പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
azadi ka amrit mahotsav

എഥനോൾ മിശ്രിത പെട്രോൾ പരിപാടി ശാസ്ത്രീയമായി സാക്ഷ്യപ്പെടുത്തിയതാണെന്നും സർക്കാർ ഇത് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കി; തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളും പഴയ ചിത്രങ്ങളുമാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്

प्रविष्टि तिथि: 23 JUN 2026 7:57PM by PIB Thiruvananthpuram
എഥനോൾ മിശ്രിത പെട്രോളുമായി (EBP) ബന്ധപ്പെട്ട് പൊതുജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാനും തെറ്റിദ്ധരിപ്പിക്കാനും ലക്ഷ്യമിട്ടുള്ള തെറ്റിദ്ധരിപ്പിക്കുന്നതും അടിസ്ഥാനരഹിതവുമായ ചില അവകാശവാദങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതായി ഭാരത സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതോടൊപ്പം, സെൻസേഷണലിസത്തിലൂടെ കൂടുതൽ പ്രേക്ഷകരെ ആകർഷിക്കുന്നതിനും എഥനോൾ മിശ്രിത ഇന്ധനത്തെക്കുറിച്ച് അനാവശ്യമായ ആശങ്കകൾ സൃഷ്ടിക്കുന്നതിനുമുള്ള വ്യക്തമായ ശ്രമത്തിൻ്റെ  ഭാഗമായി പഴയ ചിത്രങ്ങളും വീഡിയോകളും വീണ്ടും പ്രചരിപ്പിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

എഥനോൾ മിശ്രിത പെട്രോൾ പരിപാടി ശാസ്ത്രീയമായി സാക്ഷ്യപ്പെടുത്തിയതാണെന്നും സർക്കാർ ഇത് തുടർച്ചയായി നിരീക്ഷിച്ചുവരികയാണെന്നും പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കുന്നു.

അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി കുറയ്ക്കുക, ഊർജ്ജ സുരക്ഷ വർദ്ധിപ്പിക്കുക, പരിസ്ഥിതി സുസ്ഥിരത പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ 2003-ലാണ് എഥനോൾ മിശ്രിത പെട്രോൾ പരിപാടി ആരംഭിച്ചത്. സാങ്കേതിക സജ്ജീകരണങ്ങളുടേയും ബന്ധപ്പെട്ട പങ്കാളികളുമായുള്ള കൂടിയാലോചനകളുടേയും അടിസ്ഥാനത്തിൽ ഘട്ടം ഘട്ടമായാണ് ഈ പദ്ധതി നടപ്പിലാക്കിയത്, ഇത് 2023 മുതൽ 20 ശതമാനം മിശ്രിത പെട്രോൾ (E20) രാജ്യവ്യാപകമായി ലഭ്യമാക്കുന്നതിലേക്ക് നയിച്ചു

എണ്ണ വിപണന കമ്പനികൾ, ഓട്ടോമൊബൈൽ നിർമ്മാതാക്കൾ, ഇന്ധന പരിശോധനാ ഏജൻസികൾ, മറ്റ് പങ്കാളികൾ എന്നിവരുമായി കൂടിയാലോചിച്ച് പരിപാടിയുടെ നടത്തിപ്പ് സർക്കാർ തുടർച്ചയായി നിരീക്ഷിച്ചുവരുന്നു.

E20 പെട്രോൾ അവതരിപ്പിച്ചതിനുശേഷം, എഥനോൾ മിശ്രിത പെട്രോൾ മൂലമാണെന്ന് സാക്ഷ്യപ്പെടുത്താവുന്ന രീതിയിലുള്ള എഞ്ചിൻ തകരാറുകളോ വാഹനങ്ങൾ പ്രവർത്തനരഹിതമാകുന്നതോ പോലുള്ള വ്യാപകമായ പ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

ജലാംശം ആഗിരണം ചെയ്യാനുള്ള എഥനോളിൻ്റെ സ്വഭാവവുമായി ബന്ധപ്പെട്ടതാണ് നിലവിൽ പ്രചരിക്കുന്ന ഒരു അവകാശവാദം. എഥനോൾ മിശ്രിതമാക്കിയ ഇന്ധനമായാലും അല്ലെങ്കിലും, ഇന്ധന ടാങ്കിലേക്ക് വെള്ളം കയറുന്നത് ഒട്ടും അഭിലഷണീയമല്ല എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇന്ധന ടാങ്കുകളിലേക്ക് വെള്ളം കയറുന്നത് തടയുന്നതിനുള്ള പ്രത്യേക രൂപകൽപ്പനകളും സുരക്ഷാ സംവിധാനങ്ങളും ആധുനിക വാഹനങ്ങളിൽ സജ്ജീകരിച്ചിട്ടുണ്ട്.

