സഹകരണ മന്ത്രാലയം
azadi ka amrit mahotsav

ഗുജറാത്തിലെ ഗാന്ധിനഗറിൽ ഇന്ന് ഭാരത് ടാക്സി സേവനങ്ങൾ ഉദ്ഘാടനം ചെയ്ത് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ; അഹമ്മദാബാദ്, സൂറത്ത്, രാജ്കോട്ട് ഉൾപ്പെടെ ഗുജറാത്തിലെ എല്ലാ പ്രധാന നഗരങ്ങളിലും ഇരുചക്ര വാഹനങ്ങൾ, ഓട്ടോ, നാലുചക്ര വാഹനങ്ങൾ എന്നീ വിഭാഗങ്ങളിലായി സർവീസുകൾ ആരംഭിച്ചു

प्रविष्टि तिथि: 27 JUN 2026 6:24PM by PIB Thiruvananthpuram

ഗുജറാത്തിനായുള്ള സഹകരണ മാതൃകയിലുള്ള മൊബിലിറ്റി പ്ലാറ്റ്‌ഫോമായ 'ഭാരത് ടാക്സി' കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഇന്ന് ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള മഹാത്മാ മന്ദിർ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻ്ററിൽ ഉദ്ഘാടനം ചെയ്തു. ടാക്സി, ഓട്ടോ, ഇരുചക്ര വാഹന സർവീസുകളിൽ ഏർപ്പെട്ടിരിക്കുന്ന സാരഥികളെ ഉടമസ്ഥാവകാശം, ആദരവ്, സുരക്ഷ, സാമ്പത്തിക അഭിവൃദ്ധി എന്നിവയുമായി ബന്ധിപ്പിക്കുന്നതിനോടൊപ്പം പൗരന്മാർക്ക് വിശ്വസനീയവും സേവനാധിഷ്ഠിതവുമായ ഗതാഗത സൗകര്യങ്ങൾ ലഭ്യമാക്കാനുമാണ് ഭാരത് ടാക്സി ലക്ഷ്യമിടുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേൽ, ഉപ മുഖ്യമന്ത്രി ശ്രീ ഹർഷ് സംഘവി, ഗുജറാത്ത് സഹകരണ മന്ത്രി ശ്രീ ജിതുഭായ് വഘാനി, ഗുജറാത്ത് സഹകരണ വകുപ്പ് സഹമന്ത്രി ശ്രീ രമേഷ്ഭായ് കതാര, കേന്ദ്ര സഹകരണ മന്ത്രാലയം സെക്രട്ടറി ഡോ. ആശിഷ് കുമാർ ഭൂട്ടാനി, ഗുജറാത്ത് ചീഫ് സെക്രട്ടറി ശ്രീ മനോജ് ദാസ്, ഭാരത് ടാക്സി ചെയർമാൻ ഡോ. ജയൻ മേത്ത എന്നിവരോടൊപ്പം സഹകരണ മേഖലയിലെ മുതിർന്ന പ്രതിനിധികൾ, ഉദ്യോഗസ്ഥർ, നിരവധി സാരഥിമാർ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.



ഇന്ത്യയുടെ ഗതാഗത മേഖലയെ സംബന്ധിച്ചിടത്തോളം ഇന്ന് വളരെ സുപ്രധാനമായൊരു ദിവസമാണെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. രാജ്യത്തിൻ്റെ വികസനത്തിനൊപ്പം ടാക്സി, ഗതാഗത സേവനങ്ങളുടെ ആവശ്യകത ഇന്ന് എല്ലാ വീടുകളിലേക്കും വ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടാക്സി എന്ന സങ്കൽപ്പം ഇനി നാലുചക്ര വാഹനങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും, ഇരുചക്ര വാഹനങ്ങളും ഓട്ടോകളും മറ്റ് നഗര ഗതാഗത സേവനങ്ങളും ഇതിൻ്റെ ഭാഗമായിക്കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഹകരണ മേഖല വഴി ഈ വിപുലമായ ഗതാഗത ആവശ്യകതയ്ക്ക് ഒരു പുതിയ ദിശാബോധം നൽകുന്നതിനുള്ള ചുവടുവെയ്പ്പാണ് ഗുജറാത്തിലെ 'ഭാരത് ടാക്സി' സേവനങ്ങളുടെ സമാരംഭം.

