സഹകരണ മന്ത്രാലയം
കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ. അമിത് ഷാ നാഫെഡിന്റെ (NAFED) ഇ-ലേല പോര്‍ട്ടല്‍ NAFEX.in ഉദ്ഘാടനം ചെയ്തു
प्रविष्टि तिथि:
23 JUN 2026 4:41PM by PIB Thiruvananthpuram
കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ. അമിത് ഷാ, നാഷണല്‍ അഗ്രിക്കള്‍ച്ചറല്‍ കോ.ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (NAFED) ഇ-ലേല പോര്‍ട്ടലായ NAFEX.in ന്യൂഡല്‍ഹിയില്‍ ഇന്ന് ഉദ്ഘാടനം ചെയ്തു. കേന്ദ്ര കാര്‍ഷിക-കര്‍ഷക ക്ഷേമ, ഗ്രാമവികസന മന്ത്രി ശ്രീ. ശിവരാജ് സിംഗ് ചൗഹാന്‍, സഹകരണ വകുപ്പ് സഹമന്ത്രി ശ്രീ. കൃഷന്‍ പാല്‍ ഗുര്‍ജര്‍, സഹകരണ മന്ത്രാലയം സെക്രട്ടറി ഡോ. ആശിഷ് കുമാര്‍ ഭൂട്ടാനി, നാഫെഡ് ചെയര്‍മാന്‍ ശ്രീ. ജേതാഭായ് അഹിര്‍ എന്നിവരും മറ്റ് നിരവധി പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.
നാഫെഡ് ഇന്ന് നാല് പ്രധാന സംരംഭങ്ങള്‍ക്ക്- NAFEX.in, DRISHTI, ERP, NAFED Kalyan - തുടക്കം കുറിച്ചതായി ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ. അമിത് ഷാ അറിയിച്ചു. 2014-ല്‍ അടച്ചുപൂട്ടലിന്റെ വക്കിലായിരുന്ന നാഫെഡ്, ഈ ശ്രമങ്ങളുടെ ഫലമായി ഇന്ന് 30,000 കോടി രൂപയുടെ വിറ്റുവരവും 500 കോടി രൂപ ലാഭവുമായി രാജ്യത്തെ 74 ലക്ഷത്തിലധികം കര്‍ഷകരെ സേവിക്കുന്ന പ്രസ്ഥാനമായി മാറിയിരിക്കുന്നുവെന്നും അതിനാല്‍ NAFEX.in ഉള്‍പ്പെടെയുള്ള ഈ സംരംഭങ്ങള്‍ അത്യന്തം പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. നാഫെഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നപ്പോള്‍, അത് പൂര്‍ണ്ണമായ സുതാര്യതയോടെ മുന്നോട്ട് കൊണ്ടുപോകാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജി തീരുമാനിച്ചതായി ശ്രീ. ഷാ പറഞ്ഞു. കേന്ദ്ര ഗവണ്‍മെന്റ് ഇതിനായി സാമ്പത്തിക സഹായം നല്‍കുകയും നാഫെഡിനെ വീണ്ടും ശക്തമായ അടിത്തറയില്‍ എത്തിക്കുകയും ചെയ്തു.
ഇന്ന് നാഫെഡ് ഉല്‍പ്പാദനത്തിലും സംഭരണത്തിലും ഗണ്യമായ വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ശ്രീ. അമിത് ഷാ പറഞ്ഞു. പയറുവര്‍ഗ്ഗങ്ങളുടെ കാര്യത്തില്‍ രാജ്യത്തെ സ്വയംപര്യാപ്തമാക്കുന്നതിന്, എന്‍.സി.സി.എഫും (NCCF) നാഫെഡും കര്‍ഷകരില്‍ നിന്ന് നേരിട്ട് ഓരോ ഇനവും സംഭരിക്കുന്നതിലേക്ക് കൂടുതല്‍ വേഗത്തില്‍ മുന്നേറേണ്ടതുണ്ട്. ഇത് കര്‍ഷകര്‍ക്ക് ന്യായവും ലാഭകരവുമായ വില ഉറപ്പാക്കുകയും,സ്വാഭാവികമായി പയറുവര്‍ഗ്ഗ കൃഷി മേഖലയുടെ വിസ്തൃതി വര്‍ദ്ധിപ്പിക്കുകയും, ഈ മേഖലയില്‍ രാജ്യത്തെ സ്വയംപര്യാപ്തമാക്കുകയും ചെയ്യും.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ പയറുവര്‍ഗ്ഗങ്ങള്‍, ചോളം, മറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവ നേരിട്ട് സംഭരിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് കേന്ദ്ര സഹകരണ മന്ത്രി പറഞ്ഞു. ഇനി ഈ അടിസ്ഥാന സൗകര്യങ്ങള്‍ താഴെത്തട്ടിലേക്ക് എത്തിക്കണം. നാഫെഡും എന്‍.