ഷിപ്പിങ് മന്ത്രാലയം
azadi ka amrit mahotsav

2025-ലെ ലോകത്തെ മികച്ച കപ്പൽ പുനരുപയോഗ രാജ്യമായി ഇന്ത്യ

प्रविष्टि तिथि: 22 JUN 2026 5:54PM by PIB Thiruvananthpuram

ആഗോളതലത്തിൽ ഒന്നാം സ്ഥാനത്തേക്കുയര്‍ന്ന് 2025-ലെ ലോകത്തെ മുൻനിര കപ്പൽ പുനരുപയോഗ രാജ്യമെന്ന പദവി ഇന്ത്യ സ്വന്തമാക്കി.  ഐക്യരാഷ്ട്രസഭയുടെ വ്യാപാര-വികസന സമ്മേളനത്തിൻ്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ആഗോള കപ്പൽ പുനരുപയോഗ വിപണിയിലെ ഇന്ത്യയുടെ വിഹിതം 2024-ലെ 30.1 ശതമാനത്തിൽ നിന്ന് 2025-ൽ 35.4 ശതമാനമായി ഉയർന്നു. രാജ്യത്തെ കപ്പൽ പുനരുപയോഗം 2024-ലെ 1.86 മില്യൺ ഗ്രോസ് ടണ്ണിൽ നിന്ന് 2025-ൽ 2.99 മില്യൺ ഗ്രോസ് ടണ്ണെന്ന നിലയിലേക്കാണ് ഗണ്യമായി വർധിച്ചത്.  ഏകദേശം 60 ശതമാനത്തിൻ്റെ വളർച്ചയാണ് ഇത് രേഖപ്പെടുത്തുന്നത്. ഈ നേട്ടത്തോടെ ലോകത്തെ മുൻനിര കപ്പൽ പുനരുപയോഗ രാജ്യമെന്ന 'മാരിടൈം ഇന്ത്യ വിഷൻ 2030'-ന് കീഴിലെ ലക്ഷ്യം  നിശ്ചിത സമയത്തിന് ഏറെ മുന്‍പുതന്നെ കൈവരിക്കാൻ ഇന്ത്യക്ക് സാധിച്ചു.

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണ  നേതൃത്വത്തിൽ കേന്ദ്ര ഗവണ്‍മെൻ്റ്  നടപ്പാക്കിയ സമുദ്ര നയ പരിഷ്കരണങ്ങളുടെയും വ്യവസായ സൗഹൃദ സംരംഭങ്ങളുടെയും പ്രതിഫലനമാണ് ഈ നേട്ടം.

 

ലോകത്തെ ഏറ്റവും മികച്ച കപ്പൽ പുനരുപയോഗ രാജ്യമായി ഇന്ത്യ ഉയർന്നുവന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണ നേതൃത്വത്തില്‍  നടപ്പാക്കിയ സുസ്ഥിര നയ പരിഷ്കരണങ്ങളുടെയും വ്യാവസായിക മേഖലയിലെ  പരിശ്രമങ്ങളുടെയും അന്താരാഷ്ട്ര പരിസ്ഥിതി-സുരക്ഷാ മാനദണ്ഡങ്ങളുടെ കൃത്യമായ പാലനത്തിൻ്റെയും വിജയത്തെയാണ് കാണിക്കുന്നതെന്ന്  കേന്ദ്ര തുറമുഖ കപ്പൽ ഗതാഗത ജലപാത മന്ത്രി ശ്രീ സർബാനന്ദ സോനോവാൾ പറഞ്ഞു.  ഉത്തരവാദിത്തപൂര്‍ണവും സുസ്ഥിരവുമായ ആഗോള കപ്പൽ പുനരുപയോഗ കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം ഇത് കൂടുതൽ ശക്തിപ്പെടുത്തുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.  

 

പ്രധാന ഗവൺമെൻ്റ് സംരംഭങ്ങൾ

ഇന്ത്യയുടെ കപ്പൽ പുനരുപയോഗ മേഖലയെ ശക്തിപ്പെടുത്താനും വലിയ ആഗോള വിപണി വിഹിതം സ്വന്തമാക്കാനും തുറമുഖ കപ്പൽ ഗതാഗത ജലപാത മന്ത്രാലയം നിരവധി സംരംഭങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.

