|
പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
പശ്ചിമേഷ്യയിലെ സമീപകാല സംഭവവികാസങ്ങളിൽ അന്തർ മന്ത്രാലയ വാർത്താസമ്മേളനം
കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ ഏകദേശം 1.36 കോടി എൽപിജി സിലിണ്ടറുകളുടെ ബുക്കിംഗിലായി ഏകദേശം 1.47 കോടി എൽപിജി സിലിണ്ടറുകൾ വിതരണം ചെയ്തു
प्रविष्टि तिथि:
18 JUN 2026 4:57PM by PIB Thiruvananthpuram
പശ്ചിമേഷ്യയിൽ ഉരുത്തിരിയുന്ന സാഹചര്യങ്ങൾക്കിടയിലും, കൃത്യമായ വിവരങ്ങൾ പങ്കുവെച്ചുകൊണ്ട് പൗരന്മാരെ ബോധവൽക്കരിക്കാനുള്ള ശ്രമങ്ങൾ കേന്ദ്ര ഗവണ്മെൻ്റ് തുടർന്നുപോരുന്നു. ഇതിൻ്റെ ഭാഗമായി ഇന്ന് നാഷണൽ മീഡിയ സെൻ്ററിൽ ഒരു വാർത്താസമ്മേളനം സംഘടിപ്പിച്ചു. പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയത്തിലെയും തുറമുഖ-കപ്പൽ ഗതാഗത-ജലപാത മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥർ ഇന്ധന ലഭ്യത, കപ്പൽ ഗതാഗത പ്രവർത്തനങ്ങൾ, പ്രധാന മേഖലകളിൽ സ്ഥിരത നിലനിർത്താൻ സ്വീകരിക്കുന്ന നടപടികൾ എന്നിവയെക്കുറിച്ച് യോഗത്തിൽ വിശദീകരിച്ചു.
ഊർജ്ജ വിതരണവും ഇന്ധന ലഭ്യതയും
പശ്ചിമേഷ്യയിൽ ഉരുത്തിരിയുന്ന സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ, പെട്രോളിയം ഉൽപന്നങ്ങളുടെയും എൽ.പി.ജിയുടെയും തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കാൻ സ്വീകരിക്കുന്ന നടപടികൾ, നിലവിലെ ഇന്ധന വിതരണ സാഹചര്യം എന്നിവയിൽ പുതിയ വിവരങ്ങൾ പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം നൽകി.
അസംസ്കൃത എണ്ണയുടെ സ്ഥിതിയും റിഫൈനറി പ്രവർത്തനങ്ങളും
- എല്ലാ എണ്ണ ശുദ്ധീകരണശാലകളും ആവശ്യത്തിന് അസംസ്കൃത എണ്ണയുടെ സംഭരണത്തോടെ പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കുന്നുണ്ട്. ഒപ്പം പെട്രോൾ, ഡീസൽ എന്നിവയുടെ സംഭരണവും ആവശ്യത്തിനുണ്ട്.
- ആഭ്യന്തര ഉപഭോഗത്തെ പിന്തുണയ്ക്കുന്നതിനായി റിഫൈനറികളിൽ നിന്നുള്ള ആഭ്യന്തര എൽ.പി.ജി ഉത്പാദനം വർദ്ധിപ്പിച്ചു.
- ആഭ്യന്തര വിപണിയിൽ പെട്രോകെമിക്കൽ ഫീഡ്‌സ്റ്റോക്ക് ലഭ്യത ഉറപ്പാക്കുന്നതിനായി മന്ത്രാലയങ്ങൾ തമ്മിലുള്ള ഒരു സംയുക്ത പ്രവർത്തക സമിതി രൂപീകരിച്ചിട്ടുണ്ട്. നിർണായക മേഖലകൾക്കായി സെൻ്റർ ഫോർ ഹൈ ടെക്നോളജി (CHT) നിശ്ചിത മിനിമം അളവിൽ C3, C4 സംയുക്തങ്ങൾ ലഭ്യമാക്കാൻ പെട്രോകെമിക്കൽ കോംപ്ലക്സുകൾ ഉൾപ്പെടെയുള്ള എണ്ണ ശുദ്ധീകരണ കമ്പനികൾക്ക് കേന്ദ്ര ഗവണ്മെൻ്റ് 01.04.2026-ലെ ഉത്തരവ് വഴി അനുമതി നൽകിയിട്ടുണ്ട്.