സി.സി.എഫും പൂര്‍ണമായ ദൃഢനിശ്ചയത്തോടെയും സുതാര്യതയോടെയും പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഫലം കൈവരിക്കാനാകൂ എന്ന് ശ്രീ ഷാ പറഞ്ഞു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ എല്ലാ കര്‍ഷകര്‍ക്കും തങ്ങളുടെ പയറുവര്‍ഗ്ഗങ്ങള്‍ ഈ രണ്ട് സ്ഥാപനങ്ങള്‍ക്ക് നേരിട്ട് വില്‍ക്കാനും അതിന്റെ തുക നേരിട്ട് ബാങ്ക് അക്കൗണ്ടുകളില്‍ സ്വീകരിക്കാനുമുള്ള സാഹചര്യം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ന് നാഫെഡ് കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ സംഭരണത്തില്‍ മാത്രം ഒതുങ്ങുന്നില്ലെന്ന് ശ്രീ. അമിത് ഷാ പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ജൈവ കൃഷി, വിത്ത് ഉല്‍പ്പാദനം, റീട്ടെയ്ല്‍ ബിസിനസ്സ്, ജൈവവള നിര്‍മ്മാണം, ഭക്ഷ്യസുരക്ഷ, അന്താരാഷ്ട്ര വ്യാപാരം തുടങ്ങിയ മേഖലകളില്‍ നാഫെഡ് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചിട്ടുണ്ട്. ഇത് നാഫെഡിന്റെ പ്രസക്തിയും ലാഭക്ഷമതയും വര്‍ദ്ധിപ്പിച്ചു. സഹകരണ മന്ത്രാലയം രൂപീകരിച്ചപ്പോള്‍ നാഫെഡിന്റെ വിറ്റുവരവ് 20,000 കോടി രൂപയായിരുന്നുവെങ്കില്‍, അത് ഇപ്പോള്‍ 30,000 കോടി രൂപയായി ഉയര്‍ന്നു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ വിറ്റുവരവ് 50,000 കോടി രൂപ കവിയുമെന്ന ആത്മവിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചു. നാഫെഡിന്റെ അറ്റാദായം 139 കോടി രൂപയില്‍ നിന്ന് 405 കോടി രൂപയായും, അതിന്റെ മൊത്തം മൂല്യം 358 കോടി രൂപയില്‍ നിന്ന് 2,050 കോടി രൂപയായും ഉയര്‍ന്നതായി അദ്ദേഹം പറഞ്ഞു. നാഫെഡ് ഇന്ന് ശക്തവും സാമ്പത്തിക ശേഷിയുള്ളതും സ്വയംപര്യാപ്തവുമായ ഒരു സ്ഥാപനമായി മാറിയിരിക്കുന്നു. കര്‍ഷകരില്‍ നിന്ന് നേരിട്ട് പൂര്‍ണ സുതാര്യതയോടെ പയറുവര്‍ഗ്ഗങ്ങളും മറ്റ് വിളകളും സംഭരിക്കാനും, ഇടനിലക്കാരുടെ ശൃംഖല പൂര്‍ണ്ണമായും ഇല്ലാതാക്കാനും, കര്‍ഷകര്‍ക്ക് അവകാശപ്പെട്ട ലാഭം അവര്‍ക്ക് തന്നെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമുള്ള ചുമതല നാഫെഡിനും എന്‍.സി.സി.എഫിനും ഉണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
കര്‍ഷക കുടുംബങ്ങളിലെ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനും കരിയര്‍ വികസനത്തിനുമുള്ള സ്‌കോളര്‍ഷിപ്പുകള്‍ക്കായി നാഫെഡിന്റെ ലാഭത്തിന്റെ 1% നീക്കിവെക്കാന്‍ തീരുമാനിച്ചതായി സഹകരണ മന്ത്രി അറിയിച്ചു. കര്‍ഷകരുടെ മക്കള്‍ക്ക് ഉന്നതവിദ്യാഭ്യാസം നേടുന്നതിലും കരിയര്‍ കെട്ടിപ്പടുക്കുന്നതിലും നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ഈ ക്രമീകരണം സഹായിക്കും.
ചടങ്ങിനെ അഭിസംബോധന ചെയ്യവേ, മുന്‍ കേന്ദ്രമന്ത്രിയും ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകനുമായ ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിക്ക് അദ്ദേഹത്തിന്റെ ബലിദാന്‍ ദിവസില്‍ കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ. അമിത് ഷാ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ''ഒരു രാജ്യം, ഒരു ഭരണഘടന, ഒരു നേതാവ്'' എന്ന തത്വം യാഥാര്‍ത്ഥ്യമാക്കാനും രാജ്യത്തെ ഒറ്റക്കെട്ടായി നിലനിര്‍ത്താനും ഡോ. ശ്യാമ പ്രസാദ് മുഖര്‍ജി പരമത്യാഗം വരിച്ചത് ഈ ദിവസമാണെന്ന് ശ്രീ. ഷാ പറഞ്ഞു. രാജ്യത്തെ മഹാന്മാരായ നേതാക്കളിലൊരാളാണ് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജി. അദ്ദേഹം തന്റെ ജീവിതത്തില്‍ പ്രശസ്തിക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല, അദ്ദേഹം ചെയ്തതെല്ലാം രാജ്യത്തിന് ദൂരവ്യാപകവും ശുഭകരവുമായ ഫലങ്ങള്‍ ഉണ്ടാക്കി. ഇന്ത്യയുടെ വിഭജന സമയത്ത് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജി ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടുകയും പശ്ചിമ ബംഗാള്‍ ഇന്ത്യയുടെ ഭാഗമായി തന്നെ ഉണ്ടെന്ന് ഉറപ്പാക്കുകയും ചെയ്തു. അതുകൊണ്ടാണ് പശ്ചിമ ബംഗാള്‍ ഇന്ന് ഇന്ത്യയുടെ അവിഭാജ്യ ഘടകമായി തുടരുന്നതെന്ന് ശ്രീ. ഷാ ഓര്‍മ്മിപ്പിച്ചു.
സ്വാതന്ത്ര്യത്തിന് ശേഷം കാശ്മീരില്‍ അനുഛേദം 370 നടപ്പിലാക്കിയെന്നും, ഇത് കാരണം കാശ്മീരിന് പ്രത്യേക പതാകയും പ്രത്യേക ഭരണഘടനയും ഉണ്ടായിരുന്നതായും ആഭ്യന്തര മന്ത്രി പറഞ്ഞു. ഈ ആശയം ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും അത്യന്തം അപകടകരമായിരുന്നുവെന്ന് ശ്രീ. ഷാ പറഞ്ഞു. ആ സമയത്താണ് ഒരു രാജ്യത്ത് രണ്ട് ഭരണഘടനയും രണ്ട് പതാകയും രണ്ട് നേതാക്കളും ഉണ്ടാകാന്‍ കഴിയില്ലെന്ന് പ്രഖ്യാപിച്ച് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജി പ്രസ്ഥാനം ആരംഭിച്ചത്. ഇതിനായി അദ്ദേഹം ഡല്‍ഹിയില്‍ നിന്ന് കാശ്മീരിലേക്ക് റാലി നടത്തുകയും കാശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. കാശ്മീരില്‍ പ്രവേശിക്കാന്‍ യാതൊരു അനുമതിയും എടുക്കാന്‍ അദ്ദേഹം തയ്യാറായില്ല, ഇതിനെ തുടര്‍ന്ന് ശ്യാമ പ്രസാദ് മുഖര്‍ജി അറസ്റ്റ് ചെയ്യപ്പെട്ടു. കാശ്മീരിലെ ജയിലില്‍ വെച്ച് സംശയാസ്പദമായ സാഹചര്യത്തിലാണ് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജി മരിച്ചത്. കാശ്മീര്‍ വിഷയത്തിലാണ് അന്നത്തെ ഗവണ്മെന്റിന്റെ വ്യവസായ മന്ത്രി സ്ഥാനം ഡോ. ശ്യാമ പ്രസാദ് മുഖര്‍ജി രാജിവച്ചതെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. ഇന്ന് ഡോ. ശ്യാമ പ്രസാദ് ജിയുടെ സ്വപ്നം യാഥാര്‍ത്ഥ്യമായിരിക്കുന്നു. അനുഛേദം 370 റദ്ദാക്കപ്പെട്ടു, അദ്ദേഹം സ്ഥാപിച്ച പാര്‍ട്ടിയുടെ ഗവണ്മെന്റ് ബംഗാളിലെ ഗംഗോത്രി മുതല്‍ ഗംഗാസാഗര്‍ വരെ അധികാരത്തിലുണ്ട്. സാംസ്‌കാരിക ദേശീയതയുടെയും ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും ശക്തനായ വക്താവായിരുന്നു ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
****
(रिलीज़ आईडी: 2277186)
आगंतुक पटल : 5