മറ്റ് കമ്പനികൾ വാഹനം ഓടിക്കുന്നവരെ വെറും ഡ്രൈവർമാരായി കണക്കാക്കുമ്പോൾ ഭാരത് ടാക്സി അവരെ 'സാരഥികൾ' എന്നാണ് വിശേഷിപ്പിക്കുന്നതെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. ഇത് വാക്കുകളിലുള്ള മാറ്റം മാത്രമല്ല, മറിച്ച് സമീപനത്തിൻ്റേയും വ്യത്യാസമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു 'സാരഥി' എന്നത് കേവലം സേവനദാതാവ് മാത്രമല്ല, മറിച്ച് ഈ സഹകരണ സ്ഥാപനത്തിൻ്റെ ആദരണീയനായ പങ്കാളിയും 'ഉടമ'യുമാണ്. സാരഥികളുടേയും ഉപഭോക്താക്കളുടേയും ചൂഷണം തടയുക, സേവനത്തിൻ്റെ  ഗുണനിലവാരം ഉയർത്തുക, ഗതാഗത മേഖലയിൽ ന്യായമായ ഒരു സംവിധാനം സ്ഥാപിക്കുക എന്നിവയാണ് ഭാരത് ടാക്സിയുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ആപ്പ് അധിഷ്ഠിത ടാക്സി സേവനങ്ങളെക്കുറിച്ച് നിരവധി പരാതികൾ ഉയർന്നുവന്നിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി പറഞ്ഞു. ചില സന്ദർഭങ്ങളിൽ സാരഥികളുടെ വരുമാനത്തിൽ നിന്ന് അമിതമായി കമ്മീഷൻ ഈടാക്കിയിരുന്നു, ചിലപ്പോൾ പണം കൃത്യസമയത്ത് അവർക്ക് ലഭിച്ചില്ല, മറ്റു ചിലപ്പോഴാകട്ടെ, അവരുടെ ഭാഗം കേൾക്കാൻ പോലും തയ്യാറാകാതെ രജിസ്ട്രേഷനുകൾ റദ്ദാക്കുകയും ചെയ്തു. എല്ലാ പ്രശ്നങ്ങളും നിയമനിർമ്മാണം കൊണ്ട് മാത്രം പരിഹരിക്കാനാകില്ലെന്നും പലപ്പോഴും ശരിയായ ഒരു സ്ഥാപന മാതൃകക്കേ സ്ഥിരമായ പരിഹാരം നൽകാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. ഈയൊരു ചിന്തയിൽ നിന്നാണ് സഹകരണ മാതൃകയിൽ 'ഭാരത് ടാക്സി' എന്ന ആശയം രൂപംകൊണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

രാജ്യത്തെ പല മേഖലകളിലും സഹകരണ പ്രസ്ഥാനം ചൂഷണം അവസാനിപ്പിക്കുകയും ജനങ്ങൾക്ക് അവകാശങ്ങളും സാമ്പത്തിക അഭിവൃദ്ധിയും നൽകുകയും ചെയ്തിട്ടുണ്ടെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. അമുലിൻ്റെ ഉദാഹരണം ചൂണ്ടിക്കാട്ടിക്കൊണ്ട്, കേവലം 100 രൂപ വിഹിതവുമായി സഹകരണ വ്യവസ്ഥയുടെ ഭാഗമായ ഒരു ഗ്രാമീണ ക്ഷീരകർഷക ഇന്ന് 1.25 ലക്ഷം കോടി രൂപ വിറ്റുവരവുള്ള ഒരു വിശ്വസ്ത ഭക്ഷ്യ ബ്രാൻഡിൻ്റെ പങ്കാളിയാണെന്ന് അദ്ദേഹം പറഞ്ഞു. ഇടനിലക്കാരില്ലാതെയും, ചൂഷണമില്ലാതെയും, പൂർണ്ണ സുതാര്യതയോടെ സഹകരണ സംവിധാനത്തിലൂടെ വലിയൊരു സാമ്പത്തിക വ്യവസ്ഥ കെട്ടിപ്പടുക്കാൻ കഴിയുമെന്ന് അമുൽ തെളിയിച്ചിട്ടുണ്ട്. ഈ മാതൃക ക്ഷീരമേഖലയിലെ ചൂഷണം അവസാനിപ്പിക്കുകയും വനിതാ ക്ഷീരകർഷകരുടെ കഠിനാധ്വാനത്തിൻ്റെ ഫലം അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്തു. ഇന്ന് ഗ്രാമീണ ഇന്ത്യയിലെ വനിതാ കർഷകർക്ക് അവരുടെ അധ്വാനത്തിൻ്റെ മുഴുവൻ പ്രതിഫലവും ആത്മാഭിമാനത്തോടെ ലഭിക്കുന്നുണ്ട്. അതുപോലെ IFFCO, KRIBHCO തുടങ്ങിയ സഹകരണ സ്ഥാപനങ്ങൾ ഇന്ന് രാജ്യത്തെ കർഷകരുടെ വളം ആവശ്യകതയുടെ ഏകദേശം 35 ശതമാനവും നിറവേറ്റുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതും സഹകരണ മേഖലയുടെ വലിയൊരു വിജയഗാഥയാണ്. ഗതാഗത മേഖലയിലേക്ക് കൂടി ഈ വിജയകരമായ സഹകരണ പാരമ്പര്യം വ്യാപിപ്പിക്കാനുള്ള ശ്രമമാണ് ഭാരത് ടാക്സി. ഭാരത് ടാക്സി പോലുള്ള ഒരു സംരംഭത്തിന് ആവശ്യമായ വിഭവങ്ങൾ എവിടെ നിന്ന് ലഭിക്കുമെന്ന ചോദ്യം പലരും ഉന്നയിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ രാജ്യത്തെ മുൻനിര സഹകരണ സ്ഥാപനങ്ങളുമായി ചർച്ച നടത്തുകയും ഈ സുപ്രധാന സംരംഭത്തിൽ പങ്കാളികളാകാൻ അവരോട് അഭ്യർത്ഥിക്കുകയും ചെയ്തു. എൻ.സി.ഡി.സി, IFFCO, KRIBHCO, എൻ.ഡി.ഡി.ബി, നബാർഡ്, എൻ.സി.ഇ.എൽ, അമുൽ തുടങ്ങിയ പ്രശസ്ത സഹകരണ സ്ഥാപനങ്ങൾ ഒന്നിച്ച് ഗതാഗത മേഖലയിൽ സാരഥികൾക്കായി ഒരു സഹകരണ സ്ഥാപനം കെട്ടിപ്പടുക്കാൻ തീരുമാനിച്ചുവെന്നത് വലിയ സംതൃപ്തി നൽകുന്ന കാര്യമാണ്. ഇത് രാജ്യത്തെ വൻകിട സ്വകാര്യ കമ്പനികൾക്ക് മുന്നിൽ ശക്തവും സുതാര്യവും സാരഥികൾക്ക് മുൻഗണന നൽകുന്നതുമായ ഒരു സഹകരണ ബദൽ അവതരിപ്പിക്കാൻ സഹായിക്കും.

ഇതുവരെ ഏഴ് ലക്ഷത്തിലധികം സാരഥികൾ ഭാരത് ടാക്സിയുടെ ഭാഗമായിക്കഴിഞ്ഞതായി കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അറിയിച്ചു. ഭാരത് ടാക്സി, സാരഥികൾക്ക് ആദരവ് നൽകുകയും അവർക്ക് സുരക്ഷ ഉറപ്പാക്കുകയും വരും കാലങ്ങളിൽ സമൃദ്ധിയിലേക്കുള്ള വഴിതുറക്കുകയും ചെയ്യും. ഈ സഹകരണ സ്ഥാപനം സാരഥികളുടെ വരുമാനം സംരക്ഷിക്കുന്നതിനോടൊപ്പം വായ്പകൾ, ഇൻഷുറൻസ്, ബിസിനസ്സ് വിപുലീകരണം എന്നിവയിലൂടെ ഭാവിയിലും അവർക്ക് പിന്തുണ നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെ ഏകദേശം 37 ലക്ഷം ഉപഭോക്താക്കൾ ഭാരത് ടാക്സിയുടെ സേവനം പ്രയോജനപ്പെടുത്തിക്കഴിഞ്ഞു, ഇത് ഈ സംരംഭത്തിൻ്റെ വർദ്ധിച്ചുവരുന്ന ജനപ്രീതിയുടേയും പൊതുജന വിശ്വാസത്തിൻ്റേയും വ്യക്തമായ തെളിവാണ്.

