ആയുഷ്
യോഗ പാർക്ക് പോർട്ടൽ: പൊതു ഇടങ്ങൾ ഇനി സാമൂഹ്യ ആരോഗ്യ- ക്ഷേമ കേന്ദ്രങ്ങൾ
പൊതുജനാരോഗ്യ - രോഗപ്രതിരോധ മേഖലകളിൽ സമൂഹത്തിന്റെ അചഞ്ചല ശക്തിയായി 'യോഗ പാർക്കുകൾ' മാറും
प्रविष्टि तिथि:
16 JUN 2026 2:29PM by PIB Thiruvananthpuram
രാജ്യത്തെ സാമൂഹ്യകേന്ദ്രങ്ങളും നഗരങ്ങളിലെ പൊതുഇടങ്ങളും പാർക്കുകളും ആളുകളെ പരസ്പരം അടുപ്പിക്കുന്നതിനൊപ്പം ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിലും പ്രധാന പങ്ക് വഹിച്ചുവരുന്നുണ്ട്. നഗരജീവിതം കൂടുതൽ വേഗമേറിയതായി മാറുന്ന സമകാലിക സാഹചര്യത്തിൽ, ശാരീരിക-മാനസിക ആരോഗ്യത്തിന്റെ പ്രധാന കേന്ദ്രങ്ങളായി ഈ പൊതുഇടങ്ങൾ പ്രാധാന്യം നേടുകയാണ്. ഈ സാധ്യതകൾ മുൻനിർത്തി, ഇന്ത്യയിലുടനീളം നിലവിലെ പാർക്കുകളെ യോഗ, ധ്യാനം, ആരോഗ്യകരമായ ജീവിതശൈലി എന്നിവയുൾപ്പെടുത്തി ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുന്ന കമ്മ്യൂണിറ്റി വെൽനസ്സ് ഹബ്ബുകളാക്കി മാറ്റുന്നതിനായി ആയുഷ് മന്ത്രാലയം 'യോഗ പാർക്ക് പോർട്ടലി'ന് തുടക്കം കുറിച്ചു.
മധ്യപ്രദേശിലെ ഖജുരാഹോയിൽ നടന്ന 2026-ലെ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ 25 ദിവസത്തെ കൗണ്ട്ഡൗൺ ചടങ്ങിനിടെ കേന്ദ്ര ആയുഷ് മന്ത്രാലയം (സ്വതന്ത്ര ചുമതല), ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം സഹമന്ത്രിയായ ശ്രീ പ്രതാപ്‌റാവു ജാദവ് യോഗ പാർക്ക് പോർട്ടൽ ഉദ്ഘാടനം ചെയ്തു. പുതുക്കി അവതരിപ്പിച്ച യോഗ സംഗം പോർട്ടലിനൊപ്പമാണ് യോഗ പാർക്ക് പോർട്ടലും പുറത്തിറക്കിയത്. രാജ്യത്തുടനീളം യോഗയുടെ ജനകീയ വ്യാപനം കൂടുതൽ ശക്തിപ്പെടുത്തുകയും, പ്രാദേശിക തലത്തിൽ സുസ്ഥിരമായ ക്ഷേമ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
പാർക്കുകളെ വെറും വിനോദകേന്ദ്രങ്ങളായി മാത്രമല്ല, സമൂഹത്തിന്റെ ആരോഗ്യ-ക്ഷേമത്തിനുള്ള കേന്ദ്രങ്ങളായും മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് യോഗ പാർക്ക് പദ്ധതി നടപ്പാക്കുക. പോർട്ടൽ വഴി പഞ്ചായത്തിരാജ് സ്ഥാപനങ്ങൾ, നഗരസഭകൾ, റസിഡന്റ്സ് വെൽഫെയർ അസോസിയേഷനുകൾ, സന്നദ്ധസംഘടനകൾ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ എന്നിവയ്ക്ക് നിലവിലുള്ള പാർക്കുകളെ യോഗ പാർക്കുകളാക്കി വികസിപ്പിക്കുന്നതിൽ പങ്കാളികളാകാൻ അവസരമൊരുക്കും. അവ പതിവ് യോഗ പരിശീലനം, ധ്യാനം, പ്രതിരോധ ആരോഗ്യ സംരക്ഷണം, സാമൂഹിക ഇടപെടൽ എന്നിവ പ്രോത്സാഹിപ്പിക്കുന്ന സമൂഹഅധിഷ്ഠിത കേന്ദ്രങ്ങളായി പാർക്കുകളെ രൂപാന്തരപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ആരോഗ്യകരമായ ജീവിതശൈലി വളർത്തുന്നതിനും രാജ്യത്തെ പ്രതിരോധ ആരോഗ്യസംരക്ഷണ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്ന സുസ്ഥിരമായ ജനകീയ ആസ്തികളായിരിക്കും യോഗ പാർക്കുകളെന്ന് പദ്ധതിയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടവേ, ശ്രീ പ്രതാപ്‌റാവു ജാദവ് പറഞ്ഞു. യോഗയെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുകയും രാജ്യത്തെ എല്ലാ പ്രദേശങ്ങളിലുമുള്ള ജനങ്ങൾക്ക് സ്വന്തം സമൂഹത്തിനകത്ത് തന്നെ ആരോഗ്യ-ക്ഷേമ സൗകര്യങ്ങൾ ലഭ്യമാക്കുകയും ചെയ്യുകയെന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.