- ഫാർമസ്യൂട്ടിക്കൽസ്, കെമിക്കൽസ് ആൻഡ് പെട്രോ കെമിക്കൽസ് (DCPC), പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇൻ്റേണൽ ട്രേഡ് (DPIIT) എന്നീ വകുപ്പുകളിൽ നിന്ന് ലഭിച്ച അഭ്യർത്ഥനകളുടെ അടിസ്ഥാനത്തിൽ ഫാർമ, കെമിക്കൽ, പെയിൻ്റ് മേഖലയിലെ കമ്പനികൾക്കായി എൽ.പി.ജി പൂളിൽ നിന്ന് പ്രതിദിനം 1120 മെട്രിക് ടൺ C3-C4 സംയുക്തങ്ങൾ ലഭ്യമാക്കാൻ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
- 2026 ജൂൺ 1 മുതൽ, മുംബൈ, കൊച്ചി, വിശാഖപട്ടണം , ചെന്നൈ, മഥുര, ഗുജറാത്ത് റിഫൈനറികൾ കെമിക്കൽ, ഫാർമ, പെയിൻ്റ് വ്യവസായങ്ങൾക്കായി 7630 മെട്രിക് ടണ്ണിലധികം C3-C4 സംയുക്തങ്ങളും (പ്രൊപിലീൻ, ബ്യൂട്ടിലീൻ ഉൾപ്പെടെ) ഏകദേശം 6230 മെട്രിക് ടൺ ബ്യൂട്ടൈൽ അക്രിലേറ്റും വിറ്റഴിച്ചിട്ടുണ്ട്.
റീട്ടെയിൽ ഇന്ധന ലഭ്യതയും വില നിയന്ത്രണ നടപടികളും
- രാജ്യത്തുടനീളമുള്ള എല്ലാ റീട്ടെയിൽ ഔട്ട്‌ലെറ്റുകളും സാധാരണ നിലയിൽ പ്രവർത്തിക്കുന്നു.
- പശ്ചിമേഷൻ പ്രതിസന്ധി അസംസ്കൃത എണ്ണയുടെ വിലയിൽ അസാധാരണമായ വർദ്ധനയ്ക്ക് കാരണമായി; എങ്കിലും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി കേന്ദ്ര ഗവണ്മെൻ്റ് പെട്രോളിൻ്റെയും ഡീസലിൻ്റെയും എക്സൈസ് തീരുവ ലിറ്ററിന് 10 രൂപ വീതം കുറച്ചു.
- ഡീസലിൻ്റെ കയറ്റുമതി തീരുവ ലിറ്ററിന് 13.50 രൂപയിൽ നിന്ന് 14 രൂപയായും എടിഎഫിന് 9.5 രൂപയിൽ നിന്ന് 12.5 രൂപയായും വർദ്ധിപ്പിച്ചതായി 15.06.2026 ലെ ഗസറ്റ് വിജ്ഞാപനത്തിലൂടെ ഇന്ത്യാ ഗവണ്മെൻ്റ് അറിയിച്ചു. അതേസമയം, പെട്രോളിൻ്റെ കയറ്റുമതി തീരുവ ലിറ്ററിന് 1.5 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു.
- രാജ്യത്തെ എല്ലാ പെട്രോൾ പമ്പുകളിലും ആവശ്യത്തിന് പെട്രോളും ഡീസലും ലഭ്യമാണ്.
പ്രകൃതി വാതക വിതരണവും പി.എൻ.ജി വിപുലീകരണ നടപടികളും
- ഉപഭോക്താക്കൾക്ക് മുൻഗണന നൽകിക്കൊണ്ട് ഡി-പി.എൻ.ജി, സി.എൻ.ജി-ട്രാൻസ്പോർട്ട് എന്നിവയ്ക്ക് 100% വിതരണം ഉറപ്പാക്കിയിട്ടുണ്ട്.
- നിലവിൽ പ്രവർത്തനക്ഷമമായ യൂറിയ പ്ലാൻ്റുകളിലേക്കുള്ള വാതക വിതരണം, കഴിഞ്ഞ ആറ് മാസത്തെ അവരുടെ ശരാശരി ഉപഭോഗത്തിൻ്റെ 100 ശതമാനത്തോളമാണ്.
- സി.ജി.ഡി ശൃംഖലകൾ വഴിയുള്ള വിതരണം ഉൾപ്പെടെ മറ്റ് വ്യാവസായിക, വാണിജ്യ മേഖലകളിലേക്കുള്ള വാതക വിതരണം 80% വരെ വർദ്ധിപ്പിച്ചിട്ടുണ്ട്.
- വാണിജ്യ എൽ.പി.ജിയുടെ ലഭ്യതയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിനായി, സി.ജി.ഡി സ്ഥാപനങ്ങളുടെ പരിധിയിലുള്ള ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ, കാൻ്റീനുകൾ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങൾക്ക് പി.എൻ.ജി കണക്ഷനുകൾ നൽകുന്നതിന് മുൻഗണന നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
- സി.ജി.ഡി ശൃംഖല വിപുലീകരിക്കുന്നതിന് ആവശ്യമായ അപേക്ഷകൾക്ക് വേഗത്തിൽ അനുമതി നൽകാൻ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ ഗവണ്മെൻ്റുകളോടും കേന്ദ്ര മന്ത്രാലയങ്ങളോടും കേന്ദ്ര ഗവണ്മെൻ്റ് അഭ്യർത്ഥിച്ചു.
- എൽ.പി.ജിയിൽ നിന്ന് പി.എൻ.ജിയിലേക്കുള്ള ദീർഘകാല മാറ്റത്തിന് സഹായിക്കുകയാണെങ്കിൽ, സംസ്ഥാനങ്ങൾക്ക് 10% അധിക വാണിജ്യ എൽ.പി.ജി വിഹിതം വാഗ്ദാനം ചെയ്ത് 18.03.2026-ലെ കത്ത് വഴി കേന്ദ്ര ഗവണ്മെൻ്റ് എല്ലാ സംസ്ഥാനങ്ങൾക്കും/കേന്ദ്രഭരണ പ്രദേശങ്ങൾക്കും കത്ത് നൽകിയിട്ടുണ്ട്.
- പി.എൻ.ജി വിപുലീകരണ പരിഷ്കാരങ്ങളുമായി ബന്ധപ്പെടുത്തി 22 സംസ്ഥാനങ്ങൾക്ക്/കേന്ദ്രഭരണ പ്രദേശങ്ങൾക്ക് നിലവിൽ അധിക വാണിജ്യ എൽ.പി.ജി വിഹിതം ലഭിക്കുന്നുണ്ട്.
- ശുദ്ധവും സുരക്ഷിതവും സ്വയംപര്യാപ്തവുമായ ഒരു ഊർജ്ജ ഭാവി പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ഗവണ്മെൻ്റ് ഒരു മാതൃക 'സി.ബി.ജി സംസ്ഥാന നയം' തയ്യാറാക്കിയിട്ടുണ്ട്. സി.ബി.ജി വികസനത്തിനായി നിക്ഷേപസൗഹൃദവും നടപ്പിലാക്കാൻ എളുപ്പമുള്ളതുമായ ഒരു സാഹചര്യം സൃഷ്ടിക്കാൻ സംസ്ഥാനങ്ങളെ പ്രാപ്തരാക്കുന്ന സമഗ്രവും സുഗമവുമായ ഒരു മാർഗ്ഗനിർദ്ദേശ ചട്ടക്കൂടായി ഇത് പ്രവർത്തിക്കും. ഈ നയം തിരഞ്ഞെടുക്കുന്ന സംസ്ഥാനങ്ങൾക്ക് അടുത്ത ഘട്ട അധിക വാണിജ്യ എൽ.പി.ജി വിഹിതം നൽകുന്നതിൽ മുൻഗണന ലഭിക്കും.
