തൊഴില്‍, ഉദ്യോഗ മന്ത്രാലയം
azadi ka amrit mahotsav

'ഇൻഷുറൻസ് പരിരക്ഷയുള്ള വ്യക്തികളുടെ ആശ്രിതര്‍ക്ക് 2026-27 അധ്യയന വർഷത്തെ MBBS, BDS, BSc നഴ്‌സിങ് കോഴ്‌സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ച് ESIC

प्रविष्टि तिथि: 05 JUN 2026 12:08PM by PIB Thiruvananthpuram

'ഇൻഷുറൻസ് പരിരക്ഷയുള്ള വ്യക്തികളുടെ ആശ്രിത' വിഭാഗത്തില്‍  2026-27 അധ്യയന വർഷത്തെ ബിരുദ മെഡിക്കൽ, നഴ്സിങ്  കോഴ്സുകളിലേക്ക് പ്രവേശനത്തിന് കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് കീഴിലെ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ (ESIC) അപേക്ഷ ക്ഷണിച്ചു. എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് പദ്ധതിക്ക് കീഴിലെ തൊഴിലാളികളുടെ ആശ്രിതരായ മക്കൾക്ക് മാത്രം  ലഭ്യമാകുന്ന ഈ പ്രവേശന അവസരം രാജ്യത്തെ ഇൻഷുറൻസ് പരിരക്ഷയുള്ള തൊഴിലാളികളുടെ കുടുംബങ്ങൾക്ക് അർത്ഥപൂര്‍ണമായ സാമൂഹ്യ സുരക്ഷയും വിദ്യാഭ്യാസ ആനുകൂല്യങ്ങളും വ്യാപിപ്പിക്കുന്നതില്‍ ESIC പുലര്‍ത്തുന്ന തുടര്‍ച്ചയായ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നു.

 

രാജ്യത്തെ 22 മെഡിക്കൽ, ഡെൻ്റൽ, നഴ്സിങ് സ്ഥാപനങ്ങളിലായി ആകെ 783 സീറ്റുകളാണ് 2026-27 അധ്യയന വർഷം പ്രസ്തുത വിഭാഗത്തിന് താൽക്കാലികമായി നീക്കിവെച്ചിരിക്കുന്നത്. 695 MBBS സീറ്റുകളും, 28 BDS സീറ്റുകളും, 60 BSc നഴ്സിങ് സീറ്റുകളും ഇതിലുൾപ്പെടുന്നു. വിവിധ സംസ്ഥാനങ്ങളിലെ ESIC മെഡിക്കൽ കോളജുകളും ഇൻഷുറൻസ് പരിരക്ഷയുള്ള വ്യക്തികളുടെ യോഗ്യരായ മക്കൾക്കായി സീറ്റുകൾ സംവരണം ചെയ്ത തിരഞ്ഞെടുത്ത സംസ്ഥാന സർക്കാർ മെഡിക്കൽ കോളേജുകളും ഇതിലുണ്ട്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിൻ്റെ ആരോഗ്യ സേവന ഡയറക്ടറേറ്റ് ജനറൽ (DGHS) നടത്തുന്ന കേന്ദ്രീകൃത കൗൺസിലിങ് പ്രക്രിയയിലൂടെയാണ് പ്രവേശനം നിയന്ത്രിക്കുന്നത്.  

 

തൊഴിലാളികളുടെ കുടുംബത്തിൻ്റെ വിദ്യാഭ്യാസ സ്വപ്നങ്ങള്‍ക്ക് പിന്തുണയേകാന്‍ ലക്ഷ്യമിട്ട് ESIC നടപ്പാക്കുന്ന സുപ്രധാന ക്ഷേമ സംരംഭമാണ് ഇൻഷുറൻസ് പരിരക്ഷയുള്ള വ്യക്തികളുടെ മക്കളുടെ മെഡിക്കല്‍ വിദ്യാഭ്യാസ പ്രവേശം. യോഗ്യരായ വിദ്യാർത്ഥികൾക്ക് ഉയർന്ന സബ്‌സിഡിയോടുകൂടിയ ഫീസിൽ പ്രൊഫഷണൽ മെഡിക്കൽ, നഴ്സിങ് വിദ്യാഭ്യാസം നേടാൻ പദ്ധതിയിലൂടെ സാധിക്കുന്നു. ഈ വിഭാഗത്തില്‍ പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികൾ MBBS, BDS കോഴ്സുകൾക്ക് പ്രതിവർഷം 24,000 രൂപയും BSc നഴ്സിങിന് 10,000 രൂപയും മാത്രം ട്യൂഷൻ ഫീസ് നൽകിയാൽ മതിയാകും. ഇത് ESI പദ്ധതി ഗുണഭോക്താക്കൾക്ക് ഗുണനിലവാരമേറിയ മെഡിക്കൽ വിദ്യാഭ്യാസം താങ്ങാനാവുന്ന നിരക്കില്‍ എളുപ്പത്തിൽ ലഭ്യമാക്കുന്നു. ഈ വിഭാഗത്തിലെ  പ്രവേശനത്തിന് യാതൊരുവിധ തലവരിപ്പണമോ സംഭാവനയോ അനുവദനീയമല്ല.

