|
പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
പശ്ചിമേഷ്യയിലെ സമീപകാല സംഭവവികാസങ്ങളിൽ അന്തർ മന്ത്രാലയ ഔദ്യോഗിക വിശദീകരണം
പോസ്റ്റഡ് ഓണ്‍:
01 JUN 2026 6:02PM by PIB Thiruvananthpuram
പശ്ചിമേഷ്യയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിനിടയിലും, കൃത്യമായ ഇടവേളകളിലുള്ള അറിയിപ്പുകളിലൂടെ പൗരന്മാർക്ക് പുതിയ വിവരങ്ങൾ നൽകാനുള്ള ശ്രമങ്ങൾ ഇന്ത്യാ ഗവണ്മെൻ്റ് തുടരുന്നു. ഇതുമായി ബന്ധപ്പെട്ട്, ഇന്ന് നാഷണൽ മീഡിയ സെൻ്ററിൽ നടന്ന പത്രസമ്മേളനത്തിൽ കേന്ദ്ര പെട്രോളിയം-പ്രകൃതിവാതകം, തുറമുഖം, ജലപാത-ഷിപ്പിങ് മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർ ഇന്ധന ലഭ്യതയെക്കുറിച്ചും പ്രധാന മേഖലകളിലെ സ്ഥിരത നിലനിർത്താൻ സ്വീകരിച്ച നടപടികളെക്കുറിച്ചും വിവരങ്ങൾ നൽകി. കേന്ദ്ര രാസവസ്തു- വള മന്ത്രാലയം, ഉപഭോക്തൃകാര്യ മന്ത്രാലയം, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം, ധനകാര്യ സേവന വകുപ്പ്, ധനകാര്യ മന്ത്രാലയം എന്നിവയും ഈ സാഹചര്യത്തിൻ്റെ പശ്ചാത്തലത്തിൽ മാധ്യമങ്ങളെ വിവരങ്ങൾ ധരിപ്പിച്ചു.
എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്‌കീം (ഇ.സി.എൽ.ജി.എസ്) 5.0
'എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്‌കീം (ഇ.സി.എൽ.ജി.എസ്) 5.0' കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചതായി കേന്ദ്ര ധനകാര്യ സേവന വകുപ്പ് വ്യക്തമാക്കി. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് 100 ശതമാനവും എം.എസ്.എം.ഇ ഇതര സംരംഭങ്ങൾക്കും വ്യോമയാന മേഖലയ്ക്കും 90 ശതമാനവും വായ്പാ ഗ്യാരണ്ടി പരിരക്ഷ നാഷണൽ ക്രെഡിറ്റ് ഗ്യാരണ്ടി ട്രസ്റ്റി കമ്പനി ലിമിറ്റഡ് (എൻ.സി.ജി.ടി.സി) വഴി അംഗീകൃത വായ്പാ സ്ഥാപനങ്ങൾക്ക് നൽകാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പണ ലഭ്യതയിലെ താത്കാലിക അസന്തുലിതാവസ്ഥ മറികടക്കാൻ അർഹരായ വായ്പക്കാർക്ക് നൽകുന്ന അധിക വായ്പാ സൗകര്യത്തിന് മേൽ തിരിച്ചടവ് മുടങ്ങുന്ന തുകയ്ക്കായാണിത്.
പദ്ധതിയുടെ പ്രധാന സവിശേഷതകൾ:
- അർഹതയുള്ള വായ്പക്കാർ: നിലവിലുള്ള പ്രവർത്തന മൂലധന പരിധിയുള്ള എം.എസ്.എം.ഇകളും എംഎസ്എംഇ ഇതര സംരംഭങ്ങളും 2026 മാർച്ച് 31 വരെ കുടിശ്ശികയുള്ള വായ്പാ സൗകര്യങ്ങളുള്ളതും അക്കൗണ്ടുകൾ സാധാരണ നിലയിലുള്ളതുമായ മുൻകൂട്ടി നിശ്ചയിച്ച സമയക്രമമുള്ള യാത്രാ വിമാനക്കമ്പനികളും.
- ഗ്യാരണ്ടി പരിരക്ഷ: എം.എസ്.എം.ഇകൾക്ക് 100 ശതമാനവും, എംഎസ്എംഇ ഇതര സ്ഥാപനങ്ങൾക്കും എയർലൈൻ മേഖലയ്ക്കും 90 ശതമാനവും.
- പിന്തുണയുടെ തോത്: 2026 സാമ്പത്തിക വർഷത്തിൻ്റെ നാലാം പാദത്തിൽ ഉപയോഗിച്ച പരമാവധി പ്രവർത്തന മൂലധനത്തിൻ്റെ 20 ശതമാനം വരെ അധിക വായ്പ (പരമാവധി 100 കോടി രൂപ). എയർലൈനുകൾക്ക് 100 ശതമാനം വരെ (ചില പ്രത്യേക വ്യവസ്ഥകൾ പാലിക്കുന്നതിന് വിധേയമായി ഓരോ വായ്പക്കാർക്കും പരമാവധി 1,500 കോടി രൂപ).
വായ്പാ കാലയളവ്:
എം.എസ്.എം.ഇകൾക്കും എം.എസ്.എം.ഇ ഇതര സ്ഥാപനങ്ങൾക്കും (എയർലൈൻ മേഖല ഒഴികെ): ആദ്യ വിതരണ തീയതി മുതൽ അഞ്ചു വർഷം, ഒരു വർഷത്തെ മൊറട്ടോറിയം ഉൾപ്പെടെ.
എയർലൈൻ മേഖലയ്ക്ക്: ആദ്യ പണം നൽകിയ തീയതി മുതൽ ഏഴു വർഷം, രണ്ടു വർഷത്തെ മൊറട്ടോറിയം ഉൾപ്പെടെ.
ഗ്യാരണ്ടി പരിരക്ഷയുടെ കാലാവധി: ഗ്യാരണ്ടി പരിരക്ഷയുടെ പരമാവധി കാലയളവ് വായ്പയുടെ കാലാവധിയോടൊപ്പം അവസാനിക്കുന്നതായിരിക്കും.
പദ്ധതിയുടെ കാലാവധി: എൻ.സി.ജി.ടി.സി ഈ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച തീയതി മുതൽ 31.03.2027 വരെയുള്ള കാലയളവിൽ അനുവദിച്ച എല്ലാ വായ്പകൾക്കും ഈ പദ്ധതി ബാധകമായിരിക്കും.
സ്വാധീനം:
പശ്ചിമേഷ്യൻ സംഘർഷത്തിൽ നിന്ന് ഉയർന്നുവരുന്ന വെല്ലുവിളികളെ മറികടക്കാൻ ബിസിനസുകളെ പ്രാപ്തരാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കൂടാതെ, ബിസിനസുകളുടെ പ്രവർത്തനങ്ങൾ നിലനിർത്താനും, തൊഴിലവസരങ്ങൾ സംരക്ഷിക്കാനും, വിതരണ ശൃംഖലകൾ നിലനിർത്താനും ഇത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിർദ്ദിഷ്ട വായ്പാ ഗ്യാരണ്ടി പദ്ധതി ബിസിനസുകൾക്ക്, പ്രത്യേകിച്ച് എം.എസ്.എം.ഇകൾക്കും എയർലൈൻ മേഖലയ്ക്കും, അവരുടെ അധിക പ്രവർത്തന മൂലധന ആവശ്യങ്ങൾ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നിറവേറ്റുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവെയ്പ്പാണ്. സമയബന്ധിതമായ പണലഭ്യത പ്രദാനം ചെയ്യുന്നതിലൂടെ, പദ്ധതി മുഖേന ബിസിനസുകളെ നിലനിർത്തുകയും തൊഴിൽ നഷ്ടം തടയുകയും ചെയ്യും. ഇത് തടസ്സമില്ലാത്ത ആഭ്യന്തര ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുകയും ആവാസവ്യവസ്ഥയുടെ ഉത്പതിഷ്ണുത നിലനിർത്തുകയും ചെയ്യും.
അവശ്യ ഭക്ഷ്യവസ്തുക്കളുടെ വിലയും ലഭ്യതയും
രാജ്യത്തുടനീളമുള്ള 578 കേന്ദ്രങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന 40 ഭക്ഷ്യവസ്തുക്കളുടെ ദൈനംദിന വിലകൾ കേന്ദ്ര ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയത്തിലെ ഉപഭോക്തൃകാര്യ വകുപ്പ് നിരീക്ഷിക്കുന്നതായി വകുപ്പ് അറിയിച്ചു:
- തുടർച്ചയായ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്കിടയിൽ, 2025-26 ൽ രേഖപ്പെടുത്തിയ 3,766 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യ ഉൽപ്പാദനം ഇന്ത്യയുടെ ഭക്ഷ്യവില സ്ഥിരതയെ പിന്തുണയ്ക്കുന്നു. 2024-25 വർഷത്തിലെ 3,577 ലക്ഷം മെട്രിക് ടൺ ഉൽപാദനത്തേക്കാൾ 5.2 ശതമാനം കൂടുതലാണിത്. 2023-24 ലേതിനെ അപേക്ഷിച്ച് 13 ശതമാനമാണ് വർധന. ധാന്യങ്ങളിലും പയർവർഗ്ഗങ്ങളിലും ഉൽപ്പാദനം വർദ്ധിച്ചത് ലഭ്യത സംബന്ധിച്ച ആശങ്കകൾ ലഘൂകരിക്കുകയും ദീർഘകാലാടിസ്ഥാനത്തിൽ വില സ്ഥിരത കൈവരിക്കാൻ സഹായിക്കുകയും ചെയ്തു.
- 2025-26 ലെ മൊത്തം പയർവർഗ്ഗ ഉൽപാദനം 274.09 ലക്ഷം മെട്രിക് ടൺ എന്ന റെക്കോർഡ് തലത്തിലാണെന്ന് കണക്കാക്കപ്പെടുന്നു; മുൻ വർഷത്തെ 257 ലക്ഷം മെട്രിക് ടണ്ണിനെ അപേക്ഷിച്ച് 6.7 ശതമാനം വർദ്ധനവും 2023-24 ലെ 242 ലക്ഷം മെട്രിക് ടണ്ണിൽ നിന്ന് ഏകദേശം 13 ശതമാനത്തിൻ്റെ വർദ്ധനവുമാണിത്. 2024-25 നും 2025-26 നും ഇടയിൽ എല്ലാ പ്രധാന പയർവർഗ്ഗങ്ങളുടെയും ഉൽപാദനത്തിൽ വർദ്ധനവ് ഉണ്ടായി. കടല ഉൽപാദനം മുൻ വർഷത്തെ 111 ലക്ഷം മെട്രിക് ടണ്ണിനെ അപേക്ഷിച്ച് 12.6 ശതമാനം വർദ്ധിച്ച് 125.14 ലക്ഷം മെട്രിക് ടൺ ആയി. ചെറുപയർ ഉൽപാദനം 42.44 ലക്ഷം മെട്രിക് ടണ്ണിൽ നിന്ന് ഏകദേശം 6 ശതമാനം വർദ്ധിച്ച് 44.92 ലക്ഷം മെട്രിക് ടൺ ആയി. പരിപ്പിൻ്റെ ഉൽപാദനം ഏകദേശം 7 ശതമാനം വർദ്ധിച്ച് 16.54 ലക്ഷം മെട്രിക് ടണ്ണിൽ നിന്ന് 17.62 ലക്ഷം മെട്രിക് ടൺ ആയത് പ്രധാന പയർവർഗ്ഗ വിളകളിലെ വിശാലമായ വളർച്ചയെ പ്രതിഫലിപ്പിക്കുന്നു.
- ആഭ്യന്തര ഉൽപ്പാദനത്തിലെ വർദ്ധനവ് പയർവർഗ്ഗ ഇറക്കുമതിയിൽ ഇടിവുണ്ടാക്കി. പയറുവർഗ്ഗ ഇറക്കുമതി 2024-25 സാമ്പത്തിക വർഷത്തിൽ 73 ലക്ഷം മെട്രിക് ടണ്ണിൽ നിന്ന് 2025-26 സാമ്പത്തിക വർഷത്തിൽ 60 ലക്ഷം മെട്രിക് ടണ്ണായി കുറഞ്ഞത് ഇറക്കുമതി ബില്ലിൽ ഏകദേശം 30 ശതമാനം കുറവിന് കാരണമായി. 2025-26 സാമ്പത്തിക വർഷത്തിൽ കടല ഇറക്കുമതി മുൻ വർഷത്തെ 15.06 ലക്ഷം മെട്രിക് ടണ്ണിനെ അപേക്ഷിച്ച് 51 ശതമാനം കുറഞ്ഞു. പയർവർഗ്ഗങ്ങൾക്കുള്ള സൗജന്യ ഇറക്കുമതി നയം തുടർന്നിട്ടും ഈ ഇടിവ് സംഭവിച്ചത് മെച്ചപ്പെട്ട ആഭ്യന്തര ലഭ്യതയാണ് നിയന്ത്രണത്തെ നയിക്കുന്നതെന്ന് സൂചിപ്പിക്കുന്നു. മ്യാൻമാർ, ടാൻസാനിയ, മലാവി, മൊസാംബിക്ക്, കാനഡ, ഓസ്‌ട്രേലിയ, ബ്രസീൽ തുടങ്ങിയ പയർവർഗ്ഗങ്ങൾ ഇറക്കുമതി ചെയ്ത രാജ്യങ്ങളെ പശ്ചിമേഷ്യൻ പ്രതിസന്ധി ബാധിച്ചിട്ടില്ല എന്ന വസ്തുതയും സൂചിപ്പിക്കുന്നു.
- രൂപയുടെ മൂല്യത്തകർച്ചക്കിടെ ഇറക്കുമതിയിലെ മിതത്വം വളരെ പ്രധാനമാണ്, കാരണം ശക്തമായ ലഭ്യതയ്ക്കിടയിൽ ഇറക്കുമതി അളവ് കുറഞ്ഞത് മൊത്തത്തിലുള്ള ഇറക്കുമതി ബില്ലിലെ സമ്മർദ്ദം കുറയ്ക്കാൻ സഹായിച്ചിട്ടുണ്ട്.
- മെയ്-26-ൽ ഗവണ്മെൻ്റിൻ്റെ കൈവശമുള്ള പയറുവർഗങ്ങളുടെ സംഭരണം 43 ലക്ഷം മെട്രിക് ടൺ ആണ്, കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയാണിത്. കൂടാതെ 2024 മെയ് മാസത്തിലും (21 ലക്ഷം മെട്രിക് ടൺ) 2025 മെയ് മാസത്തിലും (18 ലക്ഷം മെട്രിക് ടൺ) രേഖപ്പെടുത്തിയ സംഭരണത്തിൻ്റെ ഇരട്ടിയിലധികവുമാണ്. നിലവിൽ വില പിന്തുണാ പദ്ധതിക്ക് കീഴിൽ, സംഭരണം ഗണ്യമായി തുടരുന്നു. ഇതുവരെ 5.34 ലക്ഷം മെട്രിക് ടണ്ണിൽ കൂടുതൽ തുവരയും 20.35 ലക്ഷം മെട്രിക് ടണ്ണിൽ കൂടുതൽ കടലയും സംഭരിച്ചു.
- ഉയർന്ന ഉൽപ്പാദനം, കുറഞ്ഞ ഇറക്കുമതി, ശക്തമായ സംഭരണം എന്നിവയെല്ലാം മികച്ച ലഭ്യതയെ സൂചിപ്പിക്കുന്നു. പയറുവർഗ്ഗങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കുക, രാസവളങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുക, വിള സംവിധാനങ്ങളിൽ ദീർഘകാല സുസ്ഥിരതയെ പിന്തുണയ്ക്കുക എന്നീ സർക്കാരിൻ്റെ വിശാലമായ നയങ്ങളുമായി ഇത് യോജിച്ചുപോകുന്നു.
- ഉരുളക്കിഴങ്ങ്, തക്കാളി, ഉള്ളി തുടങ്ങിയ പ്രധാന ഹോർട്ടികൾച്ചറൽ വിളകളുടെ ഉത്പാദനം ആഭ്യന്തര ആവശ്യം നിറവേറ്റാൻ പര്യാപ്തമാണ്. ഉരുളക്കിഴങ്ങ് കഴിഞ്ഞ വർഷത്തെ 586 ലക്ഷം മെട്രിക് ടണ്ണിൽ നിന്ന് 584 ലക്ഷം മെട്രിക് ടൺ ആയി. അതേസമയം, കഴിഞ്ഞ വർഷം 205 ലക്ഷം മെട്രിക് ടൺ ഉൽപാദിപ്പിക്കപ്പെട്ട തക്കാളി ഇത്തവണ 227 ലക്ഷം മെട്രിക് ടൺ ആയി. കഴിഞ്ഞ വർഷം 307 ലക്ഷം മെട്രിക് ടൺ ആയിരുന്ന ഉള്ളി ഉൽപ്പാദനം ഇത്തവണ 273 ലക്ഷം മെട്രിക് ടണ്ണും ആയി.
- 2026-27 സാമ്പത്തിക വർഷത്തിൽ ഉള്ളിക്ക് വില സ്ഥിരതയ്ക്കായുള്ള കരുതൽ ശേഖര ലക്ഷ്യം 2 ലക്ഷം മെട്രിക് ടൺ ആയി ഗവണ്മെൻ്റ് നിശ്ചയിച്ചിട്ടുണ്ട്. മെയ് 15 ന് സംഭരണം ആരംഭിച്ച ഇത് മൊത്ത വ്യാപാര വിപണികളിലെ വിലകളെ പിന്തുണയ്ക്കുകയും വിലയിലെ ചാഞ്ചാട്ടം ലഘൂകരിക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. വർദ്ധിച്ചുവരുന്ന വരവിനിടയിൽ സമയബന്ധിതമായ സംഭരണം പ്രോത്സാഹിപ്പിക്കുന്നതിനായി, 2026 മെയ് 26 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിൽ സംഭരണ വില വർദ്ധിപ്പിച്ചു.
- ഭക്ഷ്യവസ്തുക്കളുടെ വില സ്ഥിരതയുള്ളതാണ്. ധാന്യങ്ങൾ, പാൽ, പയർവർഗ്ഗങ്ങൾ, പഞ്ചസാര തുടങ്ങിയ പ്രധാന ഭക്ഷ്യ വിഭാഗങ്ങളിലെ വില പ്രവണതകൾ സ്ഥിരതയുള്ള വില സ്വഭാവം കാണിക്കുന്നത് തുടരുന്നു. പച്ചക്കറികളിൽ, ഉരുളക്കിഴങ്ങിൻ്റെയും ഉള്ളിയുടെയും വിലകൾ പരിധിക്കുള്ളിലാണെന്നത് ഭക്ഷ്യവസ്തുക്കളുടെ വിലയിൽ മൊത്തത്തിലുള്ള സ്ഥിരത നിലനിർത്താൻ സഹായിക്കുന്നു. ഭക്ഷ്യവസ്തുക്കളിൽ അസാധാരണമായ വില വ്യതിയാനങ്ങളൊന്നുമില്ല.
- ദേശീയ ഉപഭോക്തൃ ഹെൽപ്പ് ലൈൻ വഴി ലഭ്യമായ ഉപഭോക്തൃ പരാതി വിവരത്തിൻ്റെ അടിസ്ഥാനത്തിൽ, ഏപ്രിൽ മുതൽ എൽ.പി.ജി ഗ്യാസ് കണക്ഷനുമായി ബന്ധപ്പെട്ട പരാതികളിൽ ഗണ്യമായ കുറവ് കണ്ടെത്തി.
- പരാതികളിലെ പ്രാരംഭ വർദ്ധനവ് ഹ്രസ്വകാലത്തേക്കായിരുന്നു. ശക്തമായ ഇടപെടലുകളിലൂടെയും വ്യവസ്ഥാപിത നടപടികളിലൂടെയും അത് ക്രമേണ പരിഹരിക്കപ്പെട്ടു.
- മെയ് 24 വരെയുള്ള കണക്ക് സൂചിപ്പിക്കുന്നത് കരിഞ്ചന്ത, സേവനങ്ങളിലെ പോരായ്മ, പാചകവാതക സിലിണ്ടർ/ഹോം ഡെലിവറിക്ക് അധിക ചാർജുകൾ ആവശ്യപ്പെടുന്നത് എന്നിവയെക്കുറിച്ചുള്ള അസംതൃപ്തികളിലും പരാതികളിലും വലിയ കുറവുണ്ടായെന്നാണ്.
ഭക്ഷ്യധാന്യ സംഭരണ നിലയും ഭക്ഷ്യസുരക്ഷാ തയ്യാറെടുപ്പും:
ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിനും (എൻ.എഫ്.എസ്.എ) മറ്റ് ക്ഷേമ പദ്ധതികൾക്കും കീഴിലുള്ള ആവശ്യകതകൾ നിറവേറ്റുന്നതിനായി കേന്ദ്ര ഗവണ്മെൻ്റ് ഭക്ഷ്യധാന്യ ശേഖരങ്ങൾ സുഗമമായി നിലനിർത്തുന്നു. വികസിക്കുന്ന ഭൗമരാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് അന്താരാഷ്ട്ര ഭക്ഷ്യ എണ്ണ വിപണിയിലെ സംഭവവികാസങ്ങൾ സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് കൂട്ടിച്ചേർത്തു.
- 2026 മെയ് 28 ലെ കണക്കനുസരിച്ച്, ജൂലൈ ഒന്നിലേക്കുള്ള 275.80 ലക്ഷം മെട്രിക് ടൺ എന്ന കരുതൽശേഖര മാനദണ്ഡത്തിന് പകരം കേന്ദ്രപൂളിലെ ഗോതമ്പ് ശേഖരം 513 ലക്ഷം മെട്രിക് ടൺ ആയിരുന്നു. നിലവിലെ റാബി വിപണന സീസണിലെ ഗോതമ്പ് സംഭരണം ഏകദേശം 350 ലക്ഷം മെട്രിക് ടണ്ണിൽ എത്തി, സംഭരണ പ്രവർത്തനങ്ങൾ 2026 ജൂൺ 30 വരെ തുടരുന്നു.
- ജൂലൈ ഒന്നിലേക്കുള്ള നിശ്ചിത കരുതൽ ശേഖര മാനദണ്ഡമായ 135.40 ലക്ഷം മെട്രിക് ടണ്ണിന് പകരം കേന്ദ്ര പൂളിൽ അരി സംഭരണം 397 ലക്ഷം മെട്രിക് ടൺ ആയി. ഇതിനുപുറമെ, സംഭരിച്ച ഏകദേശം 298 ലക്ഷം മെട്രിക് ടൺ നെല്ല് ഇനിയും സംസ്‌കരിക്കാനും അരി സ്റ്റോക്കിൽ ചേർക്കാനുമുണ്ട്.
- മൊത്തത്തിൽ, സർക്കാരിൻ്റെ പക്കൽ ലഭ്യമായ ഭക്ഷ്യധാന്യ സ്റ്റോക്കുകൾ നിർദ്ദിഷ്ട കരുതൽശേഖര മാനദണ്ഡങ്ങൾക്ക് മുകളിലാണ്, ആവശ്യമെങ്കിൽ ഭക്ഷ്യസുരക്ഷാ ആവശ്യകതകൾക്കും വിപണി ഇടപെടലുകൾക്കും മതിയായ ലഭ്യത ഇത് ഉറപ്പാക്കുന്നു.
- പതിവ് ഇറക്കുമതി, ആഭ്യന്തര ഉത്പാദനം, നിലവിലുള്ള സംഭരണം എന്നിവയുടെ പിന്തുണയോടെ ഭക്ഷ്യ എണ്ണകളുടെ ആഭ്യന്തര ലഭ്യത പര്യാപ്തമായി തുടരുന്നു. ഇന്തോനേഷ്യ, മലേഷ്യ (പാമോയിൽ), റഷ്യ, ഉക്രെയ്ൻ (സൂര്യകാന്തി എണ്ണ), അർജൻ്റീന, ബ്രസീൽ (സോയാബീൻ എണ്ണ) എന്നിവയുൾപ്പെടെ പ്രധാന വിതരണ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി തുടരുന്നു. സർക്കാർ പങ്കാളികളുമായി പതിവായി കൂടിയാലോചന നടത്തുകയും വിതരണ, വില പ്രവണതകൾ നിരീക്ഷിക്കുകയും ചെയ്യുന്നു.
- ആഭ്യന്തര ഉപഭോഗ ആവശ്യങ്ങൾ നിറവേറ്റാൻ രാജ്യത്ത് പഞ്ചസാര ലഭ്യത പര്യാപ്തമാണ്. ആഭ്യന്തര വിപണിയിൽ തുടർച്ചയായ ലഭ്യത ഉറപ്പാക്കാൻ സംഭരണവും ഉൽപാദന തോതും പര്യാപ്തമാണ്.
- എത്തനോൾ കലർത്തിയ (ബ്ലെൻ്റഡ്) പെട്രോൾ (ഇ.ബി.പി) പദ്ധതി: എത്തനോൾ കലർത്തിയ (ബ്ലെൻഡഡ്) പെട്രോൾ (ഇ.ബി.പി) പദ്ധതിയുടെ കീഴിൽ കലർത്തൽ ആവശ്യകതകൾ നിറവേറ്റുന്നതിന് ആവശ്യമായ എത്തനോൾ ഉൽപാദന ശേഷി ഇന്ത്യ ആർജിച്ചിട്ടുണ്ട്. എത്തനോൾ ഉൽപാദനത്തെ പിന്തുണയ്ക്കുന്നതിന് അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത പര്യാപ്തമാണ്. ഇറക്കുമതി ചെയ്യുന്ന ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന പുനരുപയോഗ ഇന്ധനത്തിൻ്റെ ഉപയോഗത്തെ പിന്തുണയ്ക്കുന്നതിനും ഈ പരിപാടി സഹായിക്കുന്നു.
