'വേവ്സ് ഡോക് ബസാർ റെക്കമെൻഡ്സ്' വിഭാഗത്തിലേക്ക് തെരഞ്ഞെടുത്ത പ്രോജക്ടുകൾ വേവ്സ് ഡോക് ബസാർ 2026-ൽ പ്രദർശിപ്പിക്കുമെന്ന് എൻ.എഫ്.ഡി.സി പ്രഖ്യാപിച്ചു
2026-ൽ നടക്കുന്ന 19-ാമത് മുംബൈ അന്താരാഷ്ട്ര ചലച്ചിത്ര മേളയോടനുബന്ധിച്ച് (MIFF 2026) നടക്കുന്ന വേവ്സ് ഡോക് ബസാറിൻ്റെ രണ്ടാം പതിപ്പിലേക്ക്, 'വേവ്സ് ഡോക് ബസാർ റെക്കമെൻഡ്സ്' പ്രോഗ്രാമിന് കീഴിൽ തെരഞ്ഞെടുത്ത പ്രോജക്റ്റുകൾ ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ (എൻ.എഫ്.ഡി.സി.) പ്രഖ്യാപിച്ചു.
മുംബൈയിലെ ഡോ. ഗോപാൽറാവു ദേശ്‌മുഖ് മാർഗിലുള്ള എൻ.എഫ്.ഡി.സി ആസ്ഥാന മന്ദിരത്തിൽ 2026 ജൂൺ 16 മുതൽ 18 വരെയാണ് ചലച്ചിത്ര മേളയുടെ മാർക്കറ്റ് സെഗ്‌മെൻ്റ് സംഘടിപ്പിക്കുന്നത്. ഡോക്യുമെൻ്ററി, ഹ്രസ്വചിത്രം, ആനിമേഷൻ തുടങ്ങിയ മേഖലകളിൽ നിന്നുള്ള ചലച്ചിത്ര പ്രവർത്തകർ, നിർമ്മാതാക്കൾ, പ്രക്ഷേപകർ, വിതരണക്കാർ, ഫെസ്റ്റിവൽ പ്രോഗ്രാമർമാർ, സിനിമാ രംഗത്തെ മറ്റ് പ്രൊഫഷണലുകൾ എന്നിവരെ ഇത് ഒരുമിച്ച് കൊണ്ടുവരും.
വ്യൂവിംഗ് റൂം, വർക്ക്-ഇൻ-പ്രോഗ്രസ് (WIP) ലാബ്, ബിസിനസ്-ടു-ബിസിനസ് (B2B) മീറ്റിംഗുകൾ തുടങ്ങിയ സംരംഭങ്ങളിലൂടെ സഹകരണങ്ങൾ, നെറ്റ്‌വർക്കിംഗ്, വിപണി അവസരങ്ങൾ എന്നിവ വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ള ഒരു ചലച്ചിത്ര വ്യവസായ വേദിയായി വേവ്സ് ഡോക് ബസാർ പ്രവർത്തിക്കുന്നു.
വളർന്നുവരുന്ന പ്രതിഭകളെ പിന്തുണയ്ക്കുന്നതിനും സ്വാധീനശേഷിയുള്ള കഥപറച്ചിലുകളെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു സുപ്രധാന സംരംഭം എന്ന നിലയിൽ, വേവ്സ് ഡോക് ബസാർ 2026-ൽ പങ്കെടുക്കുന്ന ശ്രദ്ധേയമായ മൂന്ന് പ്രോജക്റ്റുകൾക്ക് എൻ.എഫ്.ഡി.സി. 3 ലക്ഷം രൂപ വീതം ക്യാഷ് ഗ്രാൻ്റുകൾ പ്രഖ്യാപിച്ചു. അസാധാരണമായ സർഗ്ഗാത്മക കാഴ്ചപ്പാട്, ആകർഷകമായ ആഖ്യാനങ്ങൾ, ശക്തമായ കലാപരമായ മികവ് എന്നിവ പ്രകടിപ്പിക്കുന്നതും, ഇന്ത്യയിലേയും അന്താരാഷ്ട്ര വിപണികളിലേയും പ്രേക്ഷകരെ ആകർഷിക്കാൻ ശേഷിയുള്ളതുമായ പ്രോജക്റ്റുകളാണ് ഈ ഗ്രാൻ്റുകൾക്കായി പരിഗണിക്കുന്നത്.
