കൃഷി മന്ത്രാലയം
ഇന്ത്യൻ മാമ്പഴ ഇറക്കുമതിക്ക് നേപ്പാളില്‍ നിരോധനമില്ല
प्रविष्टि तिथि:
10 JUN 2026 8:04PM by PIB Thiruvananthpuram
ഇന്ത്യയിലെ മാമ്പഴം ഇറക്കുമതി ചെയ്യുന്നത് നേപ്പാൾ നിരോധിക്കുകയോ താൽക്കാലികമായി നിർത്തിവെക്കുകയോ ചെയ്തതായി ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ കാർഷിക-കർഷക ക്ഷേമ മന്ത്രാലയത്തിൻ്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ റിപ്പോർട്ടുകൾ വസ്തുതാവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്.
ഇന്ത്യൻ മാമ്പഴങ്ങളുടെ ഇറക്കുമതിക്ക് യാതൊരുവിധ നിരോധനവും ഏർപ്പെടുത്തിയിട്ടില്ലെന്ന് നേപ്പാൾ സര്‍ക്കാരിൻ്റെ സസ്യ ക്വാറൻ്റൈൻ - കീടനാശിനി നിയന്ത്രണ കേന്ദ്രം (നേപ്പാളിലെ ദേശീയ സസ്യ സംരക്ഷണ സംഘടന) 2026 ജൂൺ 10-ന് വ്യക്തമാക്കിയിട്ടുണ്ട്. നിർദിഷ്ട സസ്യാരോഗ്യ സംരക്ഷണ മാനദണ്ഡങ്ങൾക്ക് വിധേയമായി ഇറക്കുമതി ഇപ്പോഴും അനുവദനീയമാണ്. ഈ മാനദണ്ഡങ്ങൾ പാലിക്കുന്നതിൻ്റെയും ഇന്ത്യാ ഗവൺമെൻ്റ് നൽകുന്ന സാധുവായ സസ്യാരോഗ്യ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുന്നതിൻ്റെയും അടിസ്ഥാനത്തില്‍ ഇറക്കുമതി അനുമതികളും വിതരണ ഉത്തരവുകളും നൽകിവരുന്നുണ്ട്.
ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്ക് മാമ്പഴ കയറ്റുമതി തടസ്സമില്ലാതെ തുടരുകയാണ്. 2026 ജനുവരി മുതൽ ഇതുവരെ ആകെ 2005 മെട്രിക് ടൺ മാമ്പഴം ഉൾപ്പെടുന്ന 149 ഉല്പന്നശേഖരങ്ങള്‍ നേപ്പാളിലേക്ക് കയറ്റി അയച്ചിട്ടുണ്ട്. 2026 ജൂണില്‍ മാത്രം ഇതുവരെ 266 മെട്രിക് ടൺ തൂക്കം വരുന്ന 18 ഉല്പന്നശേഖരങ്ങളാണ് കയറ്റുമതി ചെയ്തിരിക്കുന്നത്.
ചൂടുവെള്ള സംസ്കരണ നിബന്ധന ഉൾപ്പെടെ ചില ഇറക്കുമതി വ്യവസ്ഥകളിൽ നേപ്പാൾ അടുത്തിടെ ഭേദഗതി വരുത്തിയിട്ടുണ്ടെങ്കിലും നിർദിഷ്ട മാനദണ്ഡങ്ങൾ പാലിച്ച് കയറ്റുമതി സുഗമമാക്കാൻ ഇന്ത്യ തുടർന്നും നടപടികൾ സ്വീകരിക്കുന്നുണ്ട്. അതേസമയം മുൻകൂര്‍ കൂടിയാലോചനയില്ലാതെ പുതിയ സസ്യാരോഗ്യ സംരക്ഷണ നടപടികൾ ഏർപ്പെടുത്തിയതിലെ ആശങ്ക ഇന്ത്യ നേപ്പാളിനെ അറിയിച്ചിട്ടുണ്ട്. ലോക വ്യാപാര സംഘടനയുടെ ആരോഗ്യ-സസ്യാരോഗ്യ സംരക്ഷണ കരാറിനും അന്താരാഷ്ട്ര സസ്യ സംരക്ഷണ കൺവെൻഷൻ ചട്ടക്കൂടിനും അനുസൃതമായി ഉചിതമായ ഉഭയകക്ഷി മാർഗങ്ങളിലൂടെ വിഷയത്തില്‍ ഇന്ത്യ തുടര്‍നടപടികള്‍ സ്വീകരിക്കുന്നുണ്ട്.
ഇറക്കുമതി, കയറ്റുമതി ചട്ടങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ഔദ്യോഗിക അറിയിപ്പുകളെ മാത്രം ആശ്രയിക്കണമെന്നും ഇന്ത്യൻ മാമ്പഴം നേപ്പാളിലേക്ക് കയറ്റുമതി ചെയ്യുന്നതില്‍ വ്യാപാര നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെന്ന തരത്തില്‍ പ്രചരിക്കുന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ തള്ളിക്കളയണമെന്നും ബന്ധപ്പെട്ട കക്ഷികളോടും വ്യാപാരികളോടും പൊതുജനങ്ങളോടും മന്ത്രാലയം നിർദേശിക്കുന്നു.
***
(रिलीज़ आईडी: 2271373)
आगंतुक पटल : 9