യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

രാജ്യവ്യാപകമായി ലോക സൈക്കിൾ ദിനാചരണത്തിന് ഡോ. മൻസുഖ് മാണ്ഡവ്യ നേതൃത്വo നൽകി ; നടൻ വിക്രാന്ത് മാസി പങ്കെടുത്തു

प्रविष्टि तिथि: 07 JUN 2026 4:30PM by PIB Thiruvananthpuram
കേന്ദ്ര കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയുടെ നേതൃത്വത്തിൽ നടന്ന ലോക സൈക്കിൾ ദിനാചരണത്തിന് സാക്ഷ്യം വഹിക്കാൻ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലേക്ക് വൻ ജനപ്രവാഹം ഒഴുകിയെത്തി. പ്രശസ്ത നടൻ വിക്രാന്ത് മാസി, ലോക ചാമ്പ്യൻഷിപ്പ് വെള്ളി മെഡൽ ജേതാവായ ബോക്സർ നൂപുർ ഷിയോറൻ, പ്രശസ്ത കന്നഡ നടി രാഗിണി ദ്വിവേദി എന്നിവരും മന്ത്രിയോടൊപ്പം പങ്കെടുത്തു.
 
ന്യൂഡൽഹിയിൽ 15,000-ത്തിലധികം ഫിറ്റ്‌നസ് പ്രേമികൾ സൈക്കിൾ ചവിട്ടിയപ്പോൾ, കാർഗിൽ, ലേ മുതൽ കന്യാകുമാരി, ആലപ്പുഴ വരെയും ത്രിപുര മുതൽ വഡോദര വരെയും ഇന്ത്യയാകെ ആയിരക്കണക്കിന് സ്ഥലങ്ങളിലായി 4 ലക്ഷത്തിലധികം പേർ ഈ ഏകദിന സൈക്ലിംഗ് യജ്ഞത്തിൽ പങ്കാളികളായി.
 
2024 ഡിസംബറിൽ ഡോ. മൻസുഖ് മാണ്ഡവ്യ തുടക്കം കുറിച്ച ഈ സൈക്ലിംഗ് സംരംഭം ഇതിനകം തന്നെ ഇന്ത്യയിലെ ആയിരക്കണക്കിന് സ്ഥലങ്ങളിലായി 30 ലക്ഷത്തിലധികം ജീവിതങ്ങളെ സ്വാധീനിച്ചിട്ടുണ്ട്.തുടർന്ന് നടന്ന സൗഹൃദ വടംവലി മത്സരത്തിൽ നടൻ വിക്രാന്ത് മാസിയെ കേന്ദ്ര കായിക മന്ത്രി പരാജയപ്പെടുത്തി. തുടർന്ന് "ഭാരത് മാതാ കീ ജയ്", "ഫിറ്റ് ഇന്ത്യ, ഹിറ്റ് ഇന്ത്യ" എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് സൈക്ലിസ്റ്റുകൾക്കൊപ്പം അദ്ദേഹം സൈക്കിൾ സവാരി നടത്തി .
 
 
വിവിധ സംസ്ഥാന ഗവണ്മെൻ്റുകളുടെ കായിക വകുപ്പുകൾ, സെൻട്രൽ ആംഡ് പോലീസ് ഫോഴ്സ് (CAPF), തീരസംരക്ഷണ സേന , കരസേന, നാവികസേന, വ്യോമസേന, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (CISF), ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (BSF), സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (CRPF), ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് (ITBP), സശാസ്ത്ര സീമാ ബൽ (SSB) എന്നിവരും ഈ പരിപാടിയിൽ പങ്കെടുത്തു.
 
സൈക്ലിംഗിൻ്റെ  ഗുണങ്ങളെക്കുറിച്ച് ഡോ. മാണ്ഡവ്യ പിന്നീട് ഇങ്ങനെ പറഞ്ഞു:
 "ഇന്ന് 'ഫിറ്റ് ഇന്ത്യ സൺഡേയ്‌സ് ഓൺ സൈക്കിൾ' (Fit India Sundays on Cycle)- ൻ്റെ   77-ാം പതിപ്പാണ്. സൈക്ലിംഗ് ഏവരുടെയും ആരോഗ്യം മെച്ചപ്പെടുത്തുകയും മാനസികമായി സ്വാസ്ഥ്യമുള്ളവരായി നിലനിർത്തുകയും ചെയ്യുന്നു. ഇത് ഇന്ധനം ലാഭിക്കാനും ഭൂമിയെ വൃത്തിയായി സൂക്ഷിക്കാനും സഹായിക്കുന്നു. വർദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്കിന് ഇത് ഫലപ്രദമായ ഒരു പരിഹാരം കൂടിയാണ്. സൈക്ലിംഗ് പല വെല്ലുവിളികളെയും ഒരേസമയം നേരിടാൻ സഹായിക്കും ... ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും ആരോഗ്യത്തിനു മാറ്റിവെക്കാൻ പ്രധാനമന്ത്രി മോദി നിർദേശിച്ചിട്ടുണ്ട്. നമ്മുടെ ഈ ദൈനംദിന ആരോഗ്യ ദിനചര്യയിൽ സൈക്ലിംഗ് കൂടി ഉൾപ്പെടുത്തിയാൽ അത് നമ്മുടെ പല പ്രശ്നങ്ങളും പരിഹരിക്കാൻ സഹായിക്കും. നമുക്കെല്ലാവർക്കും സൈക്ലിംഗ് നമ്മുടെ  ദിനചര്യയിൽ പകർത്താം ... 'സൺഡേസ് ഓൺ സൈക്കിൾ' സംരംഭത്തിൽ നിങ്ങൾ പങ്കാളികളാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. പതിവായി സൈക്കിൾ ചവിട്ടുക, ആരോഗ്യത്തോടെയിരിക്കുക, പ്രധാനമന്ത്രി മോദിയുടെ ഫിറ്റ് ഇന്ത്യ പ്രസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ പങ്കാളികളാവുക."
 