'വേവ്സ് ഡോക് ബസാർ റെക്കമെൻഡ്സ്' സെലക്ഷനിൽ വർക്ക്-ഇൻ-പ്രോഗ്രസ് ലാബിൽ പങ്കെടുക്കുന്ന നാല് പ്രോജക്റ്റുകൾ ഉൾപ്പെടെ ആകെ 12 പ്രോജക്റ്റുകളാണ് ഉള്ളത്. ഈ വർക്ക്-ഇൻ-പ്രോഗ്രസ് ലാബിലൂടെ, തെരഞ്ഞെടുക്കപ്പെട്ട ചലച്ചിത്ര പ്രവർത്തകർ അവരുടെ സിനിമകളുടെ പൂർണ്ണരൂപമാകാത്ത എഡിറ്റ് ചെയ്ത ഭാഗങ്ങൾ അന്താരാഷ്ട്ര ഉപദേഷ്ടാക്കളും എഡിറ്റർമാരും അടങ്ങുന്ന പ്രശസ്തമായ ഒരു പാനലിന് മുന്നിൽ അവതരിപ്പിക്കും. അവരുടെ പ്രോജക്റ്റുകളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും, വിപുലമായ ചലച്ചിത്ര വ്യവസായ പങ്കാളിത്തത്തിനും വിതരണ അവസരങ്ങൾക്കുമായി അവയെ സജ്ജമാക്കുന്നതിനും ആവശ്യമായ വിലയേറിയ പ്രതികരണങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും മെൻ്റർഷിപ്പും ഇതിലൂടെ അവർക്ക് ലഭിക്കും.
കൂടാതെ, വേവ്സ് ഡോക് ബസാർ റെക്കമെൻഡ്സ് ലൈനപ്പിന് കീഴിൽ എട്ട് പ്രോജക്റ്റുകൾ കൂടി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിർമ്മാണം പൂർത്തിയായതോ അല്ലെങ്കിൽ പോസ്റ്റ്-പ്രൊഡക്ഷൻ്റെ അവസാന ഘട്ടത്തിലുള്ളതോ ആയ ഈ ചിത്രങ്ങൾ വിൽപന, വിതരണം, പ്രദർശനം എന്നിവയ്ക്കുള്ള അവസരങ്ങളാണ് തേടുന്നത്. വിപണി സാധ്യതകളും കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിച്ചേരാനുള്ള വഴികളും പര്യവേക്ഷണം ചെയ്യുന്നതിനായി വാങ്ങുന്നവർ, വിതരണക്കാർ, പ്രക്ഷേപകർ, സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകൾ, ഈ രംഗത്തെ മറ്റ് പങ്കാളികൾ എന്നിവരുമായുള്ള ആശയവിനിമയത്തിന് ഈ പ്രോഗ്രാം സൗകര്യമൊരുക്കും.
തെരഞ്ഞെടുക്കപ്പെട്ട 12 പ്രോജക്റ്റുകളും ബസാറിൻ്റെ ഉദ്ഘാടന ദിനമായ 2026 ജൂൺ 16-ന് നടക്കുന്ന ഓപ്പൺ പിച്ച് സെഷനിൽ പങ്കെടുക്കും. വാങ്ങുന്നവർ, വിതരണക്കാർ, പ്രക്ഷേപകർ, ചലച്ചിത്ര മേളകളുടെ പ്രതിനിധികൾ എന്നിവരുൾപ്പെടെയുള്ള ചലച്ചിത്ര രംഗത്തെ വിവിധ വ്യവസായ വിദഗ്ധർക്ക് മുന്നിൽ അവരുടെ പ്രോജക്റ്റുകൾ അവതരിപ്പിക്കാൻ ഈ സെഷൻ ചലച്ചിത്ര പ്രവർത്തകർക്ക് അവസരമൊരുക്കും. കൂടാതെ, അർത്ഥവത്തായ പങ്കാളിത്തങ്ങളും സഹകരണങ്ങളും കെട്ടിപ്പടുക്കുന്നതിനോടൊപ്പം അവരുടെ സിനിമകളുടെ സവിശേഷമായ കാഴ്ചപ്പാടുകൾ പ്രദർശിപ്പിക്കാനും ഇത് പങ്കാളികളെ സഹായിക്കും.
