ആയുഷ്
യൂട്യൂബിലെ ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ള തത്സമയ യോഗാ പ്രക്ഷേപണം എന്ന ലോക റെക്കോർഡ് ലക്ഷ്യമിട്ട് ആഗോള ഓൺലൈൻ യോഗാ പരിപാടി ജൂൺ 14-ന്
प्रविष्टि तिथि:
13 JUN 2026 8:13PM by PIB Thiruvananthpuram
2026-ലെ അന്താരാഷ്ട്ര യോഗ ദിനത്തിന് മുന്നോടിയായി നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി, കേന്ദ്ര ആയുഷ് മന്ത്രാലയം, മൊറാർജി ദേശായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ (MDNIY), ഹാബിൽഡ് എന്നിവയുമായി സഹകരിച്ച് 2026 ജൂൺ 14-ന് ചരിത്രപ്രധാനമായ ഒരു ആഗോള ഓൺലൈൻ യോഗാ പരിപാടി സംഘടിപ്പിക്കും. ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ള യൂട്യൂബിലെ തത്സമയ യോഗാ പ്രക്ഷേപണം എന്ന ലോക റെക്കോർഡ് സ്ഥാപിക്കുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം. ലോകമെമ്പാടുമുള്ള യോഗാ പരിശീലകരേയും, ആരോഗ്യ-ക്ഷേമ മേഖലയിൽ താത്പര്യമുള്ളവരേയും ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ഒരുമിച്ച് കൊണ്ടുവരുന്നതിന് ഇത് വേദിയൊരുക്കും.
കേന്ദ്ര ആയുഷ് മന്ത്രാലയത്തിൻ്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയും (സ്വതന്ത്ര ചുമതല) ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രിയുമായ ശ്രീ പ്രതാപ്‌റാവു ജാദവ്, ആയുഷ് മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും ഈ സംരംഭത്തിൽ പങ്കാളികളാകും. മാതൃകയായി മുന്നിൽനിന്ന് നയിക്കാനും യോഗയിലൂടെ ആരോഗ്യത്തിൻ്റേയും ക്ഷേമത്തിൻ്റേയും സന്ദേശം പ്രചരിപ്പിക്കാനുമുള്ള മന്ത്രാലയത്തിൻ്റെ പ്രതിബദ്ധത പ്രതിഫലിപ്പിച്ചുകൊണ്ട്, കേന്ദ്രമന്ത്രിയുടെ വസതിയിൽ നിന്നായിരിക്കും ഈ കൂട്ടായ പങ്കാളിത്തം നടക്കുക.
യോഗയുടെ സാർവത്രികമായ സ്വീകാര്യതയും സമഗ്രമായ ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശക്തമായ ഉപാധി എന്ന നിലയിൽ ഇതിന് ലഭിക്കുന്ന അംഗീകാരവും പ്രദർശിപ്പിക്കുന്നതിനാണ് ഈ സംരംഭം വിഭാവനം ചെയ്തിരിക്കുന്നത്. വൻതോതിലുള്ള ജനപങ്കാളിത്തത്തിലൂടെ, ഭൂമിശാസ്ത്രപരവും സാംസ്കാരികവും ഭാഷാപരവുമായ അതിർവരമ്പുകൾക്ക് അതീതമായ ഒരു ജീവിതരീതിയാണ് യോഗ എന്ന സന്ദേശം ഉറപ്പിക്കാൻ ഈ പരിപാടി ലക്ഷ്യമിടുന്നു.