 
നാഷണൽ കേഡറ്റ് കോർപ്സ് (NCC), അഗ്രിവിഷൻ, കിസാൻ സംഘങ്ങൾ, കായികതാരങ്ങൾ, സാധാരണ ജനങ്ങൾ, മൈ ഭാരത് സന്നദ്ധ പ്രവർത്തകർ , ഫിസിക്കൽ എഡ്യൂക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (PEFI) അംഗങ്ങൾ, ക്രീഡാ ഭാരതി അംഗങ്ങൾ എന്നിവരും ഹേക (Heka), ഫിറ്റ്‌സ്‌പയർ (Fitspire), ഡെസി ഫാംസ് (Desi Farms), ഏവോൺ സൈക്കിൾസ് (Avon Cycles), സൈക്ലോഫിറ്റ് (Cyclofit) തുടങ്ങിയ സ്പോൺസർമാരുടെ പിന്തുണയോടെ നടന്ന ഈ സൈക്ലിംഗ് യജ്ഞത്തിൽ പങ്കെടുത്തു.
 
വിവിധ മുൻസിപ്പൽ കോർപ്പറേഷനുകളും അവരുടെ മേഖലയിൽ സൈക്ലിംഗ് പരിപാടികൾ സംഘടിപ്പിച്ചു. സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ സ്ത്രീകൾക്കായി മാത്രമായി ഇന്ത്യയിലുടനീളം അസ്മിത സൈക്ലിംഗ് ടൂർണമെൻ്റുകൾ സംഘടിപ്പിച്ചു. അന്താരാഷ്ട്ര സൈക്ലിംഗ് കായിക സംഘടനയായ യുസിഐ (UCI)-യും ഈ പരിപാടിയുമായി സഹകരിച്ചു.
 
 'ഫിറ്റ് ഇന്ത്യ സൺഡേയ്‌സ് ഓൺ സൈക്കിൾ' കുട്ടിക്കാലത്തെ ഓർമ്മകൾ സമ്മാനിച്ചതായി പ്രശസ്ത നടൻ വിക്രാന്ത് മാസി പറഞ്ഞു. കമ്പ്യൂട്ടർ/മൊബൈൽ സ്ക്രീനുകൾക്ക് മുന്നിൽ മാത്രം സമയം ചെലവഴിക്കുന്ന ഇന്നത്തെ കാലത്ത് മികച്ച ആരോഗ്യം നിലനിർത്തേണ്ടതിൻ്റെ  പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം ഓർമ്മിപ്പിച്ചു 
 
" കുട്ടിക്കാലത്ത് കൂട്ടുകാരോടൊപ്പം പുറത്തുപോകാറുണ്ടായിരുന്നതിൻ്റെ  ഓർമ്മകൾ വർഷങ്ങൾക്ക് ശേഷം, ഈ ഞായറാഴ്ച പുതുക്കാനായി . പഴയ പല ഓർമ്മകളും തിരികെ ലഭിച്ചു . കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ കഴിഞ്ഞ 1.5 മുതൽ 2 വർഷമായി ഈ സംരംഭത്തിനായി വളരെയധികം പ്രതിജ്ഞാബദ്ധനാണ്. അദ്ദേഹം ദിവസവും സൈക്കിൾ ചവിട്ടുകയും എല്ലാ ഞായറാഴ്ചകളിലും പരിപാടിയിൽ പങ്കെടുക്കുകയും ചെയ്യുന്നു, ഇത് ശരിക്കും പ്രചോദനകരമാണ്. ഇതൊരു ജനകീയ പ്രസ്ഥാനമായി മാറിയിരിക്കുന്നു. ഇന്ന് കുറഞ്ഞത് 15,000 മുതൽ 18,000 വരെ ആളുകൾ ഇവിടെയുണ്ട്, ഇത് അദ്ദേഹത്തിൻ്റെ   കഠിനാധ്വാനത്തെയാണ് കാണിക്കുന്നത്. ആരോഗ്യത്തിൻ്റെ   പ്രാധാന്യം നാം എല്ലാവരും മനസ്സിലാക്കുന്നു. കുട്ടികളോട് സ്ക്രീൻ സമയം കുറയ്ക്കാനും കളിക്കളങ്ങളിൽ പോയി കളിക്കാനും നാം ആവശ്യപ്പെടണം. നിങ്ങൾ എത്ര പണം സമ്പാദിച്ചാലും എത്ര ആസ്തികൾ ഉണ്ടാക്കിയാലും ആരോഗ്യമില്ലെങ്കിൽ ഒന്നുമല്ല," വിക്രാന്ത് മാസി പറഞ്ഞു.
 
