ആഭ്യന്തരകാര്യ മന്ത്രാലയം
ലാൻഡ് പോർട്ട് മാനേജ്‌മെൻ്റ് സിസ്റ്റം (LPMS) കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ 2026 ജൂൺ 9 ന് ന്യൂഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്യും
प्रविष्टि तिथि:
07 JUN 2026 6:18PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണ നേതൃത്വം രാജ്യത്തെ അതിർത്തി - ആഭ്യന്തര സുരക്ഷയ്ക്ക് നവോന്മേഷം പകര്‍ന്നിട്ടുണ്ട്. 2026 ജൂൺ 9 ചൊവ്വാഴ്ച ന്യൂഡൽഹിയിൽ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ലാൻഡ് പോർട്ട് മാനേജ്‌മെൻ്റ് സിസ്റ്റം (LPMS) ഉദ്ഘാടനം ചെയ്യുന്നതിലൂടെ ഈ രംഗത്തെ സുപ്രധാന നാഴികക്കല്ല് കൈവരിക്കാനൊരുങ്ങുകയാണ് രാജ്യം.
സാങ്കേതികവിദ്യാധിഷ്ഠിത പരിഹാരങ്ങളിലൂടെ അതിർത്തി കടന്നുള്ള വ്യാപാരത്തിലും യാത്രാസൗകര്യങ്ങളിലും കാര്യക്ഷമതയും സുതാര്യതയും സുരക്ഷയും വർധിപ്പിക്കുന്ന സമര്‍ത്ഥമായ അതിര്‍ത്തി നിയന്ത്രണത്തില്‍ കേന്ദ്രഗവണ്മെൻ്റ് പുലര്‍ത്തുന്ന പ്രതിബദ്ധതയാണ് ഈ സംരംഭം അടിവരയിടുന്നത്.
മേഘാലയയിലെ ഡാവ്കി, ത്രിപുരയിലെ ശ്രീമന്ത്‌പൂർ എന്നീ അതിര്‍ത്തി തുറമുഖങ്ങളില്‍ പുതുതായി വികസിപ്പിച്ച താമസസൗകര്യങ്ങളും ചടങ്ങില്‍ ആഭ്യന്തരമന്ത്രി ഉദ്ഘാടനം ചെയ്യും. അതിർത്തി സുരക്ഷാ ഉദ്യോഗസ്ഥരും ഗുണഭോക്താക്കളുമടക്കം മേഖലയുമായി ബന്ധപ്പെട്ട പങ്കാളികള്‍ക്ക് നല്‍കുന്ന അടിസ്ഥാന സൗകര്യ പിന്തുണ ശക്തിപ്പെടുത്തുന്നതാണ് ഈ നടപടി.
ആധുനികവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ അതിര്‍ത്തി നിയന്ത്രണ സംവിധാനത്തിലേക്ക് ഇന്ത്യ നടത്തുന്ന പ്രയാണത്തിലെ ചരിത്രപരമായ ചുവടുവെയ്പ്പായി LPMS ഉദ്ഘാടനം മാറും. സുഗമമായ വ്യാപാരവും ഗതാഗതസൗകര്യവും ദേശീയ സുരക്ഷയും ശക്തിപ്പെടുത്തുന്നതിലും 2047-ഓടെ വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കുന്നതിലും ഇന്ത്യയുടെ തന്ത്രപരമായ ശ്രദ്ധയെ ഈ സംരംഭം പ്രതിഫലിപ്പിക്കുന്നു.
അതിര്‍ത്തി തുറമുഖ പ്രവർത്തനങ്ങളെ ഏകീകൃത സംവിധാനത്തിലേക്ക് സംയോജിപ്പിക്കാന്‍ രൂപകല്പന ചെയ്‌ത അത്യാധുനിക ഡിജിറ്റൽ സംവിധാനമാണ് LPMS. ചരക്കുനീക്ക, നിയന്ത്രണ വിവരങ്ങളുടെ സുരക്ഷിത തത്സമയ കൈമാറ്റം ഇത് സാധ്യമാക്കുന്നു, അതിര്‍ത്തി തുറമുഖങ്ങളെ വിമാനത്താവളങ്ങളിലെയും സമുദ്ര തുറമുഖങ്ങളിലെയും നിലവിലെ ഡിജിറ്റൽ സംവിധാനങ്ങൾക്ക് തുല്യമാക്കുന്ന ഈ സംവിധാനം നിഷ്പക്ഷവും സുതാര്യവുമായ പ്ലാറ്റ്‌ഫോം എന്ന നിലയിൽ ഗവണ്മെൻ്റ് ഏജൻസികളും സ്വകാര്യ സേവനദാതാക്കളും ഉൾപ്പെടെ വിവിധ പങ്കാളികള്‍ക്കിടയില്‍ തടസ്സമില്ലാത്ത ഏകോപനം സുഗമമാക്കും. അതുവഴി കാലതാമസം കുറയ്ക്കുകയും പ്രവർത്തന കാര്യക്ഷമത വർധിപ്പിക്കുകയും ചെയ്യും.