 

ഈ വിഭാഗത്തില്‍ പ്രവേശന യോഗ്യത നേടുന്നതിന് രക്ഷിതാവ് ESI നിയമത്തിന് കീഴിൽ രജിസ്റ്റർ ചെയ്ത 'ഇൻഷുറൻസ് പരിരക്ഷയുള്ള വ്യക്തി'  ആയിരിക്കണം. കൂടാതെ 2025 സെപ്റ്റംബർ 30-ലെ കണക്കനുസരിച്ച് ESI പദ്ധതിയിലേക്ക് സജീവമായി വിഹിതമടയ്ക്കുന്ന ആളായിരിക്കുകയും വേണം. അപേക്ഷിക്കുന്ന ഇൻഷുറൻസ് പരിരക്ഷയുള്ള വ്യക്തിയുടെ ആശ്രിതനായ കുട്ടി 2026-ലെ നീറ്റ് യു.ജി പരീക്ഷ എഴുതിയിരിക്കണം. കൂടാതെ ദേശീയ മെഡിക്കൽ കമ്മീഷൻ, ഡെൻ്റൽ കൗൺസിൽ ഓഫ് ഇന്ത്യ, ഇന്ത്യൻ നഴ്സിങ് കൗൺസിൽ, നാഷണൽ ടെസ്റ്റിങ് ഏജൻസി, മെഡിക്കൽ കൗൺസിലിങ് കമ്മിറ്റി എന്നിവ നിർദേശിച്ച യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുകയും വേണം. പുരുഷ ഉദ്യോഗാർത്ഥികൾക്ക് 2026 മാർച്ച് 08-ലെ കണക്കനുസരിച്ച് 21 വയസ്സാണ് പ്രായപരിധി.  അതേസമയം, 1948-ലെ ESI നിയമ വ്യവസ്ഥകൾ പ്രകാരം ഇൻഷുറൻസ് പരിരക്ഷയുള്ള വ്യക്തികളുടെ ആശ്രിതരും അവിവാഹിതരുമായ പെണ്‍മക്കൾക്ക് പ്രായപരിധി ബാധകമല്ല.

 

യോഗ്യരായ ഉദ്യോഗാർത്ഥികൾ ESIC നൽകുന്ന സാധുവായ 'വാർഡ് ഓഫ് ഐപി സർട്ടിഫിക്കറ്റ്' കൈപ്പറ്റേണ്ടതുണ്ട്. പ്രവേശന പ്രക്രിയയിൽ പങ്കെടുക്കാന്‍ ഈ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് അപേക്ഷാ നടപടികൾ പൂർണമായി ESIC പോർട്ടലിലൂടെ ഓണ്‍ലൈനായി പൂർത്തിയാക്കാം. അപേക്ഷകർ നിർദിഷ്ട വിവരങ്ങൾ സമർപ്പിക്കുകയും ഫോട്ടോ, പ്രായം തെളിയിക്കുന്ന രേഖ, നീറ്റ് യു.ജി 2026 അഡ്മിറ്റ് കാർഡ്, ആവശ്യമായ മറ്റ് പ്രസക്ത സർട്ടിഫിക്കറ്റുകൾ എന്നിവയടക്കം ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുകയും വേണം.