- 2026 മാർച്ച് മുതൽ ഏകദേശം 10.02 ലക്ഷം പി.എൻ.ജി കണക്ഷനുകളിൽ വാതകം ലഭ്യമാക്കുകയും അധികമായി 3.22 ലക്ഷം കണക്ഷനുകൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുകയും ചെയ്തു. ഇതോടെ ആകെ കണക്ഷനുകൾ 13.24 ലക്ഷമായി ഉയർന്നു. കൂടാതെ, പുതിയ കണക്ഷനുകൾക്കായി ഏകദേശം 9.94 ലക്ഷം ഉപഭോക്താക്കൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
എൽപിജി വിതരണം
ഗാർഹിക എൽപിജി വിതരണ സ്ഥിതി:
- നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യം എൽപിജി വിതരണത്തെ ഇപ്പോഴും ബാധിക്കുന്നുണ്ട്.
- ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽപിജി വിതരണത്തിന് മുൻഗണന നല്കിയിട്ടുണ്ട്.
- എൽപിജി വിതരണ കേന്ദ്രങ്ങളിലൊന്നും ഇന്ധനം തീർന്നതായി റിപ്പോർട്ട് ചെയ്തിട്ടില്ല.
- വ്യവസായ അടിസ്ഥാനത്തിലുള്ള ഓൺലൈൻ എൽപിജി സിലിണ്ടർ ബുക്കിംഗ് ഇന്നലെ ഏകദേശം 99 ശതമാനമായി വർദ്ധിച്ചു.
- വിതരണത്തിലെ ക്രമക്കേടുകൾ തടയുന്നതിനായി, ഡെലിവറി ഓതൻ്റിക്കേഷൻ കോഡ് അടിസ്ഥാനമാക്കിയുള്ള വിതരണം ഏകദേശം 96 ശതമാനമായി ഉയർത്തിയിട്ടുണ്ട്. ഉപഭോക്താവിൻ്റെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലാണ് ഡിഎസി ലഭിക്കുന്നത്.
- കഴിഞ്ഞ 3 ദിവസത്തിനിടെ ഏകദേശം 1.36 കോടി എൽപിജി സിലിണ്ടറുകളുടെ ബുക്കിംഗ് നടന്നപ്പോൾ 1.47 കോടിയോളം സിലിണ്ടറുകളാണ് ഉപഭോക്താക്കൾക്ക് വിതരണം ചെയ്തത്.
വാണിജ്യ എൽപിജി വിതരണവും വിഹിതം സംബന്ധിച്ച നടപടികളും:
- മൊത്തം വാണിജ്യ എൽപിജി വിഹിതം പ്രതിസന്ധിക്ക് മുമ്പുണ്ടായിരുന്ന വിതരണത്തിൻ്റെ 70 ശതമാനമായി നിജപ്പെടുത്താൻ ഇന്ത്യാ ഗവണ്മെൻ്റ് തീരുമാനിച്ചു. ഇതിൽ 10 ശതമാനം പരിഷ്കരണങ്ങളുമായി ബന്ധപ്പെട്ട വിഹിതമാണ്.
കഴിഞ്ഞ 3 ദിവസത്തിനിടെ -
- ഏകദേശം 1.98 ലക്ഷം 5 കിലോഗ്രാം എഫ്.ടി.എൽ സിലിണ്ടറുകൾ വിറ്റഴിക്കപ്പെട്ടു.
- 1334 ക്യാമ്പുകളിലൂടെ 19,100-ലധികം 5 കിലോഗ്രാം എഫ്.ടി.എൽ സിലിണ്ടറുകൾ വിൽക്കാൻ സാധിച്ചു.
- മൊത്തം 22,945 മെട്രിക് ടൺ വാണിജ്യ എൽപിജി വിറ്റഴിക്കപ്പെട്ടു.
- പൊതുമേഖലാ എണ്ണക്കമ്പനികൾ വഴിയുള്ള ഓട്ടോ എൽപിജി വില്പന ഏകദേശം 928 മെട്രിക് ടണ്ണാണ്.
സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളുമായി ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങളും സ്ഥാപനപരമായ സംവിധാനങ്ങളും
- പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിതരണം നിരീക്ഷിക്കുന്നതിനും പൂഴ്ത്തിവെയ്പ്പ്, കരിഞ്ചന്ത എന്നിവയ്‌ക്കെതിരെ നടപടിയെടുക്കുന്നതിനും 1955-ലെ അവശ്യവസ്തു നിയമം, 2000-ലെ എൽപിജി നിയന്ത്രണ ഉത്തരവ് എന്നിവ പ്രകാരം സംസ്ഥാന സർക്കാരുകൾക്ക് അധികാരം നല്കിയിട്ടുണ്ട്.
- പെട്രോൾ, ഡീസൽ, എൽപിജി ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ വിതരണ സാഹചര്യം നിരീക്ഷിക്കുന്നതിലും നിയന്ത്രിക്കുന്നതിലും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പ്രധാന പങ്കുണ്ട്. കത്തുകളിലൂടെയും വീഡിയോ കോൺഫറൻസുകളിലൂടെയും കേന്ദ്ര ഗവണ്മെൻ്റ് ഇക്കാര്യം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
- രാജ്യത്ത് മതിയായ ഇന്ധന ലഭ്യതയുണ്ടെന്ന കാര്യം പൗരന്മാരെ ബോധ്യപ്പെടുത്തുന്നതിനായി സജീവമായ പൊതുജന സമ്പർക്കം നടത്തേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് കത്തുകളിലൂടെയും വീഡിയോ കോൺഫറൻസുകളിലൂടെയും ഇന്ത്യാ ഗവണ്മെൻ്റ് ഊന്നിപ്പറഞ്ഞിട്ടുണ്ട്.
- വ്യവസായ-വാണിജ്യ ഉപഭോക്താക്കൾ ചില്ലറ വില്പന കേന്ദ്രങ്ങൾ വഴി അനധികൃതമായി ഡീസൽ വാങ്ങുന്നത് തടയുന്നതിന്, എല്ലാ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും ചീഫ് സെക്രട്ടറിമാർക്ക് 26.05.2026-ലെ കത്ത് മുഖേന ഇന്ത്യാ ഗവണ്മെൻ്റ് നിർദ്ദേശം നല്കിയിട്ടുണ്ട്. ജില്ലാ അടിസ്ഥാനത്തിലുള്ള ഡീസൽ, പെട്രോൾ എന്നിവയുടെ വിതരണ രീതികൾ കൃത്യമായി നിരീക്ഷിക്കാനും വിലയിരുത്താനും സംസ്ഥാന/ജില്ലാ അധികാരികൾക്ക് ഉചിതമായ നിർദ്ദേശങ്ങൾ നല്കാൻ ഈ കത്തിൽ ആവശ്യപ്പെടുന്നു. കൂടാതെ, പ്രശ്നസാധ്യതയുള്ള പ്രദേശങ്ങളിലും പ്രധാന ഗതാഗത/വ്യാവസായിക ഇടനാഴികളിലും പരിശോധനകളും കർശന നടപടികളും ശക്തമാക്കാനും, നിയമലംഘകർക്കെതിരെ ഉടനടി ശിക്ഷാനടപടികൾ സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
പരിശോധനയും നിരീക്ഷണ നടപടികളും
- പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുടെ പൂഴ്ത്തിവെയ്പ്പും കരിഞ്ചന്തയും തടയുന്നതിനുള്ള കർശന പരിശോധനകൾ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുൾപ്പെടെ രാജ്യത്തുടനീളം തുടരുകയാണ്.
- എൽപിജി സംബന്ധിച്ച എൻഫോഴ്‌സ്‌മെൻ്റ് നടപടികൾ: കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 21 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്യുകയും, 6 പേരെ അറസ്റ്റ് ചെയ്യുകയും, 1056 സിലിണ്ടറുകൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
- അതുപോലെ, പൊതുമേഖലാ എണ്ണക്കമ്പനികളിലെ ഉദ്യോഗസ്ഥർ നടത്തുന്ന മിന്നൽ പരിശോധനകളും തുടരുകയാണ് -
- എൽപിജി: കഴിഞ്ഞ 3 ദിവസത്തിനിടെ ക്രമക്കേട് കണ്ടെത്തിയ 8 എൽപിജി വിതരണ കേന്ദ്രങ്ങൾക്ക് പിഴ ചുമത്തിയിട്ടുണ്ട്.
- ചില്ലറ വില്പന കേന്ദ്രങ്ങൾ — കഴിഞ്ഞ 3 ദിവസത്തിനിടെ വിപണി നിയന്ത്രണ ചട്ടങ്ങൾ ലംഘിച്ച 4 ചില്ലറ വില്പന കേന്ദ്രങ്ങൾക്ക് പിഴ ചുമത്തുകയും, 598 ചില്ലറ വില്പന കേന്ദ്രങ്ങളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഗവണ്മെൻ്റിൻ്റെ തയ്യാറെടുപ്പുകളും വിതരണ നിയന്ത്രണ നടപടികളും
- നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിലും, ഗാർഹിക എൽപിജി, ഗാർഹിക പിഎൻജി, സിഎൻജി (ഗതാഗതം) എന്നിവയുടെ വിതരണം നൂറു ശതമാനവും ഉറപ്പാക്കാൻ ഗവണ്മെൻ്റിന് സാധിച്ചിട്ടുണ്ട്.
- വാണിജ്യ എൽപിജി വിതരണത്തിൽ ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മുൻഗണന നല്കിയിട്ടുണ്ട്. ഇതിനുപുറമെ ഫാർമ, സ്റ്റീൽ, ഓട്ടോമൊബൈൽ, വിത്ത്, കൃഷി തുടങ്ങിയ മേഖലകൾക്കും മുൻഗണന നല്കുന്നുണ്ട്.
- അതിഥി തൊഴിലാളികൾ, വിദ്യാർത്ഥികൾ തുടങ്ങിയവരുടെ എൽപിജി ആവശ്യങ്ങൾ പരിഹരിക്കുന്നതിനായി 5 കിലോഗ്രാം എഫ്‌ടിഎൽ സിലിണ്ടറുകളുടെ വിതരണം വർദ്ധിപ്പിച്ചിട്ടുണ്ട്.
- റിഫൈനറി ഉത്പാദനം വർദ്ധിപ്പിക്കുക, ബുക്കിംഗ് ഇടവേളകൾ നഗരപ്രദേശങ്ങളിൽ 21-ൽ നിന്ന് 25 ദിവസമായും ഗ്രാമപ്രദേശങ്ങളിൽ 45 ദിവസമായും വർദ്ധിപ്പിക്കുക, വിതരണത്തിനായി വിവിധ മേഖലകൾക്ക് മുൻഗണന നിശ്ചയിക്കുക എന്നിവയുൾപ്പെടെ വിതരണ-ആവശ്യകത മേഖലകളിൽ ഗവണ്മെൻ്റ് ഇതിനകം തന്നെ നിരവധി യുക്തിസഹമായ ക്രമീകരണങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്.
പൊതുജനങ്ങൾക്കുള്ള നിർദ്ദേശങ്ങളും പൗര ബോധവൽക്കരണവും
- പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുടെ ലഭ്യത ഉറപ്പാക്കാൻ ഗവണ്മെൻ്റ് എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. അതിനാൽ ഇവ പരിഭ്രാന്തി മൂലം വാങ്ങിക്കൂട്ടുന്നതും, എൽപിജി സിലിണ്ടറുകൾ അനാവശ്യമായി മുൻകൂട്ടി ബുക്ക് ചെയ്യുന്നതും ഒഴിവാക്കാൻ പൗരന്മാരോട് നിർദ്ദേശിക്കുന്നു.
- വ്യാജവാർത്തകൾക്കെതിരെ ജാഗ്രത പാലിക്കാനും ശരിയായ വിവരങ്ങൾക്കായി ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കാനും പൗരന്മാരോട് അഭ്യർത്ഥിക്കുന്നു.
- സാധ്യമായ ഇടങ്ങളിലൊക്കെ പിഎൻജി, ഇലക്ട്രിക് അല്ലെങ്കിൽ ഇൻഡക്ഷൻ കുക്ക്‌ടോപ്പുകൾ തുടങ്ങിയ ഇതര ഇന്ധന മാർഗ്ഗങ്ങൾ ഉപയോഗിക്കാൻ പൗരന്മാരോട് അഭ്യർത്ഥിക്കുന്നു.
- വൻകിട ഉപഭോക്താക്കളും വ്യാവസായിക ഉപഭോക്താക്കളും അംഗീകൃത വിതരണ സ്രോതസ്സുകളിൽ നിന്ന് മാത്രം ഡീസൽ വാങ്ങണമെന്ന് അഭ്യർത്ഥിക്കുന്നു.
