ആയുഷ്‌
azadi ka amrit mahotsav

ഈ വര്‍ഷത്തെ അന്താരാഷ്ട്ര യോഗാ ദിനാഘോഷങ്ങൾക്ക് കൊൽക്കത്തയിലെ ചരിത്രപ്രസിദ്ധമായ റെഡ് റോഡിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നേതൃത്വം നൽകും

प्रविष्टि तिथि: 20 JUN 2026 4:20PM by PIB Thiruvananthpuram

12-ാമത് അന്താരാഷ്ട്ര യോഗാ ദിനാഘോഷങ്ങൾക്ക് രാജ്യം പൂർണസജ്ജം. ജൂൺ 21-ന് പശ്ചിമ ബംഗാളിലെ കൊൽക്കത്തയില്‍ ചരിത്രപ്രസിദ്ധമായ റെഡ് റോഡാണ് പ്രധാന ദേശീയതല ആഘോഷങ്ങൾക്ക് വേദിയാകുന്നത്. ആരോഗ്യത്തിൻ്റെയും ക്ഷേമത്തിൻ്റെയും ആഗോള പ്രസ്ഥാനമായി യോഗയെ പ്രോത്സാഹിപ്പിക്കുന്ന ഇന്ത്യയുടെ ശ്രമങ്ങളിലെ മറ്റൊരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പൊതു യോഗാ പ്രോട്ടോക്കോൾ അധിഷ്ഠിത പരിശീലനത്തിന് നേതൃത്വം നല്‍കും.  

റെഡ് റോഡിലെ ദേശീയതല ആഘോഷങ്ങൾ പുലർച്ചെ അഞ്ചിന്  ആരംഭിക്കും. ആയിരക്കണക്കിന് യോഗാ പ്രേമികൾ ഈ വേദിയിൽ പങ്കുചേരുമ്പോള്‍ രാജ്യത്തിൻ്റെ വിവിധ കോണുകളില്‍നിന്നും വിദേശത്തുനിന്നും ദശലക്ഷക്കണക്കിന് പൗരന്മാർ ഡിജിറ്റൽ മാധ്യമങ്ങളിലൂടെ യോഗ ദിനാചരണത്തിൻ്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആരോഗ്യം, ഐക്യം, കൂട്ടായ ക്ഷേമം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ആഗോള പ്രസ്ഥാനമെന്ന നിലയിൽ യോഗയുടെ വർധിച്ചുവരുന്ന പങ്കിനെ ചടങ്ങ് അടയാളപ്പെടുത്തും.  

“ആരോഗ്യകരമായ വാർധക്യത്തിന് യോഗ” എന്നതാണ് 2026-ലെ അന്താരാഷ്ട്ര യോഗാ ദിന പ്രമേയം. ആരോഗ്യപൂര്‍ണവും സജീവവും അന്തസ്സാര്‍ന്നതുമായ വാർധക്യത്തിന് യോഗയെ ആജീവനാന്ത ശീലമായി സ്വീകരിക്കേണ്ടതിൻ്റെ പ്രാധാന്യം പ്രമേയം എടുത്തുകാണിക്കുന്നു. ശാരീരികോന്മേഷവും മാനസിക കരുത്തും വൈകാരിക സന്തുലിതാവസ്ഥയും മെച്ചപ്പെടുത്തുന്ന  പ്രതിരോധാത്മക ആരോഗ്യ പരിരക്ഷാ സമീപനമെന്ന നിലയിൽ യോഗയുടെ സംഭാവനകളെ പ്രമേയം അടിവരയിടുന്നു.

പ്രധാന ആഘോഷങ്ങൾക്ക് മുന്നോടിയായി ആയുഷ് മന്ത്രാലയത്തിൻ്റെ 'യോഗ സംഗമം' പോർട്ടൽ സുപ്രധാന നാഴികക്കല്ല് കൈവരിച്ചു. പോർട്ടലിൽ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ 6 ലക്ഷം പിന്നിടുകയും എണ്ണം ക്രമാനുഗതമായി ഉയർന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. യോഗയെ  യഥാർത്ഥ ജനകീയ പ്രസ്ഥാനമാക്കി മാറ്റുന്നതിൽ വിവിധ സ്ഥാപനങ്ങളുടെയും സമൂഹങ്ങളുടെയും പൗരന്മാരുടെയും ആവേശം ഈ മികച്ച പ്രതികരണത്തില്‍ പ്രകടമാണ്. 

