ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
PMGKAY-യ്ക്ക് കീഴിൽ ഗുണമേന്മയേറിയ അരി വിതരണം ചെയ്യാൻ ഗവൺമെന്റ് അംഗീകാരം
80 കോടിയിലധികം ഗുണഭോക്താക്കൾക്ക് മികച്ച ഗുണനിലവാരമുള്ള അരി ലഭിക്കും
प्रविष्टि तिथि:
02 JUL 2026 3:33PM by PIB Thiruvananthpuram
പ്രധാൻമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയ്ക്കും (PMGKAY) മറ്റ് ക്ഷേമ പദ്ധതികൾക്കും കീഴിൽ വിതരണം ചെയ്യുന്ന അരിയുടെ ഗുണനിലവാരം ഉയർത്തുന്ന ചരിത്രപരമായ പരിഷ്കാരത്തിന് മന്ത്രിതല സാമ്പത്തികകാര്യ സമിതി അംഗീകാരം നൽകി.
ഏകദേശം മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായാണ് പൊതുവിതരണ സംവിധാനത്തിന് കീഴിൽ വിതരണം ചെയ്യുന്ന അരിയുടെ ഗുണനിലവാര മാനദണ്ഡങ്ങൾ ഗവൺമെന്റ് പുതുക്കി നിശ്ചയിക്കുന്നത്. ഗുണഭോക്താക്കൾക്ക് നിലവിലെ വിഹിതത്തിൽ മാറ്റമില്ലാതെ പൊടിയരിയുടെ അളവ് വളരെ കുറഞ്ഞ മികച്ച ഗുണനിലവാരമുള്ള അരി ലഭിക്കുന്നുവെന്ന് ഇതിലൂടെ ഉറപ്പാക്കുന്നു.
അംഗീകരിക്കപ്പെട്ട നയപ്രകാരം:
-
PMGKAY-യ്ക്ക് കീഴിൽ വിതരണം ചെയ്യുന്ന പച്ചരിയിലെ പൊടിയരിയുടെ അളവ് നിലവിലെ 25 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറയ്ക്കും.
-
പുഴുക്കലരിയിലെ പൊടിയരിയുടെ അളവ് നിലവിലെ 16 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറയ്ക്കും.
-
ഗുണമേന്മ കൂടിയ അരിയുടെ സംഭരണം ഉടനടി ആരംഭിക്കും. കൂടാതെ 2027-28-ലെ ഖാരിഫ് വിപണന സീസണോടുകൂടി ഘട്ടം ഘട്ടമായി എല്ലാ സംസ്ഥാനങ്ങളിലും ഇത് നടപ്പാക്കും.
-
PMGKAY, മറ്റ് ക്ഷേമ പദ്ധതികൾ എന്നിവയ്ക്ക് കീഴിലെ ഉയർന്ന ഗുണമേന്മയുള്ള അരിയുടെ വിതരണവും ഘട്ടം ഘട്ടമായി നടത്തും. ഇത് എല്ലാ സംസ്ഥാനങ്ങളിലും പുതുക്കിയ മാനദണ്ഡങ്ങളിലേക്ക് സുഗമമായ മാറ്റം ഉറപ്പാക്കും.
ഗുണഭോക്താക്കൾക്ക് മികച്ച ഗുണനിലവാരം
ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം PMGKAY ഉള്‍പ്പെടെ ക്ഷേമ പദ്ധതികള്‍ക്ക് കീഴിലെ 80 കോടിയിലധികം ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം ഉയർത്താനും ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് ഈ തീരുമാനം വ്യക്തമാക്കുന്നു. ഗുണഭോക്താക്കൾക്ക് അവരുടെ വിഹിതത്തിൽ യാതൊരു കുറവുമില്ലാതെ മികച്ചതും ഉപഭോക്തൃ സ്വീകാര്യതയുള്ളതുമായ നല്ല അരി ലഭിക്കും.
പൊടിയരിയുടെ ഉല്പാദനക്ഷമമായ വിനിയോഗം
പുതുക്കിയ മാനദണ്ഡങ്ങൾ പ്രകാരം നെല്ല് കുത്തുന്ന സമയത്തുണ്ടാകുന്ന പൊടിയരി വേർതിരിച്ച് മറ്റ് ആവശ്യങ്ങൾക്ക് ഉല്പാദനക്ഷമമായി വിനിയോഗിക്കും. ഇത് PMGKAY-യ്ക്ക് കീഴിലെ ഗുണഭോക്താക്കൾക്ക് ഏറ്റവും മികച്ച ഭക്ഷ്യയോഗ്യമായ അരിയുടെ ലഭ്യത ഉറപ്പാക്കും.
