള്ള പ്രതിരോധ ഉപകരണ-സാങ്കേതിക സഹകരണം എന്നിവയിലൂടെ സമുദ്ര സുരക്ഷാ സഹകരണം ആഴത്തിലാക്കാൻ അവർ സമ്മതമറിയിച്ചു.

പ്രതിരോധ ഉപകരണങ്ങളുടെയും സാങ്കേതികവിദ്യയുടെയും കൈമാറ്റത്തെക്കുറിച്ചുള്ള മൂന്ന് തത്വങ്ങളിൽ ജപ്പാൻ വരുത്തിയ പുനരവലോകനത്തെ പ്രധാനമന്ത്രി മോദി സ്വാഗതം ചെയ്യുകയും അത് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ പങ്കാളിത്തം കൂടുതൽ ദൃഢമാക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. 'യൂണിഫൈഡ് കോംപ്ലക്സ് റേഡിയോ ആന്റിന' ("UNICORN") പമ്പതിയുമായി ബന്ധപ്പെട്ട ശേഷിക്കുന്ന സാങ്കേതിക വിശദാംശങ്ങളിൽ തത്വത്തിൽ ധാരണയിലെത്തിയതിൽ ഇരു പ്രധാനമന്ത്രിമാരും സംതൃപ്തി രേഖപ്പെടുത്തി. പദ്ധതി എത്രയും വേഗം പൂർത്തിയാകുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച അവർ, പ്രതിരോധ സാമഗ്രികളുടെയും സാങ്കേതികവിദ്യയുടെയും മേഖലയിൽ മറ്റ് പദ്ധതികൾ യാഥാർത്ഥ്യമാക്കുന്നതിനുള്ള വഴികൾ ആരായുന്നതിനും സമ്മതിച്ചു.

സാമ്പത്തിക സുരക്ഷാ മേഖലകളിൽ ഇരുരാജ്യങ്ങളും കൂടുതൽ വ്യക്തമായ സഹകരണം പ്രോത്സാഹിപ്പിക്കേണ്ടത് നിലവിലെ അന്താരാഷ്ട്ര സാഹചര്യത്തിൻ്റെ അനിവാര്യതയാണെന്ന് ഇരു പ്രധാനമന്ത്രിമാരും തിരിച്ചറിഞ്ഞു. സാമ്പത്തിക സുരക്ഷാ സഹകരണം ആഴത്തിലാക്കാനും പ്രതിരോധശേഷിയുള്ളതും സമൃദ്ധവുമായ ഒരു മേഖലയെ പിന്തുണയ്ക്കുന്നതിനുള്ള പ്രധാന സംരംഭങ്ങൾ വികസിപ്പിക്കാനും അവർ പ്രതിജ്ഞാബദ്ധരായി. സാമ്പത്തിക സമ്മർദ്ദങ്ങൾ, വിപണി വിരുദ്ധ നയങ്ങളും നടപടികളും, നിർണ്ണായക ധാതുക്കളിലും നിർണ്ണായക വ്യവസായ മേഖലകളിലും വിതരണ ശൃംഖല തടസ്സപ്പെടുന്നതിലേക്ക് നയിച്ചേക്കാവുന്ന ഏകപക്ഷീയമായ കയറ്റുമതി നിയന്ത്രണങ്ങൾ, വില കൃത്രിമത്വം എന്നിവയിൽ അവർ തങ്ങളുടെ ശക്തമായ ആശങ്ക ആവർത്തിച്ചു. വൈവിധ്യമാർന്നതും പ്രതിരോധശേഷിയുള്ളതും വിശ്വസനീയവുമായ ആഗോള വിതരണ ശൃംഖലകളുടെ പ്രാധാന്യവും, ന്യായമായ മത്സര അന്തരീക്ഷവും, ഏതെങ്കിലും ഒരു രാജ്യത്തെ മാത്രം ആശ്രയിക്കുന്നത് ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയും അവർ അടിവരയിട്ടു. അതത് നിയന്ത്രണങ്ങളും അനുബന്ധ നിയമങ്ങളും മാനിച്ചുകൊണ്ട് പ്രധാന സാങ്കേതികവിദ്യകൾ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധത അവർ ആവർത്തിച്ചു റപ്പിച്ചു.

കയറ്റുമതി നിയന്ത്രണ വെല്ലുവിളികൾ പരസ്പരം ലഘൂകരിക്കുന്നതോടൊപ്പം ഉന്നത സാങ്കേതികവിദ്യയുടെ  വ്യാപാരം കൂടുതൽ സംരക്ഷിക്കുന്നതിനും ഇരുപക്ഷവും സമ്മതിച്ചു. കൂടാതെ, ഇരുരാജ്യങ്ങളിലെയും ബന്ധപ്പെട്ട മന്ത്രാലയങ്ങൾ തമ്മിലുള്ള കൂടിയാലോചനകൾ മുന്നോട്ട് കൊണ്ടുപോകാനും അവർ തീരുമാനിച്ചു. കഴിഞ്ഞ വാർഷിക ഉച്ചകോടിയിൽ ആരംഭിച്ച സാമ്പത്തിക സുരക്ഷാ ഉദ്യമത്തിൻ്റെ അടിസ്ഥാനത്തിൽ ഇരുരാജ്യങ്ങളും കൈവരിച്ച പുരോഗതിയെ അവർ അഭിനന്ദിച്ചു. ഇതിൽ ആദ്യത്തെ സ്വകാര്യ മേഖലാ സാമ്പത്തിക സുരക്ഷാ സംഭാഷണവും ഈ വർഷം ആദ്യം നടന്ന ഇക്കണോമിക് സെക്യൂരിറ്റി ഡയലോഗിന്റെ രണ്ടാം റൗണ്ടും ഉൾപ്പെടുന്നു. സെമികണ്ടക്ടറുകൾ, നിർണ്ണായക ധാതുക്കൾ, വിവര-വിനിമയ സാങ്കേതികവിദ്യ, ഹരിത ഊർജ്ജം, ഫാർമസ്യൂട്ടിക്കൽസ് എന്നീ പ്രധാന മേഖലകളിൽ പദ്ധതി അധിഷ്ഠിത സഹകരണം കൂടുതൽ പ്രോത്സാഹിപ്പിക്കുന്നസാമ്പത്തിക സുരക്ഷാ സഹകരണത്തിനായുള്ള ഇന്ത്യ-ജപ്പാൻ സംയുക്ത പ്രഖ്യാപനം നേതാക്കൾ അംഗീകരിച്ചു.

ആഗോള ഊർജ്ജ വിപണിയിലെ അസ്ഥിരത ബാധിക്കുന്ന പ്രധാന ഊർജ്ജ ഉപഭോഗ രാജ്യങ്ങൾ എന്ന നിലയിലുള്ള തങ്ങളുടെ പങ്കാളിത്തം തിരിച്ചറിഞ്ഞ്, ഊർജ്ജ സുരക്ഷയിൽ ഇന്ത്യ-ജപ്പാൻ സഹകരണം ആഴത്തിലാക്കേണ്ടതിന്റെ അടിയന്തിര പ്രാധാന്യം ഇരു പ്രധാനമന്ത്രിമാരും അടിവരയിട്ടു. ഹോർമുസ് കടലിടുക്ക് വഴിയുൾപ്പെടെയുള്ള തടസ്സമില്ലാത്ത സമുദ്ര സ്വാതന്ത്ര്യവും സുഗമമായ ആഗോള വാണിജ്യവും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം അവർ ആവർത്തിക്കുകയും വാണിജ്യ കപ്പലുകളുടെ സഞ്ചാരത്തെ തടസ്സപ്പെടുത്തുന്ന നിയന്ത്രണങ്ങളിൽ എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. ഊർജ്ജ മൂല്യ ശൃംഖലയിലുടനീളം  സഹകരണം വിപുലീകരിക്കുന്നതിനുള്ള സാധ്യതകളെ അവർ സ്വാഗതം ചെയ്തു. ഊർജ്ജ വിതരണ ശൃംഖലകളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ആഗോള ഊർജ്ജ വിപണിയിൽ സ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനുമായി ഉഭയകക്ഷിതലത്തിലും ബഹുതല വേദികളിലൂടെയും ഒരുമിച്ച് പ്രവർത്തിക്കാനുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധത അവർ ആവർത്തിച്ചു റപ്പിച്ചു.