ചിലർ, കരിമ്പിൻ നീര് നേരിട്ട് പെട്രോളിൽ കലർത്തുന്നതായി വ്യാജമായി ചിത്രീകരിക്കുന്ന വീഡിയോകൾ സൃഷ്ടിക്കുകയും സമൂഹ മാധ്യമങ്ങളിൽ പങ്കിടുകയും ചെയ്യുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം ഉള്ളടക്കങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതും അടിസ്ഥാനരഹിതവുമാണ്. ഇന്ധന മിശ്രണത്തിനായി  ഉപയോഗിക്കുന്ന എഥനോൾ, കൃത്യമായി സ്ഥാപിതമായ വ്യാവസായിക പ്രക്രിയകളിലൂടെയാണ് ഉത്പാദിപ്പിക്കുന്നത്, കൂടാതെ പെട്രോളുമായി മിശ്രിതമാക്കുന്നതിന് മുൻപ് ഇത് കർശനമായ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു.

കരിമ്പിൻ നീര്, മൊളാസസ്, നുറുക്കരി, ചോളം തുടങ്ങിയ വിവിധ അസംസ്‌കൃത വസ്തുക്കളിൽ നിന്നാണ് എഥനോൾ നിർമ്മിക്കുന്നത്, എന്നാൽ ഈ അസംസ്‌കൃത വസ്തുക്കളിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയെ അഴുകലിലേക്ക് നയിക്കുന്ന പ്രക്രിയ ഉൾപ്പെടെ നിരവധി ഘട്ടങ്ങൾക്ക് വിധേയമാകുന്നതിനാൽ, എഥനോളിൻ്റെ ഗുണവിശേഷങ്ങൾ അതിൻ്റെ നിർമ്മാണത്തിന് ഉപയോഗിച്ച അസംസ്‌കൃത വസ്തുക്കളിൽ നിന്നും തികച്ചും വ്യത്യസ്തമാണ്.

ഇത്തരം വീഡിയോകളുടെ പ്രചാരണം ഈ വിഷയത്തെ വിവാദമാക്കാനും കാഴ്ചക്കാരെ ആകർഷിക്കാനും   ലക്ഷ്യമിട്ടുള്ളതാണെന്ന് കരുതപ്പെടുന്നു.

ഇന്ത്യയിലെ എഥനോൾ മിശ്രണ പ്രക്രിയ കർശനമായ ഇന്ധന ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതും വിതരണത്തിന് മുൻപ് കടുത്ത പരിശോധനകൾക്ക് വിധേയമാക്കുന്നതുമാണ്. വിപുലമായ സാങ്കേതിക വിലയിരുത്തലുകൾക്കും ഓട്ടോമൊബൈൽ നിർമ്മാതാക്കളുമായും മറ്റ് പങ്കാളികളുമായുമുള്ള കൂടിയാലോചനകൾക്കും ശേഷം മാത്രമാണ് ഉയർന്ന അളവിലുള്ള മിശ്രണ ഘട്ടങ്ങൾ നടപ്പിലാക്കിയിട്ടുള്ളത്.