- നിലവിലെ സാഹചര്യത്തിൽ, ദൈനംദിന ഉപയോഗത്തിൽ ഊർജ്ജം ലാഭിക്കുന്നതിന് ആവശ്യമായ ശ്രമങ്ങൾ നടത്താൻ എല്ലാ പൗരന്മാരോടും അഭ്യർത്ഥിക്കുന്നു.
സമുദ്ര സുരക്ഷയും ഷിപ്പിംഗ് പ്രവർത്തനങ്ങളും
പേർഷ്യൻ ഗൾഫിലെ നിലവിലെ സമുദ്ര സാഹചര്യങ്ങളെക്കുറിച്ചും മേഖലയിലെ ഇന്ത്യൻ കപ്പലുകളുടേയും അതിലെ ജീവനക്കാരുടേയും സുരക്ഷ ഉറപ്പാക്കാൻ സ്വീകരിച്ചുവരുന്ന നടപടികളെക്കുറിച്ചും തുറമുഖ, ഷിപ്പിംഗ്, ജലപാതാ മന്ത്രാലയം പുതിയ വിവരങ്ങൾ പങ്കുവെച്ചു. അതിൽ വ്യക്തമാക്കിയ കാര്യങ്ങൾ താഴെ പറയുന്നവയാണ്:
- ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എസ്‌സിഐ) നയിക്കുന്ന കൺസോർഷ്യം നിയന്ത്രിക്കുന്നതും, മാൾട്ടയുടെ പതാകയേന്തിയതുമായ ദിശ (ഐഎംഒ: 9250713) എന്ന എൽഎൻജി കപ്പൽ, ഇന്ത്യയിലെ ദഹേജിലേക്ക് ഏകദേശം 62,370 മെട്രിക് ടൺ എൽഎൻജി ചരക്ക് വഹിച്ചുകൊണ്ട് 2026 ജൂൺ 15-ന് ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി കടന്നു. കപ്പൽ 2026 ജൂൺ 19-ന് ദഹേജിൽ നങ്കൂരമിടുമെന്ന് പ്രതീക്ഷിക്കുന്നു.
- ഇന്ത്യൻ നാവികരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനും ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നതിനുമായി തുറമുഖ, ഷിപ്പിംഗ്, ജലപാതാ മന്ത്രാലയം ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് വഴി വിദേശകാര്യ മന്ത്രാലയം, മേഖലയിലെ ഇന്ത്യൻ മിഷനുകൾ, ഷിപ്പിംഗ് കമ്പനികൾ, മറ്റ് പങ്കാളികൾ എന്നിവയുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നു.
- ഡിജി ഷിപ്പിംഗ് കൺട്രോൾ റൂം വിവരങ്ങൾ: കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചതു മുതൽ ഇതുവരെ 13,187 ഫോൺ കോളുകളും 29,376-ലധികം ഇമെയിലുകളും കൈകാര്യം ചെയ്തു. കഴിഞ്ഞ 72 മണിക്കൂറിനിടെ നാവികരിൽ നിന്നും അവരുടെ കുടുംബാംഗങ്ങളിൽ നിന്നും സമുദ്രമേഖലയിലെ പങ്കാളികളിൽ നിന്നുമായി മൊത്തം 450 കോളുകളും 1,077 ഇമെയിലുകളും ലഭിച്ചു.
- നാട്ടിലെത്തിയവരുടെ വിവരങ്ങൾ: ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് (ഡിജി ഷിപ്പിംഗ്) മുഖേന ഇതുവരെ 3,639-ലധികം ഇന്ത്യൻ നാവികരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ മന്ത്രാലയം സൗകര്യമൊരുക്കിയിട്ടുണ്ട്. കഴിഞ്ഞ 72 മണിക്കൂറിനിടെ ഗൾഫ് മേഖലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി നാട്ടിൽ തിരിച്ചെത്തിച്ച 47 പേരും ഇതിൽ ഉൾപ്പെടുന്നു.
- ഇന്ത്യയിലുടനീളമുള്ള തുറമുഖ പ്രവർത്തനങ്ങൾ സാധാരണ നിലയിലാണ്, തുറമുഖങ്ങളിൽ തിരക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല.
***
(रिलीज़ आईडी: 2274873)
|