 

ഹോങ്കോങ്  കൺവെൻഷൻ പാലനം:

കപ്പലുകൾ സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായി പുനരുപയോഗം ചെയ്യുന്നത് സംബന്ധിച്ച ഹോങ്കോങ് അന്താരാഷ്ട്ര കൺവെൻഷന് അനുസൃതമായി  കപ്പൽ പുനരുപയോഗ ആവാസവ്യവസ്ഥ വികസിപ്പിക്കാന്‍ കേന്ദ്ര ഗവണ്‍മെൻ്റ്  'കപ്പല്‍ പുനരുപയോഗ നിയമം - 2019' പാസാക്കി. 2019-ൽ തന്നെ ഇന്ത്യ ഈ കൺവെൻഷൻ അംഗീകരിച്ചിരുന്നു. 

 

കപ്പൽ പുനരുപയോഗ കേന്ദ്രങ്ങളുടെ നവീകരണത്തിന് ഗവൺമെൻ്റ് 53.5 കോടി രൂപയുടെ സാമ്പത്തിക സഹായം നൽകി.  115 കേന്ദ്രങ്ങളെ ഹോങ്കോങ്  കൺവെൻഷൻ മാനദണ്ഡങ്ങൾക്ക് അനുസൃതമായി മാറ്റിയെടുക്കാന്‍ ഇത്  സഹായിച്ചു.

 

പൊളിക്കുന്ന കപ്പലുകള്‍ക്ക്  ക്രെഡിറ്റ് നോട്ട് പദ്ധതി:

കേന്ദ്ര തുറമുഖ കപ്പൽ ഗതാഗത ജലപാത മന്ത്രാലയം  പൊളിക്കുന്ന കപ്പലുകള്‍ക്കുവേണ്ടി ആരംഭിച്ച ക്രെഡിറ്റ് നോട്ട് പദ്ധതിയ്ക്ക്  കീഴിൽ കപ്പലുടമകൾക്ക് പുനരുപയോഗം ചെയ്യുന്ന കപ്പലിൻ്റെ ആക്രി മൂല്യത്തിൻ്റെ 40 ശതമാനത്തിന് തുല്യമായ ക്രെഡിറ്റ് നോട്ട് ലഭിക്കുന്നു. ഈ ക്രെഡിറ്റ് നോട്ട് ഇന്ത്യൻ കപ്പൽശാലകളിൽ നിർമിക്കുന്ന പുതിയ കപ്പലുകളുടെ വിലയുടെ 5 ശതമാനം വരെ കിഴിവിനായി ഉപയോഗിക്കാം. ഇത് കപ്പൽ പുനരുപയോഗത്തെയും ആഭ്യന്തര കപ്പൽ നിർമാണത്തെയും ഒരുപോലെ പ്രോത്സാഹിപ്പിക്കുന്നു.

 

മേഖലയുമായി ബന്ധപ്പെട്ടവരുടെ പങ്കാളിത്തം:

കപ്പല്‍ നിര്‍മാണ മേഖലയിലെ വെല്ലുവിളികൾ തിരിച്ചറിയാനും കൃത്യമായ പരിഹാരങ്ങൾ നടപ്പാക്കാനും ഗുജറാത്ത് മാരിടൈം ബോർഡ്, കപ്പല്‍ പുനരുപയോഗ വ്യവസായ അസോസിയേഷൻ, ആഗോള കപ്പൽ കമ്പനികൾ, കപ്പല്‍ ഇടനിലക്കാര്‍, കപ്പൽ ഗുണനിലവാര നിർണയ ഏജൻസികൾ,  അന്താരാഷ്ട്ര സംഘടനകൾ എന്നിവരുമായി മന്ത്രാലയം പതിവുചർച്ചകൾ നടത്തുന്നു.

 

യൂറോപ്യൻ യൂണിയൻ കപ്പൽ പുനരുപയോഗ നിയന്ത്രണങ്ങളിൽ ഉൾപ്പെടുത്തൽ:

യൂറോപ്യൻ യൂണിയൻ അംഗീകരിച്ച കപ്പൽ പുനരുപയോഗ ശാലകളുടെ പട്ടികയിൽ ഇന്ത്യൻ കപ്പല്‍ പുനരുപയോഗ ശാലകളെ ഉൾപ്പെടുത്തുന്നതിന് കേന്ദ്ര ഗവണ്‍മെൻ്റ്  സജീവമായി ശ്രമിച്ചുവരികയാണ്. ഇതിനാവശ്യമായ അനുമതികൾ സുഗമമാക്കാന്‍‌ ബന്ധപ്പെട്ട അധികാരികളുമായി നിരന്തരം ചർച്ചകൾ നടത്തുന്നുണ്ട്.  

 

അലാങ് കപ്പൽ പുനരുപയോഗ ശാലയുടെ വികസനം: 

അലാങ് കപ്പൽ പുനരുപയോഗ ശാലയുടെ ആസൂത്രിത വികസനത്തിലൂടെ ഇന്ത്യയുടെ കപ്പൽ പുനരുപയോഗ ശേഷി ഏകദേശം 9 മില്യൺ ലൈറ്റ് ഡിസ്പ്ലേസ്മെൻ്റ്  ടണ്ണായി  ഇരട്ടിയാക്കാൻ രാജ്യം ലക്ഷ്യമിടുന്നു. ഭാവി ആവശ്യകതകളെ പിന്തുണയ്ക്കാനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും ആഗോള വിപണിയിൽ ഇന്ത്യയുടെ മത്സരശേഷി വർധിപ്പിക്കാനും ഗുജറാത്ത് ഗവണ്‍മെൻ്റ്  ഒരു സമഗ്ര മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്.

 

ശക്തമായ വളർച്ചാ സാധ്യതകൾ

ബാൾട്ടിക് ആൻഡ് ഇന്റർനാഷണൽ മാരിടൈം കൗൺസിലിൻ്റെ കണക്കനുസരിച്ച് അടുത്ത പതിറ്റാണ്ടില്‍ ആഗോളതലത്തിൽ 16,000-ത്തിലധികം കപ്പലുകൾ പുനരുപയോഗം ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ 35.4 ശതമാനം വിപണി വിഹിതമുള്ള ഇന്ത്യക്ക് കപ്പൽ പുനരുപയോഗ ശേഷി തുടർന്നും വർധിപ്പിച്ച്  പ്രതിവർഷം ഏകദേശം 500 മുതൽ 600 വരെ കപ്പലുകൾ പുനരുപയോഗം ചെയ്യാൻ സാധിക്കുന്ന മികച്ച സാഹചര്യമുണ്ട്.

 

സുസ്ഥിര കപ്പൽ പുനരുപയോഗത്തിൻ്റെ ഭാവി

സുസ്ഥിരത, നിയന്ത്രണ പരിഷ്കാരങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, വ്യവസായ മേഖലകളുടെ കൂട്ടായ്മ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നടത്തിയ ഏകോപിത തന്ത്രത്തിൻ്റെ ഫലമായാണ് ആഗോള കപ്പൽ പുനരുപയോഗ രംഗത്ത് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്. ശക്തമായ ഭാവി ആവശ്യകതകളും അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെ കൃത്യമായ പാലനവും തുടർച്ചയായ ഗവൺമെൻ്റ് പിന്തുണയും ഉറപ്പാക്കി ചാക്രിക സമ്പദ്‍വ്യവസ്ഥയുടെയും  സുസ്ഥിര സമുദ്ര വികസനത്തിൻ്റെയും ലക്ഷ്യങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിനൊപ്പം കപ്പൽ പുനരുപയോഗ രംഗത്തെ  നേതൃസ്ഥാനം കൂടുതൽ ശക്തിപ്പെടുത്താനും ഇന്ത്യക്ക് സാധിക്കും.

 

***


(रिलीज़ आईडी: 2276827) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: Kannada , Assamese , English , Urdu , Marathi , हिन्दी , Gujarati , Tamil