രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ 158-ാമത് റെഗുലർ കോഴ്സിൻ്റെയും 141-ാമത് ടെക്നിക്കൽ ഗ്രാജുവേറ്റ് കോഴ്സിൻ്റെയും പാസിംഗ് ഔട്ട് പരേഡിൽ രാഷ്ട്രപതി അഭിവാദ്യം സ്വീകരിച്ചു

प्रविष्टि तिथि: 13 JUN 2026 11:13AM by PIB Thiruvananthpuram

ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ നടന്ന 158-ാമത് റെഗുലർ കോഴ്സിൻ്റെയും 141-ാമത് ടെക്നിക്കൽ ഗ്രാജുവേറ്റ് കോഴ്സിൻ്റെയും പാസിംഗ് ഔട്ട് പരേഡിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് (2026 ജൂൺ 13) അഭിവാദ്യം സ്വീകരിച്ചു.

രാജ്യത്തെ ഏറ്റവും കഠിനമായ പരിശീലന പരിപാടികളിലൊന്ന് വിജയകരമായി പൂർത്തിയാക്കിയ ഓഫീസർ കേഡറ്റുകളെ രാഷ്ട്രപതി അഭിനന്ദിച്ചു. ധീരതയും വിവേകവുമായിരിക്കണം അവരുടെ കരുത്തെന്ന് രാഷ്‌ട്രപതി പറഞ്ഞു. സംഘത്തിൽ ഒൻപത് വനിതാ കേഡറ്റുകളെ കണ്ടതിൽ അവർ ഏറെ സന്തോഷം പ്രകടിപ്പിച്ചു. ഐ.എം.എയുടെ ചരിത്രത്തിലെ ഒരു നിർണായക നിമിഷമാണിതെന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടു. ഇത് ഇന്ത്യയുടെ പ്രതിരോധ സേനയുടെ ചരിത്രത്തിലെ നാഴികക്കല്ല് മാത്രമല്ല, സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിൻ്റെ പ്രചോദനാത്മകമായ ഒരു ഉദാഹരണം കൂടിയാണ്. ഇനിയും നിരവധി വനിതാ കേഡറ്റുകൾ അക്കാദമിയിൽ ചേരുമെന്ന ആത്മവിശ്വാസം ശ്രീമതി മുർമു പ്രകടിപ്പിച്ചു.

വിദേശ സൗഹൃദരാജ്യങ്ങളിൽ നിന്നുള്ള കേഡറ്റുകളെയും രാഷ്ട്രപതി അഭിനന്ദിച്ചു. ഐ.എം.എ-യിൽ നിന്ന് ഉൾക്കൊണ്ട മൂല്യങ്ങളിലൂടെയും സേവനത്തിലൂടെയും അവർ തങ്ങളുടെ സായുധ സേനയ്ക്കും രാജ്യങ്ങൾക്കുമായി നിരവധി നേട്ടങ്ങൾ കൈവരിക്കുമെന്ന് ശ്രീമതി മുർമു പ്രത്യാശ പ്രകടിപ്പിച്ചു.

ഐ.എം.എ-യിൽ വിദേശ കേഡറ്റുകളുടെ സാന്നിധ്യം, ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായി സൗഹൃദവും സഹകരണവും സമാധാനപരമായ ബന്ധവും വളർത്തിയെടുക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. ഈ സ്ഥാപനത്തിലെ കേഡറ്റുകൾ പരസ്പര വിശ്വാസവും ധാരണയും പ്രൊഫഷണൽ ബന്ധങ്ങളും വികസിപ്പിച്ചെടുക്കുന്നു, ഇത് രാജ്യങ്ങൾ തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.

നമ്മുടെ രാജ്യത്തിൻ്റെ പരമാധികാരത്തിൻ്റെയും ഐക്യത്തിൻ്റെയും അഖണ്ഡതയുടെയും സംരക്ഷകരാണ് ഓഫീസർ കേഡറ്റുകളെന്ന്  രാഷ്ട്രപതി ഓർമ്മിപ്പിച്ചു. 140 കോടിയിലധികം പൗരന്മാരുടെ പവിത്രമായ വിശ്വാസമാണ് അവർ വഹിക്കുന്നത്. സേവനമാണ് പരമോന്നത കർത്തവ്യമെന്ന് ഓർക്കണമെന്ന് രാഷ്ട്രപതി കേഡറ്റുകളെ ഉപദേശിച്ചു. അതിവേഗം മാറുന്ന സുരക്ഷാ വെല്ലുവിളികൾ, സാങ്കേതിക മുന്നേറ്റങ്ങൾ, സങ്കീർണ്ണമായ ആഗോള അന്തരീക്ഷം എന്നിവയുടെ ഈ കാലഘട്ടത്തിൽ, ഇന്ത്യൻ സൈന്യം എപ്പോഴും മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് പൊരുത്തപ്പെട്ടും ഭാവി സജ്ജവുമായുമിരിക്കണമെന്ന് അവർ പ്രസ്താവിച്ചു.

യുവ ഓഫീസർമാർ ആജീവനാന്ത പഠിതാക്കളും ധീരമായ തീരുമാനങ്ങൾ എടുക്കുന്നവരും ധാർമ്മിക മൂല്യങ്ങൾ ഉള്ളവരുമാകണമെന്ന് അവർ ആഹ്വാനം ചെയ്തു.

ഓഫീസർമാർ എന്ന നിലയിൽ, സൈനികരെ നയിക്കാനും അവർക്ക് മാർഗ്ഗനിർദേശം നൽകാനും അവരെ പരിപാലിക്കാനുമുള്ള ഉത്തരവാദിത്തം ഓഫീസർ കേഡറ്റുകൾക്കായിരിക്കുമെന്ന് രാഷ്ട്രപതി പറഞ്ഞു. മാതൃകാപൂർവം നയിക്കുകയും ആത്മവിശ്വാസം പകരുകയും സംഘബലത്തിൻ്റെയും സമർപ്പണത്തിൻ്റെയും മനോഭാവം പ്രോത്സാഹിപ്പിക്കുകയും വേണം. പ്രവർത്തനക്ഷമതയും സൈനികരുടെ ക്ഷേമവും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്തുന്നതിലൂടെ, സംഘാംഗങ്ങൾക്കിടയിൽ വിശ്വാസം സൃഷ്ടിക്കുകയും തങ്ങൾ നയിക്കുന്ന യൂണിറ്റുകളുടെ പോരാട്ട വീര്യം ശക്തിപ്പെടുത്തുകയും ചെയ്യണം. ഓഫീസർ കേഡറ്റുകൾ മുന്നിൽ നിന്ന് നയിക്കുമെന്നും സംഘത്തിലെ സൈനികരെ പരിപാലിക്കുമെന്നും നമ്മുടെ സായുധ സേനയുടെ ഉദാത്തമായ പാരമ്പര്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും പ്രതീക്ഷിക്കുന്നതായി രാഷ്ട്രപതി പറഞ്ഞു.

 

രാഷ്ട്രപതിയുടെ പ്രസംഗം കാണാൻ ദയവായി ഇവിടെ ക്ലിക്ക് ചെയ്യൂ [ഇംഗ്ലീഷ്]

രാഷ്ട്രപതിയുടെ പ്രസംഗം കാണാൻ ദയവായി ഇവിടെ ക്ലിക്ക് ചെയ്യൂ [ഹിന്ദി]

***


(रिलीज़ आईडी: 2272442) आगंतुक पटल : 16
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Assamese , Bengali , Gujarati , Tamil