സമുദ്രത്തിലൂടെയുള്ള ഊർജ്ജ ഗതാഗത മൂല്യ ശൃംഖലയിലുടനീളം സംയുക്ത നിക്ഷേപങ്ങൾ ഉൾപ്പെടെയുള്ള സഹകരണ സാധ്യതകൾ ആരായുന്നതിന് ഇരു പ്രധാനമന്ത്രിമാരും ധാരണയിലെത്തി. ജപ്പാന്റെ 'പാർട്ണർഷിപ്പ് ഓൺ വൈഡ് എനർജി ആൻഡ് റിസോഴ്‌സസ് റെസിലിയൻസ്' (POWERR Asia), ദക്ഷിണേഷ്യയിലെ ഊർജ്ജ സുരക്ഷയ്ക്കുള്ള ഇന്ത്യയുടെ പിന്തുണ, ഇന്തോ-പസഫിക് ഊർജ്ജ സുരക്ഷയെക്കുറിച്ചുള്ള ക്വാഡ് സംരംഭം എന്നിവ പോലുള്ള ഊർജ്ജ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനുള്ള പ്രാദേശിക സംരംഭങ്ങളുടെ പ്രാധാന്യം അവർ എടുത്തുപറഞ്ഞു. ഊർജ്ജ പ്രതിരോധശേഷിയെക്കുറിച്ചുള്ള സംയുക്ത പ്രസ്താവന അംഗീകരിച്ചതിനെ അവർ സ്വാഗതം ചെയ്തു. തന്ത്രപരമായ പെട്രോളിയം കരുതൽ ശേഖരത്തെക്കുറിച്ചുള്ള സഹകരണം ശക്തമാക്കുന്നതിനും മികച്ച രീതികൾ പങ്കുവെക്കുന്നതിനും തന്ത്രപരമായ സംഭരണ വ്യവസ്ഥയെക്കുറിച്ചുള്ള സാങ്കേതിക സഹകരണത്തിനും അവർ സമ്മതിച്ചു. ഈ പശ്ചാത്തലത്തിൽ, ഇന്റർനാഷണൽ എനർജി ഏജൻസിയിൽ (IEA) ഇന്ത്യയ്ക്ക് അംഗത്വം ലഭിക്കുന്നതിനുള്ള പിന്തുണ പ്രധാനമന്ത്രി താകൈച്ചി സ്ഥിരീകരിച്ചു.

ഹരിത ഊർജ്ജ മേഖലയിലെ  തങ്ങളുടെ പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകാൻ ഇരു പ്രധാനമന്ത്രിമാരും സമ്മതിക്കുകയും, ഇന്ത്യയിലുടനീളം 1,000 ബയോഗ്യാസ് പ്ലാന്റുകളും ജൈവവള പ്ലാന്റുകളും സ്ഥാപിക്കുക എന്ന ഇന്ത്യയുടെ ലക്ഷ്യത്തിന്റെ വെളിച്ചത്തിൽ ബയോഗ്യാസ് ഉത്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള ഇന്ത്യ-ജപ്പാൻ സഹകരണത്തിന്റെ പുതിയ പദ്ധതിയായി 'ഇന്ത്യ-ജപ്പാൻ കോഓപ്പറേറ്റീവ് ബയോഗ്യാസ് ഫോർ ഗ്രോത്ത് ഇനിഷ്യേറ്റീവ്' (CBG Initiative) ആരംഭിച്ചതിനെ അഭിനന്ദിക്കുകയും ചെയ്തു. ജപ്പാന്റെ സാമ്പത്തിക, വ്യാപാര, വ്യവസായ മന്ത്രാലയവും ഇന്ത്യയുടെ സഹകരണ മന്ത്രാലയവും മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പും തമ്മിൽ സഹകരണത്തിനുള്ള ധാരണാപത്രം (MoC) ഒപ്പുവെച്ചതിനെ അവർ സ്വാഗതം ചെയ്തു. കാർബൺ വിമുക്തമാക്കുന്നതിന് മാത്രമല്ല, ഊർജ്ജ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഹൈഡ്രജന്റെയും അമോണിയയുടെയും പ്രാധാന്യം അവർ തിരിച്ചറിഞ്ഞു. ഇരു ഗവൺമെൻറുകളുടേയും തുടർച്ചയായ പിന്തുണയോടെ ഒഡീഷയിലെ ചരിത്രപരമായ ശുദ്ധ അമോണിയ പദ്ധതി പ്രോത്സാഹിപ്പിക്കുമെന്ന് അവർ ആവർത്തിച്ചു. ക്ലീൻ അമോണിയ, ഗ്രീൻ ഹൈഡ്രജൻ, സോളാർ പിവി സാങ്കേതികവിദ്യകൾ, ആണവോർജ്ജം തുടങ്ങിയ മേഖലകളിൽ ഹരിത ഊർജ്ജ പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ പ്രാധാന്യവും അവർ അംഗീകരിച്ചു.

നിർമ്മിതബുദ്ധി ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകളിലെ നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് സഹകരണത്തിന്റെ അടിത്തറ കൂടുതൽ വിപുലീകരിക്കുന്നതിന് നിർണ്ണായകമാണെന്ന കാഴ്ചപ്പാട് ഇരു പ്രധാനമന്ത്രിമാരും പങ്കുവെച്ചു. നിർമ്മിതബുദ്ധിയിൽ ദേശീയ ശേഷി വർദ്ധിപ്പിക്കേണ്ടതിന്റെയും വിശ്വസനീയവും പ്രതിരോധശേഷിയുള്ളതുമായ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളിലെ സഹകരണം ശക്തമാക്കേണ്ടതിന്റെയും ആവശ്യകതയിൽ അവർ യോജിപ്പ് പ്രകടമാക്കി. ഹിരോഷിമ നിർമ്മിതബുദ്ധി പ്രക്രിയയുടെയും  (Hiroshima AI Process) നിർമ്മിതബുദ്ധിയുടെ സ്വാധീനത്തെക്കുറിച്ചുള്ള ന്യൂഡൽഹി പ്രഖ്യാപനത്തിന്റെയും അടിസ്ഥാനത്തിൽ അവസരങ്ങൾ പ്രയോജനപ്പെടുത്തുകയും അനുബന്ധ അപകടസാധ്യതകൾ ഉചിതമായി ലഘൂകരിക്കുകയും ചെയ്യുമ്പോൾ തന്നെ, ഹാർഡ് ഇൻഫ്രാസ്ട്രക്ചർ മേഖല ഉൾപ്പെടെയുള്ളവയിൽ നിർമ്മിതബുദ്ധിയുടെ സുസ്ഥിരവും സമഗ്രവുമായ വികസനത്തിനായി നിർമ്മിതബുദ്ധി  നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതിന്റെയും പ്രതിരോധശേഷിയുള്ളതും ചടുലവും വൈവിധ്യപൂർണ്ണവും വിശ്വസനീയവുമായ നിർമ്മിതബുദ്ധി വിതരണ ശൃംഖല ഉറപ്പാക്കേണ്ടതിന്റെയും ആവശ്യകത അവർ സ്ഥിരീകരിച്ചു. ഈ പശ്ചാത്തലത്തിൽ, പ്രഥമ ഇന്ത്യ-ജപ്പാൻ നിർമ്മിതബുദ്ധി തന്ത്രപരമായ ചർച്ച (India-Japan AI Strategic Dialogue) സംഘടിപ്പിച്ചതിനെ അവർ സ്വാഗതം ചെയ്യുകയും ഇന്ത്യ-ജപ്പാൻ നിർമ്മിതബുദ്ധി സഹകരണ സംരംഭത്തിന് കീഴിൽ കൈവരിച്ച പുരോഗതിയുടെ അടിസ്ഥാനത്തിൽ നിർമ്മിതബുദ്ധി സഹകരണത്തെക്കുറിച്ചുള്ള സംയുക്ത പ്രസ്താവന അംഗീകരിക്കുകയും ചെയ്തു.

ജപ്പാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള സ്വകാര്യ നിക്ഷേപം വർദ്ധിക്കുന്നതിനെ ഇരു പ്രധാനമന്ത്രിമാരും സ്വാഗതം ചെയ്യുകയും 'വികസിത് ഭാരത്' എന്ന ഇന്ത്യയുടെ ദേശീയ ലക്ഷ്യത്തിന് അത് നൽകുന്ന സംഭാവനയെ അംഗീകരിക്കുകയും ചെയ്തു. കഴിഞ്ഞ വാർഷിക ഉച്ചകോടിയിൽ നിശ്ചയിച്ച 10 ട്രില്യൺ യെൻ എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ഉണ്ടായ പുരോഗതിയെ അവർ അഭിനന്ദിച്ചു. ഇന്ത്യ-ജപ്പാൻ ഇൻഡസ്ട്രിയൽ കോംപറ്റിറ്റീവ്‌നെസ് പാർട്ണർഷിപ്പിന് (IJICP) കീഴിലുള്ള ഫാസ്റ്റ് ട്രാക്ക് സംവിധാനം ഉപയോഗിച്ച് നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിക്കാൻ അവർ സമ്മതിച്ചു. ഇരുരാജ്യങ്ങളും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ (CEPA) ഒപ്പുവെച്ചിട്ട് 15 വർഷത്തിലേറെയായെന്ന് ചൂണ്ടിക്കാണിച്ചും ഉഭയകക്ഷി വ്യാപാരം വർദ്ധിപ്പിക്കേണ്ടതിന്റെയും വൈവിധ്യവത്കരിക്കേണ്ടതിന്റെയും ആവശ്യകത തിരിച്ചറിഞ്ഞും, CEPA കൂടുതൽ പുരോഗമനപരമാക്കുന്നതിനായി അതിന്റെ നിർവ്വഹണം അവലോകനം ചെയ്യുന്നതും പൂർണ്ണവും ഫലപ്രദവുമായ ഉപയോഗം ഉറപ്പാക്കുന്നതും വേഗത്തിലാക്കാൻ അവർ സമ്മതിച്ചു. ബാധകമായ നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി ഇന്ത്യയുടെ ബാങ്കിംഗ്, ബാങ്കിംഗ് ഇതര ധനകാര്യ മേഖലകളിൽ സാന്നിധ്യം ശക്തമാക്കുന്നതിന് പ്രമുഖ ജാപ്പനീസ് ധനകാര്യ സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും നൽകുന്ന സഹായങ്ങളെ ജപ്പാൻ അംഗീകരിച്ചു. IJICP-ക്ക് കീഴിൽ ലോജിസ്റ്റിക്സ്, ടെക്സ്റ്റൈൽസ്, ഭക്ഷ്യ സംസ്കരണം, കൃഷി, ഓട്ടോമോട്ടീവുകൾ, വ്യവസായ മൂലധന ഉൽപ്പന്നങ്ങൾ എന്നിവയിലെ സഹകരണം ശക്തമാക്കുന്നതിനുള്ള ഉഭയകക്ഷി ശ്രമങ്ങളെ അവർ പിന്തുണച്ചു. പ്രാദേശിക കറൻസി ഇടപാടുകൾ ഉൾപ്പെടെ ഇന്ത്യയും ജപ്പാനും തമ്മിലുള്ള ഉഭയകക്ഷി സാമ്പത്തിക സഹകരണവും പേയ്‌മെന്റ് സംവിധാനങ്ങളിലെ സഹകരണവും വർദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം അവർ വീണ്ടും ഉറപ്പിച്ചു. ഫാർമ വിതരണ ശൃംഖല ഉൾപ്പെടെയുള്ള ആരോഗ്യ സംരക്ഷണ മേഖലയിലെ സഹകരണം ശക്തമാക്കേണ്ടതിന്റെ പ്രാധാന്യവും അവർ തിരിച്ചറിഞ്ഞു.

ഇന്ത്യ-ജപ്പാൻ എസ്.എം.ഇ (SME) ഫോറത്തിന്റെ ആരംഭത്തേയും ജപ്പാനിൽ നിന്നുള്ള എയറോനോട്ടിക്കൽ മേഖലയിലെ  എസ്.എം.ഇ പ്രതിനിധി സംഘത്തിന്റെ ഇന്ത്യ സന്ദർശനത്തെയും ഇരു പ്രധാനമന്ത്രിമാരും സ്വാഗതം ചെയ്തു. ബിസിനസ്സ് അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും ജാപ്പനീസ്, ഇന്ത്യൻ ബിസിനസ്സുകൾക്ക്, പ്രത്യേകിച്ച് എസ്.എം.ഇകൾക്കും സ്റ്റാർട്ടപ്പുകൾക്കും ശൃംഖല വിപുലീകരിക്കുന്നതിനുമുള്ള വിവിധ ശ്രമങ്ങളുടെ സുസ്ഥിരമായ പുരോഗതിയെ അവർ സ്വാഗതം ചെയ്തു. ജപ്പാൻ-ഇന്ത്യ സ്റ്റാർട്ടപ്പ് സപ്പോർട്ട് ഇനിഷ്യേറ്റീവിന്റെ (JISSI) അടിസ്ഥാനത്തിൽ, വിവിധ സർവ്വകലാശാലകളുമായി സഹകരിച്ച് ഇന്ത്യൻ വിപണിയിൽ ജാപ്പനീസ് എസ്.എം.ഇകളുടെയും സ്റ്റാർട്ടപ്പുകളുടെയും പങ്കാളിത്തം കൂടുതൽ പ്രോത്സാഹിപ്പിക്കാനുള്ള സന്നദ്ധത അവർ പ്രകടിപ്പിച്ചു. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (MSMEs) കൂടുതൽ പങ്കാളിത്തത്തിന്റെയും ജാപ്പനീസ് സംരംഭങ്ങളും ഇന്ത്യയിലെ ടയർ-II, ടയർ-III സപ്ലയർ ആവാസവ്യവസ്ഥയും തമ്മിലുള്ള ബന്ധത്തിന്റെയും പ്രാധാന്യം അവർ അടിവരയിട്ടു. ഈ പശ്ചാത്തലത്തിൽ, കൂടുതൽ നിക്ഷേപ പ്രവാഹങ്ങൾ, വ്യവസായ സഹകരണങ്ങൾ, സാങ്കേതിക പങ്കാളിത്തങ്ങൾ എന്നിവ സുഗമമാക്കുന്നതിനുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധത അവർ ആവർത്തിച്ചു.

ഇന്ത്യയുടെ സാമൂഹിക-സാമ്പത്തിക വികസനത്തിന് ജപ്പാന്റെ വികസന സഹകരണ പിന്തുണ നൽകുന്ന ഗണ്യമായ സംഭാവനയിൽ ഇരു പ്രധാനമന്ത്രിമാരും സംതൃപ്തി രേഖപ്പെടുത്തി. മുംബൈ മെട്രോ (ലൈൻ 11), ബെംഗളൂരു മെട്രോ (ഫേസ് 3), മഹാരാഷ്ട്രയിലെ ആരോഗ്യ പരിപാലനവും വിദ്യാഭ്യാസ സമ്പ്രദായവും, പഞ്ചാബിലെ സുസ്ഥിര ഹോർട്ടികൾച്ചർ എന്നീ നാല് പദ്ധതികളുടെ സമീപകാല പുരോഗതിയെ അവർ സ്വാഗതം ചെയ്തു; ഇവ കണക്റ്റിവിറ്റി ശക്തമാക്കുന്നതിനും ഹരിതവും സുസ്ഥിരവുമായ സാമൂഹിക-സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനും സംഭാവന ചെയ്യും. സാമ്പത്തിക വളർച്ച സംയുക്തമായി സൃഷ്ടിക്കുന്നതിന് സംഭാവന നൽകുന്ന രീതിയിൽ വികസന സഹകരണം പ്രോത്സാഹിപ്പിക്കാനുള്ള താല്പര്യം അവർ പങ്കുവെച്ചു.

ഇന്ത്യയും ജപ്പാനും തമ്മിലുള്ള ഒരു മുൻനിര പദ്ധതിയായി മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിലിന്റെ പ്രാധാന്യം ഇരു പ്രധാനമന്ത്രിമാരും ആവർത്തിച്ചുറപ്പിച്ചു. 2027-ൽ മുൻഗണനാ വിഭാഗങ്ങളിൽ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള ഇന്ത്യയുടെ ലക്ഷ്യം ജപ്പാൻ പൂർണ്ണമായി മനസ്സിലാക്കുന്നുവെന്നും ആവശ്യമായ സഹകരണം നൽകാൻ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി താകൈച്ചി പറഞ്ഞു. E10 ട്രെയിനുകൾ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തെ അവർ അംഗീകരിച്ചു. 7,000 കിലോമീറ്റർ ദേശീയ അതിവേഗ റെയിൽ ശൃംഖല എന്ന ഇന്ത്യയുടെ കാഴ്ചപ്പാട് കൈവരിക്കുന്നതിനായി ഭാവിയിലെ അതിവേഗ ഇടനാഴികളിൽ സഹകരിക്കാനുള്ള സാധ്യതകൾ ആരായുന്നതിനും അവർ സന്നദ്ധത പ്രകടിപ്പിച്ചു. ഭാവി ഇടനാഴികളുടെ വികസനത്തിൽ പങ്കാളികളാകാനുള്ള സാധ്യതകൾ പരിശോധിക്കാൻ പ്രധാനമന്ത്രി മോദി ജാപ്പനീസ് കമ്പനികളെ ക്ഷണിക്കുകയും ഇത്തരം ഇടപെടലുകൾ സുഗമമാക്കുന്നതിനുള്ള സന്നദ്ധത അറിയിക്കുകയും, ജപ്പാൻ അത് സ്വാഗതം ചെയ്യുകയും ചെയ്തു. ജപ്പാന്റെ അത്യാധുനിക മൊബിലിറ്റി സാങ്കേതികവിദ്യകളെ ഇന്ത്യയിലെ മികച്ച മനുഷ്യവിഭവശേഷിയുമായും വിപണി സാധ്യതകളുമായും സംയോജിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, അതിവേഗ റെയിൽ, സമഗ്ര മൊബിലിറ്റി എന്നിവയിൽ സ്വകാര്യ മേഖലയുടെ നേതൃത്വത്തിലുള്ള സഹകരണവും നിക്ഷേപവും വേഗത്തിലാക്കണമെന്ന കാഴ്ചപ്പാടും അവർ പങ്കുവെച്ചു. ഇതിനായി ഇരുപക്ഷവും തമ്മിലുള്ള 'അടുത്ത തലമുറ മൊബിലിറ്റി പാർട്ണർഷിപ്പ്' സഹകരണം സംബസിച്ച ധാരണാപത്രം (MoC) ഒപ്പുവെച്ചതിനെ അവർ സ്വാഗതം ചെയ്തു. മനുഷ്യവിഭവശേഷി സഹകരണം ഉൾപ്പെടെയുള്ള കപ്പൽ നിർമ്മാണ മേഖലയിലെ സഹകരണത്തിന്റെ പ്രാധാന്യവും അവർ അംഗീകരിച്ചു.