 

 

ഭാരത് ടാക്സിയുടെ യാത്രാനിരക്കുകൾ കൂടുതലാണെന്ന് ചില പത്രങ്ങൾ റിപ്പോർട്ട് ചെയ്തതായി ശ്രീ അമിത് ഷാ പറഞ്ഞു. “ഇതുസംബന്ധിച്ച് രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളോട് എനിക്ക് പറയാനുള്ളത്, ഭാരത് ടാക്സി എത്തുന്നിടത്തെല്ലാം മത്സരിക്കുന്ന മറ്റ് കമ്പനികൾ താൽക്കാലികമായി നഷ്ടം സഹിച്ചും നിരക്കുകൾ കുറയ്ക്കുകയാണ്. എന്നാൽ ഈ അവസ്ഥ എത്രകാലം തുടരും? പരമാവധി ഒന്നോ രണ്ടോ വർഷം,” അദ്ദേഹം പറഞ്ഞു. ഭാരത് ടാക്സി തളരുകയോ പിൻവാങ്ങുകയോ കളം വിടുകയോ ചെയ്യില്ലെന്ന് പൂർണ്ണ ആത്മവിശ്വാസത്തോടെ പറയാൻ താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാരത് ടാക്സി സേവനത്തിൻ്റേയും സഹകരണത്തിൻ്റേയും മനോഭാവത്തോടെ ഈ രംഗത്ത് ഉറച്ചുനിൽക്കുകയും ആരോഗ്യകരമായ രീതിയിൽ മത്സരിക്കുകയും ചെയ്യും. ആരെയും ദ്രോഹിക്കുക എന്നതല്ല ഞങ്ങളുടെ ലക്ഷ്യം, മറിച്ച് ഗതാഗത മേഖലയിൽ നീതിയുക്തവും സുതാര്യവും സുസ്ഥിരവുമായ ഒരു സംവിധാനം കെട്ടിപ്പടുക്കുക എന്നതാണ്.

ഇന്ന് നിരക്കുകൾ കുറച്ചുകൊണ്ടും സാരഥികൾക്ക് താൽക്കാലികമായി കൂടുതൽ കമ്മീഷൻ നൽകിയും വിപണിയിൽ സമ്മർദ്ദം ചെലുത്താൻ ശ്രമിക്കുന്ന കമ്പനികൾ, ഭാരത് ടാക്സിയുടെ വളർച്ച തടയാൻ വേണ്ടി മാത്രമാണ് അങ്ങനെ ചെയ്യുന്നതെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി പറഞ്ഞു. ഭാരത് ടാക്സി ഈ രംഗത്തുനിന്ന് പിന്മാറിയാൽ പഴയപോലെ വീണ്ടും ഏകപക്ഷീയമായ രീതികൾ തുടരാമെന്നാണ് അവർ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.“എന്നാൽ അവരുടെ ആഗ്രഹം ഒരിക്കലും സഫലമാകില്ലെന്ന് ഇന്ന് ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. സേവനമെന്ന ദൃഢനിശ്ചയത്തോടെയും സഹകരണത്തിൻ്റെ  കരുത്തോടെയും സാരഥികളുടെ വിശ്വാസത്തോടെയും ഭാരത് ടാക്സി മുന്നോട്ട് തന്നെ കുതിക്കും,” അദ്ദേഹം പറഞ്ഞു. വ്യാജപ്രചാരണങ്ങൾ നടത്തുന്നവർക്കുള്ള മറുപടി നമ്മുടെ സഹകരണ മനോഭാവവും സുസ്ഥിരതയും സേവനത്തോടുള്ള സമർപ്പണവുമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാരത് ടാക്സിയെ വിജയകരമാക്കാനുള്ള ഏറ്റവും വലിയ ഉത്തരവാദിത്തം നമ്മുടെ സാരഥികൾക്കാണ്. താൽക്കാലിക ലാഭം മാത്രം നോക്കി നമ്മൾ തീരുമാനങ്ങളെടുത്താൽ, ഏത് ചൂഷണത്തിൽ നിന്ന് പുറത്തുകടക്കാനാണോ ഭാരത് ടാക്സി സ്ഥാപിച്ചത്, അതേ ചൂഷണം വരും വർഷങ്ങളിൽ നമുക്ക് വീണ്ടും നേരിടേണ്ടി വന്നേക്കാമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