പരമ്പരാഗത അടിസ്ഥാനസൗകര്യ വികസന പദ്ധതികളിൽ നിന്ന് വ്യത്യസ്തമായി, ആരോഗ്യസംരക്ഷണം, പരിസ്ഥിതി സംരക്ഷണം, സാമൂഹിക പങ്കാളിത്തം എന്നിവയെ ഒരുകുടക്കീഴിൽ അണിനിരത്തുന്നതാണ് യോഗ പാർക്ക് പദ്ധതിയുടെ പ്രത്യേകത. നിലവിലുള്ള പൊതുപാർക്കുകളെ യോഗ പരിശീലനത്തിനും ധ്യാനത്തിനും സമൂഹക്ഷേമ പ്രവർത്തനങ്ങൾക്കുമുള്ള അനുയോജ്യസൗഹൃദ ഇടങ്ങളാക്കി മാറ്റുന്നതാണ് ഈ പദ്ധതി. യോഗ പരിശീലനത്തിനുള്ള പ്രത്യേക പ്ലാറ്റ്‌ഫോമുകൾ, ധ്യാന മേഖലകൾ, ഹരിത പ്രകൃതിദൃശ്യങ്ങൾ, അവബോധ സൗകര്യങ്ങൾ, ഗ്രൂപ്പ് സെഷനുകൾക്കുള്ള തുറസ്സായ സ്ഥലങ്ങൾ എന്നിവ പാർക്കുകളിൽ ഒരുക്കാനാകും. ഇത് എല്ലാ പ്രായത്തിലുമുള്ള ആളുകളെയും പതിവായി യോഗ പരിശീലിക്കാൻ പ്രോത്സാഹിപ്പിക്കും.
പൊതുജനപങ്കാളിത്തത്തോടെയുള്ള നടപ്പാക്കൽ രീതിയാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത. അനുയോജ്യമായ പാർക്കുകൾ കണ്ടെത്താനും അവ പരിപാലിക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജനകീയ കൂട്ടായ്മകളും മുന്നിൽനിന്ന് പ്രവർത്തിക്കുമ്പോൾ, യോഗാ സ്ഥാപനങ്ങൾക്ക് ഇവിടെ ബോധവൽക്കരണ പരിപാടികളും കൃത്യമായ യോഗാ ക്ലാസുകളും സംഘടിപ്പിക്കാനാകും. ഇതിനുപുറമെ, കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഫണ്ട് വഴിയുള്ള പങ്കാളിത്തവും പദ്ധതി പ്രോത്സാഹിപ്പിക്കുന്നുണ്ട്. കമ്പനികൾക്ക് തങ്ങളുടെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് പ്രാദേശിക സമൂഹത്തിന് നേരിട്ട് പ്രയോജനം ലഭിക്കുന്ന ഇത്തരം ആരോഗ്യ സമുച്ചയങ്ങളുടെ നിർമ്മാണത്തിൽ പങ്കാളികളാകാം.
സി.എസ്.ആർ ഫണ്ടിന്റെ സഹായത്തോടെ നിർമ്മിക്കുന്ന യോഗ പാർക്കുകൾക്ക് പൊതുജനാരോഗ്യ രംഗത്ത് വലിയൊരു മാറ്റം കൊണ്ടുവരാൻ സാധിക്കുമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി . ദിവസേനയുള്ള യോഗാ പരിശീലനം, ആരോഗ്യ ബോധവൽക്കരണ പരിപാടികൾ, സമൂഹ ക്ഷേമ പരിപാടികൾ എന്നിവയ്ക്കായി സ്ഥിരമായ സൗകര്യങ്ങളാണ് ഇതിലൂടെ ഒരുങ്ങുന്നത്. സാമൂഹിക ക്ഷേമത്തിനായി സംഭാവന നൽകുന്ന കമ്പനികൾക്ക് ഇതിലൂടെ ഉചിതമായ അംഗീകാരവും ലഭിക്കും. രോഗപ്രതിരോധ ആരോഗ്യസംരക്ഷണവും ആരോഗ്യകരമായ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുന്നതിൽ സ്വകാര്യ മേഖലയ്ക്കുള്ള പങ്കിനെ അടിവരയിടുന്നതാണ് ഈ നീക്കം.
