ആഭ്യന്തരകാര്യ മന്ത്രാലയം
ജനസംഖ്യാപരമായ മാറ്റങ്ങളെക്കുറിച്ച് പഠിക്കുന്ന ഉന്നതതല സമിതി കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷായെ സന്ദർശിച്ചു
प्रविष्टि तिथि:
01 JUL 2026 3:17PM by PIB Thiruvananthpuram
ജനസംഖ്യാപരമായ മാറ്റങ്ങളെക്കുറിച്ച് പഠിക്കുന്ന ഉന്നതതല സമിതി കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷായെ ന്യൂഡൽഹിയിലെ അദ്ദേഹത്തിൻ്റെ വസതിയിലെത്തി സന്ദർശിച്ച് ഔപചാരിക കൂടിക്കാഴ്ച നടത്തി.

ജനസംഖ്യാപരമായ മാറ്റങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ സംസ്ഥാന ഗവണ്മെൻ്റുകളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണകൂടങ്ങളിൽ നിന്നും നേരിട്ട് ശേഖരിക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സന്ദർശിക്കാൻ തീരുമാനിച്ചതായി ഉന്നതതല സമിതി കേന്ദ്ര ആഭ്യന്തര മന്ത്രിയെ അറിയിച്ചു. ജനസംഖ്യാപരമായ മാറ്റങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അഭിപ്രായങ്ങളും പ്രതികരണങ്ങളും അറിയാൻ വിവിധ കേന്ദ്ര മന്ത്രാലയങ്ങളുമായി സംവദിക്കാനും സമിതി പദ്ധതിയിടുന്നു. ഈ സന്ദർശനങ്ങൾ കൂടുതൽ അർത്ഥവത്തും ഫലപ്രദവുമാക്കുന്നതിനായി, സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുള്ള പ്രസക്തമായ വിവരങ്ങൾ മുൻകൂട്ടി സ്വീകരിക്കുന്നതിന് വിശദമായ ഒരു ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ടെന്നും ഉന്നതതല സമിതി അറിയിച്ചു.
ഉന്നതതല സമിതിയുടെ കർമ്മ പദ്ധതിയെ പ്രശംസിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി, ദൈനംദിന പ്രവർത്തനങ്ങളിലും വിവിധ സ്ഥലങ്ങൾ സന്ദർശിക്കുമ്പോഴും ആവശ്യമായ എല്ലാ പിന്തുണയും നൽകാൻ ആഭ്യന്തര സെക്രട്ടറിയോട് നിർദ്ദേശിച്ചു. സമിതിയുടെ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയാക്കി ശുപാർശകൾ സമർപ്പിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
2025 ഓഗസ്റ്റ് 15 നാണ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒരു "ഉന്നതാധികാര ജനസംഖ്യാ ദൗത്യം" രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തിന് പിന്നാലെ അനധികൃത കുടിയേറ്റവും മറ്റ് അസാധാരണ ഘടകങ്ങളും മൂലമുണ്ടാകുന്ന ജനസംഖ്യാപരമായ മാറ്റങ്ങൾ പരിശോധിക്കുന്നതിനായി ഇന്ത്യാ ഗവണ്മെൻ്റ് ഒരു ഉന്നതതല സമിതി രൂപീകരിച്ചു. ഈ മാറ്റങ്ങൾ പഠിക്കുന്നതിനും അവയുടെ ആഘാതം പരിഹരിക്കുന്നതിന് ഉചിതമായ നടപടികൾ ശുപാർശ ചെയ്യുന്നതിനും സമിതിയെ ചുമതലപ്പെടുത്തി.
ജസ്റ്റിസ് പ്രകാശ് പ്രഭാകർ നവ്‌ലേക്കർ (റിട്ടയേർഡ്) ആണ് ഉന്നതതല സമിതിയുടെ അധ്യക്ഷൻ. സെൻസസ് കമ്മീഷണറും മൂന്ന് വിദഗ്ധരും സമിതിയിൽ അംഗങ്ങളാണ്. വിരമിച്ച ഐഎഎസ് ഓഫീസർ ദുർഗ ശങ്കർ മിശ്ര, വിരമിച്ച ഐപിഎസ് ഓഫീസർ ബാലാജി ശ്രീവാസ്തവ, പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി (പിഎംഇഎസി) അംഗംവും സാമ്പത്തിക വിദഗ്ധയുമായ ഡോ. ഷാമിക രവി എന്നിവരാണ് അംഗങ്ങൾ.
നിയമവിരുദ്ധ കുടിയേറ്റം, മറ്റ് അസാധാരണ ഘടകങ്ങൾ എന്നിവ മൂലം രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സംഭവിക്കുന്ന ജനസംഖ്യാപരമായ മാറ്റങ്ങളെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്തുന്ന ഉന്നതതല സമിതി, ഈ മാറ്റങ്ങൾക്ക് പിന്നിലെ കാരണങ്ങൾ പരിശോധിച്ച് അവ പരിഹരിക്കുന്നതിന് അനുയോജ്യമായ നയങ്ങൾ, നിയമങ്ങൾ, ഭരണപരമായ നടപടികൾ എന്നിവ ശുപാർശ ചെയ്യും.
****
(रिलीज़ आईडी: 2279964)
आगंतुक पटल : 11
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
हिन्दी
,
Punjabi
,
Urdu
,
Marathi
,
Assamese
,
Bengali
,
Bengali-TR
,
Manipuri
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada