ഗ്രാമീണ വികസന മന്ത്രാലയം
प्रविष्टि तिथि:
30 JUN 2026 11:44AM by PIB Thiruvananthpuram
ഗ്രാമപ്രദേശങ്ങളുടെ പരിവർത്തനത്തെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന് അനുസൃതമായി, കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയം സംഘടിപ്പിച്ച രാഷ്ട്രീയ ഗ്രാമീൺ വികാസ് സമ്മേളൻ (RGVS) 2026 ജൂൺ 29-ന് സമാപിച്ചു. ശക്തമായ കേന്ദ്ര-സംസ്ഥാന സഹകരണം, ജനകീയ പങ്കാളിത്തത്തോടെയുള്ള വികസനം, സാങ്കേതികവിദ്യാധിഷ്ഠിത ഭരണം എന്നിവയിലൂടെ 'വികസിത ഗ്രാമം , വികസിത ഭാരതം ' എന്ന ലക്ഷ്യം വേഗത്തിലാക്കാനുള്ള കൂട്ടായ പ്രതിജ്ഞാബദ്ധതയോടെയാണ് രണ്ടുദിവസത്തെ ദേശീയ കോൺക്ലേവ് അവസാനിച്ചത്. പ്രധാന ഗ്രാമീണ വികസന പദ്ധതികളുടെ നടത്തിപ്പ് അവലോകനം ചെയ്യുന്നതിനും, വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മികച്ച മാതൃകകൾ പരസ്പരം പങ്കുവെക്കുന്നതിനും, ഗ്രാമീണ പരിവർത്തനത്തിന്റെ അടുത്ത ഘട്ടത്തിനായുള്ള കർമപദ്ധതി ചർച്ച ചെയ്യുന്നതിനുമുള്ള ഒരു വേദിയായി ഈ സമ്മേളനം മാറി.
കേന്ദ്ര ഗ്രാമീണ വികസന, കാർഷിക-കർഷക ക്ഷേമ മന്ത്രി ശ്രീ ശിവ്‌രാജ് സിംഗ് ചൗഹാൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഗ്രാമീണ വികസന, വാർത്താവിനിമയ സഹമന്ത്രി ഡോ. ചന്ദ്രശേഖർ പെമ്മസാനി, ഗ്രാമ വികസന സഹമന്ത്രി ശ്രീ കമലേഷ് പാസ്വാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. രണ്ട് ദിവസങ്ങളിലായി നടന്ന ഈ പരിപാടിയിൽ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഗ്രാമ വികസന മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളിലെ വിദഗ്ധർ, സംസ്ഥാന ഗ്രാമീണ ഉപജീവന മിഷനുകളുടെ (SRLMs) പ്രതിനിധികൾ, വികസന പങ്കാളികൾ എന്നിവർ ഒത്തുചേർന്നു.
VB-GRAMG നിയമം , 2025-ന്റെ ഫലപ്രദമായ നടത്തിപ്പായിരുന്നു സമ്മേളനത്തിന്റെ പ്രധാന ശ്രദ്ധാകേന്ദ്രം. ഇതിനൊപ്പം പ്രധാനമന്ത്രി ആവാസ് യോജന-ഗ്രാമീൺ, പ്രധാനമന്ത്രി ഗ്രാം സഡക് യോജന, ദീൻദയാൽ അന്ത്യോദയ യോജന-ദേശീയ ഗ്രാമീണ ഉപജീവന മിഷൻ (DAY-NRLM), ഗ്രാമീണ നൈപുണ്യ വികസന പരിപാടികൾ, നാഷണൽ സോഷ്യൽ അസിസ്റ്റൻസ് പ്രോഗ്രാം തുടങ്ങിയ പ്രധാന ഗ്രാമീണ വികസന പദ്ധതികളുടെ സമഗ്രമായ അവലോകനവും ഈ വേദിയിൽ നടന്നു.
ഗ്രാമീണ വികസന ആസൂത്രണം ശക്തിപ്പെടുത്തൽ, ഗ്രാമപഞ്ചായത്തുകളെ ശാക്തീകരിക്കൽ, വനിതാധിഷ്ഠിത ഉപജീവനമാർഗങ്ങൾ വ്യാപിപ്പിക്കൽ, ഗ്രാമീണ ഭവന നിർമ്മാണവും കണക്റ്റിവിറ്റിയും മെച്ചപ്പെടുത്തൽ, കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്ന ഉപജീവനമാർഗങ്ങൾ പ്രോത്സാഹിപ്പിക്കൽ എന്നിവയെക്കുറിച്ചായിരുന്നു ചർച്ചകൾ. 2029-ഓടെ 6 കോടി 'ലഖ്പതി ദീദി'മാരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിലേക്ക് കുതിക്കുന്നതിനുള്ള ഡിജിറ്റൽ ഇടപെടലുകളും ചർച്ചകളിൽ ആസൂത്രണം ചെയ്തു. രാജ്യത്തുടനീളം ഗണ്യമായ തോതിൽ നടപ്പിലാക്കാൻ സാധിക്കുന്ന തരത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂതന മാതൃകകളും സമ്മേളനത്തിൽ ചൂണ്ടിക്കാണിക്കപ്പെട്ടു.
നിലവിൽ ഈ മിഷൻ, സ്വയംസഹായ സംഘങ്ങളിൽ (SHGs) അംഗങ്ങളായ 10 കോടിയിലധികം വനിതകൾക്ക് പിന്തുണ നൽകുന്നുണ്ട്. വനിതാ സംരംഭങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി, DAY-NRLM-ന് കീഴിലുള്ള സംരംഭകത്വ ധനസഹായം, ഡിജിറ്റൽ നൂതനാശയം , ബ്രാൻഡിംഗ്, വിപണി ലഭ്യത എന്നിവയിലാണ് ചർച്ചകൾ കേന്ദ്രീകരിച്ചത്.
DAY-NRLM-ന്റെ ദേശീയ വിപണന സംരംഭമായ 'സരസ് ആജീവിക'യുടെ വളർച്ചയെ സമ്മേളനം എടുത്തുപറഞ്ഞു. 1999-ൽ നടന്ന ആദ്യത്തെ സരസ് മേളയ്ക്ക് ശേഷം, 25-ലധികം സംസ്ഥാന ബ്രാൻഡുകളെ ഉൾക്കൊള്ളിച്ചുകൊണ്ട്, മേളകളിലൂടെ മാത്രം പ്രതിവർഷം 200 കോടിയിലധികം രൂപയുടെ ബിസിനസ്സ് നടത്തുന്ന ഒരു രാജ്യവ്യാപക വിപണന ശൃംഖലയായി ഈ സംരംഭം ഇന്ന് മാറിയിരിക്കുന്നു.
ഈ ചടങ്ങിന്റെ ഭാഗമായി, ബ്രാൻഡിന്റെ ദേശീയ സ്വത്വo ശക്തിപ്പെടുത്തുന്നതിനായി മന്ത്രാലയം 'സരസ് ശക്തി' കളക്ഷൻ പുറത്തിറക്കുകയും 'സരസ് ശക്തി കോഫി ടേബിൾ ബുക്ക്' പ്രകാശനം ചെയ്യുകയും ചെയ്തു. രാജ്യത്തുടനീളമുള്ള വനിതാ സ്വയംസഹായ സംഘങ്ങൾ നിർമ്മിച്ച പ്രീമിയം ഉൽപ്പന്നങ്ങളുടെ സവിശേഷമായ ശേഖരമാണ് 'സരസ് ശക്തി കളക്ഷൻ'. ഈ സംരംഭങ്ങളുടെ വൈവിധ്യം, ഗുണനിലവാരം, വിപണിയിലെ സാന്നിധ്യം എന്നിവയാണ് കോഫി ടേബിൾ ബുക്കിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമീണ ഉൽപ്പന്നങ്ങൾക്ക് വിപണി സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനും അവയെ മുൻനിര സ്ഥാപന , ഉപഭോക്തൃ വിപണികളിൽ എത്തിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങൾക്ക് ഈ രണ്ട് സംരംഭങ്ങളും കൂടുതൽ കരുത്തുപകരും.
കേരളം, ഗുജറാത്ത്, ഒഡീഷ, പശ്ചിമ ബംഗാൾ, മേഘാലയ, ബിഹാർ, തെലങ്കാന തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള ഗ്രാമീണ വികസന മന്ത്രിമാരും പ്രതിനിധികളും 'സരസ് ആജീവിക ഗാലറി' സന്ദർശിച്ചു. കൈത്തറികൾ, തുണിത്തരങ്ങൾ, ഗൃഹാലങ്കാര വസ്തുക്കൾ, ആരോഗ്യ ക്ഷേമ ഉൽപ്പന്നങ്ങൾ, പരമ്പരാഗത ഭക്ഷണങ്ങൾ എന്നിവയുടെ മികച്ച ശേഖരമാണ് ഗാലറിയിൽ ഒരുക്കിയിരുന്നത്. പഞ്ചാബിൽ നിന്നുള്ള ഫുൽകാരി, ജമ്മു കശ്മീരിൽ നിന്നുള്ള പഷ്മിന, തെലങ്കാനയിൽ നിന്നുള്ള ഇക്കത്ത്, തെലിയ തുണിത്തരങ്ങൾ, മിസോറാമിൽ നിന്നുള്ള പൗഞ്ചെയ് തുടങ്ങിയ തുണിത്തരങ്ങളും മീനാകാരി, ദോക്ര, പിച്ചള , തടി കൊത്തുപണികൾ തുടങ്ങിയ സങ്കീർണ്ണമായ കരകൗശല വസ്തുക്കളും ഇവിടെ പ്രദർശിപ്പിച്ചു. വ്യവസ്ഥാപിതമായ ബ്രാൻഡിംഗ്, ഉൽപ്പന്ന വികസനം, വിപണി ബന്ധങ്ങൾ എന്നിവയിലൂടെ വനിതാ സംരംഭകർക്ക് എങ്ങനെ സുസ്ഥിരമായ ബിസിനസ്സുകൾ കെട്ടിപ്പടുക്കാമെന്ന് തെളിയിച്ച, വിജയകരമായ ഗ്രാമീണ സംരംഭങ്ങളെ പ്രതിനിധീകരിക്കുന്ന ലഖ്പതി ദീദിമാരും ഈ ഗാലറിയുടെ ഭാഗമായിരുന്നു.
സാമൂഹ്യടിസ്ഥാനത്തിൽ സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്നതിനും സുസ്ഥിരമായ ഉപജീവനമാർഗങ്ങൾ വ്യാപിപ്പിക്കുന്നതിനും വിശാലമായ വിപണി അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ പ്രതിജ്ഞാബദ്ധത രാഷ്ട്രീയ ഗ്രാമീൺ വികാസ് സമ്മേളനം അടിവരയിട്ട് ഉറപ്പിച്ചു. വികസന ലക്ഷ്യങ്ങളെ സമഗ്രവും സ്വയംപര്യാപ്തവുമായ ഗ്രാമീണ സാമ്പത്തിക വളർച്ചയായി മാറ്റുന്നതിൽ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള കൂട്ടായ പ്രവർത്തനത്തിന്റെ പ്രാധാന്യം ഈ ചർച്ചകൾ എടുത്തുകാട്ടി.