 


വർഷങ്ങളായി വിവിധ കമ്പനികളിൽ നിങ്ങൾ ജോലി ചെയ്തവരാണെന്നും, നിങ്ങളുടെ ഭാഗം കേൾക്കാതെ പലപ്പോഴും തീരുമാനങ്ങൾ എടുത്തിരുന്നെന്നും  വരുമാനം കുറച്ചിരുന്നെന്നും അധ്വാനത്തിന് അർഹമായ ആദരവ് നൽകിയിരുന്നില്ലെന്നും സാരഥികളോട് ശ്രീ അമിത് ഷാ പറഞ്ഞു. “ഭാരത് ടാക്സി നിങ്ങളെ ഒരിക്കലും ചൂഷണം ചെയ്യില്ലെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു, കാരണം ഇത് മറ്റാരുടെയെങ്കിലും കമ്പനിയല്ല, മറിച്ച് നിങ്ങളുടെ സ്വന്തം സഹരണ സ്ഥാപനമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു. നഷ്ടത്തിൽ പ്രവർത്തിക്കുന്ന ചില കമ്പനികൾ അനാരോഗ്യകരമായ മത്സരത്തിലൂടെ ഭാരത് ടാക്സിയെ വിപണിയിൽ നിന്ന് പുറത്താക്കാൻ ശ്രമിക്കുകയാണ്. ഇങ്ങനെയുള്ള തന്ത്രങ്ങൾ ലോകത്തിലെ ചില രാജ്യങ്ങളിൽ വിജയിച്ചേക്കാം, എന്നാൽ ഇന്ത്യയിൽ അത് നടക്കില്ല. കാരണം ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത് സഹകരണത്തിലും സേവനത്തിലും എല്ലാവരുടേയും ക്ഷേമത്തിലുമാണ്. ഇവിടെ വ്യക്തിപരമായ താല്പര്യം മാത്രമല്ല, എല്ലാവരുടേയും താല്പര്യമാണ് പരമോന്നതമായി കണക്കാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ദീർഘകാലാടിസ്ഥാനത്തിലുള്ളതും വിശ്വസനീയവും നീതിയുക്തവുമായ ഒരു ഗതാഗത സംവിധാനമാണ് നമ്മൾ ആഗ്രഹിക്കുന്നതെങ്കിൽ, ഭാരത് ടാക്സിയെ വിജയകരമാക്കുക എന്നത് നമ്മുടെയെല്ലാം കൂട്ടായ ഉത്തരവാദിത്തമാണെന്ന് സാരഥികളോടും ഉപഭോക്താക്കളോടും കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അഭ്യർത്ഥിച്ചു. “നിങ്ങൾ ഭാരത് ടാക്സിയോടൊപ്പം നിൽക്കൂ, ഭാരത് ടാക്സി എപ്പോഴും നിങ്ങൾക്കൊപ്പം നിൽക്കും,” അദ്ദേഹം പറഞ്ഞു. സഹകരണ മേഖലയിൽ നിരവധി വിജയകരമായ മാതൃകകൾ നമ്മൾ അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അമുലിന് സ്വകാര്യ ഡയറികളിൽ നിന്നുള്ള മത്സരത്തെ നേരിടേണ്ടി വന്നിട്ടുണ്ട്. IFFCO, KRIBHCO, എൻ.ഡി.ഡി.ബി എന്നീ സ്ഥാപനങ്ങൾക്കും സ്വകാര്യ കമ്പനികളോട് മത്സരിക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ സഹകരണത്തിൻ്റേയും സുതാര്യതയുടേയും പൊതുവിശ്വാസത്തിൻ്റേയും കരുത്തിൽ ഈ സ്ഥാപനങ്ങളെല്ലാം വിജയം വരിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭാരത് ടാക്സി, സാരഥികളുടെ സ്വന്തം സ്ഥാപനമാണെന്നും അവരുടെ ചൂഷണം തടയാനും അവർക്ക് ആദരവ് നൽകാനും അവരെ അഭിവൃദ്ധിയിലേക്ക് നയിക്കാനുമാണ് ഇത് രൂപീകരിച്ചിരിക്കുന്നതെന്നും ശ്രീ അമിത് ഷാ പറഞ്ഞു. വരും കാലങ്ങളിൽ വായ്പകൾ ലഭ്യമാക്കാനും ഇൻഷുറൻസ് പരിരക്ഷ നൽകാനും ബിസിനസ്സ് വിപുലീകരണത്തിന് പിന്തുണ നൽകാനും ഈ സ്ഥാപനം പ്രവർത്തിക്കും. ഒരു സ്വകാര്യ പ്ലാറ്റ്‌ഫോമിനും ഇത് ചെയ്യാൻ കഴിയില്ല, കാരണം അവരുടെ ലക്ഷ്യം സ്വന്തം ലാഭം മാത്രമാണ്. എന്നാൽ ഭാരത് ടാക്സിയുടെ ലക്ഷ്യം അതിൻ്റെ സാരഥികളുടെ ക്ഷേമമാണ്. താൽക്കാലിക ലാഭത്തിന് പകരം ദീർഘകാല സുരക്ഷയ്ക്കും ആദരവിനും സ്ഥിരവരുമാനത്തിനുമാണ് മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മത്സരരംഗത്തുള്ള കമ്പനികൾക്ക് എത്ര നഗരങ്ങളിൽ ഇത്തരത്തിൽ നിരക്കുകൾ കുറച്ചുകൊണ്ട് തുടരാൻ കഴിയുമെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ചോദിച്ചു. അടുത്ത ഒന്നര മുതൽ രണ്ട് വർഷത്തിനുള്ളിൽ ഭാരത് ടാക്സി 500-ലധികം നഗരങ്ങളിലും പട്ടണങ്ങളിലും എത്തിച്ചേരും. നാഗ്പൂർ, പൂനെ, മുംബൈ, ലഖ്നൗ, ചണ്ഡീഗഡ്, ജയ്പൂർ, കൊൽക്കത്ത എന്നിവയുൾപ്പെടെ രാജ്യത്തെ നിരവധി നഗരങ്ങളിലേക്ക് ഭാരത് ടാക്സി അതിൻ്റെ സേവനങ്ങൾ വ്യാപിപ്പിക്കും. 2026 ജൂലൈ 31-നകം ഭാരത് ടാക്സി സേവനങ്ങൾ ഏഴ് പ്രധാന നഗരങ്ങളിൽ ലഭ്യമാകും. അടുത്ത രണ്ട് വർഷത്തിനുള്ളിൽ രാജ്യത്തെ 500-ലധികം നഗരങ്ങളിലും പട്ടണങ്ങളിലും ഇരുചക്ര വാഹനങ്ങൾ, ഓട്ടോകൾ, നാലുചക്ര വാഹനങ്ങൾ എന്നീ മൂന്ന് വിഭാഗങ്ങളിലായി ഭാരത് ടാക്സി മാതൃക നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്തിൽ ഭാരത് ടാക്സി ആരംഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച ശ്രീ അമിത് ഷാ, ഗുജറാത്തിലെ സാരഥിമാർ ഇന്ന് ഏഴുലക്ഷം സാരഥികളടങ്ങുന്ന ഒരു വലിയ കുടുംബത്തിൻ്റെ ഭാഗമായി മാറിയിരിക്കുകയാണെന്നും ഭാരത് ടാക്സിയിൽ ചേരുന്നതിലൂടെ സഹകരണ പ്രസ്ഥാനത്തിന് പുതിയ കരുത്ത് പകരുകയാണെന്നും പറഞ്ഞു. വരും കാലങ്ങളിൽ ഈ സഹകരണ സ്ഥാപനം ഗതാഗത മേഖലയിൽ പുതിയ ഉയരങ്ങൾ കീഴടക്കുമെന്നും തീർച്ചയായും വിജയം വരിക്കുമെന്നും തനിക്ക് പൂർണ്ണ ആത്മവിശ്വാസമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ കോടിക്കണക്കിന് കർഷകർ അണിനിരക്കുന്ന ഒരു വലിയ സഹകരണ കുടുംബത്തിൻ്റെ ഭാഗമാണ് ഇന്നവർ, ഇപ്പോൾ ഗുജറാത്തിലെ സാരഥികളും ഈ മഹത്തായ സഹകരണ കുടുംബത്തിൻ്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തിന് 'സഹകരണത്തിലൂടെ സമൃദ്ധി' എന്ന മന്ത്രം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി പറഞ്ഞു. ഗതാഗത മേഖലയിൽ ഈ മന്ത്രം യാഥാർത്ഥ്യമാക്കുന്നതിലേക്കുള്ള സുപ്രധാന ചുവടുവെയ്പ്പാണ് ഭാരത് ടാക്സി. വരും ദിവസങ്ങളിൽ സഹകരണ പ്രസ്ഥാനം കൂടുതൽ പുതിയ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്നും സാരഥികളുടെ ആദരവിനും സുരക്ഷയ്ക്കും അഭിവൃദ്ധിക്കുമുള്ള ശക്തമായ മാധ്യമമായി ഭാരത് ടാക്സി മാറുമെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്തിലെ എല്ലാ സാരഥികൾക്കും ശ്രീ അമിത് ഷാ ആശംസകൾ നേർന്നു. ഭാരത് ടാക്സിയുടെ വിജയം നിശ്ചയിക്കുന്നത് സാരഥികളുടെ സേവന മനോഭാവവും സഹകരണ ചിന്താഗതിയും പങ്കാളിത്തവുമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഭാരത് ടാക്സിയിൽ പങ്കാളികളാകുന്നതിലൂടെ സാരഥികൾ അവരുടെ അഭിവൃദ്ധിക്കും ആദരവിനും സുരക്ഷയ്ക്കും വഴിയൊരുക്കിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ, ഭാരത് ടാക്സിയുടെ വിപുലീകരണത്തിനും സുഗമമായ പ്രവർത്തനത്തിനുമായി വിവിധ സ്ഥാപനങ്ങളുമായി ധാരണാപത്രങ്ങൾ കൈമാറി. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (രാജ്കോട്ട്), എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (സൂറത്ത്), ഗുജറാത്ത് മെട്രോ റെയിൽ കോർപ്പറേഷൻ, അഹമ്മദാബാദ് മുൻസിപ്പൽ കോർപ്പറേഷൻ/ബസ് റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം, ഗുജറാത്ത് സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക്, അദാനി എയർപോർട്ട്, ഗുജറാത്ത് ട്രാഫിക് പോലീസ്, വെസ്റ്റേൺ റെയിൽവേ–അഹമ്മദാബാദ് ഡിവിഷൻ, വഡോദര എയർപോർട്ട് എന്നിവയുമായാണ് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചത്. വിമാനത്താവളങ്ങൾ, റെയിൽവേ, മെട്രോ, നഗര ഗതാഗതം, ട്രാഫിക് മാനേജ്‌മെൻ്റ്  എന്നിവയുമായി ബന്ധപ്പെട്ട മേഖലകളിൽ ഭാരത് ടാക്സിയുടെ സേവനം കൂടുതൽ ശക്തമാക്കാൻ ഈ ധാരണാപത്രങ്ങൾ സഹായിക്കും. മികച്ച പ്രകടനം കാഴ്ചവെച്ച സാരഥികൾക്കുള്ള ഷെയർ സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു.

***


(रिलीज़ आईडी: 2278494) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Assamese , Punjabi , Gujarati , Tamil , Kannada