അടിസ്ഥാന സൗകര്യ വികസനത്തിനപ്പുറം, രാജ്യവ്യാപകമായ പങ്കാളിത്തം ഉറപ്പാക്കുന്ന ഒരു ഡിജിറ്റൽ സംവിധാനമായാണ് 'യോഗ പാർക്ക് പോർട്ടൽ' വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ, ആശയങ്ങൾ, രജിസ്‌ട്രേഷൻ രീതികൾ എന്നിവയും ഇതിൽ പങ്കാളികളാകാൻ ആവശ്യമായ മറ്റ് വിവരങ്ങളും ഈ പോർട്ടലിൽ ലഭ്യമാണ്. സർക്കാർ സംവിധാനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ, ജനകീയ സംഘടനകൾ, കോർപ്പറേറ്റ് പങ്കാളികൾ എന്നിവരെ ഒരൊറ്റ പോർട്ടലിലൂടെ കോർത്തിണക്കിക്കൊണ്ട്, പൊതുജനാരോഗ്യത്തിനും സുസ്ഥിരമായ ജീവിതശൈലിക്കും വേണ്ടിയുള്ള ഒരു ദേശീയ മുന്നേറ്റം സൃഷ്ടിക്കുവാനാണ് ആയുഷ് മന്ത്രാലയം ലക്ഷ്യമിടുന്നത്.
2026-ലെ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഔദ്യോഗിക പ്രമേയമായ "ആരോഗ്യകരമായ വാർദ്ധക്യത്തിന് യോഗ" എന്ന ആശയവുമായി ഏറെ പൊരുത്തപ്പെടുന്നതാണ് ഈ പദ്ധതി. ആഗോളതലത്തിൽ ജീവിതശൈലി രോഗങ്ങൾ, മാനസിക സമ്മർദ്ദം, വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങൾ എന്നിവ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, എല്ലാവർക്കും പ്രാപ്യമായ ഇത്തരം വെൽനസ്സ് കേന്ദ്രങ്ങൾക്ക് വലിയൊരു പങ്കുവഹിക്കാനുണ്ട്. ഇവ കൃത്യമായ ശാരീരിക വ്യായാമം, മാനസിക ഏകാഗ്രത, സാമൂഹിക കൂട്ടായ്മകൾ എന്നിവയെ പ്രോത്സാഹിപ്പിക്കും. കുട്ടികൾ, യുവാക്കൾ, ഉദ്യോഗസ്ഥർ, മുതിർന്ന പൗരന്മാർ തുടങ്ങി എല്ലാ പ്രായത്തിലുമുള്ള ആളുകൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് യോഗ പാർക്കുകൾ വിഭാവനം ചെയ്തിരിക്കുന്നത്.
വർഷത്തിലൊരിക്കൽ നടത്തുന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിന് അപ്പുറം, വരുംതലമുറകൾക്ക് കൂടി പ്രയോജനപ്പെടുന്ന ഒരു സ്ഥിരം സംവിധാനം ഒരുക്കുക എന്നതാണ് യോഗ പാർക്ക് പദ്ധതിയുടെ പ്രധാന ലക്ഷ്യം. വൻതോതിലുള്ള യോഗാ പ്രദർശനങ്ങളും പൊതുപരിപാടികളും ജനങ്ങളിൽ താൽക്കാലിക അവബോധം സൃഷ്ടിക്കുമ്പോൾ, ഇത്തരം പ്രത്യേക വെൽനസ്സ് കേന്ദ്രങ്ങൾ ജനങ്ങൾക്ക് വർഷം മുഴുവൻ പ്രയോജനപ്പെടുത്താൻ കഴിയുന്ന ഒരു സ്ഥിരം ആസ്തിയായി മാറും. ഈ അർത്ഥത്തിൽ, കേവലം ഒരു ദിവസത്തെ പരിപാടി എന്നതിലുപരി, സുസ്ഥിരമായ ആരോഗ്യ സംരക്ഷണത്തിലേക്കുള്ള ഒരു വലിയ മാറ്റമാണ് ഈ പദ്ധതി മുന്നോട്ട് വെയ്ക്കുന്നത്.
കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ അന്താരാഷ്ട്ര യോഗ ദിനം ലോകത്തിലെ ഏറ്റവും വലിയ പൊതുജന ആരോഗ്യ-ക്ഷേമ പ്രസ്ഥാനങ്ങളിലൊന്നായി വളർന്നു. ആ വളർച്ചയുടെ തുടർച്ചയായി, അവബോധത്തെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധിപ്പിക്കുകയും പൊതുപങ്കാളിത്തത്തെ ദീർഘകാല സാമൂഹിക നേട്ടങ്ങളാക്കി മാറ്റുകയും ചെയ്യുവാനാണ് യോഗ പാർക്ക് പോർട്ടലിലൂടെ ശ്രമിക്കുന്നത്. നഗര-ഗ്രാമ വ്യത്യാസമില്ലാതെ കൂടുതൽ പാർക്കുകൾ ഈ പദ്ധതിയുടെ ഭാഗമാകുന്നതോടെ, രോഗപ്രതിരോധ ആരോഗ്യസംരക്ഷണം, പരിസ്ഥിതി സൗഹൃദ ജീവിതം, സമഗ്രാരോഗ്യം എന്നിവയോടുള്ള രാജ്യത്തിൻറെ പ്രതിജ്ഞാബദ്ധതയുടെ ശാശ്വത പ്രതീകമായി മാറാൻ യോഗ പാർക്കുകൾക്ക് കഴിയും.
******
(रिलीज़ आईडी: 2273573)
आगंतुक पटल : 16