മുംബൈ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രേക്ഷകരെ ആകർഷിച്ച് NFDC-NFAI ശേഖരത്തില്‍നിന്ന് പുനഃസൃഷ്ടിച്ച ക്ലാസിക് ഡോക്യുമെന്ററികൾ
ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷന് കീഴിലെ നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യയുടെ ശേഖരത്തിൽനിന്ന് പുനഃസൃഷ്ടിച്ച അഞ്ച് ക്ലാസിക് ഡോക്യുമെന്ററികൾ 19-ാമത് മുംബൈ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ "NFAI അവതരിപ്പിക്കുന്ന പുനഃസൃഷ്ടിച്ച ക്ലാസിക്കുകള്‍" എന്ന പ്രത്യേക മത്സരേതര വിഭാഗത്തിൽ പ്രദർശിപ്പിച്ചു. രാജ്യത്തിന്റെ ചലച്ചിത്ര പൈതൃകം സംരക്ഷിക്കാനും പുനഃസൃഷ്ടിക്കാനും കേന്ദ്ര ഗവണ്‍മെന്റ് ആവിഷ്കരിച്ച മുൻനിര സംരംഭമായ ദേശീയ ചലച്ചിത്ര പൈതൃക ദൗത്യത്തിന് (NFHM) കീഴിലാണ് തിരഞ്ഞെടുക്കപ്പെട്ട എല്ലാ ചിത്രങ്ങളും പുനഃസൃഷ്ടിച്ചത്.
മുന്‍പ് ഫിലിംസ് ഡിവിഷൻ നിർമിച്ച അഞ്ച് സുപ്രധാന ഡോക്യുമെന്ററികളാണ് ബുധനാഴ്ച വൈകിട്ട് പ്രദർശിപ്പിച്ച ഈ വിഭാഗത്തില്‍ ഉൾപ്പെടുത്തിയിരുന്നത്. ഇന്ത്യയുടെ സാംസ്കാരികവും കലാപരവും സാമൂഹ്യവുമായ പൈതൃകം അടയാളപ്പെടുത്തുന്ന ചിത്രങ്ങൾ രാജ്യത്തിന്റെ സുപ്രധാന ഭൂതകാല നിമിഷങ്ങളിലേക്കും വ്യക്തിത്വങ്ങളിലേക്കും തിരിഞ്ഞുനോക്കാൻ സമകാലിക പ്രേക്ഷകർക്ക് അവസരമൊരുക്കി.
ഡോക്യുമെന്ററികളിൽ മൂന്നെണ്ണം മഹാത്മാഗാന്ധി, ബീഗം അക്തർ, പണ്ഡിറ്റ് രവിശങ്കർ എന്നീ പ്രമുഖ വ്യക്തിത്വങ്ങളെക്കുറിച്ചാണ്. മറ്റ് രണ്ട് ഡോക്യുമെന്ററികൾ കൽക്കട്ടയുടെയും ഇന്ത്യയിലെ ഗോത്രവർഗ സമൂഹങ്ങളുടെയും ദൃശ്യാവിഷ്കാരങ്ങളാണ്.
മഹാത്മാ: ലൈഫ് ഓഫ് ഗാന്ധി 1869–1948 (ഭാഗം I)
വിഥൽഭായ് കെ. ഝാവേരി സംവിധാനം ചെയ്ത് 1968-ൽ നിർമിച്ച ഈ ഇംഗ്ലീഷ് ഡോക്യുമെന്ററിയില്‍ മഹാത്മാഗാന്ധിയുടെ ജീവിതത്തിന്റെയും പ്രവർത്തനങ്ങളുടെയും സമഗ്ര വിവരണം അവതരിപ്പിക്കാന്‍ പഴയ ശേഖരത്തിലെ ദൃശ്യങ്ങളെ വിപുലമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മഹാത്മാഗാന്ധിയുടെ ജീവിതത്തിന്റെയും പ്രവർത്തനങ്ങളുടെയും വിലപ്പെട്ട ചരിത്രരേഖ ഈ ചിത്രം സമ്മാനിക്കുന്നു.

ബീഗം അക്തർ
ഫിലിംസ് ഡിവിഷൻ നിർമിച്ച് 1971-ൽ എൻ.കെ. ഇസ്സർ സംവിധാനം ചെയ്ത ഈ ഇംഗ്ലീഷ് ഡോക്യുമെന്ററി 'മല്ലിക-ഇ-ഗസൽ' എന്ന പേരില്‍ ആദരിക്കപ്പെടുന്ന ഇതിഹാസ ഗായിക ബീഗം അക്തറിന്റെ ജീവിതത്തിന്റെയും കലയുടെയും വിവിധ തലങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്. വീട്ടില്‍ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലുള്ള ദൃശ്യങ്ങളിലൂടെയും വേദികളിലെ പ്രകടനങ്ങളിലൂടെയും പ്രശസ്ത ഗസൽ-തുമ്രി കലാകാരിയുടെ ജീവിതം പകർത്തിവെയ്ക്കുന്നതാണ് ഈ ചിത്രം.

രവിശങ്കർ
പ്രമോദ് പതി സംവിധാനം ചെയ്ത് 1970-ൽ നിർമിച്ച ഈ ജീവചരിത്ര ഡോക്യുമെന്ററി ഇതിഹാസ സിത്താർ വിദ്വാൻ പണ്ഡിറ്റ് രവിശങ്കറിന്റെ ജീവിതത്തെയും സര്‍ഗാത്മക യാത്രയെയും ദൃശ്യവൽക്കരിക്കുന്നു. ക്ലാസിക്കൽ സംഗീതജ്ഞനും സംഗീതസംവിധായകനും ഇന്ത്യൻ സംഗീതത്തിന്റെ സാംസ്കാരിക അംബാസഡറുമായിരുന്ന അദ്ദേഹത്തിന്റെ ജീവിത തലങ്ങള്‍ അഭിമുഖങ്ങളിലൂടെയും കച്ചേരി ദൃശ്യങ്ങളിലൂടെയും ചിത്രം അവതരിപ്പിക്കുന്നു.

പോർട്രെയ്റ്റ് ഓഫ് എ സിറ്റി
ചിദാനന്ദ ദാസ്ഗുപ്ത 1961-ൽ സംവിധാനം ചെയ്ത ഈ ഡോക്യുമെന്ററിയില്‍ അന്നത്തെ കൽക്കട്ട നഗരത്തിന്റെ ആകർഷകമായ ദൃശ്യാവിഷ്കാരം കാണാം. ഫാക്ടറികൾ, പത്ര ഓഫീസുകൾ, നദികൾ, കുതിരപ്പന്തയ മൈതാനങ്ങൾ എന്നിവയുടെ ദൃശ്യങ്ങളിലൂടെയും പശ്ചാത്തല സംഗീതത്തിലൂടെയും സ്വാഭാവിക ശബ്ദങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും തിരക്കേറിയ ഒരു നഗരജീവിതത്തിന്റെ താളവും പ്രകൃതവും ഈ ചിത്രം പകർത്തിവെയ്ക്കുന്നു.

അവർ ഒറിജിനൽ ഇൻഹബിറ്റന്റ്സ്
ജഗത് മുരാരി സംവിധാനം ചെയ്ത് 1953-ൽ നിർമിച്ച ഈ ഇംഗ്ലീഷ് ഡോക്യുമെന്ററി ഇന്ത്യയിലെ വൈവിധ്യമാർന്ന ഗോത്രവർഗ സമൂഹങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നു. 12 മിനിറ്റിൽ താഴെ ദൈര്‍ഘ്യത്തില്‍ രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന 172 ഗോത്രവർഗ വിഭാഗങ്ങളില്‍ ചിലരുടെ സവിശേഷ സാംസ്കാരിക രീതികൾ, വസ്ത്രധാരണം, ആഭരണങ്ങൾ, സംഗീതം, നൃത്ത പാരമ്പര്യങ്ങൾ എന്നിവ ചിത്രം എടുത്തുകാണിക്കുന്നു.

ഭാവി തലമുറകൾക്കുവേണ്ടി ചിത്രങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം പ്രദർശനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെഷനിൽ ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടർ ശ്രീ. പ്രകാശ് മഗ്ദൂം വിശദീകരിച്ചു. ചലച്ചിത്ര സംരക്ഷണത്തിലൂടെ സിനിമാ ചരിത്രം നവപ്രേക്ഷകർക്കും ഭാവി തലമുറകൾക്കും പ്രാപ്യമാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്നത്തെ പല പ്രമുഖ അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും പുനഃസൃഷ്ടിച്ച ക്ലാസിക്കുകൾക്ക് പ്രത്യേക വിഭാഗങ്ങൾ ഉൾപ്പെടുത്താറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2026-ലെ മുംബൈ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഈ ചിത്രങ്ങൾ ഉൾപ്പെടുത്തിയത് ഡോക്യുമെന്ററി, നോൺ-ഫിക്ഷൻ സിനിമകളുടെ ലോകത്തെ ഏറ്റവും സമ്പന്ന ശേഖരങ്ങളിലൊന്നായ ഫിലിംസ് ഡിവിഷൻ ആർക്കൈവ്സിന്റെ എക്കാലത്തെയും പ്രാധാന്യം എടുത്തുകാട്ടുന്നു. ദേശീയ ചലച്ചിത്ര പൈതൃക ദൗത്യത്തിന് കീഴില്‍ സാധ്യമാക്കിയ അത്യാധുനിക പുനഃസൃഷ്ടിയിലൂടെ ഈ ചിത്രങ്ങളുടെ യഥാർത്ഥ ചലച്ചിത്ര സ്വഭാവം ചോർന്നുപോകാതെ സമകാലിക പ്രേക്ഷകർക്കുമുന്നില്‍ അവ പുനരുജ്ജീവിപ്പിച്ചു.
ഇന്ത്യയുടെ ദൃശ്യ-ശ്രാവ്യ പൈതൃകം സംരക്ഷിക്കാനും ഭാവി തലമുറകൾക്ക് പ്രാപ്യമാക്കാനും NFDC-NFAI പ്രതിബദ്ധത ആവര്‍ത്തിക്കുന്നതാണ് ഈ പ്രദർശനങ്ങൾ. മുംബൈ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ പ്രത്യേക അവതരണം സമകാലിക ഡോക്യുമെന്ററി-ചലച്ചിത്ര നിർമാണത്തെയും ഇന്ത്യയുടെ സമ്പന്ന ചലച്ചിത്ര പൈതൃകം സംരക്ഷിക്കുന്നതിനെയും ഒരുപോലെ ആഘോഷിക്കുന്ന വേദിയെന്ന നിലയിൽ ചലച്ചിത്രമേളയുടെ പങ്കിനെ കൂടുതൽ ശക്തിപ്പെടുത്തുന്നു.
മുംബൈ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ പ്രതിദിന പരിപാടികളുടെ പത്രക്കുറിപ്പുകളും മികച്ച ചിത്രങ്ങളും ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
****
रिलीज़ आईडी:
2275515
| Visitor Counter:
3