ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

1945 ലെ ഔഷധ ചട്ടങ്ങളിൽ ഭേദഗതിയുമായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം; ചെറിയ ഗ്രാമങ്ങളിൽ ചുമ സിറപ്പുകളുടെ വിൽപ്പനയ്ക്ക് നൽകിയിരുന്ന ഇളവ് പിൻവലിച്ചു

കഫ് സിറപ്പുകളുടെ മേലുള്ള നിയന്ത്രണവും മേൽനോട്ടവും ശക്തിപ്പെടുത്തുന്നതിനുള്ള ഔഷധ ചട്ടങ്ങളിലെ പ്രധാന ഭേദഗതി വിജ്ഞാപനം ചെയ്തു

प्रविष्टि तिथि: 16 JUN 2026 11:41AM by PIB Thiruvananthpuram
 
2025 ഡിസംബർ 30-ലെ ഇന്ത്യൻ ഗസറ്റ്, ഭാഗം II, സെക്ഷൻ 3, ഉപവകുപ്പ് (i)-ൽ പ്രസിദ്ധീകരിച്ച  2025 ഡിസംബർ 29-ലെ ഗസറ്റ് വിജ്ഞാപനമായ G.S.R.  927 (ഇ) മുഖേന കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം 1945-ലെ ഔഷധ ചട്ടങ്ങളിൽ ഭേദഗതി വരുത്തി. "ക്ലാസ് ഓഫ് ഡ്രഗ്സ്" എന്ന വിഭാഗത്തിന് കീഴിലുള്ള ഷെഡ്യൂൾ K യിലെ (സീരിയൽ നമ്പർ 13, എൻട്രി 7)  പ്രത്യേക എൻട്രിയിൽ നിന്ന് "സിറപ്പ്" എന്ന വാക്ക് ഈ ഭേദഗതിയിലൂടെ നീക്കം ചെയ്തു.  

1945-ലെ ഔഷധ ചട്ടങ്ങളിലെ ഷെഡ്യൂൾ K, 1940-ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ടിലെ ചില വ്യവസ്ഥകളിൽ നിന്നും നിർദ്ദിഷ്ട തരം മരുന്നുകൾക്ക് ഇളവുകൾ നൽകുന്നു. ഈ ഭേദഗതിക്ക് മുമ്പ്, ഷെഡ്യൂൾ K യിലെ എൻട്രി നമ്പർ 13 പ്രകാരം 1,000-ൽ താഴെ ജനസംഖ്യയുള്ള ഗ്രാമങ്ങളിൽ, ചില്ലറ വിൽപ്പന  ലൈസൻസിംഗ് വ്യവസ്ഥകൾ പാലിക്കാതെ ചുമ സിറപ്പുകൾ വിൽക്കാൻ അനുവദിച്ചിരുന്നു.  

പ്രസ്തുത എൻട്രിയിൽ നിന്ന് "സിറപ്പ്" എന്ന വാക്ക് ഒഴിവാക്കിയതോടെ, കഫ് സിറപ്പുകൾക്ക് ഈ ഇളവ് ബാധകമാകില്ല. തൽഫലമായി, ചെറിയ ഗ്രാമങ്ങളിൽ കഫ് സിറപ്പുകളുടെ വിൽപ്പനയും വിതരണവും 1940-ലെ ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് ആക്ടിലെയും അതിന് കീഴിൽ രൂപപ്പെടുത്തിയിരിക്കുന്ന ചട്ടങ്ങൾ, വ്യവസ്ഥകൾ എന്നിവയ്ക്കും അനുസൃതമായി ലൈസൻസുള്ള ഫാർമസികൾ മുഖേന മാത്രമേ നടത്താൻ പാടുള്ളൂ.

സിറപ്പ് ഫോർമുലേഷനുകളുടെ നിയന്ത്രണവും മേൽനോട്ടവും ശക്തിപ്പെടുത്തുന്നതിനും ഇളവുകളുമായി ബന്ധപ്പെട്ട ചട്ടക്കൂടിനെ സമകാലിക പൊതുജനാരോഗ്യ, സുരക്ഷാ ആവശ്യകതകളുമായി സമന്വയിപ്പിക്കുന്നതിനുമാണ് ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. രാജ്യത്തുടനീളമുള്ള നിയന്ത്രണ മാനദണ്ഡങ്ങൾ കൃത്യമായി  പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനൊപ്പം കഫ് സിറപ്പുകളുടെ ഉത്തരവാദിത്തപൂർണ്ണമായ വിതരണവും വിൽപ്പനയും പ്രോത്സാഹിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കഫ് സിറപ്പുകൾ കൈകാര്യം ചെയ്യുന്ന നിർമ്മാതാക്കൾ, വിതരണക്കാർ, ചില്ലറ വ്യാപാരികൾ എന്നിവർ 1940-ലെ ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് ആക്ടും 1945-ലെ ഔഷധ ചട്ടങ്ങളും പ്രകാരമുള്ള ബാധകമായ ലൈസൻസിംഗ്, റെഗുലേറ്ററി ആവശ്യകതകൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

ഇ-ഗസറ്റ് വിജ്ഞാപനം https://egazette.gov.in/WriteReadData/2026/273467.pdf  ൽ ലഭിക്കും.
 
SKY
 
*********

(रिलीज़ आईडी: 2273503) आगंतुक पटल : 22
इस विज्ञप्ति को इन भाषाओं में पढ़ें: Bengali , English , Urdu , Marathi , हिन्दी , Assamese , Bengali-TR , Punjabi , Gujarati , Tamil , Telugu , Kannada