വളങ്ങളുടെ സംഭരണ നിലയും ലഭ്യതയും
എല്ലാ പ്രധാന വളങ്ങളുടെയും മൊത്തത്തിലുള്ള ലഭ്യത ആവശ്യത്തിൽ കൂടുതലുള്ള രീതിയിൽ രാജ്യത്ത് വളങ്ങളുടെ സുരക്ഷ ശക്തവും, സ്ഥിരതയുള്ളതും, നന്നായി കൈകാര്യം ചെയ്യുന്നതുമാണെന്ന് കേന്ദ്ര വളം വകുപ്പ് പ്രസ്താവിച്ചു. രാജ്യത്തെ വളങ്ങളുടെ മൊത്തത്തിലുള്ള ശേഖരണ സ്ഥിതി ഇപ്പോഴും ആശ്വാസ്യകരമാണ്.
- പ്രധാന വള നിർമ്മാണ സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് കേന്ദ്ര കൃഷി , കുടുംബക്ഷേമ വകുപ്പ് 2026 ലെ ഖാരിഫ്-സീസണിലെ ആവശ്യകത പുനർനിർണയിച്ചു. അതായത് യൂറിയ 194.02 ൽ നിന്ന് 190.32 ലക്ഷം മെട്രിക് ടൺ ആയും ഡി.എ.പി (ഡൈ അലൂമിനിയം ഫോസ്ഫേറ്റ്) 59.17 ലക്ഷം മെട്രിക് ടണ്ണിൽ നിന്ന് 56.23 ലക്ഷം മെട്രിക് ടണ്ണായും മാറി.
- 2026 ലെ ഖാരിഫ് സീസണിൽ വളത്തിൻ്റെ ആവശ്യകത കേന്ദ്ര കൃഷി , കുടുംബക്ഷേമ വകുപ്പ് 383.9 ലക്ഷം മെട്രിക് ടൺ ആയി പുനർനിർണ്ണയിച്ചു. ഇന്നത്തെ സംഭരണത്തിനേക്കാൾ (199.86 ലക്ഷം മെട്രിക് ടൺ) ഏകദേശം 52 ശതമാനം കൂടുതലാണിത്. സാധാരണ നിലയായ 33 ശതമാനത്തേക്കാൾ വളരെ കൂടുതലാണ് ഇത്. മെച്ചപ്പെട്ട ആസൂത്രണം, മുൻകൂർ സംഭരണം, സർക്കാരിൻ്റെ കാര്യക്ഷമമായ ചരക്ക് കൈകാര്യം എന്നിവ ഇത് പ്രതിഫലിപ്പിക്കുന്നു.
പ്രതിസന്ധിക്കുശേഷം ആഭ്യന്തര ഉൽപ്പാദനവും വളങ്ങളുടെ ഇറക്കുമതിയും;- (ലക്ഷം ടൺ)
|
ഉൽപ്പന്നം
|
പ്രതിസന്ധിക്കുശേഷം ആഭ്യന്തര ഉൽപ്പാദനം
|
പ്രതിസന്ധിക്കുശേഷം ഇന്ത്യൻ തുറമുഖങ്ങളിൽ എത്തിയ ഇറക്കുമതി
|
|
യൂറിയ
|
63.67
|
15.44
|
|
ഡി.എ.പി
|
8.89
|
1.43
|
|
എൻ.പി.കെ
|
20.29
|
6.30
|
|
എസ്.എസ്.പി
|
11.96
|
0
|
|
എം.ഒ.പി
|
0
|
4.45
|
|
ആകെ
|
104.81
|
27.62
|
- പ്രതിസന്ധി ഘട്ടത്തിനുശേഷം രാജ്യത്ത് വള ലഭ്യത ഉറപ്പാക്കാനായി ഇറക്കുമതിയിലൂടെയും ആഭ്യന്തര ഉൽപ്പാദനത്തിലൂടെയും ആകെ ഏകദേശം 132.43 ലക്ഷം മെട്രിക് ടൺ വളങ്ങൾ കൂടി ലഭ്യമാക്കി.
- ഏകദേശം 25 ലക്ഷം മെട്രിക് ടൺ യൂറിയ, 15 ലക്ഷം മെട്രിക് ടൺ ഡി.എ.പി, അമോണിയം സൾഫേറ്റ് ഉൾപ്പെടെ 10 ലക്ഷം മെട്രിക് ടൺ എൻ.പി.കെ എന്നിവ ജൂൺ-ജൂലൈ മാസങ്ങളിൽ ഹോർമൂസ് കടലിടുക്കിന് പുറത്തു നിന്നും ഇന്ത്യൻ തുറമുഖങ്ങളിൽ എത്തുമെന്ന് ഉറപ്പാക്കിയിട്ടുണ്ട്.
- 17 ലക്ഷം മെട്രിക് ടൺ യൂറിയയുടെ സംഭരണത്തിനായി ഇന്ത്യ മറ്റൊരു ആഗോള ടെൻഡർ പുറപ്പെടുവിച്ചു. അത് പുരോഗതിയിലാണ്.
- വെല്ലുവിളികൾ ഉണ്ടായിരുന്നിട്ടും, മെയ് 26 ൽ ഇന്ത്യ ഏകദേശം 25.17 ലക്ഷം മെട്രിക് ടൺ യൂറിയയുടെ ആഭ്യന്തര ഉത്പാദനം നേടി. മെയ് 25 ലെ ഉൽപാദനവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് 2.80 ലക്ഷം മെട്രിക് ടൺ കൂടുതലാണ്.
- മെയ് 26-ൽ ഇന്ത്യ ഏകദേശം 3.86 ലക്ഷം മെട്രിക് ടൺ ഡി.എ.പിയുടെ ആഭ്യന്തര ഉൽപ്പാദനം കൈവരിച്ചു, മെയ്-25-നെ അപേക്ഷിച്ച് 2,000 മെട്രിക് ടൺ കൂടുതലാണിത്.
- യൂറിയ, ഫോസ്ഫറസും പൊട്ടാസ്യവും അടങ്ങിയ വളങ്ങൾ തുടങ്ങിയ വളങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിനുള്ള ഇൻപുട്ടുകളുടെ ലഭ്യത, കേന്ദ്ര രാസവള വകുപ്പ് പതിവായി അവലോകനം ചെയ്യുന്നുണ്ട്.
- കമ്പനികൾ ആഴ്ചതോറും സമാഹരിക്കുന്ന എല്ലാ സബ്സിഡി ബില്ലുകളും കേന്ദ്ര രാസവള വകുപ്പ് പതിവായി അടയ്ക്കുന്നുണ്ട്, നിലവിൽ, വളം സബ്സിഡി അടയ്ക്കുന്നതിന് മതിയായ ബജറ്റുണ്ട്.
- വളങ്ങളുടെ മതിയായ ലഭ്യത ഉറപ്പാക്കുന്നതിനായി ഇതുവരെ വിവിധ മന്ത്രാലയങ്ങളിലെ സെക്രട്ടറിമാരടങ്ങിയ ഉന്നതതല സമിതി 10 യോഗങ്ങൾ നടത്തുകയും ലഭ്യതയിലെ മിക്ക വെല്ലുവിളികളും സമിതി അഭിസംബോധന ചെയ്യുകയും ചെയ്തു.
- എല്ലാ പ്രധാന വളങ്ങളിലുടനീളവും ആവശ്യകതയേക്കാൾ കൂടുതലാക്കി ലഭ്യത നിലനിർത്തി ഇന്ത്യയുടെ വള സുരക്ഷ ശക്തവും സ്ഥിരതയുള്ളതും നന്നായി കൈകാര്യം ചെയ്യപ്പെടുന്നതുമായി തുടരുന്നു.
ഇന്ധന വിതരണവും ലഭ്യതയും
പശ്ചിമേഷ്യയിലെ മാറിമറിയുന്ന സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ, പെട്രോളിയം ഉൽപ്പന്നങ്ങളുടെയും എൽ.പി.ജിയുടെയും തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കാൻ സ്വീകരിക്കുന്ന നടപടികൾ വിശദീകരിച്ചുകൊണ്ട് പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം നിലവിലെ ഇന്ധന വിതരണ സാഹചര്യത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടു. അതിൽ വ്യക്തമാക്കിയത്:
പൊതുജന നിർദ്ദേശങ്ങളും ബോധവൽക്കരണവും
- രാജ്യത്ത് പെട്രോൾ, ഡീസൽ, എൽ.പി.ജി എന്നിവയുടെ സുഗമമായ ലഭ്യത ഉറപ്പാക്കാൻ ഗവണ്മെൻ്റ് എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. അതിനാൽ പൊതുജനങ്ങൾ ആശങ്കാകുലരായി ഇന്ധനം വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കേണ്ടതാണ്.
- ഇന്ധന ലഭ്യതയെക്കുറിച്ചുള്ള വ്യാജ പ്രചരണങ്ങളെ സൂക്ഷിക്കുക, കൃത്യമായ വിവരങ്ങൾക്കായി ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കുക.
- എൽ.പി.ജി ഉപഭോക്താക്കൾ സിലിണ്ടറുകൾക്കായി വിതരണക്കാരുടെ ഓഫീസുകൾ നേരിട്ട് സന്ദർശിക്കുന്നത് ഒഴിവാക്കണം. പകരം ഡിജിറ്റൽ ബുക്കിംഗ് പ്ലാറ്റ്‌ഫോമുകൾ പരമാവധി പ്രയോജനപ്പെടുത്തുക.
- പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (പിഎൻജി), ഇലക്ട്രിക് അല്ലെങ്കിൽ ഇൻഡക്ഷൻ കുക്ക്‌ടോപ്പുകൾ തുടങ്ങിയ ബദൽ ഇന്ധനങ്ങളിലേക്കും പാചക സംവിധാനങ്ങളിലേക്കും മാറാൻ പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്നു.
- വൻകിട-വ്യാവസായിക ഉപഭോക്താക്കൾ ചില്ലറ ഔട്ട്‌ലെറ്റുകളെ ആശ്രയിക്കാതെ, അംഗീകൃത വിതരണ ശൃംഖലകൾ വഴി മാത്രം ഡീസൽ സംഭരിക്കേണ്ടതാണ്.
- നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്, എല്ലാ പൗരന്മാരും തങ്ങളുടെ ദൈനംദിന ജീവിതത്തിൽ ഊർജ്ജം പരമാവധി സംരക്ഷിക്കാൻ ആവശ്യമായ ശ്രമങ്ങൾ നടത്തണമെന്ന് അഭ്യർത്ഥിക്കുന്നു.
ഗവണ്മെൻ്റിൻ്റെ സന്നദ്ധതയും വിതരണ പരിപാലന നടപടികളും
- നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിലും ഗാർഹിക എൽ.പി.ജി ഗാർഹിക പി.എൻ.ജി, സി.എൻ.ജി എന്നിവയുടെ വിതരണം 100 ശതമാനവും ഉറപ്പാക്കാൻ ഗവണ്മെൻ്റിന് സാധിച്ചിട്ടുണ്ട്.
- വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽ.പി.ജി വിതരണത്തിൽ ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കാണ് പ്രഥമ പരിഗണന നൽകിയിരിക്കുന്നത്. ഇതിന് പുറമെ മരുന്ന് നിർമ്മാണം, സ്റ്റീൽ, ഓട്ടോമൊബൈൽ, വിത്ത് ഉത്പാദനം, കൃഷി തുടങ്ങിയ മേഖലകൾക്കും മുൻഗണന നൽകിയിട്ടുണ്ട്.
- അതിഥി തൊഴിലാളികൾക്ക് നൽകിവരുന്ന 5 കിലോഗ്രാം എഫ്.ടി.എൽ. സിലിണ്ടറുകളുടെ വിതരണം വർദ്ധിപ്പിച്ചു. 2026 മാർച്ച് 2, 3 തീയതികളിലെ ശരാശരി പ്രതിദിന വിതരണത്തെ അടിസ്ഥാനമാക്കി ഇത് ഇരട്ടിയായാണ് വർദ്ധിപ്പിച്ചത്.
- വിതരണ-ആവശ്യകതകൾ കൃത്യമായി നിയന്ത്രിക്കുന്നതിനായി ഗവണ്മെൻ്റ് നിരവധി പരിഷ്‌കാരങ്ങൾ ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്. റിഫൈനറികളിലെ ഉത്പാദനം വർദ്ധിപ്പിക്കുക, എൽ.പി.ജി സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിനുള്ള ഇടവേള നഗരപ്രദേശങ്ങളിൽ 21 ദിവസത്തിൽ നിന്ന് 25 ദിവസമായും ഗ്രാമീണ മേഖലകളിൽ 45 ദിവസം വരെയായും ഉയർത്തുക, വിവിധ മേഖലകൾക്ക് മുൻഗണനാടിസ്ഥാനത്തിൽ ഇന്ധനം ലഭ്യമാക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.
സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും ചേർന്നുള്ള ഏകോപിത ശ്രമങ്ങളും സ്ഥാപനപരമായ സംവിധാനങ്ങളും
- 1955-ലെ അവശ്യസാധന നിയമം, 2000-ലെ എൽ.പി.ജി നിയന്ത്രണ ഉത്തരവ് എന്നിവ പ്രകാരം ഇന്ധന വിതരണം നിരീക്ഷിക്കാനും, പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത എന്നിവക്കെതിരെ നടപടിയെടുക്കാനും സംസ്ഥാന ഗവണ്മെൻ്റുകൾക്ക് അധികാരം നൽകിയിട്ടുണ്ട്.
- പെട്രോൾ, ഡീസൽ, എൽ.പി.ജി ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ വിതരണ സാഹചര്യം നിരീക്ഷിക്കുന്നതിലും നിയന്ത്രിക്കുന്നതിലും സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ ഗവണ്മെൻ്റുകൾക്കാണ് പ്രധാന പങ്കുള്ളത്. വിവിധ കത്തുകളിലൂടെയും വീഡിയോ കോൺഫറൻസുകളിലൂടെയും ഇന്ത്യാ ഗവണ്മെൻ്റ് എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും ഇക്കാര്യം വീണ്ടും ഓർമ്മിപ്പിച്ചിട്ടുണ്ട്.
- രാജ്യത്ത് ആവശ്യത്തിന് ഇന്ധനം ലഭ്യമാണെന്ന് ഉറപ്പുനൽകിക്കൊണ്ട് ജനങ്ങളുടെ ആശങ്കയകറ്റാൻ സജീവമായ പൊതുജന സമ്പർക്ക പരിപാടികൾ നടത്തേണ്ടതിൻ്റെ ആവശ്യകത കേന്ദ്ര ഗവണ്മെൻ്റ് നിരവധി കത്തുകളിലൂടെയും വീഡിയോ കോൺഫറൻസുകളിലൂടെയും ഊന്നിപ്പറഞ്ഞിട്ടുണ്ട്.
- വ്യവസായ-വാണിജ്യ ഉപഭോക്താക്കൾ ചില്ലറ ഔട്ട്ലെറ്റുകൾ വഴി അനധികൃതമായി ഹൈ-സ്പീഡ് ഡീസൽ വാങ്ങുന്നത് തടയാൻ കേന്ദ്ര ഗവണ്മെൻ്റ് 2026 മെയ് 26-ലെ കത്തിലൂടെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി ജില്ലാ അടിസ്ഥാനത്തിലുള്ള ഡീസൽ/പെട്രോൾ വിതരണ രീതികൾ നിരീക്ഷിക്കാനും, പ്രശ്നബാധിത പ്രദേശങ്ങളിലും പ്രധാന ഗതാഗത/വ്യവസായ ഇടനാഴികളിലും പരിശോധനകളും നിയമപാലന നടപടികളും ശക്തമാക്കാനും, നിയമലംഘകർക്കെതിരെ ഉടനടി ശിക്ഷാ നടപടികൾ സ്വീകരിക്കാനും സംസ്ഥാന/ജില്ലാ അധികാരികൾക്ക് ഉചിതമായ നിർദ്ദേശം നൽകാൻ ആവശ്യപ്പെട്ടിരിക്കുന്നു.
പരിശോധനകളും കർശന നിരീക്ഷണ നടപടികളും
- പെട്രോൾ, ഡീസൽ, എൽ.പി.ജി എന്നിവയുടെ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയുന്നതിനായി സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും രാജ്യത്തുടനീളം കർശനമായ പരിശോധനകൾ തുടരുകയാണ്.
- എൽ.പി.ജി കരിഞ്ചന്തയുമായി ബന്ധപ്പെട്ട് കഴിഞ്ഞ 3 ദിവസത്തിനിടെ രാജ്യത്തുടനീളം 10 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തു, 3 പേരെ അറസ്റ്റ് ചെയ്തു.
- കഴിഞ്ഞ 3 ദിവസത്തിനുള്ളിൽ രാജ്യവ്യാപകമായി 1300 -ഓളം റെയ്ഡുകൾ നടത്തി. പരിശോധനകളിൽ 960 ലിറ്റർ പെട്രോളും 2194 ലിറ്റർ ഡീസലും പിടിച്ചെടുത്തു. നിയമലംഘനങ്ങൾക്ക് 18 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തു, 7 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
- ഇതിന് പുറമെ, പൊതുമേഖലാ എണ്ണക്കമ്പനികളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള മിന്നൽ പരിശോധനകളും സജീവമായി തുടരുകയാണ്.
- കഴിഞ്ഞ 3 ദിവസത്തിനിടെ രാജ്യത്തുടനീളമുള്ള 460-ലധികം എൽ.പി.ജി വിതരണ കേന്ദ്രങ്ങളിൽ പരിശോധന നടത്തി. ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് 42 എൽ.പി.ജി വിതരണ കേന്ദ്രങ്ങൾക്കെതിരെ പിഴ ചുമത്തി.
- കഴിഞ്ഞ 3 ദിവസത്തിനുള്ളിൽ ഏകദേശം 1850 ചില്ലറ ഔട്ട്‌ലെറ്റുകളിൽ പരിശോധന പൂർത്തിയാക്കി. ഇതിൽ നിയമലംഘനം നടത്തിയ 19 ചില്ലറ ഔട്ട്‌ലെറ്റുകൾക്കെതിരെ പിഴ ചുമത്തുകയും, 446 ഔട്ട്‌ലെറ്റുകളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തിട്ടുണ്ട്.
എൽ.പി.ജി വിതരണം
ഗാർഹിക എൽ.പി.ജി വിതരണ നിലവാരം:
- നിലവിലുള്ള ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ കാരണം എൽ.പി.ജി വിതരണത്തിൽ ഇപ്പോഴും തടസ്സങ്ങൾ നേരിടുന്നുണ്ട്. എന്നാൽ, ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ വിതരണത്തിനാണ് നിലവിൽ മുൻഗണന നൽകിയിരിക്കുന്നത്.
- രാജ്യത്തെ ഒരൊറ്റ എൽ.പി.ജി വിതരണ കേന്ദ്രത്തിൽ പോലും സ്റ്റോക്ക് തീർന്നുപോയ സാഹചര്യമില്ല.
- കഴിഞ്ഞ ദിവസം വ്യവസായ അടിസ്ഥാനത്തിൽ എൽ.പി.ജി സിലിണ്ടറുകളുടെ ഓൺലൈൻ ബുക്കിംഗ് ഏകദേശം 99 ശതമാനമായി ഉയർന്നു.
- സിലിണ്ടറുകൾ മറ്റ് ആവശ്യങ്ങൾക്ക് വകമാറ്റി ഉപയോഗിക്കുന്നത് തടയുന്നതിനായി, ഡെലിവറി ഓതൻ്റിക്കേഷൻ കോഡ് (ഡിഎസി) അടിസ്ഥാനമാക്കിയുള്ള വിതരണം 95 ശതമാനത്തോളമായി ഉയർത്തിയിട്ടുണ്ട്. ഉപഭോക്താവിൻ്റെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്കാണ് ഈ ഡി.എ.സി കോഡ് ലഭിക്കുന്നത്.
- കഴിഞ്ഞ 3 ദിവസത്തിനിടെ ഏകദേശം 1.21 കോടി എൽ.പി.ജി സിലിണ്ടറുകൾ ബുക്ക് ചെയ്തപ്പോൾ, 1.22 കോടിയോളം സിലിണ്ടറുകളാണ് ഉപഭോക്താക്കൾക്ക് എത്തിച്ചു നൽകിയത്.
വാണിജ്യ എൽ.പി.ജി വിതരണവും നിയന്ത്രണ നടപടികളും
- പ്രതിസന്ധി ഘട്ടത്തിന് മുൻപുണ്ടായിരുന്ന വിതരണത്തിൻ്റെ 70 ശതമാനമായി രാജ്യത്തെ ആകെ വാണിജ്യ എൽ.പി.ജി വിഹിതം നിജപ്പെടുത്താൻ കേന്ദ്ര ഗവണ്മെൻ്റ് തീരുമാനിച്ചു. ഇതിൽ പരിഷ്‌കാരങ്ങളുടെ അടിസ്ഥാനത്തിലുള്ള 10 ശതമാനം വിഹിതവും ഉൾപ്പെടുന്നു.
- കഴിഞ്ഞ 3 ദിവസത്തിനിടെ ഏകദേശം 1.8 ലക്ഷം 5 കിലോഗ്രാം എഫ്.ടി.എൽ സിലിണ്ടറുകൾ വിറ്റഴിച്ചു.
- 2026 ഏപ്രിൽ 3 മുതൽ പൊതുമേഖലാ എണ്ണക്കമ്പനികൾ 5 കിലോഗ്രാം എഫ്.ടി.എൽ സിലിണ്ടറുകൾക്കായി 17,150-ലധികം അതിഥി തൊഴിലാളി ബോധവൽക്കരണ ക്യാമ്പുകൾ സംഘടിപ്പിച്ചു. ഈ ക്യാമ്പുകളിലൂടെ മാത്രം 2.72 ലക്ഷത്തിലധികം 5 കിലോഗ്രാം സിലിണ്ടറുകൾ വിൽക്കാൻ സാധിച്ചിട്ടുണ്ട്.
- കഴിഞ്ഞ ദിവസം മാത്രം നടന്ന 179 ക്യാമ്പുകളിലൂടെ 2,527 സിലിണ്ടറുകളാണ് വിറ്റത്.
- സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വാണിജ്യ എൽ.പി.ജി വിൽപനയ്ക്കുള്ള പദ്ധതികൾ അന്തിമമാക്കുന്നത് ഐ.ഒ.സി.എൽ, എച്ച്.പി.സി.എൽ, ബി.പി.സി.എൽ എന്നീ കമ്പനികളുടെ എക്സിക്യൂട്ടീവ് ഡയറക്ടർമാർ അടങ്ങുന്ന മൂന്നംഗ സമിതിയാണ്. സംസ്ഥാന അധികാരികളുമായും വ്യവസായ സംഘടനകളുമായും ആലോചിച്ചാണ് ഈ സമിതി തീരുമാനങ്ങളെടുക്കുന്നത്.
- 2026 മെയ് മാസത്തിൽ ആകെ 2,09,353 മെട്രിക് ടൺ വാണിജ്യ എൽ.പി.ജി വിറ്റഴിച്ചു.
- കഴിഞ്ഞ 3 ദിവസത്തിനിടെ മാത്രം വിറ്റത് 22,641 മെട്രിക് ടണ്ണാണ്.
- 2026 മെയ് മാസത്തിൽ പൊതുമേഖലാ എണ്ണക്കമ്പനികൾ വഴി ഏകദേശം 8,382 മെട്രിക് ടൺ ഓട്ടോ എൽ.പി.ജി വിറ്റഴിച്ചു. ഇത് 2026 ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് ഏകദേശം 170 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തുന്നത്.
പ്രകൃതിവാതക വിതരണവും പി.എൻ.ജി വിപുലീകരണ പദ്ധതികളും
- ഗാർഹിക പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (D-PNG), സി.എൻ.ജി എന്നിവയുടെ വിതരണം 100 ശതമാനവും ഉറപ്പാക്കിക്കൊണ്ട് ഉപഭോക്താക്കൾക്ക് മുൻഗണന നൽകിയിട്ടുണ്ട്.
- നിലവിൽ പ്രവർത്തിക്കുന്ന യൂറിയ പ്ലാൻ്റുകളിലേക്കുള്ള പ്രകൃതിവാതക വിതരണം, അവയുടെ കഴിഞ്ഞ ആറുമാസത്തെ ശരാശരി ഉപഭോഗത്തിൻ്റെ 98 ശതമാനത്തോളമായി നിലനിർത്തിയിട്ടുണ്ട്.
- സി.ജി.ഡി ശൃംഖലകൾ വഴിയുള്ള വിതരണം ഉൾപ്പെടെ, മറ്റ് വ്യാവസായിക-വാണിജ്യ മേഖലകളിലേക്കുള്ള ഗ്യാസ് വിതരണം 80 ശതമാനം വരെയായി വർദ്ധിപ്പിച്ചു.
- വാണിജ്യ എൽ.പി.ജി ലഭ്യതയിലുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി, ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ, കാൻ്റീനുകൾ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങൾക്ക് തങ്ങളുടെ എല്ലാ ഭൂമിശാസ്ത്രപരമായ മേഖലകളിലും പി.എൻ.ജി കണക്ഷനുകൾ മുൻഗണനാടിസ്ഥാനത്തിൽ നൽകാൻ സി.ജി.ഡി കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
- സി.ജി.ഡി ശൃംഖലകളുടെ വിപുലീകരണത്തിന് ആവശ്യമായ അനുമതികൾ എത്രയും വേഗം നൽകാൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്ര മന്ത്രാലയങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
- ദീർഘകാലാടിസ്ഥാനത്തിൽ എൽ.പി.ജിയിൽ നിന്ന് പി.എൻ.ജിയിലേക്കുള്ള മാറ്റത്തിന് സഹായിക്കാമെന്ന് ഉറപ്പുനൽകുന്ന സംസ്ഥാനങ്ങൾക്ക്/കേന്ദ്രഭരണ പ്രദേശങ്ങൾക്ക് 10 ശതമാനം അധിക വാണിജ്യ എൽ.പി.ജി വിഹിതം നൽകാമെന്ന് 2026 മാർച്ച് 18-ലെ കത്തിലൂടെ കേന്ദ്ര ഗവണ്മെൻ്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
- 1955-ലെ അവശ്യസാധന നിയമപ്രകാരം, "നാച്ചുറൽ ഗ്യാസ് ആൻഡ് പെട്രോളിയം പ്രൊഡക്ട്സ് ഡിസ്ട്രിബ്യൂഷൻ ഓർഡർ 2026" കേന്ദ്ര ഗവണ്മെൻ്റ് 2026 മാർച്ച് 24-ലെ ഗസറ്റ് വഴി വിജ്ഞാപനം ചെയ്തു. രാജ്യത്തുടനീളം പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതിനും വിപുലീകരിക്കുന്നതിനുമുള്ള അനുമതികൾക്കും ഭൂമി ഏറ്റെടുക്കലിനും ഉണ്ടാകുന്ന താമസം ഒഴിവാക്കി, സമയബന്ധിതമായ ഒരു സംവിധാനം ഈ ഉത്തരവ് ഉറപ്പുനൽകുന്നു. പാർപ്പിട മേഖലകളിൽ ഉൾപ്പെടെ പ്രകൃതിവാതക അടിസ്ഥാന സൗകര്യം വേഗത്തിൽ വികസിപ്പിക്കാൻ ഇത് സഹായിക്കും. ഇത് പി.എൻ.ജി ശൃംഖലയുടെ വളർച്ച വേഗത്തിലാക്കാനും, ഇന്ധന പരിവർത്തനത്തെ പിന്തുണയ്ക്കാനും, രാജ്യത്തിൻ്റെ ഊർജ്ജ സുരക്ഷ ശക്തമാക്കാനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
- ഗാർഹിക പി.എൻ.ജി കണക്ഷനുകൾ വേഗത്തിലാക്കാൻ പി.എൻ.ജി.ആർ.ബി, സി.ജി.ഡി കമ്പനികൾക്ക് നിർദ്ദേശം നൽകി. കൂടാതെ, പി.എൻ.ജി വിപുലീകരണത്തിൻ്റെ വേഗത നിലനിർത്തുന്നതിനായി 'നാഷണൽ പി.എൻ.ജി ഡ്രൈവ് 2.0' പദ്ധതി 2026 ജൂൺ 30 വരെ നീട്ടിയിട്ടുണ്ട്.
- സുരക്ഷിതവും സ്വയംപര്യാപ്തവുമായ ഒരു ഊർജ്ജ ഭാവി പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യാ ഗവണ്മെൻ്റ് ഒരു മാതൃക 'സ്റ്റേറ്റ് സി.ബി.ജി പോളിസി' ഡ്രാഫ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. സംസ്ഥാനങ്ങൾക്ക് നിക്ഷേപ സൗഹൃദപരമായ രീതിയിൽ കംപ്രസ്ഡ് ബയോ-ഗ്യാസ് വികസനം സാധ്യമാക്കുന്നതിനുള്ള ഒരു സമഗ്ര മാർഗ്ഗരേഖയാണിത്. ഈ നയം നടപ്പിലാക്കാൻ മുന്നോട്ടുവരുന്ന സംസ്ഥാനങ്ങൾക്ക് അടുത്ത ഘട്ടത്തിലുള്ള അധിക വാണിജ്യ എൽ.പി.ജി വിഹിതം നൽകുന്നതിൽ മുൻഗണന ലഭിക്കും.
- 2026 മാർച്ച് മുതൽ ഏകദേശം 8.56 ലക്ഷം പി.എൻ.ജി കണക്ഷനുകളിൽ ഗ്യാസ് വിതരണം ആരംഭിച്ചു. ഇതിനുപുറമെ 2.96 ലക്ഷം അധിക കണക്ഷനുകൾക്കുള്ള അടിസ്‌ഥാന സൗകര്യങ്ങൾ കൂടി തയ്യാറാക്കിയതോടെ ആകെ കണക്ഷനുകളുടെ എണ്ണം 11.52 ലക്ഷമായി ഉയർന്നു. കൂടാതെ പുതിയ കണക്ഷനുകൾക്കായി ഏകദേശം 8.78 ലക്ഷം ഉപഭോക്താക്കൾ രജിസ്റ്റർ ചെയ്തിട്ടുമുണ്ട്.
- 2026 മെയ് 31 വരെയുള്ള കണക്കുകൾ പ്രകാരം, 77,800-ലധികം പി.എൻ.ജി ഉപഭോക്താക്കൾ തങ്ങളുടെ എൽ.പി.ജി സിലിണ്ടർ കണക്ഷനുകൾ MYPNGD.in എന്ന വെബ്‌സൈറ്റ് വഴി തിരികെ നൽകിയിട്ടുണ്ട്.
ക്രൂഡ് ഓയിൽ ലഭ്യതയും റിഫൈനറി പ്രവർത്തനങ്ങളും
- രാജ്യത്തെ എല്ലാ റിഫൈനറികളും ആവശ്യത്തിന് ക്രൂഡ് ഓയിൽ ശേഖരത്തോടെ ഉയർന്ന ശേഷിയിലാണ് നിലവിൽ പ്രവർത്തിക്കുന്നത്. ഒപ്പം പെട്രോൾ, ഡീസൽ എന്നിവയുടെ മതിയായ സ്റ്റോക്കും ഉറപ്പാക്കിയിട്ടുണ്ട്.
- ഗാർഹിക ഉപഭോഗത്തിന് പിന്തുണ നൽകുന്നതിനായി റിഫൈനറികളിൽ നിന്നുള്ള ആഭ്യന്തര എൽ.പി.ജി ഉത്പാദനം ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ട്.
- ആഭ്യന്തര വിപണിയിലേക്ക് ആവശ്യമായ പെട്രോകെമിക്കൽ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി മന്ത്രാലയങ്ങൾക്കിടയിലുള്ള ഒരു ജോയിൻ്റ് വർക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചു. ഇതിനെത്തുടർന്ന്, സെൻ്റർ ഫോർ ഹൈ ടെക്നോളജി നിശ്ചയിക്കുന്നതനുസരിച്ച് സുപ്രധാന മേഖലകൾക്കായി നിശ്ചിത അളവിൽ C3, C4 സ്ട്രീമുകൾ ലഭ്യമാക്കാൻ 2026 ഏപ്രിൽ 1-ലെ ഉത്തരവിലൂടെ കേന്ദ്ര ഗവണ്മെൻ്റ് പെട്രോകെമിക്കൽ കോംപ്ലക്സുകൾ ഉൾപ്പെടെയുള്ള ഓയിൽ റിഫൈനറി കമ്പനികൾക്ക് അനുമതി നൽകി.
- ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഫാർമസ്യൂട്ടിക്കൽസ്, ഡിപ്പാർട്ട്‌മെൻ്റ് ഓഫ് കെമിക്കൽസ് & പെട്രോ കെമിക്കൽസ്, ഡിപ്പാർട്ട്‌മെൻ്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇൻ്റേണൽ ട്രേഡ് എന്നിവയുടെ അഭ്യർത്ഥന പ്രകാരം, എൽ.പി.ജി പൂളിൽ നിന്നും പ്രതിദിനം 1,120 മെട്രിക് ടൺ C3-C4 തന്മാത്രകൾ ഫാർമ, കെമിക്കൽ, പെയിൻ്റ് മേഖലകളിലെ കമ്പനികൾക്കായി നീക്കിവെച്ചിട്ടുണ്ട്.
- 2026 മെയ് മാസത്തിൽ മുംബൈ, കൊച്ചി, വിശാഖപട്ടണം, ചെന്നൈ, മഥുര, ഗുജറാത്ത് റിഫൈനറികൾ വഴി കെമിക്കൽ, ഫാർമ, പെയിൻ്റ് വ്യവസായങ്ങൾക്കായി ഏകദേശം 14,500 മെട്രിക് ടൺ C3-C4 തന്മാത്രകളും (പ്രൊപിലീൻ, ബ്യൂട്ടിലീൻ അടങ്ങിയവ) 6,100 മെട്രിക് ടൺ ബ്യൂട്ടൈൽ അക്രിലേറ്റും വിറ്റഴിച്ചു.
ചില്ലറ ഇന്ധന ലഭ്യതയും വിലനിയന്ത്രണ നടപടികളും
- രാജ്യത്തുടനീളമുള്ള എല്ലാ ചില്ലറ ഇന്ധന വിതരണ കേന്ദ്രങ്ങളും നിലവിൽ സാധാരണ രീതിയിൽ പ്രവർത്തിക്കുന്നുണ്ട്.
- പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന് അസംസ്‌കൃത എണ്ണ വിലയിൽ അസാധാരണമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇതിൻ്റെ ഭാരത്തിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി, പെട്രോളിൻ്റെയും ഡീസലിൻ്റെയും എക്സൈസ് ഡ്യൂട്ടി ലിറ്ററിന് 10 രൂപ വീതം കുറയ്ക്കാൻ കേന്ദ്ര ഗവണ്മെൻ്റ് തീരുമാനിച്ചു.
- 2026 മെയ് 31-ലെ ഗസറ്റ് വിജ്ഞാപനത്തിലൂടെ കേന്ദ്ര ഗവണ്മെൻ്റ് ഇന്ധനങ്ങളുടെ കയറ്റുമതി നികുതി കുറച്ചു. പെട്രോളിൻ്റെത് ലിറ്ററിന് 3 രൂപയിൽ നിന്ന് 1.5 രൂപയായും, ഡീസലിൻ്റെത് ലിറ്ററിന് 16.50 രൂപയിൽ നിന്ന് 13.50 രൂപയായും, എ.ടി.എഫ് നികുതി ലിറ്ററിന് 16 രൂപയിൽ നിന്ന് 9.5 രൂപയായും കുറച്ചിട്ടുണ്ട്.
- ചില പ്രദേശങ്ങളിലെ പെട്രോൾ പമ്പുകളിൽ അസാധാരണമായ തിരക്കും ഉയർന്ന വിൽപനയും അനുഭവപ്പെടുന്നുണ്ട്. എന്നാൽ, രാജ്യത്തെ എല്ലാ പെട്രോൾ പമ്പുകളിലും ആവശ്യത്തിന് പെട്രോളും ഡീസലും ലഭ്യമാണെന്ന് മന്ത്രാലയം അറിയിച്ചു.
- 2026 മെയ് മാസത്തിൽ രാജ്യത്തെ പല ജില്ലകളിലും പെട്രോൾ, ഡീസൽ വിൽപനയിൽ 30 ശതമാനത്തിലധികം വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
- സ്വകാര്യ എണ്ണക്കമ്പനികളുടെ വിൽപനയിൽ 38 ശതമാനവും പൊതുമേഖലാ എണ്ണക്കമ്പനികളുടെ ബൾക്ക് വിൽപനയിൽ 29 ശതമാനവും ഇടിവുണ്ടായിട്ടുണ്ട്. ഈ വിഹിതം മുഴുവൻ പൊതുമേഖലാ കമ്പനികളുടെ ചില്ലറ ഔട്ട്‌ലെറ്റുകളിലേക്ക് മാറിയതാണ് പമ്പുകളിലെ തിരക്കിന് കാരണം.
- സാധാരണ ഉപഭോക്താക്കൾക്കായി നീക്കിവെച്ചിട്ടുള്ള ഇന്ധനം വൻകിട ഉപഭോക്താക്കളും പൂഴ്ത്തിവെപ്പുകാരും തട്ടിയെടുക്കുന്നത് തടയാൻ പ്രത്യേക സ്ക്വാഡുകൾ രൂപീകരിക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. അവശ്യസാധന നിയമം, അനുബന്ധ നിയന്ത്രണ ഉത്തരവുകൾ എന്നിവ പ്രകാരം കരിഞ്ചന്ത, അനധികൃത സംഭരണം, ഇന്ധനം വകമാറ്റി ഉപയോഗിക്കൽ എന്നിവയ്‌ക്കെതിരെ കർശന നടപടിയെടുക്കും.
- വ്യാവസായിക ആവശ്യങ്ങൾക്കുള്ള ഡീസൽ അംഗീകൃത വിതരണ ശൃംഖലകളിൽ നിന്ന് മാത്രം വാങ്ങാൻ തങ്ങളുടെ അംഗങ്ങൾക്ക് നിർദ്ദേശം നൽകണമെന്ന് വ്യവസായ സംഘടനകളോടും ഗവണ്മെൻ്റ് അഭ്യർത്ഥിച്ചിട്ടുണ്ട്.
സമുദ്ര സുരക്ഷയും ഷിപ്പിംഗ് പ്രവർത്തനങ്ങളും
പേർഷ്യൻ ഗൾഫ് മേഖലയിലെ നിലവിലെ സമുദ്ര സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചും ഇന്ത്യൻ കപ്പലുകളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ സ്വീകരിക്കുന്ന നടപടികളെക്കുറിച്ചും തുറമുഖ, കപ്പൽ ഗതാഗത, ജലപാത മന്ത്രാലയം വിവരങ്ങൾ പുറത്തുവിട്ടു. പ്രധാന വിവരങ്ങൾ ചുവടെ:
- പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങൾക്കിടയിലും മേഖലയിലെ കപ്പൽ ഗതാഗത സേവനങ്ങൾ സുസ്ഥിരവും സജീവവുമായി തുടരുന്നു. ഹോർമുസ് ഇടുക്കിന് കിഴക്കും ചെങ്കടൽ വഴിയുമുള്ള സർവീസുകളുടെ എണ്ണം ഫെബ്രുവരിയിലെ 127-ൽ നിന്ന് ഏപ്രിലിൽ 257 ആയി ഉയർന്നു. മെയ് മാസത്തിൽ 245 സർവീസുകളാണ് രേഖപ്പെടുത്തിയത്. ഇത് സമുദ്രവ്യാപാരത്തിൻ്റെ കരുത്തിനെയും കപ്പൽ വ്യവസായ മേഖലയിലെ പങ്കാളികൾക്കിടയിലുള്ള വിശ്വാസത്തെയുമാണ് കാണിക്കുന്നത്.
- കപ്പൽ ജീവനക്കാരുടെ ക്ഷേമവും തടസ്സമില്ലാത്ത സമുദ്രയാത്രകളും ഉറപ്പാക്കുന്നതിന് തുറമുഖ, കപ്പൽ ഗതാഗത മന്ത്രാലയം വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ മിഷനുകൾ, മറ്റ് സമുദ്ര വ്യവസായ പങ്കാളികൾ എന്നിവരുമായി നിരന്തരം ഏകോപനം നടത്തിവരുന്നു.
- മേഖലയിലുള്ള എല്ലാ ഇന്ത്യൻ കപ്പൽ ജീവനക്കാരും സുരക്ഷിതരാണ്. കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ ഇന്ത്യൻ പതാക വഹിച്ച കപ്പലുകൾക്കോ ഇന്ത്യൻ ജീവനക്കാരുള്ള വിദേശ കപ്പലുകൾക്കോ യാതൊരുവിധ അപകടങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല.
- ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗിൻ്റെ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചതുമുതൽ ഇതുവരെ 11,186 ഫോൺ കോളുകളും 24,830-ലധികം ഇമെയിലുകളും കൈകാര്യം ചെയ്തിട്ടുണ്ട്. കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ മാത്രം കപ്പൽ ജീവനക്കാരിൽ നിന്നും അവരുടെ കുടുംബങ്ങളിൽ നിന്നും മറ്റ് ബന്ധപ്പെട്ടവരിൽ നിന്നുമായി 345 കോളുകളും 732 ഇമെയിലുകളും ലഭിച്ചു.
- ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് വഴി ഗൾഫ് മേഖലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി ഇതുവരെ 3,446-ലധികം ഇന്ത്യൻ കപ്പൽ ജീവനക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ മന്ത്രാലയത്തിന് സാധിച്ചിട്ടുണ്ട്. ഇതിൽ 24 പേരെ കഴിഞ്ഞ 72 മണിക്കൂറിനുള്ളിലാണ് തിരികെ എത്തിച്ചത്.
- ഇന്ത്യയിലുടനീളമുള്ള തുറമുഖങ്ങളുടെ പ്രവർത്തനം സാധാരണ നിലയിൽ തുടരുന്നു. ഒരിടത്തും കപ്പലുകളുടെ തിരക്കോ തടസ്സങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
****
( റിലീസ് ഐ.ഡി: 2267747)
|