സമീപകാലത്ത്, ഒരു വാഹനത്തിൻ്റെ ഇന്ധന ടാങ്കിന് സമീപം ഉറുമ്പുകൾ കാണപ്പെടുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് മറുപടിയായി, പെട്രോൾ മിശ്രിതമാക്കുന്നതിന്  ഉപയോഗിക്കുന്ന ഫ്യുവൽ-ഗ്രേഡ് എഥനോൾ, അന്തിമ ഉൽപ്പന്നത്തിൽ നിന്ന് അവശേഷിക്കുന്ന പഞ്ചസാരയുടെ അംശങ്ങളെ പൂർണ്ണമായും ഇല്ലാതാക്കുന്ന അഴുകൽ, സ്വേദനം എന്നീ പ്രക്രിയകളിലൂടെയാണ് ഉത്പാദിപ്പിക്കുന്നതെന്ന് ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (BPCL) വ്യക്തമാക്കുകയുണ്ടായി. കൂടാതെ, ഇന്ധന എഥനോളിൽ പ്രാണികളെ അകറ്റിനിർത്തുന്ന ഡിനാച്ചുറൻ്റുകൾ അടങ്ങിയിട്ടുണ്ട്. വാഹനങ്ങളുടെ ഫ്യുവൽ ക്യാപ്പുകൾക്ക് ചുറ്റും ഉറുമ്പുകളോ മറ്റ് പ്രാണികളോ കൂട്ടം കൂടാൻ കാരണമാകുന്ന യാതൊരുവിധ ആകർഷക ഘടകങ്ങളും E20 ഇന്ധനവുമായി ബന്ധപ്പെട്ട് തിരിച്ചറിഞ്ഞിട്ടില്ല. അതിനാൽ, E20 ഇന്ധനവും ഉറുമ്പുകളെ ആകർഷിക്കുന്നതുമായി ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന അവകാശവാദങ്ങൾക്ക് ശാസ്ത്രീയമായ യാതൊരു അടിസ്ഥാനവുമില്ലെന്ന് മാത്രമല്ല, അവ ശാസ്ത്രീയ തെളിവുകളുടെ പിന്തുണയില്ലാത്തതുമാണ്.

അതുപോലെ, E20 ഇന്ധനത്തിൻ്റെ  ഉപയോഗം വാഹന ഇൻഷുറൻസിൻ്റെ സാധുതയെ ബാധിക്കുമെന്ന തരത്തിലുള്ള നിരവധി അവകാശവാദങ്ങൾ തെറ്റാണെന്ന് ബന്ധപ്പെട്ട പങ്കാളികൾ വ്യക്തമാക്കുകയും അത് അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

അമേരിക്ക, ബ്രസീൽ, ജപ്പാൻ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ വിജയകരമായി നടപ്പിലാക്കിയിട്ടുള്ളതും ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ളതുമായ ഒരു രീതിയാണ് എഥനോൾ മിശ്രണം. ഉയർന്ന അളവിലുള്ള എഥനോൾ മിശ്രണ രീതിയാണ്  ബ്രസീൽ പണ്ടുമുതലേ  സ്വീകരിച്ചിരിക്കുന്നത്, അവിടെ E27 ആണ് സാധാരണ പെട്രോൾ മിശ്രിതമായി ഉപയോഗിക്കുന്നത്.

അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി കുറച്ചതിലൂടെ രാജ്യത്തിന് 1.4 ലക്ഷം കോടിയിലധികം രൂപയുടെ വിദേശനാണ്യം ലാഭിക്കാൻ എഥനോൾ മിശ്രിത പെട്രോൾ പരിപാടി സഹായിച്ചിട്ടുണ്ടെന്ന കാര്യം ശ്രദ്ധേയമാണ്. ഈ പദ്ധതി എഥനോൾ ഉത്പാദനത്തിനായി ഉപയോഗിക്കുന്ന കാർഷിക അസംസ്‌കൃത വസ്തുക്കൾക്ക് സ്ഥിരമായ ആവശ്യകത സൃഷ്ടിക്കുകയും, അതുവഴി കർഷകരുടെ വരുമാനത്തെ പിന്തുണയ്ക്കുന്നതിനും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും സഹായകമായിട്ടുണ്ട്.

ഇന്ത്യയുടെ ഊർജ്ജ സുരക്ഷ വർദ്ധിപ്പിക്കുന്നതിലും, കാർബൺ ഉദ്‌വമനം കുറയ്ക്കുന്നതിലും, ശുദ്ധമായ ഗതാഗത സംവിധാനത്തിലേക്കുള്ള രാജ്യത്തിൻ്റെ  പരിവർത്തനം വേഗത്തിലാക്കുന്നതിലും എഥനോൾ മിശ്രണം സുപ്രധാന പങ്ക് വഹിക്കുന്നു. ശാസ്ത്രീയ തെളിവുകളുടേയും ബന്ധപ്പെട്ട പങ്കാളികളുമായുള്ള തുടർച്ചയായ ഇടപെടലുകളുടേയും അടിസ്ഥാനത്തിൽ, സുരക്ഷിതവും സുതാര്യവും ഉപഭോക്തൃ കേന്ദ്രീകൃതവുമായ രീതിയിൽ ഈ പരിപാടി നടപ്പിലാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.
 
 
*****

(रिलीज़ आईडी: 2277307) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Gujarati , Tamil , Kannada