ചരക്കുനീക്കത്തിൻ്റെയും യാത്രകളുടെയും നടപടികള്‍ക്ക് സമയക്രമം ബുക്ക് ചെയ്യല്‍, പണമിടപാടുകള്‍, പരിശോധന, ഏകജാലക അനുമതികള്‍ എന്നിവ ഉൾപ്പെടുന്ന സമ്പൂര്‍ണ ഡിജിറ്റൽ പ്രവര്‍ത്തനക്രമം ഈ സംവിധാനം അവതരിപ്പിക്കുന്നു. ICEGATE, ULIP, മോട്ടോർ വാഹന ശൃംഖല തുടങ്ങിയ പ്രധാന ദേശീയ സംവിധാനങ്ങളുമായി പൂർണമായി സംയോജിപ്പിച്ചതിനാല്‍ പരസ്പരം പ്രവർത്തനക്ഷമവും കാര്യക്ഷമവും സുതാര്യവുമായ അതിർത്തി നിയന്ത്രണം LPMS സാധ്യമാക്കും.
വ്യാപാരം, ഗതാഗതം, പ്രാദേശിക സഹകരണം എന്നിവ സുഗമമാക്കുന്നതിന് അതിര്‍ത്തി തുറമുഖങ്ങള്‍ വികസിപ്പിക്കാനും നിയന്ത്രിക്കാനും ഉത്തരവാദപ്പെട്ട ആഭ്യന്തര മന്ത്രാലയത്തിൻ്റെ അതിർത്തി നിര്‍വഹണ വകുപ്പിന് കീഴിലെ നിയമാധിഷ്ഠിത സ്ഥാപനമാണ് ലാൻഡ് പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (LPAI). നിലവിൽ ഇന്ത്യയുടെ അന്താരാഷ്ട്ര അതിർത്തികളിലുടനീളം 15 അതിര്‍ത്തി തുറമുഖങ്ങള്‍ LPAI പ്രവർത്തിപ്പിക്കുന്നുണ്ട്. ഇന്ത്യ–പാകിസ്ഥാൻ അതിർത്തിയിലെ അട്ടാരി (പഞ്ചാബ്), ദേര ബാബ നാനാക് (പഞ്ചാബ്); ഇന്ത്യ–നേപ്പാൾ അതിർത്തിയിലെ രൂപൈദിഹ (ഉത്തർപ്രദേശ്), റക്സോൾ (ബീഹാർ), ജോഗ്ബാനി (ബീഹാർ); ഇന്ത്യ–ഭൂട്ടാൻ അതിർത്തിയിലെ ദരംഗ (അസം); ഇന്ത്യ–ബംഗ്ലാദേശ് അതിർത്തിയിലെ പെട്രാപോൾ (പശ്ചിമ ബംഗാൾ), ഡാവ്കി (മേഘാലയ), സുതാർകണ്ടി, ഗോലക്ഗഞ്ച്, മങ്കാചർ (അസം), അഗർത്തല, ശ്രീമന്ത്‌പൂർ, സാബ്രൂം (ത്രിപുര); ഇന്ത്യ–മ്യാൻമർ അതിർത്തിയിലെ മോറെ (മണിപ്പൂർ) എന്നിവയാണ് ലാന്‍ഡ് പോര്‍ട്ട് അതോറിറ്റിക്ക് കീഴിലെ അതിര്‍ത്തി തുറമുഖങ്ങള്‍.
*****
(रिलीज़ आईडी: 2270117)
आगंतुक पटल : 7