 

ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള വ്യക്തിയുടെ ആശ്രിതനാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2026 ജൂൺ 21 ആണ്. അപേക്ഷാ നടപടികളിൽ ഒ.ടി.പി ഉപയോഗിച്ച് ആധികാരികത ഉറപ്പാക്കേണ്ടതിനാല്‍ ഇൻഷുറൻസ് പരിരക്ഷയുള്ള വ്യക്തിയുടെ മൊബൈൽ നമ്പർ ESIC വിവരശേഖരത്തില്‍ കൃത്യമായി അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗാർത്ഥികൾ ഉറപ്പാക്കണം. സർട്ടിഫിക്കറ്റ് ലഭിച്ച ശേഷം കേന്ദ്രീകൃത കൗൺസിലിങ് പ്രക്രിയയിൽ പങ്കെടുക്കാന്‍  ഉദ്യോഗാർത്ഥികൾ മെഡിക്കൽ കൗൺസിലിങ് കമ്മിറ്റിയുടെ പോർട്ടലിൽ പ്രത്യേകം രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.

 

യോഗ്യരായ ഗുണഭോക്താക്കൾക്കിടയിൽ പ്രവേശന നടപടികള്‍ സംബന്ധിച്ച വിവരങ്ങൾ സജീവമായി പ്രചരിപ്പിക്കാന്‍ തൊഴിലുടമകൾ, ഇൻഷുറൻസ് പരിരക്ഷയുള്ള വ്യക്തികൾ, മേഖലാ ഓഫീസുകള്‍, ശാഖാ ഓഫീസുകള്‍, ആശുപത്രികൾ, സംസ്ഥാന ESI അധികാരികൾ എന്നിവരുൾപ്പെടെ എല്ലാ പങ്കാളികളോടും ESIC അഭ്യർത്ഥിച്ചു. ഈ അവസരത്തെക്കുറിച്ച്  ജീവനക്കാരെ അറിയിക്കാനും തൊഴിലിടങ്ങളില്‍ പ്രവേശന വിജ്ഞാപനം  പ്രദർശിപ്പിക്കാനും ESIC രേഖകളിൽ മൊബൈൽ നമ്പറുകൾ പരിശോധിച്ച് അപ്‌ഡേറ്റ് ചെയ്യുന്നതിന് സൗകര്യമൊരുക്കാനും ESI -യ്ക്ക് കീഴിൽ വരുന്ന തൊഴിലുടമകളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. അപേക്ഷകൾ കൃത്യസമയത്ത് സമർപ്പിക്കുന്നതും നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതും സംബന്ധിച്ച് ബോധവൽക്കരണ പരിപാടികള്‍ സംഘടിപ്പിക്കാനും അപേക്ഷകർക്ക് സഹായമൊരുക്കാനും മേഖലാ ഓഫീസുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

 

ലോകത്തെ ഏറ്റവും വലിയ സാമൂഹ്യ സുരക്ഷാ സംഘടനകളിലൊന്നായ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും മെഡിക്കൽ പരിചരണം, അസുഖ ആനുകൂല്യം, പ്രസവാനുകൂല്യം, വൈകല്യ ആനുകൂല്യം, ആശ്രിത ആനുകൂല്യം എന്നിവയുൾപ്പെടെ സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങളുടെ സമഗ്ര പാക്കേജ് ഉറപ്പാക്കുന്നു. ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള വ്യക്തികളുടെ ആശ്രിതര്‍ക്ക് പ്രത്യേക ക്വാട്ട പോലുള്ള സംരംഭങ്ങളിലൂടെ രാജ്യത്തെ തൊഴിലാളികളുടെ ക്ഷേമവും ശാക്തീകരണവും സാമൂഹ്യ -സാമ്പത്തിക പുരോഗതിയും ഉറപ്പാക്കുന്നതിലെ പ്രതിബദ്ധത ESIC തുടർച്ചയായി ശക്തിപ്പെടുത്തുന്നു.

 

യോഗ്യതയും അപേക്ഷാ നടപടികളും പ്രവേശനവുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകളും സംബന്ധിച്ച വിശദ വിവരങ്ങൾക്ക് www.esic.gov.in, എന്ന ESIC വെബ്‌സൈറ്റോ www.mcc.nic.in എന്ന മെഡിക്കൽ കൗൺസിലിങ് കമ്മിറ്റി പോർട്ടലോ സന്ദർശിക്കാം.

 

****


(रिलीज़ आईडी: 2269325) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: Bengali , Telugu , English , Gujarati , Urdu , Marathi , हिन्दी , Bengali-TR