ഓൺലൈൻ യോഗ സെഷൻ രാവിലെ 6.15 മുതൽ 7.35 വരെ (ഇന്ത്യൻ സമയം) നടക്കും. 130-ലധികം രാജ്യങ്ങളിൽ നിന്നുള്ളവർ ഇതിൽ പങ്കാളികളാകുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് ലോകത്ത് ഇന്നുവരെ സംഘടിപ്പിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ആഗോള ഡിജിറ്റൽ യോഗാ സംഗമങ്ങളിലൊന്നായി മാറും. വൈവിധ്യമാർന്ന പശ്ചാത്തലങ്ങളിൽ നിന്നും പ്രായ വിഭാഗങ്ങളിൽ നിന്നും പ്രദേശങ്ങളിൽ നിന്നുമുള്ള പങ്കാളികൾ ആരോഗ്യം, ഐക്യം, ക്ഷേമം എന്നിവയ്ക്കായുള്ള പൊതു പ്രതിബദ്ധതയിൽ കൈകോർക്കും
2026-ലെ അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് നടത്തുന്ന പ്രചാരണ പ്രവർത്തനങ്ങളുടെ പ്രധാന ഭാഗമാണ് ഈ പരിപാടി. ഡിജിറ്റൽ സാങ്കേതികവിദ്യയും ആഗോളതലത്തിലുള്ള ബന്ധങ്ങളും പ്രയോജനപ്പെടുത്തി യോഗയുടെ വ്യാപ്തി വർദ്ധിപ്പിക്കാനും ലോകമെമ്പാടുമുള്ള ജനങ്ങളെ ഈ ശീലത്തിലേക്ക് കൂടുതൽ ആകർഷിക്കാനുമാണ് സംരംഭം ലക്ഷ്യമിടുന്നത്.
പങ്കെടുക്കാൻ താല്പര്യമുള്ള വ്യക്തികൾക്ക് 1800-315-7008 എന്ന നമ്പറിലേക്ക് മിസ്ഡ് കോൾ നൽകിയോ അല്ലെങ്കിൽ https://moa.habit.yoga എന്ന പോർട്ടൽ വഴി ഓൺലൈനായോ രജിസ്റ്റർ ചെയ്യാവുന്നതാണ്.
വിശാലമായ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും യോഗാ പ്രേമികളുടെ സംഭാവനകളെ അംഗീകരിക്കുന്നതിനുമായി, പരിപാടിയിൽ പങ്കെടുക്കുന്ന രജിസ്റ്റർ ചെയ്ത എല്ലാ വ്യക്തികൾക്കും അവരുടെ വാട്ട്‌സ്ആപ്പ് നമ്പറിൽ ഡിജിറ്റൽ പങ്കാളിത്ത സർട്ടിഫിക്കറ്റ് ലഭിക്കും.
ഈ ചരിത്രപരമായ ആഗോള സംരംഭത്തിൽ പങ്കുചേരാനും സംഭാവന നൽകാനും പൗരന്മാർ, യോഗാ പരിശീലകർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യ-ക്ഷേമ സംഘടനകൾ, സാമൂഹിക കൂട്ടായ്മകൾ, ലോകമെമ്പാടുമുള്ള ഇന്ത്യൻ പ്രവാസികൾ എന്നിവരെ ആയുഷ് മന്ത്രാലയം ക്ഷണിച്ചു.
ആഗോള ആരോഗ്യ-ക്ഷേമ പ്രസ്ഥാനത്തെ മുന്നോട്ട് നയിക്കുന്നതിൽ ഇന്ത്യയുടെ നേതൃസ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ആരോഗ്യകരവും കൂടുതൽ പ്രതിരോധശേഷിയുള്ളതുമായ സമൂഹങ്ങളെ സൃഷ്ടിക്കുന്നതിൽ യോഗയ്ക്കുള്ള ശാശ്വതമായ പ്രസക്തി വീണ്ടും ഉറപ്പിക്കുന്നതിനും ഈ പരിപാടി സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.
രജിസ്ട്രേഷനും പങ്കാളിത്തത്തിനും:
മിസ്ഡ് കോൾ: 1800-315-7008
രജിസ്ട്രേഷൻ പോർട്ടൽ: https://moa.habit.yoga
***
(रिलीज़ आईडी: 2272603)
आगंतुक पटल : 6