ന്യൂനപക്ഷകാര്യ മന്ത്രാലയം
azadi ka amrit mahotsav

2027-ലെ ഹജ്ജ് നയം പ്രഖ്യാപിച്ചു; തീര്‍ത്ഥാടകരില്‍നിന്ന് അപേക്ഷ ക്ഷണിച്ച് ഹജ്ജ് കമ്മിറ്റി

प्रविष्टि तिथि: 22 JUN 2026 7:20PM by PIB Thiruvananthpuram

കേന്ദ്ര ന്യൂനപക്ഷ - പാർലമെൻ്ററി കാര്യ മന്ത്രി ശ്രീ കിരൺ റിജിജു 2027-ലെ ഹജ്ജ് നയം  ഇന്ന് പ്രഖ്യാപിച്ചു.  2027-ലെ ഹജ്ജ് തീര്‍ത്ഥാടനത്തിന് ഹജ്ജ് കമ്മിറ്റി ഇന്നുമുതൽ അപേക്ഷ സ്വീകരിച്ച് തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.

 

 

തീർത്ഥാടകർക്ക് ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക പോർട്ടൽ (hajcommittee.gov.in) വഴിയും 'ഹജ്ജ് സുവിധ'  ആപ്പ് വഴിയും ഓൺലൈനായി അപേക്ഷിക്കാം. ഇത് അപേക്ഷാ നടപടികൾ കൂടുതൽ ലളിതവും സുഗമവുമാക്കും. ഹജ്ജ് കമ്മിറ്റിയും സ്വകാര്യ മേഖലയും തമ്മിലെ ക്വാട്ട വിഹിതം 70:30 എന്ന മുൻവർഷ അനുപാതത്തിൽ തുടരും. ഇതനുസരിച്ച് ഹജ്ജ് കമ്മിറ്റിക്ക് 1,22,518 സീറ്റുകളും സ്വകാര്യ മേഖലയ്ക്ക് 52,507 സീറ്റുകളും ലഭിക്കും. കഴിഞ്ഞ വർഷം 1,75,025 ആയിരുന്ന ഇന്ത്യൻ തീർത്ഥാടകരുടെ ആകെ ഹജ്ജ് ക്വാട്ട വർധിപ്പിക്കാൻ കേന്ദ്ര ഗവണ്‍മെൻ്റ്  സജീവമായി ശ്രമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

 

2026 ജൂൺ 18-ന് കേന്ദ്രമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഹജ്ജ് അവലോകന യോഗത്തിന് ശേഷമാണ്  പ്രഖ്യാപനം. പ്രസ്തുത യോഗത്തിൽ മുൻവർഷത്തെ ഹജ്ജ് നടത്തിപ്പ് വിലയിരുത്തുകയും  2027-ലെ ഹജ്ജ് തീര്‍ത്ഥാടനത്തിൻ്റെ പ്രവർത്തനരേഖ അന്തിമമാക്കുകയും  ചെയ്തിരുന്നു. നയം നേരത്തെ പ്രഖ്യാപിച്ചതും   അപേക്ഷ സ്വീകരിക്കാൻ തുടങ്ങിയതും കൃത്യമായ ഒരുക്കങ്ങൾ നടത്താനും സൗദി അറേബ്യ നിശ്ചയിച്ച സമയപരിധികൾ പാലിക്കാനും മന്ത്രാലയം നല്‍കുന്ന സവിശേഷ ശ്രദ്ധ വ്യക്തമാക്കുന്നു.  

 

മിനായിലെ സോഫാ-കം-ബെഡ് സൗകര്യം, മക്കയ്ക്കും മദീനയ്ക്കും ഇടയിലെ അതിവേഗ ട്രെയിൻ യാത്ര, മക്കയിലെ ഹോട്ടൽ മാതൃകയിലുള്ള താമസം, 20 ദിവസത്തെ ഹ്രസ്വകാല ഹജ്ജ് പാക്കേജ്  തുടങ്ങി മുൻവർഷത്തെ ജനകേന്ദ്രീകൃത സംരംഭങ്ങളുടെ തുടർച്ചയായി ഓരോ തീർത്ഥാടകൻ്റെയും യാത്ര കൂടുതൽ സുരക്ഷിതവും സുഖകരവുമാക്കാന്‍ മന്ത്രാലയത്തിൻ്റെ നേതൃത്വത്തില്‍ നിരന്തര ശ്രമങ്ങൾ പുതിയ നയത്തിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ  പ്രവർത്തനങ്ങൾ മുൻനിർത്തി ഏറ്റവും മികച്ച ഏകോപനത്തിനും  ആശയവിനിമയത്തിനും സൗദി ഹജ്ജ്-ഉംറ മന്ത്രാലയത്തിൻ്റെ രണ്ട് 'ലബ്ബൈതും'  പുരസ്കാരങ്ങള്‍ക്ക്  ഇന്ത്യൻ ഹജ്ജ് മിഷൻ ഈ വര്‍ഷം ആദ്യമായി അർഹരായിരുന്നു.

 

തീർത്ഥാടകരുടെ അടിസ്ഥാന സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഓരോ 150 തീർത്ഥാടകർക്കും ഒരു സംസ്ഥാന ഹജ്ജ് ഇൻസ്പെക്ടർ എന്നത് മാറ്റി ഇനി മുതൽ ഓരോ 135 തീർത്ഥാടകർക്കും ഒരു ഇൻസ്പെക്ടർ എന്ന രീതിയിൽ അനുപാതം പുനഃക്രമീകരിച്ചതാണ് പുതിയ നയത്തിലെ പ്രധാന മാറ്റങ്ങളിലൊന്ന്.  അപേക്ഷകരുടെ വര്‍ധിച്ചുവരുന്ന വെയിറ്റ്‌ലിസ്റ്റ് സുതാര്യമായി പരിഹരിക്കാന്‍ 2026-ലെ അന്തിമ വെയിറ്റ്‌ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകരിൽ ആദ്യത്തെ 20 ശതമാനം പേർക്ക് ഇത്തവണ മുൻഗണന നൽകും. ആദ്യ വർഷം തന്നെ മികച്ച പ്രതികരണം ലഭിച്ച ഹ്രസ്വകാല ഹജ്ജ് പാക്കേജ് തുടരുന്ന സാഹചര്യത്തില്‍ ശക്തമായ ആവശ്യം പരിഗണിച്ച് കൊൽക്കത്തയെക്കൂടി ഇതിൻ്റെ പുതിയ എംബാർക്കേഷൻ പോയിൻ്റായി  ഉൾപ്പെടുത്തും.  

 

തീർത്ഥാടകരുടെ ആരോഗ്യവും സുരക്ഷയും മുൻനിർത്തി പുതിയ നയത്തിലെ  ആരോഗ്യ പരിശോധനകൾ സൗദി അറേബ്യയുടെ  മാർഗനിർദേശങ്ങൾക്ക് അനുസൃതമായി കൂടുതൽ കര്‍ശനമാക്കിയിട്ടുണ്ട്. ഗുരുതര രോഗബാധിതര്‍ക്ക് യാത്രാനുമതി നൽകില്ലെന്ന് ഇതിലൂടെ ഉറപ്പാക്കും.

 

തീർത്ഥാടകരുടെ അപേക്ഷകൾ സ്വീകരിക്കുന്നത് മുതൽ യാത്രയുടെ അവസാന ഘട്ടം വരെ നടപടികള്‍ കാര്യക്ഷമമാക്കാൻ നിര്‍മിതബുദ്ധി (എഐ) സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനും മന്ത്രാലയം ലക്ഷ്യമിടുന്നുണ്ട്. എ.ഐ സഹായത്തോടെ അപേക്ഷകളുടെയും രേഖകളുടെയും പരിശോധന, വിമാന സർവീസുകൾ ക്രമീകരിക്കാന്‍  ഡാറ്റാ മോഡലിങ്, തത്സമയ പരാതി പരിഹാര സംവിധാനം എന്നിവ ഇതിൻ്റെ ഭാഗമായി ഘട്ടംഘട്ടമായി നടപ്പാക്കും.

 

ഈ നടപടികളുടെ പ്രധാന ഭാഗമായി തീർത്ഥാടകർക്ക് നിര്‍മിതബുദ്ധി  അധിഷ്ഠിത സംഭാഷണ സഹായി ഒരുക്കും.  ഹിന്ദി, ഉറുദു എന്നിവയ്ക്ക് പുറമെ പ്രധാന പ്രാദേശിക ഭാഷകളിലും 24 മണിക്കൂറും ഈ സേവനം ലഭ്യമാകും. ലളിതമായ ശബ്ദ സന്ദേശങ്ങളിലൂടെയോ വാക്യങ്ങളിലൂടെയോ തീർത്ഥാടകർക്ക് സ്വന്തം ഭാഷയിൽ സംശയങ്ങൾ ചോദിക്കാനും മാർഗനിർദേശം സ്വീകരിക്കാനും ഇതുവഴി സാധിക്കും.  അപേക്ഷാ ഫോം പൂരിപ്പിക്കുന്നത് മുതൽ പണമിടപാടുകള്‍, വിമാന സര്‍വീസുകള്‍, താമസം, ലഗേജ് എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾക്കും പരാതി രേഖപ്പെടുത്താനും അടിയന്തര സഹായം തേടാനും വരെ ഇത് പ്രയോജനപ്പെടുത്താം.  അപേക്ഷകളിലെ പിഴവുകൾ കുറയ്ക്കാനും ഇടനിലക്കാരുടെ ചൂഷണം ഇല്ലാതാക്കാനും ആദ്യമായി പോകുന്നവർക്കും പ്രായമായവർക്കും കൃത്യമായ വിവരങ്ങൾ തത്സമയം ലഭ്യമാക്കാനും ഇത് വഴിയൊരുക്കും.  സൗദിയുടെ 'നുസുക്'  പോർട്ടലുമായി ഇതിനെ ബന്ധിപ്പിക്കുന്നതിലൂടെ ഇരുരാജ്യങ്ങളിലെയും സേവനങ്ങൾ ഒരേപോലെ ലഭ്യമാക്കാനും സാധിക്കും.  

 

അർഹരായ എല്ലാ തീർത്ഥാടകരും നിശ്ചിത സമയപരിധിയ്ക്കകം അപേക്ഷിക്കണമെന്ന് കേന്ദ്രമന്ത്രി അഭ്യർത്ഥിച്ചു. അപേക്ഷാ നടപടികൾ സുതാര്യവും സുഗമവുമാണെന്ന് ഉറപ്പാക്കാൻ ഹജ്ജ് കമ്മിറ്റിക്കും ബന്ധപ്പെട്ട ഏജൻസികൾക്കും അദ്ദേഹം നിർദേശം നൽകി. ഓരോ ഇന്ത്യൻ തീർത്ഥാടകനും സുരക്ഷിതവും സുതാര്യവും അന്തസ്സാര്‍ന്നതുമായ ഹജ്ജ് യാത്ര ഉറപ്പാക്കാനുള്ള ഗവണ്‍മെൻ്റിൻ്റെ പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു.

 

***

 


(रिलीज़ आईडी: 2276864) आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Tamil