വേവ്സ് ഡോക് ബസാറിൻ്റെ രണ്ടാം പതിപ്പിൻ്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് വ്യൂവിംഗ് റൂം. ചലച്ചിത്ര പ്രവർത്തകർക്ക് അവരുടെ സൃഷ്ടികൾ ഈ രംഗത്തെ പങ്കാളികൾക്ക് മുന്നിൽ പ്രദർശിപ്പിക്കാൻ അവസരമൊരുക്കുന്ന ഒരു പ്രത്യേക ഡിജിറ്റൽ ലൈബ്രറി പ്ലാറ്റ്‌ഫോമാണിത്. ഇതിലൂടെ നെറ്റ്‌വർക്കിംഗ്, വിതരണം, വാങ്ങൽ എന്നിവയ്ക്കുള്ള അവസരങ്ങൾ ഇത് സുഗമമാക്കുന്നു.
ഈ വർഷത്തെ വ്യൂവിംഗ് റൂമിൽ 19 രാജ്യങ്ങളിൽ നിന്നുള്ള 35 ഭാഷകളിലായി 155 പ്രോജക്റ്റുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള ഡോക്യുമെൻ്ററി ആഖ്യാനങ്ങളുടേയും കാഴ്ചപ്പാടുകളുടേയും സമൃദ്ധമായ വൈവിധ്യത്തിലേക്ക് പ്രവേശിക്കാനുള്ള അവസരമാണ് ഇത് വാങ്ങുന്നവർ, പ്രക്ഷേപകർ, വിതരണക്കാർ, ഫെസ്റ്റിവൽ പ്രോഗ്രാമർമാർ, ഈ രംഗത്തെ മറ്റ് പങ്കാളികൾ എന്നിവർക്ക് നൽകുന്നത്.
വർക്ക്-ഇൻ-പ്രോഗ്രസ് ലാബ് 2026-ലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ:
1. അഡിയു ദില്ലി – സംവിധായകർ: നന്ദൻ സക്സേന, കവിത ബാൽ
2. ഇറ്റ് ടേക്സ് എ വില്ലേജ് – സംവിധായകൻ: ഇന്ദ്രജീത് മോറെ
3. കുഞ്ചോക് ആൻഡ് ഹിസ് മെനി മൂൺസ് – സംവിധായകൻ: അശോക് മീണ
4. ഓൺ എ ഗുഡ് നോട്ട് – സംവിധായിക: കരിഷ്മ റാവു
വേവ്സ് ഡോക് ബസാർ റെക്കമെൻഡ്സ് 2026-ലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ:
1. ബൈ ദ ഹോം – സംവിധായകൻ: മങ്കാപ് നോക്വോഹാം
2. ദോ ചാർ ദിൻ – സംവിധായിക: സാനിയ ആനന്ദ്
3. എച്ചെ – സംവിധായകൻ: ഡിങ്കു തിംഗ്നം
4. രസനിഷ്പതി – സംവിധായകൻ: ഹരീഷ് കെ. എം.
5. റൈസ് – സംവിധായകൻ: അരസ്തു സാകിയ
6. ദ ഗേൾ ബിനീത് ദ സൺ – സംവിധായിക: മധുരിമ മൈതി
7. തുരു – സംവിധായകൻ: രാമേശ്വർ ഭട്ട്
8. തുക്രോ തുക്രോ പൃഥിബി – സംവിധായിക: അസ്മിത പാൽ
തെരഞ്ഞെടുക്കപ്പെട്ട പ്രോജക്റ്റുകൾ സമകാലിക ഡോക്യുമെൻ്ററി ചലച്ചിത്ര നിർമ്മാണത്തിൻ്റെ വൈവിധ്യം, സർഗ്ഗാത്മകത, കരുത്ത് എന്നിവയെ പ്രതിഫലിപ്പിക്കുന്നു. ഒപ്പം വളർന്നുവരുന്ന പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനും, ചലച്ചിത്ര പ്രവർത്തകർക്ക് ആഗോള വിപണികളുമായും പ്രേക്ഷകരുമായും ബന്ധപ്പെടാൻ അർത്ഥവത്തായ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള എൻ.എഫ്.ഡി.സി-യുടെ പ്രതിബദ്ധത അടിവരയിടുകയും ചെയ്യുന്നു.

*******
रिलीज़ आईडी:
2272745
| Visitor Counter:
11
इस विज्ञप्ति को इन भाषाओं में पढ़ें:
Assamese
,
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Bengali-TR
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada