രാഷ്ട്രപതിയുടെ കാര്യാലയം
ഗോത്രവർഗ കാര്യ മന്ത്രാലയത്തിന്റെ പ്രമുഖ സ്കോളർഷിപ്പ് പദ്ധതികളുടെ ഗുണഭോക്താക്കൾ രാഷ്ട്രപതിയെ സന്ദർശിച്ചു
प्रविष्टि तिथि:
02 JUN 2026 1:51PM by PIB Thiruvananthpuram
കേന്ദ്ര ഗോത്രവർഗ്ഗ കാര്യ മന്ത്രാലയത്തിന്റെ പ്രമുഖ സ്കോളർഷിപ്പ് പദ്ധതികളുടെ ഗുണഭോക്താക്കളായ ഒരു സംഘം യുവാക്കൾ ഇന്ന് (2026 ജൂൺ 2) രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവുമായി രാഷ്ട്രപതി ഭവനിൽ കൂടിക്കാഴ്ച നടത്തി.
ഗുണഭോക്താക്കളെ അഭിസംബോധന ചെയ്ത രാഷ്ട്രപതി, നമ്മുടെ രാജ്യത്ത് പ്രതിഭകൾക്ക് യാതൊരു ക്ഷാമവുമില്ലെന്ന് വ്യക്തമാക്കി. ശരിയായ മാർഗ്ഗനിർദ്ദേശവും പിന്തുണയും അനുയോജ്യമായ ഒരു വേദിയും നൽകുക എന്നത് മാത്രമാണ് ആവശ്യമെന്നും അവർ കൂട്ടിച്ചേർത്തു. അവസരം നൽകിയാൽ ഇന്ത്യയുടെ പേര് ലോകത്തിന് മുന്നിൽ ഉയർത്തിപ്പിടിക്കാൻ കെൽപ്പുള്ള യുവാക്കൾ നമ്മുടെ ഗ്രാമങ്ങളിൽ നിന്നും വിദൂര പ്രദേശങ്ങളിൽ നിന്നും ഗോത്രവർഗ്ഗ മേഖലകളിൽ നിന്നും ഉയർന്നുവരുമെന്നതിന്റെ തെളിവാണ് ഇവിടെ സന്നിഹിതരായിരിക്കുന്ന ഗുണഭോക്താക്കളെന്ന് രാഷ്‌ട്രപതി പറഞ്ഞു.
ഗോത്രവർഗ്ഗ വിഭാഗങ്ങളിൽപ്പെട്ട യുവാക്കളെ ശാക്തീകരിക്കുന്നതിനും ഉയർത്തിക്കൊണ്ടുവരുന്നതിനുമായി വിവിധ പദ്ധതികളിലൂടെ കേന്ദ്രഗവൺമെന്റ് നിരന്തരമായ ശ്രമങ്ങൾ നടത്തിവരികയാണെന്ന് രാഷ്ട്രപതി പറഞ്ഞു.
സ്കോളർഷിപ്പ് പദ്ധതികൾ കേവലം സാമ്പത്തിക സഹായത്തിനുള്ള മാർഗ്ഗങ്ങൾ മാത്രമല്ല. യുവാക്കളുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകുന്നവയാണ് . അസാമാന്യ കഴിവുകളുണ്ടായിട്ടും വിഭവങ്ങളുടെ പരിമിതി മൂലം മുന്നോട്ട് പോകാൻ കഴിയാതെ പിന്നോക്കം നിൽക്കുന്ന യുവാക്കളുടെ ജീവിതത്തിൽ പുതിയ സാധ്യതകളുടെ വാതിലുകളാണ് സ്കോളർഷിപ്പുകൾ തുറന്നു നൽകുന്നത്.
വിദ്യാഭ്യാസം ശാക്തീകരണത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഒരു വ്യക്തിയെ സ്വയംപര്യാപ്തനും ബോധവാനും പ്രാപ്തനുമാക്കാൻ വിദ്യാഭ്യാസത്തിന് കരുത്തുണ്ട് .തന്റെ ജീവിതയാത്രയിലും വിദ്യാഭ്യാസം സുപ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു. പരിമിതമായ സാഹചര്യങ്ങളിലും വലിയ സ്വപ്നങ്ങൾ കാണാൻ ധൈര്യം കാണിക്കുന്ന കുട്ടികൾക്ക്,ഈ യുവാക്കളുടെ വിദ്യാഭ്യാസവും അനുഭവസമ്പത്തും ഒരു പ്രചോദനമായി മാറണം. മറ്റുള്ളവരെയും ഒപ്പം ചേർത്തുകൊണ്ട് ഇവർ മുന്നോട്ട് കുതിക്കുമ്പോൾ മാത്രമേ രാജ്യത്തിന്റെ സമഗ്ര വികസനം യാഥാർത്ഥ്യമാകൂ എന്നും അവർ കൂട്ടിച്ചേർത്തു.
യുവാക്കൾ നമ്മുടെ രാജ്യത്തിന്റെ കരുത്തും പ്രതീക്ഷയും ശോഭനമായ ഭാവിയുമാണെന്ന് രാഷ്ട്രപതി പറഞ്ഞു. യുവാക്കളോട്, പ്രത്യേകിച്ച് ഗോത്രവർഗ്ഗ സമൂഹത്തിൽ നിന്നുള്ളവരോട് സ്വന്തം വേരുകളെയും ജനതയെയും മറക്കരുതെന്ന് രാഷ്‌ട്രപതി അഭ്യർത്ഥിച്ചു. തങ്ങളുടെ പൈതൃകത്തിൽ അഭിമാനം കൊണ്ടുകൊണ്ട്, വിദ്യാഭ്യാസത്തിന്റെയും സാങ്കേതികവിദ്യയുടെയും കരുത്തിൽ യുവാക്കൾ മുന്നേറുമ്പോൾ, ശക്തവും സമൃദ്ധവും സ്വയംപര്യാപ്തവുമായ ഒരു ഭാരതം കെട്ടിപ്പടുക്കാനാക്കുമെന് രാഷ്‌ട്രപതി പറഞ്ഞു.
2047-ഓടെ ഇന്ത്യയെ 'വികസിത ഭാരത'മാക്കി മാറ്റാനാണ് നാം ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം കൈവരിക്കുന്നതിൽ യുവാക്കൾ നിർണ്ണായക പങ്ക് വഹിക്കും. തിരഞ്ഞെടുക്കുന്ന ഏത് മേഖലയിലായാലും, സമൂഹത്തിന്റെയും രാജ്യത്തിന്റെയും വികസനത്തിന് സജീവമായ സംഭാവനകൾ നൽകാൻ അവർക്ക് കഴിയുമെന്നും രാഷ്ട്രപതി പ്രത്യാശ പ്രകടിപ്പിച്ചു.
*****
(रिलीज़ आईडी: 2267998)
आगंतुक पटल : 9