ഈ വര്‍ഷത്തെ അന്താരാഷ്ട്ര യോഗാ ദിനം ശ്രദ്ധേയമായ ആഗോള പങ്കാളിത്തത്തിനാണ് സാക്ഷ്യംവഹിക്കുന്നത്. ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിൻ്റെ ഏകോപിത ശ്രമങ്ങളിലൂടെ വിദേശത്തെ 210-ലേറെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങള്‍ ലോകമെങ്ങും ഏകദേശം 2,500 കേന്ദ്രങ്ങളിൽ യോഗാ ദിനാഘോഷങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ഇന്ത്യയുടെ പൗരാണിക ജ്ഞാനത്തിൽ വേരൂന്നിയ യോഗ എങ്ങനെ സമഗ്ര ക്ഷേമത്തിൻ്റെ ആഗോള പ്രസ്ഥാനമായി മാറിയെന്നതിൻ്റെ തെളിവാണിത്.  

യോഗാ ദിനത്തിന് സാംസ്കാരിക മാനം നൽകി കേന്ദ്ര സാംസ്കാരിക മന്ത്രാലയം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുമായി സഹകരിച്ച് രാജ്യത്തെ 100 ചരിത്രപ്രസിദ്ധ കേന്ദ്രങ്ങളിൽ പ്രത്യേക യോഗാ ദിനാഘോഷങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ഇന്ത്യയുടെ സമ്പന്ന സാംസ്കാരിക പൈതൃകത്തെയും ചരിത്ര മുദ്രകളെയും യോഗ പാരമ്പര്യങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന ഈ സംരംഭത്തിൻ്റെ ഭാഗമായി ന്യൂഡൽഹിയിലെ ചെങ്കോട്ട, ഉത്തരാഖണ്ഡിലെ ഹരിദ്വാർ, ഒഡീഷയിലെ കൊണാർക്, കർണാടകയിലെ ഹംപി, തമിഴ്‌നാട്ടിലെ മഹാബലിപുരം, മഹാരാഷ്ട്രയിലെ മുംബൈ, ബീഹാറിലെ നളന്ദ, ഗുജറാത്തിലെ അഹമ്മദാബാദ്, ഉത്തർപ്രദേശിലെ സാരനാഥ്, ലഡാക്കിലെ ലേ, തെലങ്കാനയിലെ ഹൈദരാബാദ്, അസമിലെ സിൽചാർ എന്നിവയുൾപ്പെടെ 12 പ്രമുഖ കേന്ദ്രങ്ങളിൽ പ്രധാന ആഘോഷങ്ങൾ സംഘടിപ്പിക്കും. യോഗ രാജ്യത്തിൻ്റെ സാംസ്കാരിക സ്വത്വത്തിൻ്റെ അവിഭാജ്യ ഘടകമാണെന്ന് വ്യക്തമാക്കുന്നതിനൊപ്പം രാജ്യത്തിൻ്റെ നാഗരിക പൈതൃകം ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നു.

പൊതു യോഗാ പ്രോട്ടോക്കോൾ പരിശീലന സെഷനിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്കൊപ്പം പങ്കുചേരാനും സ്വന്തം യോഗ പരിശീലന നിമിഷങ്ങൾ ക്യാമറയിൽ പകർത്തി സമൂഹമാധ്യമങ്ങളില്‍  പങ്കിടാനും ഡിജിറ്റൽ മാധ്യമങ്ങളിലൂടെ യോഗാ ദിനാഘോഷത്തിൽ പങ്കാളികളാകുന്ന പൗരന്മാരോട് ആഹ്വാനം ചെയ്യുന്നു. ഇന്ത്യയുടെ കൂട്ടായ യോഗ ആഘോഷം ലോകത്തെ കാണിക്കാൻ ഇത് സഹായിക്കും.

ജൂൺ 21-ന് പുലർച്ചെ അഞ്ചുമുതൽ കൊൽക്കത്തയിലെ റെഡ് റോഡിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ വിപുലമായ പങ്കാളിത്തം ഉറപ്പാക്കാന്‍ ആയുഷ് മന്ത്രാലയം സമൂഹത്തിൻ്റെ വിവിധ തുറകളിലെ ജനങ്ങളെ ക്ഷണിച്ചിട്ടുണ്ട്. പങ്കാളികൾക്ക് വേദിയിൽ 'ആയുഷ് ആഹാർ' അനുഭവിച്ചറിയാന്‍ ഒരുക്കുന്ന അവസരം സമഗ്രാരോഗ്യത്തിൻ്റെയും ക്ഷേമത്തിൻ്റെയും സന്ദേശം പകരും.  

“ആരോഗ്യകരമായ വാർധക്യത്തിന് യോഗ” എന്ന സന്ദേശം ശക്തിപ്പെടുത്താനും യോഗയെ ഒരു ജീവിതരീതിയായി സ്വീകരിക്കുന്നതിന് ലോകമെങ്ങും ജനങ്ങളെ പ്രചോദിപ്പിക്കാനും 12-ാമത് അന്താരാഷ്ട്ര യോഗാ ദിനാഘോഷം ലക്ഷ്യമിടുന്നു.

****


(रिलीज़ आईडी: 2275770) आगंतुक पटल : 9
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Assamese , Gujarati , Telugu , Kannada