​ഇരുപ്രധാനമന്ത്രിമാരും അത്യാധുനിക ശാസ്ത്ര-സാങ്കേതിക മേഖലയിലെ സഹകരണവും കൈമാറ്റവും ഉഭയകക്ഷിബന്ധത്തിന്റെ പ്രധാന സ്തംഭമാണെന്നു വ്യക്തമാക്കി. ഈ സാഹചര്യത്തിൽ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിൽ നിലവിലുള്ള സംയുക്ത ഗവേഷണ സഹകരണങ്ങൾ, ഇരുരാജ്യങ്ങളിലെയും ശാസ്ത്രജ്ഞരുടെയും ഗവേഷകരുടെയും പരസ്പര സന്ദർശനങ്ങൾ, ജാപ്പനീസ് കമ്പനികളിലെ ഇന്റേൺഷിപ്പ് അവസരങ്ങളിലൂടെയുള്ള വ്യവസായ-വിദ്യാഭ്യാസ സഹകരണങ്ങൾ എന്നിവയിൽ അവർ സംതൃപ്തി രേഖപ്പെടുത്തി. LOTUS പ്രോഗ്രാമിനു കീഴിൽ തെരഞ്ഞെടുക്കപ്പെടുന്ന ഇന്ത്യൻ പ്രതിഭകളുടെ വർധനയും ജപ്പാൻ ശാസ്ത്ര-സാങ്കേതികവിദ്യ ഏജൻസിയുടെ സകുര ശാസ്ത്ര വിനിമയ പരിപാടിയും ശാസ്ത്ര-സാങ്കേതികവിദ്യ മന്ത്രാലയത്തിന്റെ (DST) മുൻകൈയിൽ ക്ഷണിക്കപ്പെട്ട ജാപ്പനീസ് ഹൈസ്കൂൾ വിദ്യാർഥികളുടെ പങ്കാളിത്തവും അവർ ചൂണ്ടിക്കാട്ടി. DST-യുടെ ഇൻഡോ-ജപ്പാൻ സഹകരണ ശാസ്ത്ര പരിപാടി (IJCSP), ശാസ്ത്ര പ്രോത്സാഹനത്തിനായുള്ള ജപ്പാൻ സൊസൈറ്റി (JSPS), MEXT സ്കോളർഷിപ്പ്, അന്തർ സർവകലാശാല വിനിമയ പദ്ധതി തുടങ്ങിയ പരിപാടികളിലൂടെ വിദ്യാർഥികളുടെയും സർവകലാശാലകളുടെയും കൈമാറ്റം കൂടുതൽ മുന്നോട്ടു കൊണ്ടുപോകേണ്ടതിന്റെ പ്രാധാന്യവും അവർ വ്യക്തമാക്കി. ഭാരതീയ ബഹിരാകാശ ഗവേഷണ സംഘടനയും ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസിയും തമ്മിലുള്ള ലൂണാർ പോളാർ എക്‌സ്‌പ്ലോറേഷൻ (LUPEX) ദൗത്യത്തിൽ കൈവരിച്ചുകൊണ്ടിരിക്കുന്ന പുരോഗതിയിൽ അവർ സംതൃപ്തി രേഖപ്പെടുത്തി. ഇന്ത്യയുടെ DST-യും ജപ്പാനിലെ കാബിനറ്റ് ഓഫീസും തമ്മിൽ ക്വാണ്ടം സാങ്കേതികവിദ്യയിൽ അടുത്തിടെ താൽപ്പര്യപത്രം ഒപ്പുവച്ചതിനെ അവർ സ്വാഗതംചെയ്തു.
ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിഭകളുടെ കൈമാറ്റം ഇരുപക്ഷത്തെയും വെല്ലുവിളികളെ പരിഹരിക്കുന്ന പരസ്പരപൂരകമായ ബന്ധമാണു രൂപപ്പെടുത്തുന്നത് എന്ന് ഓർമിപ്പിച്ച്, ജനങ്ങൾ തമ്മിലുള്ള സമ്പർക്കം കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത ഇരുപ്രധാനമന്ത്രിമാരും ആവർത്തിച്ചു. നിഹംഗോ പാർട്ണേഴ്സ് പ്രോഗ്രാം ഉൾപ്പെടെയുള്ളവയിലൂടെ ഇതുവരെ കൈവരിച്ച പുരോഗതിയെ അഭിനന്ദിച്ച്, ഇന്ത്യയിൽ ജാപ്പനീസ് ഭാഷാ വിദ്യാഭ്യാസം കൂടുതൽ പ്രോത്സാഹിപ്പിക്കുമെന്ന് അവർ വ്യക്തമാക്കി. 2025-ൽ ഇരുരാജ്യങ്ങൾക്കുമിടയിൽ സന്ദർശനം നടത്തിയ വ്യക്തികളുടെ എണ്ണം 5.4 ലക്ഷം കടന്നതിനെ അവർ സ്വാഗതംചെയ്യുകയും ഇരുപക്ഷത്തുനിന്നുമുള്ള വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത ആവർത്തിക്കുകയും ചെയ്തു. സ്ഥാപനങ്ങളും ജനങ്ങളും തമ്മിലുള്ള ബന്ധം ആഴത്തിലാക്കുക എന്ന ലക്ഷ്യത്തോടെ ഇരുരാജ്യങ്ങളും തമ്മിൽ നിലവിലുള്ള ബൗദ്ധിക-സാംസ്കാരിക കൈമാറ്റങ്ങളെ അവർ അഭിനന്ദിച്ചു. പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ അനിമേഷൻ, മാംഗ, ഗെയിമിങ്, ചലച്ചിത്രങ്ങൾ തുടങ്ങിയ സർഗാത്മക വ്യവസായങ്ങൾ വഹിക്കുന്ന സുപ്രധാന പങ്കിനെ അവർ എടുത്തുപറഞ്ഞു. വിനോദസഞ്ചാരികൾ ഉൾപ്പെടെ, ജനങ്ങൾ തമ്മിലുള്ള വർധിച്ചുവരുന്ന സമ്പർക്കം തിരിച്ചറിഞ്ഞ്, ബന്ധപ്പെട്ട അധികൃതർ തമ്മിൽ കോൺസുലാർ കാര്യങ്ങളിൽ ചർച്ചകൾ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും അവർ സ്ഥിരീകരിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക-ജനകീയ ബന്ധങ്ങൾ ആഴത്തിലാക്കുന്നതിൽ ഇന്ത്യൻ സംസ്ഥാനങ്ങളും ജാപ്പനീസ് പ്രവിശ്യകളും നഗരസഭകളും വഹിക്കുന്ന സുപ്രധാന പങ്കിനെ ഇരുപ്രധാനമന്ത്രിമാരും അംഗീകരിച്ചു. സൗഹൃദത്തിനും കൈമാറ്റത്തിനുമായുള്ള ഇന്ത്യ-ജപ്പാൻ ഗവർണർമാരുടെ ശൃംഖലയുടെ രൂപീകരണവും യാമനാഷി പ്രവിശ്യ-ഉത്തർപ്രദേശ്, തൊയാമ പ്രവിശ്യ-ആന്ധ്രാപ്രദേശ്, ഷിസുവോക്ക പ്രവിശ്യ-ഗുജറാത്ത്, ഹമാമത്സു നഗരം-അഹമ്മദാബാദ്, വകയാമ പ്രവിശ്യ-മഹാരാഷ്ട്ര, സാൻഇൻ മേഖല-കേരളം, എഹിമേ പ്രവിശ്യ-തമിഴ്‌നാട്, ഫുകുവോക്ക പ്രവിശ്യ-ഡൽഹി, കിറ്റാക്യുഷു നഗരം-തെലങ്കാന എന്നിവ തമ്മിൽ അടുത്തിടെയുണ്ടായ ഉന്നതതല സഹകരണങ്ങളും ഉൾപ്പെടെ പ്രാദേശിക തലത്തിൽ നിത്യേനയെന്നോണം വർധിച്ചുവരുന്ന കൈമാറ്റങ്ങളെ അവർ സ്വാഗതംചെയ്തു.
​പ്രാദേശിക-ആഗോള വിഷയങ്ങൾ
പരിഷ്കരിച്ച FOIP, ആക്ട് ഈസ്റ്റ് നയം എന്നിവയുടെ വെളിച്ചത്തിൽ, കരുത്തുറ്റതും സമൃദ്ധവുമായ ഇന്തോ-പസഫിക് യാഥാർത്ഥ്യമാക്കുന്നതിൽ ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയുടെ തന്ത്രപ്രധാനമായ പ്രാധാന്യം ഇരുപ്രധാനമന്ത്രിമാരും എടുത്തുകാട്ടി. വടക്കുകിഴക്കൻ മേഖലയിലെ റോഡ് ശൃംഖലകൾ, പാലങ്ങൾ, ആരോഗ്യമേഖലയിലെ സാമൂഹ്യ അടിസ്ഥാനസൗകര്യങ്ങൾ, വനപരിപാലനം, ദുരന്തസാധ്യത ലഘൂകരണം തുടങ്ങിയ മേഖലകളിൽ ഭൗതികവും സാങ്കേതികവുമായ സമ്പർക്കസൗകര്യവും ജനങ്ങൾ തമ്മിലുള്ള സമ്പർക്കവും വർധിപ്പിക്കുന്നതിന് ജപ്പാൻ നൽകുന്ന കരുത്തുറ്റ പിന്തുണയെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു. സെമികണ്ടക്ടർ, ജൈവ ഇന്ധന മേഖലകളിലും നൈപുണ്യവികസനം, ജാപ്പനീസ് ഭാഷാ പരിശീലനം, മനുഷ്യവിഭവശേഷി കൈമാറ്റം എന്നിവയിലും ജാപ്പനീസ്-ഇന്ത്യൻ സംരംഭങ്ങൾ നടത്തുന്ന സജീവമായ സാമ്പത്തിക പ്രവർത്തനങ്ങളെ അവർ സ്വാഗതംചെയ്തു. BIMSTEC ഉൾപ്പെടെ, ബന്ധപ്പെട്ട പങ്കാളികളുമായും പ്രാദേശിക സംഘടനകളുമായുമുള്ള അടുത്ത സഹകരണത്തോടെ, വടക്കുകിഴക്കൻ മേഖലയെ ബംഗാൾ ഉൾക്കടൽ പ്രദേശവുമായി ബന്ധിപ്പിക്കുന്ന വ്യവസായ മൂല്യശൃംഖലകൾ വികസിപ്പിക്കുന്നതിനുള്ള കൂട്ടായ പ്രതിജ്ഞാബദ്ധത അവർ ആവർത്തിച്ചു. 2026 ഫെബ്രുവരിയിൽ മേഘാലയയിലെ ഷില്ലോങ്ങിൽ ആറാമത് ഇന്ത്യ ജപ്പാൻ ഇന്റലക്ച്വൽ കോൺക്ലേവ് വിജയകരമായി സംഘടിപ്പിച്ചതിനെ അവർ പ്രശംസിച്ചു. ആക്ട് ഈസ്റ്റ് ഫോറത്തിന്റെ (AEF) അടുത്ത ഘട്ടം എത്രയും വേഗം നടത്തേണ്ടതിന്റെ പ്രാധാന്യം അവർ ഉയർത്തിക്കാട്ടി.
കരുത്തുറ്റതും സമൃദ്ധവുമായ ഇന്തോ-പസഫിക് എന്ന കൂട്ടായ ലക്ഷ്യത്തിലേക്ക്, സമാന ചിന്താഗതിയുള്ള രാജ്യങ്ങൾ തമ്മിലുള്ള സഹകരണം മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള പ്രതിജ്ഞാബദ്ധത ഇരുപ്രധാനമന്ത്രിമാരും ആവർത്തിച്ചു. ‘ക്വാഡ്’ ചട്ടക്കൂടിനു കീഴിലുള്ള സുസ്ഥിരമായ പുരോഗതിയെ അവർ സ്വാഗതം ചെയ്യുകയും പ്രായോഗിക സഹകരണം വർധിപ്പിക്കുന്നതിനുള്ള കൂട്ടായ പ്രതിജ്ഞാബദ്ധത ആവർത്തിക്കുകയും ചെയ്തു. സമുദ്രസുരക്ഷ, അതിർത്തികടന്നുള്ള സുരക്ഷ; നിർണായക ധാതുക്കൾ ഉൾപ്പെടെയുള്ള സാമ്പത്തിക സമൃദ്ധിയും സുരക്ഷയും; നിർണായകവും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകൾ; മാനുഷിക സഹായവും അടിയന്തര പ്രതികരണവും എന്നീ നാല് പ്രധാന സ്തംഭങ്ങളിലുടനീളം ക്വാഡ് സഹകരണത്തിന്റെ പ്രാധാന്യത്തിന് അവർ അടിവരയിട്ടു. ഈ മേഖലകളിൽ വർധിച്ചുവരുന്ന ഉഭയകക്ഷിസഹകരണം ക്വാഡിന്റെ ശ്രമങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുകയും പൂരകമാക്കുകയും ചെയ്യുമെന്ന് അവർ ചൂണ്ടിക്കാട്ടി. ക്വാഡ് നേതാക്കളുടെ അടുത്ത ഉച്ചകോടി എത്രയും വേഗം വിളിച്ചുകൂട്ടുന്നതിനായി സഹകരിക്കുമെന്ന പ്രതിജ്ഞാബദ്ധത അവർ ആവർത്തിച്ചു. പ്രാദേശികമായ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും സമാധാനവും സുസ്ഥിരതയും സമൃദ്ധിയും പ്രോത്സാഹിപ്പിക്കുന്നതിനും ആസിയാൻ (ASEAN) അംഗരാജ്യങ്ങളുമായുള്ള സഹകരണത്തിന്റെ പ്രാധാന്യവും അവർ എടുത്തുപറഞ്ഞു. ഈ സാഹചര്യത്തിൽ, ഫിലിപ്പീൻസുമായി ചേർന്ന് പ്രഥമ ത്രികക്ഷി 1.5 ട്രാക്ക് നയരൂപീകരണ ചർച്ച നടത്തുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുന്നതിന് കൂട്ടായി പ്രവർത്തിക്കാൻ അവർ തീരുമാനിച്ചു. ആസിയാന്റെ കേന്ദ്രസ്ഥാനത്തിനും ഐക്യത്തിനുമുള്ള കരുത്തുറ്റ പിന്തുണയും “ഇന്തോ-പസഫിക്കിനെക്കുറിച്ചുള്ള ആസിയാൻ വീക്ഷണത്തിനുള്ള (AOIP)” അചഞ്ചലമായ പിന്തുണയും അവർ ആവർത്തിച്ചു. കൂടാതെ, ലോക ബാങ്ക് ഗ്രൂപ്പിന്റെ ‘സുദൃഢവും ഏവരയെും ഉൾക്കൊള്ളുന്നതുമായ വിതരണ ശൃംഖല മെച്ചപ്പെടുത്തൽ’ (RISE) പങ്കാളിത്തം, ഏഷ്യൻ വികസന ബാങ്കിന്റെ (ADB) ‘നിർണായക ധാതുക്കളിൽനിന്ന് ഉൽപ്പാദനത്തിലേക്കുള്ള ധനസഹായ പങ്കാളിത്ത സൗകര്യം’ (CMM-FPF) തുടങ്ങിയ ബഹുമുഖ വികസന ബാങ്കുകൾ (MDB) വഴി, സമാന ചിന്താഗതിയുള്ള രാജ്യങ്ങൾക്കിടയിൽ നിർണായക ധാതു വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തുന്നതിലെ സഹകരണത്തിന്റെ പ്രാധാന്യവും അവർ വ്യക്തമാക്കി.
കിഴക്കൻ ചൈനാക്കടലിലെയും തെക്കൻ ചൈനാക്കടലിലെയും സാഹചര്യങ്ങളിൽ ഇരുപ്രധാനമന്ത്രിമാരും കടുത്ത ആശങ്ക രേഖപ്പെടുത്തി. നാവിക-വ്യോമയാന സ്വാതന്ത്ര്യത്തിനും സുരക്ഷയ്ക്കും ഭീഷണിയുയർത്തുന്ന ഏകപക്ഷീയമായ നടപടികളോടും, ബലപ്രയോഗത്തിലൂടെയോ സമ്മർദത്തിലൂടെയോ നിലവിലുള്ള സ്ഥിതിവിശേഷം മാറ്റാനുള്ള ശ്രമങ്ങളോടുമുള്ള ശക്തമായ എതിർപ്പ് അവർ ആവർത്തിച്ചു. തർക്കപ്രദേശങ്ങളിലെ വർധിച്ചുവരുന്ന സൈനികവൽക്കരണത്തിൽ അവർ കടുത്ത ആശങ്ക പങ്കുവച്ചു. സമുദ്ര തർക്കങ്ങൾ UNCLOS ഉൾക്കൊള്ളുന്ന അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായും സമാധാനപരമായും പരിഹരിക്കപ്പെടണമെന്ന് അവർ ആവർത്തിച്ചു.
​ഉത്തരകൊറിയയുടെ ആണവ-മിസൈൽ പദ്ധതികളിൽ ഇരുപ്രധാനമന്ത്രിമാരും കടുത്ത ആശങ്ക പങ്കുവച്ചു. ബന്ധപ്പെട്ട ഐക്യരാഷ്ട്ര സുരക്ഷാ സമിതി (UNSC) പ്രമേയങ്ങൾക്ക് അനുസൃതമായി ഉത്തരകൊറിയയെ പൂർണമായി ആണവവിമുക്തമാക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത അവർ ആവർത്തിച്ചു. ഉത്തരകൊറിയയിലേക്കും അവിടെനിന്നു മറ്റു പ്രദേശങ്ങളിലേക്കും ആണവ-മിസൈൽ സാങ്കേതികവിദ്യകൾ വ്യാപിക്കുന്നതിനെക്കുറിച്ചുള്ള തുടർച്ചയായ ആശങ്കകൾ പരിഹരിക്കേണ്ടതിന്റെ പ്രാധാന്യത്തിന് അവർ ഊന്നൽ നൽകി. ഉത്തരകൊറിയയിലേക്കുള്ള എല്ലാത്തരം ആയുധങ്ങളുടെയും അനുബന്ധ സാമഗ്രികളുടെയും കൈമാറ്റവും അവിടെനിന്നുള്ള സംഭരണവും നിരോധിക്കുന്നത് ഉൾപ്പെടെയുള്ള ഉപരോധങ്ങൾ നടപ്പാക്കാൻ യുഎൻ സുരക്ഷാസമിതി പ്രമേയങ്ങൾക്ക് കീഴിലുള്ള അന്താരാഷ്ട്ര ബാധ്യതകൾ പാലിക്കണമെന്ന് അവർ എല്ലാ യുഎൻ അംഗരാജ്യങ്ങളോടും ആവശ്യപ്പെട്ടു. തട്ടിക്കൊണ്ടുപോകൽ പ്രശ്നത്തിന് ഉടൻ പരിഹാരം കാണേണ്ടതിന്റെ ആവശ്യകത അവർ ആവർത്തിച്ചു സ്ഥിരീകരിച്ചു.
മ്യാൻമറിലെ സ്ഥിതിഗതികളും അതിന്റെ പ്രാദേശിക പ്രതിഫലനങ്ങളും സംബന്ധിച്ച് ഇരുപ്രധാനമന്ത്രിമാരും ആശങ്ക പ്രകടിപ്പിച്ചു. ഉടൻ സംഘർഷം അവസാനിപ്പിക്കണമെന്നും അവർ വീണ്ടും ആവശ്യപ്പെട്ടു. മ്യാൻമറിലെ എല്ലാ വിഭാഗങ്ങളും ഉൾപ്പെടുന്ന സംവാദം നടത്തണമെന്നും അവർ പറഞ്ഞു. മ്യാൻമറിലെ ജനങ്ങൾ നേതൃത്വം നൽകുന്ന സമാധാനപരവും ദീർഘകാലം നിലനിൽക്കുന്നതുമായ പരിഹാരം കണ്ടെത്താൻ ഈ സംവാദം സഹായിക്കണമെന്നും അവർ വ്യക്തമാക്കി.
പശ്ചിമേഷ്യയിൽ സുസ്ഥിരമായ സമാധാനവും സുസ്ഥിരതയും നിലനിർത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധത ഇരുപ്രധാനമന്ത്രിമാരും ആവർത്തിച്ചു. ഇറാനുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ചു സംസാരിക്കവെ, ഹോർമുസ് കടലിടുക്കിലൂടെയുള്ള സ്വതന്ത്രവും സുരക്ഷിതവുമായ നാവികഗതാഗതം ഉറപ്പാക്കേണ്ടതിന്റെയും, ഊർജത്തിനും മറ്റ് അവശ്യസാധനങ്ങൾക്കുമുള്ള വിതരണ ശൃംഖലകൾ സുസ്ഥിരമായി നിലനിർത്തേണ്ടതിന്റെയും, പ്രത്യേകിച്ച് UNCLOS ഉൾക്കൊള്ളുന്ന അന്താരാഷ്ട്ര നിയമങ്ങൾ ഉയർത്തിപ്പിടിക്കേണ്ടതിന്റെയും പ്രാധാന്യം അവർ ഉയർത്തിക്കാട്ടി. ഗാസ പുനർനിർമിക്കുന്നതിനുള്ള സമഗ്രമായ പദ്ധതി മുന്നോട്ടു കൊണ്ടുപോകേണ്ടതിന്റെയും ദ്വിരാഷ്ട്ര പരിഹാരം ഉറപ്പാക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത പാലിക്കേണ്ടതിന്റെയും അനിവാര്യത അവർ ചൂണ്ടിക്കാട്ടി. മേഖലയിൽ എത്രയും വേഗം സുസ്ഥിരത വീണ്ടെടുക്കുന്നതിനും ശാശ്വത സമാധാനം കൈവരിക്കുന്നതിനും തുടർച്ചയായ നയതന്ത്ര ശ്രമങ്ങൾ അത്യാവശ്യമാണെന്ന് അവർ ആവർത്തിച്ചു.
ഇന്ത്യ-ആഫ്രിക്ക ഫോറം ഉച്ചകോടി (IAFS) സംവിധാനത്തിലും ആഫ്രിക്കയുടെ വികസനത്തിനായുള്ള ജപ്പാന്റെ ടോക്കിയോ അന്താരാഷ്ട്ര സമ്മേളനത്തിലും (TICAD) അതുപോലെ ഇന്ത്യൻ മഹാസമുദ്രം-ആഫ്രിക്ക സാമ്പത്തിക മേഖല ഉദ്യമത്തിലും വിഭാവനം ചെയ്തതുപോലെ, ആഫ്രിക്കയിൽ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത ഇരുപ്രധാനമന്ത്രിമാരും ആവർത്തിച്ചു. ഈ ലക്ഷ്യത്തിലേക്ക്, ആഫ്രിക്കയിൽ ജപ്പാൻ-ഇന്ത്യ സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള തന്ത്രപരമായ കാഴ്ചപ്പാട‌ിനു രൂപം നൽകിയതും, വ്യാപാരത്തിനും നിക്ഷേപത്തിനുമായുള്ള ഹബ്ബ് സ്ഥാപിക്കുന്നതിന് ഇന്ത്യയിൽ വ്യവസായ കേന്ദ്രീകരണം നടത്തുന്നതും, ആഫ്രിക്കയിലെ സുസ്ഥിര സാമ്പത്തിക വികസനത്തിനായുള്ള ഇന്ത്യ-ജപ്പാൻ സഹകരണ ഉദ്യമം മുന്നോട്ടു കൊണ്ടുപോകുന്നതും അവർ ഉയർത്തിക്കാട്ടി. ഈ സംരംഭങ്ങളുടെ സമന്വയത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ കൃത്യമായ സഹകരണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത നേതാക്കൾ ആവർത്തിച്ചു.
UN ചാർട്ടർ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായി യുക്രൈനിൽ നീതിയുക്തവും ശാശ്വതവുമായ സമാധാനം ഉണ്ടാകുന്നതിനെ ഇരുപ്രധാനമന്ത്രിമാരും പിന്തുണച്ചു. നീതിയുക്തവും ശാശ്വതവുമായ സമാധാനം കൈവരിക്കുന്നതിനായി വിവിധ രാജ്യങ്ങൾ നടത്തിവരുന്ന നയതന്ത്ര ശ്രമങ്ങളെയും അവർ സ്വാഗതംചെയ്തു.
ബഹുമുഖ തലത്തിൽ, നിലവിലെ ഭൗമരാഷ്ട്രീയ യാഥാർത്ഥ്യങ്ങളെ കൂടുതൽ കൃത്യമായി പ്രതിഫലിപ്പിക്കുന്നതിനായി, ഭൂരിപക്ഷം അംഗരാജ്യങ്ങളും പിന്തുണയ്ക്കുന്ന സ്ഥിര-താൽക്കാലിക വിഭാഗങ്ങളുടെ വിപുലീകരണം ഉൾപ്പെടെയുള്ള UN സുരക്ഷാ സമിതിയുടെ (UNSC) അടിയന്തര പരിഷ്കരണത്തിനായി മറ്റ് G4 രാജ്യങ്ങളുമായി ചേർന്നു പ്രവർത്തിക്കുമെന്ന പ്രതിജ്ഞാബദ്ധത ഇരുപ്രധാനമന്ത്രിമാരും ആവർത്തിച്ചു. നിശ്ചിത സമയപരിധിക്കുള്ളിൽ കൃത്യമായ ഫലങ്ങൾ കൈവരിക്കുക എന്ന സമഗ്ര ലക്ഷ്യത്തോടെ, അന്തർ ഗവണ്മെന്റ് ചർച്ചകളുടെ ചട്ടക്കൂടിനു കീഴിൽ രേഖാധിഷ്ഠിത ചർച്ചകൾ ആരംഭിച്ച്, UN സുരക്ഷാസമിതി പരിഷ്കാരങ്ങൾ വേഗത്തിലാക്കാനുള്ള ദൃഢനിശ്ചയം അവർ പ്രകടിപ്പിച്ചു. പരിഷ്കരിച്ച സുരക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിനായുള്ള പരസ്പരമുള്ള സ്ഥാനാർത്ഥിത്വത്തെ അവർ പിന്തുണച്ചു. 2028-29, 2033-34 വർഷങ്ങളിൽ സുരക്ഷാസമിതിയിലെ താൽക്കാലിക അംഗത്വത്തിനായുള്ള സ്ഥാനാർത്ഥിത്വങ്ങൾക്കു പരസ്പരം പിന്തുണ നൽകുന്ന കാര്യത്തിൽ ഇന്ത്യയും ജപ്പാനും ധാരണയിലെത്തിയതിനെ അവർ ഉയർത്തിക്കാട്ടി. മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് ആഗോള ഭരണക്രമത്തിനു സംഭാവന നൽകുന്ന UN-ന്റെ കാര്യക്ഷമതയും ഫലപ്രാപ്തിയും വർധിപ്പിക്കുന്നതിന് UN പരിഷ്കരണത്തിന്റെ ആവശ്യകതയ്ക്കും അവർ അടിവരയിട്ടു.
2030-ൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ നാലാമതു ദുരന്തസാധ്യത ലഘൂകരണ ലോകസമ്മേളനത്തിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യയെ പിന്തുണച്ച ജപ്പാന്റെ തീരുമാനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു. ദുരന്തസാധ്യത ലഘൂകരണത്തിനായുള്ള 2015–2030 സെൻഡായ് ചട്ടക്കൂടിന്റെ ലക്ഷ്യങ്ങൾ ഇന്ത്യ തുടർന്നും പിന്തുടരുമെന്ന് അദ്ദേഹം പറഞ്ഞു. ദുരന്തസാധ്യത കുറയ്ക്കുന്നതിനുള്ള നിക്ഷേപം വർധിപ്പിക്കുന്നതും ദുരന്തത്തിനുശേഷം കൂടുതൽ മെച്ചപ്പെട്ട രീതിയിൽ പുനർനിർമാണം നടത്തുന്നതുമാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങൾ. 2027-ൽ ജപ്പാനിലെ സെൻഡായിൽ നടക്കാനിരിക്കുന്ന 'ഏഷ്യ-പസഫിക് മിനിസ്റ്റീരിയൽ കോൺഫറൻസ് ഓൺ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ' ഉൾപ്പെടെയുള്ളവയിലൂടെ ദുരന്തസാധ്യത ലഘൂകരണ മേഖലയിൽ സഹകരണം തുടരാനുള്ള പ്രതിജ്ഞാബദ്ധത നേതാക്കൾ ഉയർത്തിക്കാട്ടി. ആഫ്രിക്ക, ഏഷ്യ, മധ്യപൂർവദേശം/പശ്ചിമേഷ്യ തുടങ്ങിയ പ്രാദേശിക വിഷയങ്ങളിലും UN പരിഷ്കരണം, ബഹിരാകാശം, സൈബർ സുരക്ഷ, സമുദ്ര മേഖലകൾ, കാലാവസ്ഥാവ്യതിയാനം, ഭീകരവാദം, ആർട്ടിക് തുടങ്ങിയ ബഹുമുഖ കാര്യപരിപാടികളിലും വിദേശകാര്യ മന്ത്രാലയങ്ങൾ തമ്മിലുള്ള നയരൂപീകരണ ചർച്ചകളും നയപരമായ ആസൂത്രണങ്ങളും കൂടുതൽ ശക്തിപ്പെടുത്തുന്നതിന് അവർ ധാരണയായി.
പാകിസ്ഥാനിൽ നിന്നുള്ള അതിർത്തികടന്നുള്ള ഭീകരവാദം ഉൾപ്പെടെ, എല്ലാത്തരം ഭീകരവാദത്തെയും അക്രമരഹിത തീവ്രവാദത്തെയും ഇരുപ്രധാനമന്ത്രിമാരും അസന്ദിഗ്ധമായും ശക്തമായും അപലപിച്ചു. 2025 ഏപ്രിൽ 22-നു ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തെ അവർ കടുത്ത ഭാഷയിൽ അപലപിക്കുകയും ദി റെസിസ്റ്റൻസ് ഫ്രണ്ട് (TRF) എന്ന സംഘടനയെ പരാമർശിക്കുന്ന 2025 ജൂലൈ 29-ലെ ഐക്യരാഷ്ട്ര സുരക്ഷാ സമിതി നിരീക്ഷണസംഘത്തിന്റെ റിപ്പോർട്ട് കണക്കിലെടുക്കുകയും ചെയ്തു. 2025 നവംബർ 10-നു ഡൽഹിയിലുണ്ടായ ഭീകരസംഭവത്തെയും അവർ ശക്തമായി അപലപിച്ചു. ഈ നിന്ദ്യമായ പ്രവൃത്തിയുടെ പിന്നിൽ പ്രവർത്തിച്ചവരെയും അതിന്റെ സംഘാടകരെയും സാമ്പത്തിക സഹായം നൽകിയവരെയും ഒട്ടും വൈകാതെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് അവർ ആവശ്യപ്പെട്ടു. അൽ ഖായ്ദ, ഐസിസ്/ദാഇഷ്, ലഷ്കർ ഇ ത്വയ്ബ (LeT), ജെയ്ഷെ മുഹമ്മദ് (JeM) എന്നിവയും അവയുടെ നിഴൽ സംഘടനകളും ഉൾപ്പെടെ UN പട്ടികയിലുള്ള എല്ലാ ഭീകര സംഘടനകൾക്കും ഗ്രൂപ്പുകൾക്കും എതിരെ കൂട്ടായ നടപടികൾ സ്വീകരിക്കാനും ഭീകരരുടെ സുരക്ഷിത താവളങ്ങൾ വേരോടെ പിഴുതെറിയാനും ഭീകരവാദത്തിനായുള്ള ധനസഹായ മാർഗങ്ങളും അന്താരാഷ്ട്ര കുറ്റകൃത്യങ്ങളുമായുള്ള അതിന്റെ കൂട്ടുകെട്ടും ഇല്ലാതാക്കാനും ഭീകരരുടെ അതിർത്തികടന്നുള്ള നീക്കങ്ങൾ തടയാനും ശക്തമായ നടപടികൾ കൈക്കൊള്ളണമെന്ന് അവർ ആവശ്യപ്പെട്ടു.
വിവിധ മേഖലകളിലെ ഇന്ത്യ-ജപ്പാൻ സഹകരണം മുന്നോട്ടു കൊണ്ടുപോകുന്നതിൽ വാർഷിക ഉച്ചകോടി സംവിധാനത്തിന്റെ പ്രാധാന്യം ഇരുപ്രധാനമന്ത്രിമാരും ആവർത്തിച്ചു. നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 75 വർഷം ‘ഇന്ത്യ-ജപ്പാൻ കൂട്ടായ ചക്രവാളത്തിന്റെ വർഷ’മായി ആഘോഷിക്കുന്ന ഈ വേളയിൽ, പ്രത്യേക തന്ത്രപ്രധാന-ആഗോള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വർഷം മുഴുവൻ നീളുന്ന അനുസ്മരണ പരിപാടികളിലൂടെ ജനങ്ങൾ തമ്മിലുള്ള ബന്ധം ആഴത്തിലാക്കുന്നതിനുമുള്ള പ്രതിജ്ഞാബദ്ധത അവർ പുതുക്കി.
സന്ദർശന വേളയിൽ നൽകിയ സ്വീകരണത്തിന്, പ്രധാനമന്ത്രി തകായിച്ചി പ്രധാനമന്ത്രി മോദിക്കു നന്ദി അറിയിക്കുകയും, അടുത്ത വർഷം നടക്കാനിരിക്കുന്ന 17-ാമത് വാർഷിക ഉച്ചകോടിക്കായി ജപ്പാൻ സന്ദർശിക്കാൻ പ്രധാനമന്ത്രി മോദിയെ ക്ഷണിക്കുകയും ചെയ്തു. ഈ ക്ഷണം പ്രധാനമന്ത്രി മോദി സന്തോഷത്തോടെ സ്വീകരിച്ചു.

***

NK


(रिलीज़ आईडी: 2280673) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: English , हिन्दी , Punjabi , Gujarati , Assamese , Urdu