ധനപരവും പ്രവർത്തനപരവുമായ നേട്ടങ്ങൾ
മില്ലുകളിൽ നിന്ന് നേരിട്ട് പൊടിയരി ലേലം ചെയ്യുന്നതിനാൽ ചരക്കുനീക്കത്തിനും സംഭരണത്തിനും കൈകാര്യം ചെയ്യുന്നതിനുമുള്ള ചെലവുകൾ യുക്തിസഹമാക്കാൻ ഈ പരിഷ്കരണം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊടിയരി എച്ച്ഡിപിഇ ചാക്കുകളിൽ സൂക്ഷിക്കുന്നതിനാൽ ചണബാഗുകളുടെ ആവശ്യകതയും കുറയും. ചരക്കുനീക്കം, സംഭരണം, പാക്കേജിങ് എന്നിവയിലെ ചെലവുകൾ കുറയ്ക്കാന്‍ സഹായിക്കുന്ന ഈ നടപടി പ്രതിവർഷം 2161 കോടി രൂപയുടെ ചെലവ് ലാഭിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ പൊടിയരി വിൽക്കുന്നതിലൂടെ അധിക വരുമാനം ലഭിക്കുന്നത് ഭക്ഷ്യ സബ്‌സിഡി ബാധ്യത കുറയ്ക്കാനും സഹായിക്കും.
പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കൽ
ഹരിയാന, ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഒഡീഷ, തെലങ്കാന, ഛത്തീസ്ഗഡ് തുടങ്ങിയ നിരവധി സംസ്ഥാനങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ നിർദേശം നേരത്തെ തന്നെ വിജയകരമായി നടപ്പാക്കിയിരുന്നു. വലിയ തോതിൽ ഉയർന്ന ഗുണമേന്മയുള്ള അരി ഉല്പാദിപ്പിക്കുന്നതിലെ പ്രായോഗികത പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ പദ്ധതി തെളിയിച്ചിട്ടുണ്ട്. മന്ത്രിസഭയുടെ അംഗീകാരത്തോടെ പരീക്ഷണാടിസ്ഥാനത്തിലെ പദ്ധതിക്ക് കീഴിൽ ഉല്പാദിപ്പിച്ച ഗുണനിലവാരമേറിയ അരിയും PMGKAY, മറ്റ് ക്ഷേമ പദ്ധതികൾ എന്നിവയിലെ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യും.
സുതാര്യത ശക്തിപ്പെടുത്തൽ
വിതരണ ശൃംഖലയിലുടനീളം സുതാര്യതയും ഉത്തരവാദിത്തവും ഭക്ഷ്യശേഖര പരിപാലനവും ശക്തിപ്പെടുത്താനും ചോർച്ച പൂർണമായി തടയാനും അരിച്ചാക്കുകളിൽ ക്യുആർ-കോഡ് ടാഗിങ് ഏർപ്പെടുത്താനും ഈ പരിഷ്കരണം ലക്ഷ്യമിടുന്നു.
അർഹരായ ഓരോ കുടുംബത്തിനും ഗവൺമെന്റ് ഭക്ഷ്യസുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ഉയർന്ന ഗുണനിലവാരത്തോടുകൂടിയ ഭക്ഷ്യസുരക്ഷ കൈവരിക്കുകയാണ് അടുത്ത ഘട്ടം. ചരിത്രപരമായ ഈ തീരുമാനം പാവപ്പെട്ട കുടുംബങ്ങൾക്ക് അന്തസ്സോടെ മികച്ച ഗുണനിലവാരമുള്ള അരിയുടെ ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം ഭക്ഷ്യധാന്യ പരിപാലനത്തില്‍ കാര്യക്ഷമതയും സുതാര്യതയും ധനപരമായ അച്ചടക്കവും വർധിപ്പിക്കുകയും ചെയ്യും.
പ്രധാന സവിശേഷതകൾ
-
അനുവദനീയമായ പൊടിയരിയുടെ ശതമാനത്തിൽ കഴിഞ്ഞ 30 വർഷത്തിനിടെ വരുത്തുന്ന ആദ്യത്തെ കുറവ്.
-
പൊടിയരിയുടെ അളവ് ഇനി പച്ചരിയിൽ 10 ശതമാനം വരെയും പുഴുക്കലരിയിൽ 5 ശതമാനം വരെയും മാത്രമായിരിക്കും.
-
80 കോടിയിലധികം PMGKAY ഗുണഭോക്താക്കൾക്ക് മെച്ചപ്പെട്ട ഗുണനിലവാരമുള്ള അരി.
-
വേർതിരിക്കുന്ന പൊടിയരി വ്യാവസായിക ആവശ്യങ്ങൾക്ക് ഉല്പാദനക്ഷമമായി വിനിയോഗിക്കും.
-
പൊതുവിതരണ സംവിധാനത്തിൽ സുതാര്യത ശക്തിപ്പെടുത്താൻ ക്യുആർ-കോഡ് അധിഷ്ഠിത പരിശോധനാ സംവിധാനം.
*****
(रिलीज़ आईडी: 2280417)
आगंतुक पटल : 9