ഇന്ത്യൻ പൗരന്മാർ ഇപ്പോൾ ഫിറ്റ് ഇന്ത്യ പോലുള്ള സംരംഭങ്ങൾ കാരണം ശാരീരികക്ഷമതയെക്കുറിച്ച് കൂടുതൽ ബോധവാന്മാരാണെന്ന് ലോകകപ്പിൽ 80 കിലോഗ്രാം വിഭാഗത്തിൽ രണ്ട് സ്വർണ്ണ മെഡലുകൾ നേടിയ നൂപുർ ഷിയോറൻ പറഞ്ഞു . സൈക്കിൾ ചവിട്ടുന്നതിന് മുൻപ് നൂപുർ, നടൻ വിക്രാന്ത് മാസിയുമായി ചില ബോക്സിംഗ് നുറുങ്ങുകളും പങ്കുവെച്ചു .
 
 
 
"‘ഫിറ്റ് ഇന്ത്യ സൺഡേയ്‌സ് ഓൺ സൈക്കിൾ’ വളരെ മികച്ച സംരംഭമാണ്. ഇന്ന് ഞാൻ ഇവിടെ കണ്ട വലിയ ജനക്കൂട്ടം ഇന്നത്തെ കാലത്ത് ശാരീരികക്ഷമതയെക്കുറിച്ച് ജനങ്ങൾ എത്രമാത്രം ബോധവാന്മാരായിട്ടുണ്ടെന്ന് കാണിക്കുന്നു. സൈക്ലിംഗ് അതിശയകരവും ആസ്വാദ്യകരവുമായ ഒരു പ്രവർത്തനമാണ്. ദിവസവും കുറഞ്ഞത് 15-30 മിനിറ്റെങ്കിലും സൈക്ലിംഗിനായി അല്ലെങ്കിൽ മറ്റ് ശാരീരിക പ്രവർത്തനങ്ങൾക്കായി മാറ്റിവെക്കാൻ ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു," നൂപുർ ഷിയോറൻ പറഞ്ഞു.
 
പ്രശസ്ത ട്രിപ്പിൾ ജമ്പ് താരം പ്രാചി തോമറും 3000 മീറ്റർ സ്റ്റീപ്പിൾചേസ് ദേശീയ താരം ശിവാനി പ്രധാനിയയും ഈ സൈക്ലോത്തണിൽ പങ്കെടുത്തു.
 
ബാഡ്മിന്റൺ, ചെസ്സ്, കാരംസ്, ലുഡോ തുടങ്ങിയവ കളിക്കാൻ പൊതുജനങ്ങൾക്ക് അവസരമൊരുക്കിക്കൊണ്ട് ഒരു ഫൺ സോണും ഒരുക്കിയിരുന്നു. നാരങ്ങാ ഓട്ടം (Lemon race), ബോൾ ഗെയിം, വടംവലി, സ്ക്വാറ്റ് ചലഞ്ച്, പുഷ്-അപ്പ് ചലഞ്ച് എന്നിവയും നടത്തി.
 
സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (CFI), യോഗാസന ഭാരത്, രാഹ്ഗിരി ഫൗണ്ടേഷൻ, മൈ ഭാരത് എന്നിവയുമായി സഹകരിച്ച് യുവജനകാര്യ &കായിക മന്ത്രാലയമാണ് 'ഫിറ്റ് ഇന്ത്യ സൺഡേയ്‌സ് ഓൺ സൈക്കിൾ' സംഘടിപ്പിക്കുന്നത്. ഈ സൈക്ലിംഗ് യജ്‌ഞം എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സായ് പ്രാദേശിക കേന്ദ്രങ്ങൾ, ദേശീയ മികവ് കേന്ദ്രങ്ങൾ , സായ് ട്രെയിനിംഗ് സെൻ്ററുകൾ (STC), ഖേലോ ഇന്ത്യ സ്റ്റേറ്റ് സെൻ്ററുകൾ ഓഫ് എക്സലൻസ് (KISCE), ഖേലോ ഇന്ത്യ സെൻ്ററുകൾ (KIC) എന്നിവയിൽ ഉൾപ്പെടെ ഒരേസമയം നടത്തപ്പെടുന്നു.

****

(रिलीज़ आईडी: 2270118) आगंतुक पटल : 5
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Gujarati , Tamil